ചരിത്രസ്മൃതികൾ
വിഭജിതദേശത്ത് ഐക്യത്തോടെ
1948 മുതൽ 1990-കളുടെ തുടക്കം വരെ സൗത്ത് ആഫ്രിക്കയിലെ രാഷ്ട്രീയവ്യവസ്ഥ വർണവിവേചനത്തെa പ്രോത്സാഹിപ്പിച്ചിരുന്നു. ഈ കാലഘട്ടങ്ങളിൽ ആളുകൾ തങ്ങളിൽനിന്ന് വ്യത്യസ്തരായ വർഗക്കാരോട് അന്യായമായി പെരുമാറി. അന്ന് മിശ്രവംശരുടെ ഗണത്തിൽ കണക്കാക്കപ്പെട്ട ക്യാലി എന്ന വ്യക്തി പറയുന്നു: “വെളുത്തവർഗക്കാരല്ലാത്തവർക്ക് ഇടയിൽപ്പോലും വേർതിരിവുകളുണ്ടായിരുന്നു.”
സൗത്ത് ആഫ്രിക്കയിലുള്ള യഹോവയുടെ സാക്ഷികൾ വ്യത്യസ്ത വംശങ്ങളിൽനിന്നുള്ളവരായിരുന്നു. വർണവിവേചനത്തിന്റെ സമയത്ത് അവർ എന്താണു ചെയ്തത്? അതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
വിഭാഗീയത കത്തിനിന്ന സമയത്തും ധൈര്യത്തോടെ
സൗത്ത് ആഫ്രിക്കയിൽ വംശീയവേർതിരിവ് അടിച്ചേൽപ്പിക്കുന്നതിനെ എതിർത്ത ചിലർ പ്രതിഷേധം സംഘടിപ്പിച്ചു. അങ്ങനെ ഗവൺമെന്റ് നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചവരിൽ പലരെയും ജയിലിലാക്കി. ചിലരെ കൊല്ലുകപോലും ചെയ്തു. അതിന്റെയെല്ലാം ഫലമായി പ്രക്ഷോഭകർ കൂടുതൽ അക്രമാസക്തരായി. എന്നാൽ അതേസമയം യഹോവയുടെ സാക്ഷികൾ നിയമങ്ങൾ അനുസരിച്ചു. അവർ പ്രതിഷേധങ്ങളിലോ ഗവൺമെന്റിനെ മാറ്റാനുള്ള ശ്രമങ്ങളിലോ ഉൾപ്പെട്ടില്ല. അങ്ങനെ, ‘ഉന്നതാധികാരികൾക്കു കീഴ്പെട്ടിരുന്ന’ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ അവർ അനുകരിച്ചു.—റോമർ 13:1, 2.
പലപ്പോഴും യഹോവയുടെ സാക്ഷികൾക്കു നിഷ്പക്ഷത കൈവിടാനും ഏതെങ്കിലും പക്ഷംപിടിക്കാനും ഉള്ള സമ്മർദം നേരിടേണ്ടിവന്നു. ഏതെങ്കിലും പക്ഷംപിടിച്ചാൽ രാഷ്ട്രീയകലഹത്തിൽ ഉൾപ്പെടേണ്ടിവരും. ചിലപ്പോൾ ആത്മീയസഹോദരങ്ങൾക്ക് എതിരെപോലും പോരാടേണ്ടിവരും. “1976-ലെ വിപ്ലവത്തിന്റെ സമയത്ത് മിക്ക ഹൈസ്കൂൾ വിദ്യാർഥികളെയും രാഷ്ട്രീയകലാപത്തിൽ ഉൾപ്പെടാൻ നിർബന്ധിച്ചു,” എന്ന് റ്റെംസി പറയുന്നു. “കലാപത്തിൽ ഉൾപ്പെടുന്ന വിദ്യാർഥികൾ ഓരോ വീട്ടിലും ചെന്ന് മറ്റു വിദ്യാർഥികളോട് അവരോടൊപ്പം ചേരാൻ പറയും. അവർ അങ്ങനെ ചെയ്തില്ലെങ്കിൽ അവരുടെ വീടുകൾ കത്തിക്കുകയോ അവരെ മർദിച്ച് കൊല്ലുകയോപോലും ചെയ്തേക്കും.” പ്രതിപക്ഷപാർട്ടിയിലെ ഒരു നേതാവ് ഒരു സാക്ഷിയായ തിയൊഫലസിനോടു പറഞ്ഞത് ഇങ്ങനെയാണ്: “വെള്ളക്കാരെ പരാജയപ്പെടുത്തി കഴിഞ്ഞാൽ അടുത്തത് ഞങ്ങൾ നിന്നെയായിരിക്കും കൊല്ലുന്നത്. കാരണം, നീ നിന്റെ രാജ്യത്തിനുവേണ്ടി പോരാടിയില്ല.”
