നിങ്ങളുടെ ചാപ്പ നിങ്ങളുടെ ഒപ്പ്
തയ്വാനിലെ ഉണരുക! ലേഖകൻ
“നിങ്ങളുടെ ചാപ്പ ഇവിടെ പതിക്കുക,” തയ്വാനിലെ തിരക്കേറിയ റെറയ്പ്പി പോസ്റേറാഫീസിലെ കൗണ്ടറിന്റെ പിന്നിൽനിന്ന് ക്ലാർക്ക് പറയുന്നു.
“എന്റെ ചാപ്പ പതിക്കാനോ?” ആകെ ഒരു അമ്പരപ്പോടെ ഞാൻ മന്ത്രിച്ചു. “ക്ഷമിക്കണം, ഞാൻ ഇവിടെ പുതിയ ആളാണ്. ചാപ്പ എന്നു പറയുന്നത്,” ഞാൻ വിശദീകരിക്കാൻ ശ്രമിച്ചു “എന്തായാലും ശരി, എനിക്കതില്ല. ഞാൻ പേരെഴുതി ഒപ്പിട്ടാൽ മാത്രം മതിയോ?”
“അതു മതി, എന്നാൽ നിങ്ങൾക്ക് ഒരു ചാപ്പ ഉണ്ടാക്കിച്ചാലെന്താ? അപ്പോൾ പിന്നെ നിങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടാവില്ലല്ലോ,” പോസ്ററൽ ക്ലാർക്ക് പ്രതികരിച്ചു.
ചാപ്പ എന്നു പറഞ്ഞാൽ എന്താണെന്നും അതിന്റെ ഈ വിചിത്രമായ പേര് എവിടെ നിന്നു വന്നതാണെന്നും അത്ഭുതപ്പെട്ടുകൊണ്ട് ഞാൻ കുറച്ചു ഗവേഷണം നടത്തി. ചാപ്പ എന്നു പറഞ്ഞാൽ ഒരു സീൽ, ഒരു ഔദ്യോഗിക സ്ററാമ്പ് അല്ലെങ്കിൽ അതിന്റെ മുദ്രയാണെന്നും “സ്ററാമ്പ്” എന്നർഥമുള്ള ചാപ്പ എന്ന ഹിന്ദി പദത്തിൽ നിന്നാണ് അത് വന്നതെന്നും എന്റെ നിഘണ്ടുവിൽ നിന്നും ഞാൻ മനസ്സിലാക്കി.
ഒരു ചാപ്പ സ്വന്തമാക്കുന്ന വിധം
ഒന്നാമതായി, എനിക്ക് ചൈനീസ് ലിപികളിലെഴുതിയ ഒരു പേര് വേണം.a ഒരു വിദേശിയനെ സംബന്ധിച്ചടത്തോളം ഈ പേര് മിക്കപ്പോഴും യഥാർഥ പേരിന്റെ ഉച്ചാരണത്തിന്റെ ലിപ്യന്തരീകരണം ആണ്. ഉദാഹരണത്തിന്, “ജോൺ സ്മിത്ത്” എന്ന പേര് “സൂ മി സൂ” അല്ലെങ്കിൽ “സൂ യ്വേ ഹാൻ” ആയി മാറിയേക്കാം. അല്ലെങ്കിൽ ഒരു ചൈനീസ് സുഹൃത്തിന്റെ സഹായത്തോടെ എനിക്ക് ഒരു പേരു തിരഞ്ഞെടുക്കാം. അദ്ദേഹം എനിക്ക് അനുയോജ്യമായ ഒരു പേര് കണ്ടുപിടിച്ചു തന്നേക്കാം. എന്നാൽ അത് എന്റെ ശരിക്കുള്ള പേരുപോലെ ആയിരിക്കില്ല ഉച്ചരിക്കപ്പെടുന്നത്.
