ചെറുപ്പക്കാർ ചോദിക്കുന്നു . . .
എനിക്കെന്റെ മാതാപിതാക്കളോട് എങ്ങനെ പറയാൻ കഴിയും?
“പരീക്ഷയിൽ മോശമായ മാർക്ക് വാങ്ങി വീട്ടിലേക്ക് വരുമ്പോൾ എനിക്ക് എന്റെ മാതാപിതാക്കളോട് പറയണമെന്നുണ്ട്. പക്ഷേ എനിക്കത് കഴിയുന്നില്ല. കാരണം ഞാൻ അവരോട് പറഞ്ഞാൽ അവർ എന്റെ തലയിൽ തീകോരിയിടും.”—13 വയസ്സുള്ള ബനിറ്റ.
എഴുത്തുകാരിയായിരിക്കുന്ന രൂത്ത് ബെൽ ഇപ്രകാരം പറയുന്നു. “അശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുന്നത് കൗമാരപ്രായത്തിന്റെ ഒരു ഭാഗമാണ്. ചിലപ്പോൾ നിങ്ങൾ പ്രശ്നത്തിൽ ചാടിയേക്കാം. അപ്പോഴായിരിക്കും നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളുടെ സഹായത്തിനെത്തിയാൽ കൊള്ളാമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത്.” എന്നാൽ താഴ്ന്ന മാർക്കോ മാതാപിതാക്കളുടെ നിർദ്ദേശം അനുസരിക്കുന്നതിലെ പരാജയമോ ഒരു ഗുരുതരമായ ധാർമ്മിക പ്രശ്നമോ എന്തുതന്നെയായിരുന്നാലും അത് നിങ്ങളുടെ മാതാപിതാക്കളോട് പറയുന്നത് അത്ര സന്തോഷകരമാണെന്ന് ചിന്തിക്കാൻ വയ്യ.
ദുഷ് ചെയ്തികൾ—പ്രത്യേകിച്ച് നിങ്ങളുടെ പക്ഷത്തെ ഏതെങ്കിലും തെറ്റ് ഉൾപ്പെടുമ്പോൾ—നിങ്ങളുടെ മാതാപിതാക്കളോട് പറയാൻ നിങ്ങൾ ഭയപ്പെട്ടേക്കാം. അവർ തങ്ങളോട് മറിച്ചും തിരിച്ചും ചോദിച്ചേക്കാമെന്നുള്ള ചിന്ത മനഃസാക്ഷികുത്ത് ഉളവാക്കിയേക്കാം. 18 വയസ്സുള്ള വില്ല ഇപ്രകാരം പറഞ്ഞു: “ഞാൻ എന്റെ മാതാപിതാക്കളോട് എന്തെങ്കിലും പറഞ്ഞാൽ അവർ നിർത്താതെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും. അത് പ്രശ്നങ്ങൾ മാത്രമുള്ള പെട്ടി തുറക്കുന്നതുപോലെയാണ്. നിങ്ങൾക്ക് വേണ്ട ശിക്ഷണം അല്ലെങ്കിൽ ഒരുപക്ഷേ നിങ്ങളെ വിഷമത്തിലാക്കുന്ന ശിക്ഷണം ഒഴിവാക്കാമെന്ന് നിങ്ങൾ ആഗ്രഹിക്കുകയും ചെയ്തേക്കാം. എന്നാൽ ഇതിനെക്കാളെല്ലാം പ്രയാസപ്പെടുത്തുന്നത് നിങ്ങളുടെ മാതാപിതാക്കളെ നിരാശപ്പെടുത്തുന്നതു സംബന്ധിച്ച ചിന്തയാണ്. യുവതിയായിരിക്കുന്ന വിൻസി പറഞ്ഞപ്രകാരം: “എന്റെ മാതാപിതാക്കൾക്ക് എന്നിൽ വലിയ വിശ്വാസമുണ്ടെന്ന് എനിക്ക് എപ്പോഴും അറിയാം. അതുകൊണ്ട് അവരെ മുറിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കാഞ്ഞതിനാൽ അവരെ സമീപിക്കുക എനിക്ക് പ്രയാസമായിരുന്നു.”