ഭിന്നിച്ച ദേശത്ത് ഒരുമിച്ച് കൂടുന്നു
വർണവിവേചനത്തിന്റെ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നെങ്കിലും സൗത്ത് ആഫ്രിക്കയിലെ സാക്ഷികൾ മീറ്റിങ്ങിന് ഒരുമിച്ച് കൂടുമായിരുന്നു. (എബ്രായർ 10:24, 25) വർണവിവേചനം കാരണം ദാരിദ്ര്യം അനുഭവിച്ചിരുന്നതുകൊണ്ട് ചില സഭകൾക്ക് രാജ്യഹാൾ പണിയാൻ കഴിഞ്ഞില്ല.b “വർഷങ്ങളോളം തീരെ സൗകര്യങ്ങളില്ലാത്ത വാടകക്കെട്ടിടങ്ങളിലാണു ഞങ്ങൾ ഒരുമിച്ച് കൂടിവന്നത്,” എന്ന് എൻവർ പറയുന്നു. “അതുകൊണ്ട് സഭായോഗങ്ങൾക്കായി ഞങ്ങളുടെ വീട്ടിൽ കൂടിവരാമെന്ന് അച്ഛൻ പറഞ്ഞു. ഞങ്ങൾ ആഴ്ചയിൽ രണ്ടു ദിവസം ഞങ്ങളുടെ വീട് ഒരു രാജ്യഹാളാക്കി മാറ്റി. ചിലപ്പോൾ 100-ലധികം പേർ തിങ്ങിനിറഞ്ഞിട്ടുണ്ടാകും. മിക്കപ്പോഴും മീറ്റിങ്ങിനു ശേഷം ഞങ്ങൾ എല്ലാവർക്കും ആതിഥ്യം നൽകും. അതു നല്ല രസമായിരുന്നു.”
വെളുത്തവർഗക്കാരും കറുത്തവർഗക്കാരും ആയ സാക്ഷികൾ ഒരുമിച്ചുകൂടുന്നു, 1950 ഏപ്രിൽ
പല വർഗത്തിൽപ്പെട്ടവർ ജോഹന്നാസ്ബർഗിലുള്ള റാന്റ് സ്റ്റേഡിയത്തിൽ ഒത്തുകൂടിയിരിക്കുന്നു, 1980
വർണവിവേചനം കാരണം ഉണ്ടായ പല തടസ്സങ്ങളും മറികടക്കാൻ സഹോദരങ്ങൾ ബുദ്ധിപരമായ പല വഴികളും കണ്ടെത്തി. ഉദാഹരണത്തിന്, ലിംപോപോ പ്രവിശ്യയിലെ കറുത്തവർഗക്കാർ താമസിക്കുന്ന ഒരു സ്ഥലത്ത് സർക്കിട്ട് സമ്മേളനം നടന്നപ്പോൾ ഒരു പ്രസംഗത്തിനു വെള്ളക്കാരനായ ഒരു സഹോദരൻ വന്നു. എന്നാൽ, വെളുത്തവർഗക്കാർക്ക് ആ പ്രദേശത്ത് പ്രവേശനമില്ലായിരുന്നു. കറുത്തവർഗക്കാരുടെ ആ പ്രദേശത്തിനു തൊട്ടപ്പുറത്ത് വെളുത്തവർഗക്കാരനായ ഒരു വ്യക്തിയുടെ കൃഷിയിടമായിരുന്നു. അദ്ദേഹം ആ ഉടമയെ സമീപിച്ചു. അവിടെ നിന്ന് പ്രസംഗം നടത്താനുള്ള അനുവാദം ചോദിച്ചു. അങ്ങനെ ആ കൃഷിയിടത്തിന്റെ മതിലിന്റെ ഒരു വശത്ത് വെള്ളക്കാരനായ സഹോദരനും മറുവശത്ത് സദസ്സും ഇരുന്ന് സമ്മേളനം നടത്തി.
