1996-ലെ യഹോവയുടെ സാക്ഷികളുടെ വാർഷിക പുസ്തകത്തിൽ നിന്നുള്ള അനുഭവങ്ങൾ
ജീവിതത്തിന്റെ എല്ലാ തുറകളിൽനിന്നുമുള്ള ആയിരക്കണക്കിനാളുകൾ, വ്യാജമതങ്ങളോടൊപ്പം തിരിച്ചറിയപ്പെടാൻ ഇനിമേൽ ആഗ്രഹിക്കുന്നില്ല. അവരിൽ ചിലർ യുവജനങ്ങളാണ്. ചിലിയിലുള്ള സാക്ഷികൾ, അവരുടെ പ്രദേശത്തിന്റെ ഒരു വിദൂരഭാഗമായ റെക്ക്വിനോവയിലേക്കു പോയി. പൊടിപിടിച്ച റോഡിലൂടെയുള്ള ഒരു നീണ്ട നടപ്പിനുശേഷമേ അവിടെ എത്തിപ്പെടാൻ സാധിക്കുകയുള്ളൂ. അവർ ഒരു വീടിനടുത്തെത്തിയപ്പോൾ പ്രായംചെന്ന ഒരു സ്ത്രീ അവരെ സ്വീകരിക്കാൻ ഇറങ്ങിവരികയായിരുന്നു. “ഞങ്ങളെ സ്വീകരിക്കാൻ നിങ്ങളിവിടെ വന്നത് എത്ര നന്നായി!” സാക്ഷികൾ പറഞ്ഞു. അവർ ഇപ്രകാരം മറുപടി നൽകി: “കുറച്ചുനാളുകൾക്കുമുമ്പു മരണമടഞ്ഞ എന്റെ പൗത്രനു നൽകിയ ഒരു വാഗ്ദാനം നിറവേറ്റുന്നതിനുവേണ്ടിയാണത്.” വെറും 12 വയസ്സു പ്രായമുണ്ടായിരുന്ന അവരുടെ പൗത്രൻ, യഹോവയുടെ സാക്ഷികൾ വരുന്നതുകാണുമ്പോഴൊക്കെ അവരുടെ അടുക്കലേക്ക് ഓടിച്ചെന്ന് ഇപ്രകാരം പറയും: “അമ്മൂമ്മേ, ദാ വരുന്നു ലോസ് ദെ ല ബിബ്ലിയ [ബൈബിൾ ആൾക്കാർ].” എന്നിട്ട് മാസികകൾ വാങ്ങുന്നതിനായി അവൻ പണം ചോദിക്കും. “അവൻ അത് എപ്പോഴും വായിക്കുമായിരുന്നു,” അവർ അനുസ്മരിച്ചു. “എന്നാൽ അവൻ ഏറെ ഇഷ്ടപ്പെട്ടിരുന്നതു പറുദീസ കാണിച്ചിരുന്ന ഒരു ചുവന്ന പുസ്തകമായിരുന്നു [നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും]. എനിക്കു വായിക്കാൻ അറിയാത്തതുകൊണ്ട് അവൻ എനിക്കു വായിച്ചുതരികയും എന്നെ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. മൂന്നാഴ്ചമുമ്പ് ഏതോ അജ്ഞാതകാരണത്താൽ അവനു സുഖമില്ലാതായി. അവനെ സഹായിക്കാൻ ആവുന്നതെല്ലാം ചെയ്തു, എന്നാൽ അവന്റെ അന്ത്യനാഴികകൾ ഞങ്ങളോടൊപ്പം ചെലവിടാൻ ഡോക്ടർമാർ അവനെ വീട്ടിലേക്കയച്ചു. അവൻ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു.”
കുടുംബം അവന്റെ കിടക്കയ്ക്കുചുറ്റും നിൽക്കവേ അവൻ കണ്ണുകളടച്ചു. അവർ തുടർന്നു: “അവൻ മരിച്ചെന്നു കരുതി ഞങ്ങൾ ദുഃഖത്തോടെ കരയുകയായിരുന്നു, പൊടുന്നനെ അവൻ കണ്ണുതുറന്നു ഞങ്ങളോട് ഇങ്ങനെ പറഞ്ഞു: ‘മമ്മീ, അമ്മൂമ്മേ, ഞാൻ ഒരു കത്തോലിക്കനല്ലെന്ന് എന്നോടു പറയൂ. ഞാനല്ല, ആണോ?’ ‘അല്ല, നീയല്ല,’ ഞങ്ങൾ പറഞ്ഞു. ‘ഞാനല്ല,’ അവൻ തുടർന്നു, ‘കാരണം ഞാൻ റോഡിലൂടെ വരുന്ന ലോസ് ദെ ല ബിബ്ലിയയിലൊരാളാണ്. ഞാൻ ജീവിക്കാനിരിക്കുന്നതു പറുദീസയിലാണ്.’ എന്നിട്ട് അവൻ തന്റെ ചുവന്ന പുസ്തകമെടുത്തു ഞങ്ങൾക്കു പടങ്ങൾ കാണിച്ചുതന്നു. അവൻ എന്നോടായി ഇങ്ങനെ പറഞ്ഞു: ‘അമ്മൂമ്മേ, ലോസ് ദെ ല ബിബ്ലിയ റോഡിലൂടെ വരുന്നതു കാണുമ്പോഴൊക്കെയും ഇറങ്ങിച്ചെന്ന് എനിക്കുവേണ്ടി അവരെ സ്വാഗതം ചെയ്യാമെന്ന് എന്നോടു സത്യംചെയ്യൂ.’ ഞാൻ ചെയ്യാമെന്നു പറഞ്ഞു. എന്നിട്ടവൻ പറഞ്ഞു: ‘ഞാൻ കത്തോലിക്കനല്ല, ഞാൻ ലോസ് ദെ ല ബിബ്ലിയയിലൊരാളാണ്. ഞാൻ ജീവിക്കാനിരിക്കുന്നതു പറുദീസയിലാണ്.’ അതോടെ അവൻ മരിച്ചു. അതുകൊണ്ടാണു നിങ്ങൾ റോഡിലൂടെ വരുന്നതു കണ്ടപ്പോൾ നിങ്ങളെ സ്വാഗതം ചെയ്യാൻ ഞാൻ വന്നത്.” പുനരുത്ഥാനത്തെക്കുറിച്ചുള്ള തിരുവെഴുത്തുകൾകൊണ്ടു സഹോദരൻ അവരെ ആശ്വസിപ്പിച്ചു. ഒരു ഉറച്ച വിശ്വാസം വളർത്തിയെടുക്കാൻ ആ കുടുംബത്തെ സഹായിക്കാനാകുമെന്നും അങ്ങനെ യഹോവ അനുവദിക്കുന്നപക്ഷം അവരുടെ പൗത്രനുമൊത്ത് അവർക്കു പറുദീസയിൽ ജീവിക്കാൻ കഴിയുമെന്നും പ്രത്യാശിക്കാം.
