യുവജനങ്ങൾ ചോദിക്കുന്നു. . .
സമ്പന്നമായ ഒരു രാജ്യത്തേക്കു പോകണമോ?
താര അവളുടെ സ്വദേശമായ ട്രിനിഡാഡ് വിട്ടുപോയി, ഷീല ജമെയ്ക്ക വിട്ടു, എറിക് സുരിനാമും വിട്ടുപോയി. ഈ മൂന്നു ചെറുപ്പക്കാരും ഏറെ സമ്പന്നമായ ഒരു രാജ്യത്തേക്കു പോയി. എന്തിന്?
താര വിശദീകരിക്കുന്നു: “ട്രിനിഡാഡിലെ യുവജനങ്ങളായ ഞങ്ങളെ മാസികകളിലും ടിവിയിലും കാണുന്നതു വളരെയധികം സ്വാധീനിക്കുന്നു. നിർഭാഗ്യവശാൽ, ഇത് ഐക്യനാടുകളെയും മററു സമ്പന്നമായ രാജ്യങ്ങളെയും മോഹനരാജ്യങ്ങളെന്നവണ്ണം അഭിനിവേശത്തോടെ നോക്കിക്കാണാൻ ഞങ്ങൾക്ക് ഇടവരുത്തുന്നു.”
ഷീലയുടെ കഥയും സമാനമാണ്: “തൊഴിലിന്റെയും സൗജന്യവിദ്യാഭ്യാസത്തിന്റെയും വലിയ അവസരങ്ങളെക്കുറിച്ച് എന്നോടു പറഞ്ഞതായി ഞാൻ ഓർക്കുന്നു.” എങ്കിൽപ്പോലും അവൾ കൂട്ടിച്ചേർത്തു: “എന്നാൽ ഈ രാജ്യങ്ങളിലായിരുന്നവർ ഒരിക്കലും കഥയുടെ ബാക്കി പറയാതിരുന്നത് എന്തുകൊണ്ടെന്ന് എനിക്കറിയില്ല. ഒരുപക്ഷേ അവിടെയുള്ള സ്ഥിതിഗതികൾ അത്ര മഹത്തരമല്ലെന്നു സമ്മതിക്കാൻ അവർക്കു സങ്കോചം തോന്നിയിരിക്കാം.”
എന്നിട്ടും ആളുകൾ കുടിയേററം തുടരുന്നു. മററു രാജ്യങ്ങളിലേക്കു മാറിപ്പോകുന്നവരുടെ എണ്ണം 1980 മുതൽ 1990 വരെ ഇരട്ടിയായതായും 2000 എന്ന വർഷമാകുമ്പോഴേക്കും വീണ്ടും ഇരട്ടിയാകുമെന്നു പ്രതീക്ഷിക്കുന്നതായും ലോസ് ഏഞ്ചൽസ് ടൈംസിലെ ഒരു റിപ്പോർട്ട് സൂചിപ്പിച്ചു. ഓരോ വർഷവും 7,00,000 ആളുകൾ ഐക്യനാടുകളിലേക്കു കുടിയേറുന്നു. ആസ്ട്രേലിയയും കാനഡയും ഐവറി കോസ്ററും സൗദി അറേബ്യയും പ്രതിവർഷം 50,000-നുമേൽ കുടിയേററക്കാരെ സ്വീകരിക്കുന്നു, അവരിലധികവും മാറിപ്പാർക്കുന്നത് ഏറെ ഐശ്വര്യപൂർണമായ ഒരു ജീവിതത്തിനുവേണ്ടിയാണ്.
നിങ്ങൾ ഒരു ദരിദ്രരാജ്യത്തോ ഒരു വികസ്വരരാജ്യത്തോ ആണ് ജീവിക്കുന്നതെങ്കിൽ, ഒരു സമ്പന്നമായ രാജ്യത്താണെങ്കിൽ നിങ്ങളുടെ ഭാവി ഏറെ ശോഭനമായിരിക്കുമോ എന്നു സംശയിച്ചേക്കാം. ഇതു ഗൗരവമുള്ള ഒരു തീരുമാനമാണ്. നിങ്ങൾക്കു ജ്ഞാനപൂർവം എങ്ങനെ തിരഞ്ഞെടുക്കാൻ കഴിയും?
