ആസ്ത്മായെ മനസ്സിലാക്കൽ
ലോകവ്യാപകമായ ഒരു രോഗബാധയാണ് ആസ്ത്മാ. ഇവിടെ ന്യൂസിലാണ്ടിൽ, 10-ൽ ഒരാൾ അതിൽ നിന്നും ക്ലേശം അനുഭവിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു. ചെറുപ്പക്കാരും വൃദ്ധരും പട്ടണവാസികളും ഗ്രാമീണരും കൈതൊഴിൽക്കാരും ഓഫീസ് ജോലിക്കാരുമെല്ലാം കഷ്ടപ്പെടുന്നവരിൽ ഉൾപ്പെടുന്നു.
എന്നാലും ആസ്ത്മാ കുറച്ചു മാത്രം മനസ്സിലാക്കപ്പെടുന്നു, വിശേഷിച്ച് അതിനാൽ ബാധിക്കപ്പെടാത്തവരാൽ. ആസ്ത്മാരോഗികൾ പോലും പലപ്പോഴും തങ്ങൾക്കെന്താണു സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നില്ല. സാഹചര്യത്തെ കൂടുതൽ വഷളാക്കാൻ മാത്രമുതകുന്ന ഉത്കണ്ഠയെ ഇതു ജനിപ്പിച്ചേക്കാം. ന്യൂസിലാണ്ടിലെ ഗവേഷണങ്ങളിലും അനുഭവജ്ഞാനത്തിലും അടിസ്ഥാനപ്പെട്ടിരിക്കുന്ന പിൻവരുന്ന അഭിപ്രായങ്ങൾ, ഒരുപക്ഷേ ഗ്രാഹ്യത്തിന്റെ അപര്യാപ്തതയെ കുറെയൊക്കെ കുറയ്ക്കുവാൻ സഹായിക്കും.
എന്താണ് ആസ്ത്മാ?
ഒരു സാധാരണ ആസ്ത്മാ ആക്രമണത്തിൽ, ക്ലേശം അനുഭവിക്കുന്ന ആൾ നെഞ്ചിൽ ഒരു മുറുക്കം അനുഭവിക്കുന്നു. കുറുകുറുപ്പോടെ, ചുമച്ചുകൊണ്ട് ശ്വസിക്കാനായി അയാൾ പോരാടുന്നു. അനുഭവം ഭീതിജനകമാണ്! ഒരു ആസ്ത്മാ ആക്രമണം ഗുരുതരമോ ലഘുവോ ആകാം. ആക്രമണങ്ങളുടെ ആവൃത്തി പോലെ തന്നെ, ലക്ഷണങ്ങളും വ്യത്യാസപ്പെട്ടുവരാം. ചില വ്യക്തികളിൽ എപ്പോഴും ലക്ഷണങ്ങൾ ഉണ്ടായിരിക്കും, അവ രൂക്ഷതയിൽ വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും.
ഈ അസുഖകരമായ അനുഭവങ്ങൾക്ക് കാരണം എന്താണ്? നിങ്ങൾക്ക് അറിയാമായിരിക്കുന്നതുപോലെ, നമ്മുടെ ശ്വാസകോശങ്ങളിലേക്ക് വായു കടത്തിവിടപ്പെടുന്നത് ശ്വാസനാളങ്ങളിലൂടെയാണ്. പല ആസ്ത്മാ രോഗികളിലും അലർജി മുഖേനയുള്ള പ്രതിപ്രവർത്തനങ്ങൾ ഈ നാളങ്ങളിൽ അമിതസംവേദകത്വമുളവാക്കുന്നു. ശ്വാസനാളഭിത്തിയിലെ മാംസപേശികൾ സങ്കോചിക്കുകയോ, ശ്വാസനാള ഭിത്തിയെ പൊതിയുന്ന പാളിയിൽ വീക്കമുണ്ടാവുകയോ, ശ്വാസനാളഭിത്തിയിലെ ഗ്രന്ഥികൾ അമിതമായി ശ്ലേഷ്മം ഉൽപ്പാദിപ്പിക്കുകയോ ചെയ്തേക്കാം. ഫലമോ? ഈ കുഴലുകൾ ഇടുങ്ങുന്നു. രോഗിക്കു ശ്വസിക്കുവാൻ ബുദ്ധിമുട്ടുള്ളതിൽ അത്ഭുതമില്ല.
എന്താണ് ആസ്ത്മായ്ക്ക് കാരണമാക്കുന്നത്?
