ഏഷ്യയിലെ ഏററവും വലിയ മൃഗമേളയിലെ ഒരു ദിവസം
ഇൻഡ്യയിലെ ഉണരുക! ലേഖകൻ
മഹാരാജാക്കൻമാർ മനോഹരമായി അലങ്കരിച്ച ആനപ്പുറത്ത് എഴുന്നള്ളുന്നു അല്ലെങ്കിൽ ഒരു എളിയ കർഷകൻ വലിയ കൊമ്പുള്ള രണ്ടു കാളകളെ ഓടിച്ചുകൊണ്ടുപോകുന്നു—ഇവിടെ ഇൻഡ്യയിൽ അത്തരം രംഗങ്ങൾ ഫിലിമിലാക്കപ്പെടുന്നു. എന്നാൽ അത്തരം വിലയേറിയ വൻമൃഗങ്ങൾ എവിടെയാണു ലഭിക്കുന്നത്?
കണ്ടുപിടിക്കുന്നതിന്, വടക്കുകിഴക്കൻ ഇൻഡ്യയിലെ ബീഹാർ സംസ്ഥാനത്തിലുള്ള സോണാപ്പൂരിലേക്കു ഞങ്ങളോടൊപ്പം വരിക. നിങ്ങൾ മുമ്പു കണ്ടിരിക്കാനിടയുള്ള ഏതിൽനിന്നും വ്യത്യസ്തമായ ഒരു മേള നമുക്കവിടെ സന്ദർശിക്കാൻ കഴിയും. റിപ്പോർട്ടുചെയ്യുന്നതനുസരിച്ച് ഇത് ഏഷ്യയിലെ ഏററവും വലിയ മൃഗമേളയാണ്, സാധ്യതയനുസരിച്ചു ലോകത്തിലെതന്നെയും. ഒക്ടോബറിലും നവംബറിലും ഏതാണ്ടു രണ്ടാഴ്ചക്കാലം ഇതു നടത്തപ്പെടുന്നു.
മനംകവരുന്ന ഒരു സംഭവം
എന്തൊരു ജനക്കൂട്ടം! സ്ത്രീകൾ ധാരാളം ആഭരണങ്ങളും പകിട്ടേറിയ സാരികളും അണിഞ്ഞിരിക്കുന്നു. മുടിയുടെ വകച്ചിലിൽ ചുവന്ന പൗഡർ പൂശിയ വിവാഹിതരായ സ്ത്രീകൾ വിശേഷാൽ ശ്രദ്ധേയരാണ്. മിക്കവരുടെയും കൈകളിൽ ഒരു കുട്ടിയുണ്ട്, തങ്ങളുടെ ഭർത്താക്കൻമാരോടൊപ്പം എത്താൻ അവർ ധൃതിയിൽ നടക്കുമ്പോൾ വേറെ ഒന്നോ രണ്ടോ കുട്ടികൾ അവരുടെ സാരിയിൽ പിടിച്ചുതൂങ്ങുന്നു.
അത്രയും വലിയ ജനക്കൂട്ടത്തിനിടയിൽ ആ കുട്ടികൾ എങ്ങനെ നഷ്ടപ്പെടാതിരിക്കുന്നുവെന്നു ഞങ്ങൾ അതിശയിക്കുന്നു. എന്നാൽ പലരെയും കാണാതാകുന്നു എന്നതാണു വസ്തുത. ഒററ ഒരാഴ്ചകൊണ്ട് 50 കുട്ടികൾ നഷ്ടപ്പെട്ടുവെന്നു ഞങ്ങൾ അറിഞ്ഞു, അവരിൽ 17 പേരെ മാത്രമേ തിരികെ കിട്ടിയുള്ളു. തത്ത്വദീക്ഷയില്ലാത്തവർ അവരെ പിടിച്ചു ഭിക്ഷാടനത്തിനും അധാർമ്മിക പ്രവർത്തനങ്ങൾക്കും നിർബന്ധിക്കുന്നുവെന്നു ഞങ്ങൾ കേട്ടതിനാൽ കാണാതെപോകുന്നവർക്കു സംഭവിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ ഞങ്ങൾ ഞെട്ടിപ്പോകുന്നു.
