അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഓസോൺ—നാം നമ്മുടെ സ്വന്തം രക്ഷാകവചത്തെ നശിപ്പിക്കുകയാണോ?
എല്ലാദിവസവും നിങ്ങൾക്ക് മാരകവും പൊള്ളിക്കുന്നതുമായ മഴയിലൂടെ നടക്കേണ്ടതുണ്ടെന്ന് കരുതുക. മാരകമായ മഴത്തുള്ളികളെ അകററി നിറുത്താൻ വേണ്ടി പൂർണ്ണതയോടെ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന ഒരു കുട മാത്രമാണ് നിങ്ങളുടെ ഏക സംരക്ഷണം. ആ കുട നിങ്ങൾക്ക് എത്ര വിലപ്പെട്ടതായിരിക്കുമെന്ന് നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ? ആ കുടക്ക് കേടുവരുത്തുന്നതിന്റെ, അതിൽ ദ്വാരങ്ങൾ ഉണ്ടാക്കുന്നതിന്റെ മൗഢ്യം നിങ്ങൾക്ക് വിഭാവനം ചെയ്യാൻ കഴിയുന്നുണ്ടോ? എന്നിരുന്നാലും, മനുഷ്യവർഗ്ഗം ആഗോളാടിസ്ഥാനത്തിൽ അങ്ങനെയൊരു സാഹചര്യത്തിലാണ്.
നമ്മുടെ ഗ്രഹം നിരന്തരമായ സൂര്യരശ്മികളുടെ വർഷത്തിൽ കുളിച്ചു നിൽക്കുകയാണ്. നമ്മുടെ ലോകത്തിലേക്ക് ചൂടും വെളിച്ചവും എത്തിച്ചു തരുന്നതിനാൽ ഈ രശ്മികളിൽ മിക്കവയും പ്രയോജനകരമാണെങ്കിലും ഒരു ചെറിയ ശതമാനം വളരെ മാരകമാണ്. അവ അൾട്രാവയലററ്-B അല്ലെങ്കിൽ UV-B, രശ്മികൾ എന്നു വിളിക്കപ്പെടുന്നു, അവ ഭൂമിയുടെ ഉപരിതലത്തിൽ എത്തുകയാണെങ്കിൽ അവ അവിടെ ജീവനുള്ള സകലത്തെയും നശിപ്പിക്കും. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, നമ്മെ ഈ രശ്മികളിൽ നിന്നു സംരക്ഷിക്കാനുള്ള ഒരു “കുട” സഹിതമാണ് നമ്മുടെ ഗ്രഹം സംവിധാനം ചെയ്യപ്പെട്ടത്, ഓസോൺ പാളി എന്നു വിളിക്കപ്പെടുന്ന ഒരു കുട. ഖേദകരമെന്നു പറയട്ടെ, മനുഷ്യവർഗ്ഗം ഇന്ന് ആ കുട നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്!
ഓസോൺ പാളി എന്നാൽ എന്താണ്? അതെങ്ങനെയാണ് പ്രവർത്തിക്കുന്നത്? നാം അതു നശിപ്പിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെയാണ്? കൊള്ളാം, ഓസോൺ എന്നത് ഓക്സിജന്റെ അസ്ഥിരമായ ഒരു രൂപമാണ്. അതിന് സാധാരണയുള്ള രണ്ട് ആററത്തിനു പകരം (O2) മൂന്ന് ആററമുണ്ട് (O3). സ്വാഭാവികമായി ഓസോൺ കാണപ്പെടുന്നത് ബഹിരാകാശത്തിലാണ്, അവ നമുക്ക് ആവശ്യമുള്ള സുരക്ഷിതമായ പ്രകാശരശ്മികളെ കടത്തിവിടുമ്പോൾ അപകടകരമായ UV-B രശ്മികളെ ആഗിരണം ചെയ്യുന്നു. കൂടാതെ ഓസോൺ ബാഹ്യാകാശത്തുള്ള മററു വാതകങ്ങളാൽ എളുപ്പം വിഘടിപ്പിക്കപ്പെടുമെങ്കിലും അവ സൂര്യരശ്മികളാൽ നിരന്തരം നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ട് അതു സ്വയം കേടുപോക്കാൻ കഴിയുന്ന ഒരു കവചമാണ്. അത്ഭുതകരമായ ഒരു സംവിധാനം തന്നെ!