ഒരു ആസ്ത്മാ ആക്രമണത്തിന് വഴിമരുന്നിടുന്നത് എന്താണ്? ഒരുപക്ഷേ ഒരു അണുബാധ, ഒരു വൈകാരിക തകരാർ, അല്ലെങ്കിൽ എന്തിനോടെങ്കിലുമുള്ള ഒരു രൂക്ഷമായ അലർജിക് പ്രതിപ്രവർത്തനം. എന്നിരുന്നാലും, ഒരു വ്യക്തിയിൽ ഒരിക്കൽ അസുഖം ആരംഭിക്കുകയാണെങ്കിൽ, ശ്വാസനാളങ്ങളിൽ അതിസംവേദനം ഉളവാക്കുന്ന പല ആൻറിജനുകളോ അഥവാ പ്രത്യേക വസ്തുക്കളോ ഉണ്ടായിരിക്കാം. കൂടാതെ, ഒരിക്കൽ ശ്വാസനാളങ്ങൾ ഇവയോട് സുഗ്രാഹീകരിക്കപ്പെട്ടാൽ താപവ്യതിയാനങ്ങളോ, അന്തരീക്ഷത്തിലെ ഈർപ്പ വ്യത്യാസങ്ങളോ, വൈകാരിക തകരാറുകളോ, വ്യായാമങ്ങളോ പോലെയുള്ള മററു ഘടകങ്ങളും ആക്രമണങ്ങൾക്ക് കാരണമായേക്കാം.
ഒരു ആസ്ത്മാ ആക്രമണത്തിന് ഇടയാക്കുന്ന ചില ആൻറിജനുകളെ ഡോക്ടർമാർക്ക് തിരിച്ചറിയുവാൻ സാധിച്ചേക്കും. എന്നാൽ അവയെല്ലാററിനെയും കണ്ടുപിടിക്കുവാൻ പലപ്പോഴും സാദ്ധ്യമാവുകയില്ല. അവയെ കണ്ടെത്തിയാൽ പോലും, പലപ്പോഴും അവയെ ഒഴിവാക്കുക അസാദ്ധ്യമായിരിക്കും. ആസ്ത്മായുടെ കാരണങ്ങളും അവയെ കൈകാര്യം ചെയ്യുവാനുള്ള ഏററവും ഉത്തമമായ മാർഗ്ഗവും കണ്ടെത്താനുള്ള സമഗ്രമായ പരിശോധനകൾക്ക് സമയമെടുത്തേക്കാം. ക്ലേശമനുഭവിക്കുന്നവരുടെ ഭാഗത്തുനിന്നും ഡോക്ടർമാരിൽ നിന്നും ഉള്ള അധികം ക്ഷമ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ചെലവഴിക്കപ്പെടുന്ന അത്തരം സമയം രോഗലക്ഷണങ്ങളെ നിയന്ത്രിക്കുവാനുള്ള കൂടുതലായ പ്രാപ്തിക്ക് ഇടയാക്കുന്നു.
ആക്രമണങ്ങളെ എങ്ങനെ തടയാം?
പല ഘടകങ്ങൾ ശ്വാസകോശങ്ങളെ അലോസരപ്പെടുത്തുകയും, ഒരു ആസ്ത്മാ രോഗിയിൽ ഒരു ആക്രമണത്തെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. പിൻവരുന്നവയുമായുള്ള സമ്പർക്കത്തെ ഒഴിവാക്കുവാൻ ശ്രമിക്കുക.
പുകയില പുക: പുകവലിക്കാതിരിക്കുകയും, പുകനിറഞ്ഞ മുറികളെ ഒഴിവാക്കുകയും ചെയ്യുക. പുകവലിക്കുവാൻ നിർബന്ധം കാട്ടുന്ന രോഗികളിൽ ഡോക്ടർമാർക്കുള്ള സഹതാപം എളുപ്പം നഷ്ടപ്പെടുന്നു. ആസ്ത്മാരോഗികളുടെ സുഹൃത്തുക്കൾ, അവരുടെ സാന്നിദ്ധ്യത്തിൽ പുകവലിക്കരുത്. ആ വ്യക്തി ഉടനടി ഒരു ആക്രമണത്താൽ കഷ്ടപ്പെടാതിരുന്നേക്കാമെങ്കിലും, പുകയുടെ ഫലമായി മണിക്കൂറുകൾക്കു ശേഷം വിഷമാവസ്ഥയിലായേക്കാം.
