യുവജനങ്ങൾ ചോദിക്കുന്നു . . .
ധൂമരഹിത പുകയില ദോഷരഹിതമോ?
‘പതിമൂന്നു വയസ്സുകാരനായ കോർഡ് മധ്യപശ്ചിമ ഐക്യനാടുകളിലേക്കു മാറിയപ്പോൾ, എട്ടാംതരത്തിൽ പഠിക്കുന്ന ആൺകുട്ടികൾക്കുള്ള ഒന്ന്, ഒരുതരം ധൂമരഹിത പുകയില അടങ്ങിയ ഡപ്പി, തനിക്കില്ലെന്ന് അവൻ പെട്ടെന്നുതന്നെ മനസ്സിലാക്കി. അവന്റെ പുതിയ സ്നേഹിതരിൽ മിക്കവരും “പൊടിയെടുക്കുന്നവർ” അഥവാ പുകയിലപ്പൊടി ഉപയോഗിക്കുന്നവർ ആയിരുന്നു, അവരുമായി ചേരാൻ കോർഡ് ആഗ്രഹിച്ചു. അങ്ങനെയിരിക്കെ, കൂട്ടുകാരിൽ ഒരുവൻ ഒരു പൊതി പുകയിലപ്പൊടി അവനു നൽകിയപ്പോൾ അവനതു സ്വീകരിച്ചു. തഴക്കംവന്ന ഒരുവന്റെ ആക്ഷോഭ്യതയോടെ അവൻ അൽപ്പം പൊടിയെടുത്ത് കീഴ്ച്ചുണ്ടിനും മോണയ്ക്കുമിടയിൽ തിരുകിവെച്ചു.’—ലിസ്സൺ മാഗസിൻ.
യുവാവായ കോർഡിന്റെ കാര്യം പുത്തരിയൊന്നുമല്ല. കൗമാരദശയിലുള്ള ആൺകുട്ടികളുടെ വർധിച്ചുവരുന്ന ഒരു കൂട്ടം ആദ്യ നുള്ള് ഉപയോഗിക്കുകയാണെന്ന് അധര രോഗനിദാനശാസ്ത്ര പ്രൊഫസറായ ഡോ. ക്രിസ്റ്റഫർ എ. സ്കിയർ പറയുന്നു. ധൂമരഹിത പുകയിലയുടെ വിൽപ്പന 1980-കളുടെ അവസാനം വർധിക്കുന്നില്ലായിരുന്നെങ്കിലും, “ഈർപ്പമുള്ള പുകയിലപ്പൊടിയുടെ ഉപയോഗം വീണ്ടും വർധിക്കുന്ന”തായി ഡോ. സ്കിയർ പറയുന്നു.a ഉദാഹരണത്തിന്, ഐക്യനാടുകളിൽ ഹൈസ്കൂൾ വിദ്യാർഥികളായ ഓരോ 5 ആൺകുട്ടികളിലും ഒരാൾ വീതവും സ്വീഡനിൽ ഓരോ 3 ആൺകുട്ടികളിൽ ഒരാൾ വീതവും, അതായത് ലക്ഷക്കണക്കിനു ചെറുപ്പക്കാർ, ഇപ്പോൾ ധൂമരഹിത പുകയില ഉപയോഗിക്കുന്നുണ്ടെന്നു ഗവേഷകർ റിപ്പോർട്ടു ചെയ്യുന്നു. എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നത്?
“അതു പുകവലിക്കുന്നതിനെക്കാൾ സുരക്ഷിതമാണ്.” “അതു ഹാനികരമാണെന്നുള്ളതിനു തെളിവൊന്നുമില്ല.” “എന്റെ സ്നേഹിതർ അതുപയോഗിക്കുന്നു. അതവർക്കു കുഴപ്പം വരുത്തുന്നില്ല.” “ഇടയ്ക്കൊക്കെ ഒരൽപ്പം എടുക്കുന്നത് എനിക്കു കുഴപ്പമൊന്നും വരുത്തില്ല.” “അതു നിമിത്തം ആരും ഇതുവരെ മരിച്ചിട്ടൊന്നുമില്ല.” ധൂമരഹിത പുകയിലയിലേക്കു തിരിയുന്നതിന്റെ കാരണമായി യുവജനങ്ങൾ മിക്കപ്പോഴും നൽകുന്ന ചില കാരണങ്ങളാണ് ഇവയെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി പറയുന്നു.