എന്നിരുന്നാലും ദുർവാർത്തകൾ പെട്ടെന്ന് പരക്കുന്നു. ഒരുപക്ഷേ നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങളെക്കുറിച്ച് നന്നായി അറിയാമായിരിക്കാം. അതുകൊണ്ട് നിങ്ങൾ കാര്യങ്ങൾ മറയ്ക്കാൻ നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചാലും നിങ്ങളിൽ എന്തോ കുഴപ്പമുണ്ടെന്ന് അവർക്ക് കണ്ടുപിടിക്കുന്നതിനു കഴിയും. അതിനാൽ മാതാപിതാക്കളോട് പറയാതിരിക്കുന്നതിലൂടെ നിങ്ങൾ അവശ്യകാര്യങ്ങൾ മാറ്റിവെക്കുക മാത്രമേ ചെയ്യുന്നുള്ളു. (സദൃശവാക്യം 28:13 താരതമ്യപ്പെടുത്തുക.) എന്നാൽ ചോദ്യം ഇതാണ്: നിങ്ങൾ അവരോട് എങ്ങനെ പറയും?
ആരും പൂർണ്ണരല്ല
ആദ്യമായി, തെറ്റുകളെക്കുറിച്ച് ബൈബിൾ പറയുന്നത് ഓർക്കുക. “എല്ലാവരും പാപം ചെയ്തിരിക്കുന്നു, ദൈവതേജസ്സിൽ കുറവുള്ളവരായിത്തീരുന്നു.” (റോമർ 3:23; 5:12) ചില തെറ്റുകൾ അറിവില്ലായ്മ നിമിത്തവും ചിലത് അശ്രദ്ധ നിമിത്തവും സംഭവിക്കുന്നു. എന്നാൽ ചിലപ്പോൾ അറിഞ്ഞുകൊണ്ടുതന്നെ തെറ്റുകൾ ചെയ്യുന്നുണ്ടെന്നും സമ്മതിക്കേണ്ടിയിരിക്കുന്നു. എന്തായിരുന്നാലും തെറ്റുകൾ ജീവിതത്തിന്റെ ഒരു ഭാഗമാണ്.
എന്നാൽ തെറ്റ് സമ്മതിക്കാൻ മടികാണിക്കുന്ന ആരെയെങ്കിലും കുറിച്ച് നിങ്ങൾ എങ്ങനെ വിചാരിക്കും? കാലാന്തരത്തിൽ, ആ വ്യക്തി ഒരു ദിവസം നിങ്ങളെ സമീപിച്ച് “ഞാൻ ഖേദിക്കുന്നു—ഞാൻ തെറ്റു ചെയ്തെന്ന് ഞാൻ അറിയുന്നു” എന്ന് പറഞ്ഞാൽ നിങ്ങൾക്ക് അയാളെക്കുറിച്ചുള്ള അഭിപ്രായത്തിന് മാറ്റം വരുകയില്ലേ? അതുപോലെ നിങ്ങളുടെ തെറ്റുനിമിത്തം നിങ്ങളുടെ മാതാപിതാക്കൾ ദേഷ്യപ്പെട്ടേക്കാം. എന്നാൽ നിങ്ങളുടെ തെറ്റ് സമ്മതിക്കാൻ തക്കവണ്ണം നിങ്ങൾ താഴ്മ കാണിച്ചത് അവരെ സമാധാനിപ്പിച്ചേക്കാം.