തീരുമാനമെടുക്കാൻ തത്രപ്പെടരുത്
നിങ്ങൾ ഒരിക്കലും തിടുക്കത്തിൽ പ്രവർത്തിക്കരുതെന്നും ആദ്യംതന്നെ നിങ്ങൾക്കു കഴിയുന്നിടത്തോളം വിവരങ്ങൾ ശേഖരിക്കണമെന്നും സുരിനാമിൽനിന്നുള്ള എറിക് വിശ്വസിക്കുന്നു. അയാൾ പറയുന്നു: “സുരിനാമിൽപ്പോലും മിക്ക കുടുംബങ്ങൾക്കും സമ്പന്നരാജ്യങ്ങളിൽ ബന്ധുക്കൾ ഉണ്ട്, ലോകസാമ്പത്തികാവസ്ഥ സംബന്ധിച്ച ഏററവും അടുത്ത കാലത്തെ വിവരങ്ങൾ ലഭിക്കാനും സത്യാവസ്ഥ മനസ്സിലാക്കാനും നിങ്ങൾ പ്രാപ്തനായിരിക്കണം.”
നിങ്ങൾ തീരുമാനം ചെയ്യുന്നതിനുമുമ്പ് ഇതോർക്കുക: “ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെപോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.” (സദൃശവാക്യങ്ങൾ 15:22) അതുകൊണ്ട് നിങ്ങളുടെ തിരഞ്ഞെടുപ്പു സംബന്ധിച്ചു മാതാപിതാക്കളുമായും ക്രിസ്തീയ മൂപ്പൻമാരുമായും അനുഭവപരിചയമുള്ള മററുള്ളവരുമായും നിങ്ങളെക്കുറിച്ചു കരുതുന്നവരുമായും തുറന്നു ചർച്ച ചെയ്യുക.
നിങ്ങൾ കേൾക്കുന്നതെല്ലാം വിശ്വസിക്കരുത്
സമ്പന്നമായ വിദൂര രാജ്യങ്ങളെക്കുറിച്ച് ഉജ്ജ്വലമായ റിപ്പോർട്ടുകൾ കേൾക്കുമ്പോൾ ആരോഗ്യാവഹമായ അൽപം സംശയാലുത്വം ഉചിതമായിരിക്കും. “അല്പബുദ്ധി [“അനുഭവപരിചയം ഇല്ലാത്ത ഏതൊരുവനും,” NW] ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ [“വിവേകിയോ,” NW] തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു” എന്നു ജ്ഞാനമുള്ള ഒരു സദൃശവാക്യം പറയുന്നു.—സദൃശവാക്യങ്ങൾ 14:15.
ജമെയ്ക്കയിൽ താമസിച്ചിരുന്ന ഷീല ഇപ്രകാരം പറഞ്ഞു: “എന്റെ ജീവിതത്തിൽ എനിക്ക് ചെയ്യാൻ കഴിയുന്ന ഏററവും നല്ല കാര്യം ഐക്യനാടുകളിലേക്കു പോകുകയാണെന്ന് എന്റെ ഇംഗ്ലീഷ് അധ്യാപകൻ നിർബന്ധം പിടിച്ചു. കാനഡയിലേക്കോ ഐക്യനാടുകളിലേക്കോ ഇംഗ്ലണ്ടിലേക്കോ പോയാൽ ഏതു രംഗം തിരഞ്ഞെടുത്താലും അതിലെനിക്കു മികച്ചുയരാൻ കഴിയുമെന്നു ചില മുതിർന്നവർ എന്നോടു പറഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ, അത്തരമൊരു അവസരം തള്ളിക്കളഞ്ഞാൽ ഞാൻ വിഡ്ഢിയായിരിക്കും.”
അവൾ ഐക്യനാടുകളിലേക്കു മാറിയതു വാസ്തവത്തിൽ അവളെ സഹായിച്ചോ? “അനേകവിധങ്ങളിൽ എന്റെ ജീവിതം പുരോഗമിച്ചു, എന്നാൽ ജമെയ്ക്കയിൽ താമസിച്ച എന്റെ സ്നേഹിതരും അവരുടെ ജീവിതം മെച്ചപ്പെടുത്തി. സാധാരണമായി ഒന്നിനുപകരം മറെറാരു പ്രശ്നം നിങ്ങൾ നേരിടുന്നു. നിങ്ങൾ എവിടെ ജീവിക്കുന്നു എന്നതു സ്വതവേ വലിയ വ്യത്യാസം ഉളവാക്കുകയില്ല.”
