ബൈബിളിന്റെ വീക്ഷണം
നിങ്ങൾ പത്തു കൽപ്പനകൾ അനുസരിക്കണമോ?
ദൈവത്തിന്റെ വിരൽ കൊണ്ട് കല്ലിൽ എഴുതിയത് ക്രി.മു. 1513-ൽ ആയിരുന്നു. അന്നുമുതൽ മനുഷ്യർ പത്തു കൽപ്പനകൾ പകർത്തുകയും ലോകത്തിനു ചുററും വ്യാപിപ്പിക്കുകയും ചെയ്തു. ശതസഹസ്രക്കണക്കിന് ആളുകൾ അത് വായിച്ചിട്ടുണ്ട്, അനേകർക്കും അത് കാണാതെ അറിയാം. അത്തരം വിപുലവ്യാപകമായ ശ്രദ്ധ ലഭിച്ചിട്ടുള്ള മററു നിയമ സംഹിത ഉണ്ടായിരിക്കാൻ ഇടയില്ല. 1988-ൽ അതിന്റെ 3,500-ാം വാർഷികവേളയിൽ ചോദ്യമിതായിരുന്നു: പത്തു കൽപ്പനകൾ നിങ്ങൾ അനുസരിക്കത്തക്കവണ്ണം ഇപ്പോഴും പ്രാബല്യത്തിലുണ്ടോ?—പുറപ്പാട് 20:1-17; 31:18.
അവ ആർക്കുവേണ്ടി ഉദ്ദേശിക്കപ്പെട്ടിരുന്നു?
ഇസ്രായേല്യർ എന്ന് അറിയപ്പെട്ടിരുന്ന ജനതക്ക് ദൈവം പത്തു കൽപ്പനകൾ കൊടുത്തു. അവന്റെ ഉപക്രമവാക്കുകളിൽ ഈ ഒരു ജനതയോടായിരുന്നു അവൻ സംസാരിച്ചതെന്ന് അവൻ വ്യക്തമാക്കി: “ഞാൻ ഈജിപ്ററ്ദേശത്തുനിന്ന്, അടിമകളുടെ ഭവനത്തിൽനിന്ന്, നിങ്ങളെ പുറത്തുകൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവയാകുന്നു.” പത്തു കൽപ്പനകൾ ഒരു ദേശീയ നിയമസംഹിതയുടെ ഭാഗമായിരിക്കാൻ ഉദ്ദേശിക്കപ്പെട്ടിരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു.—പുറപ്പാട് 20:2.
ക്രിസ്ത്യാനികളിലേക്ക് കൈമാറ്റം ചെയ്തോ?
എന്നിരുന്നാലും, അത്തരം സാർവ്വത്രിക സ്വഭാവമുള്ള പത്തു കൽപ്പനകൾ യഹൂദേതരർക്കും എപ്പോഴും പ്രാബല്യത്തിലുണ്ടായിരിക്കയും ബാധകമാകുകയും ചെയ്തിരുന്നോ? ഇല്ല. നൂററാണ്ടുകൾക്കുശേഷം ക്രിസ്തീയസഭ സ്ഥാപിച്ചപ്പോൾ, ഈ നിയമസംഹിത അതിലേക്ക് കൈമാററം ചെയ്യപ്പെട്ടില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, “ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു”വെന്ന് ബൈബിൾ പറയുന്നു. (റോമർ 10:4) അതിന്റെ അർത്ഥമെന്താണ്?
ദൃഷ്ടാന്തീകരിക്കുന്നതിന്, മുമ്പ് 1912-ൽ ഹൈജംപിന്റെ ലോക റക്കോഡ് 6 അടി 7 ഇഞ്ച് ആയിരുന്നു. എഴുപത്തിയഞ്ചു വർഷങ്ങൾക്കുശേഷം 1987-ൽ റക്കോഡ് 7 അടി 111⁄2 ഇഞ്ച് ആയിരുന്നു. എന്നിരുന്നാലും, രണ്ടു കാലുകൾ താങ്ങിനിർത്തുന്ന ഒരു ദണ്ഡിന് മുകളിലൂടെ ഒരു മനുഷ്യന് ചാടാൻ കഴിയുന്ന ഉയരത്തിന് ഒരു അന്തിമ പരിധിയുണ്ടായിരിക്കും. ഈ പരിധിയിൽ എത്തുന്ന ഒരു ചാമ്പ്യൻ സകല ലോക റക്കോഡും അവസാനിപ്പിക്കും. അയാളെ അവയുടെ “അവസാനം” എന്നും പറയാൻ കഴിയും. ഇപ്പോൾ, ഇത് എപ്രകാരമാണ് പത്തു കൽപ്പനകൾക്ക് ബാധകമാകുന്നത്?
