ബോംബിന്റെ യുഗത്തിൽ സുരക്ഷിതത്വത്തിനുവേണ്ടിയുള്ള അന്വേഷണം
ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിമൂന്ന് ജൂലൈ 27-ന് രാത്രിയിൽ ആയിരക്കണക്കിന് അഗ്നി ബോംബുകൾ ജർമ്മനിയിലെ ഹാം ബർഗ്ഗിന്റെമേൽ ആഞ്ഞുപതിച്ചു. അതിന്റെ ഫലമായുണ്ടായ, എല്ലാം എരിച്ചടക്കിയ നരകം, ആ ആഗ്നേയ കൊടുങ്കാറ്റ്, യുദ്ധരംഗത്തു ഒരു പുതുമയായിരുന്നു. മേൽപ്പോട്ട് ഉയർന്ന വായു എല്ലാവശങ്ങളിൽനിന്നും ചുഴലിക്കാറ്റിന്റെ ശക്തിയോടെ കാറ്റ് ആഞ്ഞടിക്കാനിടയാക്കുകയും തീയിലേക്ക് ആളുകളെ വലിച്ചടുപ്പിക്കുകയും ചെയ്തു. ചൂട് അതിശക്തമായിരുന്നു. ബോംബാക്രമണ സുരക്ഷിത സങ്കേതങ്ങൾ ചൂളകളായിമാറുകയും അതിൽ തിങ്ങികൂടിയിരുന്നവർ വെന്തുകരിയാനിടയാക്കുകയും ചെയ്തു. മറ്റു ചിലർ ഉരുകിയ റ്റാറിൽ താണുപോയി. നാല്പതിനായിരത്തിലധികം ആളുകൾ, ഒരു സാധാരണ ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്നതിന്റെ 20 മടങ്ങിലധികം ചത്തൊടുങ്ങി.
രണ്ടു വർഷത്തിനുശേഷം ഭൂഗോളത്തിന്റെ മറുവശത്ത് മറ്റൊരു ആഗ്നേയ കൊടുങ്കാറ്റ് ജപ്പാനിലെ ഹിറോഷിമായെ വിഴുങ്ങി. ഇത്തവണ ഈ അഗ്നി പ്രളയത്തിന് തിരി കൊളുത്തിയത് ഒരു വിമാനത്തിൽ നിന്നും തൊടുത്തു വിട്ട ഒരോറ്റ ബോംബായിരുന്നു.
അതൊരു ആറ്റം ബോംബായിരുന്നു. അതിന് ‘ചെറു പയ്യൻ’ എന്ന പേരാണ് നൽകിയിരുന്നത്. എന്നാൽ അതു വരുത്തികൂട്ടിയ നശീകരണം ഒട്ടും ചെറുതായിരുന്നില്ല. അത് അതി ഭയാനകമായിരുന്നു. അതിന്റെ ഉജ്ജ്വല പ്രകാശം അന്ധത വരുത്തി. അതു അഗ്നികൊണ്ടും ചൂടുകൊണ്ടും സ്ഫോടനഫലമായുണ്ടായ ശക്തമായ കാറ്റിനാലും മരണവും അംഗവൈകല്യവും വരുത്തി. മാരകമായ വികിരണം ചുറ്റുപാടുകളെ വിഷലിപ്തമാക്കി.
മൂന്നു ദിവസങ്ങൾക്കുശേഷം ‘തടിച്ച മനുഷ്യൻ’ എന്ന് നാമകരണം ചെയ്യപ്പെട്ടിരുന്ന മറ്റൊരു ബോംബ് നാഗസാക്കിയുടെ നേർ പകുതി തുടച്ചുനീക്കി. കുന്നുകൾ നിറഞ്ഞ ഈ നഗരത്തിന്റെ നടുവിലുള്ള കുന്നുകളുടെ ഒരു നിര നഗരത്തിന്റെ മറ്റേ പകുതിയെ സംരക്ഷിച്ചു.