പാതവക്കത്തെ വിൽപ്പനശാലകൾ തിരക്കു വർദ്ധിപ്പിക്കുന്നു, എന്നാൽ അവ കാണാൻ രസമാണ്. ഒരു വിൽപ്പനശാലയിൽ, ഒരു നാണയത്തുട്ടു സംഭാവന ചെയ്യുമ്പോൾ ഒരു ചെറിയ പക്ഷി അതിന്റെ കൂട്ടിൽനിന്ന് ഇറങ്ങിവന്ന് ഒരു കാർഡ് കൊത്തിയെടുക്കുന്നു. ചുമതലക്കാരൻ അതിൽനിന്ന് ഒരുവന്റെ ഭാവി വ്യാഖ്യാനിക്കുന്നു. പെട്ടെന്ന് ഒന്നു ഷേവു ചെയ്യേണ്ടതുണ്ടോ? എങ്കിൽ ക്ഷൗരക്കാരന്റെ മുമ്പിൽ കേവലം കുത്തിയിരിക്കുക. അയാളുടെ നീണ്ട, മൂർച്ചയേറിയ കത്തി സോപ്പുപത തേച്ച നിങ്ങളുടെ മുഖത്തിനുമീതെ ഉറപ്പോടെ തെന്നിനീങ്ങുന്നു. കേവലം മൂന്നു മിനിററുകൊണ്ട് ഒരുപക്ഷേ ഏത് ആധുനിക ഉപകരണങ്ങൾക്കും സാധിക്കുന്നതിനേക്കാളേറെ പറെറ നിങ്ങൾക്കു ഷേവുചെയ്തുകിട്ടും.
വിൽപ്പനശാലകൾ അലങ്കാരകങ്കണങ്ങളുടെ വൈവിധ്യമാർന്ന ധാരാളം ഇനങ്ങൾ നിരത്തുന്നു, തങ്ങളുടെ സാരികൾക്കിണങ്ങുന്ന നിറത്തിലുള്ള ഈ വളകൾ ഓരോ കൈയിലും ധരിക്കാൻ ഭാരതീയവനിതകൾ ഇഷ്ടപ്പെടുന്നു. ശരിയായ വലിപ്പത്തിലും സ്റൈറലിലും ഉള്ള വളകൾ കണ്ടെത്തുന്നതുവരെ പരിചയസമ്പന്നനായ കച്ചവടക്കാരൻ ഉപഭോക്താവിന്റെ കൈമേൽ ഒരു വളയ്ക്കു പിന്നാലെ മറെറാന്നായി ഇടുകയും ഊരുകയും ചെയ്യുന്നു. ഒരു സാധാരണ ഭാരതീയ വനിത ഗ്ലാസ്സുകൊണ്ടോ ലോഹംകൊണ്ടോ പ്ലാസ്ററിക്കുകൊണ്ടോ നിർമ്മിച്ച ഒരു ഡസനോളം വളകൾ ഓരോ കൈയിലും ധരിച്ചേക്കാം.
ഈ വിൽപ്പനശാലകൾ മൃഗങ്ങൾക്കുള്ള ചെറിയ ആഭരണങ്ങളും വിൽക്കുന്നു. ഏതായാലും ഇതൊരു മൃഗമേളയാണ്. വ്യാപാരം ഇവിടെ തകൃതിയായി നടക്കുന്നു, എന്തെന്നാൽ ഗ്രാമീണർ തങ്ങളുടെ മൃഗങ്ങളെ അലങ്കരിക്കാൻ ഇഷ്ടപ്പെടുന്നു. അലങ്കാരവസ്തുക്കളിൽ മൃഗങ്ങളുടെ കഴുത്തിലണിയാനുള്ള മുത്തുമാലകളും അതുപോലെതന്നെ വ്യത്യസ്ത വലിപ്പത്തിലുള്ള വർണ്ണഭംഗിയാർന്ന മണികളും ഉൾപ്പെടുന്നു.
