ചരിത്രസ്മൃതികൾ
സാമ്പത്തികബുദ്ധിമുട്ടുകൾക്ക് ഇടയിലും യഹോവയെ സേവിക്കുന്നു
പല രാജ്യങ്ങളിലും ജീവിതച്ചെലവുകൾ ഉയരുന്നതുകൊണ്ട് യഹോവയുടെ സാക്ഷികൾ ഉൾപ്പെടെയുള്ള ആളുകളുടെ ജീവിതം ബുദ്ധിമുട്ടിലാകുന്നു. എന്നാൽ അത്തരം പ്രശ്നങ്ങൾ കാരണം അവർ തളർന്നുപോകുന്നതിനു പകരം യഹോവയിൽ ആശ്രയിക്കുന്നു. കാരണം യഹോവ തന്റെ ദാസരെ “ഒരിക്കലും ഉപേക്ഷിക്കില്ല” എന്ന് ഉറപ്പുകൊടുത്തിട്ടുണ്ട് എന്ന കാര്യം അവർക്ക് അറിയാം. (എബ്രായർ 13:5) യഹോവ ആ വാഗ്ദാനം എപ്പോഴും പാലിച്ചിട്ടുണ്ട്. ഫിലിപ്പീൻസിലുള്ള ആളുകൾ കടുത്ത ദാരിദ്ര്യത്തിലൂടെ കടന്നുപോയപ്പോഴും യഹോവ അതുതന്നെയാണു ചെയ്തത്. 1970-കളിലും 1980-കളിലും ആ രാജ്യത്തുള്ളവർക്ക് കടുത്ത സാമ്പത്തികബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു.
പഴയ കാര്യങ്ങൾ ഓർത്തുകൊണ്ട് വിക്കിa സഹോദരി ഇങ്ങനെ പറഞ്ഞു: “ഭക്ഷണം കിട്ടാതെ ഞാൻ കരഞ്ഞുപോയിട്ടുണ്ട്. ചിലപ്പോഴൊക്കെ അരിയും ഉപ്പും വെള്ളവും അല്ലാതെ വേറൊന്നും കാണില്ല.” ഫ്ലോറൻസിയോ സഹോദരന് ഒരു ജോലി കണ്ടെത്താനായില്ല. അദ്ദേഹം പറയുന്നു: “എനിക്ക് ആകെ മൂന്നു ഷർട്ടും മൂന്നു പാന്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മീറ്റിങ്ങുകൾക്കും സമ്മേളനങ്ങൾക്കും ഒക്കെ അതു ഞാൻ മാറിമാറി ഉപയോഗിക്കും.” യഹോവയുടെ ജനം എങ്ങനെയാണ് ഈ സാഹചര്യത്തിൽ പിടിച്ചുനിന്നത്? ആത്മീയമായി ശക്തരായി തുടരാൻ അവരെ എന്താണു സഹായിച്ചത്? ഇന്ന് അപ്രതീക്ഷിതമായ സംഭവങ്ങൾ നേരിടേണ്ടിവരുമ്പോൾ അവരുടെ മാതൃക നമ്മളെ എങ്ങനെയാണു സഹായിക്കുന്നത്?
അവർ യഹോവയിൽ ആശ്രയിച്ചു
ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ യഹോവ തങ്ങളെ സംരക്ഷിക്കുമെന്നു ഫിലിപ്പീൻസിലുള്ള സാക്ഷികൾക്ക് ഉറപ്പായിരുന്നു. (എബ്രായർ 13:6) യഹോവ അങ്ങനെതന്നെ ചെയ്തു, പലപ്പോഴും പ്രതീക്ഷിക്കാത്ത വഴികളിൽ! ഉദാഹരണത്തിന്, സെസിൽ സഹോദരി ഇങ്ങനെ ഓർക്കുന്നു: “ഞങ്ങൾ ആകെയുണ്ടായിരുന്ന അരി എടുത്ത് രാവിലത്തെ ഭക്ഷണം ഉണ്ടാക്കി. പിന്നെ നാലു പേരടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിനു കഴിക്കാൻ ബാക്കി ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾക്ക് ആവശ്യമുള്ളതു തരാനായി യഹോവയോടു പ്രാർഥിച്ചു. രാവിലത്തെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ ഒരു സഹോദരൻ വന്ന് അഞ്ചു കിലോ അരി ഞങ്ങൾക്കു തന്നു. യഹോവ ഇങ്ങനെ ഞങ്ങളെ അനുഗ്രഹിച്ചതു കണ്ടപ്പോൾ നന്ദിയും സന്തോഷവും കൊണ്ട് ഞങ്ങളുടെ കണ്ണു നിറഞ്ഞുപോയി. ഇതുപോലുള്ള ഒരുപാട് അനുഭവങ്ങൾ ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട്.”
