മാരക രോഗാണുക്കളുടെ വ്യാപനം
ലണ്ടനിൽനിന്നു ന്യൂയോർക്കിലേക്കുള്ള വിമാനയാത്രയ്ക്കു ശേഷം എലവിസിനും അവളുടെ സഹയാത്രക്കാർക്കും ഒരു ആരോഗ്യ ജാഗ്രതാ നോട്ടീസ് ലഭിച്ചു. അത് 1995 മേയ് മാസം ആയിരുന്നു. കാർഡിന്റെ മുൻവശത്ത് ഇങ്ങനെ എഴുതിയിരുന്നു:
“യാത്രക്കാരന്: ഈ കാർഡ് നിങ്ങളുടെ ബാഗിലോ പേഴ്സിലോ 6 ആഴ്ചത്തേക്കു സൂക്ഷിക്കുക. ആ കാലയളവിൽ നിങ്ങൾ രോഗബാധിതനാകുന്നെങ്കിൽ ഈ കാർഡ് നിങ്ങളുടെ ഡോക്ടർക്കു നൽകുകയും ഐക്യനാടുകൾക്കു വെളിയിൽ നിങ്ങൾ അടുത്തകാലത്തു യാത്രചെയ്ത കാര്യം അദ്ദേഹത്തോട്/അവരോട് പറയുകയും ചെയ്യുക.
“ഐക്യനാടുകളിൽ എത്തിച്ചേരുന്നതിനു മുമ്പായി നിങ്ങൾ ഒരു സാംക്രമിക രോഗവുമായി സമ്പർക്കത്തിൽ വന്നിരിക്കാൻ ഇടയുണ്ട്. ഇതു സംബന്ധിച്ച അറിവ് രോഗനിർണയം നടത്തുന്നതിനു നിങ്ങളുടെ ഡോക്ടറെ സഹായിച്ചേക്കാം.”
ഇബോലയുടെ പടർന്നുപിടിക്കലിനെക്കുറിച്ചു വിവരിച്ച പത്രങ്ങളും വിമാനത്തിലെ സേവകർ നൽകി. സയറിൽ അസംഖ്യമാളുകളെ കൊന്നൊടുക്കിക്കൊണ്ടിരുന്ന ഒരു വൈറസ് രോഗമാണ് ഇബോല.
ഇബോലയെക്കുറിച്ച് എലവിസ് വായിച്ചു—ഒരു കൊടിയ, മാരക രോഗം. ഈ രോഗം ബാധിച്ചവർക്ക് ആദ്യം പനിയും തൊണ്ടവീക്കവും തലവേദനയും അനുഭവപ്പെട്ടു. അവയെത്തുടർന്ന് ഉടൻതന്നെ ഛർദിയും അടിവയറ്റിൽ വേദനയും അതിസാരവും ഉണ്ടായി. പിന്നെ ആന്തരികവും ബാഹ്യവുമായി വലിയ അളവിൽ അനിയന്ത്രിത രക്തവാർച്ചയും. 10-ൽ 9 കേസുകളിലും മരണം പെട്ടെന്നു സംഭവിച്ചു.
മാസങ്ങൾക്കു മുമ്പ്, വിചിത്രവും മാരകവുമായ മറ്റു രോഗങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു: ഇന്ത്യയിലെ പ്ലേഗ് ഉദാഹരണമാണ്. മറ്റുചിലടങ്ങളിൽ “മാംസംതീനിയായ രോഗാണു” എന്നു മാധ്യമം വിളിച്ച ഒരു രോഗാണു നിമിത്തം ആളുകൾ മണിക്കൂറുകൾക്കുള്ളിൽ പിടഞ്ഞുമരിച്ചു.