മനുഷ്യൻ തന്റെ വ്യവസായ ഉല്പന്നമായ വാതകങ്ങൾ ഈ സൂക്ഷ്മ സംവിധാനത്തിലേക്ക് കടത്തിവിടാൻ തുടങ്ങുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്. അപ്പോൾ സൂര്യരശ്മികൾക്ക് അവയെ നിർമ്മിക്കാൻ കഴിയുന്നതിനേക്കാൾ വേഗത്തിൽ ഓസോൺ നശിപ്പിക്കപ്പെടുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിനാലിൽ CFC-കൾ അല്ലെങ്കിൽ ക്ലോറോഫ്ളൂറോ കാർബണുകൾ ഓസോണെ നശിപ്പിക്കുന്ന വാതകങ്ങളാണെന്ന് ശാസ്ത്രജ്ഞൻമാർ സംശയിച്ചുതുടങ്ങി. എന്നിട്ടും ഇപ്പോൾ CFC-കൾ എല്ലായിടത്തുമുണ്ട്. ഇൻസുലേഷൻ മുതൽ ഭക്ഷണം സൂക്ഷിച്ചു വയ്ക്കാനുള്ള പാത്രങ്ങൾ വരെ എല്ലാത്തരം പ്ലാസ്ററിക് വസ്തുക്കളുടെ നിർമ്മാണത്തിലും അവ ഉപയോഗിക്ക പ്പെടുന്നു. അവ സ്പ്രേ ചെയ്യാനുള്ള മരുന്നുകളിൽ ക്ഷേപിണികളായിട്ടും എയർകണ്ടിഷനറുകളിലും റെഫ്രിജറേറററുകളിലും ശീതികരണത്തിനായിട്ടും ഇലക്ട്രോണിക് ഉപകരണങ്ങൾ ശുചിയാക്കാനുള്ള ദ്രാവകങ്ങളായിട്ടും ഉപയോഗിക്കപ്പെടുന്നു.
ഈ അപകടത്തെപ്പററി റിപ്പോർട്ടു ചെയ്ത ഒരു ശാസ്ത്രജ്ഞൻ ഇപ്രകാരം അനുസ്മരിക്കുന്നു: “‘യുറേക്കാ!’ എന്ന് ഞാൻ വിളിച്ചു കൂവിയ ഒരു നിമിഷമില്ലായിരുന്നു. ഒരു രാത്രി ഞാൻ വീട്ടിലെത്തി ഭാര്യയോട് പറഞ്ഞു, ‘എന്റെ ജോലി നന്നായി പുരോഗമിക്കുന്നുണ്ട്’ എന്നാൽ ഇത് ലോകത്തിന്റെ അവസാനമായെന്ന് തോന്നുന്നു’” എന്നാൽ CFC-കൾ കണ്ടുപിടിച്ച 1930 എന്ന വർഷം മുതൽ അനേകർ അവയെ വിഷാംശമില്ലാത്തതും ശ്രദ്ധേയമാംവണ്ണം സ്ഥിരമായതും എന്നു പറഞ്ഞ് സ്വാഗതം ചെയ്തിരിക്കുന്നു. അവർക്ക് തെററുപററിയോ?
മുൻകൂട്ടി പറയപ്പെട്ട ഭീഷണി
ഇല്ല. പ്രത്യക്ഷത്തിൽ അവർ പറഞ്ഞതെല്ലാം വളരെ ശരിയായിരുന്നു. പ്രത്യേകിച്ചും CFC-കൾ വളരെ സ്ഥിരമായതിനാൽ അവ അവയുടെ നശീകരണ പ്രവർത്തനം തുടരുന്നു. ഉപേക്ഷിക്കപ്പെട്ട എയർകണ്ടിഷനറുകളിൽ നിന്നും പ്ലാസ്ററിക് ഫോം കപ്പുകളിൽ നിന്നും പുറത്തു വരുന്ന CFC-കൾ സാവകാശം ശൂന്യാകാശത്തിലേക്ക് ഉയരുന്നു. അവിടെ അൾട്രാവയലററ് രശ്മികളുടെ താഡനമേററ് അവസാനം അവ വിഘടിക്കുകയും ഒരു യഥാർത്ഥ ഓസോൺ കൊലയാളിയെ, ക്ലോറിനെ, സ്വതന്ത്രമാക്കിവിടുകയും ചെയ്യുന്നു. ക്ലോറിൻ തൻമാത്രകൾ ബലഹീനമായ ഒരു ഓസോൺ തൻമാത്രയെ കൂട്ടിപിടിച്ച് ഒരു മിനിററ് ഒരു മാരകമായ ഡാൻസ് നടത്തുന്നു. അതിനെ നശിപ്പിച്ചശേഷം ഹാനി തട്ടാത്ത ക്ലോറിൻ തൻമാത്ര നിർഭാഗ്യവതിയായ മറെറാരു കൂട്ടാളിയെ തേടി ചുററിക്കറങ്ങുന്നു. ഒരു ക്ലോറിൻ തൻമാത്ര ലക്ഷക്കണക്കിന് ഓസോൺ തൻമാത്രകളെ തുടച്ചുനീക്കികൊണ്ട് അതിന്റെ ഈ നൃത്തപരിപാടി ഒരു നൂററാണ്ടിലധികം തുടർന്നേക്കാം.