ഉചിതമായ സമയം
നിങ്ങൾ അവരോട് എങ്ങനെ എപ്പോൾ പറയുന്നുവെന്നത് അവരുടെ പ്രതികരണത്തെ വലിയ അളവിൽ ബാധിച്ചേക്കാം. ബൈബിൾ “തക്കസമയത്ത് പറയുന്ന വാക്കി”നെക്കുറിച്ച് സംസാരിക്കുന്നു. (സദൃശവാക്യം 25:11; സഭാപ്രസംഗി 3:1, 7 താരതമ്യപ്പെടുത്തുക.) സത്യമായും, നിങ്ങൾ മാറ്റിവെക്കാൻ ആഗ്രഹിക്കുകയില്ല. യുവതിയായിരിക്കുന്ന വിൻസി ഇപ്രകാരം പറഞ്ഞു: “മാറ്റിവെക്കുന്നത് സംഗതികൾ വഷളാക്കുന്നതായി ഞാൻ കണ്ടെത്തി.” സാദ്ധ്യമെങ്കിൽ, നിങ്ങളുടെ മാതാപിതാക്കൾ ശ്രദ്ധിക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരിക്കുമ്പോൾ അവരോട് കാര്യങ്ങൾ തുറന്നു പറയാൻ സമയം കണ്ടെത്തുക. 16 വയസ്സുള്ള ലാറ്റിയ ഇപ്രകാരം പറഞ്ഞു: “എന്റെ മമ്മി തിരക്കിലായിരിക്കുമ്പോൾ ഞാൻ അത്തരം കാര്യങ്ങൾ സംസാരിക്കാറേയില്ല. തിരക്കിലായിരിക്കുമ്പോൾ സംസാരിച്ചാൽ ഒന്നുകിൽ എന്നെ തടസ്സപ്പെടുത്തും അല്ലെങ്കിൽ ദേഷ്യപ്പെടും.” 15 വയസ്സുള്ള കെല്ലി നിർദ്ദേശിക്കുന്നു: “നിങ്ങളുടെ മാതാപിതാക്കളുടെ പ്രശ്നങ്ങൾ കുറഞ്ഞതായി കാണപ്പെടുമ്പോൾ സംസാരിക്കാൻ നോക്കുക. അങ്ങനെ ചെയ്താൽ നിങ്ങൾ അവരുടെ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുകയില്ല.”
എപ്പോഴായിരിക്കും? 18 വയസ്സുള്ള ക്രിസ് പറയുന്നു: “ഞാൻ അത്താഴം വരെ കാത്തിരിക്കും. അതുകഴിഞ്ഞ് എനിക്ക് മമ്മിയോട് അല്പം സംസാരിക്കാനുണ്ടെന്ന് പറയും.” മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള ഒരു കുടുംബത്തിലെ ഒരു മകൻ മറ്റൊരു സമയം ഉപയോഗിക്കുന്നു: “ഞാൻ സാധാരണ മമ്മി കിടക്കുന്നതിന് തൊട്ടു മുമ്പ് സംസാരിക്കുന്നു; അപ്പോഴേക്കും അവളുടെ പിരിമുറുക്കം പൊയ്പ്പോയിരിക്കും. അവൾ ജോലി കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ വശം കെട്ടിരിക്കും.”
