മൂല്യങ്ങൾക്ക് എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?
ആയിരത്തിത്തൊള്ളായിരത്തിനാല്പത്തെട്ടിലെ ഒരു യുദ്ധവിരാമദിനപ്രസംഗത്തിൽ ജനറൽ ഒമർ എൻ. ബ്രാഡ്ലി ഇങ്ങനെ പ്രസ്താവിച്ചു: “നമുക്ക് വളരെയധികം ശാസ്ത്രജ്ഞൻമാരുണ്ട്, വളരെക്കുറച്ച് ദൈവമനുഷ്യരേയുള്ളു. നാം ആററത്തിന്റെ മർമ്മം കണ്ടുപിടിച്ചിരിക്കുന്നു, എന്നാൽ ഗിരിപ്രഭാഷണത്തെ തള്ളിക്കളഞ്ഞിരിക്കുന്നു. . . . നമ്മുടേത് ന്യൂക്ലിയർമല്ലൻമാരുടെയും നൈതികശിശുക്കളുടെയും ലോകമാണ്. നമുക്ക് സമാധാനത്തെക്കാൾ കൂടുതൽ യുദ്ധത്തെക്കുറിച്ചും ജീവിക്കുന്നതിനെക്കാൾ കൂടുതൽ കൊല്ലുന്നതിനെക്കുറിച്ചും അറിയാം.” “മനുഷ്യവർഗ്ഗം ധാർമ്മിക പരിചയക്കുറവിനാൽ ഈ ലോകത്തിൽ കുരുങ്ങിപ്പോകുന്നതിന്റെ അപകടത്തിലാണ്.”
ഒരു കാലത്ത് ബൈബിൾപരമായ ഉറവുകളിൽനിന്നുള്ള പരമ്പരാഗത മൂല്യങ്ങളുണ്ടായിരുന്നു. എന്നാൽ മേലാൽ ഇല്ല. അവ മേലാൽ ഫാഷ്യനല്ലാത്തതുപോലെ തള്ളിക്കളയപ്പെട്ടിരിക്കുന്നു. പുതിയ ജീവിതശൈലികൾ പ്രബലപ്പെട്ടിരിക്കുന്നു. “സത്യം” ആപേക്ഷികമാണ്. മേലാൽ ശരിയോ തെറേറാ ഇല്ല. ന്യായംവിധിക്കേണ്ട ആവശ്യമില്ല. ഓരോരുത്തർക്കും സ്വന്തം മൂല്യസംഹിതയുണ്ട്, തനിക്ക് എന്താണ് ശരിയെന്ന് അയാൾ തീരുമാനിക്കുന്നു, സ്വന്തം കാര്യം ചെയ്യുന്നു. ദുർവൃത്തി തെററല്ല. വ്യഭിചാരം തെററല്ല. വിവാഹമോചനം തെററല്ല. കുട്ടികളെ അവഗണിക്കുന്നത് തെററല്ല. പരിണതഫലങ്ങൾ—കുതിച്ചുയരുന്ന കൗമാരപ്രായ ഗർഭധാരണങ്ങൾ, ദശലക്ഷക്കണക്കിനു ഗർഭച്ഛിദ്രങ്ങൾ, കുട്ടികളുടെ പാഴായ ജീവിതം—ഇവയൊന്നും പഴിക്കേണ്ടവയല്ല. തെററും പഴിക്കലുമില്ലാത്തതിനാൽ കുററവുമില്ല. ഈ വിധത്തിൽ ലോകം യഥാർത്ഥമൂല്യങ്ങളെ ചവററുകൊട്ടയിൽ തള്ളിയിരിക്കുകയാണ്.