ഭീതി പൂണ്ട ശാസ്ത്രജ്ഞൻമാർ എയറോസോൾ സ്പ്രേയിലെ ക്ഷേപിണികളായുള്ള CFC-കളുടെ മുഖ്യഉപയോഗത്തിനെതിരെ ശബ്ദമുയർത്തി. ആയിരത്തിതൊള്ളായിരത്തി എഴുപത്തെട്ടായപ്പോഴേക്കും കാനഡ, സ്വീഡൻ, ഐക്യനാടുകൾ എന്നീ രാജ്യങ്ങൾ എയറോസോളിൻ CFC-കൾ ഉപയോഗിക്കുന്നത് നിരോധിച്ചു. എന്നാൽ മററു രാജ്യങ്ങൾ ഒന്നും തന്നെ അങ്ങനെ ചെയ്തില്ല. അതിലും മോശമായി ഈ ശക്തമായ രാസവസ്തുക്കൾക്ക് കൂടുതലായ ഉപയോഗം കണ്ടെത്തുകയും തൽഫലമായി അവയുടെ ഉല്പാദനം കുതിച്ചുയരുന്നതിൽ തുടരുകയും ചെയ്തു. ലോകത്തിൽ ആകെ ഓരോ വർഷവും ഉല്പാദിപ്പിക്കുന്നതിന്റെ നാലിലൊന്ന് ഐക്യനാടുകളിലാണ് ഉപയോഗിക്കപ്പെടുന്നത്.
രാസമലിനീകരണം സാവകാശം ഓസോൺ പാളിയുടെ കട്ടികുറയ്ക്കുമെന്നും അതു സാവകാശം കൂടുതൽ UV-B രശ്മികൾ കടന്നുവരാൻ ഇടയാക്കുമെന്നും അന്തരീക്ഷത്തിന്റെ കംപ്യൂട്ടർ മോഡലുകളാൽ സായുധരായ ശാസ്ത്രജ്ഞൻമാർ മുന്നറിയിപ്പ് നൽകിക്കൊണ്ടിരുന്നു. തെളിവുകൾ ബലഹീനമാണെന്നും ശാസ്ത്രജ്ഞൻമാരുടെ അവകാശവാദങ്ങൾ തെളിയിക്കപ്പെടാത്തതാണെന്നും പറഞ്ഞുകൊണ്ട് വ്യവസായവും ഗവൺമെൻറും അതു പുച്ഛിച്ചുതള്ളി.
ഡിസ്ക്കവർ മാസിക ഈ തർക്കത്തെ “ഓസോൺ യുദ്ധ”മെന്ന് വിളിക്കുകയും ഗവേഷകർ “വർഷങ്ങളായി ഈ പ്രശ്നത്തെ ഒരു ഭീമാകാരമായ ആഗോള പരീക്ഷണമായി വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന് കുറിക്കൊള്ളുകയും ചെയ്തു: ഓരോ വർഷവും മനുഷ്യവർഗ്ഗം ഒരു ലക്ഷം ടൺ CFC-കൾ കൂടി അന്തരീക്ഷത്തിലേക്ക് പമ്പു ചെയ്യുകയും എന്തു സംഭവിക്കുന്നു എന്നു കാണാൻ കാത്തിരിക്കുകയും ചെയ്യുന്നു.” സംഭവിച്ചത് എല്ലാവരെയും അതിശയിപ്പിക്കുകതന്നെ ചെയ്തു.
