ആസക്തരായ ചൂതാട്ടക്കാർ—സദാ നഷ്ടപ്പെടുന്നവർ
“മദ്യാസക്തിയും മയക്കുമരുന്നാസക്തിയും അസുഖങ്ങളായിരിക്കുന്നതുപോലെതന്നെ ചൂതാട്ടത്തിലെ ആസക്തിയും ഒരു രോഗമാണ്” എന്നു ഫ്രാൻസിലെ ഴാൻ ആഡിസം എന്ന പ്രൊഫസർ പ്രഖ്യാപിച്ചു. “അതു മയക്കുമരുന്നു കൂടാതെയുള്ള ഒരു ആസക്തിയാണ്. തങ്ങൾ ആസക്തരായിത്തീരുകയാണെന്ന് അധികമധികം ആളുകൾ കണ്ടെത്തുകയാണ്,” അദ്ദേഹം പറഞ്ഞു. ആസക്തരായ ചൂതുകളിക്കാർക്കു വൻതുകകൾ നഷ്ടമാകുമ്പോൾപോലും, പിന്നെയും കളിച്ചുകൊണ്ട് ഉണ്ടായ നഷ്ടം നികത്തേണ്ടതിന്റെ ഒരാവശ്യം അവരെ ഗ്രസിച്ചിരിക്കുകയാണ്. “നഷ്ടം സംഭവിക്കുന്ന മിക്കവരും പെട്ടെന്നുതന്നെ നിരാശയെ ജയിച്ചടക്കുന്നു. എന്നാൽ, ചിലരെ സംബന്ധിച്ചിടത്തോളം ചൂതാട്ടത്തിലേർപ്പെടാനുള്ള പ്രചോദനം നിയന്ത്രണാതീതമാണ്. അതിന് അവരുടെ ജീവിതത്തെ താറുമാറാക്കാൻ കഴിയും,” ഫ്രാൻസിലെ ഒരു പത്രപ്രവർത്തകൻ എഴുതി. “തങ്ങൾ ആ ശീലം ഒഴിവാക്കാൻ പോകുകയാണെന്ന് അവർ എല്ലായ്പോഴും വാഗ്ദാനം ചെയ്തുകൊണ്ടിരിക്കും, എന്നാൽ അത് എപ്പോഴുംതന്നെ അവരെ കടിഞ്ഞാണിട്ടു നിയന്ത്രിക്കുന്നു. അവർ ചൂതാട്ടത്തിൽ ആസക്തരാണ്.”
ദക്ഷിണാഫ്രിക്കയിലെ ഒരു ചൂതാട്ടക്കാരൻ ഇങ്ങനെ തുറന്നു പറഞ്ഞു: “ഒരു ആസക്ത ചൂതാട്ടക്കാരൻ റൗലെറ്റ് വീലിന്റെയോ ബ്ലാക്ക്ജാക്കറ്റ് മേശയുടെയോ അടുക്കൽ ഇരുന്നാൽപ്പിന്നെ അയാൾ മറ്റൊന്നുമറിയില്ല. അയാളുടെ ഞരമ്പുകളിലൂടെ അഡ്രിനാലിൻ ഇരച്ചുകയറും. ചക്രം ഓരോ പ്രാവശ്യം കറങ്ങുമ്പോഴും അല്ലെങ്കിൽ ചീട്ട് ഓരോ പ്രാവശ്യം വീഴുമ്പോഴും അയാളുടെ കൈവശമുള്ള ഓരോ നാണയവും അയാൾ പന്തയം വെക്കും. . . . എന്റെ ശരീരത്തിലെ അഡ്രിനാലിനെ മുതലെടുത്തുകൊണ്ട്, ഒറ്റയിരിപ്പിന് അനേകം രാപകൽ ഉണർന്നിരുന്ന് ചീട്ടുകളെയും നമ്പരുകളെയും നോക്കിയിരിക്കാൻ, ഒരിക്കലും കൈയിലെത്തുകയില്ലാത്ത വമ്പിച്ച ലാഭത്തിനായി കാത്തിരിക്കാൻ, എനിക്കു കഴിയുമായിരുന്നു.” എന്നിട്ട് അദ്ദേഹം ഇങ്ങനെ ഉപസംഹരിച്ചു: “നൂറോ ആയിരമോ റാൻഡ്സിനു കളി നിർത്താൻ കഴിയാത്ത എന്നെപ്പോലുള്ള അനേകരുണ്ട്. ഞങ്ങൾ കൈവശമുള്ളതു മുഴുവൻ തീരുന്നതുവരെ കളിച്ചുകൊണ്ടിരിക്കും. ഞങ്ങളുടെ കുടുംബബന്ധങ്ങൾ ശരിപ്പെടുത്താൻ കഴിയാത്തവിധം തകർന്നുപോകുകയും ചെയ്യും.”