പൊടി: പൊടി നിറഞ്ഞ, അടച്ചു കെട്ടപ്പെട്ട സ്ഥലങ്ങളെയും, പൊടി ഉയർത്തുന്ന പ്രവർത്തനങ്ങളെയും ഒഴിവാക്കുവാൻ പരിശ്രമിക്കുക. നിങ്ങളുടെ ജോലി ധാരാളം പൊടിയുമായുള്ള സമ്പർക്കത്തിലേക്കു നിങ്ങളെ വരുത്തുന്നെങ്കിൽ ജോലി മാറുന്ന കാര്യം ഗൗരവ പൂർണ്ണമായി പരിഗണിക്കുക. ചില ആസ്ത്മാ രോഗികൾ തങ്ങളുടെ രോഗലക്ഷണങ്ങൾ രാത്രിയിലോ, കിടപ്പുമുറിയിലോ മാത്രം ഉണ്ടാകുന്നതായി കാണുന്നു. ഇത് വീടിനുള്ളിലെ പൊടി മൂലമോ, പൊടിയിൽ വളരുന്ന വളരെ ചെറിയ പ്രാണികൾ മൂലമോ ആയിരിക്കുമോ? പല കേസുകളിലും ഇത് അങ്ങനെയാണ്; അതിനാൽ ആസ്ത്മാ രോഗികളുടെ കിടപ്പു മുറി സാദ്ധ്യമാവുന്നിടത്തോളം പൊടിയിൽ നിന്നു വിമുക്തമായിരിക്കണം. വിശേഷാൽ ആസ്ത്മാ രോഗികളെ ഉദ്ദേശിച്ചുള്ള ചില ഗൃഹസംവിധാന നിർദ്ദേശങ്ങൾ പിൻവരുന്നു.
ദിവസവും കിടപ്പുമുറി ശുചിയാക്കുക.
എല്ലാ ആഴ്ചയിലും മെത്തയും, കട്ടിലും, പുതപ്പുകളും, നിലവും നല്ലവണ്ണം വൃത്തിയാക്കുകയും നിർവാതവൽക്കരിക്കുകയും ചെയ്യുക. പരവതാനികളെയും കംബളങ്ങളെയുംകാൾ ഉത്തമം, മരപ്പലകകൾ പാകിയ തറയും, ജനാലകൾക്കു കർട്ടനുകളേക്കാൾ മെച്ചം വെനീഷ്യൻ ബ്ലൈൻഡുകളുമാണ്.
വീട്ടുപകരണങ്ങൾ, കതകുകളുടെ മുകൾവശം, ജനാല ചട്ടങ്ങൾ, ജനൽ പടികൾ തുടങ്ങിയവ ഒരു നനഞ്ഞ തുണികൊണ്ട് തുടച്ച് പൊടി നീക്കം ചെയ്യുക.
മുറിയിൽ നല്ലവണ്ണം വായൂസഞ്ചാരം അനുവദിക്കുകയും, അതിനുശേഷം വ്യക്തിയുടെ വിശ്രമത്തിനു മുമ്പായി മൂന്നോ നാലോ മണിക്കൂർ നേരത്തേക്ക് ജനലുകളും കതകുകളും അടച്ചിടുകയും ചെയ്യുക.
മെത്തകൾ, പുതപ്പുകൾ, തലയിണകൾ തുടങ്ങിയവ അലർജിയുളവാക്കുന്ന വസ്തുക്കളാൽ നിർമ്മിതമായിരിക്കരുത്. സാദ്ധ്യമെങ്കിൽ ക്രമമായി അവ വെയിലിൽ ഉണക്കുക.a
ഒരു കാര്യം കൂടി. ഓമനമൃഗങ്ങളെയും പക്ഷികളെയും കിടപ്പുമുറിയിൽ കടക്കുവാൻ അനുവദിക്കരുത്. കൂടാതെ, നിങ്ങളുടെ ഓമനമൃഗങ്ങളോട് നിങ്ങൾക്ക് അലർജിയുണ്ടെന്ന് ഏതെങ്കിലും തെളിവുകളുണ്ടെങ്കിൽ അവക്കായി മറെറാരു ഭവനം കണ്ടെത്തുക—അഥവാ കുറഞ്ഞപക്ഷം അവയെ എല്ലായ്പ്പോഴും വീടിനു വെളിയിൽ സൂക്ഷിക്കുക.
