പുതിയ ചൂതാട്ടക്കാർ—യുവജനങ്ങൾ!
മുതിർന്ന ആളുകൾ, പുരുഷന്മാരും സ്ത്രീകളും, ചൂതാട്ട ആസക്തിയുടെ ചെളിക്കുണ്ടിൽ ഇത്രത്തോളം ആണ്ടുപോയിരിക്കുന്നുവോ എന്നു വിശ്വസിക്കാനാവാതെ നിഷേധാർഥത്തിൽ നിങ്ങൾ തല കുലുക്കുന്നുവോ? ചൂതാട്ടത്തിനു വേണ്ടി തങ്ങളുടെ ആയുഷ്കാലത്തെ ജോലിയും നേട്ടങ്ങളും—ജോലി, ബിസിനസ്, കുടുംബം, ചിലരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ജീവിതവും—ഉപേക്ഷിക്കുന്ന മുതിർന്ന ചൂതാട്ടക്കാരെക്കുറിച്ചു വായിക്കുമ്പോൾ നിങ്ങളുടെ മനസ്സ് അമ്പരന്നുപോകുന്നുവോ? പക്വതയും വിദ്യാഭ്യാസവുമുള്ള ഒരു മുതിർന്ന വ്യക്തി ചൂതുകളിച്ച് 15 ലക്ഷം ഡോളർ നേടിയശേഷം, അതേ രാത്രിയിൽത്തന്നെ വീണ്ടും കളിച്ച് 70 ലക്ഷം ഡോളർ നഷ്ടപ്പെടുത്തിയതിന്റെ പിന്നിലെ അടിസ്ഥാന കാരണം നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്നുണ്ടോ? പല കേസുകളിലും, അതു പണത്തിനു വേണ്ടിയുള്ള അത്യാഗ്രഹമായിരുന്നു, കൈപ്പിടിയിൽനിന്നു പിടിതരാത്ത പണത്തിനു പിന്നാലെയുള്ള ഓട്ടം. എന്നിരുന്നാലും, മിക്കപ്പോഴും, അതു ചൂതാട്ടത്തിൽനിന്നുതന്നെ ലഭിക്കുന്ന അനുഭൂതിയാണ്.
കൊച്ചുകുട്ടികളുള്ള മാതാപിതാക്കളാണു നിങ്ങളെങ്കിൽ, പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ കളിയാണു ചൂതാട്ടം എന്ന ചിന്തയിൽ നിങ്ങൾ ആശ്വാസം കണ്ടെത്തുന്നുവോ? എങ്കിൽ വീണ്ടും ചിന്തിക്കുക. ചൂതാട്ടത്തിൽ ഏർപ്പെടാൻ ഒരുങ്ങിനിൽക്കുകയോ അല്ലെങ്കിൽ ഇപ്പോൾത്തന്നെ ഏർപ്പെട്ടുകൊണ്ടിരിക്കുകയോ ചെയ്യുന്നവരെക്കുറിച്ചു പരിചിന്തിക്കുക. വസ്തുതകൾ നിങ്ങളെ അമ്പരപ്പിച്ചേക്കാം.
പിൻവരുന്ന ലേഖനക്കുറിപ്പുകൾ അടുത്തകാലത്തെ പത്രങ്ങളിലും മാസികകളിലും പ്രത്യക്ഷപ്പെട്ടതാണ്: “ചൂതാട്ടം ’90-കളിലെ കൗമാരതിന്മയായിരിക്കാൻ സാധ്യതയുണ്ട്.” “കൂടുതൽ യുവജനങ്ങൾ ചൂതാട്ടത്തിൽ കുരുങ്ങുന്നു.” “‘’90-കളിലെ മയക്കുമരുന്ന്’: ചൂതാട്ടം കുട്ടികളെ കുരുക്കുന്നു.” “എന്റെ മകനു ചൂതാട്ടം നിർത്താനായില്ല.”