ജയിച്ചാലും തോറ്റാലും, ചൂതാടാനുള്ള ആഗ്രഹം വളരെ തീവ്രമാണ്, അതുനിമിത്തം “പല ചൂതാട്ടക്കാരും ദിവസങ്ങളോളം ഉറങ്ങാതെയും ആഹാരം കഴിക്കാതെയും കക്കൂസിൽപോലും പോകാതെയും ഇരിക്കും. കളിയിൽ മുഴുകിയിരിക്കുമ്പോൾ മറ്റെല്ലാ കാര്യങ്ങളും അവഗണിക്കുന്നു. ആകാംക്ഷാപൂർവം കാത്തിരിക്കുന്ന സമയത്ത് ഒരുതരം ‘ത്രില്ലും’ ഉണ്ട്. അതിന്റെ സാധാരണ പ്രത്യേകതകളാണ്, വിയർത്ത കൈപ്പത്തികൾ, ത്വരിതഗതിയിലുള്ള ഹൃദയമിടിപ്പ്, ഓക്കാനം തുടങ്ങിയവ” എന്നു ന്യൂയോർക്കിലെ സെൻറ് ജോൺസ് സർവകലാശാലയിലെ സാമൂഹികശാസ്ത്രവിഭാഗത്തിലെ പ്രൊഫസർ ഹെൻട്രി ആർ. ലെസിയോർ എഴുതുകയുണ്ടായി.
ദീർഘകാലമായുള്ള തന്റെ ശീലത്തിന്റെ പ്രേരകഘടകം ജയമായിരുന്നില്ല, മറിച്ച് ഈ “ഉന്മാദാവസ്ഥ” അഥവാ ചൂതാട്ടത്തിന്റെതന്നെ ഈ ത്രിൽ ആയിരുന്നു എന്ന് ഒരു മുൻ ചൂതാട്ട ആസക്തൻ സമ്മതിക്കുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ചൂതാട്ടം അസാധാരണമാംവിധം തീവ്രമായ വികാരങ്ങൾ കൈവരുത്തുന്നു. റൗലെറ്റ് ചക്രം തിരിഞ്ഞുകൊണ്ടിരിക്കുമ്പോൾ, ഭാഗ്യം മറുപടി പറയുന്നതിനായി കാത്തിരിക്കുമ്പോൾ, മനസ്സ് ഇളകിമറിഞ്ഞ് തളർന്നുവീഴുന്നതുപോലത്തെ ഒരു നിമിഷം വന്നെത്തുന്നു.” ഫ്രഞ്ച് ചൂതാട്ടക്കാരനായ ആൻഡ്രേ ഇങ്ങനെ സമ്മതിക്കുന്നു: “നിങ്ങൾ ഒരു കുതിരയ്ക്കു വേണ്ടി 10,000 ഫ്രാങ്ക് പന്തയം വച്ചിരിക്കുകയും കുതിര ലക്ഷ്യത്തിൽനിന്നു 100 മീറ്റർ മാത്രം പുറകിലായിരിക്കുകയും ചെയ്യുമ്പോൾ ഒരാൾ വന്നു നിങ്ങളുടെ ഭാര്യയോ അമ്മയോ മരിച്ചുപോയി എന്നു പറഞ്ഞാൽ നിങ്ങളതു ശ്രദ്ധിക്കുക പോലുമില്ല.”
