ലോകത്തെ വീക്ഷിക്കൽ
“സുരക്ഷിത ലൈംഗികത”—സ്ത്രീകൾക്ക് അത്ര സുരക്ഷിതമല്ല
എയ്ഡ്സ് പകരാതിരിക്കാൻ “സുരക്ഷിത ലൈംഗികത”യെയും ഗർഭനിരോധന ഉറകളുടെ ഉപയോഗത്തെയും അനുകൂലിച്ചുകൊണ്ട് വലിയ പ്രചരണം ഉണ്ടെങ്കിൽപോലും അത്തരം ബുദ്ധ്യുപദേശത്തിൽ അടങ്ങിയിരിക്കുന്ന ജ്ഞാനത്തെ ഡോക്ടർമാർ ചോദ്യം ചെയ്യുകയാണ്. ഗർഭനിരോധന ഉറകൾ പുരുഷൻമാർക്ക് ഒരു പരിധിവരെ എയ്ഡ്സിനെതിരെ സംരക്ഷണം നൽകുന്നുണ്ടെങ്കിലും അവ സ്ത്രീകൾക്കു വളരെ കുറഞ്ഞ സംരക്ഷണമേ നൽകുന്നുള്ളൂ, കാരണം രോഗബാധിതനായ ഒരു പങ്കാളിക്ക് ഉറയുടെ പുറംപ്രതലത്തെ മലിനമാക്കാൻ എളുപ്പം കഴിയും എന്ന് പാരീസ് ദിനപത്രമായ ല ഫിഗാറോയിൽ വന്ന ഒരു വൈദ്യശാസ്ത്ര റിപ്പോർട്ടു പറയുന്നു. ആർത്തവസമയത്തു രോഗം ബാധിക്കാൻ സ്ത്രീകൾക്കു സാധ്യത കൂടുതലാണ്, യോനിയിൽ പഴുപ്പോ മുറിവോ ഉള്ളപ്പോഴും. കണക്കുകൾ നോക്കിയാൽ, എയ്ഡ്സിൽനിന്നു സ്ത്രീകളെ സംരക്ഷിക്കുന്നതിൽ ഉറകളുടെ ഫലപ്രദത്വം 69 ശതമാനത്തിൽ താഴെയാണെന്നു കാണപ്പെടുന്നു. “സുരക്ഷിതത്വം” കുറഞ്ഞ ഈ ഘടകത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് ഒരു ഡോക്ടർ ഇങ്ങനെ പറഞ്ഞു: “ഒരു വർഷത്തിൽ ഇടിച്ചുതകരാതിരിക്കാൻ 69 ശതമാനം മാത്രം സാധ്യത ഉണ്ടായിരുന്ന ഒരു വിമാനത്തെക്കുറിച്ചു നാം എന്തു പറയും?”
മസ്തിഷ്ക വ്യായാമം
“ഓർമക്കുറവിനുള്ള കാരണം സാധാരണമായി വിധിയല്ല, പിന്നെയോ മോശമായ പരിശീലനമാണ്,” ജർമനിയിലെ ഒരു ആരോഗ്യ-ഇൻഷ്വറൻസ് പ്രസിദ്ധീകരണമായ ഡിഎകെ മാഗാററ്സീൻ റിപ്പോർട്ടു ചെയ്യുന്നു. നിഷ്ക്രിയത്വത്തിലൂടെ പേശികളുടെ ബലം നഷ്ടപ്പെടുന്നതുപോലെ, തലച്ചോറിനു വ്യായാമം കിട്ടുന്നില്ലെങ്കിൽ അതു തുരുമ്പിച്ചുപോകും, കുറച്ചു വ്യായാമം മാത്രമേ അതിനു കിട്ടുന്നുള്ളൂവെങ്കിൽ അതു കുറച്ചു വിവരങ്ങളേ സൂക്ഷിച്ചുവെക്കുകയുള്ളൂ. ഈ പ്രശ്നം പ്രായമുള്ളവർക്കു മാത്രമാണോ? അല്ലേയല്ല! “നമ്മെ സംബന്ധിച്ചിടത്തോളം ചിന്ത മിക്കപ്പോഴും അനായാസമായിത്തീരുന്നു, അല്ലെങ്കിൽ അധികമായിത്തീരുന്നു,” എന്ന് ആ മാഗസിൻ അഭിപ്രായപ്പെടുന്നു. തങ്ങളുടെ മനസ്സുകൾ ഉചിതമായി ഉപയോഗിക്കാത്തതിനാൽ തുരുമ്പെടുത്ത ഓർമ വളർത്തിയെടുക്കുന്നതിന്റെ അപകടം ചെറുപ്പക്കാർക്കുണ്ട്. എന്തിനു സഹായിക്കാൻ കഴിയും? മസ്തിഷ്ക വ്യായാമം ചെയ്യാൻ, മാനസിക കളികളിൽ ഏർപ്പെടാൻ ആ മാസിക ശുപാർശ ചെയ്യുന്നു. മനസ്സിനെയും ഓർമയെയും ഉത്തേജിപ്പിക്കാൻ അക്കങ്ങളും അക്ഷരമാലയിലെ അക്ഷരങ്ങളും ഉപയോഗിച്ചുള്ള കളികൾ അത്തരത്തിൽപ്പെട്ടവയാണ്. കൂടാതെ, “പദപ്രശ്നം (ഇംഗ്ലീഷ്) സഹായപ്രദമായിരുന്നേക്കാം.”