ഇനി താഴെക്കൊടുത്തിരിക്കുന്ന തലക്കെട്ടുകൾ വായിക്കുക. “ഈ പ്രതിസന്ധിക്കു കാരണം രാഷ്ട്രവും സഭകളും സ്പോൺസർ ചെയ്തു വ്യാപകമായി നടത്തുന്ന ചൂതാട്ടങ്ങളാണെന്ന് അധികാരികൾ കുറ്റപ്പെടുത്തുന്നു,” ഒരു പത്രം എഴുതി. “ഇന്നു പന്തയംവെക്കൽ എന്നത്തെക്കാളുമധികം അതാഗ്രഹിക്കുന്ന യുവജനങ്ങൾക്കു പ്രാപ്യമാണ്. മാത്രമല്ല, ആസക്തരായ ചൂതാട്ടക്കാരിൽ 90 ശതമാനത്തിലധികവും ആ ശീലം തുടങ്ങുന്നതു തങ്ങൾക്കു 14 വയസ്സാകുന്നതിനു മുമ്പാണ്” എന്ന് ആ പത്രം പറഞ്ഞു. “ആസക്ത ചൂതാട്ടക്കാർ കളി തുടങ്ങിയിരുന്നത് 14 വയസ്സിലായിരുന്നു. ഇപ്പോഴത് 9-ഓ 10-ഓ ആയി താണിരിക്കുന്നതായി നാം കാണുന്നു,” മറ്റൊരു ഗവേഷക പറഞ്ഞു. “എന്തുകൊണ്ട്? കാരണം ഇപ്പോൾ അതിന് അവസരമുണ്ട്,” അവർ കൂട്ടിച്ചേർത്തു. “ചൂതാട്ട പരസ്യങ്ങൾ എല്ലായിടത്തും . . . കുട്ടികളെ ഭയങ്കരമായി ബാധിക്കുകയാണ്. അതു സാമൂഹികമായി സ്വീകാര്യമായ ഒരു നേരമ്പോക്കാണ്.” ഗാംബ്ലേഴ്സ് അനോനിമസ് എന്ന ഒരു സ്ഥാപനത്തിന്റെ ഒരു വക്താവ് ഇങ്ങനെ പറഞ്ഞു: “അതു വളരെ വേഗത്തിൽ വഷളായിക്കൊണ്ടിരിക്കുകയാണ്. വളരെ ചെറുപ്രായത്തിൽത്തന്നെ കുട്ടികൾ ചൂതുകളിച്ചുതുടങ്ങുകയാണ്. അവരിൽ വളരെയധികം പേർ എന്നത്തേതിലുമധികമായി ഏർപ്പെടുകയാണ്.”
ഒരു അമേരിക്കൻ സ്റ്റേറ്റിലെ കൗമാരപ്രായക്കാരായ ചൂതാട്ടക്കാരെക്കുറിച്ചു നടത്തിയ ഒരു പഠനമനുസരിച്ച്, അവരിൽ 3.5 ശതമാനം സാധ്യതയനുസരിച്ച് ആസക്ത ചൂതാട്ടക്കാരായിരുന്നു; മറ്റൊരു 9 ശതമാനം “ഉയർന്ന അപകടസാധ്യതയുള്ള” ചൂതാട്ടക്കാരായിത്തീരാൻ സാധ്യതയുണ്ടായിരുന്നു. “പൊതുവേ മുതിർന്ന ആളുകളുടെ ഇടയിൽ ഉള്ളതിനെക്കാൾ കൂടുതൽ ചൂതാട്ടം യുവപ്രായക്കാരുടെ ഇടയിൽ ഉണ്ടെന്നാണ് ഈ സംഖ്യകൾ കാട്ടിയിരിക്കുന്നത്” എന്ന് ഒരു അമേരിക്കൻ കോളെജിലെ കൗൺസിലിങ് സേവനവിഭാഗത്തിലെ കോ-ഓഡിനേറ്ററായ വില്യം സി. ഫിലിപ്സ് പറഞ്ഞു. “അടുത്ത ദശകത്തിലോ മറ്റോ മയക്കുമരുന്നുകളുടെ ഉപയോഗത്തിൽ—പ്രത്യേകിച്ചും നിയമവിരുദ്ധമായ മയക്കുമരുന്നുകളുടെ ഉപയോഗത്തിൽ—നാം നേരിടുന്നതിനെക്കാൾ കൂടുതൽ പ്രശ്നങ്ങൾ യുവജനങ്ങളുടെ ചൂതാട്ടത്തിൽ നേരിടും” എന്ന് മറ്റൊരു ആസക്തി ബുദ്ധ്യുപദേശകൻ പറഞ്ഞു. പ്രൊഫസർ ഹെൻട്രി ലെസിയർ ഹൈസ്കൂളിലെ ജൂനിയർ വിദ്യാർഥികളെയും സീനിയർ വിദ്യാർഥികളെയും കുറിച്ചു പഠനം നടത്തി. ദ ലോസാഞ്ചലസ് ടൈംസ് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ കോളെജ് വിദ്യാർഥികളെക്കുറിച്ചു നടത്തിയ പഠനത്തോടു വളരെയധികം സമാനമാണ്: ‘അസ്വഭാവികരായ’ ചൂതാട്ടക്കാർ അല്ലെങ്കിൽ ‘ആസക്ത’ ചൂതാട്ടക്കാർ—ചൂതാട്ടത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടവർ—എന്നനിലയിൽ വരുന്ന കൗമാരപ്രായക്കാരുടെ ശതമാനം രാജ്യമൊട്ടാകെയുള്ള കൗമാരപ്രായക്കാരുടെ ശരാശരി ഏതാണ്ട് 5% ആണ്.”