കനത്ത നഷ്ടം നേരിട്ടതിനുശേഷം പോലും കളി തുടരാൻ എങ്ങനെ കഴിഞ്ഞുവെന്ന് ആൻഡ്രെ വിശദീകരിക്കുന്നു. അയാൾ ബാങ്കിൽനിന്നും സ്നേഹിതരിൽനിന്നും കനത്ത പലിശ ഈടാക്കുന്നവരിൽനിന്നും പണം കടം വാങ്ങിയിട്ടുണ്ട്, ചെക്കുകളും വ്യാജമായ പോസ്റ്റ് ഓഫീസ് സേവിങ് ബുക്കുകളും മോഷ്ടിച്ചിട്ടുണ്ട്, ചൂതുകളിസ്ഥലങ്ങളിൽവെച്ച് ഒറ്റയ്ക്കുള്ള സ്ത്രീകളെ തന്ത്രപൂർവം വശീകരിച്ച് അവരുടെ കടപ്പത്രങ്ങൾക്കൊണ്ടു കടന്നുകളഞ്ഞിട്ടുണ്ട്. “തന്റെ വിപത്കരമായ സാമ്പത്തികാവസ്ഥ എന്നെങ്കിലും ശരിപ്പെടുത്താൻ തനിക്കു കഴിയുമോ എന്നു പോലും” ആൻഡ്രെ “കൂട്ടാക്കിയില്ല. അയാളുടെ അലഞ്ഞുതിരിയലിന്റെ മുഖ്യ പ്രേരകഘടകം ചൂതുകളിക്കാനുള്ള ഭ്രമമായിരുന്നു” എന്ന് ഒരു ഫ്രഞ്ച് പത്രപ്രവർത്തകൻ എഴുതി. അയാൾ കുറ്റകൃത്യത്തിലേക്കു തിരിഞ്ഞു, ജയിലിലുമായി. അയാളുടെ ദാമ്പത്യജീവിതം അതോടെ തകരുകയും ചെയ്തു.
അനേകം കേസുകളിലും, മയക്കുമരുന്നാസക്തരെയും മദ്യാസക്തരെയും പോലെതന്നെ ആസക്തരായ ചൂതുകളിക്കാരും തുടർന്നു കളിച്ചുകൊണ്ടേയിരിക്കുന്നു. ജോലിയോ ബിസിനസോ ആരോഗ്യമോ ഒടുവിൽ തങ്ങളുടെ കുടുംബം തന്നെയുമോ നഷ്ടപ്പെട്ടാലും അവർ അതു തുടരും.
യൂറോപ്പിലെ പല നഗരങ്ങളും അടുത്തകാലത്തു ചൂതാട്ടത്തിനുള്ള കവാടങ്ങൾ തുറന്നിടുകയുണ്ടായി. മറ്റു ബിസിനസുകൾ പരാജയപ്പെട്ടിടത്തു പണയത്തിനു കടം കൊടുക്കുന്ന കടകൾ തഴച്ചുവളരുകയാണ്. ചൂതാട്ടക്കാർക്ക് അടിക്കടി പണമെല്ലാം നഷ്ടപ്പെടാറുണ്ട്, അപ്പോൾ വണ്ടിയോടിച്ചു വീട്ടിൽ തിരികെയെത്താൻ വേണ്ട പെട്രോൾ വാങ്ങുന്നതിന് മോതിരങ്ങളും വാച്ചുകളും മറ്റു വിലയുള്ള വസ്തുക്കളും വിൽക്കാറുണ്ട് എന്ന് ഉടമസ്ഥർ പറയുന്നു. ഐക്യനാടുകളിലെ ചില തീരദേശ പട്ടണങ്ങളിൽ, പണയത്തിന്മേൽ പണം കടം കൊടുക്കുന്ന പുതിയ കടകൾ നിലവിൽവന്നിട്ടുണ്ട്; ചില കേസുകളിൽ, ഒറ്റ നിരയിൽത്തന്നെ അത്തരം നാലോ അതിൽ കൂടുതലോ കടകൾ കാണാൻ കഴിയും.
ചൂതുകളിശീലം നിലനിർത്തുന്നതിനാവശ്യമായ പണത്തിനു വേണ്ടി ചിലർ കുറ്റകൃത്യത്തിലേക്കു തിരിഞ്ഞിട്ടുണ്ട്. പ്രൊഫസർ ലൂസിയർ പറയുന്നതനുസരിച്ച്, ഇന്നോളം നടത്തിയിട്ടുള്ള പഠനങ്ങൾ “ആസക്ത ചൂതാട്ടക്കാരുടെ ഇടയിലെ അനാശാസ്യമായ അനേകം പെരുമാറ്റരീതികളെ വെളിച്ചത്തു കൊണ്ടുവരികയുണ്ടായി . . . ചെക്കു തട്ടിപ്പ്, പണം ദുർവിനിയോഗം ചെയ്യൽ, മോഷണം, തട്ടിപ്പ്, സായുധ കവർച്ച, പന്തയങ്ങൾ സ്വീകരിക്കൽ, വഞ്ചിച്ചു പണമെടുക്കൽ, കള്ളക്കളി നടത്തൽ, മോഷ്ടിച്ച സാധനങ്ങൾ വിൽക്കൽ.” ഇവയോടു ചേർക്കാവുന്നവയാണു വെള്ളക്കോളർ മോഷണം—ചൂതാട്ടക്കാർ തങ്ങളുടെ തൊഴിലുടമകളിൽനിന്നു മോഷ്ടിക്കുന്നു. ആസക്തരായ ചൂതാട്ടക്കാർക്കു വിദ്യാഭ്യാസം നൽകാനും അവരെ ചികിത്സിക്കാനുമുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ ജെറി റ്റി. ഫുൾക്കർ പറയുന്നതനുസരിച്ച്, ആസക്തരായ ചൂതാട്ടക്കാരെന്നു തിരിച്ചറിയിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിനാളുകളിൽ 85 ശതമാനം, തൊഴിലുടമകളിൽനിന്നു മോഷ്ടിച്ചതായി സമ്മതിച്ചുപറഞ്ഞു. “വാസ്തവത്തിൽ, തികച്ചും സാമ്പത്തികമായ ഒരു വീക്ഷണകോണത്തിൽനിന്നു നോക്കുമ്പോൾ, ആസക്ത ചൂതാട്ടം സാധ്യതയനുസരിച്ചു മദ്യാസക്തിയും മയക്കുമരുന്നു ദുരുപയോഗവും കൂട്ടിച്ചേർത്താലുള്ളതിനെക്കാൾ മോശമാണ്,” അദ്ദേഹം പറഞ്ഞു.