എല്ലാ കംപ്യൂട്ടർ മോഡലുകളും പ്രവചിച്ച പ്രകാരം സാവകാശം ലോകത്തിലെല്ലായിടത്തും നേരിയ തോതിൽ കട്ടികുറഞ്ഞു വരുന്നതിനു പകരം ദക്ഷിണ ധ്രുവത്തിനു മുകളിലായി ഓസോൺ പാളിയിൽ പൊടുന്നനവേ കുറവ് അനുഭവപ്പെട്ടു! ആയിരത്തിതൊള്ളായിരത്തി എൺപത്തിനാല് ഒക്ടോബറിൽ ഇപ്പോൾ വിഖ്യാതമായിത്തീർന്നിരിക്കുന്ന “ഓസോൺ ദ്വാരത്തിന്” രൂപം നൽകിക്കൊണ്ട് ഓസോൺ 40 ശതമാനമായി കുറഞ്ഞിരിക്കുന്നു എന്ന് അൻറാർട്ടിക്കയിലുണ്ടായിരുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞൻമാരുടെ ഒരു സംഘം കണ്ടെത്തി. ആദ്യമൊന്നും മററു ശാസ്ത്രജ്ഞൻമാർ അതു വിശ്വസിച്ചില്ല. ബ്രിട്ടീഷ് സംഘം അത്ര നന്നായി അറിയപ്പെട്ടിരുന്ന ഒന്നായിരുന്നില്ല. മാത്രവുമല്ല അന്തരീക്ഷ നിരീക്ഷണത്തിനുള്ള മററ് ഉപകരണങ്ങളൊന്നും അൻറാർട്ടിക് മേഖലയിൽ അത്തരം നാടകീയമായ ഒരു കുറവ് രേഖപ്പെടുത്തിയിരുന്നില്ല.
എന്നാൽ ഉപഗ്രഹങ്ങളിൽ നിന്ന് വിവരം ശേഖരിച്ചുകൊണ്ടിരുന്ന കംപ്യൂട്ടറുകൾ ഓസോണിന്റെ 30 ശതമാനത്തിലധികമായ ഏതു കുറവും പിശക് എന്ന് പറഞ്ഞ് തള്ളിക്കളയാൻ പ്രോഗ്രാം ചെയ്യപ്പെട്ടവയായിരുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചത്. വർഷങ്ങളായി ഉപകരണം ഓസോൺ ദ്വാരം അളക്കുന്നുണ്ടായിരുന്നെങ്കിലും ആ വിവരം തെറെറന്നു പറഞ്ഞു തള്ളിക്കളഞ്ഞുകൊണ്ടാണിരുന്നത്!
ഈ ദ്വാരമുണ്ടായതിന്റെ കാരണം സംബന്ധിച്ച് ശാസ്ത്രജ്ഞൻമാർ കുറേക്കാലത്തേക്ക് തമ്മിൽ ഏററുമുട്ടി. എന്നാൽ ഉപകരണങ്ങളുമായി ഓസോൺ ദ്വാരത്തിലൂടെ പറന്ന വിമാനങ്ങൾ യഥാർത്ഥ കുററവാളിയെ കണ്ടെത്തി—മനുഷ്യനിർമ്മിതമായ രാസവസ്തുകളിൽ നിന്നുള്ള ക്ലോറിൻ! ദക്ഷിണ ധ്രുവത്തിന് മുകളിലായി മഞ്ഞുകണികൾ ചേർന്നുണ്ടാകുന്ന മേഘങ്ങളുടെ ഒരു ചുഴിയുണ്ട്. ഇത് ക്ലോറിന് കൂടുതൽ വേഗത്തിൽ ഓസോണുമൊത്ത് തന്റെ മാരക നൃത്തം ചെയ്യുന്നതിന് സൂക്ഷ്മമായ ദശലക്ഷക്കണക്കിന് പ്രതലങ്ങൾ പ്രദാനം ചെയ്യുന്നു.
അതിനുശേഷം ശാസ്ത്രജ്ഞൻമാർ അതുപോലെ ഒരു ദ്വാരം ഉത്തരധ്രുവത്തിനു മുകളിലായും കണ്ടെത്തിയിരിക്കുന്നു. ഓരോ ദ്വാരവും വർഷന്തോറും കാലാവസ്ഥക്ക് അനുസരിച്ച് തുറക്കുകയും അടയുകയും ചെയ്യുന്നു. ദക്ഷിണധ്രുവത്തിനു മുകളിലുള്ളത് ഐക്യനാടുകളോളവും ഉത്തരധ്രുവത്തിനു മുകളിലുള്ളത് ഗ്രീൻലാഡിനോളവും വലിപ്പമുള്ളതാണ്.