ഒരു ചാപ്പ കൊത്തുപണിക്കാരന്റെ കട സന്ദർശിക്കുക എന്നതാണ് അടുത്ത പടി. അവിടെ കാണുന്ന വൈവിധ്യങ്ങളിൽനിന്ന് ഞാൻ അനുയോജ്യമായ ഒരു വസ്തു തിരഞ്ഞെടുക്കുന്നു. പിന്നെ കൈത്തൊഴിൽപ്പണിക്കാരൻ എന്റെ ചൈനീസ് പേര് മോടിയുള്ള ലിപികളിൽ ചാപ്പയിൽ കൊത്തുകയായി.
ഇനി എനിക്കു വ്യാപാരം നടത്താനോ പോസ്റേറാഫീസിലോ ബാങ്കിലോ മററ് ഔദ്യോഗിക വ്യാപാര സ്ഥലങ്ങളിലോ ഇടപാടുകൾ നടത്താനോ സൗകര്യമാണ്. നിയമപരമായ ചില പ്രത്യേക ക്രയവിക്രയങ്ങൾ നടത്തുന്നതിനു ചാപ്പയുടെ പതിപ്പോ (imprint) മുദ്രയോ ഹൗസ്ഹോൾഡ് രജിസ്ട്രി ഓഫീസിൽ രജിസ്ററർ ചെയ്യേണ്ടതുണ്ട്. കോർപ്പറേഷനുമായാണ് ക്രയവിക്രയം നടക്കുന്നതെങ്കിൽ ചാപ്പയുടെ പതിപ്പ് കോർട്ട്ഹൗസിലാണ് രജിസ്ററർ ചെയ്യേണ്ടത്.
എന്നാൽ എനിക്കൊരു സംശയം: അസ്സൽ ചാപ്പ ആണോ എന്ന് ക്ലാർക്കിന് എങ്ങനെയാണ് അറിയാൻ കഴിയുക? ഇതിന്റെ ഉത്തരം കണ്ടെത്താനും ചാപ്പ ഉണ്ടാക്കുന്നത് കാണാനുമായി ഞാൻ ദക്ഷിണ തയ്വാനിലെ കാവോസിയുങ് പട്ടണത്തിലെ ലിൻ റോങ്ഡയെ സന്ദർശിച്ചു. ഒരേ ചാപ്പ നിർമാതാവ് ഉണ്ടാക്കിയ ഒരേ പേരോടുകൂടിയ ചാപ്പകൾ പോലും ഒരിക്കലും തികച്ചും ഒരുപോലിരിക്കില്ല എന്ന് അനേകം ആളുകളും വിശ്വസിക്കുന്നതായി ശ്രീ. ലിൻ പറയുന്നു. അസ്സൽ ചാപ്പയാണോ എന്ന് അറിയുന്നതിന് ഓഫീസ് ക്ലാർക്ക് നമ്മൾ കുത്തുന്ന മുദ്രയടയാളം രണ്ടായി മടക്കുന്നു, സാധാരണമായി കോണോടു കോൺ, എന്നിട്ട് ഫയലിൽ നേരത്തെ ഉള്ള മുദ്രയുടെ മുകളിൽ വയ്ക്കുന്നു. രണ്ടു പകുതികളും പൂർണമായി ഒത്തിരിക്കണം.
തന്റെ കടയിലിരിക്കുന്ന ഒരു യന്ത്രത്തിലേക്ക് വിരൽചൂണ്ടിക്കൊണ്ട് ശ്രീ. ലിൻ പറയുന്നു: “കമ്പ്യൂട്ടറിന്റെ സഹായത്തോടെ ചാപ്പയിൽ കൊത്തുപണി നടത്തുന്ന യന്ത്രങ്ങൾ അടുത്തയിടെ ഇറങ്ങിയിട്ടുണ്ട്. ഈ രീതിയിൽ കൊത്തുപണി ചെയ്യപ്പെടുന്ന ചാപ്പകൾ സമരൂപമുള്ളവയായിരിക്കും.”
“അത് അത്ഭുതകരം തന്നെ! പക്ഷേ കമ്പ്യൂട്ടറുകൊണ്ട് എങ്ങനെയാണ് ഒരു ചാപ്പ ഉണ്ടാക്കുക?” ഞാൻ ചോദിച്ചു.