തങ്ങളെ വ്യാകുലപ്പെടുത്തുന്നതു യുവപ്രായത്തിലുള്ള ചൂതാട്ടക്കാരുടെ എണ്ണമല്ല, പിന്നെയോ “കൗമാരപ്രായക്കാരുടെ ചൂതാട്ടം സംബന്ധിച്ചു കുട്ടികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കുമുള്ള മനോഭാവ”മാണെന്ന് ചൂതാട്ട ചികിത്സകർ സമ്മതിക്കുന്നു. “മയക്കുമരുന്നുകളും ലഹരിപദാർഥവും, അക്രമം, അല്ലെങ്കിൽ കുത്തഴിഞ്ഞ ജീവിതം എന്നിവയിൽ ഏർപ്പെടുന്നതിനെക്കാൾ കുറഞ്ഞ അനന്തരഫലങ്ങളുള്ള ‘ഹാനികരമല്ലാത്ത ഒരു നേരമ്പോക്കായി’ പല കുട്ടികളും അവരുടെ മാതാപിതാക്കളും ചൂതാട്ടത്തെ കാണുന്നു.” എന്നാൽ, കുറ്റകൃത്യം, സ്കൂളിൽ പോകാതിരിക്കൽ, എളുപ്പം പണമുണ്ടാക്കാനുള്ള ഒരഭിലാഷം എന്നീ കാര്യങ്ങളിലേക്കു ചൂതാട്ടം യുവപ്രായക്കാരെ കൊണ്ടുചെന്നെത്തിക്കുന്നുവെന്നു പെരുമാറ്റ സംബന്ധമായ മാർഗനിർദേശകനായ ഡൂറൻറ് ജേക്കബ്സ് മുന്നറിയിപ്പു നൽകി.
ഉദാഹരണത്തിന്, ചെറുപ്രായത്തിൽതന്നെ ചൂതുകളിച്ചുതുടങ്ങിയ ഒരു ഹൈസ്കൂൾ വിദ്യാർഥിയുടെ കാര്യമെടുക്കുക. സ്കൂളിലായിരിക്കവേ മറ്റു വിദ്യാർഥികളുമായി ചൂതാട്ടത്തിലേർപ്പെട്ടുകൊണ്ട് അവൻ തന്റെ ക്ലാസ്സ് സമയത്തെ അനേകം മണിക്കൂറുകൾ ചെലവഴിച്ചു. കളിയിൽ തോറ്റ് പണമെല്ലാം തീർന്നപ്പോൾ, സഹായമാവശ്യമുള്ള കുടുംബങ്ങൾക്കു ഭക്ഷണം വാങ്ങാനായി വിദ്യാർഥികൾ സ്വരുക്കൂട്ടിയ ഫണ്ടിൽനിന്ന് അവൻ മോഷ്ടിച്ചു. മോഷ്ടിച്ച പണംകൊണ്ടു ചൂതാട്ടംനടത്തുകവഴി, ചൂതാട്ടം നിമിത്തം മുമ്പുണ്ടായിരുന്ന കടങ്ങൾ വീട്ടാൻ വേണ്ടി പണയം വെച്ചിരുന്ന, കുടുംബത്തിലെ ടെലിവിഷൻ സെറ്റും രത്നം പതിച്ച മോതിരവും തിരികെ വാങ്ങാൻ തനിക്കാകുമെന്ന് അവൻ പ്രത്യാശിച്ചു. അവൻ ഒമ്പതാമത്തെ സ്റ്റാൻഡേർഡിൽ എത്തിയപ്പോഴേക്കും 1,500 ഡോളർ മോഷ്ടിച്ചതുനിമിത്തം