ഈ ഓസോൺ ദ്വാരങ്ങൾ നിങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത്? അവ യൂറോപ്പിന്റെ വടക്കേ ഭാഗങ്ങളിലൂടെ നീങ്ങുകയും തെക്കേ അമേരിക്കയുടെ തെക്കേ അററത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എന്നാൽ ഒരു ഓസോൺ ദ്വാരത്താൽ ബാധിക്കപ്പെടുന്നതിന് നിങ്ങൾ അതിന്റെ കീഴിൽതന്നെ ആയിരിക്കണമെന്നില്ല. ഈ ദ്വാരങ്ങൾ ഓസോൺ ദരിദ്രവായു ഉല്പാദിപ്പിക്കുന്നുണ്ടെന്നും അതു രണ്ട് അർദ്ധ ഗോളങ്ങളിലേക്കും വ്യാപിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞൻമാർ ഭയപ്പെടുന്നു. വാസ്തവത്തിൽ ഉത്തരാർദ്ധഗോളത്തിലെ ഏററം ജനനിബിഡമായ പ്രദേശങ്ങളിൽ കഴിഞ്ഞ 17 വർഷങ്ങൾകൊണ്ട് ഓസോൺ പാളിക്ക് 3 മുതൽ 7 ശതമാനം വരെ കട്ടി കുറഞ്ഞിട്ടുണ്ട്. എന്നാൽ ഓസോൺ 3 ശതമാനം കുറയാൻ ഒരു നൂററാണ്ട് വേണ്ടി വരുമെന്നാണ് ശാസ്ത്രജ്ഞൻമാർ നേരത്തെ കരുതിയിരുന്നത്!
ഇതിന്റെ ഫലമായി ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന UV-B രശ്മികളുടെ ഫലം ദൂരവ്യാപകമായിരിക്കും. ഈ രശ്മികൾ മനുഷ്യർക്ക് ത്വക്കിലെ ക്യാൻസറിനിടയാക്കുന്നു. കൂടാതെ അവ മമനുഷ്യന്റെ രോഗപ്രതിരോധ സംവിധാനം തകരാറിലാക്കുകയും തിമിരത്തിന് കാരണമാവുകയും ചെയ്യുന്നു. വർദ്ധിച്ച UV-B റേഡിയേഷൻ “ഇപ്പോൾ ജീവിച്ചിരിക്കുന്നതും 2075നു മുൻപ് ജനിക്കുന്നതുമായ 3 ദശലക്ഷമാളുകളെയെങ്കിലും കൊല്ലും” എന്ന് സയൻസ് ന്യൂസ് കണക്കാക്കിയിരിക്കുന്നു.
അന്തരീക്ഷ ശാസ്ത്രജ്ഞനായ ഡോ. മൈക്കിൾ ഓപ്പൻ ഹീമർ പറയും പ്രകാരം: ഈ മാററങ്ങൾ ഭൂമുഖത്തുള്ള എല്ലാ മനുഷ്യരെയും എല്ലാ പാരിസ്ഥിതിക വ്യവസ്ഥയെയും ബാധിക്കും, ഈ നേരിയ മാററങ്ങൾ എന്തായിരിക്കും എന്നതിനെപ്പററി നമുക്ക് ഒരു നേരിയ വെളിച്ചമേ ലഭിച്ചിട്ടുള്ളു.” വർദ്ധിച്ച UV-B റേഡിയേഷൻ സമുദ്രത്തിലെ ഭക്ത്യ ശൃംഖല തകരാറിലാക്കിക്കൊണ്ട് സമുദ്രത്തിന്റെ ഉപരിതലത്തിൽ ജീവിക്കുന്ന ചെറു ചെമ്മീൻ പ്ലവകങ്ങൾ മുതലായവയെ നശിപ്പിക്കും. സസ്യജീവന്റെ ആകമാനനാശം, വിളകളുടെ നഷ്ടം, ഭൂവ്യാപകമായി കാററിന്റെ ഗതിയിലും കാലാവസ്ഥയിലും മാററം എന്നിവ ഓസോൺ പാളി ബലഹീനമാകുന്നതിന്റെ ഫലമായി ഉണ്ടാകാം. വരുന്ന ദശകങ്ങളിൽ ഈ ഭീഷണികളിൽ എന്തെങ്കിലും യാഥാർത്ഥ്യമായിത്തീർന്നാൽ അതു തീർച്ചയായും ഈ ലോകത്തിൽ മനുഷ്യന് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കും.
പ്രത്യാശക്ക് വക നൽകുന്നത് എന്ത്?
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയേഴ് സെപ്ററംബറിൽ മോൺട്രീൽ പ്രോട്ടോക്കോൾ എന്ന ഒരു കരാറിൽ 24 രാഷ്ട്രങ്ങൾ ഒപ്പു വച്ചു. വികസിത രാജ്യങ്ങൾ അവയുടെ CFC ഉപയോഗവും ഉല്പാദനവും 1986ലെ തോതിൽ മരവിപ്പിക്കാനും 1999 ആകുമ്പോഴേക്കും 50 ശതമാനം കുറയ്ക്കാനും അത് ആവശ്യപ്പെടുന്നു. ആധുനിക പുരോഗതിക്ക് CFC-കൾ സുപ്രധാനമാകയാൽ വികസ്വര രാജ്യങ്ങൾക്ക് ഈ സംഗതിയിൽ കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നു.
