ന്യൂക്ലിയർ ആയുധങ്ങൾക്ക് അറുതിവരുന്നു—എങ്ങനെ?
നമ്മുടേത് ഉൽക്കൺഠയുടെ ഒരു യുഗമാണ്. സയൻസും യുദ്ധവുമായുള്ള വേളി അചിന്തനീയമായ നശീകരണശക്തിയുള്ള ആയിരക്കണക്കിനു ആയുധങ്ങൾ ഉൽപ്പാദിപ്പിച്ചിട്ടുണ്ട്, അവ മനുഷ്യരാശിയെ നിർമ്മൂലമാക്കാൻ ശക്തിയുള്ള വിവേചനയില്ലാത്ത കൊലയാളികളാണ്.
തന്റെ സഹജീവിയെ കൊല്ലാൻ മനുഷ്യന് ഇത്ര മനസ്സാണെന്നുള്ളത് അസ്വസ്ഥതാജനകമാണ്. എന്നിരുന്നാലും, മമനുഷ്യന്റെ കൊലപാതകപരമായ പ്രവണതകൾ തുടക്കംമുതൽതന്നെ പ്രത്യക്ഷമായിട്ടുണ്ട്. ബൈബിൾ ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “അങ്ങനെ അവർ വയലിലായിരുന്നപ്പോൾ കയീൻ തന്റെ സഹോദരനായ ഹാബേലിനെ കൈയേററംചെയ്യാനും കൊല്ലാനും മുതിർന്നു.” (ഉല്പത്തി 4:8) അന്നു മുതൽ മനുഷ്യൻ മനുഷ്യനെ കൊന്നുകൊണ്ടാണിരിക്കുന്നത്. 1945നുശേഷം യുദ്ധത്തിൽ ന്യൂക്ലിയർ ആയുധങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് മനുഷ്യൻ തന്റെ കൈ പിൻവലിച്ചിരിക്കുകയാണെങ്കിലും നമ്മുടേത് ചരിത്രത്തിലെ ഏററം ഹിംസാത്മക നൂററാണ്ടായി നിലകൊള്ളുകയാണ്. പ്രശ്നം ആയുധങ്ങൾ മാത്രമല്ലെന്ന് വ്യക്തമാണ്.
കാരണങ്ങളും പരിഹാരങ്ങളും
യുദ്ധങ്ങൾ നടത്തുന്നത് മനുഷ്യരായതുകൊണ്ട് മനുഷ്യപ്രകൃതിയിൽത്തന്നെയാണ് കാരണങ്ങൾ കണ്ടെത്തേണ്ടതെന്ന് ചില പണ്ഡിതൻമാർ വിചാരിക്കുന്നു. ഈ വീക്ഷണമനുസരിച്ച് മനുഷ്യർ സ്വാർത്ഥതയും ഭോഷത്വവും തെററായി നയിക്കപ്പെടുന്ന സമരാവേശങ്ങളും നിമിത്തമാണ് യുദ്ധങ്ങൾ നടത്തുന്നത്. നിർദ്ദേശങ്ങൾ വ്യത്യസ്തങ്ങളാണെങ്കിലും മനുഷ്യന്റെതന്നെ വീക്ഷണവും പെരുമാററവും മാററിയെടുക്കുന്നതിനാൽ മാത്രമേ സമാധാനമുണ്ടാകുകയുള്ളുവെന്ന് അനേകർ വിചാരിക്കുന്നു.
ജനതകൾ തമ്മിലാണ് യുദ്ധങ്ങൾ നടക്കുന്നതെന്നുള്ളതുകൊണ്ട് സാർവദേശീയ രാഷ്ട്രീയ വ്യവസ്ഥിതിയുടെ ഘടനയിലാണ് യുദ്ധത്തിന്റെ കാരണങ്ങൾ സ്ഥിതിചെയ്യുന്നതെന്നു മററു ചിലർ പറയുന്നു. ഓരോ പരമാധികാര രാഷ്ട്രവും അതിന്റെ സ്വന്തം അഭീഷ്ടങ്ങളും ആഗ്രഹങ്ങളുമനുസരിച്ച് പ്രവർത്തിക്കുന്നതുകൊണ്ട് അനിവാര്യമായി പോരാട്ടങ്ങളുണ്ടാകുന്നു. തർക്കങ്ങൾ പരിഹരിക്കുന്നതിന് പൊരുത്തമുള്ളതും ആശ്രയയോഗ്യവുമായ മാർഗ്ഗമില്ലാത്തതുകൊണ്ട് യുദ്ധം പൊട്ടിപ്പുറപ്പെടുന്നു.
