അന്തിമ ആയുധവും സുരക്ഷിതത്വത്തിനുവേണ്ടിയുള്ള മത്സര ഓട്ടവും
“അതുല്യ ശക്തിയുള്ള ഒരു ആയുധം നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതു ഭാവിയിലെ യുദ്ധതന്ത്രപരമായ അവസ്ഥകളെയെല്ലാം പാടേ മാറ്റിമറിക്കും. . . . പുതിയ നശീകരണ വസ്തുക്കൾ ഉപയോഗിക്കുന്നത് തടയുന്നതു സംബന്ധിച്ച് തക്ക സമയത്ത് ഒരു യോജിപ്പിലെത്തിച്ചേരാൻ കഴിയുന്നില്ലെങ്കിൽ താൽക്കാലികമായ ഏതു നേട്ടവും അത് എത്രതന്നെ വലുതായിരുന്നാലും മനുഷ്യവർഗ്ഗത്തിന്റെ ആസ്തിക്യത്തിനെതിരെയുള്ള നിരന്തര ഭീഷണിയാൽ വിലയില്ലാത്തതായിത്തീരും.”—ഡെൻമാർക്കിലെ ആണവ ശാസ്ത്രജ്ഞൻ നീൽസ് ബോർ. 1944-ൽ എഴുതിയത്.
ഐക്യരാഷ്ട്രസംഘടനയുടെ ഒരു പഠനം ഇപ്രകാരം പ്രസ്താവിക്കുന്നു: “ന്യൂക്ലിയർ ആയുധങ്ങൾകൊണ്ടുള്ള ആക്രമണത്തെ ചെറുത്തു നിൽക്കാൻ മാത്രം ശക്തിയുള്ള യാതൊന്നുമില്ല. . . . കഠിനമായ ഒരാക്രമണത്തിനെതിരെ ഫലകരമായ യാതൊരു സംരക്ഷണവുമില്ല. . . . ഈ അർത്ഥത്തിൽ മനുഷ്യവർഗ്ഗം ഒരു അന്തിമ ആയുധത്തെയാണ് അഭിമുഖീകരിക്കുന്നതു.”
ഏതാനും നിമിഷങ്ങൾക്കകം നഗരങ്ങൾ തുടച്ചുനീക്കപ്പെടാമെന്ന് മാത്രമല്ല ഈ നശീകരണം താരതമ്യേന എളുപ്പത്തിൽ—ആദ്യം ഒരു സൈന്യത്തെ തോല്പിക്കേണ്ടതിന്റെ ആവശ്യം കൂടാതെ—സാധിക്കാമെന്ന് മനുഷ്യർ വേഗം മനസ്സിലാക്കി. ന്യൂക്ലിയർ ആയുധങ്ങൾ കൊണ്ട്, ഒരു രാജ്യത്തെ ജനങ്ങളെ മുഴുവൻ ഇല്ലായ്മ ചെയ്യാനും ഒരോറ്റ ദിവസം കൊണ്ട് അതിന്റെ സമ്പദ് വ്യവസ്ഥ ഒരു ഏറ്റുമുട്ടൽ പോലുമില്ലാതെ പാടെ നശിപ്പിക്കാനും കഴിയും.
അണുവായുധങ്ങൾക്കെതിരെ ഫലകരമായ പ്രതിരോധം ഇല്ല എന്ന തിരിച്ചറിവ് ന്യൂക്ലിയർ ആയുധങ്ങളോടുള്ള ഭയം യുദ്ധത്തെ തടയും എന്ന ആശയത്തിലേക്ക് നയിച്ചിരിക്കുന്നു. 1945 നവംബറിൽ അമേരിക്കൻ ഐക്യനാടുകളുടെ വ്യോമസേനാ മേധാവിയായിരുന്ന ഹെൻറി. എച്ച്. ആർനോൾഡ് യുദ്ധകാര്യ സെക്രട്ടറിക്കുള്ള തന്റെ ഒരു റിപ്പോർട്ടിൽ ഇപ്രകാരം പ്രസ്താവിച്ചു. ആസന്ന ഭാവിയിൽ അണുവായുധങ്ങൾക്കെതിരെയുള്ള നമ്മുടെ യഥാർത്ഥ സുരക്ഷിതത്വം ശക്തമായ തോതിൽ ഉടൻ തിരിച്ചടിക്കാനുള്ള നമ്മുടെ പ്രാപ്തിയെ ആശ്രയിച്ചിരിക്കും. ഐക്യനാടുകളെ ആരെങ്കിലും ആക്രമിച്ചാൽ ഉടൻ അയാൾക്കെതിരെ അത്യന്തം വിനാശകരമായ ഒരു ന്യൂക്ലിയർ ആക്രമണം ആകാശത്തിൽ നിന്നും ഉണ്ടാകും എന്നത് അത്തരം ആക്രമണം നടത്താൻ സാദ്ധ്യതയുള്ളവർക്ക് പ്രത്യക്ഷമായിരിക്കണം.”