ഒരു ദുർഗുണപാഠശാലയിൽ 20 ദിവസം കഴിയേണ്ടിവന്നു. മാത്രമോ, അവൻ ഡോളർ മുടക്കിയുള്ള ചീട്ടുകളിയിലും 5 ഡോളർ മുടക്കിയുള്ള മത്സരങ്ങളിലും അമിതമായി ഉൾപ്പെട്ടിരുന്നു. “എനിക്കു പ്രായം കൂടിവരുന്തോറും തുകകളും വർധിച്ചുവന്നു,” അവൻ പറഞ്ഞു. താമസിയാതെ, ചൂതാട്ടം മൂലമുള്ള തന്റെ കടങ്ങൾ വീട്ടാനായി അവൻ അയൽക്കാരിൽനിന്നു മോഷ്ടിക്കാൻ തുടങ്ങി. അവന്റെ അമ്മ ആശയറ്റവളായിത്തീർന്നു. 18-ാമത്തെ വയസ്സോടെ അവൻ ആസക്തനായ ഒരു ചൂതാട്ടക്കാരനായി മാറിക്കഴിഞ്ഞിരുന്നു.
ഇംഗ്ലണ്ടിൽ കർശനമല്ലാത്ത ചൂതാട്ടനിയമങ്ങൾ സ്ലോട്ടു യന്ത്രങ്ങളിൽ ചൂതാടാൻ കുട്ടികളെ അനുവദിക്കുന്നതായി സാമൂഹിക വിദഗ്ധർ പറയുന്നു. വിമാനത്താവളങ്ങളിലും നാണയത്തുട്ടുകൾവെച്ചു ചൂതാട്ടം നടത്താവുന്ന വിനോദകേന്ദ്രങ്ങളിലും, തങ്ങളുടെ മാതാപിതാക്കളിൽനിന്നു മോഷ്ടിക്കുകയും പീടികമോഷണം നടത്തുകയും ചെയ്തുകൊണ്ട് അനേകം കുട്ടികൾ തങ്ങളുടെ ആസക്തിയെ പരിപോഷിപ്പിക്കുന്നു.
“ജൂനിയർ ഹൈസ്കൂളിലെയും സീനിയർ ഹൈസ്കൂളിലെയും കോളെജ് കാമ്പസിലെയും യുവജനങ്ങളുടെ ഇടയിൽ ഏറ്റവും പ്രസിദ്ധവും വളരെയധികമായി വർധിച്ചുവരുന്നതുമായ ചൂതാട്ടം [വിദ്യാർഥികളുടെ] ഇടയിൽത്തന്നെയുള്ള സ്പോർട്സ് പന്തയങ്ങളാണ്, ചിലപ്പോൾ അവയെ പ്രാദേശിക പന്തയക്കാരും പിന്തുണയ്ക്കാറുണ്ട്” ജേക്കബ്സ് പറഞ്ഞു. “സുസംഘടിതവും വൻതുകകൾ പന്തയം വെക്കുന്ന സ്പോർട്സ് ചൂതാട്ടമില്ലാത്ത സ്കൂളുകളും കോളെജുകളും വളരെ കുറവാണെന്നു ഞാൻ കണക്കാക്കുന്നു.” ഇതിനോടു കൂട്ടാവുന്നവയാണു ചീട്ടുകളി, ലോട്ടറി, വാസ്തവത്തിൽ ഉള്ളതിനെക്കാൾ പ്രായം മതിക്കുന്നതു നിമിത്തം പല കൗമാരപ്രായക്കാരും പ്രവേശിക്കാൻ അനുവദിക്കപ്പെടുന്ന ചൂതാട്ടശാലകൾ തുടങ്ങിയവ.
