യുവജനങ്ങൾ ചോദിക്കുന്നു
വേർപാടിന്റെ വേദനയിൽ നീറുമ്പോഴും എങ്ങനെ മുന്നോട്ടുപോകാം?
നിങ്ങളുടെ ഒരു സുഹൃത്തോ കുടുംബാംഗമോ അടുത്തിടെ മരിച്ചുപോയോ? എങ്കിൽ ആ വേദനയെ അതിജീവിക്കാൻ ഈ ലേഖനം നിങ്ങളെ സഹായിക്കും.
ഈ ലേഖനത്തിൽ
ഞാൻ എന്താ ഇത്രയും വിഷമിക്കുന്നത്?
പലർക്കും ഈ വേദന താങ്ങാവുന്നതിലും അപ്പുറമാണ്. ആ മുറിവ് പെട്ടെന്നൊന്നും ഉണങ്ങില്ല.
“മുത്തച്ഛൻ മരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞു. എന്നിട്ടും മുത്തച്ഛനെക്കുറിച്ച് ഓർക്കാത്ത ഒരു ദിവസംപോലും ഇല്ല. അതെക്കുറിച്ച് പറയുമ്പോൾത്തന്നെ എന്റെ കണ്ണു നിറയും.”—ഒലീവിയ.
“എന്റെ സ്വപ്നങ്ങൾ നടന്നുകാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് മുത്തശ്ശിയായിരുന്നു. പക്ഷേ അതൊന്നും കാണാൻ മുത്തശ്ശി ഉണ്ടായില്ല. ജീവിതത്തിൽ ഓരോ നേട്ടം ഉണ്ടാകുമ്പോഴും മുത്തശ്ശി കൂടെയില്ലല്ലോ എന്ന് ഓർത്ത് ഞാൻ സങ്കടപ്പെടാറുണ്ട്.”—അലിസൺ.
വേർപാടിന്റെ വേദന പലരെയും പല രീതിയിലായിരിക്കും ബാധിക്കുന്നത്. ഉദാഹരണത്തിന്:
“എന്റെ അങ്കിൾ മരിച്ചുപോയപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി. എന്നെ ഒരു ട്രെയിൻ വന്നിടിച്ചതുപോലെയാണ് തോന്നിയത്. ആ ഞെട്ടലിൽനിന്ന് എനിക്ക് പെട്ടെന്നൊന്നും പുറത്തുകടക്കാൻ പറ്റിയില്ല. ആദ്യമായിട്ടായിരുന്നു എനിക്ക് അടുപ്പമുള്ള ഒരാൾ മരിച്ചുപോകുന്നത്.”—നൈഡീൻ.
“എന്റെ മുത്തച്ഛൻ മരിച്ചപ്പോൾ എനിക്കു ദേഷ്യമാണ് തോന്നിയത്. കാരണം ഞങ്ങൾ എത്ര പറഞ്ഞിട്ടും മുത്തച്ഛൻ ആരോഗ്യം ശ്രദ്ധിച്ചില്ല.”—കാർലോസ്.
“ഞങ്ങളുടെ കുടുംബത്തിൽ ഞാനും ചേച്ചിയും മാത്രമാണ്, മുത്തച്ഛൻ മരിക്കുന്ന സമയത്ത് അടുത്ത് ഇല്ലാതിരുന്നത്. അതുകൊണ്ട് എനിക്ക് ഭയങ്കര കുറ്റബോധം തോന്നി. അവസാനനിമിഷം ഞങ്ങൾക്കു കൂടെയിരിക്കാൻ പറ്റിയില്ലല്ലോ.”—അഡ്രിയാന.
“ഞങ്ങൾക്കു വളരെ അടുപ്പമുണ്ടായിരുന്ന ഒരു ദമ്പതികൾ കാർ അപകടത്തിൽ മരിച്ചുപോയി. അതിനുശേഷം വീട്ടിൽനിന്ന് ആര് പുറത്തേക്ക് ഇറങ്ങിയാലും അവർ മരിച്ചുപോകുമോ എന്നുള്ള പേടിയാണ് എനിക്ക്.”—ജേരെഡ്.
“എന്റെ അമ്മൂമ്മ മരിച്ചിട്ട് മൂന്നു വർഷം ആയി. ജീവിച്ചിരുന്ന സമയത്ത് അമ്മൂമ്മയോടൊപ്പം അധികം സമയം ചെലവഴിക്കാൻ പറ്റിയില്ലല്ലോ എന്നാലോചിക്കുമ്പോൾ എനിക്ക് ഇപ്പോഴും വിഷമമാണ്.”—ജൂലിയാന.