പതിനൊന്നു രാജ്യങ്ങളെങ്കിലും ശരിവയ്ക്കുന്നുവെങ്കിൽ 1989-ൽ പ്രാബല്യത്തിൽ വരാനിരുന്ന ഈ കരാറ് ഒരു സുപ്രധാന “നാഴിക കല്ലായി” പ്രശംസിക്കപ്പെട്ടിരുന്നു. ഐക്യനാടുകളിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ അത്യുത്സാഹത്തോടെ ഇപ്രകാരം പറഞ്ഞു: “ആദ്യമായി ഒരു പാരിസ്ഥിതിക പ്രശ്നത്തിൽ, അതു വ്യാപകമായി ഉപദ്രവം ചെയ്യുന്നതിന് മുമ്പേതന്നെ, സഹകരിക്കാമെന്ന് ലോകരാഷ്ട്രങ്ങൾ സമ്മതിച്ചിരിക്കുന്നു.”
എന്നിരുന്നാലും എല്ലാവർക്കും അത്രതന്നെ ഉത്സാഹം തോന്നിയില്ല. മോൺട്രീൽ കരാറ് ഒപ്പുവച്ച് വെറും രണ്ടാഴ്ച കഴിഞ്ഞു മാത്രമാണ് CFC-കൾ ഓസോൺ ദ്വാരത്തിനിടയാക്കിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവുകൾ പരസ്യമാക്കിയത് എന്നതിൽ ചില ശാസ്ത്രജ്ഞൻമാർക്ക് ഉൽക്കണ്ഠയുണ്ട്. തങ്ങളുടെ ചർച്ചകളിൽ ഓസോൺ ദ്വാരങ്ങളെപ്പററി പരിഗണിക്കുകപോലും വേണ്ട എന്ന് ഒപ്പുവെച്ചവരോട് പറയപ്പെട്ടിരുന്നു. ഒരു വിദഗ്ദ്ധൻ ഇപ്രകാരം പറഞ്ഞു: “മോൺട്രീൽ കൂടിയാലോചനക്കാരുടെ മുമ്പിൽ ഈ വിവരങ്ങൾ ഉണ്ടായിരുന്നെങ്കിൽ CFC-കൾ ക്രമേണ പൂർണ്ണമായി ഉപേക്ഷിക്കുന്നതിനോട് അവർ യോജിച്ചേനെ.”
അതിലും മോശമായി ഇപ്പോൾ അന്തരീക്ഷത്തിലൂടെ ഉയർന്നുകൊണ്ടിരിക്കുന്ന CFC-കൾ ബാഹ്യാകാശത്തിലെത്താൻ എഴു മുതൽ പത്തുവരെ വർഷങ്ങൾ വേണ്ടിവരും. അതിന്റെ അർത്ഥം ഈ കരാർ നടപ്പിലായാലും ബാഹ്യാകാശത്തിലെ CFC-കളുടെ അളവ് ഇപ്പോഴത്തേതിലും ഇരട്ടിയാകും എന്നാണ്. ദി ജർമ്മൻ ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തപ്രകാരം: “ഉടനടി ഒരു സമ്പൂർണ്ണ നിരോധനം നിലവിൽ വരികയാണെങ്കിൽപോലും അന്തരീക്ഷം 1920-കളിലായിരുന്ന അവസ്ഥയിലെത്താൻ 80 വർഷം വേണ്ടിവരും.”
അതേസമയം വലിയ രാസനിർമ്മാണ കമ്പിനികൾ CFC-കൾക്ക് പകരം വസ്തുക്കൾ കണ്ടെത്താൻ കഠിനയത്നം നടത്തിക്കൊണ്ടിരിക്കുകയാണ്. അവയിൽ ചിലത് പ്രതീക്ഷക്ക് വക നൽകുന്നുണ്ട്. എന്നാൽ അവ പരീക്ഷിക്കുന്നതിനും എങ്ങനെ നിർമ്മിക്കാമെന്ന് കണ്ടുപിടിക്കുന്നതിനും സമയം ആവശ്യമാണ്. “നമുക്ക് അവ ആവശ്യമായിരിക്കുന്നത് ഇപ്പോഴാണ്, നാളെയല്ല,” അൻറാർട്ടിക് ഓസോൺ ദ്വാരം ആദ്യമായി കണ്ടുപിടിച്ച ജോ ഫാർമാൻ എന്ന ശാസ്ത്രജ്ഞൻ ഉത്തേജിപ്പിക്കുന്നു. “പ്രകൃതിക്ക് അവയെ കൈകാര്യം ചെയ്യാൻ കഴിയുന്നതിന്റെ അഞ്ചു മടങ്ങ് വേഗത്തിലാണ് നാം CFC-കൾ അന്തരീക്ഷത്തിലേക്ക് കടത്തിവിട്ടുകൊണ്ടിരിക്കുന്നത്.” എന്നാൽ പകരം വസ്തുക്കൾ ഉപയോഗിച്ചു തുടങ്ങുന്നതിൽ ധൃതികൂട്ടാതിരിക്കാൻ നല്ല കാരണങ്ങളുണ്ട്. “എല്ലാവരുടെയും അടുക്കളയിൽ പെട്ടെന്നുതന്നെ എത്തുകയും പിന്നീട് വിഷമാണെന്ന് കണ്ടുപിടിക്കപ്പെടുകയും ചെയ്യുന്ന ഒരു വസ്തുവുമായി ഇടപെടാൻ ആരും ആഗ്രഹിക്കുന്നില്ല,” എന്ന് ഒരു രാസനിർമ്മാണ കമ്പിനിയുടെ പാരിസ്ഥിതിക മാനേജർ മുന്നറിയിപ്പു മുഴക്കുന്നു.