ഒന്നാമത്തെ മനുഷ്യജോടി തങ്ങൾക്കായിത്തന്നെ തെററും ശരിയും നിർണ്ണയിക്കാൻ തീരുമാനിച്ചു. (ഉല്പത്തി 2:17; 3:5) ഇന്ന്, ദശലക്ഷങ്ങൾ തെറേറാ ശരിയോ ഇല്ലെന്ന് തീരുമാനിച്ചിരിക്കുന്നു. തങ്ങൾക്കിഷ്ടപ്പെടുന്നതുപോലെ പ്രവർത്തിക്കാനുള്ള ആഗ്രഹത്താൽ അവർ പരമ്പരാഗതമൂല്യങ്ങളെ തള്ളിക്കളയുകയും “ഒടുവിൽ സ്വാതന്ത്ര്യം! എന്തും ചെയ്തുകൊള്ളുക!” എന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്നു. നിയന്ത്രണങ്ങൾ പൊയ്പോകുന്നു—പിന്നെ കഷ്ടതകളുടെ പ്രവാഹമായി!
ഒരു പ്രമുഖ മാസികയിലെ ഒരു തലക്കെട്ട് ഇങ്ങനെ ചോദിക്കുന്നു, “നുണയൻമാരുടെ ഒരു ജനതയോ?” പിന്നെ ഇങ്ങനെ ഒരു കുറിപ്പ് കൂട്ടിച്ചേർക്കുന്നു: “ഗവൺമെൻറ് ഉദ്യോഗസ്ഥൻമാർ വഞ്ചന കാണിക്കുന്നു. ശാസ്ത്രജ്ഞൻമാർ ഗവേഷണത്തിൽ വ്യാജം കാണിക്കുന്നു. ജോലിക്കാർ ജോലികിട്ടാൻ സാക്ഷ്യപത്രങ്ങൾക്കു മാററം വരുത്തുന്നു. ഇവിടെ എന്താണു നടക്കുന്നത്? അടിസ്ഥാന സത്യസന്ധതയിൽ ഭീതിജനകമായ ഒരു തകർച്ച സംഭവിക്കുന്നതായി സാമൂഹ്യ വിമർശകരുടെ വർദ്ധിച്ചുവരുന്ന സംഖ്യ ഭയപ്പെടുന്നു.”
മറെറാരു പ്രമുഖ മാസിക നീതിശാസ്ത്രം സംബന്ധിച്ച് ഒരു ലേഖനപരമ്പര എഴുതുന്നു, ഇടയ്ക്കിടെ ഇങ്ങനെയുള്ള രസകരമായ വാർത്തകളും ഉൾപ്പെടുത്തുന്നു: അപവാദകളങ്കമേററ ബിസിനസ്സ് നടപടികൾ; പൊതുട്രസ്ററിൽ വിശ്വാസവഞ്ചന കാട്ടുന്നു; മാനുഷദൗർബല്യത്തിന്റെ മുഴുവ്യാപ്തിയും വെളിപ്പെടുത്തുന്ന ലംഘനങ്ങൾ. തെററുകൾ സമ്മതിക്കുന്നു, എന്നാൽ മോശമായ തെററുകളല്ല, പാപങ്ങൾപോലെ നിന്ദ്യമായി യാതൊന്നുമില്ല.
ലേഖനപരമ്പര ഇങ്ങനെ ഉപസംഹരിക്കുന്നു: “അമേരിക്കക്കാർ കൂറേക്കൂടെ സത്യമായ ഒരു നീതിശാസ്ത്രസമനില പാലിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സമുദായം അവരുടെ മുമ്പിൽ വളരെ വഞ്ചകമായി നിരത്തിവെക്കുന്ന മൂല്യങ്ങളെ—ഒരു ഉയർന്നജോലി, രാഷ്ട്രീയാധികാരം, ലൈംഗികാകർഷണം, ഉയരത്തിലുള്ള ഒരു ബഹുശാലാഭവനം അല്ലെങ്കിൽ ഒരു തടാകത്തിനഭിമുഖമായ സ്ഥലം, കമ്പോളത്തിലെ ഒരു കൊല എന്നിവയെ—അവർ പുനഃപരിശോധിക്കേണ്ടതുണ്ട്. അപ്പോൾ യഥാർത്ഥ വെല്ലുവിളി സമുദായത്തിനും വ്യക്തിക്കും പ്രയോജനകരമായ ആഗ്രഹങ്ങളുടെ ഒരു പുനർനിർവചനമായിത്തീരുന്നു, നീതിയുക്തമായ ലക്ഷ്യങ്ങൾ നേടുന്നതുംകൂടെയായ മാർഗ്ഗങ്ങളെ നയിക്കുന്ന ഒരൊററ നീതിശാസ്ത്ര നിർവചനംതന്നെ.”
