ചെറുപ്പക്കാർ ചോദിക്കുന്നു. . .
എനിക്ക് എന്റെ പണം എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും?
പണത്തെസംബന്ധിച്ച് നിങ്ങൾ എന്തു വിചാരിക്കുന്നു? അത് ഇഷ്ടാനുസരണം ചെലവഴിക്കാനുള്ളതാണോ? അത് സൂക്ഷിച്ചുവെക്കേണ്ടതോ പൂഴ്ത്തിവെക്കേണ്ടതുപോലുമോ ആണോ? അനേകം യുവജനങ്ങൾ, തുറന്നു പറഞ്ഞാൽ, തങ്ങൾക്കുവേണ്ടി കരുതാൻ തങ്ങളുടെ മാതാപിതാക്കളുണ്ടെന്നുള്ള അറിവോടെ, അത് എങ്ങനെ ചെലവഴിക്കണമെന്നല്ലാതെ അധികമൊന്നും അതിനെക്കുറിച്ചു ചിന്തിക്കുന്നില്ല.
എന്നിരുന്നാലും, നിങ്ങളെ സുരക്ഷിതമായി താങ്ങാൻ മാതാപിതാക്കൻമാർ എപ്പോഴും ഉണ്ടായിരിക്കണമെന്നില്ല. കൂടാതെ, സ്കൂൾ പഠനശേഷമുള്ള ഒരു ഉദ്യോഗമൊ ഒരു ഗണ്യമായ അലവൻസ് പോലുമൊ നിങ്ങൾക്കുണ്ടെന്നുള്ള കേവല വസ്തുത പണം അശ്രദ്ധമായി കൈകാര്യം ചെയ്യാൻ നിങ്ങൾക്കു കഴിയുമെന്നർത്ഥമാക്കുന്നില്ല. ബൈബിൾ മുന്നറിയിപ്പു നൽകുന്നു: “നിങ്ങൾ നിങ്ങളുടെ കണ്ണുകൾ അതിനെ [പണത്തെ], അത് ഒന്നുമല്ലാത്തപ്പോൾ, മിഴിച്ചുനോക്കാനനുവദിച്ചിരിക്കുന്നുവോ? എന്തെന്നാൽ അത് അതിനുവേണ്ടി കഴുകന്റേതുപോലുള്ള ചിറകുകളുണ്ടാക്കുകയും ആകാശത്തിലേക്കു പറന്നുപോകുകയും ചെയ്യുന്നു.” (സദൃശവാക്യങ്ങൾ 23:5) നിങ്ങളുടെ പണം ‘പറന്നുപോകാതെ’ എങ്ങനെ തടയാൻ കഴിയും? ഒന്നാമതായി പണം എന്താണെന്ന് നിങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
പണം വളരെ വിലപ്പെട്ടതായിരിക്കുന്നതിന്റെ കാരണം
പണം ഒരു കൈമാററ ഉപാധിയാണ്—ശക്തമായ ഒരു ഉപാധി തന്നെ. “തികച്ചും നാണയമൂല്യമുള്ള ആസ്തി പണം മാത്രമാണ്” എന്ന് എൻസൈക്ലോപീഡിയാ ബ്രിട്ടാനിക്കാ പറയുന്നു. ദൃഷ്ടാന്തത്തിന്, നിങ്ങളുടെ റേഡിയോയെ ഒരു ആസ്തിയായി (വിലയുള്ള ഒന്ന്) പരിഗണിക്കാം. എന്നാൽ ഒരു വെറും റൊട്ടിക്കുവേണ്ടി അത് കൈമാററം ചെയ്യാൻ ശ്രമിക്കുന്നതിനെക്കുറിച്ചു സങ്കൽപ്പിക്കുക. റേഡിയോയിക്ക് റൊട്ടിയെക്കാൾ വളരെയധികം വിലയുണ്ടായിരിക്കാം. എന്നാൽ ബേക്കറി കടക്കാരന് നിങ്ങളുടെ റേഡിയോ വേണ്ടെങ്കിൽ അയാൾ അതിനു പകരം നിങ്ങൾക്ക് റൊട്ടി തരാൻ ഇടയില്ല. നിങ്ങളുടെ റേഡിയോയും അങ്ങനെ വിലയില്ലാത്തതായേക്കാം! എന്നിരുന്നാലും, പണം സാർവലൗകികമായി ആദരിക്കപ്പെടുന്നുa അങ്ങനെ അത് നിങ്ങൾ ആഗ്രഹിക്കുന്ന ഏത് സാധനങ്ങൾക്കും അഥവാ സേവനങ്ങൾക്കും വേണ്ടി അനായാസം കൈമാററം ചെയ്യാവുന്നതാണ്.
ആ സ്ഥിതിക്ക് “പണം ഒരു സംരക്ഷണത്തിനുവേണ്ടിയാണ്” എന്ന് സഭാപ്രസംഗി 7:12-ൽ ശലോമോൻ പറഞ്ഞത് ജ്ഞാനപൂർവകമായിരുന്നു. അങ്ങനെ പണം ജീവിതാവശ്യങ്ങളും അനേകം ജീവിതോല്ലാസങ്ങളും നേടുന്നതിനുള്ള ഒരു താക്കോലാണ്. ശലോമോൻ കൂടുതലായി പറഞ്ഞപ്രകാരം: “തീൻമേശക്ക് അതിന്റെ ഉല്ലാസങ്ങളുണ്ട്, വീഞ്ഞ് ഒരു ഉല്ലാസജീവിതം ഉളവാക്കുന്നു; അതിന്റെയെല്ലാം പിമ്പിൽ പണമുണ്ട്.”—സഭാപ്രസംഗി 10:19, ദി ന്യൂ ഇംഗ്ലീഷ ബൈബിൾ.
എന്നിരുന്നാലും പണം എല്ലായ്പോഴും അനായാസം ലഭിക്കുന്നില്ല. മിക്ക മാതാപിതാക്കൾക്കും പണത്തിന്റെ അപരിമിതമായ ഉറവുകളില്ല; അവർ നിങ്ങൾക്ക് പങ്കു വെക്കുന്നതിനുവേണ്ടി കഠിനവേല ചെയ്യേണ്ടിയിരിക്കുന്നു. “ഒരു മനുഷ്യന് അവന്റെ സകല കഠിനവേലക്കും എന്തു ലഭിക്കുന്നു?” എന്ന് ശലോമോൻ ചോദിച്ചു. (സഭാപ്രസംഗി 2:22) നിങ്ങളുടെ മാതാപിതാക്കൾക്ക് അവരുടെ കഠിനവേലക്ക് അധികമായ സംതൃപ്തി—ശമ്പളവും—കിട്ടാതിരുന്നേക്കാം. എന്തിന്, അനേകം മാതാപിതാക്കൾ കുടുംബങ്ങളുടെ അത്യാവശ്യ കാര്യങ്ങൾ നിറവേററാൻ വേണ്ടി മാത്രം രാവിലെ മുതൽ രാത്രിവരെ പണിയെടുക്കുന്നു!
അതുകൊണ്ട് പണത്തെ നിസ്സാരമായി കരുതാവുന്നതല്ല. അതിനെ ആദരവോടെ വീക്ഷിക്കുകയും ജ്ഞാനപൂർവം കൈകാര്യം ചെയ്യുകയും വേണം. അതു ചെയ്യുന്നതിനുള്ള ഒരു മാർഗ്ഗം നിങ്ങളുടെ പണത്തിന് ഒരു ബജററുണ്ടാക്കാൻ പഠിക്കുകയാണ്.
ബജററിന്റെ മൂല്യം
ഒരു ബജററ് നിങ്ങളുടെ പണത്തെ ചെലവഴിക്കുന്നതിനും മിച്ചിക്കുന്നതിനുമുള്ള ഒരു സംവിധാനം മാത്രമാണ്. 1985 മെയ്യിലെ ററീൻ മാസിക ഇങ്ങനെ പ്രസ്താവിച്ചു: “നിങ്ങളുടെ ഡോളറുകളെല്ലാം എവിടെ അപ്രത്യക്ഷപ്പെടുന്നുവെന്ന് കണ്ടുപിടിക്കുന്നതാണ് നിങ്ങളുടെ പണത്തിൻമേൽ നിയന്ത്രണം നേടുന്നതിനും നിങ്ങൾക്ക് പ്രാവർത്തികമാകുന്ന ഒരു ബജററ് അനുസരിക്കുന്നതിനുമുള്ള ആദ്യ നടപടി.” അതുകൊണ്ട് നിങ്ങൾ പ്രതീക്ഷിക്കുന്ന സകല ചെലവുകളുടെയും ഒരു ലിസ്ററ് ആദ്യമായി ഉണ്ടാക്കുക—ഭക്തണം, ഗതാഗതം, വിനോദം മുതലായവ. അടുത്തതായി, ഒരു മാസത്തേക്കോ മറേറാ നിങ്ങൾക്കുണ്ടാകുന്ന യഥാർത്ഥ ചെലവുകൾ തിട്ടപ്പെടുത്തുക. ഇപ്പോൾ നിങ്ങൾ പ്രായോഗികമായ ചെലവിടലിന്റെയും സ്വരൂപിക്കലിന്റെയും ന്യായമായ ചില ലക്ഷ്യങ്ങൾ വെക്കാവുന്ന സ്ഥാനത്താണ്.