ട്രിനിഡാഡിൽനിന്ന് ഐക്യനാടുകളിലേക്കു മാറിപ്പാർത്ത താര ഇപ്രകാരം സമ്മതിക്കുന്നു: “സമ്പന്ന രാജ്യങ്ങളെ അവസരത്തിന്റെ നാടുകളായി ആളുകൾ അവതരിപ്പിച്ചു—പഠിക്കാനും ജോലി ചെയ്യാനും പണമുണ്ടാക്കാനും മെച്ചപ്പെട്ട അവസ്ഥകളിൽ ജീവിക്കാനും ഉള്ള ഒന്നുതന്നെ. എന്നാൽ മാറിപ്പാർത്ത പലരും എല്ലായിടത്തും അവസ്ഥകൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു എന്നു തിരിച്ചറിയുകയാണ്. ചിലർ സ്വന്തനാട്ടിലേക്കു തിരിച്ചുവന്നിട്ടുമുണ്ട്.”
അനുകൂലവും പ്രതികൂലവുമായ വശങ്ങൾ തൂക്കിനോക്കുക
സമനിലയോടെയുള്ള ഒരു തീരുമാനം ചെയ്യുന്നതിനു മററു നാടുകളിലെ സമൃദ്ധമായ ധനത്തെക്കുറിച്ചുള്ള മോഹനമായ റിപ്പോർട്ടുകളെക്കാൾ അധികം പരിഗണനയിലെടുക്കുക. ഒരു മാററത്തിൽ ഉൾപ്പെട്ടേക്കാവുന്ന അനുകൂലവും പ്രതികൂലവുമായ വശങ്ങൾ തൂക്കിനോക്കുക—സാമ്പത്തികവും സാമൂഹികവും ധാർമികവും ആത്മീയവുമായ വശങ്ങൾതന്നെ.
ഉദാഹരണത്തിന്, നിങ്ങൾ ജീവിക്കുന്നിടത്തെ സാമ്പത്തികാവസ്ഥ മോശമായിരിക്കാം. എന്നാൽ സ്വന്തദേശത്തു യാതൊരുവിധ തൊഴിലവസരങ്ങളും ഇല്ലേ? താര പറയുന്നു: “സ്വന്തരാജ്യത്തു തൊഴിലില്ലായ്മ വലുതായിരുന്നു, വിശേഷിച്ച് ഉയർന്ന വിദ്യാഭ്യാസം ഇല്ലാത്തവർക്ക്.” അതുകൊണ്ട് അവൾ മാറിപ്പാർത്തു; അവളുടെ സഹോദരൻമാർ ആ രാജ്യത്തുതന്നെ തുടർന്നു. “എന്റെ രണ്ട് ഇളയ സഹോദരൻമാർ ഫർണിച്ചറും മെത്തയും ഉണ്ടാക്കുന്ന ഒരു കോഴ്സിൽ ചേർന്നു. ഇപ്പോൾ അവർ ഫാക്ടറികളിൽ ജോലിനോക്കുന്നു, അവരുടെ പണി ഇഷ്ടപ്പെടുന്ന ആളുകളിൽനിന്ന് അവർക്കു ധാരാളം സ്വകാര്യ ജോലികളും കിട്ടുന്നുണ്ട്. ഇവിടെ ‘അവസരത്തിന്റെ നാട്ടിൽ’ ഞാൻ കഴിയുന്നതിനെക്കാൾ മെച്ചമായി അവർ സ്വരാജ്യത്തു കഴിയുന്നു.”