ട്രെയിനുകളുടെ കക്കൂസ് പേപ്പർ സന്ദേശം
ഏറെ ആധുനികമായ സജ്ജീകരണം ലഭ്യമാകുന്നതുവരെ മിക്കവാറും ഏതൊരു ഇററാലിയൻ തീവണ്ടിയിലെയും ഡ്രൈവർക്കു കഷ്ടകാലംതന്നെ. ഒരു അടിയന്തിര സാഹചര്യത്തെക്കുറിച്ച് അധികാരികളെ അറിയിക്കുന്നതിനു പിൻവരുന്ന രീതി മാത്രമേ അയാൾക്കു തുടർന്നും അവലംബിക്കാനാവൂ: ഒരു കുറിപ്പെഴുതി കക്കൂസിലെ പേപ്പർ റോളിനുള്ളിൽ വെച്ചിട്ട് അടുത്ത സ്റേറഷൻ വരുമ്പോൾ അധികാരികൾ കണ്ടെടുത്തു വായിക്കും എന്ന പ്രതീക്ഷയിൽ ചുഴററി എറിയുക. “റെയിൽവേയോളംതന്നെ പഴക്കമുള്ള” ഈ സമ്പ്രദായം ഔദ്യോഗികമായ റെയിൽവേ നിയമങ്ങൾ പ്രകാരമുള്ളതാണ്. അത് “ഇപ്പോഴും പരീക്ഷിച്ചു തെളിഞ്ഞ ഫലപ്രദമായ ഒരു രീതിയാണ്” എന്ന് ഇററാലിയൻ സ്റേറററ് റെയിൽവേയിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നു. എന്നിരുന്നാലും, “തീവണ്ടികളിലെ ആശയവിനിയമം വളരെ ഗുരുതരമായ ഒരു പ്രശ്നംതന്നെ”യാണെന്ന് അദ്ദേഹം ഇങ്ങനെ സമ്മതിക്കുകയും ചെയ്യുന്നു. യാത്ര ചെയ്യുന്ന ഒരു വ്യക്തിക്ക് അസുഖം വരുമ്പോഴോ അപകടകരമെന്നു സംശയിക്കുന്ന ഒരു വസ്തു കാണുമ്പോഴോ അക്രമമോ കവർച്ചയോ നടക്കുമ്പോഴോ “സ്റേറററ് റെയിൽവേയ്സിലെ അധികാരികൾക്ക് ഫലത്തിൽ ഒന്നും ചെയ്യാൻ കഴിയാതെവരുന്നു” എന്ന് ഇററലിയിലെ ദിനപത്രമായ കോറിയെറാ ഡേയ്ലാ സേയറാ പറയുന്നു, കാരണം അത്തരം സാഹചര്യങ്ങളിൽ ഇടപെടാൻ അവർക്ക് അധികാരമില്ല. ആശയവിനിമയ സംബന്ധമായ ഈ പ്രശ്നം പരിഹരിക്കുന്നതിനു സമീപഭാവിയിൽ കൊണ്ടുനടക്കാവുന്നതരം ക്ലോസ്ഡ് സർക്ക്യൂട്ട് ടെലഫോണുകൾ ഉപയോഗിക്കാൻ ഇററാലിയൻ സ്റേറററ് റെയിൽവേയ്സ് ഉദ്ദേശിക്കുന്നു.