ഒരിക്കൽ ഇതു തിട്ടപ്പെടുത്തിക്കഴിഞ്ഞാൽ കുറെ കവറുകളെടുത്ത് ചെലവുകളുടെ ഓരോ വിഭാഗവുമനുസരിച്ച് അവക്ക് ലേബൽ കൊടുക്കാൻ ശ്രമിക്കാവുന്നതാണ്. ദൃഷ്ടാന്തത്തിന്, ഒരു കവറിന് “ഭക്തണപ്പണം” എന്ന് ലേബൽ കൊടുക്കാം. അതേ സമയം മറെറാന്നിന് “പുതിയ ബ്ളൗസ്” അല്ലെങ്കിൽ “പുതിയ ഷർട്ട്” എന്നിങ്ങനെയുള്ള ഏതെങ്കിലും ഭാവി വാങ്ങലിനുവേണ്ടി ലേബൽ എഴുതാം. നിങ്ങൾക്ക് അലവൻസോ ശമ്പളമോ ലഭിക്കുമ്പോൾ നിങ്ങൾ വെച്ചിരിക്കുന്ന ചെലവാക്കൽ ലക്ഷ്യങ്ങൾക്കനുസൃതമായി കവറുകളിൽ പണം വിഭജിച്ചിടുക. ചെലവുകൾ ഉണ്ടാകുമ്പോൾ ഉചിതമായ കവറുകളിൽനിന്ന് അവക്ക് പണം കൊടുക്കുക.b
നിങ്ങൾ ഒരു ബജററ് അനുസരിക്കുന്നതിനു ശ്രമിച്ചിട്ട് പരാജയപ്പെട്ടുപോയോ? നിങ്ങൾ ഒററക്കല്ല. ഒരു ചെറുപ്പക്കാരിയായ ലേയ ഇങ്ങനെ പറഞ്ഞു: “ഞാൻ പല സന്ദർഭങ്ങളിൽ എന്റെ പണത്തിനു ബജററുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്, എന്നാൽ ഞാൻ ബജററുകളോട് വളരെ നന്നായി പററിനിൽക്കുന്നില്ല. എന്നിരുന്നാലും, അവൾ ഇങ്ങനെ സമ്മതിക്കുന്നു: “എനിക്കൊരു ബജററുള്ളപ്പോൾ ഞാൻ മെച്ചമായി പണം സ്വരൂപിക്കുന്നു. എനിക്കാവശ്യമില്ലാത്ത വസ്തുക്കൾ ഞാൻ വാങ്ങുന്നില്ല.” വിജയത്തിന്റെ താക്കോൽ? ആത്മശിക്ഷണം. ഒരു തീരുമാനമെടുത്ത് അതിനോടു പററിനിൽക്കുക! നിയന്ത്രണമില്ലാത്ത ചെലവഴിക്കൽശീലങ്ങളെ നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് യഹോവയോടു പ്രാർത്ഥിക്കുന്നതിനും സ്വാതന്ത്ര്യമുണ്ടെന്ന് വിചാരിക്കുക.—ലൂക്കോസ് 11:13.
