സകലർക്കും ആരോഗ്യം—ഒരു അടിസ്ഥാന ആവശ്യം
ആധുനിക വൈദ്യശാസ്ത്രം മുന്തിയ പുരോഗതി നേടിയിരിക്കുന്നു. മുൻകാലങ്ങളിലെ മഹാമാരികൾക്കുള്ള കാരണങ്ങൾ മേലാൽ രഹസ്യമായിരിക്കുന്നില്ല. അമ്പരിപ്പിക്കുന്ന പുരോഗമനങ്ങൾ ആധുനിക വൈദ്യശാസ്ത്ര അത്ഭുതങ്ങളിലേക്കു നയിച്ചിരിക്കുന്നു.
എന്നിട്ടും ആരോഗ്യപ്രശ്നങ്ങൾ ഞെട്ടിക്കുന്നവയായി തുടരുന്നു. പ്രാഥമിക ആരോഗ്യസംരക്ഷണം സംബന്ധിച്ച് 1978-ൽ നടന്ന അന്തർദ്ദേശീയ സമ്മേളനത്തിന്റെ സമയത്ത് ലോകത്തിലെ ഗ്രാമവാസികളുടെയും ദരിദ്ര പട്ടണവാസികളുടെയും ജനസംഖ്യയിൽ 80 ശതമാനത്തിന് ഏതെങ്കിലുമൊരു ലോകാരോഗ്യസംഘടനയുടെ സേവനം ലഭിക്കുന്നതിനുള്ള സാദ്ധ്യത അശേഷം ഇല്ലായിരുന്നു. കൂടാതെ ആ വർഷം മരിക്കുമായിരുന്ന അഞ്ചു വയസ്സിനു തഴെയുള്ള 31 കുട്ടികളിൽ 30-ഉം ദരിദ്ര രാജ്യങ്ങളിൽ വസിക്കുന്നവരായിരുന്നു. “വികസിത” രാജ്യങ്ങളിൽ പരിസ്ഥിതിനാശം, മലിനീകരണം, ഹാനികരങ്ങളായ പാഴ്വസ്തുക്കൾ എന്നിവ ഇപ്പോഴും ജീവന് വർദ്ധിതമായി വരുന്ന ഭീഷണിയായി നിലകൊള്ളുന്നു.
ലോകാരോഗ്യസംഘടനയുടെ യൂറോപ്പിനുവേണ്ടിയുള്ള പ്രാദേശിക ഓഫീസ് 2000-ാമാണ്ടോടെ ആരോഗ്യമല്ല, പ്രത്യുത ഒരു പ്രതിസന്ധി സാദ്ധ്യതയെയാണ് മുൻകൂട്ടിക്കണ്ടത്. അത് 1983-ൽ “പീറ്റർ ഓനീലിനാലുള്ള ആരോഗ്യ പ്രതിസന്ധി 2000 എന്ന പുസ്തകം ഇറക്കി. പ്രസ്തുത പുസ്തകം പരിഷ്കൃത ലോകത്തിൻമേൽ “പുതിയ രോഗങ്ങളുടെ” ഒരു പട പടർന്നുപിടിച്ചിരിക്കുന്നു എന്ന “തരിപ്പിക്കുന്ന തിരിച്ചറിയലി”നെക്കുറിച്ച് പറയുന്നു. ഇവ ഏതൊക്കെയാണ്? പരിസ്ഥിതി മൂലമുണ്ടാകുന്ന കാൻസർ, ഹൃദ്രോഗം, മയക്കുമരുന്നാസക്തി, മാനസിക രോഗം, ലൈംഗികമായി പകരുന്ന രോഗങ്ങൾ, “പുകവലിക്കാരന്റെയും മദ്യപാനിയുടെയും സ്വവിനാശകാസക്തി,” “അനേകരുടെ ജീവനെ അപഹരിക്കുകയും നമ്മുടെ സാമ്പത്തിക ശേഷിയെ ക്ഷയിപ്പിക്കുകയും ചെയ്യുന്ന ‘റോഡപകടപകർച്ചവ്യാധി’” എന്നിവതന്നെ. ഈ “സമ്പന്ന സമുദായങ്ങളുടെ രോഗങ്ങൾ” ദരിദ്ര രാഷ്ട്രങ്ങളിലും പടർന്നു പിടിക്കുകയാണ്.
