Nany/stock.adobe.com
ഇന്നു നേരിടുന്ന ഭക്ഷ്യക്ഷാമത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
“വിശപ്പുരഹിത ലോകം.” ലോകനേതാക്കന്മാർ വെച്ചിരിക്കുന്ന ഒരു ലക്ഷ്യമാണ് ഇത്. ഇന്നു മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധി എല്ലാവർക്കും വേണ്ടത്ര ഭക്ഷണം ലഭിക്കുന്നില്ല എന്നതാണ്.a ലോകത്ത് എന്നെങ്കിലും പട്ടിണി ഇല്ലാത്ത ഒരു കാലം വരുമോ? ബൈബിൾ എന്താണു പറയുന്നത്?
ഇന്നു നേരിടുന്ന ഭക്ഷ്യക്ഷാമത്തെക്കുറിച്ച് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു
ബൈബിൾ ‘അവസാനകാലം’ എന്നു വിളിക്കുന്ന ഇക്കാലത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന് മുന്നമേ പറഞ്ഞിട്ടുണ്ട്. (2 തിമൊഥെയൊസ് 3:1) എന്നാൽ ഈ ഭക്ഷ്യക്ഷാമത്തിനു കാരണക്കാരൻ ദൈവമല്ല, എങ്കിലും അതു വരുമെന്ന് ദൈവം മുന്നറിയിപ്പു തന്നിട്ടുണ്ട്. (യാക്കോബ് 1:13) ഇതെക്കുറിച്ചുള്ള രണ്ടു ബൈബിൾപ്രവചനങ്ങൾ നോക്കാം.
‘പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങൾ ഉണ്ടാകും.’ (മത്തായി 24:7) ഭക്ഷ്യോത്പാദനത്തെയും വിതരണത്തെയും കുറിച്ച് പഠിക്കുന്ന ചിലരുടെ റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും പട്ടിണിയും വികലപോഷണവും അവസാനിപ്പിക്കാനും ഉള്ള മനുഷ്യന്റെ ശ്രമങ്ങൾ ഇന്നു പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.”b പല രാജ്യങ്ങളിലെയും ലക്ഷക്കണക്കിന് ആളുകൾക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ല. ഇതു കാരണം പലരുടെയും ജീവൻ നഷ്ടപ്പെടുന്നു എന്നതാണ് സങ്കടകരമായ കാര്യം.
“അതാ, ഒരു കറുത്ത കുതിര! കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ കൈയിൽ ഒരു ത്രാസ്സുണ്ടായിരുന്നു.” (വെളിപാട് 6:5) ഈ പ്രവചനത്തിൽ ആലങ്കാരിക അർഥത്തിൽ പറഞ്ഞിരിക്കുന്ന കുതിരയും കുതിരപ്പുറത്ത് ഇരിക്കുന്നവനും ചിത്രീകരിക്കുന്നത് അവസാനകാലത്തെ ക്ഷാമത്തെയാണ്.c കുതിരസവാരിക്കാരന്റെ കൈയിൽ ഇരിക്കുന്ന ത്രാസ്സ് കുറച്ച് ഭക്ഷണം മാത്രം റേഷനായി തൂക്കിക്കൊടുക്കുന്നതിനെയാണ് അർഥമാക്കുന്നത്. ഈ സവാരിക്ക് ഇടയിൽ ഭക്ഷണസാധനങ്ങളുടെ വില കുതിച്ചുയരുന്നു എന്നും അതുകൊണ്ട് ആളുകൾ അടിസ്ഥാന ഭക്ഷണസാധനങ്ങൾ ശേഖരിച്ചുവെക്കണം എന്നും ഉള്ള മുന്നറിയിപ്പു നൽകുന്ന ഒരു ശബ്ദം കേൾക്കുന്നു. (വെളിപാട് 6:6) ഇന്ന് ആളുകൾ നേരിടുന്ന ആഗോളഭക്ഷണ പ്രതിസന്ധിയെ ഇതു വരച്ചുകാട്ടുന്നു. കോടിക്കണക്കിന് ആളുകൾക്ക് ഇന്നു വേണ്ടത്ര ഭക്ഷണം ലഭിക്കുന്നില്ല, അല്ലെങ്കിൽ അതു വാങ്ങാനുള്ള വക അവർക്കില്ല.