ന്യൂയോർക്ക റൈറംസിൽ ചുവടെ ചേർക്കുന്ന തലക്കെട്ടു പ്രത്യക്ഷപ്പെട്ടു: “സംസ്ഥാനത്തെ പൊതു ഉദ്യോഗസ്ഥൻമാർ വാഗ്ദാനംചെയ്യപ്പെട്ട 106 കൈക്കൂലികളിൽ 105-ഉം സ്വീകരിച്ചു എന്ന് എഫ്. ബി. ഐ. പറയുന്നു.” 106-ാമത്തെ കൈക്കൂലി ഒരു സത്യസന്ധനാണോ വാഗ്ദാനംചെയ്യപ്പെട്ടത്? അല്ല, “തുക മതിയായതാണെന്ന് അയാൾ വിചാരിച്ചില്ല.”
മുൻ സിററി കൗൺസിൽമാനും ന്യൂയോർക്ക് സിററിയിലെ ക്വീൻസിൽനിന്നുള്ള ഒരു ഡമോക്രാററിക്ക് പാർട്ടിനേതാവുമായ മാത്യു ട്രോയി “ഭരണത്തിലെ അഴിമതിയും നിർമ്മലതയും” എന്ന വിഷയത്തെക്കുറിച്ചു സംസാരിച്ചുകൊണ്ട് കോഴ സാധാരണമാണെന്ന് ഒരു യൂണിവേഴ്സിററി ക്ലാസ്സിനോടു പറയുകയുണ്ടായി. ന്യായാധിപസ്ഥാനത്തിനുവേണ്ടി സ്റേറററ് അസംബ്ലിവോട്ടുകൾ വിലക്കു വാങ്ങുന്നു. “സ്റേറററ് സുപ്രീംകോടതിയിലെ ന്യായാധിപസ്ഥാനത്തിനുള്ള സാധാരണവില 75,000 ഡോളറായിരുന്നു, കീഴ്ക്കോടതികളിലെ ജോലിക്ക് 35,000 ഡോളറാണ്.”
നോവലെഴുത്തുകാരനായ ജയിംസ് മിക്കനെർ ഇങ്ങനെയുള്ള വഞ്ചനകളെ പ്രദീപ്തമാക്കുന്നു: മററുള്ളവരുടെ സഹസ്രലക്ഷക്കണക്കിനു പണം വാരിക്കൂട്ടുന്ന സാമ്പത്തികസാഹസികരെ മഹത്വപ്പെടുത്തൽ, ഇൻസൈഡർ ട്രേഡിംഗ് അപവാദങ്ങൾ, പണംകൊടുത്ത് തന്ത്രപരമായ സത്വരനീക്കങ്ങൾ ക്രമീകരിക്കുന്നതിലൂടെ ഭരണം പിടിച്ചെടുക്കുന്ന വിദഗ്ദ്ധൻമാർ, പണത്തിനുവേണ്ടി പരക്കം പായുന്ന നിന്ദ്യരായ മതശക്തികൾ, ജനതതിയെ ഭയപ്പെടുത്തുന്ന എയ്ഡ്സ്, ജനസമുദായത്തെ ശിഥിലമാക്കുന്ന ഭീകരപ്രവർത്തകർ, നാഷനൽ പാർക്കുകളെ ക്രൂരമായി ആക്രമിക്കുകയും പരിസ്ഥിതിസംബന്ധമായ വിപത്തുകളെ അനുവദിക്കുകയും ചെയ്യുന്ന രാജ്യതന്ത്രജ്ഞൻമാർ, ഒരു പ്രഖ്യാപിത ശത്രുവിന് ആയുധങ്ങൾ വിൽക്കുകയും അനന്തരം നിയമവിരുദ്ധമായി ലാഭത്തെ ഒരു സെൻട്രൽ അമേരിക്കൻ വിപ്ലവത്തിന് തിരിച്ചുവിടുകയും ചെയ്യുന്ന ഒരു ഭരണകൂടം.
