ഉണർന്നിരിക്കുക!
അടങ്ങാത്ത വെറുപ്പ്, ഒടുങ്ങാത്ത അക്രമം—ഒരു അവസാനമുണ്ടോ?—ബൈബിളിനു പറയാനുള്ളത്
വെറുപ്പും മുൻവിധിയും മൂലമുള്ള അക്രമം ഇന്നു സർവസാധാരണമാണ്. വംശം, മതം, വർഗം, ലിംഗം എന്നിവപോലുള്ള കാരണങ്ങളുടെ പേരിലാണു പലരും ഈ അക്രമത്തിന് ഇരയാകുന്നതെന്ന് ഓർക്കണം. ഇത്തരം അക്രമപ്രവർത്തനങ്ങൾ ആളുകളിൽ ഭയം നിറയ്ക്കുന്നു. ശാരീരികവും മാനസികവും ആയി മായാത്ത മുറിവുകളുണ്ടാക്കുന്നു. ചിലർക്കു ജീവൻപോലും നഷ്ടപ്പെടുന്നു.
നമ്മുടെ ഈ കാലത്ത് “ക്രൂരന്മാരും നന്മ ഇഷ്ടപ്പെടാത്തവരും,” “സഹജസ്നേഹമില്ലാത്തവരും” ആയ ഒരുപാട് ആളുകൾ ഉണ്ടായിരിക്കുമെന്നു ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. (2 തിമൊഥെയൊസ് 3:1-5) വെറുപ്പു മൂലമുണ്ടാകുന്ന അക്രമങ്ങൾ എന്നെങ്കിലും അവസാനിക്കുമോ? ബൈബിൾ എന്താണു പറയുന്നത്?
അക്രമം അവസാനിക്കും—എങ്ങനെ?
ദൈവത്തിനു ക്രൂരത അവസാനിപ്പിക്കാൻ കഴിയുമെന്നും ദൈവം അതു ചെയ്യുമെന്നും ബൈബിൾ ഉറപ്പുതരുന്നു.
“ദുഷ്പ്രവൃത്തിക്കാരെയെല്ലാം ഇല്ലാതാക്കും. . . . എന്നാൽ സൗമ്യതയുള്ളവർ ഭൂമി കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ അത്യധികം ആനന്ദിക്കും.” (സങ്കീർത്തനം 37:9-11) അക്രമം പ്രവർത്തിക്കുന്നവർ എല്ലാക്കാലവും മറ്റുള്ളവരെ ഉപദ്രവിക്കാൻ ദൈവം അനുവദിക്കില്ല.
“ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.” (വെളിപാട് 21:4) ആളുകൾക്കു സഹിക്കേണ്ടിവന്നിട്ടുള്ള ശാരീരികവും മാനസികവും വൈകാരികവും ആയ വേദനകൾ ദൈവം ഇല്ലാതാക്കും.
‘പുനരുത്ഥാനം ഉണ്ടാകും.’ (പ്രവൃത്തികൾ 24:15) മരിച്ചുപോയ കോടിക്കണക്കിന് ആളുകളെ ദൈവം ജീവനിലേക്കു കൊണ്ടുവരും. വെറുപ്പു മൂലം ഉണ്ടായ അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടവരും അവരിൽ ഉൾപ്പെടും.
വെറുപ്പിനെ മറികടക്കാം—ഇന്നും
ബൈബിൾ നമുക്കു പ്രത്യാശ തരുന്നുണ്ട്. കൂടാതെ ഇന്നു സാധാരണമായിരിക്കുന്ന വെറുപ്പിനെ എങ്ങനെ മറികടക്കാമെന്നും അതു പറയുന്നു. താഴെ കൊടുത്തിരിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ ഉത്തരം അറിയാൻ ഞങ്ങൾ സ്നേഹത്തോടെ നിങ്ങളെ ക്ഷണിക്കുന്നു:
അക്രമത്തിലേക്കു നയിക്കുന്ന വെറുപ്പിനെ മറികടക്കാൻ നമുക്ക് എന്തു ചെയ്യാം? അതിനു ബൈബിൾ തരുന്ന ഉത്തരം ഒരു വീക്ഷാഗോപുരം മാസികയിലുണ്ട്. “വെറുപ്പിന്റെ ചങ്ങല പൊട്ടിച്ചെറിയാം” എന്നതാണ് അതിന്റെ വിഷയം.
ഇത്രയധികം ആളുകൾ കഷ്ടപ്പെടാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ടാണ്? ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്? എന്ന വീഡിയോയിൽ അതിനുള്ള ബൈബിളിന്റെ വ്യക്തമായ ഉത്തരം കാണാം.