നിങ്ങൾ മാറിപ്പോകുന്നെങ്കിൽ, കുറെ സാംസ്കാരിക ആഘാതം [Culture shock] നേരിടാനിടയുണ്ട്, ഒരുപക്ഷേ നിങ്ങൾ പ്രിയപ്പെട്ടതായി കരുതുന്ന ധാർമിക തത്ത്വങ്ങളുടെമേലുള്ള ഒരു സമ്പൂർണ ആക്രമണംപോലും നേരിട്ടേക്കാം. നിങ്ങൾ മാറിപ്പാർക്കുന്നത് അത്തരമൊരു സാഹസത്തിനുതക്ക വിലയുള്ളതാണോ? അപ്പോൾപ്പോലും ഭൗതികവാദം സമ്പന്നരാജ്യങ്ങളിൽ വളരെ വ്യാപകമാണ്. അതു നിങ്ങളുടെ ആത്മീയതയെ എങ്ങനെ ബാധിച്ചേക്കാം?
ഏശാവിന്റെ തെററുകളിൽനിന്നു പഠിക്കൽ
തീരുമാനങ്ങളുടെ അനുകൂലവും പ്രതികൂലവുമായ വശങ്ങൾ തൂക്കിനോക്കേണ്ടതായി വന്നപ്പോൾ, ബൈബിൾക്കാലങ്ങളിലെ ഏശാവിനു ഗൗരവതരമായ ഒരു പ്രശ്നമുണ്ടായിരുന്നു. നിർണായക ഘടകങ്ങൾ കണക്കിലെടുക്കാൻ അദ്ദേഹം പരാജയപ്പെട്ടു—അദ്ദേഹത്തിന്റെ ആത്മീയതയെയും കുടുംബത്തെയുംതന്നെ. തത്ഫലമായി അദ്ദേഹത്തിന്റെ വലിയ തീരുമാനങ്ങളിൽ ചിലതു വിപത്ക്കരമായിത്തീർന്നു.
“ഒരു ഊണിനുവേണ്ടി ആദ്യജാതനെന്ന നിലയിലുള്ള തന്റെ അവകാശങ്ങൾ കൈമാററം ചെയ്ത ഏശാവിനെപ്പോലെ പവിത്രകാര്യങ്ങളെ വിലമതിക്കാത്ത ഏതൊരാൾ”ക്കുമെതിരെ ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (എബ്രായർ 12:16, NW) ഈ ജൻമാവകാശം പവിത്രമായിരുന്നു. മുഴുമനുഷ്യവർഗത്തിന്റെയും രക്ഷയ്ക്ക് അടിസ്ഥാനമായ മിശിഹയുടെ വംശാവലിയിൽ ആയിരിക്കുന്നതിനുള്ള ഒരു അവസരം ദൈവം ഏശാവിന്റെ കുടുംബത്തിന് ഒരുക്കിയിരുന്നു. (ഉല്പത്തി 22:18) എന്നിട്ടും “ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു.” പയർപായസഭക്ഷണത്തിനുവേണ്ടി അദ്ദേഹം ഒരു വൈമുഖ്യവും കൂടാതെ അതു വിററുകളഞ്ഞു! (ഉല്പത്തി 25:30-34) നിങ്ങളുടെ ഏററവും പാവനമായ സമ്പത്തു സ്രഷ്ടാവുമായുള്ള നിങ്ങളുടെ ബന്ധമാണ്. അതു കൈമാററം ചെയ്യുകയോ അവഗണിക്കുകയോ ഭൗതിക നേട്ടത്തിനായി അപകടപ്പെടുത്തുകയോ ചെയ്യരുത്.—മർക്കൊസ് 12:30.
പിന്നീട്, ഏശാവ് തന്റെ ബാല്യകാല ഭവനത്തിൽനിന്നു മറെറാരു ദേശത്തേക്കു മാറിയപ്പോൾ അദ്ദേഹം രണ്ടു ഹിത്യസ്ത്രീകളെ വിവാഹം ചെയ്തു. ചില കാരണങ്ങളാൽ ഈ വിവാഹങ്ങൾ പ്രായോഗികമെന്നു തോന്നിയിരിക്കാം, എന്നാൽ ആത്മീയമായി അവ പ്രശ്നങ്ങൾ മാത്രമേ കൈവരുത്തിയുള്ളു, എന്തെന്നാൽ ഈ സ്ത്രീകൾ ഏശാവിന്റെ മാതാപിതാക്കളായ ഇസ്ഹാക്കിന്റെയും റിബേക്കയുടെയും ദൈവത്തെ ആരാധിച്ചില്ല. ആ ഭാര്യമാർ അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കു “മനോവ്യസനകാരണമായിത്തീർന്നു.”—ഉല്പത്തി 26:34, 35.