താപവും അന്തരീക്ഷത്തിലെ ഈർപ്പവും: പെട്ടെന്നുള്ള താപവ്യതിയാനവും, ചൂടിന്റെയും തണുപ്പിന്റെയും അത്യുച്ചങ്ങളും ഒരു ആക്രമണത്തെ ഉദ്ദീപിപ്പിച്ചേക്കാം. ഏററവും ഉത്തമം ലഘുവായ തോതിൽ ചൂടുള്ളതും, ഈർപ്പമുള്ളതുമായ വായുവാണ്. അതിനാൽ നിങ്ങൾക്ക് ആസ്ത്മാ ഉണ്ടെങ്കിൽ, മൂടൽമഞ്ഞു നിറഞ്ഞതോ, തണുത്തതോ ആയ കാലാവസ്ഥകളിൽ സാധ്യമാവുന്നിടത്തോളം കുറച്ചുമാത്രം പുറത്തുപോവുക. ചൂടായ, വരണ്ട കേന്ദ്രീയ താപീകരണത്തെ ഒഴിവാക്കുക. രാത്രിയിലെ താപവ്യതിയാനങ്ങൾ രോഗമൂർച്ഛക്കിടയാക്കുന്നുവെങ്കിൽ, ശീതകാല മാസങ്ങളിൽ നിങ്ങളുടെ മുറിയിൽ, അന്തരീക്ഷത്തിലെ താപത്തിനനുസൃതമായി നിയന്ത്രിക്കപ്പെടുന്ന ഒരു ഹീററർ പരീക്ഷിച്ചു നോക്കുക. അന്തരീക്ഷത്തിലെ ഈർപ്പം നിങ്ങളുടെ രോഗലക്ഷണങ്ങളെ ആനയിക്കുന്നുവെങ്കിൽ, ഒരു ഈർപ്പ നിയന്ത്രണസംവിധാനം ഉപയോഗിച്ചു നോക്കുക.
വൈകാരിക സമ്മർദ്ദവും തളർച്ചയും: ഇവയിൽ ഏതെങ്കിലും ഒന്ന് ഒരു ആസ്ത്മാ ആക്രമണത്തിനു കാരണമായേക്കാം. സത്യമായി, നമുക്കെപ്പോഴും വൈകാരിക സമ്മർദ്ദങ്ങളെ നിയന്ത്രിക്കുവാൻ സാദ്ധ്യമല്ല. എന്നാൽ പല ആസ്ത്മാ രോഗികളും, ബൈബിൾ തത്വങ്ങൾ തങ്ങളെ ഈ മണ്ഡലത്തിൽ സഹായിക്കുന്നതായി കണ്ടെത്തുന്നു. ബൈബിൾ നമ്മോടു പറയുന്നു: “ശരീരത്തിന്റെ ജീവൻ ഒരു പ്രശാന്തമായ ഹൃദയമാകുന്നു.” (സദൃശവാക്യങ്ങൾ 14:30, യെരൂശലേം ബൈബിൾ). കൂടാതെ, ആസ്ത്മായാൽ കഷ്ടപ്പെടുന്ന ജ്ഞാനികൾ, തങ്ങളുടെ ശാരീരിക പരിമിതികളെപ്പററി ബോധവാൻമാരാകുവാൻ ശ്രമിച്ചുകൊണ്ട് ഒരു ആക്രമണത്തിനിടയാക്കാൻ കഴിവുള്ള തളർച്ചയെ ഒഴിവാക്കുന്നു.
ആഹാരം: ആഹാരത്തിന്റെ അലർജികൾ ആസ്ത്മാ ആക്രമണത്തിനു കാരണമായേക്കാം; വിശേഷിച്ച് കുട്ടികളിലും, തങ്ങളുടെ ശൈശവത്തിൽ ആസ്ത്മാ തുടങ്ങിയ മുതിർന്നവരിലും. പാൽ മുട്ട, ധാന്യങ്ങൾ തുടങ്ങിയ സാധാരണ ഭക്ഷണ പദാർത്ഥങ്ങൾ പോലും സംശയിക്കപ്പെട്ടേക്കാം. എന്നാൽ കുററവാളിയെ കണ്ടെത്താൻ വളരെ അധികം അന്വേഷണവേല ആവശ്യമായേക്കാം; പ്രത്യേകിച്ച് അത് പഞ്ചസാരപോലെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു വസ്തുവാണെങ്കിൽ. കൂടാതെ, തീർച്ചയായും, ഒന്നിലധികം ഭക്ഷണ പദാർത്ഥങ്ങൾ ഉൾപ്പെട്ടേക്കാം. ലഹരി പാനീയങ്ങളെ പരിഗണിക്കുവാൻ മുതിർന്ന രോഗികളെ ഉപദേശിക്കുന്നതു നല്ലതാണ്, വിശേഷിച്ച്, സാഹചര്യത്തെ കൂടുതൽ വഷളാക്കുവാൻ ഇടയുള്ള ബിയറും വീഞ്ഞും.