യുദ്ധത്തിന്റെ കാരണങ്ങൾ സംബന്ധിച്ച തന്റെ വിശകലനത്തിൽ “ലോക യുദ്ധത്തിനുള്ള പരിഹാരം ഒരു ലോക ഗവൺമെൻറാണ്” എന്ന് പണ്ഡിതനായ കെന്നത്ത് വാൾട്ട്സ് പ്രസ്താവിക്കുന്നു. എന്നാൽ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പരിഹാരം യുക്തിക്ക് എതിർക്കാവുന്നതല്ലെങ്കിലും നടപടിയിൽ അപ്രാപ്യമാണ്.” മററുള്ളവർ യോജിക്കുന്നു. ഓമ്നി മാസികയിൽ ഗ്രന്ഥകാരനായ ബെൻ ബോവാ ഇങ്ങനെ പ്രസ്താവിച്ചു: “രാഷ്ട്രങ്ങൾ ആയുധീകരണങ്ങളെ നിയന്ത്രിക്കാനും യുദ്ധത്തെ തടയാനും കഴിയുന്ന ഒരൊററ ഗവൺമെൻറിൽ ഒന്നായിച്ചേരണം.” എന്നിരുന്നാലും അദ്ദേഹം ഇങ്ങനെ പറയുന്നു: “അത്തരമൊരു ലോകഗവൺമെൻറ് ഒരിക്കലും സാക്ഷാത്ക്കരിക്കാൻ കഴിയാത്ത അപ്രായോഗികമായ ഒരു ആശ, ഒരു ശാസ്ത്രീയകെട്ടുകഥാസ്വപ്നം, ആണെന്ന് മിക്കവരും പരിഗണിക്കുന്നു.” ഐക്യരാഷ്ട്രങ്ങളുടെ പരാജയം ഈ ദുഃഖകരമായ നിഗമനത്തിന് അടിവരയിടുന്നു. തങ്ങളുടെ പരമാധികാരം ആ സംഘടനക്കോ മറേറതെങ്കിലും സംഘടനക്കോ ഏൽപ്പിച്ചുകൊടുക്കാൻ രാഷ്ട്രങ്ങൾക്കു മനസ്സില്ല!
ലോകഗവൺമെൻറ്—ഒരു യാഥാർത്ഥ്യം!
എന്നാൽ ദൈവംതന്നെ ഒരു യഥാർത്ഥ ലോക ഗവൺമെൻറ് ഉദ്ദേശിക്കുന്നുണ്ടെന്ന് ബൈബിൾ നമുക്ക് ഉറപ്പുനൽകുന്നു. കർത്താവിന്റെ പ്രാർത്ഥന ചൊല്ലുമ്പോൾ ദശലക്ഷങ്ങൾ ഈ ഗവൺമെൻറിനുവേണ്ടി അറിയാതെതന്നെ പ്രാർത്ഥിച്ചിട്ടുണ്ട്: “നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ.” (മത്തായി 6:10) ആ രാജ്യഗവൺമെൻറിന്റെ തലവൻ സമാധാന പ്രഭുവായ യേശുക്രിസ്തു ആണ്. “അത് ഈ രാജ്യങ്ങളെയെല്ലാം തകർത്ത് അവസാനിപ്പിക്കും,” അതായത്, മനുഷ്യഗവൺമെൻറുകളെയെല്ലാം. ആ ഗവൺമെൻറിനെ സംബന്ധിച്ച ബൈബിളിന്റെ വാഗ്ദാനമാണിത്.—ദാനിയേൽ 2:44.
ഈ ലോകഗവൺമെൻറ് യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും ആനയിക്കും, അത് ഒരു ന്യൂക്ലിയർ വിലക്കിനാലോ ഹൈ-ടെക്ക് പ്രതിരോധായുധ വ്യവസ്ഥയാലോ ഇളകുന്ന രാഷ്ട്രീയ ഉടമ്പടികളാലോ ആയിരിക്കുകയില്ല. യഹോവയാം ദൈവം “ഭൂമിയുടെ അറുതിയോളം യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു. അവൻ വില്ലൊടിച്ചുകളകയും കുന്തങ്ങളെ വെട്ടിനുറുക്കുകയും ചെയ്യുന്നു; അവൻ രഥങ്ങളെ തീയിലിട്ടു ചുട്ടുകളയുന്നു” എന്ന് സങ്കീർത്തനം 46:9 പ്രവചിക്കുന്നു. ഇതിന്റെ അർത്ഥം ന്യൂക്ലിയർ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സകല ആയുധങ്ങളുടെയും നാശമെന്നാണ്.