ഈ പ്രശ്ന പരിഹാരം സംബന്ധിച്ച് പ്രതീക്ഷയുണ്ടെങ്കിലും ശാസ്ത്രജ്ഞൻമാർ ആകെ കുഴഞ്ഞ അവസ്ഥയിലാണ്. ഭൗമാന്തരീക്തം വളരെ സങ്കീർണ്ണവും സൂക്ഷ്മതയുള്ളതുമായ ഒരു സംവിധാനമാണെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു; മനുഷ്യൻ അതിനെ മലിനീകരിക്കുന്നതിനോട് അതു പെട്ടെന്നും അപ്രതീക്ഷിതമായും പ്രതികരിക്കുന്നു.
ഡോ. ഓപ്പൻ ഹീമർ ഇപ്രകാരം സംഗ്രഹിക്കുന്നു: “തികച്ചും അനിശ്ചിതമായ ഭാവിയിലേക്ക് നാം കണ്ണടച്ചുകൊണ്ട് പറക്കുകയാണ്.” ഇത്ര ആഴമായ ഒരു പ്രതിസന്ധിക്കുള്ള ഉപരിപ്ലവമായ പരിഹാരങ്ങൾ പരിഹാസപത്രമാവുകയേയുള്ളു. ഒരു യു.എസ്സ്. ഉദ്യോഗസ്ഥൻ തൊപ്പിയും കണ്ണടകളും ഉപയോഗിച്ചുകൊണ്ടുള്ള “വ്യക്തിഗത സംരക്ഷണ” പ്രസ്ഥാനത്തിന് പ്രോത്സാഹനം കൊടുത്തപ്പോൾ പയറു ചെടികളെ എങ്ങനെ കുട ചൂടിക്കാമെന്നും വന്യമൃഗങ്ങളെ എങ്ങനെ കണ്ണട ധരിപ്പിക്കാമെന്നും വിമർശകർ ചോദിച്ചു.
ശരിയായ ഒരു പരിഹാരം മാത്രമേ ആദരവുനേടുകയും പ്രശ്നം പരിഹരിക്കാൻ പര്യാപ്തമാവുകയും ചെയ്യുകയുള്ളു എന്നത് വ്യക്തമാണെന്ന് തോന്നുന്നു. ഈ ഗ്രഹത്തിനെതിരെ മനുഷ്യൻ ചെയ്തിരിക്കുന്ന എണ്ണമററ ദ്രോഹ പ്രവൃത്തികൾക്ക് പരിഹാരം കണ്ടെത്താൻ അവൻ പ്രാപ്തനാണോ? അല്ലെന്നുതന്നെ പറയാം. തന്റെ തന്നെ മാലിന്യത്തിൽ മുങ്ങി ശ്വാസം മുട്ടുന്നതു വരെ ശുചീകരണത്തിനുവേണ്ടി പണം മുടക്കാൻ മനുഷ്യന് മിക്കപ്പോഴും മനസ്സില്ല. ചുററുപാടുകളുടെ രൂപ സംവിധായകനിലേക്ക് നോക്കുന്നതായിരിക്കില്ലേ കൂടുതൽ ജ്ഞാനപൂർവ്വകം? “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കു”മെന്നു അവൻ വാഗ്ദാനം ചെയ്തപ്പോൾ അവർ തീച്ചയായും നമ്മുടെ ഈ കുഴപ്പം നിറഞ്ഞ കാലത്തെ മുൻകൂട്ടിക്കണ്ടു.—വെളിപ്പാട് 11:18. (g89 1/22)
[21-ാം പേജിലെ ചതുരം]
ഓസോൺ എന്ന വിരോധാഭാസം
ഓസോൺ എന്ന ജീവസംരക്ഷക കവചം. ഓസോൺ എന്ന മാരകമായ മലിന വസ്തു. അത് ഈ രണ്ടു വിധത്തിലും വർണ്ണിക്കപ്പെടുന്നത് നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കാം. അത് ഇതിൽ ഏതാണ്? രണ്ടും! അതു ആയിരിക്കേണ്ട ബാഹ്യാകാശത്ത് ഓസോൺ ജീവസംരക്ഷകനാണ്. എന്നാൽ അത് നമ്മുടെ അന്തരീക്ഷത്തിൽ മനുഷ്യ മലിനീകരണത്തിന്റെ ഒരു ഉപോല്പന്നമായി ഉല്പാദിപ്പിക്കപ്പെടുന്നു. മനുഷ്യർ വലിയ അളവിൽ ഹൈഡ്രോകാർബൺ അന്തരീക്ഷത്തിലേക്ക് വമിപ്പിക്കുന്നു. മുഖ്യമായും വാഹനങ്ങളിൽ പെട്രോൾ കത്തിച്ചുകൊണ്ട്. സൂര്യപ്രകാശം ഈ ഹൈഡ്രോ കാർബണിൽ പ്രവർത്തിച്ച് ഓസോൺ ഉല്പാദിപ്പിക്കുന്നു.