വ്യായാമം: ചിലപ്പോൾ ആസ്ത്മായുടെ ഒരു ആക്രമണം അമിതാദ്ധ്വാനത്താൽ ഉളവാക്കപ്പെടുന്നു. സാധാരണയായി വ്യായാമം അവസാനിച്ചതിനു ശേഷമായിരിക്കും പ്രഹരിക്കപ്പെടുക. ഇതാണു നിങ്ങളുടെ അനുഭവമെങ്കിൽ, സ്ക്വാഷ്പോലെ ഊർജ്ജത്തിന്റെ പെട്ടെന്നുള്ള ബഹിർസ്ഫുരണം ഉൾപ്പെടുന്ന വ്യായാമങ്ങൾ ഒഴിവാക്കുകയും, നീന്തലോ സൈക്ലിങ്ങോ പോലെ കൂടുതൽ സാവധാനത്തിലുള്ള ഒരു വ്യായാമം പരീക്ഷിച്ചു നോക്കുകയും ചെയ്യുക. കഠിനശ്രമം ആവശ്യമുള്ള ഒരു പ്രവർത്തനത്തിനുമുമ്പായി ഒരു ബ്രോങ്കോഡയലേററർ [ശ്വാസനാളങ്ങളിലെ തടസ്സം നീക്കം ചെയ്യുന്ന ഒരു ഔഷധം] ഉപയോഗിക്കുന്നത്, ഒരുപക്ഷേ സഹായകരമായിരിക്കും. വ്യായാമം സംബന്ധിച്ച നിങ്ങളുടെ സഹനശക്തിയെ വർദ്ധിപ്പിക്കുന്ന ഒരു പരിപാടിയാൽ, ഒരു ഫിസിയോ തെറാപ്പിസ്ററിന് നിങ്ങളെ സഹായിക്കുവാൻ സാധിച്ചേക്കും. ശ്വാസംമുട്ടൽ അനുഭവപ്പെടാതെ കൂടുതൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ ഇതു നിങ്ങളെ പ്രാപ്തരാക്കും.
അണുബാധ: പലപ്പോഴും, ജലദോഷമോ ഇൻഫ്ളുവൻസായോപോലെ ലഘുവായുള്ള ശ്വസന അണുബാധകൾ ആസ്ത്മാ ആക്രമണത്തെ ഇളക്കിവിടുകയോ രോഗലക്ഷണങ്ങളെ വഷളാക്കുകയോ ചെയ്യുന്നു. അണുബാധയുള്ളപ്പോൾ ആസ്ത്മായിൽ നിന്നു വിമുക്തി നൽകുന്ന സാധാരണ ചികിൽസാ വിധികൾ എല്ലായ്പ്പോഴും ഫലവത്താവുകയില്ല.
പൂമ്പൊടിയോടൊത്തു ജീവിക്കൽ: ശ്വസന സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് ശീതകാല മാസങ്ങൾ പല പ്രശ്നങ്ങൾ ഉളവാക്കുന്നുവെന്നിരിക്കെ, സീസണൽ ആസ്ത്മാ എന്നു വിളിക്കപ്പെടുന്നതിൽ നിന്ന് അനേകർ ദുരിതം അനുഭവിക്കുന്നു. വേനൽക്കാലത്ത് വായുവിൽ പറന്നു നടക്കുന്ന അതിസൂക്ഷ്മങ്ങളായ പരാഗരേണുക്കൾ, ആസ്ത്മാ രോഗികളിൽ അവർണ്ണനീയമായ ദുരിതത്തിനും അസ്വസ്ഥതക്കും കാരണമാകുന്നു. ഈ പൂമ്പൊടികളുടെ ഉറവിടങ്ങളെ ഇല്ലാതാക്കുക അസാദ്ധ്യമാണ്. എന്നാൽ സാമാന്യബോധത്തോടെയുള്ള ചില കരുതലുകൾ സഹായിച്ചേക്കാം. ഉദാഹരണത്തിന്, പരാഗരേണുക്കളുടെ സീസണുകളിൽ കാനനപ്രദേശങ്ങളെയും, നാട്ടിൻപുറങ്ങളെയും, പുതുതായി വെട്ടി നിർത്തപ്പെട്ട പുൽതകിടികളെയും ഒഴിവാക്കുവാൻ ശ്രമിക്കുക. കൂടാതെ, സാദ്ധ്യമെങ്കിൽ ഫലപ്രദമായ എയർകണ്ടീഷനിംഗ് ഉപയോഗിക്കുക.