ഭക്ഷ്യക്ഷാമത്തിന് ഒരു അവസാനം
എല്ലാ മനുഷ്യർക്കും വേണ്ടതിലധികം ഭക്ഷണം ഈ ഭൂമി ഉത്പാദിപ്പിക്കുന്നുണ്ട് എന്നാണ് വിദഗ്ധർ പറയുന്നത്. അപ്പോൾപ്പിന്നെ എന്തുകൊണ്ടാണ് ഭക്ഷ്യക്ഷാമം ഉണ്ടാകുന്നത്? നമ്മുടെ സ്രഷ്ടാവായ യഹോവd ഈ പ്രശ്നത്തിന് ഒരു പരിഹാരം കൊണ്ടുവരുന്നതിനെക്കുറിച്ച് ബൈബിളിൽ എന്താണു പറയുന്നത്?
പ്രശ്നം: ജനങ്ങളെ പട്ടിണിയിലാക്കുന്ന ദാരിദ്ര്യവും സാമ്പത്തിക അസമത്വവും ഇല്ലാതാക്കാൻ ഗവൺമെന്റുകൾക്കു കഴിയില്ല.
പരിഹാരം: കുറവുകൾ ഉള്ള മനുഷ്യഗവൺമെന്റുകളെ മാറ്റി എല്ലാം തികഞ്ഞ ഒരു ഗവൺമെന്റ് വരും—ദൈവരാജ്യം എന്ന ഗവൺമെന്റ്. (ദാനിയേൽ 2:44; മത്തായി 6:10) ഇന്ന് അനേകം ആളുകൾ ആഹാരത്തിനു വകയില്ലാതെ കഷ്ടപ്പെടുന്നു. എന്നാൽ ദൈവരാജ്യത്തിൽ ഇതിനെല്ലാം ഒരു മാറ്റം വരും. ദൈവരാജ്യത്തിന്റെ രാജാവായ യേശുക്രിസ്തുവിനെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “സഹായത്തിനായി കേഴുന്ന ദരിദ്രനെ അവൻ രക്ഷിക്കും; എളിയവനെയും ആരോരുമില്ലാത്തവനെയും അവൻ വിടുവിക്കും. . . . ഭൂമിയിൽ ധാന്യം സുലഭമായിരിക്കും; മലമുകളിൽ അതു നിറഞ്ഞുകവിയും.”—സങ്കീർത്തനം 72:12, 16.
പ്രശ്നം: യുദ്ധം മൂലമുള്ള നാശനഷ്ടങ്ങളും സാമ്പത്തിക അസ്ഥിരതയും കാരണം ആളുകൾക്ക് വേണ്ടത്ര ഭക്ഷണം കിട്ടുന്നില്ല.
പരിഹാരം: “(യഹോവ) ഭൂമിയിലെങ്ങും യുദ്ധങ്ങൾ നിറുത്തലാക്കുന്നു. വില്ല് ഒടിച്ച് കുന്തം തകർക്കുന്നു, യുദ്ധവാഹനങ്ങൾ കത്തിച്ചുകളയുന്നു.” (സങ്കീർത്തനം 46:9) ദൈവം യുദ്ധത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും അതിന്റെ കാരണക്കാരെയും നശിപ്പിക്കും. അങ്ങനെ എല്ലാ ആളുകൾക്കും നല്ല ഭക്ഷണം എളുപ്പത്തിൽ കിട്ടും. ബൈബിൾ ഇങ്ങനെ ഉറപ്പു നൽകുന്നു: ‘നീതിമാൻ തഴച്ചുവളരും; സമാധാനസമൃദ്ധിയുണ്ടാകും.’—സങ്കീർത്തനം 72:7.
പ്രശ്നം: മോശമായ കാലാവസ്ഥയും പ്രകൃതിദുരന്തങ്ങളും കാരണം വിളകൾ നശിക്കുകയും മൃഗങ്ങൾ ചത്തൊടുങ്ങുകയും ചെയ്യുന്നു.
പരിഹാരം: ദൈവം പ്രകൃതിശക്തികളെ നിയന്ത്രിക്കും. ഭക്ഷ്യോത്പാദനത്തിന് അനുയോജ്യമായ കാലാവസ്ഥ ഒരുക്കും. ബൈബിൾ പറയുന്നു: “(യഹോവ) കൊടുങ്കാറ്റു ശാന്തമാക്കുന്നു; കടലിലെ തിരമാലകൾ അടങ്ങുന്നു. . . . ദൈവം മരുഭൂമിയെ ഈറ്റകൾ വളരുന്ന ജലാശയമാക്കുന്നു, വരണ്ട നിലത്തെയോ നീരുറവകളും. വിശക്കുന്നവരെ ദൈവം അവിടെ താമസിപ്പിക്കുന്നു; . . . അവർ വയലിൽ വിതയ്ക്കുന്നു, മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കുന്നു. അവ സമൃദ്ധമായ വിളവ് തരുന്നു.”—സങ്കീർത്തനം 107:29, 35-37.
