ബൈബിൾ പഠിച്ചതു ജീവിതം മാറ്റിമറിച്ചു
വിയറ്റ്നാമിൽനിന്നുള്ള രണ്ടു പേരുടെ ജീവിതകഥയാണ് ഇത്. രണ്ടു പേരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. ഒരു കാലത്ത് അവർ വിശ്വസിച്ചിരുന്നത് ഒരുപാടു പണം സമ്പാദിച്ചാൽ ജീവിതത്തിൽ സന്തോഷവും സുരക്ഷിതത്വവും കിട്ടുമെന്നാണ്. അതിനുവേണ്ടി എന്തും ചെയ്യാൻ അവർക്കു മടിയില്ലായിരുന്നു, തങ്ങൾക്കുതന്നെയും മറ്റുള്ളവർക്കും അപകടം വരുത്തുന്ന കാര്യങ്ങൾപോലും. എന്നാൽ ഒരു ഘട്ടത്തിൽ രണ്ടു പേരും ഒരു കാര്യം തിരിച്ചറിഞ്ഞു: ബൈബിളിനു മാത്രമേ, ശരിക്കുള്ള മനസ്സമാധാനവും ജീവിതത്തിന് ഉദ്ദേശ്യവും നൽകാൻ കഴിയുകയുള്ളൂ! ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്നത് ആളുകളെ ഉത്തരവാദിത്വബോധമുള്ള, നിയമം അനുസരിക്കുന്ന, ധാർമികമായി ശുദ്ധരായ പൗരന്മാരാക്കി മാറ്റുമെന്ന് അവരുടെ കഥ നമ്മളെ പഠിപ്പിക്കുന്നു.
പണത്തിന്റെ പിന്നാലെയുള്ള ഓട്ടം മതിയാക്കി, ശരിക്കുള്ള സന്തോഷം കണ്ടെത്തി
ലാൻ വാൻ ന്യ്വെന്റെ ചെറുപ്പകാലം ഒട്ടും സുഖമുള്ളതായിരുന്നില്ല. യുദ്ധവും രാഷ്ട്രീയപ്രശ്നങ്ങളും ദാരിദ്ര്യവും നിറഞ്ഞതായിരുന്നു അത്. അതുകൊണ്ട് ശരിക്കുള്ള സന്തോഷം വേണമെങ്കിൽ ഒരുപാടു പണം വേണമെന്ന് അദ്ദേഹം പതിയെപ്പതിയെ ചിന്തിക്കാൻതുടങ്ങി. അങ്ങനെ 1988-ൽ ജോലി അന്വേഷിച്ച് അദ്ദേഹം ജർമനിയിലേക്കു പോയി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പണിയെടുത്തു. എല്ലാം പണത്തിനുവേണ്ടിയായിരുന്നു.
പത്തു വർഷം കഴിഞ്ഞ് ലാൻ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടി. ബൈബിളിലെ സുഭാഷിതങ്ങൾ എന്ന പുസ്തകം അവർ അദ്ദേഹത്തിനു കാണിച്ചുകൊടുത്തു. അത് അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായി. കാരണം പണ്ടുമുതലേ പഴഞ്ചൊല്ലുകളോടും ജ്ഞാനമൊഴികളോടും ലാനിന് ഒരു പ്രത്യേകതാത്പര്യം ഉണ്ടായിരുന്നു. ജീവിതത്തിൽ ശരിക്കും പ്രയോജനം ചെയ്യുന്ന നല്ലനല്ല ഉപദേശങ്ങൾ ബൈബിളിലുണ്ടെന്നു കണ്ടപ്പോൾ അതെക്കുറിച്ച് കൂടുതൽ അറിയാൻ അദ്ദേഹത്തിന് ആഗ്രഹമായി. ഒരു ബൈബിൾ വാങ്ങിത്തരുമോ എന്ന് അദ്ദേഹം ആ സാക്ഷികളിൽ ഒരാളോടു ചോദിച്ചു. തന്റെയും ഭർത്താവിന്റെയും കൂടെ ബൈബിൾ ചർച്ചകൾ നടത്തുകയാണെങ്കിൽ ഫ്രീയായി ഒരു ബൈബിൾ കൊടുക്കാമെന്ന് ആ സഹോദരി പറഞ്ഞു. എന്നിട്ട് അടുത്ത തവണ ലാനിനെ കാണാൻ ചെന്നപ്പോൾ അവർ ബൈബിളും ബൈബിൾ പഠിക്കാൻ സഹായിക്കുന്ന നിത്യജീവിലേക്ക് നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകവും അദ്ദേഹത്തിനു കൊടുത്തു.
സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചുതുടങ്ങിയപ്പോൾ തന്റെ ബിസിനെസ്സ് തുടരാൻ ആകുമോ എന്ന് അദ്ദേഹത്തിനു സംശയമായി. ആയുധങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ജോലിയാണ് അദ്ദേഹം ചെയ്തിരുന്നത്. അതു മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നു തിരിച്ചറിഞ്ഞ അദ്ദേഹം പെട്ടെന്നുതന്നെ തന്റെ ബിസിനെസ്സ് നിറുത്തി. അതോടെ വരുമാനം 20 ശതമാനമായി കുറഞ്ഞു. അദ്ദേഹം അതെക്കുറിച്ച് പ്രാർഥിച്ചു. എന്നിട്ട് മറ്റു സാധനങ്ങൾ വിൽക്കാൻതുടങ്ങി. അങ്ങനെ പതിയെപ്പതിയെ വരുമാനം കൂടി.
യഹോവയുടെ സാക്ഷികളോടൊപ്പം ആളുകളെ ബൈബിൾ പഠിപ്പിക്കുന്ന പ്രവർത്തനത്തിൽ തന്റെ കഴിവിന്റെ പരമാവധി ചെയ്യാൻ ലാൻ തീരുമാനിച്ചു. പക്ഷേ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഭാഷ അദ്ദേഹത്തിന് ഒരു തടസ്സമായി. ജർമൻഭാഷ നന്നായി സംസാരിക്കാൻ അദ്ദേഹത്തിന് അറിയില്ലായിരുന്നു. അതുകൊണ്ട് തന്റെ നാടായ വിയറ്റ്നാമിലേക്ക് അദ്ദേഹം തിരികെപ്പോയി. അവിടെയാകുമ്പോൾ സ്വന്തം ഭാഷയിൽ ആളുകളെ ബൈബിൾ പഠിപ്പിക്കാനാകുമല്ലോ.
ബൈബിളിൽനിന്ന് പഠിച്ച കാര്യങ്ങൾ തന്റെ ചിന്തയിലും ജീവിതരീതിയിലും മാറ്റം വരുത്താൻ ലാനിനെ സഹായിച്ചു. ഇപ്പോൾ അദ്ദേഹം ഭാര്യയോടും മക്കളോടും ഒപ്പം സന്തോഷത്തോടെ കഴിയുന്നു.
ലാനും ഭാര്യയും
ക്രൂരതയുടെ വഴിയിൽനിന്ന് ഉദ്ദേശ്യപൂർണമായ ഒരു ജീവിതത്തിലേക്ക്
1976-ൽ വിയറ്റ്നാമിലെ ങെ ആൻ എന്ന സ്ഥലത്താണു ടാൻ വ്യെറ്റ് ഫ്യൂങ് ജനിക്കുന്നത്. എങ്ങനെയും ഒരു പണക്കാരനാകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. അങ്ങനെ 19-ാമത്തെ വയസ്സിൽ അദ്ദേഹം വീടു വിട്ട് ജർമനിയിൽ എത്തി. വേണ്ടത്ര രേഖകളൊന്നും ഇല്ലാതെ അനധികൃതമായിട്ടായിരുന്നു അത്. അവിടെവെച്ച് ഒരുപാടു കുറ്റകൃത്യങ്ങളൊക്കെ ചെയ്യുന്ന ഒരു കൂട്ടത്തോടൊപ്പം അദ്ദേഹം ചേർന്നു. എപ്പോഴും ഒരു തോക്കുമായിട്ടാണു ടാൻ നടന്നിരുന്നത്. രാത്രിയിൽ ഉറങ്ങുമ്പോൾപ്പോലും തലയണയുടെ അടിയിൽ തോക്കു കാണും. പിന്നീട് ഒരാളെ തട്ടിക്കൊണ്ട് പോയ വലിയൊരു കേസിൽ അദ്ദേഹത്തിനും പങ്കുണ്ടെന്നു പോലീസ് കണ്ടെത്തി. അതിന്റെ പേരിൽ അദ്ദേഹത്തെ അറസ്റ്റു ചെയ്തു. ആറു വർഷത്തെ ജയിൽ ശിക്ഷയ്ക്കു വിധിച്ചെങ്കിലും രണ്ടു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം ജയിൽ മോചിതനായി.
പുറത്ത് വന്ന ടാൻ മറ്റൊരു കൂട്ടത്തോടൊപ്പം ചേർന്ന് പിന്നെയും കുറ്റകൃത്യങ്ങൾ ചെയ്യാൻതുടങ്ങി. ഇത്തവണയും അദ്ദേഹത്തെ അറസ്റ്റു ചെയ്തു. പക്ഷേ, സാക്ഷി പറയാൻ ആളുകൾക്കു പേടിയായിരുന്നതുകൊണ്ട് കോടതിവിചാരണയൊന്നും ഉണ്ടായില്ല. ഒരു കൊടുംകുറ്റവാളിയായി അദ്ദേഹം അറിയപ്പെടാൻതുടങ്ങി. അവസാനം അദ്ദേഹം വീണ്ടും പോലീസിന്റെ പിടിയിലായി. ഇത്തവണ പത്തു വർഷത്തെ ജയിൽ ശിക്ഷയാണു കിട്ടിയത്. അദ്ദേഹം വളരെ ആക്രമണകാരിയാണെന്നു മറ്റു തടവുകാരും അവിടത്തെ കാവൽക്കാരും പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു.
ഒരു ദിവസം കൂടെയുള്ള ഒരു തടവുകാരൻ ജയിലിൽവെച്ച് യഹോവയുടെ സാക്ഷികൾ നടത്തുന്ന ഒരു മീറ്റിങ്ങിനു ടാനിനെ ക്ഷണിച്ചു. ആദ്യമൊക്കെ അദ്ദേഹത്തിനു പോകാൻ മടിയായിരുന്നു. എന്നാൽ ഒരിക്കൽ അദ്ദേഹം പോകാൻ തീരുമാനിച്ചു. അവിടെ ചെന്നപ്പോൾ മുമ്പ് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു ശാന്തത അദ്ദേഹത്തിനു തോന്നി. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം അവിടെവെച്ച് അദ്ദേഹത്തിനു കിട്ടി. ഒറ്റ രാത്രികൊണ്ട് ടാൻ അതു മുഴുവൻ വായിച്ചുതീർത്തു. അതിലെ ഒരു അധ്യായത്തിൽ മരിച്ചവരുടെ അവസ്ഥയെക്കുറിച്ച് വിശദീകരിക്കുന്ന ബൈബിൾവാക്യങ്ങളുണ്ട്. മരിച്ചവർ ഉറങ്ങുകയാണെന്നാണ് അവിടെ പറയുന്നത്. (സഭാപ്രസംഗകൻ 9:5; യോഹന്നാൻ 11:11-14) അതുവരെ ടാൻ വിശ്വസിച്ചിരുന്നതു മരിച്ചുപോയ തന്റെ ബന്ധുക്കൾ തന്നെ സംരക്ഷിക്കുന്നുണ്ട് എന്നാണ്. എന്നാൽ താൻ തെറ്റുകൾ ചെയ്യുമ്പോൾ അവർ എന്തുകൊണ്ടാണ് അതു തടയാത്തതെന്ന് അദ്ദേഹത്തിനു മനസ്സിലായിരുന്നില്ല.