ഉചിതമായ സമയത്ത് നിങ്ങളുടെ മാതാപിതാക്കളെ സമീപിക്കുക. ഒരുപക്ഷേ നിങ്ങൾ ഏതാണ്ട് ഇതുപോലെ പറഞ്ഞേക്കാം: “മമ്മീ, ഡാഡീ, എന്നെ എന്തോ മാനസികമായി അലട്ടുന്നു.” എന്നാൽ നിങ്ങളുടെ മാതാപിതാക്കൾ എപ്പോഴും തിരക്കിലാണെങ്കിലെന്ത്? അല്ലെങ്കിൽ ഉചിതമായ സമയം കണ്ടെത്താൻ കഴിയുന്നില്ലെങ്കിലെന്ത്? ഗ്രാഹ്യമുള്ളവരായിരിക്കുക. നിങ്ങൾക്ക് ഒരു പ്രശ്നമുണ്ടെന്ന് അവർ അറിയാതിരിക്കാൻ തക്കവണ്ണം അവർ അത്ര തിരക്കിലായിരിക്കുന്നെന്നു വിചാരിച്ച് അവർ നിങ്ങൾക്കുവേണ്ടി കരുതുന്നില്ലെന്ന് ഇത് അർത്ഥമാക്കുന്നില്ല. നിങ്ങൾ ഇപ്രകാരം എന്തെങ്കിലും പറഞ്ഞേക്കാം: “നിങ്ങൾ തിരക്കിലാണെന്ന് എനിക്കറിയാം. എന്നാൽ എന്തോ ഒന്ന് മാനസികമായി അലട്ടുന്നു. നമുക്ക് അല്പ സമയം സംസാരിക്കാം?” അവർ നിങ്ങളെ ശ്രദ്ധിച്ചാൽ നിങ്ങൾ ഇപ്രകാരം പറഞ്ഞേക്കാം: “മറ്റുള്ളവരോട് പറയാൻ ലജ്ജ തോന്നിയ എന്തെങ്കിലും സംഗതികൾ നിങ്ങൾ എന്നെങ്കിലും ചെയ്തിട്ടുണ്ടോ?” ഇത് നിങ്ങളുടെ മാതാപിതാക്കളെ പിൻവരുന്ന കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തും: (1) നിങ്ങൾ ഈ കാര്യം ഗൗരവമായെടുക്കുന്നു, (2) ഇത് ചർച്ച ചെയ്യാൻ അല്പം ബുദ്ധിമുട്ടുള്ള ഒരു സംഗതിയാണ്, (3) സംഭവിച്ച സംഗതിയിൽ നിങ്ങൾക്ക് ആത്മാർത്ഥമായ അനുതാപമുണ്ട്.
“സത്യം പറയുക”
ഇനിയാണ് വിഷമം പിടിച്ച ഭാഗം—നിങ്ങളുടെ മാതാപിതാക്കളോട് നിങ്ങളുടെ തെറ്റിനെക്കുറിച്ചുതന്നെ പറയുന്നത്. ഇത് ചെയ്യുന്നതിനെക്കുറിച്ച് യേശുവിന്റെ ഒരു ഉപമ വളരെയധികം കാര്യങ്ങൾ പഠിപ്പിക്കുന്നു. ലൂക്കോസ് 15:11-32-ൽ നാം സ്വതന്ത്രജീവിതം ആസ്വദിക്കാൻ ഒരു ദിവസം വീടുവിട്ടുപോയ ഒരു മകനെക്കുറിച്ച് വായിക്കുന്നു. പക്ഷേ ആ മുടിയനായ പുത്രൻ തന്റെ സ്വത്ത് മുഴുവൻ ധൂർത്തടിക്കുകയും അധാർമ്മിക ജീവിതരീതിയിൽ വീണുപോകയും ചെയ്തു. ദാരിദ്ര്യത്തിന്റെയും ദുരിതത്തിന്റെയും അടിത്തട്ടിലെത്തിയപ്പോൾ അവന് ബോധം വന്നു. തന്നെ വീണ്ടും സ്വീകരിക്കുമെന്നുള്ള പ്രത്യാശയോടെ തന്റെ പിതാവിന്റെയടുത്തേക്ക് മടങ്ങിച്ചെല്ലാൻ അവൻ തീരുമാനിച്ചു. എന്നാൽ എങ്ങനെ? അവൻ തന്റെ തെറ്റുകൾ ബുദ്ധിപൂർവ്വം മറച്ചുവെക്കാൻ ശ്രമിച്ചുകൊണ്ടാണോ? അതോ അവന്റെ പാപത്തിന്റെ ഗൗരവം നിസ്സാരീകരിക്കാൻ ശ്രമിച്ചുകൊണ്ടാണോ? മറിച്ച്, അവന്റെ ആദ്യവാക്കുകൾ ഇവയായിരുന്നു. “അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ മകൻ എന്ന് വിളിക്കപ്പെടാൻ ഞാൻ യോഗ്യനല്ല.” അതെ, അവൻ മറച്ചുവെക്കാതെ താഴ്മയോടെ സംസാരിച്ചു. തന്നെ ശിക്ഷിക്കരുതെന്ന് അവൻ ആവശ്യപ്പെട്ടില്ല, തന്നോട് ക്ഷമിക്കാൻ മാത്രം അവൻ ആവശ്യപ്പെട്ടു.