ആധുനിക പ്രശ്നങ്ങൾ
ഈ ആധുനിക പ്രശ്നങ്ങളിൽ ചിലത് നമുക്ക് പരിചിന്തിക്കാം:
കാൻസർ ഐക്യനാടുകളിൽ മരണത്തിനുള്ള ഏറ്റവും വലിയ രണ്ടാമത്തെ കാരണമാണ്. അമേരിക്കയിൽ നാലുപേരിൽ ഒരാളെ വീതം അത് ആക്രമിക്കുന്നു. ലോകവ്യാപകമായി 40 ദശലക്ഷം ആളുകൾ ഈ രോഗത്താൽ കഷ്ടപ്പെടുന്നുണ്ടാകാം. കാൻസർ ഉളവാക്കുന്ന വസ്തുക്കൾ പെരുകുന്നു.
മലിനീകരണം. അപകടകരങ്ങളായ ഉൽപ്പന്നങ്ങളും ഹാനികരങ്ങളായ പാഴ്വസ്തുക്കളും പരിസരത്തെ ദുഷിപ്പിക്കുന്നു. ഭക്ഷണ പദാർത്ഥങ്ങളിൽ കീടനാശിനികൾ കാണപ്പെടുന്നു. നദികളും സമുദ്രങ്ങളും മലിനമാക്കപ്പെട്ടിരിക്കുന്നു. ചില സ്ഥലങ്ങളിൽ കിണറുകളിൽനിന്ന് കോരിയെടുക്കുന്ന വെള്ളം പോലും മലിനമാണ്.
മയക്കുമരുന്നാസക്തി. “നരകത്തിലേക്ക് മന്ദഗതിയിലുള്ള ഇഴഞ്ഞിറങ്ങൽ” എന്നാണ് ആരോഗ്യ പ്രതിസന്ധി 2000 മയക്കുമരുന്നാസക്തിയെ വിളിക്കുന്നത്. “ഇളം മനസ്സിന്റെയും ശരീരത്തിന്റെയും നശീകരണ പ്രക്രിയ പ്രത്യേക പരിശോധന അർഹിക്കത്തക്കവിധം അതു വളരെ ഭയാനകവും പുനരധിവാസപ്രക്രിയ സുദീർഘവും രോഗിക്കും സഹായികൾക്കും ക്ലേശകരവുമാണ്” എന്ന് അത് പറയുന്നു.
ലൈംഗികമായി പകരുന്ന രോഗങ്ങൾ. ധാർമ്മികതയുടെ തകർച്ചയോടെ ഗുഹ്യരോഗങ്ങളുടെ വ്യാപനം അത് ഒരു സമസ്ത വ്യാപകവ്യാധി—ഒരു വ്യാപകമായ പകർച്ചവ്യാധി—എന്നു വിളിക്കപ്പെടുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. ലോകാരോഗ്യ മാസിക ഇപ്രകാരം പ്രസ്താവിക്കുന്നു: “ലൈംഗികമായി ഊർജ്ജ്വസ്വലനായ [ഒന്നിലധികം പങ്കാളികളുള്ള] ഏതൊരുവനും രോഗം ബാധിക്കുന്നതിനുള്ള ശക്തമായ വിപൽ സാദ്ധ്യതയുണ്ടായിരിക്കാൻ തക്കവണ്ണം ജനങ്ങൾക്കിടയിൽ രോഗത്തിന്റെ വ്യാപനം വളരെ സാർവ്വത്രികമാണ്.”
മദ്യദുരുപയോഗം. പലസ്ഥലങ്ങളിലും സ്ത്രീകളും കൗമാരപ്രായക്കാരും കൊച്ചുകുട്ടികൾ പോലും മുഴുക്കുടിയൻമാരുടെ അണികളെ വലുതാക്കുന്നു. മൊത്തം റോഡപകടങ്ങളിൽ 40 ശതമാനത്തിലും മദ്യം ഒരു ഘടകമാണെന്ന് പറയപ്പെടുന്നു. മദ്യം കഴിക്കുന്ന ഒരു സാധാരണക്കാരനുപോലും കാറോടിക്കുന്നതിലുള്ള തന്റെ വൈദഗ്ദ്ധ്യം തെളിയിക്കവേ ഒരു കുടുംബത്തെ നശിപ്പിക്കാൻ കഴിയും.
