Troy Harrison/Moment via Getty Images
ആരുടെ കരവിരുത്?
ബീവറുകൾ—അണക്കെട്ടു നിർമിക്കുന്ന എഞ്ചിനീയർമാർ
അണക്കെട്ടു നിർമാണത്തിൽ വിദഗ്ധരാണു ബീവറുകൾ. അവ ഉണ്ടാക്കിയ 850 മീറ്റർ നീളവും 5.3 മീറ്റർ ഉയരവും ഉള്ള അണക്കെട്ടുകൾവരെ കണ്ടെത്തിയിട്ടുണ്ട്. എങ്ങനെയാണു ബീവറുകൾ ഇത്രയും വലിയ അണക്കെട്ടുകൾ നിർമിക്കുന്നത്?
ആദ്യം, അവ ഏതാണ്ട് 30 സെന്റിമീറ്റർവരെ ചുറ്റളവുള്ള മരങ്ങൾ കടിച്ചുവീഴ്ത്തിയിട്ട് അവയുടെ ചില്ലകൾ മുറിച്ചുമാറ്റും. അടുത്തതായി, നല്ല ബലമുള്ള ആ മരക്കഷണങ്ങൾ തള്ളിക്കൊണ്ടുവന്ന് നദിയുടെയും മറ്റും അടിത്തട്ടിൽ നിരയായി കുത്തനെ ഉറപ്പിച്ചുനിറുത്തുന്നു. എന്നിട്ട് തൂണുകളായി നാട്ടിയിരിക്കുന്ന ഈ മരക്കഷണങ്ങൾക്കു കുറുകെ ചെറിയ ചെടികളും ഈറ്റത്തണ്ടുകളും നെയ്തുചേർക്കും. തുടർന്ന് വലിയ കല്ലുകൾകൊണ്ട് അതു ബലപ്പെടുത്തുകയും അറ്റങ്ങൾ രണ്ടും വലിയ മരത്തിലോ പാറയിലോ ഉറപ്പിക്കുകയും ചെയ്യുന്നു. വെള്ളം കുത്തിയൊഴുകി വരുമ്പോൾ അണക്കെട്ടു തകരാതിരിക്കാൻവേണ്ടി അതിന്റെ എതിർവശത്ത് മരക്കഷണങ്ങളോ തടികളോ ചേർത്തുവെച്ച് അണക്കെട്ടു ശക്തമാക്കും. വെള്ളം ഒഴുകി വരുന്ന വശം മരച്ചില്ലകളും കളകളും ചെളിയും ഒക്കെ ഉപയോഗിച്ച് അടയ്ക്കുകയും ചെയ്യുന്നു. കൂടാതെ, കൂടുതലായി വരുന്ന വെള്ളം ഒഴുകിപ്പോകാനായി ഡാമിന്റെ രണ്ട് അറ്റത്തും വിടവുകളും ഉണ്ടാക്കും. അതിശക്തമായ മഴയുണ്ടാകുമ്പോൾ ഈ വിടവുകളുടെ വലുപ്പം കൂട്ടുകയും ചെയ്യും.
ബീവർ ഉണ്ടാക്കുന്ന അണക്കെട്ടിന്റെ ലളിതചിത്രം (1) കുത്തിനിറുത്തിയിരിക്കുന്ന മരക്കഷണങ്ങൾ, (2) നെയ്തുചേർത്തിരിക്കുന്ന ചെറിയ ചെടികൾ, (3) ശക്തമാക്കാനായി ചേർത്തുവെച്ചിരിക്കുന്ന മരക്കഷണങ്ങൾ, (4) ബലപ്പെടുത്താനായി വെച്ചിരിക്കുന്ന കല്ലുകൾ, (5) മരച്ചില്ലകളും കളകളും വെച്ചിട്ട് അതിൽ ചെളി തേച്ചുപിടിപ്പിച്ചിരിക്കുന്നു
അണക്കെട്ടുകൾ ഉണ്ടാക്കാൻ ബീവറുകൾ ചെയ്യുന്ന ഈ ശ്രമം പരിസ്ഥിതിക്ക് ഒരുപാടു ഗുണം ചെയ്യുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഈ അണക്കെട്ടുകൾ മണ്ണൊലിപ്പു കുറയ്ക്കുകയും വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഭൂഗർഭജലത്തിന്റെ നിരപ്പ് ഉയരാൻ ഇടയാക്കുകയും ചെയ്യുന്നു. കൂടാതെ, വേനൽക്കാലത്ത് വെള്ളം വറ്റിപ്പോയിരുന്ന അരുവികളിൽ ഇപ്പോൾ മിക്കപ്പോഴും വർഷം മുഴുവൻ നീരൊഴുക്കു കാണാം. ഇനി, ഈ അണക്കെട്ടുകൾ മൂലമുണ്ടാകുന്ന ചതുപ്പുനിലങ്ങൾ മഴക്കാലത്ത് വെള്ളം വലിച്ചെടുത്തുകൊണ്ട് വെള്ളപ്പൊക്കം തടയുന്നു. മാത്രമല്ല, അവിടെ ചെടികൾ വളരുന്നതിനാൽ കാട്ടുതീ പടരുന്നതു പലപ്പോഴും തടയാനുമാകുന്നു. പച്ചപ്പു നിറഞ്ഞ ഇത്തരം ചതുപ്പുനിലങ്ങൾ പല തരം ജീവികൾക്കു താമസിക്കാനുള്ള ഇടവുമാണ്.
ഒരു പഠനത്തിൽ ഗവേഷകർ പറഞ്ഞത്, “ബീവറുകൾ ഉണ്ടാക്കുന്ന അണക്കെട്ടുകൾ കണ്ടാൽ വിദഗ്ധരായ എഞ്ചിനീയർമാർ പണിതതാണെന്നു തോന്നും” എന്നാണ്. വടക്കേ അമേരിക്കയിലെ ഗവേഷകർ ബീവറുകൾ നിർമിക്കുന്നതുപോലുള്ള പല ഡാമുകൾ ഉണ്ടാക്കിയിട്ടുപോലുമുണ്ട്. ബീവറുകളെ പലപ്പോഴും പ്രകൃതിയിലെ എഞ്ചിനീയർമാർ എന്നു വിളിക്കുന്നതിൽ ഒട്ടും അതിശയമില്ല.
ഒരു ബീവർ അണക്കെട്ടു നിർമിക്കുന്നതു കാണുക.
നിങ്ങൾക്ക് എന്തു തോന്നുന്നു? ബീവറുകളുടെ നിർമാണവൈദഗ്ധ്യം പരിണമിച്ചുവന്നതാണോ അതോ ആരെങ്കിലും രൂപകല്പന ചെയ്തതാണോ?