ദൈവം 600-ൽപരം മററു നിയമങ്ങളും ചട്ടങ്ങളും ഉൾക്കൊള്ളുന്ന “ന്യായപ്രമാണനിയമം” രൂപീകരിക്കയും ഇസ്രായേല്യർക്കു കൊടുക്കുകയും ചെയ്തപ്പോൾ, അവൻ പൂർണ്ണതയുടെ അങ്ങേയററത്തെ ലക്ഷ്യമൊ നിലവാരമൊ വെച്ചു. അവൻ ദണ്ഡ് ഏററവും ഉയർന്ന ലവലിൽ വെച്ചു, എന്നുതന്നെ പറയട്ടെ. ഈ ദിവ്യനിയമം ഒരു പൂർണ്ണതയുള്ള മനുഷ്യനുമാത്രം എത്താവുന്ന വിധത്തിലുള്ള ഉയർന്ന ധാർമ്മിക നിലവാരമുള്ളതായിരുന്നു. സഭാപ്രസംഗി 7:20 ഇപ്രകാരം പറയുന്നു: “ഭൂമിയിൽ പാപം ചെയ്യാതെ നൻമചെയ്തുകൊണ്ടിരിക്കുന്ന നീതിമാനായ മനുഷ്യൻ ആരുമില്ല.”
അപ്രകാരം ദണ്ഡ്—ദൈവത്തിന്റെ നീതിയുള്ള നിലവാരം—അപൂർണ്ണരായ ഇസ്രായേല്യർക്ക് അഥവാ യഹൂദൻമാർക്ക് എത്താൻ കഴിയാത്തവിധം വളരെയധികം ഉയരത്തിലായിരുന്നു വെച്ചിരുന്നത്. എന്തുകൊണ്ട്? ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് ഇപ്രകാരം വിശദീകരിക്കുന്നു: “ആരോടു വാഗ്ദത്തം ചെയ്തിരുന്നോ ആ സന്തതി [മശിഹാ അല്ലെങ്കിൽ ക്രിസ്തു] എത്തിച്ചേരുന്നതുവരെ ലംഘനങ്ങൾ വെളിപ്പെടേണ്ടതിന് ഇത് [ന്യായപ്രമാണനിയമം] കൂട്ടിച്ചേർക്കപ്പെട്ടു.” (ഗലാത്യർ 3:19) ന്യായപ്രമാണത്താൽ, തങ്ങളുടെ സ്വന്തം പ്രവൃത്തികൾ കൊണ്ട് നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടുന്നതിനുള്ള ലക്ഷ്യത്തിലെത്താൻ കഴിയാത്തവിധം യഹൂദൻമാരെല്ലാം അപൂർണ്ണരായ പാപികളാണെന്ന് ദൈവം അവർക്കു കാണിച്ചുകൊടുത്തു.
ആ ദണ്ഡിനു മുകളിലൂടെ കടക്കാൻ കഴിവുള്ള ഒരുവനേയുണ്ടായിരുന്നുള്ളു: വരാനിരുന്ന വാഗ്ദത്തമശിഹാ അഥവാ ക്രിസ്തു. അതുകൊണ്ട് യഹൂദൻമാർ, ഒരിക്കൽ എന്നേക്കുമായി അതിനു മുകളിലൂടെ കടക്കുന്ന അന്തിമ ചാമ്പ്യനായ മശിഹായെ നോക്കിപ്പാർത്തിരിക്കുമളവിൽ ഒരു ലക്ഷ്യമെന്ന നിലയിൽ ആ ഉന്നത നിലവാരം അവരുടെ മുമ്പാകെ വെച്ചു.
“ക്രിസ്തുവിലേക്ക് നയിക്കുന്നു”
ഇതിനോട് ചേർച്ചയിൽ പൗലോസ് ഗലാത്യർ മൂന്നാം അദ്ധ്യായം 24-ാം വാക്യത്തിൽ ഇപ്രകാരം തുടരുന്നു: “അനന്തരഫലമായി നാം [അവനിലുള്ള] വിശ്വാസത്താൽ നീതിമാൻമാരെന്ന് പ്രഖ്യാപിക്കപ്പെടേണ്ടതിന് ന്യായപ്രമാണം ക്രിസ്തുവിലേക്ക് നയിക്കുന്ന പ്രബോധകനായിത്തീർന്നു.” ബൈബിൾകാലങ്ങളിൽ ഒരു പ്രബോധകൻ ഒരു കുട്ടിയെ അവന്റെ അദ്ധ്യാപകന്റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുപോവുകയും കുട്ടിക്ക് നിർദ്ദേശവും ശിക്ഷണവും കൊടുക്കുകയും ചെയ്തിരുന്നു.
