മാനസിക രോഗം—ആ നിഗൂഢ വ്യാധി
കുഴപ്പം എന്തായിരുന്നു എന്ന് ഐറിന് ഒരു അറിവുമില്ലായിരുന്നു. “രണ്ടു മക്കളെ സംരക്ഷിക്കേണ്ട ചുമതലയുണ്ടായിരുന്ന 30 വയസ്സുള്ളവളായിരുന്നു ഞാൻ,” അവൾ ഓർമ്മിക്കുന്നു, “ഉവ്വ്, എനിക്ക് ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ അസാധാരണമായി ഒന്നുമില്ലായിരുന്നു,” അതായത് അവൾക്ക് രോഗത്തിന്റെ ആദ്യലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതുവരെ.
“ഒരു ദിവസം ഞാൻ തികച്ചും അപരിചിതയായ ഒരുവളെ സമീപിക്കയും അവൾ എന്റെ മരിച്ചുപോയ സഹോദരിയാണെന്ന് തറപ്പിച്ചു പറകയും ചെയ്തു. അവളുടെ ആകൃതിയും ശബ്ദവും എന്റെ സഹോദരിയുടേതുപോലെ ആയിരുന്നു എന്ന് എനിക്ക് ഉറപ്പായിരുന്നു. യാഥാർത്ഥ്യത്തിൽ നിന്നുള്ള എന്റെ ആദ്യത്തെ അകൽച്ച ആയിരുന്നു അത്.
“കുറേ കഴിഞ്ഞ് ഞാൻ ബ്യൂട്ടിഷോപ്പിൽ നിന്ന് വീട്ടിലേക്ക് നടന്നുപോയപ്പോൾ കരയാൻ തുടങ്ങി. എന്റെ ഭർത്താവ് എന്നെ വിട്ടുപോവുകയും കുട്ടികളെ എന്റെ അടുക്കൽ നിന്ന് എടുത്തുകൊണ്ടുപോവുകയും ചെയ്തു എന്ന് ഞാൻ പെട്ടെന്നു കരുതി! എന്നാൽ ഞാൻ വീട്ടിൽ ചെന്നപ്പോൾ അവർ അപ്പോഴും അവിടെതന്നെ ഉണ്ടായിരുന്നു. എന്തോ കുഴപ്പമുണ്ടെന്ന് ഭർത്താവിനു മനസ്സിലാവുകയും എന്നെ എന്റെ ഒരു സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടുപോകയും ചെയ്തു. എന്നിരുന്നാലും, അവൾ എന്നെ കൊല്ലാൻ ആഗ്രഹിച്ചിരുന്നു എന്ന് എനിക്കു ഉറപ്പായി തോന്നി! എന്നെ ആശുപത്രിയിൽ പരിശോധിപ്പിക്കണമെന്ന് എന്റെ ഭർത്താവ് തീരുമാനിച്ചു.”
അപ്രകാരം ഐറിന്റെ ആശുപത്രി പ്രവേശനം, മാനസിക അപഗ്രഥനം, ഷോക്ക് ചികിത്സ, മരുന്നു പ്രയോഗം എന്നിവയുടെ സംഭവ ബഹുലമായ ദീർഘയാത്ര ആരംഭിച്ചു—അവളുടെ ജീവിതത്തെ കീഴ്മേൽ മറിച്ച നിഗൂഢ രോഗത്തിന്റെ പ്രതിവിധിക്കായുള്ള ഒരു അന്വേഷണം.