പ്രിയപ്പെട്ട ഒരാൾ നമ്മളെ വിട്ടുപോകുമ്പോൾ നമുക്കു സ്വാഭാവികമായി തോന്നുന്ന വികാരങ്ങളാണ് ഞെട്ടലും ദേഷ്യവും കുറ്റബോധവും പേടിയും വിഷമവും ഒക്കെ. നിങ്ങൾക്ക് അങ്ങനെ എന്തെങ്കിലും തോന്നുന്നുണ്ടെങ്കിൽ വിഷമിക്കേണ്ട. പതിയെപ്പതിയെ അതു കുറഞ്ഞുവരും. അതുവരെ ആ വിരഹദുഃഖവുമായി ഒത്തുപോകാൻ എങ്ങനെ സാധിക്കും?
വേർപാടിന്റെ വേദനയെ അതിജീവിക്കാൻ എന്തു ചെയ്യാം?
ഒരു സുഹൃത്തിനോടു തുറന്ന് സംസാരിക്കുക. ശരിക്കുള്ള ഒരു കൂട്ടുകാരൻ ‘കഷ്ടതകളുടെ സമയത്ത് കൂടപ്പിറപ്പായിരിക്കും’ എന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 17:17) ഉള്ളുതുറന്ന് നിങ്ങൾ കാര്യങ്ങൾ പറയുമ്പോൾ അവർക്കു നിങ്ങളെ സഹായിക്കാൻ പറ്റും.
“സങ്കടം തോന്നുന്നത് സ്വാഭാവികമാണ്. അത് ഒറ്റയ്ക്കു കൈകാര്യം ചെയ്യാനായിരിക്കും തോന്നുക. പക്ഷേ നമ്മൾ അങ്ങനെ ചെയ്യുമ്പോൾ മനസ്സ് എപ്പോഴും ഇരുണ്ടുകൂടിയ കാർമേഘംപോലെയായിരിക്കും. അതിൽനിന്ന് ഒരിക്കലും പുറത്തുകടക്കാനാകില്ലെന്ന് നിങ്ങൾക്കു തോന്നും. അതുകൊണ്ട് ആരോടെങ്കിലും തുറന്ന് സംസാരിക്കുന്നതാണ് നല്ലത്.”—ഇവെറ്റ്.
പ്രിയപ്പെട്ടയാളെ ഓർക്കുക. ബൈബിൾ പറയുന്നതനുസരിച്ച് ഒരു ‘നല്ല മനുഷ്യന്റെ ഹൃദയത്തിൽ നല്ല കാര്യങ്ങൾ’ ഉണ്ടായിരിക്കും. (ലൂക്കോസ് 6:45) നിങ്ങളെ വിട്ടുപോയ ആളെക്കുറിച്ചുള്ള നല്ല ഓർമകൾ എഴുതിവെക്കാം. അല്ലെങ്കിൽ അവരുടെ ഫോട്ടോകളൊക്കെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ആൽബം ഉണ്ടാക്കാം.
“ജീവിച്ചിരുന്നപ്പോൾ എന്റെ കൂട്ടുകാരൻ പറഞ്ഞുതന്ന കാര്യങ്ങൾ ഞാൻ പിന്നീട് എഴുതിവെക്കാൻ തീരുമാനിച്ചു. അവൻ പഠിപ്പിച്ച പാഠങ്ങൾ ഇപ്പോഴും എന്റെ കൂടെയുണ്ട്. നഷ്ടബോധത്തെ മറികടക്കാൻ അതാണ് എന്നെ സഹായിച്ചത്.”—ജെഫ്രി.
ആരോഗ്യം ശ്രദ്ധിക്കുക. വ്യായാമം ചെയ്യുന്നതുകൊണ്ട് പ്രയോജനം ഉണ്ടെന്ന് ബൈബിൾ പറയുന്നു. (1 തിമൊഥെയൊസ് 4:8) നിങ്ങൾ ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നുണ്ട്, വ്യായാമം ചെയ്യുന്നുണ്ട്, വിശ്രമിക്കുന്നുണ്ട് എന്നൊക്കെ ഉറപ്പുവരുത്തുക.