ആ നിലവിളിക്കുന്നത് ആരാണ്? എന്തിന്, ഒരു ഭിക്ഷക്കാരൻ! പൊടിപുരണ്ട, കൂഞ്ഞിക്കൂടിയ അയാൾ നിരത്തിലൂടെ ഇഴഞ്ഞുനീങ്ങുന്നു, ഒപ്പം അയാൾ തന്റെ ഭിക്ഷപ്പാത്രം തള്ളിനീക്കുന്നു. ജനക്കൂട്ടത്തിന്റെ കാര്യം ചിന്തിക്കുമ്പോൾ അയാൾ ചവിട്ടിമെതിക്കപ്പെടാതിരിക്കുന്നത് ഒരത്ഭുതമാണ്! മേളയുടെ സമയത്ത് ആളുകൾ ഭിക്ഷക്കാരോട് ഔദാര്യമുള്ളവരാണ്, അതുകൊണ്ട് ഈ മമനുഷ്യന്റെ പാത്രം ഇപ്പോൾത്തന്നെ നാണയങ്ങൾകൊണ്ടു പകുതി നിറഞ്ഞിരിക്കുന്നു. അമ്പലത്തിനടുത്തു ഭിക്ഷ യാചിക്കുന്ന നൂറുകണക്കിനു ഭിക്ഷക്കാരുണ്ട്—മുടന്തരും അന്ധരും കുഷ്ഠരോഗികളും. ചിലർ തങ്ങളുടെ വിധിയെ പഴിക്കുന്നു, മററുചിലർ ദൈവങ്ങളുടെ പേരുകൾ ഭക്തിപുരസ്സരം വിളിക്കുന്നു, ഇനിയും വേറേചിലർ ഭിക്ഷ കൊടുക്കുന്നവരുടെമേൽ അനുഗ്രഹങ്ങൾ ചൊരിയുന്നു.
മേളയ്ക്കായി പലതരത്തിലുള്ള മൃഗങ്ങളും പോകുന്നുണ്ട്. ആനകളെ ചായം പൂശി മനോഹരമായി അലങ്കരിച്ചിരിക്കുന്നു. ഒരു വടികൊണ്ട് ആനയുടെ ചെവിയുടെ പിന്നിൽ ചിലപ്പോഴൊക്കെ തട്ടിക്കൊണ്ട്, നീങ്ങാനോ നിൽക്കാനോ ചെറിയ ആജ്ഞകൾ കൊടുക്കുന്ന ഒരു സവാരിക്കാരൻ ഓരോന്നിന്റെയും മുകളിലുണ്ട്. തങ്ങളുടെ പിന്നിൽ ഏറിവരുന്ന വാഹനങ്ങളെ പാടെ അവഗണിച്ചുകൊണ്ട് ഉയർത്തിപ്പിടിച്ച തലകളുമായി പോത്തുകൾ തികച്ചും സാവധാനം നീങ്ങുന്നു.
അനേകം പശുക്കളെയും കുറെ ഒട്ടകങ്ങളെയും കൂടെ നാം വഴിയിൽ കാണുന്നു. കുരങ്ങൻമാർ ധാരാളമുണ്ട്, അനേകവും ഹിമാലയൻ കുരങ്ങുവർഗ്ഗത്തിൽപ്പെട്ടവ. ഇവയ്ക്കു രോമാവൃതമായ പുരികങ്ങളും താടിരോമവും ഉണ്ട്. തൂവലുള്ള ജീവികളും ധാരാളമുണ്ട്, അത്യലംകൃതമായ മയിലും തത്തയും മുതൽ പച്ചക്കിളികളും മാടപ്രാവുകളും വരെ. ഇവയെല്ലാം മേളയ്ക്ക് അകലെനിന്നും അടുത്തുനിന്നും വന്നിട്ടുള്ളവയാണ്.
