യുവജനങ്ങൾ ചോദിക്കുന്നു
പുകവലിയെയും വേപ്പിങിനെയും കുറിച്ച് ഞാൻ എന്താണ് അറിഞ്ഞിരിക്കേണ്ടത്?
“ഞങ്ങളുടെ സ്ഥലത്തൊക്കെ പുക വലിക്കുകയോ വേപ്പ് ചെയ്യുകയോ ചെയ്യാത്ത 25 വയസ്സിൽ താഴെയുള്ളവർ വളരെ കുറവാണ്.”—ജൂലിയ.
ഈ ലേഖനത്തിൽ
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
സിഗരറ്റുകൾ ജീവനെടുക്കും. പുകയിലയിലെ പ്രധാനഘടകമായ നിക്കോട്ടിൻ ഏറ്റവും ആസക്തിയുളവാക്കുന്ന ഒരു വിഷവസ്തുവാണ്. യു. എസ്. രോഗപ്രതിരോധ നിയന്ത്രണ കേന്ദ്രം ഇങ്ങനെ പറയുന്നു: “പുകയിലയുടെ ഉപയോഗം കുറച്ചാൽ ലോകമെമ്പാടുമുള്ള അകാലമരണത്തിന്റെയും രോഗത്തിന്റെയും ഒരു പ്രധാനകാരണം ഒഴിവാക്കാം.”
“അൾട്രാസൗണ്ട് സ്കാനിങ് ചെയ്യുന്നതാണ് എന്റെ ജോലി. സ്കാനിങ് റിപ്പോർട്ടുകൾ കാണുമ്പോൾ അറിയാം, പുകവലി ഒരു രോഗിയെ എത്രമാത്രം ബാധിക്കുന്നുണ്ടെന്ന്. പുക വലിച്ചിരുന്നവരുടെ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്ന മെഴുകുപോലുള്ള പ്ലാക്ക് എന്ന പദാർഥത്തിന്റെ അളവ് കണ്ടപ്പോൾ ഞാൻ അതിശയിച്ചുപോയി. പുക വലിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം, ഞാൻ എന്റെ ആരോഗ്യത്തിന് അത്രയും വിലകൊടുക്കുന്നുണ്ട്.”—തെരേസ്സ.
നിങ്ങൾക്ക് അറിയാമോ? സിഗരറ്റുകളിൽ ഏതാണ്ട് 7,000-ത്തോളം രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ട്. അവയിൽ പലതും വിഷമയമുള്ളതാണ്. ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകളാണു പുകയില ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട അസുഖങ്ങളാൽ മരിക്കുന്നത്.
വേപ്പിങ് ചെയ്യുന്ന ഒരു വ്യക്തി വിഷമയമുള്ള രാസപദാർഥങ്ങളാണു ശരീരത്തിലേക്കെടുക്കുന്നത്. വേപ്പിങ് ചെയ്യുന്നവർക്ക് അതായത്, വേപ്പിങ് പെന്നുകളോ ഇ-സിഗരറ്റുകളോ ഉപയോഗിക്കുന്നവരുടെ ശ്വാസകോശം തകരാറിലാകാനും അവർക്കു മരണം സംഭവിക്കാനും ഇടയുണ്ടെന്നു വിദഗ്ധർ പറയുന്നു. സിഗരറ്റുകളുടേതുപോലെതന്നെ പല വേപ്പിങ് ഉത്പന്നങ്ങളിലും നിക്കോട്ടിൻ അടങ്ങിയിട്ടുണ്ട്. “ഇതിൽ വളരെയധികം ആസക്തിയുളവാക്കുന്ന നിക്കോട്ടിൻ അടങ്ങിയിട്ടുള്ളതുകൊണ്ട്, വേപ്പ് ചെയ്യുന്ന ചെറുപ്പക്കാർക്കു മറ്റു മയക്കുമരുന്ന് ഉത്പന്നങ്ങളോട് ആസക്തി തോന്നാൻ കാരണമായേക്കാം” എന്ന് ഇ-സിഗരറ്റുകളെക്കുറിച്ചുള്ള വസ്തുതാപത്രം പറയുന്നു.
“കോട്ടൻ കാൻഡി, ചെറി ബോംബ് എന്നീ പേരുകളിൽ ഇറങ്ങുന്ന വേപ്പിങ് ഉത്പന്നങ്ങൾക്ക് നല്ല സ്വാദുള്ളതുകൊണ്ടു കുട്ടികൾക്കും ചെറുപ്പക്കാർക്കും അതു വളരെയധികം ഇഷ്ടപ്പെടും. രുചി ഇഷ്ടപ്പെടുമ്പോൾ അവർ അപകടം മറന്നേക്കും.”—മിറാന്റാ.