ഇന്നത്തെ അണുവായുധ ശേഖരം
ഇന്ന് ഇത്തരത്തിലുള്ള സമൂല നശീകരണത്തിന്റെതായ ഏതാണ്ട് 50,000 ആയുധങ്ങൾ ആസ്തിക്യത്തിലുണ്ട്. ഇതു പരിഗണിക്കുക:
◻ഇന്നത്തെ രണ്ട് വൻശക്തികൾ അവരുടെ കൈവശമുള്ള തന്ത്രപ്രധാനമായ അണുവായുധങ്ങളുടെ വെറും അഞ്ചു ശതമാനം എതിർപക്ഷത്തെ നഗരങ്ങളുടെ നേരെ പ്രയോഗിച്ചാൽ മിനിറ്റുകൾക്കുള്ളിൽ 20 കോടി ജനങ്ങൾ മരണമടയും. അതു രണ്ടാം ലോക മഹായുദ്ധത്തിൽ വധിക്കപ്പെട്ടവരുടെ നാലു മടങ്ങായിരിക്കും. പരിക്കുകളോടെ രക്ഷപെടുന്നവർക്ക് തിരക്കേറിയ ചികിത്സാ സങ്കേതങ്ങളിൽ നിന്ന് കാര്യമായ ഒരു ശുശ്രൂഷയും പ്രതീക്ഷിക്കാനാവില്ല.
◻ഐക്യനാടുകളുടെ ഒരോറ്റ ട്രൈഡൻറ് മുങ്ങിക്കപ്പലിൽ തന്നെ 192 വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങൾ തകർക്കാനുള്ള ആണവ മിസൈലുകൾ സജ്ജീകരിച്ചിട്ടുണ്ട്. അവയിൽ ഓരോന്നിന്റെയും സ്ഫോടനം ഹിറോഷിമ ബോംബിന്റെ എട്ടുമടങ്ങ് ശക്തിയുള്ളതായിരിക്കുംa
◻ലോകത്തിലെ അണുവായുധ ശേഖരത്തിന് രണ്ടാം ലോകമഹായുദ്ധത്തിൽ മൊത്തം ഉപയോഗിച്ച വെടിക്കോപ്പുകളുടേതിനേക്കാൾ 2600 മടങ്ങ് സ്ഫോടക ശക്തിയുണ്ട്.
ഇത് നമ്മുടെ തല മരവിപ്പിക്കുന്ന കണക്കുകളാണ്. അവ പ്രശ്നത്തിന്റെ ബാഹുല്യത്തിന് അടിവരയിടുന്നു.
പടിഞ്ഞാറെ ആഫ്രിക്കയിൽ പ്രചാരത്തിലുള്ള ഒരു ചൊല്ല് ഇപ്രകാരം പറയുന്നു: “ആനകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ പുല്ലിനും കേടു സംഭവിക്കുന്നു.” അതുപോലെ ഒരു ന്യൂക്ലിയർ യുദ്ധത്തിന്റെ അനന്തര ഫലങ്ങൾ പോരാട്ടത്തിൽ ഏർപ്പെടുന്നവരെ മാത്രമായിരിക്കില്ല ബാധിക്കുന്നത്. ‘വിദേശകാര്യങ്ങൾ’ എന്ന മാസികയിൽ ഈ അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച ഒരു ഉപന്യാസത്തിൽ ശാസ്ത്രജ്ഞനായ കാൾ സാഗൻ പറഞ്ഞതു ഒരു ന്യൂക്ലിയർ യുദ്ധം “ഈ ഗ്രഹത്തിലെ എല്ലാ അതിജീവകരെയും അപകടത്തിലാക്കുമെന്നും മനുഷ്യവർഗ്ഗത്തിന്റെ സമൂല നാശം ഒരു യഥാർത്ഥ അപകടമായിരിക്കുന്നു എന്നുമാണ്. (g86 5/22)
[അടിക്കുറിപ്പുകൾ]
a ഇത് എഴുതുന്ന അവസരത്തിൽ ഐക്യനാടുകൾക്ക് കപ്പൽ പടയിൽ 36 തന്ത്രപ്രധാന മിസൈൽ വാഹിനികളായ മുങ്ങികപ്പലുകളുണ്ട്. അവയിൽ 616 മിസൈലുകളും 4928 ബോംബുകളും ഉണ്ട്. സോവ്യറ്റ് യൂണിയനും അതിനോട് കിടപിടിക്കുന്ന ഒരു കപ്പൽ പടയുണ്ട്.
[3-ാം പേജിലെ രേഖാചിത്രം]
(For fully formatted text, see publication.)
ഇന്നത്തെ അണുവായുധ ശേഖരത്തിന് രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ച വെടിക്കോപ്പുകളുടേതിനേക്കാൾ 2600 മടങ്ങ് സ്ഫോടക ശക്തിയുണ്ട്
16,000 കോടി ടൺ
6 ദശലക്ഷം ടൺ