Francesco Carta fotografo/Moment via Getty Images
ഏകാന്തത എങ്ങും പടർന്നുപിടിക്കുന്നു—ബൈബിളിനു പറയാനുള്ളത്
അടുത്ത കാലത്ത് ഇറങ്ങിയ ഒരു ആഗോള റിപ്പോർട്ടനുസരിച്ച്a ഇന്ന് നാലിൽ ഒരാൾക്ക് ഏകാന്തത അനുഭവപ്പെടുന്നു.
“സാമൂഹിക ഒറ്റപ്പെടൽ ആരെ വേണമെങ്കിലും ബാധിക്കാം. അയാൾ ഏതു പ്രായത്തിലുള്ളവരാണെങ്കിലും, എവിടെ താമസിക്കുന്ന ഒരാളാണെങ്കിലും.”—ചീഡോ പെംബെ, ലോകാരോഗ്യ സംഘടനയുടെ സാമൂഹിക ബന്ധത്തെക്കുറിച്ചുള്ള കമ്മീഷന്റെ സഹ-അധ്യക്ഷൻ.
ഏകാന്തത എന്ന് കേൾക്കുമ്പോൾ പ്രായമായവരും ഒറ്റയ്ക്ക് കഴിയുന്നവരും ആയിരിക്കും നമ്മുടെ മനസ്സിൽവരുക. എന്നാൽ ചെറുപ്പക്കാരെയും നല്ല ആരോഗ്യമുള്ളവരെയും ജീവിതത്തിൽ വലിയ വിജയങ്ങൾ നേടിയവരെയും വിവാഹിതരെയും ഒക്കെ ഈ പ്രശ്നം അലട്ടുന്നുണ്ട്. സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും ആയ ആരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാം.
“ഏകാന്തത എന്നത് വേദനിപ്പിക്കുന്ന ഒരു വികാരം മാത്രമല്ല.” എന്ന് യു.എസ്. സർജൻ ജനറലായ ഡോ. വിവേക് മൂർത്തി പറയുന്നു. അദ്ദേഹം ഇങ്ങനെയും പറഞ്ഞു: “ദിവസവും 15 സിഗരറ്റ് വലിക്കുന്ന ഒരാളുടേതിന് സമാനമായ മരണസാധ്യത സാമൂഹികമായി ഒറ്റപ്പെടൽ അനുഭവിക്കുന്ന ഒരാൾക്കുണ്ട്.”
ബൈബിളിനു പറയാനുള്ളത്
നമ്മൾ ഒറ്റപ്പെടൽ അനുഭവിക്കാൻ നമ്മുടെ സ്രഷ്ടാവ് ആഗ്രഹിക്കുന്നില്ല. മനുഷ്യർ സംതൃപ്തികരമായ നല്ല കൂട്ടുകെട്ട് ആസ്വദിക്കണം എന്നതാണ് ദൈവത്തിന്റെ ഉദ്ദേശ്യം.
ബൈബിൾതത്ത്വം: ‘ദൈവം ഇങ്ങനെ പറഞ്ഞു: മനുഷ്യൻ ഏകനായി കഴിയുന്നതു നല്ലതല്ല.’—ഉൽപത്തി 2:18.
നമ്മൾ ദൈവവുമായി നല്ലൊരു ബന്ധം വളർത്തിയെടുക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്. നമ്മൾ ദൈവത്തോട് അടുക്കാൻ ശ്രമിക്കുമ്പോൾ ദൈവം നമ്മളോടും അടുക്കുമെന്ന് ഉറപ്പുതന്നിട്ടുണ്ട്.—യാക്കോബ് 4:8.
ബൈബിൾതത്ത്വം: “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ സന്തുഷ്ടർ; കാരണം സ്വർഗരാജ്യം അവർക്കുള്ളത്.”—മത്തായി 5:3.
നമ്മൾ മറ്റുള്ളവരോടൊപ്പം ഒരുമിച്ച് ദൈവത്തെ ആരാധിക്കാൻ ദൈവം ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ നമുക്ക് സന്തോഷം തോന്നും.
ബൈബിൾതത്ത്വം: “സ്നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും വേണ്ടി പരസ്പരം എങ്ങനെ പ്രചോദിപ്പിക്കാമെന്നു നന്നായി ചിന്തിക്കുക. . . . നമ്മുടെ യോഗങ്ങൾക്കു കൂടിവരാതിരിക്കരുത്; പകരം നമുക്കു പരസ്പരം പ്രോത്സാഹിപ്പിക്കാം.”—എബ്രായർ 10:24, 25.
ഏകാന്തത ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ അറിയാൻ, “ഈ ഇലക്ട്രോണിക് യുഗത്തിലും ഏകാന്തത (ഇംഗ്ലീഷ്)” എന്ന ലേഖനം കാണുക.
a മെറ്റയും ഗാലപ്പും 2023-ൽ പുറത്തിറക്കിയ സാമൂഹികബന്ധങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോർട്ട്