മുതിർന്നവർ യഹോവയോടുള്ള തങ്ങളുടെ വിശ്വസ്തത തെളിയിക്കേണ്ടതുള്ളതുപോലെതന്നെ, എതിർപ്പുകൾക്കു മുന്നിൽ തങ്ങളുടെ വിശ്വാസം തെളിയിക്കാൻ മിക്കപ്പോഴും ഇളയവരും നിർബന്ധിതരാവുന്നു. കോസ്റ്റ് റിക്കായിലെ പതിന്നാലു വയസ്സുകാരനായ മീഖായേൽ ബൈബിൾ പഠിക്കാനാരംഭിച്ചിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ, ബൈബിളിൽനിന്ന് അവൻ പഠിച്ചതിനു വിരുദ്ധമായതെന്ന് അവനു തോന്നിയ ചടങ്ങുകളിൽ സംബന്ധിക്കാൻ അവന്റെ ഹൈസ്കൂൾ അവനോടാവശ്യപ്പെട്ടു. അതുവരെ സ്നാപനപ്പെട്ടിരുന്നില്ലെങ്കിലും അവൻ ഒരു ഉറച്ച നിലപാടു സ്വീകരിച്ചു. അവനും സാക്ഷികളായ ആറു സഹപാഠികളും സ്കൂളിൽനിന്നു പുറത്താക്കപ്പെട്ടു. കൂടുതൽ പരിശോധനകൾ മീഖായേലിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവന്റെ പിതാവ് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചു: “ആ മതം വിട്ടുകളയുക, അല്ലെങ്കിൽ നിന്നെ മകനായി ഞാൻ കരുതില്ല.” മറ്റൊരവസരത്തിൽ അവന്റെ പിതാവ് അവനെ കാറിൽ നഗരത്തിലേക്കു കൊണ്ടുപോയി, കാർ പാർക്കുചെയ്തശേഷം ഒരു ബ്രീഫ്കേസ് കാണിച്ചിട്ട് ഇപ്രകാരം പറഞ്ഞു: “നോക്കൂ മകനേ, ഈ ബ്രീഫ്കേസിൽ 8,500.00 ഡോളർ (2,90,000.00 രൂപ) ഉണ്ട്. അവരുടെ വിശ്വാസം ഉപേക്ഷിച്ച് നമ്മുടെ മതത്തിലേക്കു നീ തിരിച്ചുവരുന്നപക്ഷം ഇതെല്ലാം നിന്റേതാണ്.” മീഖായേൽ വിസമ്മതിച്ചപ്പോൾ പിതാവ് അവന്റെ ചെകിട്ടത്തടിച്ചു. എന്നിട്ട് അവനെ ഒരു കത്തോലിക്കാ പള്ളിയിലേക്കു കൊണ്ടുപോയി, മുട്ടുകുത്തുവാനും കന്യാമറിയത്തിന്റെ മുന്നിൽവെച്ച് കുരിശുവരയ്ക്കാനും അലറിക്കൊണ്ട് അവനോടാവശ്യപ്പെട്ടു. വിസമ്മതിക്കുന്നപക്ഷം കഠിനമായ ശിക്ഷയേൽക്കേണ്ടിവരുമെന്നും കൂട്ടിച്ചേർത്തു. തന്റെ മാതാപിതാക്കളെ അനുസരിക്കാൻ താൻ കടപ്പെട്ടിരിക്കുന്നുവെങ്കിലും തന്റെ സമ്പൂർണ ഭക്തി യഹോവക്കുള്ളതാണെന്ന് അവൻ പ്രതിവചിച്ചു. യഹോവയെ തനിക്കറിയില്ലെന്നും സർവോപരി, യഹോവ തനിക്കാരുമല്ലെന്നും അവന്റെ പിതാവ് മറുപടി നൽകി. അതിനുശേഷം രണ്ടു വർഷത്തേക്കു മീഖായേലിന്റെ പിതാവ് അവനെ കാണാൻ വിസമ്മതിച്ചു! എന്തായാലും വർഷങ്ങൾക്കുശേഷം പിതാവ് മരിക്കുന്നതിനു കുറച്ചു ദിവസംമുമ്പ്, അദ്ദേഹം മാപ്പിരക്കുന്നതിനു മീഖായേലിനെ തിരക്കിച്ചെല്ലുകയും യഹോവയെ സേവിക്കുന്നതിൽ തുടരാൻ അവനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കൂടാതെ ഒരു ബൈബിളധ്യയനവും ആവശ്യപ്പെട്ടു.