ഏറെ സമ്പന്നമായ ഒരു രാജ്യത്തേക്കു പ്രവേശനാനുമതി കിട്ടുന്നതിനുവേണ്ടി മാത്രം യുവജനങ്ങൾ വിവാഹം കഴിക്കുന്നത് അസാധാരണമല്ല. റിപ്പോർട്ടനുസരിച്ച് ഇൻഡ്യയിൽ ഒരു വർഷം ഐക്യനാടുകളിലേക്കു മാറിപ്പോകുന്ന 4,000 ഇണകളുണ്ട്, കണക്കാക്കപ്പെട്ട പ്രകാരം ഒരു 10,000 പേർ ഇനിയും അങ്ങനെ ചെയ്യാൻ കാത്തിരിക്കുന്നു. എന്നിരുന്നാലും വിവാഹം ദൈവത്തിൽനിന്നുള്ള ഒരു അമൂല്യദാനമാണ്. അതിർത്തി കടക്കാനുള്ള നിസ്സാരമായ ഒരു ടിക്കറെറന്ന നിലയിൽ അതിനെ വിലകുറച്ചു കാണരുത്. നിങ്ങൾ ‘ഒരു അവിശ്വാസിയുമായി അസമമായി അമിക്ക’പ്പെട്ടവനായിത്തീരുന്നെങ്കിൽ, അതു യഹോവയെയും നിങ്ങളുടെ വിശ്വസ്ത കുടുംബാംഗങ്ങളെയും എത്രത്തോളം വേദനിപ്പിക്കും എന്നതിനെക്കുറിച്ചും ചിന്തിക്കുക.—2 കൊരിന്ത്യർ 6:14, NW.
നിങ്ങളുടെ തീരുമാനത്തെ വിജയപ്രദമാക്കുക
നിങ്ങളുടെ തീരുമാനമനുസരിച്ചു നിങ്ങൾ എത്ര നന്നായി പ്രവർത്തിക്കുന്നു എന്നതായിരിക്കാം തീരുമാനത്തെക്കാൾ ഏറെ പ്രധാനമായത്. നിങ്ങൾ താമസിക്കുന്നിടത്തു നിലകൊണ്ടാലും മാറിത്താമസിക്കാൻ തീരുമാനിച്ചാലും, നിങ്ങളുടെ തീരുമാനത്തെ വിജയപ്രദമാക്കുന്നതാണു മുഖ്യസംഗതി.
നിങ്ങൾ മാറുന്നില്ലെങ്കിൽ: മാറിത്താമസിക്കുന്നവരെ വിമർശിക്കാതിരിക്കുക. അവരുടെ തീരുമാനം അവരുടെ സ്വന്തം ഉത്തരവാദിത്വമാണ്. (റോമർ 14:4; ഗലാത്യർ 6:4, 5) നിങ്ങളുടെ സ്വന്തം രാജ്യത്തിനു മാത്രമുള്ള മനോഹാരിതയും അനുകൂലവശങ്ങളും ആസ്വദിക്കാൻ പഠിക്കുക. ആളുകളോടു കൂടുതൽ സ്നേഹവും അവരുടെ പ്രയാസങ്ങളോടും വെല്ലുവിളികളോടും സമാനുഭാവവും വികസിപ്പിച്ചെടുക്കുക.
നിങ്ങൾ മാറിത്താമസിക്കുന്നെങ്കിൽ: പുതിയ ആചാരങ്ങളും, ഒരുപക്ഷേ ഒരു പുതിയ ഭാഷയും പഠിക്കുമ്പോൾ ജ്ഞാനപൂർവം നിങ്ങളുടെ മുൻഗണനകൾ നിശ്ചയിക്കുക. മുമ്പൊരിക്കലും നിങ്ങൾക്കാവശ്യമില്ലാതിരുന്ന ഭൗതികവസ്തുക്കൾ നേടാൻവേണ്ടി മാത്രം നീണ്ട മണിക്കൂറുകൾ ജോലി ചെയ്തുകൊണ്ട് അപകടത്തിലാകരുത്. അല്ലാത്തപക്ഷം ആത്മീയ കാര്യങ്ങൾ ചെയ്യാൻ കഴിയാത്തവിധം നിങ്ങൾ വളരെ തിരക്കുള്ളവനായിത്തീർന്നേക്കാം.