മാനസികരോഗം മാനുഷ ദുരിതത്തിന് ഒരു അമ്പരപ്പിക്കുന്ന തുക ഈടാക്കുന്നുണ്ട്. യു. എസ്. നാഷനൽ ഇൻസ്റ്റിട്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത്, പ്രായപൂർത്തിയായ അമേരിക്കക്കാരിൽ ഏകദേശം അഞ്ചിൽ ഒരാൾ വീതം ഏതെങ്കിലും മാനസ്സിക കുഴപ്പത്താൽ പ്രയാസപ്പെടുന്നുണ്ടെന്ന് ഉറപ്പായി പറയുന്നു. ലോകത്തെ വികസ്വര പ്രദേശങ്ങളിൽ ചികിത്സിക്കപ്പെടുന്ന 4 കോടി മാനസിക രോഗികളെ സംബന്ധിച്ച് ലോകാരോഗ്യ സംഘടന (WHO 1975a) റിപ്പോർട്ടു ചെയ്യുന്നു; ഒരു പക്ഷേ 20 കോടി ആളുകൾ ഗൗരവം കുറഞ്ഞ തകരാറുകളാൽ പ്രയാസമനുഭവിക്കുന്നുണ്ട്.”—മൂന്നാം ലോക മാനസിക ചികിത്സയ്ക്കു വെല്ലുവിളി.
മാനസിക രോഗത്തിന്റെ വേദന കേവലം സംഖ്യകൾ കൊണ്ട് അളക്കാൻ കഴിയുകയില്ല. മാനസിക രോഗിയായ ഒരു മനുഷ്യന്റെ അമ്മ ഇപ്രകാരം ചോദിക്കുന്നു, “തന്റെ ജീവിതത്തിന്റെ മിക്കഭാഗവും മറ്റുള്ളവർക്കുവേണ്ടി ചെലവഴിക്കയും താൻ മേലാൽ അതേ വ്യക്തിതന്നെയല്ല എന്നറിയുകയും ചെയ്യുന്ന ഒരു മകനെയും കൊണ്ട് ഒരു ഡോക്ടറുടെ ഓഫീസിൽ ഇരിക്കുന്നത് എങ്ങനെ അനുഭവപ്പെടുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ?” മാനസികരോഗം മിക്കപ്പോഴും ലജ്ജയുടെ ഒരു മുദ്രകൂടിയാണ്, അവജ്ഞയുടെ ഭാഷകൊണ്ട് (കിറുക്കൻമാർ, ഭ്രാന്തൻമാർ) മൂടിയ ഒരു രോഗം. ഇത് മിക്കപ്പോഴും മദ്ധ്യയുഗത്തെക്കാൾ അല്പം കൂടി മെച്ചമായി സ്നേഹിതരാലും ബന്ധുക്കളാലും മനസ്സിലാക്കപ്പെടുന്നുണ്ട്—അന്ന് ചിത്തഭ്രമുള്ളവർ ‘ഭൂതബാധിതർ’ എന്നു പ്രഖ്യാപിക്കപ്പെട്ടിരുന്നു.
എന്നിരുന്നാലും മാനസിക രോഗത്തിന്റെ നിഗൂഢതയുടെ മറ നീങ്ങാൻ തുടങ്ങിയിട്ടുണ്ട്. അടുത്ത കാലത്തെ നേട്ടങ്ങൾ ഈ രോഗത്തെ സംബന്ധിച്ച ഒരു പുതിയ ഗ്രാഹ്യം കൈവരുത്തിയിട്ടുണ്ട്. പുതിയ ചികിത്സകൾ ഇപ്പോൾ ഐറിനെപ്പോലെയുള്ള പല മുൻകാല മാനസികരോഗികളെയും സാധാരണവും ഉല്പാദനക്ഷമവുമായ ജീവിതം നയിക്കാൻ അനുവദിക്കുന്നു. പിൻവരുന്ന ലേഖനങ്ങൾ ഈ പ്രോത്സാഹജനകമായ വികസനങ്ങളിലും ആസന്നഭാവിയിലെ സ്ഥിരമായ സൗഖ്യമാകലിനെ സംബന്ധിച്ച ഐറിന്റെ ഹൃദയോദ്ദീപകമായ പ്രത്യാശകളിലും കേന്ദ്രീകരിക്കുന്നു. (g86 9/8)