അപ്രകാരം പത്തു കൽപ്പനകളും ന്യായപ്രമാണത്തിലെ മററു ഭാഗങ്ങളും യഹൂദൻമാരെ മശിഹായിക്കുവേണ്ടി ഒരുക്കുകയും അവരെ അവനിലേക്കു നയിക്കുകയും ചെയ്യുമായിരുന്നു. യേശു വരുകയും അവരോടൊത്ത് വസിക്കയും ന്യായപ്രമാണത്തോടുള്ള പൂർണ്ണമായ അനുസരണത്തിൽ മരിക്കയും ചെയ്തപ്പോൾ, അവൻ “ന്യായപ്രമാണത്തിന്റെ അവസാനമായി”ത്തീർന്നു. പിന്നീട് ദൈവം ആ ദണ്ഡ് നീക്കുകയും യഹൂദൻമാർക്ക് വിശേഷതരമായ ഒന്നു പ്രദാനം ചെയ്യുകയും ചെയ്തു. ഇപ്പോൾ അവർക്ക് അന്തിമമായി “ഒരു സൗജന്യ ദാനമെന്ന നിലയിൽ” “യേശുക്രിസ്തു കൊടുത്ത മറുവിലയാലുള്ള വിടുതലിലൂടെ അവന്റെ അനർഹദയയാൽ നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടാൻ” കഴിയുമായിരുന്നു.—റോമർ 3:24.
പൗലോസ് ഇപ്രകാരവും പറയുന്നു, “നിങ്ങൾ ന്യായപ്രമാണത്തിൻകീഴുള്ളവരല്ല പിന്നെയൊ അനർഹദയയിൻകീഴുള്ളവരാണ്,” കൂടാതെ, “നിങ്ങൾ ആത്മാവിനാൽ നയിക്കപ്പെടുന്നെങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻകീഴുള്ളവരല്ല.”—റോമർ 6:14; ഗലാത്യർ 5:18.
നിങ്ങൾ അനുസരിക്കേണ്ടത്
ക്രിസ്ത്യാനികൾ “ന്യായപ്രമാണത്തിൻ കീഴുള്ളവർ” അല്ലാത്തതിനാൽ അവർ സകല ധാർമ്മിക നിയന്ത്രണങ്ങളിൽ നിന്നും ഒഴിവുള്ളവരാണോ? അശേഷമല്ല. പൗലോസ് തെളിയിച്ചതുപോലെ, ക്രിസ്ത്യാനികൾ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നു, അത് ആരെയും പാപത്തിലേക്ക് നയിക്കുന്നില്ല. അത് പത്തു കൽപ്പനകളിൽ പരാമർശിച്ചിരിക്കുന്ന പാപങ്ങളിൽനിന്നും അകന്നു നിൽക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന്, നിങ്ങൾ 1 കൊരിന്ത്യർ 6:9, 10 വായിക്കുകയാണെങ്കിൽ പത്തു കൽപ്പനകൾക്കു സമാനമായ പല ക്രിസ്തീയ നിയമങ്ങളും നിങ്ങൾ കാണും. അവ വിഗ്രഹാരാധനക്കും പരസംഗത്തിനും മോഷണത്തിനും അത്യാഗ്രഹത്തിനും എതിരായ നിരോധനങ്ങളാണ്.
ക്രിസ്തു പത്തു കൽപ്പനകൾ ഉൾപ്പെടെയുള്ള പഴയ നിയമസംഹിതയെ ഈ രണ്ടു കൽപ്പനകളിൽ സംഗ്രഹിക്കുകയും ചെയ്തു: “നീ നിന്റെ ദൈവമായ യഹോവയെ നിന്റെ മുഴു ദേഹിയോടും മുഴു ഹൃദയത്തോടും മുഴു മനസ്സോടും കൂടെ സ്നേഹിക്കേണം,” കൂടാതെ “നീ നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം.” (മത്തായി 22:37-39) ബലഹീനത സംഭവിക്കുമ്പോൾ ക്ഷമക്കുവേണ്ടി അപേക്ഷിച്ചുകൊണ്ടും ക്രിസ്തുവിന്റെ മറുവിലയാഗത്തിൽ വിശ്വാസം പ്രകടമാക്കിക്കൊണ്ടും അവ അനുസരിക്കാൻ കഠിനശ്രമം ചെയ്യുന്നതിനാൽ നിങ്ങൾക്ക് ദൈവത്തിൽനിന്ന് അനർഹമായ ദയയും നിത്യജീവനുവേണ്ടിയുള്ള അവന്റെ അംഗീകാരവും ലഭിക്കും.—2 തെസ്സലോനിക്യർ 2:16. (g88 5/8)
[അടിക്കുറിപ്പുകൾ]
See details in the Watch Tower Society’s publication Aid to Bible Understanding, page 333. This footnote is not vernacular.