മിക്കനറുടെ ആകമാനമായ നിഗമനമിതാണ്: “1980കൾ വൃത്തികെട്ട ദശാബ്ദം എന്ന് അനുസ്മരിക്കപ്പെടേണ്ടിവരും, എന്തുകൊണ്ടെന്നാൽ അരോചകങ്ങളായ അനേകം കാര്യങ്ങൾ പൊന്തിവന്നിട്ടുണ്ട്.” ഇതെല്ലാം ഒരൊററ വികാസം നിമിത്തമാണ്: യഥാർത്ഥമൂല്യങ്ങൾ ചവററുകൊട്ടയിൽ എറിയപ്പെട്ടിരിക്കുന്നു.
അന്നത്തെ യു. എസ്. വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന വില്യം ജെ. ബന്നററ് സ്ക്കൂളിൽ ധാർമ്മികമൂല്യങ്ങൾ പഠിപ്പിക്കുന്നതിലുള്ള പരാജയത്തെ വിമർശിക്കുകയും ഈ ഉപേക്ഷയിൽനിന്ന് ഉടലെടുത്ത പ്രശ്നങ്ങളെ ഇനംതിരിച്ചു പറയുകയും ചെയ്തു:
“ഇനം: ഇന്നു പതിന്നാലുവയസ്സുള്ളവരുടെ ഏതാണ്ട് നാല്പതു ശതമാനം ഇരുപതു വയസ്സാകുന്നതിനുമുമ്പ് ഒരു പ്രാവശ്യമെങ്കിലും ഗർഭിണികളാകും. അതിൽ പകുതിയിലധികം ജനനങ്ങളും അവിഹിതമായിരിക്കും.
“ഇനം: ഐക്യനാടുകളാണ് വ്യാവസായിക ലോകത്തിൽ മയക്കുമരുന്നുപയോക്താക്കളായ യുവാക്കളുടെ ശതമാനത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്.
“നമ്മുടെ സ്ക്കൂളുകൾക്ക് ഈ പ്രശ്നങ്ങൾ ‘പരിഹരിക്കാൻ’ കഴിയുമോ? ഇല്ല. അവർക്കു സഹായിക്കാൻ കഴിയുമോ? ഉവ്വ്. അവർക്ക് കഴിയുന്നിടത്തോളം അവർ സഹായിക്കുന്നുണ്ടോ? ഇല്ല.
“എന്തുകൊണ്ടില്ല? ഭാഗികമായി, കാരണം വിദ്യാഭാസത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നായ ധാർമ്മികവിദ്യാഭ്യാസത്തെ കൈകാര്യംചെയ്യാൻ അവർ വിമുഖരാണ് എന്നതാണ്. ദൃഷ്ടാന്തത്തിന്, ‘തങ്ങൾ ധാർമ്മികമായി ശരിയും തെററുമെന്തെന്ന് വിദ്യാർത്ഥികളോടു പറയാൻ ശ്രമിക്കുന്നതിനെ ഞങ്ങൾ കരുതിക്കൂട്ടി ഒഴിവാക്കുന്നു’വെന്ന് പ്രഖ്യാപിക്കുന്ന പല ന്യൂയോർക്ക് ഏറിയാ വിദ്യാഭ്യാസപ്രവർത്തകരെ ഉദ്ധരിക്കുന്ന അടുത്ത കാലത്തെ ഒരു ലേഖനമെടുക്കുക.
“മുതിർന്നവരും ചെറുപ്പക്കാരുമുൾപ്പെട്ട പതിനഞ്ച് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഒരു യഥാർത്ഥ കൗൺസിലിംഗ് സെഷനെക്കുറിച്ച് ലേഖനം പറയുന്നു. സെഷനിൽ സ്ക്കൂളിൽ ഒരു പേഴ്സിൽ കണ്ടെത്തിയ 15,000 രൂപാ മടക്കിക്കൊടുത്ത ഒരു സഹപാഠി വിഡ്ഢിയാണെന്ന് വിദ്യാർത്ഥികൾ നിഗമനംചെയ്തു.” കൗൺസിലർ അവരുടെ നിഗമനത്തെ വിധിക്കാതെ ഇങ്ങനെ വിശദീകരിച്ചു: “ശരിയും തെററും എന്താണെന്നുള്ള നിലപാടിൽനിന്ന് ഞാൻ വന്നാൽ ഞാൻ അവരുടെ ഉപദേശകനല്ല.”