മനുഷ്യർ ഓസോൺ ശ്വസിക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടില്ല. അത് ശ്വാസകോശത്തിന് തകരാറുണ്ടാക്കുന്നു. വാസ്തവത്തിൽ അതു മുൻപ് വിചാരിച്ചിരുന്നതിനേക്കാൾ മനുഷ്യരുടെ ആരോഗ്യത്തിന് കൂടുതൽ അപകടകരമാണെന്ന് അടുത്തകാലത്ത് ശാസ്ത്രജ്ഞൻമാർ തിരിച്ചറിഞ്ഞിരിക്കുന്നു. ഓസോൺ മലിനീകരണത്തിനെതിരെ ശക്തമായ നിയന്ത്രണമേർപ്പെടുത്തണമെന്ന് ചിലർ നിർബന്ധമായി ആവശ്യപ്പെട്ടിരിക്കുന്നെങ്കിലും ഫലമുണ്ടായിട്ടില്ല.
ഓസോൺ പ്രതിസന്ധി എന്നൊരു വിരോധാഭാസമായിത്തീർന്നിരിക്കുന്നുവെന്ന് നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ? മുകളിൽ ഓസോൺ ആവശ്യമായിരിക്കുന്നിടത്ത് നാം അത് നശിപ്പിക്കുന്നു. ഇവിടെ താഴെ ഓസോൺ വിഷമായിരിക്കുന്നിടത്ത് നാം അത് ഉല്പാദിപ്പിക്കുന്നു!
എന്നാൽ നിങ്ങൾ അതിശയിച്ചേക്കാം: ‘എന്നാൽ എന്തുകൊണ്ടാണ് നമുക്ക് ഇവിടെയുള്ള ഓസോൺ അത് ആവശ്യമായിരിക്കുന്ന ബാഹ്യാകാശത്തേക്ക് അയയ്ക്കാൻ കഴിയാത്തത്?’ ഒരു കാര്യം ഓസോൺ അങ്ങനെയൊരു യാത്രക്കുമാത്രം സ്ഥിരതയുള്ളതല്ല എന്നതാണ്. അത്രയും ഉയരത്തിൽ എത്തുന്നതിനു മുൻപ് അത് വിഘടിച്ചു പോകും. വിമാനമോ ജെററുവിമാനമോ മിസൈലോ ഉപയോഗിച്ച് ഓസോൺ മുകളിലെത്തിക്കാനുള്ള വിചിത്ര പദ്ധതികൾ ചില ശാസ്ത്രജ്ഞൻമാർ വിഭാവനം ചെയ്തിട്ടുണ്ട്. എന്നാൽ അതിനുള്ള ചെലവ് ഭീമമായിരിക്കുമെന്ന് അവർ സമ്മതിക്കുന്നു. എന്നാൽ പ്രത്യക്ഷത്തിൽ ഇതിനുള്ള ഏക പരിഹാരമാർഗ്ഗം മുകളിൽ അതു നശിപ്പിക്കാതെയും താഴെ അത് ഉല്പാദിപ്പിക്കാതെയുമിരിക്കുക എന്നതാണ്.
[22-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
Stratosphere
Ultraviolet Rays
Ozone Layer in Stratosphere
Troposphere
Earth
Spray Can
△ CFCs
→ Chlorine
● Ozone