പൊടിയെടുക്കുന്നതു പുകവലിയെക്കാൾ സുരക്ഷിതമാണെന്നു ചിന്തിക്കാൻ യുവാക്കളെ പ്രേരിപ്പിച്ചിരിക്കുന്നത് എന്താണ്? അതു വാസ്തവത്തിൽ അങ്ങനെതന്നെയാണോ?
പരസ്യത്തോട് അനുകൂലമായി പ്രതികരിക്കൽ
ധൂമരഹിത പുകയില ച്യൂയിംഗംപോലെ ഏറെക്കുറെ ഹാനികരമല്ലാത്തതാണെന്നും ശരിയായതരം ഷൂസുകൾപോലെ ഒഴിച്ചുകൂടാനാവാത്തതാണെന്നും സൂചിപ്പിക്കുന്ന പരസ്യങ്ങൾകൊണ്ടു വർഷങ്ങളായി ശക്തമായ പുകയില വ്യവസായം യുവാക്കളെ ആക്രമിച്ചിരിക്കുന്നു. “ഒരു പുകയെടുക്കുന്നതിനുപകരം ഒരു നുള്ളെടുക്കുക,” “സിഗരറ്റു കത്തിക്കാതെതന്നെ എനിക്കു പുകയിലയുടെ യഥാർഥ അനുഭൂതി ലഭിക്കുന്നു,” “ഒരു നുള്ളേ എടുക്കേണ്ടതുള്ളൂ” എന്നിങ്ങനെയുള്ള ആകർഷകമായ പരസ്യവാചകങ്ങൾ അതു ശ്രേഷ്ഠമാണെന്ന ധ്വനി നൽകുന്നു.
ഐക്യനാടുകളിൽ ടിവി-യിലൂടെയും റേഡിയോയിലൂടെയുമുള്ള അത്തരം പരസ്യങ്ങൾ വിലക്കിയതിനുശേഷം, പുകയില വ്യവസായം അതിന്റെ സന്ദേശം മാസികാ പരസ്യങ്ങളിലൂടെ തുടർന്നും നൽകിക്കൊണ്ടിരുന്നു. വേട്ടയാടിയും പാറക്കെട്ടുകൾ കയറിയും നല്ല ഒഴുക്കുള്ള വെള്ളത്തിൽ ചങ്ങാടം തുഴഞ്ഞും രസിക്കുന്ന അരോഗദൃഢഗാത്രരുടെ—ഒരു പുകയില ഡപ്പി അവരുടെ പിൻപോക്കറ്റിൽ തിരുകിവെച്ചിരുന്നു—തിളങ്ങുന്ന ചിത്രങ്ങൾ അറിയിച്ച ഉച്ചത്തിലുള്ളതും വ്യക്തവുമായ സന്ദേശം ഇതായിരുന്നു: “ധൂമരഹിത പുകയില ഹൃദ്യമാണ്, പ്രകൃതിദത്തമാണ്, പുരുഷത്വത്തിലേക്കുള്ള കവാടമാണ്!”
“ധൂമരഹിത പുകയില ഉത്പന്നങ്ങൾ സുരക്ഷിതവും സാമൂഹികമായി സ്വീകാര്യവു”മാണെന്നു ധാരാളം യുവജനങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നതായി യുവജനങ്ങളുടെ ഇടയിലെ പുകയില ഉപയോഗം തടയൽ (ഇംഗ്ലീഷ്) എന്ന ശീർഷകത്തിലുള്ള, യു.എസ്. സർജൻ ജനറലിന്റെ, 1994-ലെ റിപ്പോർട്ടു പറയുന്നു. “ധൂമരഹിത പുകയില പതിവായി ഉപയോഗിക്കുന്നതിൽ അപകടമില്ലെന്ന് അല്ലെങ്കിൽ നിസ്സാരമായ അപകടമേ ഉള്ളൂവെന്ന് അതുപയോഗിക്കുന്ന ജൂനിയർ ഹൈസ്കൂൾ വിദ്യാർഥികളിൽ ഏതാണ്ട് 60 ശതമാനവും സീനിയർ ഹൈസ്കൂൾ വിദ്യാർഥികളിൽ 40 ശതമാനവും വിശ്വസിച്ച”തായി ഹൈസ്കൂൾ വിദ്യാർഥികളുടെ ഇടയിൽ നടത്തിയ ഒരു പഠനം പ്രകടമാക്കി. ധൂമരഹിത പുകയില ഒരുപക്ഷേ ഹാനികരമായിരുന്നേക്കാമെന്നു തിരിച്ചറിഞ്ഞ ഹൈസ്കൂൾ വിദ്യാർഥികളായ പ്രയോക്താക്കൾ പോലും “അപകടം വലുതായിരിക്കുമെന്നു തിരിച്ചറിയുന്നില്ല.” കാര്യം സാധിക്കുന്നതിൽ പരസ്യങ്ങൾ വിജയിക്കുകയാണ്. എന്നാൽ പരസ്യങ്ങൾ സത്യമാണോ?