ബെന്നററിന്റെ ഒരു പ്രസ്തവനയാണിത്: “പണ്ടൊരു കാലത്ത് ഒരു ബുദ്ധിയുപദേശകൻ ബുദ്ധിയുപദേശം കൊടുത്തു. അയാൾ വിദ്യാർത്ഥികളോട് പലതിനെക്കുറിച്ചും ബുദ്ധിയുപദേശിച്ചു—അവയുടെ കൂട്ടത്തിൽ തെററും ശരിയും സംബന്ധിച്ചും.”
ഭവനങ്ങളുടെയും സക്കൂളുകളുടെയും സഭകളുടെയും പരാജയം
മൂല്യങ്ങൾ പഠിപ്പിക്കുന്നതുസംബന്ധിച്ച് ഭവനം സത്വരം ഒരു പാഴ്സ്ഥലമായിത്തീരുകയാണ്. കുടുംബ ശൈഥില്യം ഭവനത്തെ ഒരു മോശമായ സ്ക്കൂൾമുറിയാക്കിയിരിക്കുകയാണ്—മാതാപിതാക്കൻമാർ രണ്ടുപേരും ജോലിക്കുപോകുന്നു, വിവാഹമോചനങ്ങൾ, മാതാവോ പിതാവോ മാത്രം ഉള്ളിടത്ത് ആ ഒരാൾ ജോലിക്കു പോകുന്നു, കുട്ടികളെ ആയമാരെ ഏൽപ്പിക്കുന്നു അല്ലെങ്കിൽ ഡേ-കെയർ സ്ക്കൂളുകളിലാക്കുന്നു, അല്ലെങ്കിൽ വിനോദത്തിനായി ലൈംഗികതയെ ഊന്നുന്നതും പ്രശ്നപരിഹാരം അക്രമമാണെന്നു പഠിപ്പിക്കുന്നതുമായ ററി.വി. സഹിതം ശൂന്യമായ വീടുകളിൽ അവരെ ഒററക്കു വിടുന്നു. ഇതിന്റെ ഫലങ്ങളെ സംബന്ധിച്ച് കൂട്ടുപംക്തീകാരനായ നോർമൻ പോദോറെററ്സ് ഇങ്ങനെ പ്രസ്താവിക്കുന്നു: “ഈ ഫലങ്ങളിൽ കുററകൃത്യങ്ങളിലെ വർദ്ധനവും മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗത്തിലെ വർദ്ധനവും കൗമാരപ്രായ ഗർഭധാരണത്തിലെ വർദ്ധനവും ഗർഭച്ഛിദ്രവും ലൈംഗികരോഗങ്ങളും ദാരുണകാരണങ്ങളാലുള്ള യുവാക്കളുടെ മരണത്തിന്റെ നിരക്കിലെ വർദ്ധനവും (നരഹത്യ, മോട്ടോർവാഹനാപകടങ്ങൾ, ആത്മഹത്യ) ഉൾപ്പെടുന്നു. കുറഞ്ഞിരിക്കുന്നതായി തോന്നുന്ന ഏക സംഗതി വിദ്യാഭ്യാസനേട്ടമാണ്.”