വിഭജിച്ചുകിടക്കുന്ന പ്രദേശങ്ങളിൽ സാക്ഷീകരിക്കുന്നു
വംശീയ വേർതിരിവുള്ളതുകൊണ്ട് ഓരോ വംശത്തിൽപ്പെട്ടവരും വ്യത്യസ്ത പ്രദേശങ്ങളിലായി തരംതിരിഞ്ഞാണു താമസിച്ചിരുന്നത്. അതുകൊണ്ട് സഭാപ്രദേശങ്ങൾ നോക്കുകയാണെങ്കിൽ ഓരോ സ്ഥലത്തും ഒരേ വർഗത്തിൽപ്പെട്ടവർ മാത്രമായിരിക്കും ഉണ്ടാകുക. വർണവിവേചനം കാരണം സാക്ഷികൾക്ക് വയൽസേവനത്തിനു പോകുമ്പോൾ നല്ല വഴക്കം വേണമായിരുന്നു. ഉദാഹരണത്തിന്, നിയമിച്ച് കൊടുത്തിട്ടില്ലാത്ത പ്രദേശങ്ങളിൽ പോയി സാക്ഷീകരിക്കുന്നതു വലിയൊരു വെല്ലുവിളിയായിരുന്നു. ചിലപ്പോഴൊക്കെ വെളുത്തവരല്ലാത്തവർക്കു രാത്രി തങ്ങാൻ ഒരു സ്ഥലവും കിട്ടില്ല. അപ്പോഴൊക്കെ ഞങ്ങൾ കാറിലോ മരത്തിന്റെ കീഴിലോ ഒക്കെ കിടക്കും. വർണവിവേചനം നിലവിലിരുന്ന സമയത്ത് “ഇന്ത്യൻ” എന്ന് തരംതിരിക്കപ്പെട്ട ക്രിഷ് പറയുന്നു: “നേരം വെളുക്കുമ്പോൾ കുളിക്കാനും മറ്റും ആയി പെട്രോൾപമ്പിലെ ബാത്ത്റൂമുകളാണ് ഉപയോഗിച്ചിരുന്നത്. ചിലപ്പോഴൊക്കെ അവിടെയുള്ള ബാത്ത്റൂമുകളിലും ‘വെള്ളക്കാർക്കു മാത്രം പ്രവേശനം’ എന്ന് എഴുതിയിട്ടുണ്ടാകും. ഇങ്ങനെയൊക്കെയാണെങ്കിലും പ്രചാരകർ തീക്ഷ്ണതയോടെതന്നെ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടു. ഗ്രാമപ്രദേശങ്ങളിലുള്ള താത്പര്യക്കാരോടു പ്രസംഗിക്കാൻ അവർക്കു വലിയ ഇഷ്ടമായിരുന്നു.”
ഒരു ഗ്രാമപ്രദേശത്ത് പല വർഗത്തിൽപ്പെട്ട സാക്ഷികൾ പ്രസംഗപ്രവർത്തനം നടത്തുന്നു, 1981
ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നെങ്കിലും യഹോവയുടെ ജനത്തിന്റെ എണ്ണം വർധിച്ചുകൊണ്ടിരുന്നു. 1948-ൽ വർണവിവേചനം നിലവിൽ വന്ന സമയത്ത് സൗത്ത് ആഫ്രിക്കയിലെ പ്രചാരകരുടെ എണ്ണം 4,831 ആയിരുന്നു. 1994-ൽ ആ നിയമം അവസാനിച്ച സമയത്ത്, അത് 58,729 ആയി. എന്നാൽ, പ്രചാരകരുടെ എണ്ണം വീണ്ടുംവീണ്ടും വർധിച്ചു. 2021-ൽ സൗത്ത് ആഫ്രിക്കയിലെ പ്രചാരകരുടെ എണ്ണം 1,00,112 ആയി.
വെറുപ്പിനാൽ ചുറ്റപ്പെട്ടപ്പോഴും സ്നേഹത്താൽ ഒന്നിച്ചുനിന്നു
വർണവിവേചനത്തിന്റെ കാലത്ത് സൗത്ത് ആഫ്രിക്ക വംശീയവേർതിരിവിനു പേരുകേട്ട ഒരു രാജ്യമായിരുന്നു. അങ്ങനെയൊരു ചുറ്റുപാടിലായിരുന്നെങ്കിലും എല്ലാ വർഗക്കാരുടെയും ഇടയിൽ സ്നേഹവും ഐക്യവും കൊണ്ടുവരാൻ യഹോവയുടെ ജനം ശ്രമിച്ചു. അതിനുവേണ്ടി അവർ ബൈബിൾതത്ത്വങ്ങൾ പഠിപ്പിക്കുകയും അതിനൊത്ത് ജീവിക്കുകയും ചെയ്തു. (പ്രവൃത്തികൾ 10:34, 35) വെറുപ്പിനാൽ ചുറ്റപ്പെട്ടെങ്കിലും സ്നേഹത്താൽ അവർ ഒന്നിച്ചുനിന്നു.—യോഹന്നാൻ 13:34, 35.
