“നല്ല അയൽക്കാരനായ ശമര്യക്കാരൻ” ആരാണ്?
ബൈബിളിന്റെ ഉത്തരം
“നല്ല ശമര്യക്കാരൻ” എന്ന പദപ്രയോഗം മറ്റുള്ളവരെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്ന ഒരു വ്യക്തിയെ സൂചിപ്പിക്കാനാണ് സാധാരണയായി ഉപയോഗിക്കുന്നത്. യേശു പറഞ്ഞ ഒരു ദൃഷ്ടാന്തകഥയിൽനിന്നാണ് ഈ പദപ്രയോഗം വന്നിരിക്കുന്നത്. യേശു അത് പറഞ്ഞത് ഒരു നല്ല അയൽക്കാരൻ കരുണയോടെ, മറ്റൊരാളുടെ ദേശമോ പശ്ചാത്തലമോ ഒന്നും നോക്കാതെ അയാളുടെ ആവശ്യങ്ങളിൽ സഹായിക്കും എന്നു കാണിക്കുന്നതിനുവേണ്ടിയാണ്.a
ഈ ലേഖനത്തിൽ
‘നല്ല ശമര്യക്കാരന്റെ’ ദൃഷ്ടാന്തകഥ എന്താണ്?
യേശു പറഞ്ഞ ദൃഷ്ടാന്തകഥയുടെ ചുരുക്കം ഇതാണ്. ഒരു ജൂതനായ വ്യക്തി യരുശലേമിൽനിന്ന് യരീഹൊയിലേക്ക് പോകുകയായിരുന്നു. പോകുന്ന വഴി കവർച്ചക്കാർ അയാളെ കൊള്ളയടിക്കുന്നു. എന്നിട്ട് അടിച്ച് പാതിമരിച്ചവനായി അദ്ദേഹത്തെ ഉപേക്ഷിച്ച് കടന്നുകളയുന്നു.
അതുവഴി ഒരു ജൂത പുരോഹിതനും പിന്നെ മറ്റൊരു ജൂതമതനേതാവും കടന്നുപോയി. പക്ഷേ പരിക്കേറ്റ ഈ വ്യക്തിയുടെ അതേ ദേശക്കാരായിരുന്നിട്ടുപോലും അയാളെ സഹായിക്കാൻ നിൽക്കാതെ അവർ മറുവശത്തുകൂടെ നടന്നുപോകുന്നു.
അവസാനം ആ വഴി മറ്റൊരു ദേശക്കാരൻ വരുന്നു. അദ്ദേഹം ഒരു ശമര്യക്കാരനായിരുന്നു. (ലൂക്കോസ് 10:33; 17:16-18) മനസ്സലിഞ്ഞ ആ ശമര്യക്കാരൻ അദ്ദേഹത്തിന്റെ മുറിവ് വെച്ചുകെട്ടുന്നു. എന്നിട്ട് അദ്ദേഹം പരിക്കേറ്റ ആ വ്യക്തിയെ സത്രത്തിൽ കൊണ്ടുചെല്ലുന്നു. രാത്രി മുഴുവൻ അയാളെ അദ്ദേഹം പരിചരിക്കുന്നു. അടുത്ത ദിവസം ആ ശമര്യക്കാരൻ സത്രക്കാരന് കാശ് കൊടുത്തിട്ട് അദ്ദേഹത്തെ നോക്കാനുള്ള നിർദേശം കൊടുക്കുന്നു. കൂടുതലായ എന്തെങ്കിലും ചെലവായാൽ താൻ മടങ്ങി വരുമ്പോൾ തരാമെന്നും പറയുന്നു.—ലൂക്കോസ് 10:30-35.
യേശു എന്തിനാണ് ഈ ദൃഷ്ടാന്തകഥ പറഞ്ഞത്?
സ്വന്തം കൂട്ടരും മതത്തിലുള്ളവരും മാത്രമാണ് അയൽക്കാർ എന്നു ചിന്തിച്ചിരുന്ന ഒരു വ്യക്തിയോടാണ് യേശു ഈ കഥ പറഞ്ഞത്. ‘അയൽക്കാരിൽ’ സഹജൂതന്മാർ മാത്രല്ല ഉൾപ്പെടുന്നത് എന്ന പ്രധാനപ്പെട്ട പാഠം അദ്ദേഹത്തെ പഠിപ്പിക്കാൻ യേശു ആഗ്രഹിച്ചു. (ലൂക്കോസ് 10:36, 37) ബൈബിളിൽ ഈ വിവരണം ഉൾപ്പെടുത്തിയിരിക്കുന്നത്, ദൈവത്തിന് ഇഷ്ടപ്പെടുന്ന വിധത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രയോജനത്തിനുവേണ്ടിയാണ്.—2 തിമൊഥെയൊസ് 3:16, 17.
ദൃഷ്ടാന്തകഥയിൽനിന്നുള്ള പാഠം എന്താണ്?