“ഇന്നത്തെ ലോകത്തിൽ ഒരു ജോലി ഉണ്ടായിരിക്കുന്നതു വളരെ പ്രധാനമാണ്” എന്നു ഷീല സമ്മതിക്കുന്നു. “എന്നിരുന്നാലും, കുടുംബവും സ്നേഹിതരും ആത്മീയ കാര്യങ്ങളും കൂടുതൽ പ്രധാനമാണ്. മറെറല്ലാം പരാജയപ്പെടുമ്പോൾ അവയാണു നമ്മെ മുമ്പോട്ടു നയിക്കുന്നത്.” “[ലോകത്തെ] പൂർണമായി ഉപയോഗിക്കു”ന്നതിനെതിരെ ബൈബിൾ നമുക്കു മുന്നറിയിപ്പു നൽകുന്നു; “എന്തെന്നാൽ ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു.” (1 കൊരിന്ത്യർ 7:31, NW) യഥാർഥത്തിൽ വിജയിക്കുന്നവർ ജോലിയെയും പണത്തെയും സംബന്ധിച്ച തങ്ങളുടെ ഉത്ക്കണ്ഠകൾ ഉചിതമായ സ്ഥാനത്തു നിർത്തുന്നു—കുടുംബാവശ്യങ്ങളുടെയും ആത്മീയാനുധാവനങ്ങളുടെയും നന്നെ പിന്നിൽത്തന്നെ.
പുതിയ സ്നേഹിതരെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക. എറിക് ഇപ്രകാരം പറയുന്നു: “പരിപുഷ്ടിപ്പെടുത്തുന്ന ജീവിതരീതിയെ നന്നായി പിന്തുണക്കുന്ന സ്നേഹിതരുമായുള്ള ബന്ധം നിലനിർത്തുക.”
നിങ്ങളുടെ യഥാർഥ ആവശ്യങ്ങളെ ഓർക്കുക
സന്തുഷ്ടിക്കായി നമുക്കാവശ്യമുള്ള കാര്യങ്ങൾക്കു യഥാർഥത്തിൽ മാററം വരുന്നില്ല. ഷീല ഇപ്രകാരം പറയുന്നു: “നാം എവിടെ ജീവിച്ചാലും നമുക്കായുള്ള യഹോവയുടെ വ്യവസ്ഥകൾ സ്ഥിരമായി നിലനിൽക്കുന്നു.” അവ എന്താണ്? അതു യേശു ഇങ്ങനെ ചുരുക്കിപ്പറഞ്ഞു: “തങ്ങളുടെ ആത്മീയ ആവശ്യം സംബന്ധിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു.” വേണ്ടത്ര ആഹാരവും വസ്ത്രവും ഉണ്ടായിരിക്കുന്നതു സംബന്ധിച്ച് “ഒരിക്കലും ഉത്ക്കണ്ഠപ്പെടരുത്.” ഒന്നാം സ്ഥാനം “രാജ്യത്തിനും [ദൈവത്തിന്റെ] നീതിക്കും” കൊടുക്കുക, “ഈ മററു കാര്യങ്ങളെല്ലാം നിങ്ങളോടു ചേർക്കപ്പെടും.”—മത്തായി 5:3; 6:31, 33, NW.
ഈ തത്ത്വങ്ങളനുസരിച്ചു ജീവിക്കുന്നത് ഏതു രാജ്യത്തും ഒരു മെച്ചപ്പെട്ട ജീവിതം കണ്ടെത്താൻ നിങ്ങളെ സഹായിക്കും. (g93 4/22)
[15-ാം പേജിലെ ചിത്രങ്ങൾ]
സമ്പന്നമായ നാടുകൾ അവ യഥാർഥത്തിൽ ആയിരിക്കുന്നതിനെക്കാൾ ഏറെ ആകർഷകമായി കാണപ്പെട്ടേക്കാം