Mary_Ukraine/stock.adobe.com
ഉണർന്നിരിക്കുക!
രാഷ്ട്രീയക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു—ബൈബിളിനു പറയാനുള്ളത്
ഇതുവരെ നോക്കിയാൽ, ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ ഇലക്ഷനുകൾ നടക്കുന്ന വർഷം 2024 ആയിരിക്കും. എന്നാൽ പല ആളുകൾക്കും രാഷ്ട്രീയക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്.
അമേരിക്കയിൽ നടന്ന സർവേയിൽ ഭൂരിഭാഗം ആളുകളും പറഞ്ഞത്, “മിക്ക രാഷ്ട്രീയക്കാർക്കും സ്വാർഥലക്ഷ്യങ്ങളാണുള്ളത്,” അല്ലാതെ ജനങ്ങളെ സേവിക്കാനുള്ള താത്പര്യമൊന്നും അവർക്കില്ല എന്നാണ്.a—പ്യൂ ഗവേഷണകേന്ദ്രം, 2023 സെപ്റ്റംബർ 19.
പല ചെറുപ്പക്കാർക്കും രാഷ്ട്രീയക്കാരിൽ വിശ്വാസമില്ല.
“പ്രധാനപ്പെട്ട പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് ഇന്നുള്ള ചെറുപ്പക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ രാഷ്ട്രീയക്കാർ അതിനൊന്നും ശ്രമിക്കുന്നില്ല എന്നാണ് സർവേകളിൽ ചെറുപ്പക്കാർ പറയുന്നത്.”—ദ ന്യൂയോർക്ക് ടൈംസ്, 2024 ജനുവരി 29.
“ഒരു റിപ്പോർട്ടനുസരിച്ച്, രാഷ്ട്രീയക്കാരെക്കാൾ ചെറുപ്പക്കാർ വിശ്വസിക്കുന്നത് യൂട്യൂബർമാരെയാണ്.”—ദ കൊറിയ ടൈംസ്, 2024 ജനുവരി 22.
ഒരു നല്ല ഭാവിക്കായി രാഷ്ട്രീയക്കാരെ ആശ്രയിക്കാനാകുമോ? അല്ലെങ്കിൽ ആരെ ആശ്രയിക്കാം?
ആശ്രയിക്കുക, ശ്രദ്ധയോടെ
ആരെ വിശ്വസിക്കുന്നു എന്ന കാര്യത്തിൽ ശ്രദ്ധയുണ്ടായിരിക്കുന്നതു നല്ലതാണ്. ബൈബിൾ പറയുന്നു: “അനുഭവജ്ഞാനമില്ലാത്തവൻ കേൾക്കുന്നതെല്ലാം വിശ്വസിക്കുന്നു; എന്നാൽ വിവേകമുള്ളവൻ ഓരോ കാലടിയും ശ്രദ്ധയോടെ വെക്കുന്നു.”—സുഭാഷിതങ്ങൾ 14:15.
നിങ്ങൾക്കു കിട്ടുന്ന വിവരങ്ങൾ ശരിയാണോ എന്നു വിലയിരുത്താൻ സഹായിക്കുന്ന ടിപ്പുകൾക്കായി “തെറ്റായ വിവരങ്ങൾ നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ” എന്ന ലേഖനം വായിക്കുക.
ഇനി, ഒരു രാഷ്ട്രീയക്കാരൻ എത്രതന്നെ സത്യസന്ധനും നല്ല ഉദ്ദേശ്യങ്ങളുള്ളവനും ആയാലും അവർക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് ഒരു പരിധി ഉണ്ട്. അതുകൊണ്ടാണ് ബൈബിൾ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നത്:
“പ്രഭുക്കന്മാരെ അഥവാ മനുഷ്യനേതാക്കന്മാരെ ആശ്രയിക്കരുത്; രക്ഷയേകാൻ കഴിയാത്ത മനുഷ്യമക്കളെയുമരുത്.”—സങ്കീർത്തനം 146:3.
വിശ്വസിക്കാവുന്ന ഒരു നേതാവ്
വളരെ പ്രാപ്തനും വിശ്വസ്തനും ആയ ഒരു നേതാവിനെ ദൈവം നിയമിച്ചിരിക്കുന്നതായി ബൈബിൾ പറയുന്നു. അത് യേശുക്രിസ്തുവാണ്. (ലൂക്കോസ് 1:32, 33) യേശുവാണ് ദൈവരാജ്യത്തിന്റെ അതായത്, സ്വർഗത്തിൽനിന്ന് ഭരിക്കുന്ന ഗവൺമെന്റിന്റെ രാജാവ്.—മത്തായി 6:10.
നമുക്ക് യേശുവിനെ വിശ്വസിക്കാവുന്നത് എന്തുകൊണ്ട്? നമ്മുടെ പ്രശ്നങ്ങളൊക്കെ യേശു എങ്ങനെയാണ് പരിഹരിക്കാൻപോകുന്നത്? “ആരാണ് ദൈവരാജ്യത്തിന്റെ രാജാവ്?,” “ദൈവരാജ്യത്തിന്റെ നേട്ടങ്ങൾ” എന്നീ ലേഖനങ്ങൾ വായിക്കുക.
a പ്യൂ ഗവേഷണകേന്ദ്രം, അമേരിക്കയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ജനങ്ങളുടെ വീക്ഷണങ്ങൾ, 2023 സെപ്റ്റംബർ.