ശ്രീ. ലിൻ ഇപ്രകാരം വിശദമാക്കി: “ഒന്നാമതായി, ഞാൻ അർധതാര്യമായ ഒരു കടലാസ് കഷണമോ പ്ലാസ്ററിക്ക് കഷണമോ എടുത്ത് പേരിന്റെ അക്ഷരങ്ങൾ ചാപ്പക്ക് അനുയോജ്യമായ രീതിയിൽ ടൈപ്പ് ചെയ്തുവെക്കുന്നു അല്ലെങ്കിൽ വരച്ചു വെക്കുന്നു. എന്നിട്ട് യന്ത്രത്തിന്റെ കറങ്ങുന്ന ഒരു തലയ്ക്കൽ അതു വെക്കുന്നു. അത് ഒരു ലേസർ രശ്മിയുടെ സഹായത്തോടെ പേരു വായിക്കുന്നു. അതേസമയം, കൊത്തപ്പെടേണ്ട ചാപ്പ കറങ്ങുന്ന രണ്ടാമത്തെ തലയ്ക്കൽ ഉറപ്പിക്കുന്നു. ലേസർ രശ്മി നിയന്ത്രിക്കുന്ന ഒരു ചെറിയ റോട്ടർ ഞാൻ വരച്ച അക്ഷരങ്ങൾ ചാപ്പയിൽ കൊത്തിയുണ്ടാക്കുന്നു.”
ഈ പ്രക്രിയ തീരെ ചെലവു കുറഞ്ഞതായതുകൊണ്ട് ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഓരോ ചാപ്പ വീതം ഉണ്ടായിരിക്കും. ഒപ്പ് ആവശ്യമുള്ള രജിസ്ററർ ചെയ്ത തപാലുരുപ്പടികളോ മററു സാധനങ്ങളോ സ്വീകരിക്കുമ്പോൾ ആർക്കും ഉപയോഗിക്കത്തക്കവിധം എളുപ്പത്തിൽ എടുക്കാവുന്ന സൗകര്യത്തിൽ പാശ്ചാത്യ വീടുകളിൽ ഇവ സൂക്ഷിച്ചിരിക്കും.
ചാപ്പയുടെ ഉത്ഭവം
ചൈനയിൽ ചാപ്പയുടെ അറിയപ്പെടുന്ന ഉപയോഗം തുടങ്ങിയത് പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 1324-ൽ ആയിരുന്നു. എന്നാൽ അത് വിഖ്യാതി നേടിയത് ചോ വംശത്തിന്റെ വാഴ്ചക്കാലത്താണ് (പൊ.യു.മു. 1122-256). ഒപ്പ് ആയി ഉപയോഗിക്കുന്നതിനു പുറമേ സ്ഥാനമാനങ്ങൾ, ഉദ്യോഗം, അല്ലെങ്കിൽ ബഹുമാന്യത എന്നിവ കാണിക്കാനും പുരാതന നാളുകളിൽ ആളുകൾ അവ വഹിച്ചുകൊണ്ടു നടന്നിരുന്നു. വ്യക്തിയെക്കാളധികം സ്ഥാനത്തെയാണ് അത് പ്രതിനിധീകരിച്ചത്. ഒരു ഉദ്യോഗസ്ഥൻ ജോലിയിൽനിന്ന് വിരമിക്കുമ്പോഴോ മരിക്കുമ്പോഴോ അടുത്ത അവകാശിക്ക് ചാപ്പ കൈമാറിയിരുന്നു, ഇന്നും അത് ഏറെക്കുറെ അങ്ങനെയാണ്. ശ്രേഷ്ഠനായ ഒരു വ്യക്തി ചക്രവർത്തിയുടെ മുമ്പിൽ സന്നിഹിതനാകുമ്പോൾ അദ്ദേഹം തന്റെ വ്യക്തിസവിശേഷത തെളിയിക്കാനായി അക്കിക്കല്ലിൽ (jade) തീർത്ത ചാപ്പ കാണിക്കുമായിരുന്നു.
