ആരോഗ്യം പെട്ടെന്നു മോശമായാൽ എന്തു ചെയ്യാം?
എപ്പോഴെങ്കിലും നിങ്ങളുടെ ആരോഗ്യം പ്രതീക്ഷിക്കാതെ മോശമായിട്ടുണ്ടോ? അങ്ങനെയെങ്കിൽ അത് ഒരാളെ എത്രത്തോളം മാനസികമായി തളർത്തുമെന്ന് നിങ്ങൾക്ക് അറിയാമായിരിക്കും. മാത്രമല്ല, ചികിത്സ പലപ്പോഴും ചെലവേറിയതും ആയിരിക്കും. ഇങ്ങനെയൊരു സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ നിങ്ങളെ എന്തു സഹായിക്കും? ഇനി, നിങ്ങളുടെ ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ ആണ് രോഗം വരുന്നതെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും? ബൈബിളിനു നിങ്ങളെ സഹായിക്കാനാകുമോ? അത് വൈദ്യശാസ്ത്രത്തെക്കുറിച്ചു പറയുന്ന പുസ്തകമല്ലെങ്കിലും ഇത്തരമൊരു സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ സഹായിക്കുന്ന ചില നല്ല നിർദേശങ്ങൾ ബൈബിളിൽ ഉണ്ട്.
നിങ്ങൾക്കൊരു രോഗം വന്നാൽ ചെയ്യാനാകുന്നത്
ചികിത്സ തേടുക
ബൈബിൾ പറയുന്നത്: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം.”—മത്തായി 9:12.
ആശയം: ആവശ്യമെങ്കിൽ ഡോക്ടർമാരുടെ സഹായം സ്വീകരിക്കുക.
ഇങ്ങനെ ചെയ്തുനോക്കാം: കിട്ടാവുന്നതിൽ ഏറ്റവും നല്ല ചികിത്സ തേടുക. ചില സാഹചര്യങ്ങളിൽ രണ്ടാമതൊരു ഡോക്ടറുടെ അഭിപ്രായം കൂടി ചോദിക്കുന്നത് നല്ലതാണ്. (സുഭാഷിതങ്ങൾ 14:15) ഡോക്ടറുമായി സംസാരിക്കുമ്പോൾ നിങ്ങളുടെ രോഗലക്ഷണങ്ങൾ അദ്ദേഹം നന്നായി മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം, അതോടൊപ്പം അദ്ദേഹം നൽകുന്ന നിർദേശങ്ങൾ നിങ്ങൾ ശ്രദ്ധിച്ച് കേൾക്കുകയും വേണം. (സുഭാഷിതങ്ങൾ 15:22) നിങ്ങളുടെ രോഗത്തെക്കുറിച്ച് നന്നായി മനസ്സിലാക്കുക. അതിന് ഏതൊക്കെ ചികിത്സകൾ ലഭ്യമാണെന്നും അറിഞ്ഞിരിക്കുക. അങ്ങനെ എന്തൊക്കെ നേരിടേണ്ടിവന്നേക്കാം എന്ന് മനസ്സിലാക്കുന്നത് മാനസികമായി അതിനോടു പൊരുത്തപ്പെടാനും ഏറ്റവും നല്ല ചികിത്സ തിരഞ്ഞെടുക്കാനും നിങ്ങളെ സഹായിക്കും.
നല്ല ആരോഗ്യശീലങ്ങൾ നിലനിറുത്തുക
ബൈബിൾ പറയുന്നത്: ‘വ്യായാമം പ്രയോജനമുള്ളതാണ്.’—1 തിമൊഥെയൊസ് 4:8.
ആശയം: നല്ല ആരോഗ്യശീലങ്ങൾ ഉണ്ടായിരിക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. ക്രമമായി വ്യായാമം ചെയ്യുന്നതും അതിൽ ഉൾപ്പെടുന്നു.