രസാവഹമായി, തങ്ങളുടെ പണത്തിൽ കുറെ “ബജററുചെയ്യാൻ” കൊരിന്തിലെ ക്രിസ്ത്യാനികളോടു നിർദ്ദേശിച്ചുകൊണ്ട് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “വാരത്തിന്റെ ഓരോ ഒന്നാം ദിവസവും നിങ്ങളിൽ ഓരോരുത്തരും സ്വന്തം വീട്ടിൽ എന്തെങ്കിലും സ്വരൂപിച്ചുവെക്കുക.” (1 കൊരിന്ത്യർ 16:1, 2) പിന്നീട് ആ പണം ദരിദ്ര ക്രിസ്ത്യാനികൾക്കുവേണ്ടിയുള്ള ഒരു പ്രത്യേക ഫണ്ടിന് സംഭാവന ചെയ്യപ്പെട്ടു. പൗലോസിന്റെ നിർദ്ദേശം അനുസരിക്കുന്നതിന് ആ കൊരിന്ത്യ ക്രിസ്ത്യാനികൾക്ക് യഥാർത്ഥ ആത്മശിക്ഷണം ആവശ്യമായിരുന്നു എന്നതിനു സംശയമില്ല. എന്നാൽ അനുഗ്രഹങ്ങൾ അങ്ങനെയുള്ള ശ്രമത്തെ മൂല്യവത്താക്കി!
നിങ്ങൾക്കും ഒരു ബജററിനോടു പററിനിൽക്കുന്നതുകൊണ്ട് പ്രയോജനം കിട്ടുമെന്നുള്ളതിനു സംശയമില്ല. ഏവ്യൻ എന്നു പേരുള്ള ഒരു യുവാവ് പറയുന്നു: “ഞാൻ സദൃശവാക്യങ്ങൾ 21:5-ൽ പറഞ്ഞിരിക്കുന്നവനെപ്പോലെ, “ധൃതഗതിക്കാരനും” അടുത്ത ശമ്പളദിവസത്തിനു മുമ്പ് ‘ഞെരുക്കത്തിലേക്കു നീങ്ങുന്നവനും’ ആയിരുന്നു. ബജററിംഗ് എന്നെ കൂടുതൽ ഉത്തരവാദിത്തമുള്ളവനാക്കുന്നു.”
കടത്തിൽ ജാഗ്രത
“ഇപ്പോൾ വാങ്ങുക, പിന്നീട് പണം കൊടുക്കുക!” എന്ന് അനേകം വ്യാപാരികൾ പ്രോത്സാഹിപ്പിക്കുന്നു. ജാഗ്രതയോടെയും ബുദ്ധിപൂർവകവും ഉപയോഗിക്കുമ്പോൾ തീർച്ചയായും കടത്തിന് അതിന്റെ സ്ഥാനമുണ്ട്. എന്നിരുന്നാലും, അലക്ഷ്യമായി ഉപയോഗിക്കുമ്പോൾ കടത്തിന് ഒരു യുവാവായ കെവിൻ പറയുന്ന “ഒരു രൂപത്തിലുള്ള അടിമത്വം” ആയിത്തീരാൻ കഴിയും.—സദൃശവാക്യങ്ങൾ 22:7 താരതമ്യം ചെയ്യുക.
ചില യുവജനങ്ങളെ സംബന്ധിച്ചിടത്തോളം, കടം തങ്ങൾക്കാവശ്യമില്ലാത്തതൊ തങ്ങൾക്കു വാങ്ങാൻ നിർവാഹമില്ലാത്തതൊ ആയ വസ്തുക്കൾ വാങ്ങുന്നത് വളരെ അനായാസമാക്കിത്തീർക്കുന്നു. മാസാവസാനം നീക്കിബാക്കിയുള്ള തുക നിങ്ങൾ അടയ്ക്കുന്നില്ലെങ്കിൽ നിങ്ങൾ കൊടുക്കാനുള്ള തുകക്ക് നിങ്ങളിൽനിന്ന് പലിശ ഈടാക്കുന്നു. പണം കൊടുത്തുതീർക്കുന്നതിന് നിങ്ങൾ എത്ര ദീർഘമായി താമസംവരുത്തുന്നുവോ അത്രയധികമായി ഒരു വസ്തുവിനു വില കൂടുന്നു. അതുകൊണ്ട് ഒടുവിൽ നിങ്ങൾക്കാവശ്യമുള്ളതിനുവേണ്ടി പണം സ്വരൂപിച്ചുവെച്ചിട്ട് രൊക്കം പണംകൊടുത്തു വാങ്ങുന്നതാണ് കൂടുതൽ ലാഭകരം.
