ഞങ്ങളുടെ വായനക്കാരിൽ നിന്ന്
പുനർജൻമം “നിങ്ങൾ മുമ്പു ജീവിച്ചിട്ടുണ്ടോ? വീണ്ടും ജീവിക്കുമോ?” എന്ന വിശിഷ്ട ലേഖന പരമ്പരയ്ക്കു നന്ദി. (ജൂൺ 8, 1994) ഈ ലേഖനങ്ങൾ മരിച്ചവരുടെ അവസ്ഥ സംബന്ധിച്ച സത്യത്തെ ലളിതമായും യുക്തിസഹമായും അറിയിച്ചുതരുന്നു. ഈ വിഷയം സംബന്ധിച്ച സത്യം അന്വേഷിക്കുന്നവർക്ക് നിങ്ങൾ എഴുതിയതു സ്വീകരിക്കുകയല്ലാതെ നിവൃത്തിയില്ലെന്നു ഞാൻ വിശ്വസിക്കുന്നു.
എഫ്. പി., ഇററലി
മുൻ ബോക്സർ “സ്നേഹിച്ചിരുന്നതിനെ വെറുക്കാൻ ഞാൻ പഠിച്ചു” എന്ന ലേഖനത്തിനു വളരെ നന്ദി. (ജൂൺ 8, 1994) എന്റെ ഭർത്താവിന്റെ വൈദ്യ പ്രശ്നങ്ങളിൽ ചിലതു മനസ്സിലാക്കാൻ ഓബ്ദൂള്യോ നൂന്യെസിന്റെ കഥ ഞങ്ങളെ സഹായിച്ചു. ഒരു മുൻ ബോക്സറായിരുന്ന ഇദ്ദേഹത്തിനും നിരാശ അനുഭവപ്പെടുന്നുണ്ട്. ജീവിതരീതിക്കു മാററംവരുത്താൻ എന്റെ ഭർത്താവിനെ സഹായിച്ചതു യഥാർഥത്തിൽ യഹോവയാം ദൈവമാണ്!
എസ്. എസ്., ഐക്യനാടുകൾ
വേദന ഞാൻ ഒരു തിരുമ്മുചികിത്സകനാണ്. “വേദന ഇല്ലാത്ത ജീവിതം സാധ്യമോ?” എന്ന പരമ്പരയ്ക്കു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. (ജൂൺ 22, 1994) ഈ വിവരങ്ങളുടെ ഗവേഷണത്തിലും അവതരണത്തിലും വ്യക്തമായിരിക്കുന്ന ഉൾക്കാഴ്ചയും സമനിലയും ജ്ഞാനവും എന്നിൽ വലിയ മതിപ്പുളവാക്കി. വിദഗ്ധർക്കും രോഗികൾക്കും മററുള്ളവർക്കും ലേഖനം ഒരു വിലപ്പെട്ട സഹായമായിരിക്കും. വിട്ടുമാറാത്ത വേദന മേലാൽ ഉണ്ടായിരിക്കുകയില്ലാത്ത ദൈവരാജ്യത്തിൻ കീഴിലെ ആ ദിനത്തിനുവേണ്ടി കാത്തിരിക്കവേ ഞാൻ തിരുമ്മുവിദ്യകളുപയോഗിച്ച് വേദനയോടു മല്ലിട്ടുകൊണ്ടിരിക്കുകയാണ്.
ഡി. ററി., ഡെൻമാർക്ക്
ഈ ലേഖനങ്ങൾ എനിക്കു വളരെ ആശ്വാസം കൈവരുത്തി. എന്നെപ്പോലെ ദിവസവും വേദനയുമായി കഴിഞ്ഞുകൂടുന്ന അനേകരുമായി ഞാൻ അവ പങ്കുവെച്ചു.
എം. ജി., ഐക്യനാടുകൾ
ഞാൻ ഇവിടെ കട്ടിലിൽ കിടന്നാണ് എഴുതുന്നത്. രണ്ടു ഡിസ്ക്കുകൾക്കു സ്ഥാനചലനം സംഭവിച്ചതുമൂലം കഴിഞ്ഞ രണ്ടര വർഷമായി ഞാൻ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ കിടപ്പിലാകാറുണ്ട്. “നിങ്ങൾക്കു നടുവേദന അനുഭവപ്പെടാറുണ്ടോ?” എന്ന അത്യുത്തമ ലേഖനത്തിനു നിങ്ങൾക്കു നന്ദി. (1994, ജൂൺ 8) അത് വായിച്ചപ്പോൾ ഞാൻ കരഞ്ഞുപോയി. എന്തുകൊണ്ടെന്നാൽ അത് നിങ്ങൾ എന്നോടു സംസാരിക്കുന്നതുപോലെയായിരുന്നു. ആർക്കെങ്കിലും ഈ പ്രശ്നം ഇത്ര വ്യക്തമായി മനസ്സിലാക്കാൻ കഴിയുമെന്ന് എനിക്കു വിശ്വസിക്കാനായില്ല.