ജേക്കബ്സ് ഇങ്ങനെ പറഞ്ഞു: “എടുത്തു പറയേണ്ട ഒരു പ്രധാന സംഗതിയുണ്ട്. മിക്കവരും ആസക്തരായ ചൂതാട്ടക്കാരായി മാറിയതിനു കാരണം കൗമാരപ്രായത്തിൽ അവർ ചൂതാട്ടം തുടങ്ങിയപ്പോൾ അവർ വിജയിച്ചിരുന്നു എന്നതാണ്.” “യുവജനങ്ങളിൽ ‘വൻ ഭൂരിപക്ഷം’ ഇതുമായി പരിചയപ്പെട്ടത് തങ്ങളുടെ മാതാപിതാക്കളാലോ ബന്ധുക്കളാലോ ആണ്. അവർ അതിനെ ഒരു നേരമ്പോക്കായി അനുവദിച്ചുകൊടുത്തിരുന്നു,” ദ ലോസാഞ്ചലസ് ടൈംസ് തുടർന്നു പറഞ്ഞു. പദാർഥ ദുരുപയോഗം ചെയ്യുന്നവർക്കു ബുദ്ധ്യുപദേശം കൊടുക്കുന്ന ഒരുവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “മാതാപിതാക്കൾ ലഹരിപദാർഥവും മയക്കുമരുന്നും ഉൾപ്പെട്ടു കൈകാര്യം ചെയ്യേണ്ടിയിരുന്ന അതേ പഴയ പ്രശ്നം കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. ചൂതാട്ടം എത്രയധികം വർധിക്കുന്നുവോ, അത്രയധികം പുതിയ ആളുകൾ ചൂതാട്ടത്തിൽ ആസക്തരായിത്തീരും.” മയക്കുമരുന്നിന്റെയും ലഹരിപദാർഥത്തിന്റെയും കാര്യത്തിലെന്നപോലെ, ചൂതാട്ടത്തിന്റെ കുരുക്കിൽ അകപ്പെടുമ്പോൾ അധികമധികം യുവപ്രായക്കാർ മോഷണം, മയക്കുമരുന്നുകൾ വിൽക്കൽ, വേശ്യാവൃത്തിയിലേർപ്പെടൽ തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെട്ടുകൊണ്ട് തങ്ങളുടെ ആസക്തിയെ നിലനിർത്തുന്നു. ചൂതാട്ടം ‘നേരമ്പോക്കായി’ മാതാപിതാക്കൾ കരുതിയേക്കാം, എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ അങ്ങനെ കരുതുന്നില്ല.
“സ്ലോട്ട് യന്ത്രങ്ങളുടെ പിടിയിലകപ്പെട്ടുപോയ കുട്ടികൾ . . . ആസക്തരായ മുതിർന്ന ചൂതാട്ടക്കാരുടെ നാശോന്മുഖമായ എല്ലാ സ്വഭാവങ്ങളും പ്രദർശിപ്പിക്കുകയുണ്ടായി. സ്ലോട്ട് യന്ത്രങ്ങളോട് ആസക്തരായിത്തീർന്ന ചെറുപ്പക്കാർ ചൂതാട്ടം തുടങ്ങിവെച്ചത് 9-ഓ 10-ഓ വയസ്സിൽ ആയിരിക്കാം. അവർ തങ്ങളുടെ പോക്കറ്റ് മണിയും സ്കൂൾ ഡിന്നറിനുള്ള പണവും വീട്ടിലുണ്ടായിരുന്ന ചില്ലറയുമെല്ലാം ഉപയോഗിച്ചുതീർത്തു. ഒന്നോ രണ്ടോ വർഷങ്ങൾ കഴിയുമ്പോൾ അവർ മോഷ്ടിക്കാൻ തുടങ്ങുന്നു. സ്വന്തം മുറിയിലുള്ള സകലതും—ബാറ്റുകൾ, പുസ്തകങ്ങൾ, റെക്കോർഡ് പ്ലെയർ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ പോലും—കുട്ടികൾ വിൽക്കും: അവർ മറ്റു കുട്ടികളുടെ കളിപ്പാട്ടങ്ങളും മോഷ്ടിക്കും. വീട്ടിലുള്ള യാതൊന്നും സുരക്ഷിതമായിരിക്കില്ല. തങ്ങളുടെ സാധനങ്ങൾ എടുത്തുകൊണ്ടുപോകാതിരിക്കാൻ നിരാശരായ മാതാക്കൾ അവ ഒരു മുറിയിൽ കൂട്ടിവെക്കുകയോ, ഉറങ്ങുമ്പോൾ ബാഗും മറ്റും കിടക്കയ്ക്കടിയിൽ ഒളിച്ചുവെക്കുകയോ ചെയ്യുന്നതായി മൂഡി കേൾക്കുകയുണ്ടായി. തങ്ങളുടെ മക്കൾക്ക് എന്തു സംഭവിക്കുന്നു എന്നു മനസ്സിലാകാത്ത മാതാക്കൾ കുയിൽ കവർച്ച ചെയ്യുന്ന പക്ഷിക്കൂടു പോലെയാണ്. അപ്പോഴും മറ്റെവിടെയെങ്കിലുംനിന്നു മോഷ്ടിക്കാൻ കുട്ടികൾക്കു കഴിയും. കുട്ടിക്കു 16 വയസ്സാകുമ്പോഴേക്കും പൊലീസ് വാതിലിൽ മുട്ടാൻ തുടങ്ങും.”—എളുപ്പത്തിൽ പണം: ചൂതാട്ടക്കാരന്റെ മനസ്സിനുള്ളിൽ, ഡേവിഡ് സ്പാനിയർ.
ഈ ലേഖനങ്ങളിൽ ചൂണ്ടിക്കാട്ടിയതുപോലെ, തങ്ങളുടെ സഭകൾവഴി മുതിർന്ന പലരും അതുപോലെതന്നെ ചെറുപ്പക്കാരും ചൂതാട്ടത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്—ചൂതുകളിശാല, ലോട്ടറി, അങ്ങനെ പലതും. മതസ്ഥാപനങ്ങളും ക്രിസ്തുവിന്റെ അനുഗാമികൾ എന്ന് അവകാശപ്പെടുന്ന അവയുടെ നേതാക്കന്മാരും ഏതെങ്കിലും തരത്തിലുള്ള ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുകയും ഉന്നമിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യാമോ? ഒരിക്കലും അരുത്! ഏതു തരത്തിൽ നോക്കിയാലും മനുഷ്യന്റെ ഏറ്റവും അധമമായ ഗുണങ്ങളിൽ ഒന്നിനെ, വെറുതെയിരുന്ന് എന്തെങ്കിലും കിട്ടാനുള്ള ആഗ്രഹത്തെ, കുറേക്കൂടെ തുറന്നുപറഞ്ഞാൽ, അത്യാഗ്രഹത്തെ തൃപ്തിപ്പെടുത്തുകയാണു ചൂതാട്ടം. അതിനെ ഉന്നമിപ്പിക്കുന്നവർ, മറ്റുള്ളവരുടെ നഷ്ടങ്ങളിൽനിന്നു ലാഭമുണ്ടാക്കുന്നതു ശരിയാണെന്നു വിശ്വസിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. കുടുംബത്തകർച്ചയും അപമാനവും മോശമായ ആരോഗ്യവും ഒരുവന്റെ ജീവിതത്തിന്റെ നാശവും കൈവരുത്തുന്ന അത്തരമൊരു പ്രവർത്തനത്തെ യേശു പ്രോത്സാഹിപ്പിക്കുമോ? ഒരിക്കലുമില്ല! മറിച്ച്, അത്യാഗ്രഹികളായ വ്യക്തികൾ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ദൈവത്തിന്റെ നിശ്വസ്ത വചനം വ്യക്തമാക്കുന്നു.—1 കൊരിന്ത്യർ 6:9, 10.