“അനുഭവജ്ഞാനമില്ലാത്ത ഏവനും ഏതു വാക്കും വിശ്വസിക്കുന്നു, എന്നാൽ സൂക്ഷ്മബുദ്ധിയുള്ളവനോ തന്റെ കാലടികളെക്കുറിച്ചു പരിചിന്തിക്കുന്നു” എന്ന് ഒരു ബൈബിൾ സദൃശവാക്യം പറയുന്നു. അല്ലെങ്കിൽ മറ്റൊരു സദൃശവാക്യം പറയുന്നതുപോലെ, “സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കും.” (സദൃശവാക്യങ്ങൾ 13:16; 14:15, NW) അങ്ങനെയെങ്കിൽ, ധൂമരഹിത പുകയിലയെക്കുറിച്ചുള്ള വസ്തുതകൾ എന്തു പ്രകടമാക്കുന്നു?
ദുർവാർത്ത
ധൂമരഹിത പുകയിലയുടെ ഉപയോഗം നിങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുമെന്നും അതു ശരീരത്തിനു സുരക്ഷിതമാണെന്നും പരസ്യങ്ങൾ സൂചിപ്പിക്കുമ്പോൾത്തന്നെ, വസ്തുതകൾ മറിച്ചാണു കാണിക്കുന്നത്. ഒരു സംഗതി, ധൂമരഹിത പുകയിലയുടെ ഉപയോഗം നിങ്ങളുടെ പ്രതിച്ഛായയെ അൽപ്പംപോലും മെച്ചപ്പെടുത്തുകയില്ല. നിങ്ങളതു വിശ്വ സിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ നാക്ക് കവിളിൽ കുത്തിയിട്ട് കണ്ണാടിയിലൊന്നു നോക്കൂ. “മെച്ചമാണോ”? തീർച്ചയായുമല്ല. അതു നിങ്ങളുടെ ബാഹ്യാകാരത്തെ ബാധിക്കുന്നതു മാത്രമാണ്! അതു നിങ്ങളുടെ ഉള്ളിൽ വരുത്തിവെക്കുന്നത് അതിലും മോശമാണ്.
ഉദാഹരണത്തിന്, പതിവായി ചവയ്ക്കുകയോ മോണയിൽ വെക്കുകയോ ചെയ്യുന്നവരിൽ ചുണ്ടുകൾ വിണ്ടുകീറുകയും പല്ലുകൾ കറപുരളുകയും വായിൽ ദുർഗന്ധമുണ്ടാകുകയും മോണകൾ വിങ്ങിവീർക്കുകയും ചെയ്തേക്കാം—ആനന്ദിക്കാനൊന്നുമില്ല. മാത്രമല്ല, സ്വാദറിയാനും മണമറിയാനുമുള്ള അവരുടെ കഴിവു കുറഞ്ഞുവരുന്നതൊടൊപ്പം ഹൃദയസ്പന്ദനവും രക്തസമ്മർദവും കൂടുന്നു—നിശ്ചയമായും ദുർവാർത്തതന്നെ. എന്നാൽ ധൂമരഹിത പുകയില കവിൾ, മോണ, തൊണ്ട എന്നിവിടങ്ങളിൽ കാൻസർ ഉണ്ടാക്കുന്നുവെന്നു യൂറോപ്പ്, ഇന്ത്യ, ഐക്യനാടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ പഠനങ്ങൾ പ്രകടമാക്കുന്നു എന്നതാണു യഥാർഥ ദുർവാർത്ത. ഈ കണ്ടെത്തലുകൾ വിദഗ്ധരെ അമ്പരപ്പിക്കുന്നില്ല. ഒരു പഠനം ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ശരീരത്തിലേക്ക് ഉൾക്കൊള്ളുന്ന ഉത്പന്നങ്ങളിൽ, കാൻസറിനു കാരണമായ ഘടകങ്ങൾ ഏറ്റവും ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നത് പുകയിലപ്പൊടിയിലാണ്.” “പുകയിലപ്പൊടി ഉപയോഗിക്കാത്തവരെ അപേക്ഷിച്ച്, അതു ദീർഘകാലമായി ഉപയോഗിക്കുന്നവരിൽ അധരാർബുധം വരാനുള്ള അപകടസാധ്യത 50% കൂടുതലാണ്” എന്നതിൽ അതിശയിക്കാനില്ല.