യു.എസ്. തോക്കു വിരോധാഭാസം
ഐക്യനാടുകളിൽ കൈത്തോക്കുകൾ ഉപയോഗിച്ചുള്ള അനേകം കൊലപാതകങ്ങളുടെയും കൂട്ട വെടിവെപ്പുകളുടെയും വർധനവ് രണ്ടു വിഭാഗം ആളുകളെ സൃഷ്ടിച്ചിരിക്കുന്നു, കുററവാളികളുടെ കയ്യിൽനിന്നു തോക്കുകൾ നീക്കം ചെയ്യുന്നതിനുള്ള സമയമായി എന്നു ചിന്തിക്കുന്നവരെയും സ്വന്തമായി ഒരു തോക്കു വാങ്ങാനുള്ള സമയമായി എന്നു ചിന്തിക്കുന്നവരെയും. “വാസ്തവത്തിൽ, ഈ രണ്ട് ആശയങ്ങളെക്കുറിച്ച് ധാരാളമാളുകൾ ഒരേസമയം ചിന്തിക്കുന്നുണ്ടായിരിക്കാം” എന്നു ടൈം മാഗസിൻ പറയുന്നു. തോക്കുകൾ നിയന്ത്രിക്കാനുള്ള സമ്മർദം വർധിച്ചുവരവേ, എന്നത്തെക്കാളും കൂടുതൽ ആളുകൾ തോക്കുകൾ വാങ്ങുകയാണ്. ബ്രാഡി നിയമം (ഒരു തോക്കു നിയന്ത്രണ നിയമം) പാസായപ്പോൾ, അതു പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് വിൽപ്പന കുതിച്ചുയർന്നതായി തോക്കുവ്യാപാരികൾ റിപ്പോർട്ടു ചെയ്തു. ഐക്യനാടുകളിൽ ഇപ്പോൾ 21 കോടി 10 ലക്ഷം തോക്കുകളുണ്ട്. ആ അളവു കുറയ്ക്കാനുള്ള ഒരു ശ്രമത്തിൽ ചില പരിപാടികൾ തുടങ്ങിയിട്ടുണ്ട്. അതനുസരിച്ച്, ആളുകൾക്ക് തോക്കു മടക്കിയേൽപ്പിച്ച് 100 ഡോളർ മൂല്യമുള്ള ഒരു സർട്ടിഫിക്കററ് കരസ്ഥമാക്കാൻ കഴിയും—യാതൊരു ചോദ്യങ്ങളും ചോദിക്കുന്നതല്ല. ഈ പരിപാടിയുടെ ഫലമായി നൂറുകണക്കിനു തോക്കുകൾ തെരുവുകളിൽനിന്നു നീക്കം ചെയ്യാൻ കഴിഞ്ഞു, എന്നാൽ വിലകുറഞ്ഞ തോക്കുകൾ വാങ്ങാൻ ഇതു ചിലരെ പ്രലോഭിപ്പിക്കുകയും ചെയ്തു, കാരണം ആ തോക്കുകൾ മടക്കിക്കൊടുത്ത് അവർക്കു ലാഭമുണ്ടാക്കാൻ കഴിഞ്ഞു. ഒരു തോക്കുകടയുടെ ഉടമ ഇങ്ങനെ പറഞ്ഞു: “രാവിലെ തോക്കുകൾ തിരിച്ചേൽപ്പിക്കുന്ന പലർക്കും വൈകുന്നേരമാകുമ്പോഴേക്കും പിന്നെയും തോക്കുകൾ ഉണ്ടായിരിക്കുമെന്ന് ഉറപ്പു തരാൻ എനിക്കു കഴിയും.”