അതേത്തുടർന്ന് ടാൻ പതിവായി യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങുകൾക്കു പോകാൻതുടങ്ങി. ആളുകൾ ഒരുമിച്ചുകൂടി ബൈബിൾ പഠിക്കുന്നതിനുള്ള ഒരു ക്രമീകരണമാണ് ഇത്തരം മീറ്റിങ്ങുകൾ. ദൈവം മനുഷ്യരെ ഒരുപാടു സ്നേഹിക്കുന്നുണ്ടെന്ന്, അതിൽ താനും ഉൾപ്പെടുന്നുണ്ടെന്ന്, അദ്ദേഹത്തിനു മനസ്സിലായി. ശരിയും തെറ്റും വേർതിരിച്ചറിയാൻ അദ്ദേഹം പഠിച്ചു. അതുപോലെ പണത്തോടുള്ള ആർത്തിയും അക്രമസ്വഭാവവും മറികടക്കാനും അദ്ദേഹം നല്ല ശ്രമം ചെയ്തു. പെട്ടെന്നു ദേഷ്യപ്പെടുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നതുകൊണ്ട് അതിനു മാറ്റം വരുത്തുന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. എന്നാൽ പ്രാർഥനയിലൂടെയും നല്ല ശ്രമത്തിലൂടെയും അതിൽ വിജയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 2009-ൽ ജയിലിൽവെച്ചുതന്നെ യഹോവയുടെ സാക്ഷികളിൽ ഒരാളായി അദ്ദേഹം സ്നാനമേറ്റു. പിന്നീട് വിയറ്റ്നാമിലേക്കു തിരിച്ചുപോയി. അദ്ദേഹം പറയുന്നു: “ഇപ്പോൾ എനിക്കു സന്തോഷമുള്ള ഒരു കുടുംബമുണ്ട്. ഞങ്ങൾ ഒരുമിച്ച് ദൈവമായ യഹോവയെ ആരാധിക്കുന്നു. യഹോവയാണ് എന്റെ ജീവൻ രക്ഷിച്ചത്. ദൈവം എന്നെ ഒത്തിരിയൊത്തിരി അനുഗ്രഹിച്ചിരിക്കുന്നു. എന്റെ കഴിഞ്ഞകാല ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്, ‘യഹോവയെ അറിഞ്ഞില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്തായിത്തീരുമായിരുന്നു’ എന്ന്.”
ടാനും കുടുംബവും
ബൈബിൾ പഠിക്കുന്നത് ആളുകളെ നല്ല പൗരന്മാരാക്കും
ബൈബിൾ പഠിക്കുന്നതു നല്ല പൗരന്മാരാകാൻ ആളുകളെ സഹായിക്കുമെന്നു തെളിയിക്കുന്നതാണു ലാനിന്റെയും ടാനിന്റെയും ജീവിതം. പണത്തിന്റെ പിന്നാലെയുള്ള നെട്ടോട്ടം അവർ ഉപേക്ഷിച്ചു. ഒരുപാടു പണമുണ്ടെങ്കിലേ സന്തോഷം കിട്ടുകയുള്ളൂ എന്നു ലാൻ ഒരുകാലത്ത് വിശ്വസിച്ചിരുന്നെങ്കിലും, നല്ലൊരു കുടുംബം ഉണ്ടായിരിക്കുന്നതും ദൈവത്തിൽ വിശ്വസിക്കുന്നതുമാണു സന്തോഷത്തിന്റെ അടിസ്ഥാനമെന്ന് ഇപ്പോൾ അദ്ദേഹത്തിന് അറിയാം. പണക്കാരനാകാൻവേണ്ടി എന്തു കുറ്റകൃത്യവും ചെയ്യാൻ മടിയില്ലായിരുന്ന ടാൻ ഇപ്പോൾ സത്യസന്ധരായിരിക്കാനും നിയമം അനുസരിക്കാനും ആളുകളെ പഠിപ്പിക്കുന്നു. ഈ രണ്ടു പേരും നല്ല പൗരന്മാരായി ജീവിച്ചുകൊണ്ട് സമൂഹത്തിനു നല്ലൊരു മാതൃക വെക്കുന്നു. അതോടൊപ്പം സന്തോഷമുള്ള ഒരു ജീവിതം കണ്ടെത്താൻ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നു.