അധരാർബുദം ഉണ്ടാകുമ്പോൾ, അനന്തരഫലങ്ങൾ മാരകമാണ്. പ്രയോക്താവിന്റെ ആരോഗ്യം നശിക്കുന്നുവെന്നു മാത്രമല്ല, അയാളുടെ ആയുസ്സ് കുറയുകയും ചെയ്യുന്നു. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ ഒരു പ്രസിദ്ധീകരണം ദുഃഖകരമായ ഈ കഥ വിവരിക്കുന്നു: ‘13-ാമത്തെ വയസ്സിലാണു ഷോൺ ധൂമരഹിത പുകയില ഉപയോഗിക്കാൻ തുടങ്ങിയത്. അതു പുകവലിയെക്കാൾ സുരക്ഷിതമായിരിക്കുമെന്ന് അവൻ വിചാരിച്ചു. ദിവസവും ഒരു ഡപ്പിയോ അതിലധികമോ വീതം അഞ്ചുവർഷക്കാലം പുകയിലപ്പൊടി അവൻ മോണയിൽ വെച്ചു, അങ്ങനെ നാവിൽ ഒരു വ്രണമുണ്ടായി. അത് അധരാർബുദമായിരുന്നു. ഡോക്ടർമാർ നാക്കിന്റെ ഒരു ഭാഗം നീക്കം ചെയ്തു, എന്നാൽ കാൻസർ അവന്റെ കഴുത്തിലേക്കു വ്യാപിച്ചു. രൂപഭംഗിക്കു കൂടുതൽ കോട്ടംവരുത്തിക്കൊണ്ടു കൂടുതൽ ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല—19-ാമത്തെ വയസ്സിൽ അവൻ മരിച്ചു. മരിക്കുന്നതിനു മുമ്പ് ഷോൺ ഒരു തുണ്ടു കടലാസിൽ ഈ ലളിത സന്ദേശം എഴുതിവെച്ചു: “പുകയിലപ്പൊടി എടുക്കരുത്.”’
കുരുക്കിലായി!
ഷോണിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരണം വായിച്ചശേഷം നേരത്തെ പരാമർശിച്ച യുവാവായ കോർഡിനു കാര്യം ബോധ്യപ്പെട്ടു. തന്റെ ശീലം ഉപേക്ഷിക്കാൻ അവൻ മനസ്സിൽ ഉറച്ചു. എന്നിരുന്നാലും, ഉപേക്ഷിക്കാൻ ശ്രമിക്കുന്നതു ദുഷ്കരമായിരുന്നു. “ഞാനത് ഉപയോഗിച്ചേ പറ്റൂ എന്നതുപോലെ എനിക്കു തോന്നുന്നു,” ലിസ്സൻ എന്ന മാഗസിനോടു കോർഡ് പറഞ്ഞു. “ആ ശീലം ഞാൻ ഔദ്യോഗികമായി നിർത്തിയിട്ട് ഇപ്പോൾ മാസങ്ങൾ കഴിഞ്ഞിട്ടും, പൊതിക്കു വേണ്ടി ഞാൻ പോക്കറ്റുകൾ തപ്പിനോക്കിപ്പോകുന്നു. ഞാൻ ധാരാളം ച്യൂയിംഗം ചവയ്ക്കാറുണ്ട്. അതു ഫലപ്രദമാണ്, എന്നാൽ വാഞ്ഛയെ അതു ശമിപ്പിക്കുന്നില്ല.”