എന്നാൽ മനുഷ്യന്റെതന്നെ യുദ്ധപ്രിയമുള്ള പ്രകൃതി സംബന്ധിച്ചെന്ത്? ദൈവത്തിന്റെ സ്വർഗ്ഗീയ ഗവൺമെൻറിൻ കീഴിൽ ഭൂനിവാസികൾ “തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കേണ്ടിവരും. ജനത ജനതക്കെതിരെ വാളുയർത്തുകയില്ല, അവർ മേലാൽ യുദ്ധം അഭ്യസിക്കുകയുമില്ല.” (യെശയ്യാവ് 2:4) ഇപ്പോൾത്തന്നെ മുപ്പതു ലക്ഷം ആളുകൾ ഈ ബൈബിൾവാക്യമനുസരിച്ചു ജീവിക്കുന്നു. അവരാണ് യഹോവയുടെ സാക്ഷികൾ.
ഈ സാക്ഷികൾ 210-ൽപരം ദേശങ്ങളിൽ വസിക്കുന്നവരും അനേകം വംശീയസംഘങ്ങളിൽ പെട്ടവരുമാണ്. സത്യക്രിസ്ത്യാനികളാകുന്നതിനുമുമ്പ് അവരിൽ ചിലർ യുദ്ധപ്രിയരും ഒരുപക്ഷേ ദുഷ്ടർപോലുമായിരുന്നു. എന്നാൽ ദൈവപരിജ്ഞാനം സമ്പാദിച്ചതിന്റെ ഫലമായി അവർ ഇപ്പോൾ അന്യോന്യമോ മററാർക്കെങ്കിലും എതിരായോ വാളുയർത്താൻ വിസമ്മതിക്കുന്നു. രാഷ്ട്രീയ ശണ്ഠകളുടെ മദ്ധ്യേ അവരുടെ നിഷ്പക്ഷത ചരിത്രരേഖയുള്ള ഒരു സംഗതിയാണ്. യഹോവയുടെ സാക്ഷികൾ സാർവദേശീയമായി കൈക്കൊണ്ടിട്ടുള്ള സമാധാനപരമായ നിലപാട് യുദ്ധവും ന്യൂക്ലിയർ ആയുധങ്ങളുമില്ലാത്ത ഒരു ലോകം സാദ്ധ്യമാണെന്നുള്ള വസ്തുതയെ സാക്ഷ്യപ്പെടുത്തുന്നു.
ഇന്നു ജീവിക്കുന്ന ദശലക്ഷക്കണക്കിനാളുകൾ ന്യൂക്ലിയർയുഗത്തിൽ ജനിച്ചവരാണ്, അതിൽത്തന്നെ മരിക്കാനും പ്രതീക്ഷിക്കുന്നു—അതുമൂലം അവർ മരിക്കുന്നില്ലെങ്കിൽ. യഹോവയുടെ സാക്ഷികൾ ആ ഇരുണ്ട വീക്ഷണത്തിൽ പങ്കുപററുന്നില്ല. അവർ പൂർണ്ണമായും ആശ്രയം വെച്ചിരിക്കുന്നത് രാജ്യത്തിലും തങ്ങളുടെ ദൈവമായ യഹോവയിലുമാണ്. അവന് “യാതൊരു പ്രഖ്യാപനവും അസാദ്ധ്യമായിരിക്കയില്ല.”—ലൂക്കോസ് 1:37. (g88 8/22)
[9-ാം പേജിലെ ചിത്രം]
യുദ്ധായുധങ്ങൾക്ക് അറുതിവരുത്തുന്നത് ദൈവമാണെന്ന് ബൈബിൾ പ്രവചിക്കുന്നു
[10-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ സ്വർഗ്ഗീയഗവൺമെൻറിൻ കീഴിൽ ഭൂമി യുദ്ധത്തിൽനിന്നും നശീകരണായുധങ്ങളിൽനിന്നും വിമുക്തമാകും