അത്തരം ഭീഷണി യഥാർത്ഥ സുരക്ഷിതത്വം പ്രദാനം ചെയ്യും എന്നുള്ളതിനോട് പലരും യോജിക്കുന്നില്ല. അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിന് നേതൃത്വം വഹിച്ച അതിവിദഗ്ദ്ധനായ ഭൗതിക ശാസ്ത്രജ്ഞൻ റോബർട്ട്. ജെ. ഓപ്പൻ ഹീമർ ശത്രുതയിൽ കഴിയുന്ന ആണവ ശക്തികളെ “സ്വന്തം ജീവനെ അപായപ്പെടുത്തിക്കൊണ്ടുമാത്രം പരസ്പരം കൊല്ലാൻ കഴിയുന്ന അവസ്ഥയിൽ ഒരു കുപ്പിയിൽ അടയ്ക്കപ്പെട്ടിരിക്കുന്ന രണ്ടു തേളുകളോടാണ് ഉപമിച്ചത്. കുറച്ചും കൂടി അടുത്ത കാലത്ത് പ്രസിഡൻറ് റോണാൾഡ് റെയ്ഗൺ പറഞ്ഞത് അമേരിക്കയും റഷ്യയും അന്യോന്യം തലക്കു കൈത്തോക്ക് ചേർത്തു പിടിച്ചു നിൽക്കുന്ന രണ്ടുപേരെപ്പോലെയാണെന്നാണ്.
ആറ്റത്തെ അന്തർദ്ദേശീയമാക്കാനുള്ള ശ്രമം
1946 ജൂണിൽ ഐക്യനാടുകൾ അന്ന് പുതുതായി രൂപംകൊണ്ട ഐക്യരാഷ്ട്രസംഘടനയുടെ മുമ്പാകെ ഒരു പദ്ധതി സമർപ്പിച്ചു. ലോക വിസ്തൃതമായി എല്ലാ ആണവ ശക്തിപ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനും പരിശോധിക്കുന്നതിനും അധികാരമുള്ള ഒരു അന്തരാഷ്ട്ര പ്രതിനിധിസംഘം രൂപീകരിക്കണം എന്ന ആവശ്യം അതു ഉന്നയിച്ചു. അത്തരം ഒരു പ്രതിനിധി സംഘം രൂപീകൃതമായ ശേഷം ഐക്യനാടുകൾ അവരുടെ ആണവ രഹസ്യങ്ങൾ ആ സംഘത്തിനു കൈമാറുകയും കൈവശമുള്ള അണു ബോംബുകൾ നശിപ്പിക്കുകയും വീണ്ടും ബോംബുകൾ നിർമ്മിക്കാതിരിക്കുകയും ചെയ്യും.
ആദ്യം തന്നെ അണുവായുധങ്ങൾ പാടെ ഉപേക്ഷിക്കണമെന്ന് സോവ്യറ്റ് യൂണിയൻ നിർബ്ബന്ധം പിടിച്ചു. അതു ചെയ്തു കഴിഞ്ഞാൽ നിയന്ത്രണത്തിനും പരിശോധനക്കും ഉള്ള ഏർപ്പാടുകൾ ഉണ്ടാക്കാൻ കഴിയും. ഈ തർക്കം ഒരു നീക്കുപോക്കുകാണാൻ കഴിയാത്തവണ്ണം തുടരുകയും പിന്നാലെ വന്ന ശീതസമര വർഷങ്ങളിൽ അണുവായുധങ്ങളെ ഐക്യരാഷ്ട്രസംഘടന നിയന്ത്രിക്കുമെന്നുള്ള പ്രത്യാശ അസ്തമിക്കുകയും ചെയ്തു.