ചൂതാട്ടത്തിന്റെ ആസക്തിയിൽ തീർത്തും കുടുങ്ങിപ്പോയിട്ടില്ലാത്തവരിൽ ഏതാണ്ട് മൂന്നിൽ രണ്ടു ഭാഗവും തീർത്തും കുടുങ്ങിപ്പോയിട്ടുള്ളവരിൽ 97 ശതമാനവും, ചൂതാട്ടത്തിനുള്ള പണാവശ്യത്തിനോ ചൂതാട്ടത്തോടു ബന്ധപ്പെട്ട കടങ്ങൾ കൊടുത്തുതീർക്കുന്നതിനോ വേണ്ടി അനാശാസ്യമായ പെരുമാറ്റത്തിൽ ഏർപ്പെട്ടതായി സമ്മതിക്കുന്നുവെന്നു കൂടുതലായ പഠനങ്ങൾ നിഗമനത്തിലെത്തി. നിയമാനുസൃതമായ ചൂതാട്ടം വളരെയുള്ള ഒരു സ്ഥലമാണ് ഐക്യനാടുകളിലെ ഗൾഫ് തീരത്തുള്ള പട്ടണങ്ങൾ. അവിടെ 1993-ൽ 16 ബാങ്കു കവർച്ചകൾ റിപ്പോർട്ടു ചെയ്യപ്പെടുകയുണ്ടായി. അതു തലേ വർഷത്തേതിലും നാലിരട്ടി കൂടുതലായിരുന്നു. തന്റെ ചൂതാട്ടശീലം തുടരാൻ വേണ്ടി, ഒരു മനുഷ്യൻ എട്ടു ബാങ്കുകൾ കൊള്ള ചെയ്ത് 89,000 ഡോളർ തട്ടിയെടുത്തു. പണവായ്പക്കാർക്കു വൻ തുകകൾ കൊടുക്കാൻ നിർബന്ധിതരായ ചൂതാട്ടക്കാർ തോക്കു കാട്ടി മറ്റു ചില ബാങ്കുകൾ കൊള്ളയടിച്ചിട്ടുണ്ട്.
“ആസക്ത ചൂതാട്ടക്കാർ ആ ശീലം ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ, അവർ ഏറെക്കുറെ പുകവലിക്കാരെപ്പോലെയോ മയക്കുമരുന്നാസക്തരെപ്പോലെയോ പിൻമാറ്റ ലക്ഷണങ്ങൾക്കു വിധേയരാകുന്നു,” ദ ന്യൂയോർക്ക് ടൈംസ് പറയുന്നു. എന്നിരുന്നാലും, മറ്റു ശീലങ്ങളെ തരണം ചെയ്യുന്നതിലും ബുദ്ധിമുട്ടാണു ചൂതാട്ടശീലത്തെ തരണം ചെയ്യുക എന്നു ചൂതുകളിക്കാർ സമ്മതിക്കുന്നു. ഒരുവൻ ഇങ്ങനെ പറഞ്ഞു: “ഞങ്ങളിൽ ചിലർക്കു മദ്യപാനവും മയക്കുമരുന്നു ദുരുപയോഗവും ഉണ്ടായിരുന്നു. എന്നാൽ മറ്റേതൊരു ആസക്തിയെക്കാളും വളരെ മോശമാണ് ആസക്ത ചൂതാട്ടം എന്നതിനോടു ഞങ്ങളെല്ലാം യോജിക്കുന്നു.” ചൂതാട്ടം നിർത്താൻ ശ്രമിക്കുന്ന ആസക്തരിൽ ചുരുങ്ങിയപക്ഷം 30 ശതമാനം “അസ്വസ്ഥതയുടെ ലക്ഷണങ്ങളോ വയറ്റിലെ ക്രമക്കേടോ ഉറക്കത്തകരാറുകളോ സാധാരണയിൽ കവിഞ്ഞ രക്തസമ്മർദവും നാഡിമിടിപ്പുവുമോ അനുഭവിക്കുന്നതായി” ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ആസക്തിയെക്കുറിച്ചുള്ള പഠനത്തിനു വേണ്ടിയുള്ള കേന്ദ്രത്തിലെ ഡോ. ഹോവാർഡ് ഷാഫർ പറയുകയുണ്ടായി.