ഒരു നല്ല അയൽക്കാരൻ തന്റെ പ്രവൃത്തികളിലൂടെ അനുകമ്പ കാണിക്കുമെന്ന് ഈ കഥ പഠിപ്പിക്കുന്നു. ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ പശ്ചാത്തലമോ വംശമോ ദേശമോ ഒന്നും നോക്കാതെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കാൻ അദ്ദേഹം മുന്നോട്ടു വരും. ഒരു നല്ല അയൽക്കാരൻ മറ്റുള്ളവർ തന്നോട് എങ്ങനെ പെരുമാറാനാണോ ആഗ്രഹിക്കുന്നത് അതുപോലെ അവരോടും പെരുമാറും.—മത്തായി 7:12.
ആരായിരുന്നു ശമര്യക്കാർ?
യഹൂദ്യയുടെ നേരെ വടക്കുവശത്ത് താമസിച്ചിരുന്നവരായിരുന്നു ശമര്യക്കാർ. ജൂതന്മാരും ജൂതന്മാർ അല്ലാത്തവരും തമ്മിലുള്ള മിശ്രവിവാഹത്തിലൂടെ വന്ന പിൻതലമുറക്കാരും ഇവരിൽപ്പെടും.
ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും ശമര്യക്കാർ ഒരു പ്രത്യേക മതവിഭാഗമായി മാറിയിരുന്നു. പൊതുവെ അവർ എബ്രായ തിരുവെഴുത്തുകളിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങൾ അംഗീകരിച്ചു, ബാക്കിയുള്ളവ തള്ളിക്കളഞ്ഞു.
യേശുവിന്റെ നാളിലെ പല ജൂതന്മാർക്കും ശമര്യക്കാരെ വെറുപ്പായിരുന്നു. അവരുമായി ഒരു ബന്ധത്തിലേക്കു വരാൻ അവർ ആഗ്രഹിച്ചതുമില്ല. (യോഹന്നാൻ 4:9) ശമര്യക്കാരൻ എന്ന വാക്കു തന്നെ ചില ജൂതന്മാർ മറ്റുള്ളവരെ അപമാനിക്കാനാണ് ഉപയോഗിച്ചിരുന്നത്.—യോഹന്നാൻ 8:48.
‘നല്ല ശമര്യക്കാരനെക്കുറിച്ചുള്ള’ ദൃഷ്ടാന്തകഥ യഥാർഥത്തിൽ സംഭവിച്ചതാണോ?
‘നല്ല ശമര്യക്കാരനെക്കുറിച്ചുള്ള’ ദൃഷ്ടാന്തകഥ യഥാർഥത്തിൽ സംഭവിച്ചതാണോ എന്ന് തിരുവെഴുത്തുകൾ പറയുന്നില്ല. എന്നാൽ യേശു മിക്കപ്പോഴും, താൻ പഠിപ്പിക്കുന്ന കാര്യങ്ങളുടെ ആശയം തന്റെ കേൾവിക്കാർക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാൻ, അവർക്ക് പരിചിതമായ സ്ഥലങ്ങളെയും ആചാരങ്ങളെയും കുറിച്ചൊക്കെ പറയുമായിരുന്നു.
കഥയുടെ പശ്ചാത്തലമായി പറയുന്ന വിശദാംശങ്ങൾ ചരിത്രപരമായി കൃത്യതയുള്ളതാണ്. ഉദാഹരണത്തിന്,
യരുശലേമിൽനിന്ന് 1 കിലോമീറ്റർ (0.6 മൈൽ) താഴെയായി സ്ഥിതിചെയ്യുന്ന യരീഹൊയിലേക്ക് ഏകദേശം 20 കിലോമീറ്റർ (12 മൈൽ) ദൂരമുണ്ട്. കുത്തനെയുള്ള ഇറക്കമായിരുന്നു അവിടേക്ക്. യരുശലേമിൽനിന്ന് യരീഹൊയിലേക്ക് പോകുന്നവർ, ‘ഇറക്കം ഇറങ്ങിയാണ്’ പോയിരുന്നതെന്ന് ബൈബിളിന്റെ മൂലഭാഷയിൽ പറയുന്നുണ്ട്.—ലൂക്കോസ് 10:30.
യരീഹൊയിൽ താമസിച്ചിരുന്ന പുരോഹിതന്മാരും ലേവ്യരും സ്ഥിരമായി യരുശലേമിലേക്ക് യാത്ര ചെയ്തിരുന്നത് ഈ വഴിയിലൂടെയാണ്.
ഒറ്റപ്പെട്ട വഴികളിൽ കവർച്ചക്കാരുണ്ടാകുമെന്ന് ചിന്തിക്കാതെ യാത്ര ചെയ്തിരുന്നവരെ, പലപ്പോഴും തനിയെ യാത്ര ചെയ്തിരുന്നവരെ, കവർച്ചക്കാർ ഒളിച്ചിരുന്ന് ആക്രമിക്കുമായിരുന്നു.
a ‘നല്ല ശമര്യക്കാരന്റെ’ ദൃഷ്ടാന്തകഥ ‘നല്ല അയൽക്കാരനായ ശമര്യക്കാരന്റെ’ കഥയെന്നും അറിയപ്പെടുന്നു.