നിങ്ങൾക്ക് അറിയാമോ? ഇ-സിഗരറ്റിൽനിന്ന് വരുന്ന ആവി വെറും വെള്ളമല്ല. ഇതിൽ നിങ്ങൾക്ക് അപകടം ചെയ്യുന്ന, വിഷമയമുള്ള രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ ശ്വാസകോശത്തിലേക്കു കടക്കും.
വേപ്പ് ചെയ്യുകയോ പുക വലിക്കുകയോ ചെയ്യുന്നതുകൊണ്ടുള്ള അപകടങ്ങൾ
(1) ഗ്രഹണപ്രാപ്തി, ഏകാഗ്രത, വൈകാരികനില എന്നിവയിൽ പ്രശ്നങ്ങളുണ്ടായേക്കാം, പ്രത്യേകിച്ചും തലച്ചോർ വികസിക്കുന്ന പ്രായത്തിൽ
(2) മോണവീക്കവും പല്ലിനു കേടും
(3) വിട്ടുമാറാത്ത ശ്വാസകോശവീക്കവും ഹൃദ്രോഗവും
ആസ്മ വഷളാകാം
വയറ്റിൽ അസുഖവും ഓക്കാനവും
നിങ്ങൾക്കു ചെയ്യാനാകുന്നത്
വസ്തുതകൾ അറിയുക. വേപ്പ് ചെയ്യുന്നത് അപകടം ചെയ്യില്ല, ടെൻഷൻ കുറയ്ക്കാൻ നല്ലതാണ് എന്നൊക്കെ നിങ്ങൾ കേട്ടേക്കാം. എന്നാൽ അത് കണ്ണുമടച്ച് വിശ്വസിക്കരുത്. പകരം കാര്യങ്ങൾ മനസ്സിലാക്കുക, എന്നിട്ട് ശരിയായ തീരുമാനമെടുക്കുക.
ബൈബിൾതത്ത്വം: “അനുഭവജ്ഞാനമില്ലാത്തവൻ കേൾക്കുന്നതെല്ലാം വിശ്വസിക്കുന്നു; എന്നാൽ വിവേകമുള്ളവൻ ഓരോ കാലടിയും ശ്രദ്ധയോടെ വെക്കുന്നു.”—സുഭാഷിതങ്ങൾ 14:15.
“പ്രശസ്ത താരങ്ങളോ നിങ്ങളുടെ സമപ്രായക്കാരോ വേപ്പ് ചെയ്യുന്നതും പുക വലിക്കുന്നതും ഒക്കെ രസമാണെന്നു പറഞ്ഞേക്കാം. എന്നാൽ, അതിന്റെ ദൂഷ്യഫലങ്ങൾ അറിയുമ്പോൾ കൂടുതൽ കാര്യങ്ങൾ അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു നിങ്ങൾ മനസ്സിലാക്കും.”—ഇവാൻ.
ചിന്തിക്കാനായി: വേപ്പ് ചെയ്യുകയും പുക വലിക്കുകയും ചെയ്യുന്ന ചെറുപ്പക്കാർ ശരിക്കും സന്തോഷമുള്ളവരാണോ? ഇതൊക്കെ ഉപയോഗിക്കുന്നതുകൊണ്ട് ഇപ്പോഴും ഭാവിയിലും ഉണ്ടാകുന്ന സമ്മർദങ്ങളെ നേരിടാൻ അവർക്കു കഴിയുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? അതോ അവർ കൂടുതൽ പ്രശ്നങ്ങൾക്കുള്ള വഴി ഒരുക്കുകയാണോ?
ഉത്കണ്ഠ കുറയ്ക്കാൻ നല്ല വഴികൾ കണ്ടെത്തുക. അതിനുള്ള നല്ല വഴികളാണ് വ്യായാമവും വായനയും നമ്മളെ ബലപ്പെടുത്തുന്ന ആളുകളോടൊപ്പം സമയം ചെലവഴിക്കുന്നതും എല്ലാം. നിങ്ങളുടെ ശ്രദ്ധ ഇതുപോലുള്ള നല്ല കാര്യങ്ങളിലേക്കു മാറ്റുകയാണെങ്കിൽ പുക വലിക്കാൻ നിങ്ങൾക്കു തോന്നില്ല.