ബൈബിളിൽനിന്നുള്ള പ്രായോഗികജ്ഞാനം ജീവിതത്തിൽ പകർത്തിയതും യഹോവയുടെ ജനത്തെ സഹായിച്ചിട്ടുണ്ട്. (സുഭാഷിതങ്ങൾ 2:6, 7) ആർസെലിറ്റ സഹോദരി പുതിയതായി സ്നാനമേറ്റതേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് ഏകാകിയായിരുന്ന സഹോദരിക്ക് ജീവിക്കാൻവേണ്ട വക കണ്ടെത്തുന്നതു വളരെ ബുദ്ധിമുട്ടായിരുന്നു. സഹോദരി തന്റെ ഹൃദയത്തിലുള്ളതെല്ലാം യഹോവയോടു പറഞ്ഞു. എന്നിട്ട് സുഭാഷിതങ്ങൾ 10:4-നെക്കുറിച്ച് ചിന്തിച്ചു. അവിടെ ഇങ്ങനെ പറയുന്നു: “മടിപിടിച്ച കൈകൾ ദാരിദ്ര്യം കൊണ്ടുവരും; എന്നാൽ ഉത്സാഹമുള്ള കൈകൾ സമ്പത്ത് ആനയിക്കും.” ആ വാക്കുകൾക്കു ചേർച്ചയിൽ സഹോദരി സ്വന്തമായ ഒരു പച്ചക്കറിത്തോട്ടം നട്ടുണ്ടാക്കാൻ തീരുമാനിച്ചു. സഹോദരി പറയുന്നു: “യഹോവ എന്റെ ശ്രമങ്ങളെ ശരിക്കും അനുഗ്രഹിച്ചു. എനിക്കു ഭക്ഷണത്തിനുള്ളതു മാത്രമല്ല യാത്രാച്ചെലവുകൾക്കു വേണ്ടതും അതിലൂടെ കിട്ടി.”
ഒരുമിച്ച് കൂടിവരുന്നത് അവർ വേണ്ടെന്നുവെച്ചില്ല
ഒരു സ്ഥലം മേടിച്ച് രാജ്യഹാൾ പണിയാനുള്ള കാശൊന്നും സഹോദരങ്ങളുടെ കൈയിലില്ലായിരുന്നു. എന്നാൽ പരസ്പരം പ്രോത്സാഹിപ്പിക്കാനായി ഒരുമിച്ചുകൂടി വരണം എന്ന കല്പന അനുസരിക്കുന്നതിൽനിന്ന് അത് അവരെ തടഞ്ഞില്ല. (എബ്രായർ 10:24, 25) അവർ വേണ്ട കാര്യങ്ങൾ ചെയ്തു. ഉദാഹരണത്തിന്, ദബോര സഹോദരി പഴയ കാര്യങ്ങൾ ഓർത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഞാനും എന്റെ ഒപ്പം മുൻനിരസേവനം ചെയ്തിരുന്ന സഹോദരിയും കൂടി ഒരു കൂടാരം നിർമിച്ചു. ഞങ്ങൾ ഏകദേശം ആറു പേർ അതിലായിരുന്നു മീറ്റിങ്ങ് കൂടുന്നത്. നിപ്പ എന്നറിയപ്പെടുന്ന പനയുടെ ഇലകൾ മേൽക്കൂരയായും തെങ്ങിന്റെ ഓലകൾ ഭിത്തികളായും പനയുടെ തടി കസേരകളായും ഞങ്ങൾ ഉപയോഗിച്ചു.”