ചില പ്രത്യേക ആകർഷണങ്ങൾ
പഞ്ചാബിൽ നിന്നുള്ള മുന്തിയ പശുക്കൾ ഈ പ്രത്യേക ആകർഷണങ്ങളുടെ കൂട്ടത്തിലുണ്ട്. ചിലതു ദിവസം രണ്ടുപ്രാവശ്യം ഏതാണ്ട് 25 ലിററർ പാൽ നൽകുന്നു. സത്യത്തിൽ അവ മനോഹരങ്ങളായ മൃഗങ്ങളാണ്! അനേകമാളുകൾ അവയെ കാണാൻവേണ്ടിത്തന്നെ വരുന്നു. എന്നാൽ മററുള്ളവർ അവയെ വാങ്ങാൻവേണ്ടിത്തന്നെ വരുന്നവരാണ്. ഒരു കച്ചവടം നടക്കുമ്പോഴെല്ലാം ഉടമസ്ഥൻ “ബോലോ ഹരിഹർനാഥ് കീ” എന്നു വിളിച്ചുപറഞ്ഞുകൊണ്ടു പ്രാദേശിക ദൈവത്തെ വാഴ്ത്തുന്നു. ജനക്കൂട്ടം “ജയ്” എന്നു വിളിച്ചുകൊണ്ടു പ്രതികരിക്കുന്നു. ഒരു ഇൻഡ്യൻ പശുവിന്റെ ശരാശരി വില 3,000 രൂപ മുതൽ 5,000 രൂപ വരെയാണ്, എന്നാൽ വിദേശവർഗ്ഗത്തിൽപ്പെട്ട പശുക്കളെ 20,000 രൂപ മുതൽ 40,000 രൂപവരെ വിലയ്ക്കു വിൽക്കുന്നു.
ഈ വർഷം ഈ കമ്പോളത്തിൽ 15 ഒട്ടകങ്ങളേ വില്പനയ്ക്കുള്ളു. ഈ “മരുഭൂമിയിലെ നൗകകൾക്ക്” ഒരോന്നിനും 5,000 രൂപ വിലവരും. അവയ്ക്കു നീണ്ട മണിക്കൂറുകൾ ജോലി ചെയ്യാനും നീട്ടിച്ചവിട്ടിയുള്ള നടപ്പിൽ ഉഷ്ണവും ശീതവും, വിശപ്പും ദാഹവും താങ്ങാനും കഴിയും. സാധാരണയായി കാളകളെയോ മൂരികളെയോകൊണ്ടു ചെയ്യിക്കുന്ന ജോലികളായ കലപ്പയും വണ്ടിയും വലിക്കലും ജലചക്രങ്ങൾ തിരിക്കലും ഒട്ടകങ്ങളെക്കൊണ്ടു ചെയ്യിക്കാൻ കഴിയും.
ഏററവും ജനപ്രീതിയുള്ള മൃഗങ്ങൾ കാളകളാണ്. കർഷകന്റെ കുടുംബത്തെയും ചരക്കുകളെയും പട്ടണത്തിലേക്കു വലിച്ചുകൊണ്ടുപോകുന്ന സദാ ആശ്രയയോഗ്യമായ കാളവണ്ടി കാണാതെ ഇൻഡ്യയിലെ റോഡുകളിൽ കൂടി യാത്ര ചെയ്യുക മിക്കവാറും അസാധ്യമാണ്. ഉത്സാഹിയായ ഒരു വ്യാപാരി “സൂപ്പർസ്ററാർ കാളകൾ” എന്ന് എഴുതിയ ഒരു ബോർഡ് വച്ചിരിക്കുന്നു. അവ വാസ്തവത്തിൽ സൂപ്പർസ്ററാറുകളെപ്പോലെതന്നെ തോന്നുന്നു! അയാളെ വഞ്ചിക്കാനോ കവർച്ചചെയ്യാനോ ഒരു ആശയം ആർക്കെങ്കിലും തോന്നാതിരിക്കാൻ അയാൾ രണ്ട് അലംകൃത തോക്കുകൾ സജ്ജമാക്കിവെച്ചിട്ടുണ്ട്. ഒരു സൂപ്പർസ്ററാറിനെ 35,000 രൂപയ്ക്കു വിൽക്കുന്നു.
ചിനയ്ക്കുന്ന കുതിരകൾ അടുത്തതായി നമ്മുടെ ശ്രദ്ധ പിടിച്ചുപററുന്നു. അവ എത്ര മനോജ്ഞമായ മൃഗങ്ങളാണ്! ചിലവ ഓട്ടപ്പന്തയത്തിനുവേണ്ടിയുള്ളതായിരിക്കെ മററുചിലവ പോലീസിനോ സൈന്യത്തിനോ വേണ്ടിയുള്ള സവാരിക്കുതിരകളാണ്. സവാരിക്കും വണ്ടിവലിക്കുന്നതിനും പൊക്കം കുറഞ്ഞ കുതിരകളും ലഭ്യമാണ്. ഒരു വിൽപ്പനശാലയിൽ പരിശീലിപ്പിക്കപ്പെട്ട ഒരു കുതിരയെ ആനന്ദിപ്പിക്കുന്നതിന് ഒരു ഗായകസംഘം വെങ്കലവാദ്യോപകരണങ്ങൾ വായിക്കുന്നു, അതു സംഗീതത്തിനൊത്തു നൃത്തം ചെയ്യുന്നു.