1993-ൽ സൗത്ത് ആഫ്രിക്കയിൽ എല്ലാ വംശത്തിലുംപെട്ട ആളുകൾ പങ്കെടുത്ത യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷൻ നടന്നു. ഈ കൺവെൻഷനു പങ്കെടുക്കാൻ മറ്റു രാജ്യങ്ങളിൽനിന്ന് എയർപോർട്ടിൽ എത്തിയ സഹോദരങ്ങളെ സൗത്ത് ആഫ്രിക്കയിലെ സഹോദരങ്ങൾ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതും അവരെ കെട്ടിപ്പിടിക്കുന്നതും ഒരു രാഷ്ട്രീയനേതാവ് ശ്രദ്ധിച്ചു. അദ്ദേഹം പറഞ്ഞു: “നിങ്ങൾക്കിടയിലെ ഈ ഐക്യം ഞങ്ങൾക്ക് ഉണ്ടായിരുന്നെങ്കിൽ, നമ്മുടെ ഈ പ്രശ്നങ്ങൾ പണ്ടേ പരിഹരിക്കാമായിരുന്നു.”
യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തുനിന്നുള്ള മിൽട്ടൻ ഹെൻഷൽ പല വർഗത്തിൽപ്പെട്ട സാക്ഷികളുടെ വലിയ യോഗത്തിൽ പ്രസംഗിക്കുന്നു, 1955
യഹോവയുടെ സാക്ഷികളുടെ സൗത്ത് ആഫ്രിക്കയിലെ ബ്രാഞ്ചോഫീസിൽ വെളുത്തവർഗക്കാരും കറുത്തവർഗക്കാരും ഒരുമിച്ച് ജോലി ചെയ്യുന്നു, 1986
വർഷങ്ങളായി യഹോവയെ സേവിക്കുന്ന സഹോദരങ്ങളായ തോമസ് സ്കോസനയും (ഇടത്ത്) ആൽഫ്രെഡ് സ്റ്റെയിൻബർഗും ഒരു കൺവെൻഷനിൽ, 1985
ഒരു കൺവെൻഷനിൽ ഭക്ഷണം വിതരണം ചെയ്യുന്ന പല വർഗത്തിൽപ്പെട്ട സാക്ഷികൾ, 1985
ജോഹന്നാസ്ബർഗിലെ എഫ്എൻബി സ്റ്റേഡിയത്തിൽ പല വർഗത്തിൽപെട്ട സാക്ഷികളുടെ ഒരു വലിയ കൂട്ടം ഒരുമിച്ചുകൂടിയിരിക്കുന്നു, 2011
a വംശീയമായ വേർതിരിവ് കൊണ്ടുവന്ന ഒരു നിയമവ്യവസ്ഥയായിരുന്നു വർണവിവേചനം. ഓരോ വ്യക്തിയുടെയും വംശമനുസരിച്ച് അയാൾക്ക് എന്തു വിദ്യാഭ്യാസം ലഭിക്കണം, അയാൾ എന്തു ജോലി ചെയ്യണം, എവിടെ ജീവിക്കണം, ആരെ വിവാഹം കഴിക്കണം എന്നൊക്കെ തീരുമാനിക്കുന്ന ഒരു നിയമമായിരുന്നു അത്. കൂടുതൽ വിവരങ്ങൾക്കായി, 2007-ലെ യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകത്തിലെ “വർണവിവേചനത്തിന്റെ കറുത്ത മുഖം” എന്ന ഭാഗം കാണുക.
b 1999 മുതൽ ലോകവ്യാപകമായുള്ള യഹോവയുടെ സാക്ഷികളുടെ സഭകളിൽനിന്ന് ലഭിക്കുന്ന സംഭാവനകൾ, ആവശ്യമുള്ള സ്ഥലങ്ങളിൽ രാജ്യഹാളുകൾ നിർമിക്കാനും പുതുക്കിപ്പണിയാനും ഉപയോഗിക്കുന്നു.