എന്നാൽ മിക്ക സമയങ്ങളിലും സ്വന്തം വീടുകളായിരുന്നു മീറ്റിങ്ങിനുവേണ്ടി ഉപയോഗിച്ചിരുന്നത്. വെർജിനിയ സഹോദരി പറയുന്നു: “ഞങ്ങളുടെ കൊച്ചുവീട് പുല്ലും മുളയും വെച്ചുണ്ടാക്കിയതായിരുന്നു. എല്ലാ ശനിയാഴ്ചയും പിറ്റേ ദിവസത്തെ മീറ്റിങ്ങിനുവേണ്ടി ഞങ്ങൾ സാധനങ്ങളൊക്കെ ഒതുക്കിവെക്കുമായിരുന്നു.” ഇനി വേറൊരു വീടിന്റെ കാര്യം എടുത്താൽ അവിടെ ചോർച്ചയായിരുന്നു പ്രശ്നം. നോവെൽ സഹോദരൻ ഇങ്ങനെ ഓർക്കുന്നു: “മഴ പെയ്യുന്ന സമയത്ത് ഞങ്ങൾ ബക്കറ്റുകൾ വെച്ച് വെള്ളം പിടിക്കും. എന്നാൽ ആത്മീയകുടുംബത്തോടൊപ്പം കൂടി വന്ന് യഹോവയെ ആരാധിക്കാനാകുന്നതുകൊണ്ട് ഈ പ്രശ്നങ്ങളൊന്നും ഞങ്ങൾക്ക് ഒരു പ്രശ്നമായി തോന്നിയില്ല!”
ശുശ്രൂഷയിലുള്ള തീക്ഷ്ണതയ്ക്ക് ഒട്ടും കുറവ് വന്നില്ല
സാമ്പത്തികമായി അധികമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ശുശ്രൂഷയിലുള്ള സാക്ഷികളുടെ തീക്ഷ്ണത കുറഞ്ഞില്ല. നീഗ്രോസ് ദ്വീപിൽ താമസിക്കുന്ന ലിന്റിന പറയുന്നു: “എന്റേതു വലിയൊരു കുടുംബമായിരുന്നു. ജോലിക്കു പോയിരുന്നത് അച്ഛൻ മാത്രമാണ്. യാത്രയ്ക്കുവേണ്ട പണം എപ്പോഴും ഞങ്ങൾക്കുണ്ടായിരുന്നില്ല. അതുകൊണ്ട് വയൽസേവന പ്രദേശത്തേക്ക് മിക്കപ്പോഴും പോയിരുന്നതു നടന്നാണ്. പക്ഷേ വലിയ കൂട്ടങ്ങളായിട്ട് പോകുന്നതുകൊണ്ട് അതു നല്ല രസമായിരുന്നു. ഞങ്ങളുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുമെന്നും ഞങ്ങൾക്ക് അറിയാമായിരുന്നു.”
വലിയ ബുദ്ധിമുട്ടുകൾ സാക്ഷീകരിക്കുന്നതിൽനിന്നും യഹോവയുടെ സാക്ഷികളെ തടഞ്ഞില്ല
യാത്രാസൗകര്യമൊക്കെ കുറവായിരുന്നതുകൊണ്ട് കുന്നും മലകളും ഉള്ള ദൂരെയുള്ള പ്രദേശങ്ങളിൽ എത്തിച്ചേരുന്നതു വളരെ ബുദ്ധിമുട്ടായിരുന്നു. ലൂസോൺ ദ്വീപിൽ താമസിക്കുന്ന എസ്ഥേർ പറയുന്നു: “ഒരുപാടു കിലോമീറ്ററുകൾ നടക്കേണ്ടതുള്ളതുകൊണ്ട് ഞങ്ങൾ 6 തൊട്ട് 12 പേർ അടങ്ങുന്ന ഒരു കൂട്ടം നേരത്തേതന്നെ ഇറങ്ങും. ആ ദിവസം മുഴുവൻ ഞങ്ങൾ വയൽസേവനത്തിൽ ഏർപ്പെടും. ഞങ്ങൾ ഉണ്ടാക്കി കൊണ്ടുപോകുന്ന ഭക്ഷണം ഏതെങ്കിലും മരത്തണലിൽ ഇരുന്ന് കഴിക്കും. ഭക്ഷണത്തിനുള്ള വകയില്ലെങ്കിലും ചില സഹോദരങ്ങൾ വയൽസേവനത്തിനു വരും. അപ്പോൾ ഞങ്ങൾ പറയും, ‘പേടിക്കേണ്ട, നമുക്കെല്ലാം കഴിക്കാൻ ആവശ്യത്തിനുള്ള ഭക്ഷണം ഞങ്ങളുടെ കൈയിലുണ്ട്.’”