പേപ്പർ കണ്ടുപിടിച്ചപ്പോൾ, ചാപ്പ സാവധാനം ഒപ്പിനെ പ്രതീകപ്പെടുത്താൻ തുടങ്ങി. സാധാരണക്കാർ പോലും അവ ഏറെ പതിവായി ഉപയോഗിക്കാൻ തുടങ്ങി. ഇന്ന്, ഇവിടെ എല്ലാവർക്കും ചാപ്പയുണ്ട്, എന്നെപ്പോലെയുള്ള ഒരു വിദേശിയനു പോലും. ഒരു വ്യക്തിയുടെ ഒപ്പ് ആവശ്യമായിവരുന്ന ഏതൊരു ക്രയവിക്രയവും ചാപ്പയുടെ ഉപയോഗത്തിലൂടെയേ പൂർണമാകൂ. ഔദ്യോഗികമായി കയ്യൊപ്പും ഉപയോഗിക്കാമെങ്കിലും മിക്ക ആളുകളെയും സംബന്ധിച്ചടത്തോളം ചാപ്പയാണ് കാര്യങ്ങളെ നിയമാനുസൃതമാക്കുന്നത്. ഈ പതിവ് ലോകത്തിന്റെ ഭൂരിപക്ഷം പൗരസ്ത്യ ദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ഇപ്പോഴിതാ ജപ്പാൻകാരും കൊറിയാക്കാരും കൂടെ ചാപ്പ ഉപയോഗിച്ചു വരുന്നു.
ചാപ്പകളുടെ ആകൃതി
ചതുരം, ദീർഘചതുരം, അണ്ഡാകൃതി, വൃത്താകൃതി എന്നിങ്ങനെ അസംഖ്യം ആകൃതികളിൽ ചാപ്പ ലഭ്യമാണ്. മൂന്നു മില്ലിമീററർ വ്യാസമുള്ള ചെറുതു തുടങ്ങി 15 സെൻറിമീററർ സ്ക്വയർ വലിപ്പമുള്ള വലുതുവരെയുണ്ട്. ഉപഭോക്താവിന്റെ ഇച്ഛയും ധനശേഷിയും ഉപയോഗലക്ഷ്യവും അനുസരിച്ച് അക്കിക്കല്ല്, സോപ്പ് കല്ല്, മൃഗക്കൊമ്പ്, മുള, പിച്ചള, തടി, പ്ലാസ്ററിക്ക് എന്നിങ്ങനെ പലതരം വസ്തുക്കൾക്കൊണ്ടുണ്ടാക്കിയ ചാപ്പകളുണ്ട്. വളരെ വിരളമായും, പ്രാധാന്യം കുറഞ്ഞതുമായ ക്രയവിക്രയങ്ങൾക്ക് ഉപയോഗിക്കാനാണെങ്കിൽ തടിയോ പ്ലാസ്ററിക്കോ കൊണ്ടുള്ള ചാപ്പ മതിയാകും. തന്റെ ആയുസ്സിലുടനീളം ഉപയോഗിക്കാനാണ് ഉടമസ്ഥൻ ഉദ്ദേശിക്കുന്നതെങ്കിൽ അദ്ദേഹം ഏറെ വിലപിടിപ്പുള്ളതും ആകർഷകവുമായ സാധനം തിരഞ്ഞെടുത്തേക്കാം.
ഉദാഹരണത്തിന്, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് പെൻസിൽവേനിയയുടെ തയ്വാൻ ബ്രാഞ്ചിന്റെ ഔദ്യോഗിക ചാപ്പ ഹാർഡ്വുഡിൽ കൊത്തിയുണ്ടാക്കിയതാണ്. ഇതിന് മൂന്ന് ഇഞ്ചു നീളവും 2 ഇഞ്ച് വീതിയും ഒരിഞ്ചു കനവുമുണ്ട്. ഒതുക്കമില്ലാത്ത ഒരു “ഒപ്പ്” എന്നു നിങ്ങൾ പറയുമായിരിക്കും, അല്ലേ? പലപ്പോഴും ഒപ്പിടുന്ന പേപ്പറിന് അതിനെക്കാൾ വളരെ വലിപ്പം വരില്ല!