ആയുധ മത്സരം: പ്രവർത്തനവും പ്രതിപ്രവർത്തനവും
1949-ൽ റഷ്യക്കാർ അവരുടെ ആദ്യത്തെ ആറ്റം ബോംബ് സ്ഫോടനം നടത്തി. കിഴക്കും പടിഞ്ഞാറും തമ്മിൽ സംശയവും വിശ്വാസമില്ലായ്മയും വർദ്ധിക്കുകയും ആയുധ മത്സരം കൂടുതൽ ശക്തിപ്പെടുകയും ചെയ്തു. സോവ്യറ്റ് ബോംബിനോടുള്ള ഐക്യനാടുകളുടെ പ്രതികരണം അതിലും വളരെ ശക്തമായ ഹൈഡ്രജൻ ബോംബിന്റെ വികസിപ്പിച്ചെടുക്കലായിരുന്നു. ആദ്യം (1952-ൽ) പരീക്ഷിക്കപ്പെട്ടത് നേരത്തെ ഉണ്ടായിരുന്ന ആറ്റം ബോംബിനെക്കാൾ 800 മടങ്ങ് ശക്തിയുള്ളതായിരുന്നു. വെറും ഒൻപതു മാസങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും റഷ്യക്കാർ വിജയകരമായി അവരുടേതായ ഹൈഡ്രജൻ ബോംബ് വികസിപ്പിച്ചെടുത്തു.
അതേ തുടർന്ന് ICBM (ഭൂഖണ്ഡാന്തര മിസൈലുകൾ) ഉപയോഗത്തിൽ വന്നു. ഇത് ആദ്യം 1957-ൽ സോവ്യറ്റ് യൂണിയൻ വികസിപ്പിച്ചെടുത്തു. ഇപ്പോൾ മണിക്കൂറുകൾകൊണ്ടല്ല മിനിറ്റുകൾക്കുള്ളിൽ ഒരു ന്യൂക്ലിയർ ആക്രമണം സാദ്ധ്യമായിത്തീർന്നു. ഒപ്പം ഓടിയെത്താൻ ഐക്യനാടുകൾ ശ്രമിക്കുകയും പിറ്റേവർഷമായതോടെ അതിന്റെ ആയുധശേഖരത്തിലേക്ക് ICBM കൂടി കൂട്ടിച്ചേർക്കുകയും ചെയ്തു.
അതേ സമയം മറ്റു രാജ്യങ്ങളും സ്വന്തനിലയിൽ ആറ്റം ബോംബുകൾ നിർമ്മിക്കുകയും പരീക്ഷിക്കുകയും ചെയ്തു. ക്രമത്തിൽ ബ്രിട്ടൻ, ഫ്രാൻസ്, മുതലായ രാജ്യങ്ങളും കൂടി ന്യൂക്ലിയർ ശക്തികളായിത്തീരുകയും ചെയ്തു.
1960-കളിൽ ഈ പ്രവർത്തന പ്രതിപ്രവർത്തന ശൈലി ഒട്ടും മയപ്പെടാതെ തുടർന്നു. ഐക്യനാടുകളും സോവ്യറ്റ് യൂണിയനും മിസൈൽ പ്രതിരോധ മിസൈലുകൾ പരീക്ഷിച്ചു നോക്കി. ഇരുകൂട്ടരും അന്തർവാഹിനികളിൽ നിന്ന് മിസൈലുകൾ തൊടുത്തു വിടാനുള്ള വിദ്യ പഠിച്ചു. ഇരുവരും പല ബോംബുകൾ ഒന്നിച്ചു തൊടുത്തു വിടാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചു.
