ഉണർന്നിരിക്കുക!
റഷ്യ യുക്രെയിനെ ആക്രമിക്കുന്നു
2022 ഫെബ്രുവരി 24-ന് പുലർച്ചെ, റഷ്യൻ സൈന്യം യുക്രെയിന് എതിരെ ആക്രമണം തുടങ്ങി. യുദ്ധം ഒഴിവാക്കാനുള്ള ലോകനേതാക്കളുടെ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. ഈ സൈനികപോരാട്ടം ലോകത്തെ എങ്ങനെ ബാധിച്ചേക്കാം? യു.എൻ. സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ് കുറച്ചുദിവസങ്ങൾക്ക് മുമ്പ് പറഞ്ഞത് ഇങ്ങനെയാണ്: “ഈ യുദ്ധം മനുഷ്യർക്ക് വരുത്തിവെക്കുന്ന ദുരിതങ്ങൾ, നാശനഷ്ടങ്ങൾ, യൂറോപ്പിലും ആഗോളതലത്തിലും ഉണ്ടാകുന്ന സുരക്ഷാ ഭീഷണി ഇതെല്ലാം വളരെയധികം ചിന്തിക്കേണ്ട കാര്യങ്ങൾതന്നെയാണ്.”
ബൈബിളനുസരിച്ച് ഇതുപോലുള്ള സംഭവങ്ങളുടെ പ്രസക്തി എന്താണ്?
‘ജനത ജനതയ്ക്ക് എതിരെയും രാജ്യം രാജ്യത്തിന് എതിരെയും എഴുന്നേൽക്കുന്ന’ ഒരു സമയം ഉണ്ടാകുമെന്ന് യേശുക്രിസ്തു മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:7) ഇന്ന് നടക്കുന്ന യുദ്ധങ്ങൾ യേശു പറഞ്ഞ പ്രവചനത്തിന്റെ നിവൃത്തിയാണോ? ഇതെക്കുറിച്ച് ബൈബിൾ പറയുന്നത് മനസ്സിലാക്കാൻ “‘അന്ത്യകാലത്തിന്റെ’ അല്ലെങ്കിൽ ‘അവസാനനാളുകളുടെ’ അടയാളം എന്താണ്?” എന്ന ലേഖനം വായിക്കുക.
ബൈബിളിലെ വെളിപാട് പുസ്തകം യുദ്ധത്തെ ചിത്രീകരിച്ചിരിക്കുന്നത് ‘തീനിറമുള്ള ഒരു കുതിരയുടെ’ പുറത്ത് സവാരി ചെയ്യുന്ന ആളോടാണ്. അയാൾക്ക് “ഭൂമിയിൽനിന്ന് സമാധാനം എടുത്തുകളയാൻ അനുവാദം ലഭിച്ചു.” (വെളിപാട് 6:4) ഇന്ന് നടക്കുന്ന യുദ്ധങ്ങൾ ഈ പ്രവചനത്തിന്റെ നിവൃത്തിയായിരിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ “നാലു കുതിരസവാരിക്കാർ ആരാണ്?” എന്ന ലേഖനം കാണുക.
പരസ്പരം പോരടിക്കുന്ന ‘തെക്കേ രാജാവിനെക്കുറിച്ചും’ ‘വടക്കേ രാജാവിനെക്കുറിച്ചും’ ദാനിയേൽ പുസ്തകം മുൻകൂട്ടിപ്പറയുന്നു. (ദാനിയേൽ 11:25-45) വടക്കേ രാജാവ് എന്നു പറയുന്നത് റഷ്യയും സഖ്യകക്ഷികളും ആയിരിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാൻ നിവൃത്തിയേറിയ പ്രവചനം—ദാനിയേൽ 11-ാം അധ്യായം എന്ന വീഡിയോ കാണുക.a
‘സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തെക്കുറിച്ചും’ വെളിപാട് പുസ്തകം വിവരിക്കുന്നുണ്ട്. (വെളിപാട് 16:14, 16) എന്നാൽ നമ്മൾ ഇന്നു കാണുന്നതുപോലെ, രാജ്യങ്ങൾ തമ്മിലുള്ള ഒരു യുദ്ധമല്ല അത്. ഭാവിയിൽ നടക്കാൻപോകുന്ന ആ യുദ്ധത്തെക്കുറിച്ച് കൂടുതൽ അറിയാൻ “അർമഗെദോൻ യുദ്ധം എന്താണ്?” എന്ന ലേഖനം കാണുക.
ഭാവിയിലേക്ക് പ്രതീക്ഷയോടെ നോക്കാനാകുന്നത് എന്തുകൊണ്ട്?
‘ദൈവം ഭൂമിയിലെങ്ങും യുദ്ധങ്ങൾ നിറുത്തലാക്കും’ എന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 46:9) ദൈവം തരാൻപോകുന്ന ഭാവിയെക്കുറിച്ച് അറിയാൻ “നല്ലൊരു ഭാവി ശരിക്കും പ്രതീക്ഷിക്കാമോ?” എന്ന ലേഖനം വായിക്കുക.
ദൈവരാജ്യം വരുന്നതിനുവേണ്ടി പ്രാർഥിക്കാൻ യേശു തന്റെ അനുഗാമികളോടു പറഞ്ഞു. (മത്തായി 6:9, 10) ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ നടപ്പിലാക്കുന്ന ഒരു സ്വർഗീയഗവൺമെന്റാണ് ആ രാജ്യം. ദൈവത്തിന്റെ ഇഷ്ടത്തിൽ ലോകസമാധാനവും ഉൾപ്പെടുന്നു. ദൈവരാജ്യം നിങ്ങൾക്ക് പ്രയോജനം ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ എന്താണ് ദൈവരാജ്യം? എന്ന വീഡിയോ കാണുക.
യുക്രെയിനിൽ 1,29,000-ത്തിലധികം യഹോവയുടെ സാക്ഷികളുണ്ട്. മറ്റു രാജ്യങ്ങളിലെ സാക്ഷികളെപ്പോലെ ഇവരും യേശുവിനെ അനുകരിച്ചുകൊണ്ട് രാഷ്ട്രീയ കാര്യങ്ങളിൽ ആരുടെയും പക്ഷം പിടിക്കുകയോ യുദ്ധങ്ങളിൽ പങ്കെടുക്കുകയോ ചെയ്യുന്നില്ല. (യോഹന്നാൻ 18:36) ലോകമെങ്ങും യഹോവയുടെ സാക്ഷികൾ ‘ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത’ എല്ലാ ആളുകളെയും അറിയിച്ചുകൊണ്ടിരിക്കുന്നു. കാരണം യുദ്ധം ഉൾപ്പെടെയുള്ള മനുഷ്യരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഇതു മാത്രമാണ്. (മത്തായി 24:14) ബൈബിൾ പറയുന്ന ഈ സന്തോഷവാർത്തയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഞങ്ങളുമായി ബന്ധപ്പെടുക.
a ഈ പ്രവചനത്തിന്റെ കൂടുതൽ വിശദാംശങ്ങൾക്കായി “അവസാനകാലത്തെ ‘വടക്കേ രാജാവ്’” എന്ന ലേഖനവും “ഇന്ന് ആരാണ് ‘വടക്കേ രാജാവ്?’” എന്ന ലേഖനവും കാണുക.