ഏതു തരത്തിലുമുള്ള ചൂതാട്ടം തെറ്റായ ഒരു സംഗതിയാണെന്നു നന്നേ ചെറുപ്പത്തിൽതന്നെ മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. അതിനെ ഒരു നേരമ്പോക്കായി വീക്ഷിക്കരുത്, മറിച്ച് മടിയുടെയും ഭോഷ്കു പറച്ചിലിന്റെയും വഞ്ചനയുടെയും സത്യസന്ധതയില്ലായ്മയുടെയും ഒരു തുടക്കമായിട്ടുവേണം അതിനെ വീക്ഷിക്കാൻ. ഗാംബ്ലേഴ്സ് അനോനിമസ് പോലുള്ള സഹായപരിപാടികൾ പല നഗരങ്ങളിലും നിലവിലുണ്ട്. അതിലും പ്രധാനമായി, നിങ്ങൾക്കൊരു പ്രശ്നമുണ്ടെങ്കിൽ, ദൈവവചനമായ ബൈബിളിൽ അടങ്ങിയിരിക്കുന്ന നിശ്വസ്ത ബുദ്ധ്യുപദേശം തേടുക. ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചു ചിന്തിച്ച ചിലർ പറയുന്നത് തങ്ങൾ തങ്ങളുടെ ജീവനു കടപ്പെട്ടിരിക്കുന്നത് അത്തരം നിശ്വസ്ത ബുദ്ധ്യുപദേശം കേട്ടതിനോടാണ് എന്നാണ്.
ആസക്ത ചൂതാട്ടത്തിന്റെ കെണിയെ പൊട്ടിച്ചെറിയാൻ യഹോവയുടെ സാക്ഷികൾ പലരെയും സഹായിച്ചിട്ടുണ്ട് എന്നതു രസാവഹമാണ്. കടുത്ത ചൂതാട്ടം ഉൾപ്പെടെ പലതരം തിന്മകളിൽ അനേക വർഷങ്ങൾ ഏർപ്പെട്ട അത്തരമൊരു മുൻ ആസക്ത ചൂതാട്ടക്കാരൻ ഇങ്ങനെ എഴുതി: “ഞാനും എന്റെ കാമുകിയും യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ പെരുമാറ്റത്തിന്റെ കാര്യത്തിൽ വലിയ മാറ്റങ്ങൾ പെട്ടെന്നുതന്നെ ഉണ്ടാകാൻ തുടങ്ങി. ചൂതാട്ടം ആസക്തിയുളവാക്കുന്ന ഒരു ശക്തിയായിരുന്നു, എന്നാൽ അതു കൈകാര്യം ചെയ്യുക ഏറ്റവും ദുഷ്കരവുമാണെന്നു തെളിഞ്ഞു. യഹോവയുടെ സഹായവും കാമുകിയുടെ പിന്തുണയും ലഭിച്ചപ്പോൾ—ഒപ്പം പഠനവും പ്രാർഥനയും, പ്രത്യേകിച്ച് അത്യാഗ്രഹം സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണത്തെക്കുറിച്ചുള്ള ധ്യാനവും കൂടിയായപ്പോൾ—ചൂതാട്ടത്തോടുള്ള ആസക്തിയെ നിയന്ത്രിക്കാനായി. ഇപ്പോൾ 38 വർഷമായി എന്റെ ഭാര്യയായിരിക്കുന്ന കാമുകിയും ഞാനും ഞങ്ങളുടെ ജീവിതത്തെ യഹോവയ്ക്കു സമർപ്പിച്ചു. ആവശ്യം കൂടുതലുള്ളിടത്തു ഞങ്ങൾ സേവിച്ചിട്ടുണ്ട്, വർഷങ്ങളായി മുഴുസമയ സേവനത്തിലായിരുന്നു, വാച്ച്ടവർ സൊസൈറ്റിയുടെ സഞ്ചാര പ്രതിനിധിയായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട് ഞാൻ. എങ്കിലും ആസക്തി ഇപ്പോഴുമുണ്ട്. യഹോവയുടെ സഹായവും മാർഗനിർദേശവും കൊണ്ടാണ് അതിനെ പിടിച്ചുനിർത്തുന്നത്.”
നിങ്ങളെ സംബന്ധിച്ചിടത്തോളം ചൂതാട്ടം ഒരു പ്രശ്നമാണെങ്കിൽ, അതിന്റെ ആസക്തിയിൽനിന്നു നിങ്ങൾക്കു മുക്തനാകാൻ കഴിയുമോ? ദൈവത്തിന്റെ സഹായം നിങ്ങൾ പ്രയോജനപ്പെടുത്തുകയും ആവശ്യമുള്ളവർക്ക് അതു വെച്ചുനീട്ടുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾക്ക് അതിനു കഴിയും.