ബൈബിൾതത്ത്വം: “മനുഷ്യന്റെ ഹൃദയത്തിലെ ഉത്കണ്ഠ അവനെ തളർത്തിക്കളയുന്നു; എന്നാൽ ഒരു നല്ല വാക്ക് അവനിൽ സന്തോഷം നിറയ്ക്കുന്നു.”—സുഭാഷിതങ്ങൾ 12:25.
“ആളുകൾ ചിന്തിക്കുന്നതു പുക വലിക്കുന്നതും വേപ്പ് ചെയ്യുന്നതും എല്ലാം ടെൻഷൻ കുറയ്ക്കാൻ സഹായിക്കുമെന്നാണ്. പക്ഷേ, അതൊക്കെ കൂടിപ്പോയാൽ തത്കാലത്തേക്ക് ഒരു ആശ്വാസം തരും. എന്നാൽ, അതിനു നീണ്ടുനിൽക്കുന്ന ദൂഷ്യഫലങ്ങളാണുള്ളത്. ടെൻഷൻ കുറയ്ക്കാൻ വേറെ നല്ല വഴികളുണ്ട്.”—ഏഞ്ചെലാ.
ചിന്തിക്കാനായി: ശരിയായ വിധത്തിൽ ടെൻഷൻ കുറയ്ക്കാൻ നിങ്ങൾക്ക് എന്തെല്ലാം വഴികളുണ്ട്? നിങ്ങൾക്ക് സഹായം വേണമെങ്കിൽ, “യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിലെ “ഉത്കണ്ഠയെ എനിക്ക് എങ്ങനെ നേരിടാം?” എന്ന ലേഖനം കാണുക.
ഉത്കണ്ഠ കുറയ്ക്കാൻ ആസക്തി ഉളവാക്കുന്ന ഇത്തരം ഉത്പന്നങ്ങളിൽ ആശ്രയിക്കുന്നത്, മഴ തടുക്കാനായി കടലിലേക്കു ചാടുന്നതുപോലെയാണ്! അതു നിങ്ങളുടെ പ്രശ്നങ്ങൾ കൂട്ടുകയേ ഉള്ളൂ.
സമപ്രായക്കാരിൽനിന്ന് ഉണ്ടായേക്കാവുന്ന സമ്മർദം നേരിടാൻ ഒരുങ്ങിയിരിക്കുക. ചിലപ്പോൾ സമപ്രായക്കാർ നിങ്ങളെ പ്രലോഭിപ്പിച്ചേക്കാം. അല്ലെങ്കിൽ നിങ്ങൾ കാണുന്ന വിനോദങ്ങൾ നിങ്ങളെ സമ്മർദത്തിലാക്കിയേക്കാം. പലപ്പോഴും സിനിമകളും ടിവി പരിപാടികളും സോഷ്യൽ മീഡിയയും എല്ലാം പുക വലിക്കുന്നതും വേപ്പ് ചെയ്യുന്നതും ഒക്കെ കുഴപ്പമില്ലെന്നും അതു രസമാണെന്നും തോന്നിപ്പിച്ചേക്കാം.
ബൈബിൾതത്ത്വം: ‘പക്വതയുള്ളവർ ശരിയും തെറ്റും വേർതിരിച്ചറിയാനായി തങ്ങളുടെ വിവേചനാപ്രാപ്തിയെ ഉപയോഗത്തിലൂടെ പരിശീലിപ്പിച്ചവരാണ്.’—എബ്രായർ 5:14, അടിക്കുറിപ്പ്.
“സ്കൂളിലായിരുന്നപ്പോൾ ഞാൻ വേപ്പ് ചെയ്യുകയോ പുക വലിക്കുകയോ ചെയ്യാതിരുന്നതുകൊണ്ട് കൂടെ പഠിച്ചിരുന്നവർക്ക് എന്നോടു വലിയ മതിപ്പായിരുന്നു. ഞാൻ ഇതൊന്നും ചെയ്യില്ലെന്നു വ്യക്തമാക്കിയപ്പോൾ അവർ എന്നെ സപ്പോർട്ട് ചെയ്തു. നിങ്ങൾ നിങ്ങളുടെ നിലപാടു വ്യക്തമാക്കുകയാണെങ്കിൽ അതു നിങ്ങൾക്കൊരു സംരക്ഷണംതന്നെയായിരിക്കും.”—അന്ന.