പൂപ്പുകളോടൊത്തു ജീവിക്കൽ: ആയിരക്കണക്കിനു പൂപ്പുകൾ അഥവാ കുമിളുകൾ നമ്മുടെ പരിസരത്തു വസിക്കുന്നു. പൂപ്പുകളുടെയും കുമിളുകളുടെയും സസ്യബീജങ്ങൾ [പുനരുൽപ്പാദന വസ്തുക്കൾ] സസ്യങ്ങളിലും ജന്തുക്കളിലും വളരുന്നു. അവ ഗോതമ്പ്, ഓട്സ്, ചോളം, പുല്ല് തുടങ്ങിയവയിലും സുലഭമാണ്. വളരെ ചുരുക്കം എണ്ണം മാത്രം ആസ്ത്മാ രോഗികളിൽ പ്രശ്നങ്ങൾക്കു കാരണമാകുന്നു എന്നു കാണിക്കപ്പെടുന്നുവെങ്കിലും, ന്യൂസിലണ്ടിലെ ഒരു പഠനം വെളിപ്പെടുത്തിയത് സസ്യബീജങ്ങൾ ഒരു പ്രധാന അലർജി ഘടകം ആയിരിക്കാം എന്നാണ്. അതിനാൽ, വായുവിൽ പരക്കുന്ന സസ്യബീജങ്ങളെ നിർമ്മാർജ്ജനം ചെയ്യുക സാദ്ധ്യമല്ലെങ്കിലും പിൻവരുന്ന കരുതൽ നടപടികൾ സഹായിച്ചേക്കാം:
ഈർപ്പം നിറഞ്ഞതും പഴകിയതുമായ നിലവറകളെയും കെട്ടിടങ്ങളെയും ഒഴിവാക്കുക.
ഇലകളും ഉണങ്ങിയ പുല്ലും തടുത്തു കൂട്ടുകയോ കത്തിക്കുകയോ ചെയ്യരുത്.
പൂപ്പുബാധിച്ച വസ്തുക്കളെ നശിപ്പിച്ചുകളയുകയോ അവയെ അണുവിമുക്തമാക്കുകയോ ചെയ്യുക.
ചെടികളെ വീടിനുള്ളിൽ സൂക്ഷിക്കുകയോ പൂന്തോട്ടത്തിൽ കമ്പോസ്ററ് കൂനകൾ നിർമ്മിക്കുകയോ ചെയ്യരുത്.
വീടിനുള്ളിലുള്ള പൂപ്പുപിടിച്ച ഭാഗങ്ങളെ ശുദ്ധീകരിക്കുക.
നിങ്ങളുടെ കുട്ടി ആസ്ത്മാ രോഗിയാണോ?
അങ്ങനെയാണെങ്കിൽ അവന് നിങ്ങളുടെ പിന്തുണ ആവശ്യമായിരിക്കുന്നു. നിങ്ങളും, അവന്റെ അദ്ധ്യാപകരും, അവന്റെ പ്രശ്നങ്ങളെ മനസ്സിലാക്കുകയും അതുമായി പൊരുത്തപ്പെട്ടുപോകുവാൻ അവനെ സഹായിക്കുകയും ചെയ്യേണ്ടതുണ്ട്. അവന് ആകാവുന്നതിലധികം ചെയ്യുവാൻ അവൻ തള്ളിവിടപ്പെടരുത്. എന്നാൽ അവന്റെ ആസ്ത്മായുടെ പിന്നിൽ ഒളിച്ചുകൊണ്ട് അവനു പ്രയോജനകരങ്ങളായ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് ഒഴിവാകുവാനും അവനെ അനുവദിക്കരുത്.
ആസ്ത്മാ ബാധിച്ച പല കുട്ടികൾക്കും അവർ രോഗലക്ഷണങ്ങളിൽ നിന്നു വിമുക്തരായിരിക്കുമ്പോൾ മിക്കവാറും എല്ലാ കളികളിലും ഏർപ്പെടാമെങ്കിലും, അവന്റെ ശാരീരിക പ്രവർത്തനങ്ങൾ മൽസരാത്മകമാകാതെയിരിക്കുന്നതായിരിക്കും അഭികാമ്യം. എന്നിരുന്നാലും, ദീർഘകാലമായി ആസ്ത്മാ ഉള്ള കുട്ടികൾക്ക് പരിമിതമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനേ സാധിക്കു; കൂടാതെ അവനെ കൂടുതൽ കഠിനശ്രമങ്ങളിലേക്കു തള്ളിവിടാതിരിക്കുവാൻ മുതിർന്നവർ ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധങ്ങളുടെ ബുദ്ധിപൂർവ്വകമായ ഉപയോഗം, കായിക വിദ്യാഭ്യാസം പോലെ സാധാരണമായ പ്രവർത്തനങ്ങൾ ആസ്വദിക്കുവാൻ അവനെ സഹായിച്ചേക്കാം. എന്നാൽ പരിശീലകൻ ഒരു ബ്രോങ്കോഡയലേററർ എയിറോ സോൾ എപ്പോൾ, എങ്ങനെ ഉപയോഗിക്കണം എന്ന് അറിഞ്ഞിരിക്കണം.