“കഠിനദുഃഖത്തിലായിരിക്കുമ്പോൾ ചിന്തിച്ച് കാര്യങ്ങൾ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ നിങ്ങളുടെ ആരോഗ്യം നോക്കാൻ ഒരിക്കലും മറന്നുപോകരുത്. നല്ല ഭക്ഷണം കഴിക്കേണ്ടതും ആവശ്യത്തിന് ഉറങ്ങേണ്ടതും പ്രധാനമാണ്.”—മരിയ.
മറ്റുള്ളവരെ സഹായിക്കുക. ബൈബിൾ പറയുന്നു: “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്.”—പ്രവൃത്തികൾ 20:35.
“മറ്റുള്ളവർക്ക് എന്തെങ്കിലും ചെയ്തുകൊടുക്കുക, പ്രത്യേകിച്ച് നിങ്ങളെപ്പോലെ വേർപാടിന്റെ വേദന അനുഭവിക്കുന്നവർക്ക്. നിങ്ങളെപ്പോലെ മറ്റുള്ളവരും ദുഃഖിക്കുന്നുണ്ടെന്ന് അപ്പോൾ മനസ്സിലാക്കാനാകും.”—കാർലോസ്.
മനസ്സുതുറന്ന് പ്രാർഥിക്കുക. ദൈവമായ യഹോവയെ ബൈബിൾ വിളിക്കുന്നത് ‘പ്രാർഥന കേൾക്കുന്നവൻ’ എന്നാണ്. (സങ്കീർത്തനം 65:2) “ഹൃദയം തകർന്നവരെ ദൈവം സുഖപ്പെടുത്തുന്നു; അവരുടെ മുറിവുകൾ വെച്ചുകെട്ടുന്നു” എന്നും ബൈബിൾ പറയുന്നു.—സങ്കീർത്തനം 147:3.
“നിങ്ങൾക്ക് ഈ സമയത്ത് സഹായവും പിന്തുണയും വേണം. അത് യഹോവയോടു ചോദിക്കുക. ചില ദിവസം വല്ലാത്ത സങ്കടം തോന്നും. പക്ഷേ ആ ദിവസവും യഹോവ സഹായിക്കാൻ കൂടെയുണ്ട്.”—ജനെറ്റ്.
ന്യായമായ പ്രതീക്ഷകൾ വെക്കുക. ഓരോരുത്തരും സങ്കടം പ്രകടിപ്പിക്കുന്നത് ഓരോ വിധത്തിലാണെന്ന് ഓർക്കുക. തന്റെ മകൻ മരിച്ചുപോയെന്നു കരുതിയ യാക്കോബ് ‘ആശ്വാസം സ്വീകരിക്കാൻ മനസ്സുകാണിച്ചില്ല’ എന്നു ബൈബിൾ പറയുന്നു. (ഉൽപത്തി 37:35) അതുകൊണ്ട് ചിലപ്പോൾ സങ്കടം മാറാൻ സമയമെടുത്തേക്കാം എന്ന് ഓർക്കാം.
“അമ്മൂമ്മയുടെ ചേച്ചി മരിച്ചിട്ട് 15 വർഷമായെങ്കിലും ചില കാര്യങ്ങളൊക്കെ കാണുമ്പോൾ ആ ഓർമകൾ എന്റെ മനസ്സിലേക്കുവരും.”—റ്റെയ്ലർ.
ഇങ്ങനെയൊന്നു ചിന്തിക്കുക: നിങ്ങളുടെ കാലിലെ ഒരു എല്ല് പൊട്ടി. അതിന് ഭയങ്കര വേദനയായിരിക്കും. മാത്രമല്ല സുഖപ്പെടാൻ സമയവുമെടുക്കും. ആ സമയത്ത് ഡോക്ടർ തരുന്ന നിർദേശങ്ങൾ നിങ്ങളെ സഹായിക്കും.
അതുപോലെതന്നെയാണ് പ്രിയപ്പെട്ട ഒരാൾ മരിച്ചുപോകുമ്പോഴും. നിങ്ങളുടെ മനസ്സാകെ തകർന്നുപോകും. നിങ്ങൾക്കുണ്ടായ വേദനയും വിഷമവും മാറിവരാൻ കുറച്ച് സമയമെടുക്കും. അതുകൊണ്ട് ക്ഷമ കാണിക്കുക. ഈ ലേഖനത്തിലെ നിർദേശങ്ങളൊക്കെ നോക്കിയിട്ട് നിങ്ങൾക്ക് ഏറ്റവും ഗുണം ചെയ്യുന്നത് ഏതാണെന്നു കണ്ടെത്തുക.