ചിന്തിക്കാനായി: സമപ്രായക്കാരിൽനിന്നുള്ള സമ്മർദം നേരിടാൻ നിങ്ങൾക്കു കഴിയുമോ? അങ്ങനെ ഉണ്ടായ ഏതെങ്കിലും സാഹചര്യം നിങ്ങൾക്ക് ഓർമയുണ്ടോ? നിങ്ങൾക്ക് ഇതിനു സഹായം ആവശ്യമാണെങ്കിൽ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും, വാല്യം 2 (ഇംഗ്ലീഷ്)-ലെ 15-ാം അധ്യായത്തിലുള്ള “പിയർ പ്രഷർ പ്ലാനർ” കാണുക.
സുഹൃത്തുക്കളെ ശ്രദ്ധയോടെ തിരഞ്ഞെടുക്കുക. ഈ ശീലങ്ങളെക്കുറിച്ച് നിങ്ങളുടെ അതേ മനോഭാവമുള്ളവരെ കൂട്ടുകാരാക്കുകയാണെങ്കിൽ, പുക വലിക്കാനും വേപ്പ് ചെയ്യാനും ഉള്ള പ്രലോഭനം ഒരു പരിധിവരെ കുറയ്ക്കാനാകും.
ബൈബിൾതത്ത്വം: “ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും; എന്നാൽ വിഡ്ഢികളോടു കൂട്ടുകൂടുന്നവൻ ദുഃഖിക്കേണ്ടിവരും.”—സുഭാഷിതങ്ങൾ 13:20.
“ആത്മനിയന്ത്രണവും നല്ല ധാർമികമൂല്യങ്ങളും ഉള്ളവരെ കൂട്ടുകാരാക്കുന്നത് നിങ്ങളെ സഹായിക്കും. ജീവിതത്തിൽ അവർക്കുള്ള ഗുണങ്ങളൊക്കെ കാണുമ്പോൾ നിങ്ങൾക്കും അവരെപ്പോലെയാകാൻ തോന്നും.”—കാൽവിൻ.
ചിന്തിക്കാനായി: നല്ല ആരോഗ്യകരമായ ജീവിതം നയിക്കാൻ സഹായിക്കുന്നവരാണോ നിങ്ങളുടെ അടുത്ത കൂട്ടുകാർ? അതോ അതിനു ബുദ്ധിമുട്ടാക്കുന്നവരാണോ?
മാരിഹ്വാന ഉപയോഗിക്കുന്നതിനെക്കുറിച്ചോ?
മാരിഹ്വാന അല്ലെങ്കിൽ കഞ്ചാവ് ഉപയോഗിക്കുന്നതു ദോഷമല്ലെന്നു പലരും പറയുന്നു. എന്നാൽ അത് നുണയാണ്.
മാരിഹ്വാന ഉപയോഗിക്കുന്ന ചെറുപ്പക്കാർ അതിന് ആസക്തരായേക്കാം. മാരിഹ്വാനയുടെ ഉപയോഗം നിങ്ങളുടെ തലച്ചോറിനെ എന്നേക്കുമായി തകരാറിലാക്കുമെന്നും അതിൽ ബുദ്ധി കുറയുന്നതുപോലുള്ള പ്രശ്നങ്ങൾ ഉൾപ്പെടുന്നെന്നും പഠനങ്ങൾ പറയുന്നു.
മയക്കുമരുന്നിന്റെ ദുരുപയോഗത്തെയും മാനസികാരോഗ്യ സേവനത്തെയും കുറിച്ചുള്ള യു.എസ്-ലെ ഒരു സംഘടന പറയുന്നു: “ഗവേഷകർ പറയുന്നതനുസരിച്ച്, മാരിഹ്വാന ഉപയോഗിക്കുന്ന ആളുകളുടെ വ്യക്തിബന്ധങ്ങൾ തകരാനും അവർ സ്കൂൾപഠനത്തിൽ പിന്നോട്ടുപോകാനും തൊഴിൽമേഖലയിൽ പരാജയപ്പെടാനും സാധ്യതയുണ്ട്. ജീവിതത്തിൽ അവർക്ക് അസംതൃപ്തി തോന്നിയേക്കാം.”
“ടെൻഷൻ കുറയ്ക്കുന്നതിനു മാരിഹ്വാന ഉപയോഗിക്കാൻ എനിക്കു പ്രലോഭനം തോന്നിയിട്ടുണ്ട്. പക്ഷേ, അതുകൊണ്ട് ഉണ്ടാകുന്ന അഡിക്ഷനും പണച്ചെലവും ആരോഗ്യപ്രശ്നങ്ങളും ഓർത്തപ്പോൾ മാരിഹ്വാന ഉപയോഗിക്കുന്നത് എന്റെ ടെൻഷൻ കൂട്ടുകയേ ഉള്ളൂ എന്നു ഞാൻ മനസ്സിലാക്കി.”—ജൂഡാ.