പരന്ന അടിഭാഗത്ത് മോടിയുള്ള ചൈനീസ് ലിപികളിൽ പേരുകൾ കൊത്തിയുണ്ടാക്കിയ തിരഞ്ഞെടുത്ത പദാർഥങ്ങളുടെ പരന്ന കഷണങ്ങളാണ് ഏററവും സാധാരണമായി ഉപയോഗിച്ചുവരുന്ന ചാപ്പകൾ. ചാപ്പയുടെ പിടിയിലോ മുകളിലോ ഉള്ള കൊത്തുപണി അതിന്റെ അഴകും മൂല്യവും വർധിപ്പിക്കുന്നു. ചില ചാപ്പകളാണെങ്കിൽ വൻ കലാസൃഷ്ടികളാണ്. (പേജ് 23-ലെ ചിത്രം കാണുക.) ഒരു കൊച്ചു തുകൽ സഞ്ചിയിലോ ചെറിയ അറയോടു കൂടിയ ഒരു കൊച്ചു പെട്ടിയിലോ ആണ് സാധാരണമായി ഉടമസ്ഥൻ ചാപ്പ കൊണ്ടുനടക്കുന്നത്. അതിന്റെ ഒരു കോണിൽ വെർമിൽയെൻ മഷിയും കാണും. ചിലപ്പോൾ നവദമ്പതികൾക്ക് രണ്ടു വ്യത്യസ്ത കഷണങ്ങളിൽ കൊത്തിയുണ്ടാക്കിയതോ അല്ലെങ്കിൽ ഒരേ പദാർഥത്തിൽ നിന്നുതന്നെ മുറിച്ചെടുത്തതും സമാനമായ ഡിസൈനുകളുള്ളതുമോ ആയ ചാപ്പകളായിരിക്കും ഉണ്ടായിരിക്കുക—ഒരു തരം പ്രേമ സങ്കല്പം. അല്ലെങ്കിൽ 23-ാം പേജിൽ കൊടുത്തിരിക്കുന്ന മഞ്ഞ അക്കിക്കല്ലിലുണ്ടാക്കിയ മനോഹരമായ ചാപ്പകൾ പോലെ മൂന്നു ചാപ്പകളും ചെയിനുകളും ഒരേ കൽക്കഷണത്തിൽ നിന്നുതന്നെ കൊത്തിയെടുത്തതായിരിക്കും.
കൊത്തിക്കിട്ടിയാൽ പിന്നെ ചാപ്പ ഉടമസ്ഥന്റെയോ ഓഫീസ് അധികാരിയുടെയോ നിയമാനുസൃതമായ ഒപ്പ് ആണ്. അതുകൊണ്ട് അങ്ങേയററം ശ്രദ്ധയോടെ വേണം അതു കൈകാര്യം ചെയ്യാൻ. ഒരു കള്ളന് അതുപയോഗിച്ച് കള്ളരേഖകൾ നിർമിക്കാനോ ബാങ്കിൽനിന്ന് പണം പിൻവലിക്കാനോ ചെക്കോ ബോണ്ടോ പണമാക്കാനോ സാധിക്കുമെന്നതിനാൽ അത് മോഷണം പോകാതെ സൂക്ഷിക്കണം.
എനിക്ക് എന്റെ ചാപ്പ നഷ്ടമാകുന്നെങ്കിൽ ഞാനെന്തു ചെയ്യും? ഒന്നാമതായി, എന്റെ ചാപ്പ റദ്ദുചെയ്യത്തക്കവണ്ണം പോസ്റേറാഫീസ്, ബാങ്ക് എന്നീ ബന്ധപ്പെട്ട ഏജൻസികളെ ഞാൻ വിവരം അറിയിക്കേണ്ടതുണ്ട്. എന്റെ ചാപ്പയുടെ നിയമവിരുദ്ധമായ ഉപയോഗം തടയുന്നതിനായി ഞാൻ ഇത് തീർച്ചയായും ഉടൻതന്നെ ചെയ്യേണ്ടതുണ്ട്. പിന്നെ പുതിയ ഒരെണ്ണം ഉണ്ടാക്കിയെടുക്കേണ്ടിയിരിക്കുന്നു. രജിസ്ററർ ചെയ്യപ്പെട്ട ഒരു ചാപ്പക്ക് പകരമാകണമെങ്കിൽ അതു ഞാൻ വീണ്ടും രജിസ്ററർ ചെയ്യേണ്ടിയിരിക്കുന്നു. എന്റെ പുതിയ ചാപ്പയെ പററി ബന്ധപ്പെട്ട ഓഫീസുകളെ അറിയിക്കുകയും വേണം. അതുകൊണ്ട് കടപ്പത്രം നഷ്ടമാകുന്നത് മഹാകുഴപ്പം പിടിച്ച ഒരു കാര്യമാണെന്ന് നിങ്ങൾ വിചാരിക്കുന്നില്ലേ? തന്റെ ചാപ്പ നശിച്ചുപോകാതെയോ കളവു പോകാതെയോ സംരക്ഷിക്കുന്നവൻ ബുദ്ധിമാനാണ്!