എലവിസ് കയ്യിലിരുന്ന കാർഡ് മറിച്ചു നോക്കി. മറുവശത്ത് ഇങ്ങനെ എഴുതിയിരുന്നു:
“ഡോക്ടർക്ക്: ഈ കാർഡു നൽകുന്ന രോഗി അടുത്തകാലത്തു വിദേശയാത്ര നടത്തിയിരുന്നു. ഐക്യനാടുകളിൽ സാധാരണ കാണാറില്ലാത്ത ഒരു സാംക്രമിക രോഗവുമായി ഇയാൾ സമ്പർക്കത്തിൽ വന്നിരിക്കാനിടയുണ്ട്. ഈ സംഭവത്തിൽ അസാധാരണമായ ഒരു സാംക്രമിക രോഗത്തെക്കുറിച്ചു (കോളറ, രക്തസ്രാവപ്പനി, മലമ്പനി, പിത്തപ്പകർച്ചപ്പനി, മുതലായവ) നിങ്ങൾ സംശയിക്കുന്നപക്ഷം, ദയവായി ഉടനെ നിങ്ങളുടെ നഗരത്തിലെയോ പ്രവിശ്യയിലെയോ സംസ്ഥാനത്തിലെയോ ആരോഗ്യ ഉദ്യോഗസ്ഥനെ വിവരം അറിയിക്കുക. കൂടാതെ, ജോർജിയയിലെ അറ്റ്ലാന്റയിലുള്ള സംസർഗരോധ വിഭാഗത്തിലും രോഗനിയന്ത്രണ കേന്ദ്രങ്ങളിലും (ഫോണിൽ—സ്വീകർത്താവു തുകയടച്ചുകൊണ്ട്) ദയവായി ഉടൻതന്നെ വിവരം അറിയിക്കുക . . . ”
പരാദങ്ങൾ, ബാക്ടീരിയകൾ, വൈറസുകൾ എന്നിങ്ങനെയുള്ള മാരക രോഗാണുക്കളുടെ വ്യാപനത്തെക്കുറിച്ചു വർധിച്ചുവരുന്ന അന്താരാഷ്ട്ര ഉത്കണ്ഠയെയാണ് ഈ കാർഡ് പ്രതിഫലിപ്പിച്ചത്. അവ ഭൂമിയുടെ ഒരു ഭാഗത്ത് ഒരു പകർച്ചവ്യാധിക്കു തിരികൊളുത്തിയശേഷം മറ്റു ഭാഗങ്ങളിലേക്കു കാട്ടുതീപോലെ അതിവേഗം വ്യാപിക്കുന്നു. എലവിസിനെയും അവളുടെ സഹയാത്രക്കാരെയും പോലെ ഈ രോഗാണുക്കൾ പാസ്പോർട്ടുകൾ കൊണ്ടുനടക്കുകയോ ദേശീയ അതിർവരമ്പുകൾ മാനിക്കുകയോ ചെയ്യുന്നില്ല. രോഗബാധിതനായ ഒരു വ്യക്തിയുടെ ശരീരത്തിനുള്ളിൽ അവ ആർക്കും കണ്ടുപിടിക്കാനാവാത്തവിധം അവിശ്വസനീയമായ സ്വസ്ഥതയോടെ യാത്രചെയ്യുന്നു.
ആരോഗ്യ ജാഗ്രതാ കാർഡ് തന്റെ പേഴ്സിലേക്കു ശ്രദ്ധാപൂർവം തിരുകി വെക്കവേ എലവിസ് ഇങ്ങനെ അത്ഭുതപ്പെട്ടു, ‘ഈ കൊലയാളി രോഗങ്ങൾ എവിടെനിന്നാണു വരുന്നത്? അവയെ തോൽപ്പിക്കാൻ ആധുനിക വൈദ്യശാസ്ത്രത്തിനു കഴിവില്ലാത്തതായി തോന്നുന്നതെന്തുകൊണ്ടാണ്?’ ഒരുപക്ഷേ നിങ്ങളും ഇതേക്കുറിച്ച് അത്ഭുതപ്പെട്ടിട്ടുണ്ടായിരിക്കും.