ബി. എച്ച്., ഇംഗ്ലണ്ട്
വെറും പത്തു ദിവസം മുമ്പ് ഞാൻ നടുവിന്റെ ഒരു ശസ്ത്രക്രിയയ്ക്കു വിധേയനായി. ഈ കൃത്യവിവരങ്ങൾക്കായി ഞാൻ നിങ്ങൾക്കു നന്ദി പറയുന്നു. എന്റെ വേദനയുടെ കാരണം മനസ്സിലാക്കാൻ ലേഖനം എന്നെ സഹായിച്ചു. തന്നിരിക്കുന്ന നിർദേശങ്ങൾ വളരെ ഉപയോഗപ്രദമാണ്. പലരും അത് ബാധകമാക്കി ശസ്ത്രക്രിയ ഒഴിവാക്കുമെന്നു ഞാൻ വിചാരിക്കുന്നു.
കെ. ജി., ഹംഗറി
കാലത്തിനു നിരക്കാത്ത സംഗീതമോ? “ദേശാടനം നടത്തുന്ന ഹിപ്പിയിൽനിന്നു ദക്ഷിണ അമേരിക്കൻ മിഷനറിയിലേക്ക്” എന്ന ലേഖനം എനിക്കു വളരെയധികം ഇഷ്ടമായി. (മാർച്ച് 22, 1994, ഇംഗ്ലീഷ്) എന്നാൽ ഒരാശയം എന്നെ കുഴപ്പിച്ചു. ബീററിൽസ് കാണാൻ താൻ 1973 സെപ്ററംബറിൽ ലിവർപൂളിലേക്കു പോയതായി റിച്ചർഡ് ഫ്ളീററ് സൂചിപ്പിക്കുന്നു. എന്നാൽ അവസാനമായി ബീററിൽസ് പൊതുജനസമക്ഷം അവതരിപ്പിക്കപ്പെട്ടത് 1969-ൽ ആണെന്നും 1970-ൽ അത് നിലച്ചുപോയി എന്നുമാണ് എന്റെ അറിവ്.
സി. എസ്., ജർമനി
തെററിദ്ധാരണയുണ്ടാക്കിയതിന് ക്ഷമചോദിക്കുന്നു. ഒരിക്കൽ ബീററിൽസ് നടന്നുകൊണ്ടിരുന്ന ക്ലബ്ബ് കാണാൻ ലിവർപൂളിൽ പോയെന്നാണ് റിച്ചർഡ് ഫ്ളീററ് അർഥമാക്കിയത്.—പത്രാധിപർ
ആത്മഹത്യ “യുവജനങ്ങൾ ചോദിക്കുന്നു . . . ആത്മഹത്യയാണോ പരിഹാരം?” എന്ന ലേഖനത്തിനുവേണ്ടി ഞാൻ മുഴു ഹൃദയത്തോടെ നിങ്ങൾക്കു നന്ദി പറയുന്നു. (ഏപ്രിൽ 8, 1994) ആ പാത തിരഞ്ഞെടുക്കാൻ ഞാൻ എത്ര തവണ ആഗ്രഹിച്ചിട്ടുണ്ടെന്നോ. പിച്ചനടക്കുന്ന പ്രായത്തിൽ, ഞാൻ ആശ്രയിച്ചിരുന്ന ഒരാൾ എന്നെ ലൈംഗികമായി ദ്രോഹിച്ചു. . . . എനിക്കു മാനം നഷ്ടമായി, അതുകൊണ്ട് ‘എനിക്കു മരിക്കണം’ എന്നു പറഞ്ഞുകൊണ്ടുള്ള അനേകം കുറിപ്പുകൾ കഴിഞ്ഞകാലത്ത് ഞാൻ എഴുതിവെച്ചിട്ടുണ്ട്. കാലക്രമത്തിൽ ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നു. ഇപ്പോൾ ഒരു മുഴുസമയ ശുശ്രൂഷകയായി സേവനമനുഷ്ഠിക്കുന്നു. എന്നാൽ ഈ പ്രേരണ എനിക്ക് ഇടയ്ക്കിടയ്ക്ക് ഉണ്ടാകാറുണ്ട്. ഈ ലേഖനം ലഭിക്കുന്നതിന്റെ തലേന്നും എനിക്ക് ഈ വിചാരം ഉണ്ടായിരുന്നു. അതുമൂലം ഞാൻ കരഞ്ഞു. എന്നാൽ ജീവനോടിരിക്കാൻ യഹോവ എന്നെ അനുവദിച്ചു. അവൻ ശാന്തമായി ഇങ്ങനെ പറയുന്നതായി തോന്നുന്നു: ‘ജീവിച്ചുകൊണ്ടിരിക്കുക.’ തീർച്ചയായും, ഞാൻ നിങ്ങൾക്കു വളരെയധികം നന്ദിപറയുന്നു.
വൈ. കെ., ജപ്പാൻ