ഇങ്ങനെ ചെയ്തുനോക്കാം: ക്രമമായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണശീലം നിലനിറുത്തുക, നന്നായി ഉറങ്ങുക. നിങ്ങൾ ഇപ്പോൾ നിങ്ങളുടെ ആരോഗ്യസ്ഥിതിയുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണെങ്കിലും ഇത്തരം നല്ല ആരോഗ്യശീലങ്ങൾ വളർത്തിയെടുക്കുന്നത് തീർച്ചയായും ഗുണം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. എങ്കിലും എന്തു ചെയ്യുന്നതിനു മുമ്പും അതു നിങ്ങളുടെ ആരോഗ്യസ്ഥിതിയെയും ചികിത്സയെയും മോശമായി ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുക.
മറ്റുള്ളവരുടെ സഹായം സ്വീകരിക്കുക
ബൈബിൾ പറയുന്നത്: “യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു.”—സുഭാഷിതങ്ങൾ 17:17.
ആശയം: പ്രയാസസാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ നിങ്ങളുടെ സുഹൃത്തുക്കൾക്ക് സഹായിക്കാനാകും.
ഇങ്ങനെ ചെയ്തുനോക്കാം: നിങ്ങൾക്ക് എല്ലാം തുറന്നു പറയാൻ കഴിയുന്ന ഒരു അടുത്ത സുഹൃത്തിനോട് സംസാരിക്കുക. അത് നിങ്ങളുടെ ടെൻഷൻ കുറയ്ക്കാനും ആശ്വാസം തോന്നാനും സഹായിക്കും. നിങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നിങ്ങളെ സഹായിക്കാൻ ആഗ്രഹമുണ്ടെങ്കിലും എന്ത് ചെയ്യണമെന്ന് അവർക്ക് അറിയില്ലായിരിക്കും. അതുകൊണ്ട് നിങ്ങൾക്ക് എന്തു സഹായമാണ് ആവശ്യമെന്ന് അവരോട് പറയുക. എന്നാൽ ന്യായമായ പ്രതീക്ഷകളേ വെക്കാവൂ. അവർ ചെയ്തു തരുന്ന സഹായങ്ങൾക്ക് നന്ദിയുള്ളവരായിരിക്കുകയും വേണം. ചിലപ്പോഴൊക്കെ അവർ നല്ല ഉദ്ദേശ്യത്തോടെ ചെയ്യുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആകാൻ ഇടയുണ്ട്. അതുകൊണ്ട് നിങ്ങൾക്ക് ചില പരിധികൾ വെക്കാൻ കഴിയും. ഉദാഹരണത്തിന്, എത്ര കൂടെക്കൂടെ നിങ്ങളെ സന്ദർശിക്കാമെന്നും എത്ര നേരം നിങ്ങളുടെ കൂടെ ഇരിക്കാമെന്നും ഒക്കെ അവരോട് തുറന്നു പറയാം.
സന്തോഷം നിലനിറുത്തുക
ബൈബിൾ പറയുന്നത്: “സന്തോഷമുള്ള ഹൃദയം നല്ലൊരു മരുന്നാണ്; എന്നാൽ തകർന്ന മനസ്സു ശക്തി ചോർത്തിക്കളയുന്നു.”—സുഭാഷിതങ്ങൾ 17:22.
ആശയം: സന്തോഷവും ശുഭാപ്തിവിശ്വാസവും കൈവിടരുത്. അത് നിങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഉത്കണ്ഠയെ ശാന്തമായി നേരിടാൻ സഹായിക്കും.