ഉറക്കെയുള്ള ചിന്നംവിളി കേൾക്കുന്ന ദിശയിലേക്കു നാം നീങ്ങുന്നു. മാവിൻകൂട്ടങ്ങളുടെ ഇടയിൽ ആനകളുണ്ട്, മൊത്തം 250 എണ്ണം. എത്ര ഗാംഭീര്യമുള്ള ജീവികൾ! അവ ഇൻഡ്യയിലും നേപ്പാളിലുമെല്ലാംനിന്നു വന്നിട്ടുള്ളതാണ്. എന്നിരുന്നാലും അവ അസ്വസ്ഥമായിരിക്കുന്നതുപോലെ തോന്നുന്നു, സാധ്യതയനുസരിച്ചു വലിയ ജനക്കൂട്ടവും സ്വന്തം വർഗ്ഗത്തിൽപ്പെട്ട നിരവധിയെണ്ണത്തിന്റെ സാന്നിദ്ധ്യവും നിമിത്തംതന്നെ.
വന്യമായി ചിന്നംവിളിക്കുന്ന 25 വയസ്സു പ്രായമുള്ള ഹരിഹർ പ്രസാദ് എന്ന കൊമ്പനാനയെ നാം ഇവിടെ കണ്ടുമുട്ടുന്നു. അവന്റെ ഉടമയായ ഗംഗാബു സിംഗ് അവനെ 70,000 രൂപയ്ക്കു വിററതേയുള്ളു. ഒരു നല്ല ആനയ്ക്ക് 1,30,000 രൂപ എന്ന ഇപ്പോഴത്തെ കമ്പോളവില കണക്കാക്കുമ്പോൾ ഈ വില തീരെ താഴ്ന്നതാണ്. എന്നാൽ ഹരിഹർ കൈകാര്യം ചെയ്യാൻ അല്പം വിഷമമുള്ളവനാണ്.
ഈ മേളയിൽ എത്താൻ ഹരിഹർ 22 ദിവസം നടന്നു. ഇപ്പോൾ അവന്റെ ഉടമയ്ക്ക് അവനെ വേർപിരിയാൻ വിഷമമാണ്. എന്നാൽ കച്ചവടം കച്ചവടം തന്നെയാണ്, വൈകാരികബന്ധങ്ങൾ വിച്ഛേദിക്കേണ്ടതുണ്ട്. തന്റെ പഴയ പാപ്പാനെ (പരിശീലകൻ) വേർപിരിയാൻ ഹരിഹറിനു ദുഃഖമുണ്ടോയെന്നു ഞങ്ങൾ സംശയിച്ചു. അവന്റെ പുതിയ പാപ്പാൻ അവനെ കൈകാര്യം ചെയ്യാൻ ശ്രമിച്ചപ്പോൾ ഹരിഹർ അവന്റെ വടം പൊട്ടിച്ചു, അതുകൊണ്ട് അവനെ ഇപ്പോൾ ചങ്ങലയ്ക്കിട്ടിരിക്കുകയാണ്.
അവനെ ശാന്തനാക്കുന്നതിനും ഒരു സുഗമമായ കൈമാററം സാധ്യമാക്കുന്നതിനും അവന്റെ മുൻപാപ്പാൻ അവനോടൊപ്പം അവന്റെ പുതിയ ഭവനത്തിലേക്കു യാത്രചെയ്യും. പുതിയ ആൾ ഹരിഹറിനോടും അവന്റെ ഭാവങ്ങളോടും ഇണങ്ങിച്ചേരുന്നതുവരെ ഈ മല്ലനെ പോററിവളർത്തുന്ന രണ്ടുപേരും ഒന്നിച്ചുപ്രവർത്തിക്കും. പുതിയ ഉടമസ്ഥൻ അവനെ ദീർഘകാലം വച്ചുകൊണ്ടിരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു ഞങ്ങൾ മനസ്സിലാക്കുന്നു. അടുത്തവർഷം അവനെ സോണാപ്പൂരിലേക്കു കൊണ്ടുവന്നു വീണ്ടും വിറേറക്കാം.