‘മിച്ചംവെക്കുന്ന ഒരു പൈസ . . . ’
ഫൈലിസ് എന്നു പേരുള്ള ഒരു യുവതി ഇങ്ങനെ പ്രസ്താവിച്ചു: “നിങ്ങൾക്കെപ്പോൾ പ്രയാസങ്ങൾ നേരിടുമെന്നും മിച്ചം വെച്ചിരിക്കുന്ന പണം ആവശ്യമായി വരുമെന്നും നിങ്ങൾ ഒരിക്കലും അറിയുന്നില്ല.” (സഭാപ്രസംഗി 9:11 താരതമ്യം ചെയ്യുക.) തീർച്ചയായും നിങ്ങൾ ഒരു രോഗം ബാധിച്ച് ഒരു ജോലി നിലനിർത്താൻ അപ്രാപ്തനായിത്തീർന്നേക്കാം. നിങ്ങളുടെ മാതാപിതാക്കൾക്കും പ്രയാസം നേരിട്ടിട്ട് നിങ്ങൾക്ക് ഒരു അലവൻസ് തരാൻ കഴിയാതെ വന്നേക്കാം. അതുകൊണ്ട് ഒരു തുക മിച്ചം വെക്കുന്ന സംഗതി നിങ്ങളുടെ ബജററിൽ ഉൾപ്പെടുത്തുന്നത് ബുദ്ധിയാണ്. ഇതിന് ഒരു സാമ്പത്തിക കൊടുങ്കാററിനെ അനായാസം തരണം ചെയ്യാൻ നിങ്ങളെ പ്രാപ്തനാക്കാൻ കഴിയും.
ഒരു പിഗ്ഗി ബാങ്കോ ഒരു ഷൂ ബോക്സോ നിങ്ങളുടെ പണം സൂക്ഷിക്കുന്നതിനുള്ള സുരക്ഷിത സ്ഥലമാണെന്നു തോന്നിയേക്കാം. എന്നാൽ പലിശ സഹിതം പെരുകാൻ കഴിയുന്ന ഒരു ബാങ്കിൽ പണം ഇടുന്നതിനെക്കുറിച്ച് യേശു സംസാരിച്ചു. (മത്തായി 25:27) അതുകൊണ്ട് ഒരു ബാങ്കിൽ നിങ്ങളുടെ സ്വന്തം സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിന്റെ ബുദ്ധിപൂർവകതയെക്കുറിച്ച് മാതാപിതാക്കളുമായി ചർച്ചചെയ്യാൻ പാടില്ലേ? ഒരു സേവിംഗ്സ് പദ്ധതി പ്രാവർത്തികമാക്കുന്നതിന് നിങ്ങൾക്ക് ഒരു വലിയ പണത്തുക വേണമെന്നില്ല. എന്നാൽ ചില സ്ഥലങ്ങളിൽ ഒരു സേർവീസ് ചാർജ് ഒഴിവാക്കാൻ മതിയായ തുക ആവശ്യമാണ്. നിങ്ങളുടെ സമ്പാദ്യത്തോട് കൂട്ടുന്നതിലുള്ള ക്രമമാണ് വിജയത്തിനുള്ള താക്കോൽ.
എന്നിരുന്നാലും, നിങ്ങളുടെ കുടുംബം ദരിദ്രമാണെങ്കിൽ അല്ലെങ്കിൽ ചെറുപ്പക്കാർക്ക് ചെലവാക്കാനുള്ള സ്വന്തം പണം അപൂർവമായി കിട്ടുന്ന സാമ്പത്തികമായി പിന്നോക്കമായ ഒരു രാജ്യത്താണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ എന്ത്? എന്നിരുന്നാലും, നിങ്ങളുടെ കുടുംബത്തിന്, തുച്ഛമെന്നു തോന്നിയാലും, കുറെ ആസ്തികൾ ഉണ്ട്. എന്നാൽ കുടുംബ വരുമാനത്തോടുള്ള നിങ്ങളുടെ മനോഭാവം ‘വെറുതെ കിട്ടിയതു വെറുതെ പോകട്ടെ’ എന്നാണെങ്കിൽ നിങ്ങൾ നിങ്ങളുടെ സ്വന്തം താൽപ്പര്യങ്ങൾക്കും കുടുംബതാൽപ്പര്യങ്ങൾക്കും എതിരായിട്ടാണ് പ്രവർത്തിക്കുന്നത്. തീർച്ചയായും നിങ്ങളുടെ മാതാപിതാക്കൾ കഠിനാദ്ധ്വാനം ചെയ്ത് പ്രദാനം ചെയ്യുന്നതു സംബന്ധിച്ച് “നന്ദിയില്ലാത്തവൻ” ആയിരിക്കാൻ നിങ്ങൾ ആഗ്രഹിക്കയില്ല.—സദൃശവാക്യങ്ങൾ 29:21.