ഇങ്ങനെ ചെയ്തുനോക്കാം: നിങ്ങളുടെ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ നിയന്ത്രണത്തിന് അപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് ഓർത്ത് ഉത്കണ്ഠപ്പെടാതെ, നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. മുമ്പ് ചെയ്തിരുന്നതുപോലെ കാര്യങ്ങൾ ചെയ്യാൻ കഴിയാതെവരുമ്പോൾ നിങ്ങൾ നിരാശപ്പെടരുത്. മറ്റുള്ളവരുമായി നിങ്ങളെത്തന്നെ താരതമ്യം ചെയ്യുന്നതും ഒഴിവാക്കുക. (ഗലാത്യർ 6:4) നിങ്ങൾക്ക് എത്തിപ്പിടിക്കാനാകുന്ന ന്യായമായ ചില ലക്ഷ്യങ്ങൾ വെച്ചുനോക്കൂ. അത്തരം ലക്ഷ്യങ്ങൾ നിങ്ങൾക്ക് നാളയെക്കുറിച്ച് ഒരു ശുഭപ്രതീക്ഷ തരും. (സുഭാഷിതങ്ങൾ 24:10) ഇനി, സാഹചര്യം അനുവദിക്കുന്നപോലെ മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്കു കഴിയുമോ? മറ്റുള്ളവരെ സഹായിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം പ്രശ്നങ്ങളെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരിക്കുന്നത് ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും.—പ്രവൃത്തികൾ 20:35.
ആരോഗ്യപ്രശ്നത്തെ നേരിടാൻ ദൈവം നിങ്ങളെ സഹായിക്കുമോ?
ദൈവമായ യഹോവയ്ക്കുa നിങ്ങളെ സഹായിക്കാനാകുമെന്നു ബൈബിൾ പറയുന്നു. ദൈവം ഒരു അത്ഭുതം ചെയ്ത് നമ്മളെ സുഖപ്പെടുത്തും എന്നു നമുക്കു പ്രതീക്ഷിക്കാൻ കഴിയില്ല. എങ്കിലും തന്നെ ആരാധിക്കുന്നവരെ താഴെ പറയുന്ന ചില വിധങ്ങളിൽ ദൈവം സഹായിക്കുന്നുണ്ട്:
സമാധാനം. “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം” നൽകാൻ യഹോവയ്ക്കു കഴിയും. (ഫിലിപ്പിയർ 4:6, 7) ഈ സമാധാനം, അഥവാ മനസ്സിന്റെ ശാന്തത, അമിതമായി ടെൻഷൻ തോന്നാതിരിക്കാൻ സഹായിക്കും. തന്നോടു പ്രാർഥിക്കുകയും ഉത്കണ്ഠകളെല്ലാം തുറന്നു പറയുകയും ചെയ്യുന്നവർക്കു ദൈവം ആ സമാധാനം കൊടുക്കും.—1 പത്രോസ് 5:7.
ജ്ഞാനം. നല്ല തീരുമാനങ്ങൾ എടുക്കാൻ വേണ്ട ജ്ഞാനം തരാൻ യഹോവയ്ക്കാകും. (യാക്കോബ് 1:5) എല്ലാ കാലത്തും പ്രയോജനം ചെയ്യുന്ന തത്ത്വങ്ങളാണ് ബൈബിളിലുള്ളത്. അതു പഠിക്കുകയും പകർത്തുകയും ചെയ്യുന്ന ഒരാൾക്കു ദൈവം തരുന്ന ആ ജ്ഞാനം നേടാൻ കഴിയും.
സന്തോഷം തരുന്ന ഒരു ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ. ‘“എനിക്കു രോഗമാണ്” എന്നു ദേശത്ത് വസിക്കുന്ന ആരും പറയില്ലാത്ത’ ഒരു ഭാവി യഹോവ ഉറപ്പുതരുന്നു. (യശയ്യ 33:24) വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളപ്പോഴും സന്തോഷത്തോടെയിരിക്കാൻ ഈ പ്രതീക്ഷ അനേകരെയും സഹായിക്കുന്നു.—യിരെമ്യ 29:11, 12.
a ദൈവത്തിന്റെ പേര് യഹോവ എന്നാണെന്നു ബൈബിൾ പറയുന്നു.—സങ്കീർത്തനം 83:18.