രഹസ്യം ചോർത്തൽ ജപ്പാനിൽ
രഹസ്യം ചോർത്തലിനെ ജപ്പാന്റെ “ദേശീയ നേരമ്പോക്ക്” എന്നു വിളിച്ചുകൊണ്ട് ഓരോ വർഷവും “60,000 ചെറിയ റേഡിയോ മൈക്രോഫോണുകൾ വിൽക്കുന്ന, ലോകത്തിൽ ഏററവും കൂടുതലായി രഹസ്യം ചോർത്തൽ നടക്കുന്ന ഒരു രാജ്യമാണു ജപ്പാൻ” എന്ന് മൈനിച്ചി ഡെയ്ലി ന്യൂസ് റിപ്പോർട്ടു ചെയ്തു. ചില മൈക്രോഫോണുകൾ വളരെ ചെറുതാണ്, അവ പേനയിൽ പോലും പിടിപ്പിക്കാൻ കഴിയും. 15 മീററർ അകലെ നിന്നുള്ള ഒരു സംഭാഷണം പിടിച്ചെടുത്ത് മൂന്നു കിലോമീററർ ദൂരേക്കു പ്രേക്ഷണം ചെയ്യാൻ കഴിയുന്ന ഉപകരണങ്ങൾ ഉണ്ട്. ജപ്പാന്റെ രഹസ്യം ചോർത്തലുകാർ ആരാണ്? ആ പത്രം പറയുന്നതനുസരിച്ച്, രഹസ്യം ചോർത്തുന്നവരിൽ പലരും കുശുകുശുപ്പിന്റെ “രസകരമായ ശകലങ്ങൾ പിടിച്ചെടുക്കാൻ റേഡിയോ ട്യൂൺ ചെയ്യുന്നവരാണ്.” എന്നാൽ പലരും “തങ്ങളുടെ പങ്കാളിയുടെ സ്നേഹം സംബന്ധിച്ചു വീണ്ടും വീണ്ടും ബോധ്യപ്പെടാൻ ആഗ്രഹിക്കുന്ന അസൂയാലുക്കളായ കമിതാക്കളാണ്, അല്ലെങ്കിൽ തന്റെ പുത്രിയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ആഗ്രഹിക്കുന്ന പിതാക്കൻമാരായിരിക്കാം.”
ആഫ്രിക്കയിൽ എയ്ഡ്സ് പെരുകുന്നു
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച് ലോകത്ത് എയ്ഡ്സ് രോഗം ബാധിച്ചവരായി അറിവായിട്ടുള്ള 1 കോടി 50 ലക്ഷം പേരിൽ ഏതാണ്ട് ഒരു കോടി പേരും ആഫ്രിക്കയിലാണുള്ളത്, അത് ആഫ്രിക്കയെ ഈ രോഗം ഏററവും മോശമായി ബാധിച്ച ഭൂഖണ്ഡമാക്കിമാററുന്നു. “കരകവിഞ്ഞൊഴുകുന്ന നദികളെ നിയന്ത്രിക്കാൻ കൊച്ചു മണൽക്കൂനകൾ” എന്നാണ് എയ്ഡ്സ് പകർച്ചവ്യാധിയോടു പൊരുതാൻ ഇപ്പോൾ സ്വീകരിച്ചിട്ടുള്ള നടപടികളെ പ്രൊഫസ്സർ നേഥൻ ക്ലമെക്ക് വർണിച്ചത്. ല മോൺട് എന്ന പാരീസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ, ഈ വൈറസ് ആഫ്രിക്കയിൽ ഉളവാക്കാൻ പോകുന്ന വിനാശത്തെ ആഫ്രിക്കൻ സ്റേറററ് തലവൻമാർ ഇതുവരെ പൂർണമായും മനസ്സിലാക്കിയിട്ടില്ല എന്ന് പ്രൊഫസ്സർ ക്ലമെക്ക് പറയുകയുണ്ടായി. ആ ഭൂഖണ്ഡത്തിന്റെ 10 ശതമാനം ഭാഗത്തെ എയ്ഡ്സ് ബാധിക്കുമെന്ന് 1987-ൽ പ്രൊഫസ്സർ ക്ലമെക്ക് കണക്കാക്കിയപ്പോൾ അത് അതിശയോക്തിയാണെന്നാണു പലരും വിചാരിച്ചത്. ആഫ്രിക്കയിലെ ജനങ്ങളിൽ എവിടെയുമുള്ള 20 ശതമാനം മുതൽ 40 ശതമാനം വരെ പേർക്ക് മാരകമായ ഈ രോഗം ബാധിക്കുമെന്ന് ഇപ്പോൾ കണക്കാക്കപ്പെടുന്നു.