MIRV (മൾട്ടിപ്പിൾ ഇൻഡിപ്പെൻഡൻറിലി റ്റാർജെറ്റഡ് റീഎൻറി വെഹിക്കിൾ)-യുടെ വികസനം സഹിതം ഈ മത്സരം 1970-കളിലൂടെ തുടർന്നു. ഓരോ മിസൈലും ഇപ്പോൾ പല ബോംബുകൾ വഹിച്ചുകൊണ്ടുപോവുകയും അവ ഓരോന്നും വിവിധ വ്യത്യസ്ത ലക്ഷ്യങ്ങളിലേക്ക് എയ്തു വിടുകയും ചെയ്യും എന്ന നില കൈവന്നു. ഉദാഹരണത്തിന് ആധുനിക അമേരിക്കൻ MX അല്ലെങ്കിൽ ‘സമാധാന പാലകൻ’ മിസൈലും, അതുപോലെതന്നെ റഷ്യയുടെ SS-18-ഉം പത്തു ബോംബുകൾ വീതം വഹിച്ചുകൊണ്ടു പോകുന്നു. അതുകൊണ്ട് അവയ്ക്ക് ഓരോന്നിനും പത്തു നഗരങ്ങളെ നശിപ്പിക്കാൻ കഴിയും.
മിസൈലുകൾ കൂടുതൽ കൂടുതൽ സൂക്ഷ്മതയുള്ളവയായിത്തീർന്നു. ഇതും MIRV-കളുടെ വികസനവും കൂടുതൽ ഭയപ്പാടിന് ഇടയാക്കി. നഗരങ്ങളെ ലക്ഷ്യമാക്കുന്നതിനു പകരം ശത്രുക്കളുടെ മിസൈൽ സങ്കേതങ്ങളും സൈനികസ്ഥാപനങ്ങളും പലവട്ടം MIRV-കളുടെ ലക്ഷ്യങ്ങളായി. ഒരു ആണവയുദ്ധത്തിൽ ജയിക്കാൻ കഴിയും എന്ന് ചിലർ കണക്കുകൂട്ടാൻ തുടങ്ങി. ശക്തമായ ഒരു ആദ്യ പ്രഹരം എതിരാളിയുടെ തിരിച്ചടിക്കാനുള്ള പ്രാപ്തിയേയും ധൈര്യത്തെയും നിശേഷം നശിപ്പിച്ചേക്കാം.
എതിരാളി അപ്രതീക്ഷിതമായി ഒരു ആദ്യപ്രഹരം വിജയകരമായി നടത്തിയാലും തിരിച്ചടി നൽകാനുള്ള പ്രാപ്തി ഉറപ്പാക്കികൊണ്ട് അത്തരമൊരു ഭീഷണിയെ നേരിടാൻ ഇരു കക്ഷികളും നിർബ്ബന്ധിതരായി തിരിച്ചടി നൽകാനുള്ള പ്രാപ്തിയില്ലാതെ ശത്രുക്കളുടെ ഭാഗത്തു നിന്നുള്ള ആക്രമണം തടയാനാവില്ല എന്ന് അവർ ന്യായവാദം ചെയ്തു. അപ്പോൾ വാസ്തവത്തിൽ ആക്രമ പ്രവർത്തനം അത്യന്തം ആകർഷകമായി തോന്നുകപോലും ചെയ്തേക്കാം. അതുകൊണ്ട്—കൂടുതൽ ആയുധങ്ങൾ സമ്പാദിക്കുക.