[9-ാം പേജിലെ ആകർഷകവാക്യം]
യുവജനങ്ങൾ ചൂതാട്ടത്തിൽ ഏർപ്പെടുന്നതിന്റെ ഫലമായി മയക്കുമരുന്നിനെക്കാൾ കൂടുതൽ പ്രശ്നങ്ങൾ ഉടൻതന്നെ ഉണ്ടാകും
[11-ാം പേജിലെ ആകർഷകവാക്യം]
അത്യാഗ്രഹികൾ ദൈവരാജ്യം അവകാശമാക്കുകയില്ല
[10-ാം പേജിലെ ചതുരം]
ലാസ് വേഗാസിലെ കത്തോലിക്കാ ദേവാലയത്തിൽ ചൂതാട്ട ടോക്കണുകൾക്കു പ്രിയം
അതിവിശുദ്ധ രക്ഷകൻ എന്ന ദേവാലയത്തിലേക്കുള്ള സന്ദർശകർ മിക്കപ്പോഴും പുരോഹിതനോട് ഇങ്ങനെ ചോദിക്കാറുണ്ട്: “അച്ചോ, ഞാൻ ജയിക്കാൻ വേണ്ടി പ്രാർഥിക്കുമോ?” ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും യു.എസ്.എ.-യിലെ നെവേദയിലുള്ള ലാസ് വേഗാസ് സന്ദർശിക്കാൻ ഓരോ വർഷവും കോടിക്കണക്കിനാളുകൾ എത്താറുണ്ട്. അവർ വരുന്നതു ഭാഗ്യദേവതയുടെ അനുഗ്രഹങ്ങൾ പരീക്ഷിക്കാനാണ്. ഈ റോമൻ കത്തോലിക്കാ പള്ളിയുടെ, മനോഹരമായി ദീപങ്ങൾ ചാർത്തിയ വിശുദ്ധമന്ദിരത്തിന്റെ ചുവരുകളിൽ യേശുവിന്റെ ജനനം, അവസാനത്തെ അത്താഴം, ക്രൂശിക്കൽ എന്നിവയുടെ പ്രതിമകളുണ്ട്. ചൂതാട്ടത്തിൽനിന്നു കിട്ടുന്ന തുക, ഇവിടെ ഉപയോഗിക്കുന്നു: ആരാധകർ ചൂതുകളിക്കുള്ള ടോക്കണുകൾ ഒരു പിരിവു പാത്രത്തിൽ ഇടുന്നു.
“ഇടയ്ക്കിടയ്ക്കു പാത്രങ്ങളിൽനിന്ന് 500 ഡോളറിന്റെ ടോക്കൺ കിട്ടാറുണ്ട്,” ലീറി എന്ന് ആ പുണ്യസ്ഥലത്തെ പുരോഹിതൻ ഐറിഷിൽ പറഞ്ഞു.
ലാസ് വേഗാസ് മുനമ്പിന്റെ കുറേക്കൂടെ വടക്കുള്ള ഒരു റോമൻ കത്തോലിക്കാ പള്ളി ദശകങ്ങളായി ആരാധകർക്കു സേവനമരുളി. എന്നാൽ, ലോകത്തിലെ ഏറ്റവും വലിയ നാല് ഹോട്ടൽ-ചൂതാട്ടസ്ഥലങ്ങൾ—എംജിഎം ഗ്രാൻഡ്, ലക്സർ, എക്സ്കാലിബർ, ട്രോപ്പിക്കാന എന്നിവ—ആ മുനമ്പിന്റെ തെക്കേ അറ്റത്തു പണിതപ്പോൾ അതിവിശുദ്ധ രക്ഷകൻ എന്ന പുതിയ ദേവാലയം വെറും ഒരു ബ്ലോക്കു മാത്രം അകലെ നിർമിക്കുകയുണ്ടായി.
എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നു ചോദിച്ചപ്പോൾ ഒരു പുരോഹിതൻ ഇങ്ങനെ പറഞ്ഞു: “എന്തുകൊണ്ട് പാടില്ല? അവിടെയാണ് ആളുകളുള്ളത്.”
അവിടെയാണു പണവുമുള്ളത്. അപ്പോൾ, എന്തുകൊണ്ട് പാടില്ല?
[9-ാം പേജിലെ ചിത്രം]
ചൂതാട്ടം മോശമായ സഹവാസങ്ങളിലേക്കു നയിക്കുന്നു