അമിത മത്സ്യബന്ധനം സമുദ്രങ്ങളെ ക്ഷയിപ്പിക്കുന്നു
“‘സമുദ്രത്തിൽ ഇനിയും ധാരാളം മത്സ്യമുണ്ട്’ എന്നൊരു ഇംഗ്ലീഷ് പഴഞ്ചൊല്ല് പറയുന്നു. എന്നാൽ അതു തെററാണ്,” ദി ഇക്കോണമിസ്ററ് അഭിപ്രായപ്പെടുന്നു. “സമുദ്രത്തിൽ ധാരാളം മത്സ്യമുണ്ട്, എന്നാൽ അത് അങ്ങേയററം ചൂഷണം ചെയ്യപ്പെട്ടിരിക്കുന്നു.” 1989-ൽ ഏററവുമധികം മത്സ്യബന്ധനം നടത്തിയതിൽപ്പിന്നെ ലോകത്തിൽ മത്സ്യബന്ധനം നടത്തി കിട്ടുന്ന മത്സ്യത്തിന്റെ അളവു കുറഞ്ഞുവരികയാണു ചെയ്തിട്ടുള്ളത്. അതിന്റെ കാരണം ലളിതമാണ്: “പുനരുത്പാദനം നടത്താൻ സമുദ്രത്തിൽ അവശേഷിച്ചിട്ടുള്ള മത്സ്യം വളരെ കുറവാണ്. കാരണം അവയെയും മീൻപിടിത്തക്കാർ പിടിച്ചുതിന്നുകയാണ്.” ഐക്യരാഷ്ട്ര ഭക്ഷ്യ-കാർഷിക സംഘടന പറയുന്നതനുസരിച്ച്, ലോകത്തിലെ പ്രമുഖമായ 17 മത്സ്യബന്ധനസ്ഥലങ്ങളിൽ 13 എണ്ണവും കുഴപ്പത്തിലാണ്—അവയിൽ നാലെണ്ണത്തിൽ വ്യവസായ അടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം സാധ്യമല്ലാത്തതായി കണക്കാക്കപ്പെടുന്നു. വിദൂര സ്ഥലങ്ങളിൽ പോലുമുള്ള മത്സ്യത്തെ കണ്ടുപിടിക്കാനും മീൻപിടിത്തത്തിനായി കൂടുതൽ മത്സ്യങ്ങളുള്ള സ്ഥലങ്ങളിലേക്കു മടങ്ങാനും അത്യന്താധുനിക സാങ്കേതികവിദ്യ—സോണാറും ഉപഗ്രഹ വാർത്താവിനിമയവും പോലുള്ളവ—മീൻപിടിത്തക്കാരെ പ്രാപ്തരാക്കിയിട്ടുണ്ട്. ഒരു ഫുട്ട്ബോൾ കോർട്ടിന്റെ അത്രയും വലിപ്പമുള്ള ഫാക്ടറിസജ്ജീകൃത ട്രോളറുകളും അതിനെക്കാൾ വലിപ്പമുള്ള വലകളും വളരെയധികം മീൻപിടിത്തം നടത്തുന്നു. ഈ ദുർവ്യയത്തിനു ഗവൺമെൻറുകളെ കുററപ്പെടുത്തേണ്ടതാണ് എന്ന് ദി ഇക്കോണമിസ്ററ് പറയുന്നു, കാരണം ലോകത്തിൽ പിടിക്കുന്ന മത്സ്യത്തിന്റെ 90 ശതമാനവും ചില രാജ്യങ്ങളുടെ തീരങ്ങളിൽനിന്ന് 370 നോട്ടിക്കൽ കിലോമീററർ ദൂരത്തിനുള്ളിലാണു കാണുന്നത്, ആ സമുദ്രഭാഗത്തിൻമേലുള്ള പരമാധികാരം ആ രാഷ്ട്രങ്ങൾ അവകാശപ്പെടുകയും ചെയ്യുന്നു. ആ ഗവൺമെൻറുകൾ മററു രാജ്യങ്ങളുടെ മത്സ്യബന്ധന കപ്പലുകളെ ആട്ടിപ്പായിച്ച് സ്വന്തം രാജ്യത്തെ മത്സ്യബന്ധന സംവിധാനങ്ങൾ വിപുലമാക്കുകയും ചെയ്യുന്നു. ഗവൺമെൻറുകൾ അവയ്ക്ക് സബ്സിഡികൾ നൽകുകവരെ ചെയ്യുന്നു.