സിഎ-ക്ലിനിഷ്യൻമാർക്കുള്ള ഒരു കാൻസർ പത്രിക (ഇംഗ്ലീഷ്) ഇങ്ങനെ തറപ്പിച്ചുപറയുന്നു: “ധൂമരഹിത പുകയിലയുടെ ഉപയോഗം നിർത്താൻ ശ്രമിച്ച കൗമാരപ്രായക്കാരെക്കുറിച്ചു നടത്തിയ പഠനങ്ങളനുസരിച്ച്, താഴ്ന്ന ഒരു ശതമാനം പേർക്കേ അതിനു കഴിഞ്ഞുള്ളൂ.” എന്നിരിക്കിലും, ധൂമരഹിത പുകയിലയുടെ ഉപയോഗം നിർത്തുന്നത് ഇത്ര ദുഷ്കരമാക്കിത്തീർക്കുന്നത് എന്താണ്? അത്, പുകവലി നിർത്തുന്നത് വളരെ ബുദ്ധിമുട്ടുള്ളതാക്കിത്തീർക്കുന്ന അതേ മയക്കുമരുന്നു തന്നെയാണ്: നിക്കോട്ടിൻ.
സിഗരറ്റുകളിലും അതുപോലെതന്നെ ധൂമരഹിത പുകയിലയിലും കാണുന്ന നിക്കോട്ടിൻ എന്ന മയക്കുമരുന്ന്, പ്രയോക്താവിന് ഒരു ഉന്മാദം നൽകുന്ന ശക്തമായ വിഷമാണ്. ഓരോ 30 മിനിറ്റോ മറ്റോ കൂടുമ്പോഴും ആ ഉന്മാദം അവസാനിക്കാതെ നിർത്താൻ പ്രയോക്താവ് വീണ്ടും അത് ഉപയോഗിക്കേണ്ടതുണ്ട്. നിക്കോട്ടിൻ നിങ്ങളെ കുരുക്കിലാക്കുന്നു. ചിലർക്ക് ഇതിനോടുള്ള ആസക്തി വളരെയധികമാണ്, അതുകൊണ്ട് അവർ രാവും പകലും—ഉറങ്ങുമ്പോൾ പോലും—ഒരു നുള്ളു പുകയിലപ്പൊടി വായിൽ വെക്കുന്നു.
ഒരുപക്ഷേ ചെറുപ്പക്കാർ കരുതുന്നതിനു വിരുദ്ധമായി, പുകയിലപ്പൊടി വായിൽ വെക്കുന്നതു നിക്കോട്ടിൻ അളവു കുറയ്ക്കുന്നില്ല. ദിവസം ഒരു ഡപ്പി ധൂമരഹിത പുകയില 60 സിഗരറ്റുകളുടെ അത്രയും നിക്കോട്ടിൻ പുറന്തള്ളുന്നു! ‘ധൂമരഹിത പുകയില ഉപയോഗിക്കുന്നവർ, ചുരുങ്ങിയപക്ഷം പുകവലിക്കാർ വലിച്ചെടുക്കുന്ന അത്രയുംതന്നെ—ഒരുപക്ഷേ ആ അളവിന്റെ ഇരട്ടിപോലും—നിക്കോട്ടിൻ വലിച്ചെടുക്കുന്നു’ എന്നു യുവജനങ്ങൾക്കിടയിൽ പുകയില ഉപയോഗം തടയൽ പറയുന്നു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) നിക്കോട്ടിനു പുറമേ, സിഗരറ്റുകളിൽ അടങ്ങിയിരിക്കുന്നതിനെക്കാൾ പത്തിരട്ടി നൈട്രോസമൈനുകൾ (കാൻസറിനിടയാക്കുന്ന ശക്തിയുള്ള പദാർഥങ്ങൾ) ധൂമരഹിത പുകയിലയിൽ അടങ്ങിയിരിക്കുന്നു.
ജ്ഞാനിയായിരിക്കുക
“ഇവ ഹാനികരമായ ഉത്പന്നങ്ങളാണെന്നതിനു തെല്ലും സംശയമില്ല,” ശിരോ-കണ്ഠ ശസ്ത്രക്രിയാവിദഗ്ധനായ ഡോ. റോയ് സെഷൻസ് പറഞ്ഞു. “പുകവലിയെക്കാൾ നിർത്താൻ ദുഷ്കരമാണെന്നു മിക്കയാളുകൾക്കും തോന്നുന്ന ഒരു അവലംബിതാവസ്ഥ അവ ഉളവാക്കുന്നു.” ദന്ത-കാൻസർ സ്പെഷ്യലിസ്റ്റായ ഡോ. ഓസ്കാർ ഗെരാ ഇങ്ങനെ നിഗമനം ചെയ്തു: “ഈ സാധനം ശരീരത്തിനു പിടിക്കില്ല.” ലോകമെമ്പാടുമുള്ള വിജ്ഞർ അതിനോടു യോജിക്കുന്നു: പൊടി വലിക്കുന്നത് കുഴപ്പമേറിയ ഒന്നാണ്. അതിനു നിങ്ങളെ ഒടുക്കാൻ കഴിയും!