പിതാവ് എങ്ങനെ പ്രതികരിച്ചു? ആ യുവാവ് അതിശയിച്ചുപോയി. അവൻ പ്രതീക്ഷിച്ച കർക്കശമായ ശാസന ഉണ്ടായില്ല. ആ പിതാവിന് തന്റെ പുത്രന്റെ ആത്മാർത്ഥമായ അനുതാപത്തെക്കുറിച്ച് അത്രകണ്ട് ബോധ്യം വന്നതിനാൽ സ്പഷ്ടമായും വേറെ ശിക്ഷണത്തിന്റെ ആവശ്യമില്ലെന്ന് അവന് തോന്നി! ഇതേ വിധത്തിൽ, വിശ്വസ്തതയോടും താഴ്മയോടും കൂടിയ ഒരു സമീപനം നിങ്ങളുടെ തെറ്റിൽനിന്ന് നിങ്ങൾ പാഠം പഠിച്ചിരിക്കുന്നുവെന്ന് നിങ്ങളുടെ മാതാപിതാക്കളെ കാണിക്കാൻ സഹായിക്കും. ഇതിൽനിന്നു നിങ്ങൾ ശിക്ഷണത്തിൽനിന്ന് രക്ഷപെടുമെന്ന് അവശ്യം അർത്ഥമാക്കുന്നില്ല. ചില സംഗതികളിൽ കഠിനമായ ശിക്ഷ തികച്ചും ആവശ്യമായിരിക്കും! “വടിയും ശാസനയുമാണ് ജ്ഞാനം നൽകുന്നത്” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യം 29:15) അതുകൊണ്ട് ശിക്ഷണത്തോട് ശരിയായ ഒരു മനോഭാവമുണ്ടായിരിക്കുക: “യാതൊരു ശിക്ഷണവും തൽക്കാലത്തേക്ക് സന്തോഷമല്ല, ദുഃഖകരമാണെന്നാണ് തോന്നുക; എന്നാൽ പിന്നീട് അതിനാൽ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നവർക്ക് അത് സമാധാനഫലം, അതായത് നീതി വിളയിക്കുന്നു.”—എബ്രായർ 12:11.
“സത്യം സംസാരിക്കാൻ” ബൈബിൾ തുടർന്ന് ബുദ്ധിയുപദേശിക്കുന്നു. (എഫേസ്യർ 4:25) അഭികാമ്യമല്ലാത്ത ചില വിവരങ്ങൾ മറച്ചുവെക്കാൻ നിങ്ങൾ പ്രലോഭിപ്പിക്കപ്പെട്ടേക്കാമെങ്കിലും, നിങ്ങളുടെ മാതാപിതാക്കളോട് മുഴുവിവരങ്ങളും തുറന്നുപറയുക. നിങ്ങളുടെ മാതാപിതാക്കൾക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കുക. ചെറുപ്പക്കാർക്ക് മാത്രം മനസ്സിലാകുന്ന ചില പ്രത്യേക വാക്കുകളോ പ്രയോഗങ്ങളോ ഉപയോഗിക്കാതിരിക്കുക. നിസ്സംശയമായും കാര്യങ്ങൾ നേരെയാക്കാനുള്ള നിങ്ങളുടെ ആത്മാർത്ഥത അവരിൽ ആഴമായ ധാരണ ഉളവാക്കുകതന്നെ ചെയ്യും.—2 കൊരിന്ത്യർ 7:11 താരതമ്യപ്പെടുത്തുക.
‘നിനക്കിത് ഞങ്ങളോടെങ്ങനെ ചെയ്യാൻ കഴിഞ്ഞു?’