ഏതെങ്കിലും വിദൂരസ്ഥലത്ത് ഒരു അമ്പല ആന ആയിത്തീരാൻ രാജസ്ഥാനിലെ ആളുകൾ ഹരിഹറിനെ വാങ്ങിച്ചേക്കാം. അതിനുശേഷം അവനെ പൂർണ്ണമായി അലങ്കരിച്ച് ഒരു അമ്പലരഥം വലിക്കാൻ ഉപയോഗിക്കും. അല്ലെങ്കിൽ അങ്ങകലെ ബംഗാൾ ഉൾക്കടലിലെ ആൻഡമാൻ നിക്കോബർ ദ്വീപുകളിലെ വിദൂരവനങ്ങളിൽ തടി വലിക്കുന്നതിനു കൊണ്ടുപോയേക്കാം.
നീണ്ട ചരിത്രമുള്ള ഒരു മേള
വാസ്തവത്തിൽ മൃഗമേള സോണാപ്പൂരിൽ എപ്പോൾ അല്ലെങ്കിൽ എങ്ങനെ തുടങ്ങിയെന്ന് ആർക്കും ഉറപ്പില്ലെന്നു തോന്നുന്നുവെങ്കിലും, മുഗൾ ചക്രവർത്തി ആലംഗീറിന്റെ ഭരണകാലത്തു (1658-1707) അതു പ്രാമുഖ്യതയിലേക്കു വരുത്തപ്പെട്ടതായി കാണപ്പെടുന്നു. ആയിരത്തിഎണ്ണൂററി എൺപത്തിയേഴു മുതൽ തന്റെ കുടുംബം കുതിരക്കമ്പോളത്തിനുള്ള മേളസ്ഥലം പാട്ടത്തിനു കൊടുത്തുകൊണ്ടാണിരിക്കുന്നതെന്നു പ്രാദേശിക ഭൂവുടമയായ രാജേശ്വർ പ്രസാദ് സിംഗ് പറയുന്നു. പത്തൊൻപതാം നൂററാണ്ടുമുതൽ ബ്രിട്ടീഷ് രാജിലെ നീലം തോട്ടമുടമകൾ ഈ മേളയുടെ സമയത്തു പോളോ കളിക്കാനും കുതിരപ്പന്തയത്തിനും നൃത്തത്തിനും വേണ്ടി ഇവിടെ ഒന്നിച്ചുകൂടിയിരുന്നു.
മേളയ്ക്കുവേണ്ടി വലിയ പരിവാരങ്ങളുമായി വന്നു പ്രത്യേക കൂടാരങ്ങളിൽ താമസിച്ച മഹാരാജാക്കൻമാർ മുൻകാലങ്ങളിലെ മേളയ്ക്കു തിളക്കമേകി. എന്തൊക്കെയാണെങ്കിലും, മൃഗങ്ങളുടെ ആവശ്യം നിലനിൽക്കുന്നിടത്തോളം കാലം സോണാപ്പൂർ മേളയും തുടർന്നു നടത്തപ്പെടും. എല്ലാതരത്തിലുമുള്ള മൃഗങ്ങൾ വിശിഷ്ട ആകർഷണങ്ങളായിരിക്കുന്ന വളരെ വ്യത്യസ്തമായ ഈ മേളയിൽ അൽപ്പസമയം ചെലവഴിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരായിരുന്നു. (g92 10/22)
[അടിക്കുറിപ്പുകൾ]
ആയിരം രൂപ 60 യു.എസ്സ്. ഡോളറിനു തുല്യമാണ്.
[13-ാം പേജിലെ ചതുരം]
അലങ്കരിച്ച കുതിരയെ കാഴ്ചക്കാർക്കു പ്രദർശിപ്പിക്കുന്നു
[14-ാം പേജിലെ ചതുരം]
വിൽക്കപ്പെട്ടതിനുശേഷം ഹരിഹർ പ്രസാദ്