പ്രശ്നം: അത്യാഗ്രഹികളും അഴിമതിക്കാരും ആയ ആളുകൾ സുരക്ഷിതമല്ലാത്ത ഭക്ഷണം ഉത്പാദിപ്പിക്കുന്നു. അല്ലെങ്കിൽ ആവശ്യമുള്ളവർക്ക് ഭക്ഷണം ലഭിക്കുന്നതു തടയുന്നു.
പരിഹാരം: ദൈവരാജ്യം സത്യസന്ധരല്ലാത്തവരെയും അഴിമതിക്കാരെയും ഇല്ലാതാക്കും. (സങ്കീർത്തനം 37:10, 11; യശയ്യ 61:8) “വഞ്ചനയ്ക്കിരയായവർക്കു നീതി നടത്തിക്കൊടുക്കുന്നവൻ; വിശന്നിരിക്കുന്നവന് ആഹാരം നൽകുന്നവൻ” എന്നാണ് ബൈബിൾ യഹോവയെക്കുറിച്ച് പറയുന്നത്.—സങ്കീർത്തനം 146:7.
പ്രശ്നം: ലോകത്തിലെ ഭക്ഷ്യവിതരണത്തിന്റെ മൂന്നിലൊന്ന് ഓരോ വർഷവും പാഴാകുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നു.
പരിഹാരം: ദൈവരാജ്യത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷണം കൈകാര്യം ചെയ്യുന്നത് ഏറ്റവും നല്ല രീതിയിലായിരിക്കും. ഭൂമിയിലായിരുന്നപ്പോൾ യേശു ഭക്ഷണമൊന്നും പാഴാക്കിയില്ല. ഉദാഹരണത്തിന്, ഒരവസരത്തിൽ യേശു 5,000-ത്തിലധികം വരുന്ന ആളുകളെ അത്ഭുതകരമായി പോഷിപ്പിച്ചു. പിന്നീട് യേശു ശിഷ്യന്മാരോടു പറഞ്ഞു: “മിച്ചമുള്ള കഷണങ്ങളെല്ലാം എടുക്കുക. ഒന്നും കളയരുത്.”—യോഹന്നാൻ 6:5-13.
ഇന്ന് പട്ടിണിക്ക് ഇടയാക്കുന്ന എല്ലാ കാര്യങ്ങളും ദൈവരാജ്യത്തിൽ ഇല്ലാതാകും. അങ്ങനെ എല്ലാ മനുഷ്യർക്കും പോഷകപ്രദമായ ആഹാരം സമൃദ്ധമായി ലഭിക്കും. (യശയ്യ 25:6) ദൈവരാജ്യം എപ്പോഴായിരിക്കും ഈ കാര്യങ്ങൾ നടപ്പിലാക്കുക എന്നറിയാൻ “ദൈവരാജ്യം എന്നായിരിക്കും ഭൂമിയിൽ ഭരണം തുടങ്ങുന്നത്?” എന്ന ലേഖനം കാണുക.
a 2015-ൽ ഐക്യരാഷ്ട്ര സംഘടനയിലെ അംഗങ്ങൾ മുന്നോട്ടുവെച്ച സുസ്ഥിര വികസന അജണ്ട, 2030.
b ഐക്യരാഷ്ട്രസംഘടനയുടെ ഭക്ഷ്യ കാർഷികസംഘടനയും അന്താരാഷ്ട്ര കാർഷിക വികസനനിധിയും ഐക്യരാഷ്ട്ര ശിശുക്ഷേമനിധിയും ഐക്യരാഷ്ട്രസംഘടനയുടെ ലോക ഭക്ഷ്യപരിപാടിയും ലോകാരോഗ്യ സംഘടനയും ചേർന്ന് ഇറക്കിയ റിപ്പോർട്ട്.
c വെളിപാട് പുസ്തകത്തിലെ നാലു കുതിരസവാരിക്കാരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ “നാലു കുതിരസവാരിക്കാർ ആരാണ്?” എന്ന ലേഖനം കാണുക.
d ദൈവത്തിന്റെ പേരാണ് യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്?” എന്ന ലേഖനം കാണുക.