ആധുനിക യാത്ര. ആധുനിക യാത്രാ സൗകര്യങ്ങൾ ലോകവ്യാപകമായി പകർച്ചവ്യാധികളുടെ ദ്രുത വ്യാപനത്തെ സാദ്ധ്യമാക്കിയിരിക്കുന്നു. എയിഡ്സും ഗൊണോറിയായുടെ പെൻസിലിൻ പ്രതിരോധശേഷിയുള്ള പുത്തൻ വകഭേദങ്ങളും ലോകമെമ്പാടും സഞ്ചാരികളാൽ വ്യാപിപ്പിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ഈ രോഗങ്ങൾ “ഇരുപതാം നൂറ്റാണ്ടിന്റെ സവിശേഷതയായ ജനങ്ങളുടെ നാടകീയ സഞ്ചാരത്തിൽനിന്ന് മുതലെടുപ്പു നടത്തിയിരിക്കുന്ന”തായി പറയപ്പെടുന്നു.
ജനസംഖ്യ. ജനസംഖ്യാ സ്ഫോടനവും ഇപ്പോൾത്തന്നെ തിങ്ങിനിറഞ്ഞ നഗരങ്ങളിലേക്കുള്ള ഗ്രാമീണ ജനതയുടെ ശീഘ്രമായ ഒഴുക്കും ലോകത്തിന്റെ ആരോഗ്യപ്രശ്നങ്ങളെ ഏറെ സങ്കീർണ്ണമാക്കുന്നു. 1983-ൽ കുറഞ്ഞത് അഞ്ചു ദശലക്ഷം ജനസംഖ്യയുള്ള 26 നഗരങ്ങൾ ഉണ്ടായിരുന്നു. 2000-ാമാണ്ട് ആകുമ്പോഴേക്ക് അത്തരം 60 നഗരങ്ങൾ ഉണ്ടായിരിക്കാം. “അത്യന്തം ദാരിദ്ര്യമനുഭവിക്കുന്ന പട്ടണവാസികൾ അപ്പോഴേക്കും ആറുകോടിയിലധികം” ഉണ്ടായിരിക്കുമെന്ന് ലോകാരോഗ്യ മാസിക പ്രസ്താവിക്കുന്നു. ലോക ബാങ്കിന്റെ മുൻ പ്രസിഡണ്ടായിരുന്ന റോബർട്ട് മാക്ക്നമാറാ ഇങ്ങനെ മുന്നറിയിപ്പു നൽകി: “നഗരങ്ങൾ ദാരിദ്ര്യം സംബന്ധിച്ച് കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കാൻ തുടങ്ങിയില്ലെങ്കിൽ ദാരിദ്ര്യം നഗരങ്ങളോട് കൂടുതൽ വിനാശകരമായി പ്രവർത്തിക്കാൻ തുടങ്ങിയേക്കാം.”
അങ്ങനെ കഠിനാദ്ധ്വാനികളും അർപ്പണബോധമുള്ളവരുമായ അനേകരുടെ ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും “സകലർക്കും ആരോഗ്യം” എന്ന ലക്ഷ്യം എത്തിപ്പിടിക്കാവുന്നതിൽ നിന്ന് വളരെ അകലെയായിട്ടാണ് കാണപ്പെടുന്നത്. വാസ്തവത്തിൽ ഈ മുദ്രാവാക്യം അക്ഷരാർത്ഥത്തിൽ എടുക്കേണ്ടതല്ല. ഏവനും ആരോഗ്യവാനായിരിക്കും എന്ന് അർത്ഥമാക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതല്ല അത്. മറിച്ച്, ഏവർക്കും കുറഞ്ഞ പക്ഷം പ്രാഥമിക ആരോഗ്യസംരക്ഷണം ലഭ്യമായിരിക്കും. ലക്ഷ്യം “ആരോഗ്യത്തിനുള്ള സഹായസാദ്ധ്യതകൾ തുല്യമായി പങ്കിടപ്പെടുമെന്നും . . . അത്യാവശ്യ ആരോഗ്യ സംരക്ഷണം എല്ലാവർക്കും പ്രാപ്യമായിരിക്കുമെന്നും . . .” രോഗങ്ങളെയും അവശതകളെയും തടയുന്നതിനും നിവാരണം ചെയ്യുന്നതിനും “ആളുകൾ ഇപ്പോഴത്തേതിലും മെച്ചപ്പെട്ട സമീപനങ്ങൾ ഉപയോഗിക്കും” എന്നുമുള്ളതാണ് എന്ന് ഒരു ലോകാരോഗ്യ ചെറുപുസ്തകം പറയുന്നു. (g87 5/8)
[4-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
P. Almasy/WHO