എല്ലാ ചെറുപ്പക്കാരും ക്രിസ്തീയ മാതാപിതാക്കളാൽ അനുഗ്രഹിതരല്ലെന്നുള്ളത് സത്യംതന്നെ. എന്നാൽ മാതാപിതാക്കൾ “സൗമ്യത,” “ആത്മനിയന്ത്രണം” തുടങ്ങിയ ആത്മാവിന്റെ ഫലങ്ങൾ നട്ടുവളർത്തിയിരിക്കുന്നതിനാൽ നിങ്ങളുടെ തെറ്റുകൾ ഏറ്റുപറയുന്നതിന് ഒരു പ്രചോദനം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടായിരിക്കാം. (ഗലാത്യർ 5:22, 23) നിങ്ങളുടെ തെറ്റ് വളരെ ഗൗരവമായ ഒന്നാണെങ്കിൽ അവർ ശരിക്കും നിരാശരോ മുറിവേറ്റവരോ ആയിത്തീർന്നേക്കാം. അതുകൊണ്ട് അവർ നിങ്ങളുടെ മേൽ ക്രോധവാക്കുകൾ കോരിച്ചൊരിയുന്നെങ്കിൽ അതിശയിക്കുകയോ പ്രയാസപ്പെടുകയോ ചെയ്യേണ്ടതില്ല! നിഃസംശയമായും നിങ്ങൾ അവരുടെ മുന്നറിയിപ്പുകൾക്ക് ചെവികൊടുത്തിരുന്നെങ്കിൽ നിങ്ങൾ ഈ സ്ഥിതിയിലാവുകയില്ലായിരുന്നു. രസകരമെന്നു പറയട്ടെ 21 വയസ്സുള്ള നാഥാൻ ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ മാതാപിതാക്കൾ വികാരം പ്രകടിപ്പിക്കുന്നെങ്കിൽ അത് അവർ നിങ്ങൾക്കുവേണ്ടി എത്രമാത്രം കരുതുന്നു എന്നതിന്റെ ഒരു പ്രകടനമായിരിക്കും.”
സംഗതി എന്തുതന്നെയായിരുന്നാലും ശാന്തത പാലിക്കുക. (സദൃശവാക്യം 17:27) നിങ്ങളുടെ മാതാപിതാക്കൾ പറയുന്നത് ശ്രദ്ധിക്കുക. അവർ നിങ്ങളോട് എങ്ങനെ ചോദിച്ചാലും ശാന്തമായി ഉത്തരം നൽകുക. ആവശ്യമെന്ന് അവർക്ക് തോന്നുന്ന ഏത് ശിക്ഷണവും സ്വീകരിക്കുക. സങ്കീർത്തനക്കാരനായ ദാവീദ് പറഞ്ഞത് ഓർക്കുക: “നീതിമാൻ എന്നെ അടിക്കുന്നത് ഒരു സ്നേഹദയയായിരിക്കും.” (സങ്കീർത്തനം 141:5) നിങ്ങൾ വീണ്ടുമൊരിക്കലും ആവർത്തിക്കുകയില്ലാത്ത ഒരു തെറ്റാണിതെന്ന് നിർണ്ണയം ചെയ്യുക!
എന്നിരുന്നാലും, ഭാവിയിലും നിങ്ങൾക്ക് നിങ്ങളുടെ മാതാപിതാക്കളുടെ സഹായവും പാകതയുള്ള ബുദ്ധിയുപദേശവും ആവശ്യമായി വരും. ചെറിയ പ്രശ്നങ്ങൾ പോലും അവരോട് തുറന്നു പറയുന്ന ഒരു പ്രകൃതം നട്ടുവളർത്തുക. അങ്ങനെയാണെങ്കിൽ വലിയ പ്രശ്നങ്ങളുണ്ടാകുമ്പോൾ നിങ്ങളുടെ മനസ്സിലുള്ളത് തുറന്നു പറയാൻ അവരെ സമീപിക്കുന്നതിൽ നിങ്ങൾക്ക് ഭയമുണ്ടായിരിക്കയില്ല. (g86 9/8)
[15-ാം പേജിലെ ചിത്രം]
നിങ്ങളുടെ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരിക്കുന്ന ഒരു സമയം തെരഞ്ഞെടുക്കുക