ചുരുക്കം ചില കുട്ടികൾ, ശ്വസനത്തിൽ നിരന്തരം ബുദ്ധിമുട്ടനുഭവിക്കുകയും, കൂടെക്കൂടെ വിമ്മിട്ടപ്പെടുകയും ചെയ്യുംവിധം കഠിനമായി ആസ്ത്മായാൽ ബാധിക്കപ്പെട്ടിരിക്കുന്നു. അത്തരം കുട്ടികൾ മിക്കപ്പോഴും ഉത്കണ്ഠാകുലരും, പിരിമുറുക്കം അനുഭവിക്കുന്നവരുമായിരിക്കും; അവരുടെ മാതാപിതാക്കളും അദ്ധ്യാപകരും അവരെക്കുറിച്ച് വളരെയധികം ആകുലപ്പെടുന്നു. കുട്ടികൾക്ക് പതിവായി ക്ലാസ്സുകൾ നഷ്ടപ്പെടുന്നു; കൂടാതെ കളികളിൽ ഉൾപ്പെടുക അസാദ്ധ്യമാവുകയും ചെയ്തേക്കാം.
ഒരു മാതാവോ, പിതാവോ അങ്ങനെയുള്ള ഒരു കുട്ടിയുടെ കാര്യത്തിൽ അതിസംരക്ഷണാത്മകരായിരിക്കാം. നിരന്തരം പിരിമുറുക്കവും വാദപ്രതിവാദങ്ങളും നിറഞ്ഞ ഒരു ഭവനത്തിൽ നിന്നാണു കുട്ടി വരുന്നതെങ്കിൽ, അവന് അതിയായി ആവശ്യമായിരിക്കുന്ന പിന്തുണയും, സ്നേഹവും, ഗ്രാഹ്യവും, പ്രോൽസാഹനവും അവനു നഷ്ടമായേക്കാം. ആസ്ത്മായോട് ആരോഗ്യാവഹമായ, ശുഭാപ്തിവിശ്വാസം നിറഞ്ഞ, സമീപനം കൈകൊണ്ടിരിക്കുന്ന മാതാപിതാക്കൾ കുട്ടികളുടെ ഉത്കണ്ഠയെ കുറക്കുവാനും രോഗത്തിന്റെ കാഠിന്യത്തെ ലഘൂകരിക്കുവാനും സഹായിക്കുന്നു.
ആരിലെങ്കിലും ഒരു ആക്രമണം ഉണ്ടായാൽ . . .
അയാളെ ശാന്തമായ ഒരു സ്ഥലത്തേക്കു മാററുകയും അയാൾക്കു ധൈര്യം നൽകുകയും ചെയ്യുക. അയാൾക്കു നിൽക്കുകയോ മുന്നോട്ടാഞ്ഞ് ഇരിക്കുകയോ ചെയ്യാം; സാധാരണയായി ഒരു ആക്രമണത്തിനിടയിൽ ഏററവും ആശ്വാസം പകരുന്ന നിലയിതാണ്. കൂടാതെ, അയാൾ ഉടൻതന്നെ തന്റെ ബ്രോങ്കോഡയലേററർ ഉപയോഗിക്കണം. ബ്രോങ്കോഡയലേററർ ഒരു ഇൻഹേലറാണെങ്കിൽ, അത് വായിലൂടെ കഴിക്കുന്ന ഒരു ഔഷധത്തേക്കാൾ വേഗത്തിലും തന്നിമിത്തം ഫലപ്രദമായും പ്രവർത്തിച്ചേക്കാം. ആക്രമണം ഗുരുതരമാണെങ്കിൽ—പ്രത്യേകിച്ച് രോഗിക്ക് ശരിയായി സംസാരിക്കാൻ സാദ്ധ്യമല്ലെങ്കിൽ—അയാളെ എത്രയും വേഗം ഒരു ഡോക്ടറുടെയടുത്ത് എത്തിക്കുക. ഒരു ആക്രമണത്തിനിടയിൽ കിതപ്പും വീർപ്പുമുട്ടലും മൂലം രോഗിയിൽ നിന്ന് വളരെയധികം ജലാംശം നഷ്ടപ്പെടുന്നു. അതിനാൽ അയാൾക്ക് ധാരാളമായി കുടിക്കുവാൻ നൽകുക.
ആസ്ത്മാരോഗിയെ ചികിൽസിക്കൽ
ആസ്ത്മാരോഗിയെ സഹായിക്കുന്നതിൽ ഒരു സുപ്രധാന തുണയാണ് ഫിസിയോ തെറാപ്പി; വിശേഷിച്ച് (ഉരോദര ഭിത്തി [ഡയഫ്രം] ഉപയോഗിച്ച്) എങ്ങനെ ശരിയായി ശ്വസിക്കാം എന്നും ശ്വാസംമുട്ടൽ എങ്ങനെ ലഘൂകരിക്കാം എന്നും അയാളെ കാണിക്കുന്നതിനാൽ. തെറാപ്പിസ്ററ് അയാളെ, അയവു നേടുന്നത് എങ്ങനെയെന്നും, ഉത്തമമായ ശാരീരിക നിലയും, ആസ്ത്മായെ നിയന്ത്രണാധീനമാക്കുവാൻ സഹായിക്കുന്ന വ്യായാമങ്ങളും പരിശീലിപ്പിക്കുവാൻ സാധിക്കും. ചികിൽസാവിധികൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ഓരോ വ്യത്യസ്ത കേസുകളിലും ഏററവും ഉത്തമം എന്താണെന്ന് നിർദ്ദേശിക്കുവാൻ സാധാരണയായി ഏററവും യോഗ്യൻ ഒരു ഡോക്ടർ തന്നെയാണ്.