അതുകൊണ്ട് പണത്തോട് ഉത്തരവാദിത്വബോധമുള്ള ഒരു മനോഭാവം പ്രകടമാക്കുക—നിങ്ങൾക്കു സ്വന്തം പണമില്ലാത്തപ്പോൾപോലും. ദൃഷ്ടാന്തത്തിന് ആഹാരപദാർത്ഥങ്ങൾപോലെയുള്ള വസ്തുക്കൾ പാഴാക്കുന്നത് ഒഴിവാക്കാൻ കഴിയും. (യോഹന്നാൻ 6:12, 13 കാണുക.) കണ്ണാടി, സ്കൂൾസാമഗ്രികൾ എന്നിങ്ങനെ മാറാൻ പ്രയാസമുള്ളതും ചെലവേറിയതുമായ വസ്തുക്കളെ ആദരവോടെ കൈകാര്യം ചെയ്യുക. നിങ്ങളുടെ ഈ കാര്യത്തിലുള്ള സൂക്ഷ്മബോധത്തെ നിങ്ങളുടെ മാതാപിതാക്കൾ അതിയായി വിലമതിക്കുമെന്നതിനു സംശയമില്ല.
സദൃശവാക്യങ്ങൾ 11:28 നമ്മെ ഇങ്ങനെ ഓർമ്മിപ്പിക്കുന്നു: “തന്റെ ധനത്തിൽ ആശ്രയിക്കുന്നവൻ—അവൻ തന്നെ വീഴും; എന്നാൽ നീതിമാൻമാർ ഇലച്ചിൽപോലെ തഴക്കും.” പണം നിങ്ങളുടെ ആവശ്യത്തിന് ഉതകേണ്ടതാണ്. എന്നാൽ ഒരു ക്രിസ്ത്യാനി സമ്പന്നനാകാൻ ഉദ്യമിക്കരുത്. മാത്യു എന്നു പേരുള്ള ഒരു യുവാവ് പ്രസ്താവിക്കുന്നതുപോലെ: “പണത്തിന് അതിന്റെ സ്ഥാനമുണ്ട്. എന്നാൽ അത് എല്ലാമായിരിക്കുന്നില്ല.” അത് കേവലം ഒരു പണിയായുധമാണ്, തീർച്ചയായും, ഒരു സംരക്ഷണം. (സഭാപ്രസംഗി 7:12) അതു ജ്ഞാനപൂർവം, വിവേകപൂർവം ഉപയോഗിക്കാൻ പഠിക്കുക. വ്യക്തിപരവും കുടുംബപരവുമായ കടപ്പാടുകൾ നിറവേററാൻ നിങ്ങളുടെ പണം എങ്ങനെ ഉപയോഗിക്കണമെന്ന് ഫെബ്രുവരി ലക്കം ചർച്ചചെയ്യും. (g89 12/22)
[അടിക്കുറിപ്പുകൾ]
a ഇതിന് ഒരു വ്യത്യസ്തതയുള്ളത് ദേശീയ കറൻസിയെ പണപ്പെരുപ്പം കേവലം വിലയില്ലാത്തതാക്കിയിട്ടുള്ള രാജ്യങ്ങളിലാണ്.
b ഉണരുക!യുടെ 1986 ഫെബ്രുവരി 8-ലെ ലക്കത്തിൽ കാണുന്ന “നിങ്ങളുടെ പണത്തിന് ബജററുണ്ടാക്കുക—എളുപ്പ മാർഗ്ഗം” എന്ന ലേഖനം കാണുക.
[25-ാം പേജിലെ ആകർഷകവാക്യം]
“എനിക്കൊരു ബജററുള്ളപ്പോൾ ഞാൻ മെച്ചമായി പണം സ്വരൂപിക്കുന്നു. എനിക്കാവശ്യമില്ലാത്ത വസ്തുക്കൾ ഞാൻ വാങ്ങുന്നില്ല.”
[26-ാം പേജിലെ ചിത്രം]
ഉത്തരവാദിത്വമുള്ള യുവജനങ്ങൾ തങ്ങളുടെ പണത്തിൽ കുറെ മിച്ചം വെക്കുന്നു