തുടർന്നും പന്തയം വെച്ചുകൊണ്ടിരുന്നാൽപോലും, ആസക്തരായ “ചൂതാട്ടക്കാർ പഴകിയ തലവേദന, കടുത്ത തലവേദനയും ഓക്കാനവും, ശ്വാസോച്ഛ്വാസം ചെയ്യുന്നതിലെ വിഷമതകൾ, അൾസർ നിമിത്തമുണ്ടാകുന്ന വേദനകൾ, ഹൃദയമിടിപ്പിലെ വ്യതിയാനം, കൈകാലുകൾ മരവിപ്പു തുടങ്ങിയ വൈദ്യശാസ്ത്രപ്രശ്നങ്ങൾ നേരിടു”മെന്നു യു.എസ്.എ.-യിലെ മേരിലാൻഡിലുള്ള ബാൾട്ടിമോറിലെ നാഷണൽ സെൻറർ ഫോർ പതോളജിക്കൽ ഗാംബ്ലിങ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ ഡോ. വലേറി ലോറൻസ് പറയുകയുണ്ടായി.
കൂടാതെ ആത്മഹത്യകളുമുണ്ട്. മരണത്തിന് ഇടയാക്കുന്ന “ആപത്കരമല്ലാത്ത ആസക്തി” എന്നു പൊതുവേ അറിയപ്പെടുന്നതിനെക്കാൾ മോശമായിരിക്കാൻ എന്തിനെങ്കിലും കഴിയുമോ? ഉദാഹരണത്തിന്, അമേരിക്കയിൽ അടുത്തകാലത്തു ചൂതാട്ടസ്ഥലങ്ങൾ പുതിയതായി തുറന്ന ഒരു കൗണ്ടിയിൽ “വിശദീകരിക്കാനാവാത്തവിധം ആത്മഹത്യാനിരക്ക് ഇരട്ടിയായതായി” ദ ന്യൂയോർക്ക് ടൈംസ് മാഗസിൻ റിപ്പോർട്ടു ചെയ്തു. “എങ്കിലും ആരോഗ്യ ഉദ്യോഗസ്ഥന്മാരാരും ആ വർധനവിനെ ചൂതാട്ടവുമായി ബന്ധപ്പെടുത്താൻ മനസ്സൊരുക്കമുള്ളവരായിരുന്നില്ല.” ദക്ഷിണാഫ്രിക്കയിൽ ഒറ്റ വാരത്തിൽത്തന്നെ മൂന്നു ചൂതാട്ടക്കാർ ആത്മാഹൂതി ചെയ്തു. നിയമപരമായതോ അല്ലാത്തതോ ആയാലും ചൂതാട്ടവും അതു നിമിത്തമുണ്ടാകുന്ന കടവും മൂലം ഉണ്ടാകുന്ന യഥാർഥ ആത്മഹത്യകളുടെ എണ്ണം അറിവായിട്ടില്ല.
ചൂതാട്ടത്തിന്റെ കടുംപിടുത്തത്തിൽനിന്നു മുക്തി നേടാനുള്ള ദുരന്തപൂർണമായ ഒരു മാർഗമാണ് ആത്മഹത്യ. ഏറെ മെച്ചപ്പെട്ട ഒരു മാർഗം ചിലർ കണ്ടെത്തിയത് എങ്ങനെയെന്നതു സംബന്ധിച്ച് അടുത്ത ലേഖനത്തിൽ വായിക്കുക.
[6-ാം പേജിലെ ആകർഷകവാക്യം]
പണയവസ്തുവിൻമേൽ പണം കടം കൊടുക്കുന്ന കടകൾ തഴച്ചുവളരുന്നു—ഒപ്പം കുറ്റകൃത്യവും