ചികിൽസകളിൽ, സോഡിയം ക്രോമോലിനോ, സ്ററിറോയിഡുകളോ അഥവാ പലതരം ബ്രോങ്കോഡയലേറററുകളോ പോലുള്ള മരുന്നുകളുടെ ഉപയോഗം ഉൾപ്പെടുന്നു. ഔഷധങ്ങളുടെ ഉപയോഗത്തിൽ, തീർച്ചയായും, സാദ്ധ്യമായ പാർശ്വഫലങ്ങൾ ഉണ്ടായേക്കാം. ഒരു ഡോക്ടർക്ക് മററു ചികിൽസാവിധികൾ ശുപാർശചെയ്യുവാൻ സാധിച്ചേക്കും.
ആസ്ത്മാ സങ്കീർണ്ണമാണ്. ഏതെങ്കിലും വിധത്തിൽ സഹായികളാകണമെങ്കിൽ ബന്ധുക്കളും സ്നേഹിതരും ഇതു മനസ്സിലാക്കണം. ‘നിങ്ങളുടെ മനസ്സിനെ കേവലം ഇതിൽ നിന്ന് മാററുക’ എന്നോ, അഥവാ ‘എന്റെ നോട്ടത്തിൽ, നിങ്ങൾ തികച്ചും നന്നായിരിക്കുന്നു’ എന്നോ പോലെയുള്ള കാര്യങ്ങൾ പറയുന്നത് ഒഴിവാക്കുക. തങ്ങളുടെ രോഗത്തെ മനസ്സിലാക്കുവാൻ പഠിക്കുന്ന ആസ്ത്മാ രോഗികൾക്ക് ഈ അറിവിൽ നിന്ന് ആശ്വാസം നേടാം: ദൈവത്തിന്റെ പുതിയ ലോകത്തിൽ മനുഷ്യവർഗ്ഗം എല്ലാ അസുഖങ്ങളിൽ നിന്നും സൗഖ്യമാക്കപ്പെടുന്നതിനുമുമ്പുതന്നെ, അവർക്ക് ആസ്ത്മാ ആക്രമണങ്ങൾക്കായി കൂടുതൽ മെച്ചമായി ഒരുങ്ങിയിരിക്കാൻ കഴിയും, അവയെ ഉദ്ദീപിപ്പിക്കുന്ന കാര്യങ്ങളെ ഒഴിവാക്കുവാൻ കൂടുതൽ നന്നായി സജ്ജരായിരിക്കാൻ കഴിയും, കൂടാതെ അവരുടെ പിരിമുറുക്കവും ഉത്ക്കണ്ഠയും അസ്വാസ്ഥ്യവും വളരെ കുറയ്ക്കുകയും ചെയ്യാൻ കഴിയും. (യെശയ്യാവ് 33:23, 24)—ഒരു ആസ്ത്മാ രോഗിയാൽ സംഭാവനചെയ്യപ്പെട്ടത്. (g90 3/22)
[അടിക്കുറിപ്പുകൾ]
a ചിലപ്പോൾ ഒരു ആസ്ത്മാരോഗി ഇത്തരം ഗാർഹിക ജോലികൾ ചെയ്യുവാൻ സാധിക്കാത്തവിധം വളരെ അശക്തനായിരിക്കാം. സഹായകരമായ നിർദ്ദേശങ്ങൾക്ക് ഫെബ്രുവരി 22, 1982-ലെ എവേക്ക്!ലുള്ള, “അനാരോഗ്യമാണെങ്കിലും ഒരു ശുചിത്വമുള്ള ഭവനം” എന്ന ലേഖനം കാണുക.
[15-ാം പേജിലെ ചിത്രം/രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
സാധാരണം
അയവുള്ള മാംസപേശി
ശ്ലേഷ്മപാളി
തടസ്സപ്പെടാത്ത ശ്വാസനാളം
ആസ്ത്മാ ആക്രമണം
മാംസപേശി സങ്കോചിച്ചിരിക്കുന്നു
വീക്കംവന്ന ശ്ലേഷ്മപാളി
തടസ്സപ്പെട്ട ശ്വാസനാളം
കഫം