നല്ല ഉറക്കശീലങ്ങൾ
“ഉറക്കമില്ലായ്മ പലർക്കും ഉത്പാദനക്ഷമമാണെന്നു തോന്നിയേക്കാം, എന്നാൽ മണിക്കൂറുകളോളം ശരീരത്തിന് ഉറക്കം നിഷേധിച്ചാൽ അത് ഉത്പാദനക്ഷമതയില്ലായ്മയിൽ കലാശിക്കും,” എക്സാമി എന്ന ബ്രസീലിയൻ മാഗസിൻ പറയുന്നു. രൂബെൻസ് റെയ്മൗൺ എന്ന ഒരു ന്യൂറോളജിസ്ററ് ഇങ്ങനെ വിശദീകരിക്കുന്നു: “ഒരുവൻ തന്റെ ശരീരത്തോട് എത്ര മണിക്കൂർ ഉറക്കം കടപ്പെട്ടിരിക്കുന്നുവോ ശരീരം അതൊരിക്കലും മറക്കുകയില്ല. നേരേമറിച്ച്, അത് എപ്പോഴും ഓർത്തിരിക്കുകയും പെട്ടെന്ന് ഓർമനഷ്ടം, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ പ്രശ്നങ്ങൾ, മന്ദമായ ചിന്താപ്രാപ്തി എന്നീ രൂപത്തിൽ അതിന്റെ ബില്ല് അവതരിപ്പിക്കുകയും ചെയ്യും.” അനാവശ്യമായ ഉത്കണ്ഠ ഒഴിവാക്കാൻ ഡോ. റെയ്മൗൺ ഇങ്ങനെ ശുപാർശ ചെയ്യുന്നു: “നിങ്ങളുടെ ജോലിസംബന്ധമായ പ്രശ്നപരിഹാരങ്ങളും അവയെക്കുറിച്ചുള്ള ചിന്തയുമെല്ലാം ജോലിസമയത്തു മാത്രം.” നിങ്ങൾക്കു സ്വസ്ഥത അനുഭവിക്കുന്നതിനും നന്നായി ഉറങ്ങുന്നതിനും ക്രമമായ വ്യായാമം, മന്ദമായ സംഗീതം, കുറഞ്ഞ വെളിച്ചം, നല്ല ചിന്തകൾ എന്നീ കാര്യങ്ങൾ എക്സാമി നിർദേശിക്കുന്നു.
കത്തോലിക്കാ കുർബാനയ്ക്ക് അൾത്താരാ ശുശ്രൂഷകരായി പെൺകുട്ടികൾ
കുർബാനയുടെ സമയത്തു പുരോഹിതൻമാരെ സഹായിക്കാൻ പെൺകുട്ടികളെ ഉപയോഗിക്കുന്നതിനെ ചില സഭാ അധികാരികൾ ഇക്കാലംവരെയും സഹിച്ചുപോരുകയാണു ചെയ്തിട്ടുള്ളത്. ജോൺ പോൾ II-ാമൻ മാർപ്പാപ്പാ അംഗീകരിച്ച് ലോകമെമ്പാടുമുള്ള കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസുകളുടെ, ദിവ്യാരാധനയ്ക്കും കൂദാശകളുടെ അധ്യാപനത്തിനും വേണ്ടിയുള്ള സഭയുടെ, പ്രസിഡൻറുമാർക്കയച്ച കത്തിൽ കുർബാന നടത്താൻ സഹായിക്കുന്നതിന് അൾത്താരാ ശുശ്രൂഷകരായ, പെൺകുട്ടികളെ അധികാരപ്പെടുത്താനുള്ള അവകാശം ഓരോ ബിഷപ്പുമാർക്കും നൽകിയിരിക്കുന്നു. കോറിയെറാ ഡേയ്ലാ സേയറാ പറയുന്നതനുസരിച്ച് “സ്ത്രീസങ്കൽപ്പങ്ങൾ സംബന്ധിച്ച പ്രതീക്ഷയുടെ ചെറിയ കണിക പോലും അവശേഷിക്കാതിരിക്കേണ്ടതിന്” അദ്ദേഹം അറിയിപ്പു പുറപ്പെടുവിച്ചതുകൊണ്ട് വത്തിക്കാന്റെ വക്താവായ ഹോയാക്കിൻ നാവാറോ വാൽസ്, സ്ത്രീ പുരോഹിതകൾക്കു നേരെയുള്ള സഭയുടെ മനോഭാവത്തിനു യാതൊരു പ്രകാരത്തിലും ഈ പുതിയ ക്രമീകരണം മാററം വരുത്തുന്നില്ല എന്ന് വ്യക്തമായി ചൂണ്ടിക്കാട്ടി. അപ്പോൾ അൾത്താരാശുശ്രൂഷക്കെന്തിനാണു പെൺകുട്ടികൾ? “അത് എന്നെ അമ്പരപ്പിക്കുന്നില്ല,” സാമൂഹികശാസ്ത്രജ്ഞനായ ഫ്രാൻകോ ഫെറാറോട്ടി അഭിപ്രായപ്പെട്ടു. “സഭയ്ക്കു പുരോഹിതൻമാരെ കണ്ടെത്താൻ കഴിയുന്നില്ല, അൾത്താരാശുശ്രൂഷയ്ക്കു വേണ്ടി ആൺകുട്ടികളെയും കണ്ടെത്താൻ അതിനു കഴിയാത്തതുപോലെ തോന്നുന്നു.”
ഷണ്ഡൻമാരുടെ പൂജാപദ്ധതി
ഇന്ത്യയിൽ പത്തു ലക്ഷത്തിലധികം ഷണ്ഡൻമാരുള്ളതായി ബോംബെയിലെ ഇൻഡ്യൻ എക്സ്പ്രസ്സ് റിപ്പോർട്ടു ചെയ്യുന്നു. ഇവരിൽ 2 ശതമാനം മാത്രമേ ഈ അവസ്ഥയിൽ ജനിച്ചവരുള്ളൂ. മററുള്ളവരെ ഷണ്ഡൻമാരാക്കിയതാണ്. ആ എക്സ്പ്രസ്സ് പറയുന്നതനുസരിച്ച്, കാണാൻ കൊള്ളാവുന്ന ആൺകുട്ടികളെ വശീകരിച്ചോ തട്ടിയെടുത്തോ ഇന്ത്യയിൽ ഷണ്ഡൻമാരെ ഉണ്ടാക്കുന്ന അനേകം കേന്ദ്രങ്ങളിൽ ഒന്നിലേക്കു കൊണ്ടുപോകുന്നു. അവരെ ഒരു “രാജകീയമായ ഉപചാരം” ഉൾപ്പെടുന്ന ഒരു ചടങ്ങിനു വിധേയമാക്കുന്നു, അത് അവസാനിക്കുമ്പോൾ അവരുടെ വൃഷണങ്ങൾ നീക്കം ചെയ്യുന്നു. പിന്നീട്, ഷണ്ഡനാക്കപ്പെട്ടയാളെ പ്രായമുള്ള ഒരു ഷണ്ഡൻ ദത്തെടുക്കുന്നു. അവർ തമ്മിൽ ഒരു “മാതാ-പുത്രി” ബന്ധം സ്ഥാപിക്കപ്പെടുന്നു. ഈ ഷണ്ഡൻമാർക്കു സ്ത്രീകളുടെ പേരുകളിടുന്നു, അവർ സ്ത്രീകളെപ്പോലെ പെരുമാറുകയും തുണിയുടുക്കുകയും ചെയ്യുന്നു. അധ്യക്ഷസ്ഥാനം വഹിക്കുന്ന ഒരു ദൈവമുള്ള ഒരു പൂജാപദ്ധതിയുടെ ഭാഗമായി മിക്ക ഷണ്ഡൻമാരും സംഘടിക്കപ്പെടുന്നു. ഒരു വാർഷിക ഉത്സവത്തിൽ ദിവ്യ വ്യക്തികളായി ഷണ്ഡൻമാർ ആദരിച്ചു മാനിക്കപ്പെടുന്ന അനേകം അമ്പലങ്ങൾ ഇന്ത്യയിലുടനീളമുണ്ട്.