പോദോറെററ്സ് തുടരുന്നു: “രണ്ടു സാമൂഹികശാസ്ത്രജ്ഞൻമാർ കേവലം ചുററുപാടും നോക്കുന്നതിൽനിന്ന് നമുക്കെല്ലാമറിയാവുന്നതിന് സ്ഥിതിവിവരക്കണക്കുകളുടെ തെളിവു കണ്ടെത്തുന്നു. ‘ആത്മസംതൃപ്തി’ക്ക് മറെറല്ലാ മൂല്യങ്ങളെക്കാളും മുൻഗണനകൊടുക്കുന്ന അധികമധികമാളുകളെ അവർ കണ്ടെത്തുന്നു. തങ്ങളേത്തന്നെയോ സ്വന്തം സൗകര്യങ്ങളെപ്പോലുമോ തങ്ങളുടെ കുട്ടികളുടെ ആവശ്യങ്ങൾക്കും ഇച്ഛക്കുംവേണ്ടി ബലിചെയ്യുന്നതിൽ വിശ്വസിക്കുന്ന തീരെ കുറച്ചുപേരെയാണ് അവർ കണ്ടെത്തുന്നത്. ‘തങ്ങളുടെ മക്കളോടുകൂടെ കുറച്ചു സമയമേ ചെലവഴിക്കാൻ കഴിയുന്നുള്ളുവെങ്കിലും മാതാപിതാക്കൻമാർ സ്വന്തം ജീവിതം നയിക്കാൻ സ്വതന്ത്രരായിരിക്കണ’മെന്ന് അമേരിക്കൻ മാതാപിതാക്കളുടെ അതിശയിപ്പിക്കുന്ന മൂന്നിൽ രണ്ട് ഭാഗം വിചാരിക്കുന്നു.”
കാൻസാസിലെ ഫോർട്ട് ഹേയ്സ് സ്റേറററ് യൂണിവേഴ്സിററിയിലെ ഡീൻ ഓഫ് ഇൻസ്ട്രക്ഷൻ ആയിരുന്ന ജോൺ ഡി ഗാർവുഡ് യഥാർത്ഥ മൂല്യങ്ങളുടെ നഷ്ടത്തെക്കുറിച്ച് പ്രസ്താവിച്ചു: “ഭവനങ്ങളും സ്ക്കൂളുകളും സഭകളും സ്വാധീനിക്കുന്നവരിൽ ദൃഢവും സ്ഥായിയുമായ ഒരു മൂല്യ വ്യവസ്ഥ നിവേശിപ്പിക്കുന്നതിലെ അവയുടെ പരാജയമാണ് നമ്മുടെ ഇന്നത്തെ പ്രശ്നങ്ങളിലനേകവും വരുത്തിക്കൂട്ടിയിരിക്കുന്നത്. വലിയ ബ്രിട്ടീഷ് ചരിത്രകാരനായ ആർനോൾഡ് റേറായിൻബി ഇന്നത്തെ പാശ്ചാത്യലോകത്തിൽ സത്യസന്ധതയുടെ ഒരു അധഃപതനവും ദേശീയോദ്ദേശ്യത്തിന്റെ അഭാവവും ഭൗതികത്വത്തിനു കൊടുക്കുന്ന വിപൽക്കരമായ ഊന്നലും അദ്ധ്വാനത്തിന്റെ അഭിമാനത്തിലുള്ള ഒരു കുറവും സ്വസംതൃപ്തിക്ക് ഊന്നൽ കൊടുക്കുന്ന ഉയർന്ന ഒരു ഭോഗതലത്തിലെ അർപ്പണവും കാണുന്നു. അദ്ദേഹം നമ്മുടെ ജനതയുടെ ജീവിതശൈലിയിൽ റോമാസാമ്രാജ്യത്തിന്റെ വീഴ്ചയിലേക്കു നയിച്ച ഘടകങ്ങളിലനേകവും കാണുന്നുണ്ട്.”
യഥാർത്ഥമൂല്യങ്ങളുടെ പരിത്യജനം ഈ ലോകത്തെ എല്ലാം കൂടുതൽ നേടാനുള്ള ഒരു ചിന്താശൂന്യമായ അന്വേഷണത്തിൽ വിട്ടിരിക്കുകയാണ്. വസ്തുവകകൾ സമൃദ്ധമെങ്കിലും ആത്മാവിൽ പട്ടിണിയായ മനുഷ്യൻ എങ്ങോട്ടെന്നില്ലാതെ ഉഴറിനടക്കുകയാണ്. അവന്റെ രക്ഷ സ്ഥിതിചെയ്യുന്നത് യഥാർത്ഥമൂല്യങ്ങളുടെ ഉറവിലേക്കുള്ള ഒരു മടങ്ങിവരവിലാണ്. (g89 3⁄22)