പുകയില ഉത്പന്നങ്ങളിൽനിന്നു വിട്ടുനിൽക്കുന്നതിനു ക്രിസ്തീയ യുവാക്കളെ സംബന്ധിച്ചിടത്തോളം ആരോഗ്യാപകടങ്ങളെക്കാൾ കൂടുതൽ നിർബന്ധകരമായ ഒരു കാരണമുണ്ട്—യഹോവയാം ദൈവത്തെ പ്രസാദിപ്പിക്കുക എന്ന അവരുടെ ആഗ്രഹം. അവന്റെ വചനം ഇങ്ങനെ കൽപ്പിക്കുന്നു: “നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക.”—2 കൊരിന്ത്യർ 7:1.
വ്യോമയാനം, ബഹിരാകാശം, പാരിസ്ഥിതിക മരുന്ന് (ഇംഗ്ലീഷ്) എന്ന മാഗസിൻ കാര്യങ്ങളെ നല്ലവിധം സംഗ്രഹിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: “രണ്ടുതരം ജീവികൾ—ഒരു കൊച്ചു പച്ചപ്പുഴുവും മനുഷ്യനും—മാത്രം തിന്നുന്ന അറപ്പുളവാക്കുന്ന ഒരു ചെടിയാണു പുകയില. ആ കൊച്ചു പച്ചപ്പുഴുവിനു മനുഷ്യനുള്ള ജ്ഞാനം ഇല്ലല്ലോ.”
എന്നാൽ നിങ്ങൾക്കുണ്ട്. അതുകൊണ്ട് ജ്ഞാനിയായിരിക്കുക—പുകയില ഉപയോഗിച്ചുതുടങ്ങാതിരിക്കുക.
[അടിക്കുറിപ്പ്]
a രണ്ടുതരം ധൂമരഹിത പുകയില ഇപ്പോൾ സാധാരണ ഉപയോഗത്തിലുണ്ട്: വലിക്കുന്നതും ചവയ്ക്കുന്നതും. ഈർപ്പരഹിതവും ഈർപ്പമുള്ളതുമായ പുകയിലപ്പൊടിയുണ്ട്. യുവാക്കളുടെ ഇടയിൽ ഏറ്റവും പ്രചാരത്തിലുള്ള ധൂമരഹിത പുകയില ഈർപ്പമുള്ള പുകയിലപ്പൊടിയാണ്, നന്നായി മുറിച്ചെടുത്ത്, മധുരവും സ്വാദും സുഗന്ധവും വർധിപ്പിക്കുന്ന ഘടകങ്ങളുമായി ചേർത്ത് ഡപ്പിയിലോ ടീബാഗുപോലുള്ള പായ്ക്കറ്റുകളിലോ ലഭിക്കുന്ന പുകയിലയാണിത്. ഒരു നുള്ളെടുത്ത്, അഥവാ പെരുവിരലിന്റെയും ചൂണ്ടുവിരലിന്റെയും ഇടയിൽ കൊള്ളാവുന്നത്ര പുകയില എടുത്ത്, ചുണ്ടിന്റെയും/കവിളിന്റെയും മോണയുടെയും ഇടയിൽ വെക്കുന്നതാണു “പൊടിയെടുക്കൽ” കൊണ്ട് ഉദ്ദേശിക്കുന്നത്.
[26-ാം പേജിലെ ചിത്രങ്ങൾ]
‘മരിക്കുന്നതിനു മുമ്പ് ഷോൺ ഒരു ലളിത സന്ദേശം എഴുതിവെച്ചു: “പുകയിലപ്പൊടി എടുക്കരുത്”’
[27-ാം പേജിലെ ആകർഷകവാക്യം]
പുകയില ചവയ്ക്കുന്നതിനു യുവാക്കളുടെ ഇടയിൽ പ്രിയം കൂടിയിരിക്കുന്നു. നിങ്ങൾ അതു പരീക്ഷിച്ചുനോക്കണമോ?