സ്ററാമ്പു ശേഖരണം പാശ്ചാത്യ നാടുകളിലെ വിഖ്യാതമായ ഒരു വിനോദമാണ്. എന്നാൽ ചാപ്പകൾ അഥവാ പലയിനം ചാപ്പകളുടെ മുദ്രകൾ ആണ് പല ചൈനാക്കാരുടെയും ശേഖരണം. അതിനുവേണ്ടി പ്രത്യേകം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ തന്നെയുണ്ട്. ലിപികളുടെ സ്റൈറലും ചാപ്പയുടെ ആകൃതി, വർണം, ഘടന എന്നിവയും കൂടിചേർന്ന് ചാപ്പക്ക് ഏററവും രസകരമായ ഒരു ആകാരം നൽകുന്നതിനാൽ ചില ചാപ്പകൾ കാണാൻ നല്ല ഭംഗിയാണ്. ഒരുകാലത്ത് പ്രസിദ്ധരോ സ്വാധീനശക്തിയുള്ളവരോ ആയിരുന്ന ആളുകളുടെ സ്വത്തായിരുന്നവയും പ്രത്യേക പഴമയുള്ളവയുമായ ചാപ്പകൾ പലപ്പോഴും കാഴ്ച ബംഗ്ലാവുകളിൽ ശേഖരിച്ചു വയ്ക്കാറുണ്ട്.
പാശ്ചാത്യനാടുകളിൽ ആളുകൾ ഔദ്യോഗിക രേഖകൾ ഒപ്പിടാനായി പേനയെടുക്കുമ്പോൾ പൗരസ്ത്യദേശത്ത് ആളുകൾ ചാപ്പ എടുത്ത് വെർമിൽയെൻ-ഇങ്ക് പാഡിൽ ഏതാനും തവണ അമർത്തിയിട്ട് കുത്തിട്ട വരയിൽ “ഒപ്പ്” സശ്രദ്ധം പതിപ്പിക്കുകയാണ് ചെയ്യുന്നത്.
വ്യത്യസ്ത നാട്ടുനടപ്പുകൾ ജീവിതത്തെ എത്രയോ രസകരമാക്കുന്നു!
[അടിക്കുറിപ്പുകൾ]
a മററു ഭാഷകളിലുള്ള പേരുകളും ചാപ്പകളിൽ കൊത്താമെങ്കിലും ചൈനീസ് ലിപിയുടെ രൂപവിധാനത്തിലാണ് അതിന്റെ സൗന്ദര്യം കുടികൊള്ളുന്നത്.
[23-ാം പേജിലെ ചിത്രങ്ങൾ]
ഘടികാരദിശയിൽ: ചാപ്പയുടെ വെർമിൽയെൻ മഷിയിലുള്ള മുദ്ര; അക്കിക്കല്ലിന്റെ ഒരേ കഷണത്തിൽനിന്നു തന്നെ കൊത്തപ്പെട്ടിരിക്കുന്ന, ചെയിനോടുകൂടിയ ചാപ്പകൾ; ഡിസൈൻ കൊത്തിയുണ്ടാക്കുന്ന ചാപ്പ നിർമാതാവ്; കവിത കൊത്തി വച്ചിട്ടുള്ള ചാപ്പ
ആമയുടെ ആകൃതിയിലുള്ള ചാപ്പ
[കടപ്പാട്]
Chops: National Palace Museum, Taipei, Taiwan