അവരുടെ നിസ്വാർഥമായ പ്രവർത്തനത്തെ യഹോവ ശരിക്കും അനുഗ്രഹിച്ചു. ഉദാഹരണത്തിന്, 1970-ൽ ഫിലിപ്പീൻസിൽ ഉണ്ടായിരുന്നത് 54,789 പ്രചാരകരായിരുന്നു. എന്നാൽ 1989 ആയപ്പോഴേക്കും അത് ഏകദേശം ഇരട്ടി അതായത് 1,02,487 ആയി മാറി. 2023 ആയപ്പോഴേക്കും ഫിലിപ്പീൻസിലെ പ്രചാരകരുടെ എണ്ണം 2,53,876 ആയി വർധിച്ചു.
“യഹോവയെ സ്നേഹിക്കുന്നതിന് ദാരിദ്ര്യം ഞങ്ങൾക്ക് ഒരു തടസ്സമായില്ല”
വലിയ സാമ്പത്തികപ്രശ്നങ്ങൾ നേരിട്ടെങ്കിലും അവിടുത്തെ സാക്ഷികൾ ആത്മീയമായി ശക്തരായിരുന്നു. “യഹോവയെ സ്നേഹിക്കുന്നതിന് ദാരിദ്ര്യം ഞങ്ങൾക്ക് ഒരു തടസ്സമായില്ല” എന്ന് അന്റോണിയോ സഹോദരൻ പറഞ്ഞു. ഫി അബാദ് സഹോദരി പറയുന്നു: “സാമ്പത്തികപ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും ഞാനും എന്റെ ഭർത്താവും യഹോവയോടു പറ്റിച്ചേർന്ന് നിൽക്കുകയും ഒരു ലളിതജീവിതം നയിക്കുന്നതിന്റെ സന്തോഷം ആസ്വദിക്കുകയും ചെയ്തു. അതിന്റെ ഫലമായി ഞങ്ങളുടെ കുട്ടികളും യഹോവയിൽ ആശ്രയിക്കാൻ പഠിച്ചു.”
സമർ ദ്വീപിൽ താമസിക്കുന്ന ലൂസിയ സഹോദരി പറയുന്നു: “യഹോവയെ സേവിക്കുമ്പോൾ ദാരിദ്ര്യം ഒന്നും ഒരു പ്രശ്നമല്ല. യഹോവയെ ഒന്നാമതു വെക്കുകയാണെങ്കിൽ ഉള്ളതിൽ തൃപ്തരായിരിക്കാനും അതുപോലെ നല്ലൊരു മനോഭാവം നിലനിറുത്താനും നമുക്കു കഴിയും. എന്റെ ബൈബിൾവിദ്യാർഥികൾ യഹോവയെ അറിയുകയും അതിനു ശേഷം എന്നോടൊപ്പം മുൻനിരസേവനം ചെയ്യുകയും ചെയ്യുന്നതു കണ്ടപ്പോൾ അത് എന്നെ ഒത്തിരി സന്തോഷിപ്പിച്ചു.”
ഭാവിയിൽ ബുദ്ധിമുട്ട് നിറഞ്ഞ സമയങ്ങൾ ഉണ്ടാകുമെന്നു നമുക്ക് അറിയാം. അതുകൊണ്ട് ഒരു മൂപ്പനായ റൊഡോൾഫോ സഹോദരന്റെ വാക്കുകൾ എപ്പോഴും നമുക്ക് ഓർത്തിരിക്കാം: “1970-കളിലും 1980-കളിലും ഒരുപാടു ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകേണ്ടിവന്നെങ്കിലും എനിക്ക് എന്റെ ജീവിതത്തിൽ യഹോവയുടെ കൈ കാണാനായി. പണം കുറവായിരുന്നെങ്കിലും എനിക്ക് അതിൽ ഒട്ടും വിഷമം തോന്നിയില്ല. യഹോവ എനിക്കുവേണ്ടി കരുതി. ഇതുവരെ എന്റെ നല്ലൊരു ജീവിതമായിരുന്നു. ഇനി ഭാവിയിൽ പറുദീസയിലുള്ള ‘യഥാർഥജീവനുവേണ്ടിയാണ്’ ഞാൻ കാത്തിരിക്കുന്നത്.”—1 തിമൊഥെയൊസ് 6:19.
a ചില പേരുകൾക്കു മാറ്റമുണ്ട്.