ഇപ്പോൾ 1980 കളുടെ പകുതി കഴിഞ്ഞും ഈ ആയുധ മത്സരം അപായകരമായ വേഗത്തിൽ തുടരുന്നു. ആയുധശേഖരത്തിലേക്ക് അടുത്ത കാലത്ത് കൂട്ടിച്ചേർത്തിരിക്കുന്നത് ന്യൂട്രോൺ ബോംബാണ്—അണുപ്രസരണം വഴി ആളുകളെ കൊല്ലാനും കെട്ടിടങ്ങളും വാഹനങ്ങളും കേടുപറ്റാതെ സംരക്ഷിക്കാനും വേണ്ടി സംവിധാനം ചെയ്തിട്ടുള്ള ഒരു ചെറിയ ഹൈഡ്രജൻ ബോംബാണിത്. മറ്റൊന്ന് ക്രൂയിസ് മിസൈൽ—മരങ്ങളുടെ മുകളിലൂടെയായി വളരെ താണ് (ശത്രുക്കളുടെ റാഡാറിൽ പ്രത്യക്ഷപ്പെടാതെ പറക്കാനും വളരെ കൃത്യതയോടെ 1500 മൈൽ 2400 കി.മി.) അകലെയുള്ള ലക്ഷ്യസ്ഥാനത്ത് ഒരു ന്യൂക്ലിയർ പ്രഹരം ഏൽപ്പിക്കാനും ഇതിന് കഴിയും. ഏറ്റം അവസാനമായി കടന്നു വന്നിരിക്കുന്ന, സാധാരണ താരയുദ്ധം എന്നറിയപ്പെടുന്ന യുദ്ധതന്ത്രം ശൂന്യാകാശത്തെകൂടി യുദ്ധക്കളമാക്കി മാറ്റിയിരിക്കുന്നു.
ആയുധ നിയന്ത്രണത്തിനുള്ള ശ്രമങ്ങൾ
ആയുധ വികസനത്തിന്റെ ചരിത്രം അണുവായുധ മത്സരം യാതൊരു നിയന്ത്രണവുമില്ലാതെ തുടരുന്നതായി തോന്നാനിടയാക്കുമെങ്കിലും പല കരാറുകളും ഒപ്പു വയ്ക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ ചിലത് ചിലയിനം ആയുധങ്ങൾ പരീക്ഷിക്കുന്നതിനും സ്ഥാപിക്കുന്നതിനും പരിധി വച്ചിരിക്കുന്നു. മറ്റു ചിലത് ന്യൂക്ലിയർ ആയുധങ്ങൾ അതു ഇപ്പോൾ ഇല്ലാത്തവരുടെ ഇടയിലേക്ക് പരക്കുന്നതിനെ തടയുന്നു.
വളരെ പ്രയാസകരവും സമയം വ്യയം ചെയ്യേണ്ടിവന്നതുമായ ശ്രമങ്ങളിലൂടെയാണ് ഈ കരാറുകളിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടുള്ളത്. ഈ കരാറുകളൊന്നും നിലവിലുള്ള ആയുധങ്ങൾക്ക് കാര്യമായ കുറവ് വരുത്തിയിട്ടില്ല.
കാതലായ പ്രശ്നം ഇതാണ്: വൻശക്തികൾ പരസ്പരം വളരെയധികം സംശയിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. വിരോധാഭാസമെന്നു പറയട്ടെ ഇതിൽ നിന്നുള്ള അരക്ഷിതബോധം കൂടുതൽ ആയുധങ്ങൾക്കുവേണ്ടിയുള്ള ആവശ്യം ജനിപ്പിക്കുന്നു. ക്രമത്തിൽ കൂടുതൽ ആയുധങ്ങൾ ഓരോ പക്ഷവും കൂടുതൽ ദുഷ്ടവും ഭീഷണിപ്പെടുത്തുന്നതുമായി തോന്നാനിടയാക്കുന്നു. അതുകൊണ്ട് ആളുകൾക്ക് എന്നത്തേതിലും അധികം അരക്ഷിതബോധം തോന്നാനിടയാകുന്നു. (g86 5/22)
[5-ാം പേജിലെ ആകർഷകവാക്യം]
“ആനകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ പുല്ലിനു കേട് സംഭവിക്കുന്നു”
[5-ാം പേജിലെ രേഖാചിത്രം]
(For fully formatted text, see publication.)
മാൻഹട്ടൻ
MX മിസൈൽ സ്ഫോടനം
ഹിറോഷിമ സ്ഫോടനം
ഒരു MX മിസൈലിന് 300 ഹിറോഷിമ ബോംബുകളുടെ ശക്തിയുണ്ട്, 240 ച. മൈൽ വിശാലമായ ഒരു പ്രദേശം നശിപ്പിക്കാനുള്ള ശക്തിതന്നെ