വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • yb09 പേ. 142-255
  • മുൻയൂഗോസ്ലാവിയൻ ദേശങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മുൻയൂഗോസ്ലാവിയൻ ദേശങ്ങൾ
  • യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2009
  • ഉപതലക്കെട്ടുകള്‍
  • ആദിയിൽ
  • “ഫോട്ടോ നാടകം” വഴിതു​റ​ക്കു​ന്നു
  • വയലി​ലേക്കു പയനി​യർമാർ
  • പയനി​യ​റി​ങ്ങി​ന്റെ വെല്ലു​വി​ളി
  • മാസി​ഡോ​ണി​യ​യി​ലേക്കു കടന്നു​ചെ​ല്ലു​ന്നു
  • വേല നിരോ​ധി​ക്ക​പ്പെ​ടു​ന്നു
  • ടോൾസ്‌റ്റോ​യി​യോ യഹോ​വ​യോ?
  • യുദ്ധ​ക്കെ​ടു​തി​കൾ
  • അന്ത്യം​വരെ വിശ്വ​സ്‌തൻ
  • മരണശിക്ഷ
  • വിശ്വ​സ്‌തത പരി​ശോ​ധി​ക്ക​പ്പെ​ടു​ന്നു
  • പരിമി​ത​മായ നിയമാം​ഗീ​കാ​രം
  • ‘പാമ്പി​നെ​പ്പോ​ലെ ബുദ്ധി​യു​ള്ളവർ’
  • ആദ്യകാ​ല​ങ്ങ​ളി​ലെ രാജ്യ​ഹാ​ളു​കൾ
  • മികച്ച സംഘാ​ടനം, ത്വരിത വളർച്ച
  • മാസി​ഡോ​ണി​യ​യി​ലെ അത്ഭുതാ​വ​ഹ​മായ പുരോ​ഗ​തി
  • ഒരുമ​യോ​ടെ ജർമനി​യിൽ ഒരു സമ്മേളനം
  • മുന്നി​ട്ടി​റ​ങ്ങിയ പ്രാ​ദേ​ശിക പയനി​യർമാർ
  • സ്‌നാനം നെൽപ്പാ​ടത്ത്‌
  • സ്വാത​ന്ത്ര്യ​മേ​റു​ന്നു, ഒപ്പം ജാഗ്ര​ത​യും
  • ധീരനി​ല​പാ​ടെ​ടുത്ത യുവാക്കൾ
  • ആവേ​ശോ​ജ്ജ്വ​ല​മായ ഒരു അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷൻ
  • നഗരം ഉപരോ​ധ​ത്തിൻകീ​ഴിൽ
  • ഭൗതി​ക​വും ആത്മീയ​വു​മായ കരുത​ലു​കൾ
  • തീക്ഷ്‌ണ​ത​യോ​ടെ, പക്ഷേ ജാഗ്ര​ത​യോ​ടെ
  • ഒരു വിശ്വസ്‌ത കുടും​ബം
  • ക്രിസ്‌തീയ നിഷ്‌പ​ക്ഷത
  • ദുരി​താ​ശ്വാ​സം എത്തുന്നു
  • ഒരു അവിസ്‌മ​ര​ണീയ യാത്ര!
  • കൊടു​ങ്കാ​റ്റി​നു​ശേഷം
  • സഹോ​ദ​ര​സ്‌നേഹം—യുദ്ധകാ​ലത്ത്‌
  • പ്രത്യാ​ശാ​നിർഭ​ര​മായ ഒരു ദൂത്‌
  • ആത്മത്യാ​ഗ​മ​നോ​ഭാ​വം പ്രകട​മാ​ക്കുന്ന ജോലി​ക്കാർ
  • ‘ഈ നിർണാ​യക നിമി​ഷ​ത്തി​നു സാക്ഷ്യം വഹിക്കാൻ . . . എനിക്കു സാധിച്ചു!’
  • പുതിയ ബ്രാഞ്ചും രാജ്യ​ഹാ​ളു​ക​ളും
  • രാജ്യ​വേല ത്വരി​ത​ഗ​തി​യിൽ പുരോ​ഗ​മി​ക്കു​ന്നു
  • പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾക്കു നിയ​ന്ത്ര​ണ​ങ്ങൾ
  • രാജ്യ​ഹാൾ നിർമാ​ണം
  • പുതിയ ലോക ഭാഷാ​ന്ത​രം
  • മാസി​ഡോ​ണി​യ​യി​ലേക്കു കടന്നു​ചെ​ല്ലു​ന്നു
  • റോമാ​ക​ളോ​ടു പ്രസം​ഗി​ക്കു​ന്നു
  • “ആശ്വാ​സ​മാ​യി​ത്തീർന്നു”
  • നാണയ​പ്പെ​രു​പ്പ​ത്തി​ന്റെ കെടു​തി​കൾ
  • ബൈബിൾപ​രി​ഭാഷ
  • മതവി​ദ്വേ​ഷം ശക്തമാ​കു​ന്നു
  • യഹോ​വ​യു​ടെ ചിന്തയാൽ സ്വാധീ​നി​ക്ക​പ്പെ​ടു​ന്നു
  • ആരാധ​ന​യി​ലും ഉപദേ​ശ​ങ്ങ​ളി​ലും ഐക്യ​മു​ള്ള​വർ
  • പ്രസം​ഗ​പ്ര​വർത്തനം പടർന്നു പന്തലി​ക്കു​ന്നു
  • രാജ്യ​ഹാ​ളു​ക​ളും പയനി​യർമാ​രും
  • ആശുപ​ത്രി ഏകോപന സമിതി​കൾ
  • വളർച്ച​യും വികാ​സ​വും
  • ശോഭ​ന​മായ ഭാവി
യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2009
yb09 പേ. 142-255

മുൻയൂ​ഗോ​സ്ലാ​വി​യൻ ദേശങ്ങൾ

യൂഗോ​സ്ലാ​വിയ എന്ന്‌ മുമ്പ്‌ അറിയ​പ്പെ​ട്ടി​രുന്ന രാജ്യ​ത്തിന്‌ തികച്ചും ഇണങ്ങു​ന്ന​താണ്‌ ‘വൈവി​ധ്യ​ങ്ങ​ളു​ടെ നാട്‌’ എന്ന വിശേ​ഷണം. വിവിധ സംസ്‌കാ​ര​ങ്ങ​ളു​ടെ​യും ഭാഷക​ളു​ടെ​യും മതങ്ങളു​ടെ​യും സംഗമ​വേ​ദി​യായ ഈ പ്രദേ​ശ​ത്തി​ന്റെ വടക്ക്‌, മധ്യ-പൂർവ യൂറോ​പ്പും തെക്ക്‌ ഗ്രീസും ടർക്കി​യും പടിഞ്ഞാറ്‌ ഇറ്റലി​യും സ്ഥിതി​ചെ​യ്യു​ന്നു. ആഭ്യന്തര ലഹളയു​ടെ​യും കലഹത്തി​ന്റെ​യും നാടാ​യാണ്‌ പക്ഷേ, അനേക​രും യൂഗോ​സ്ലാ​വി​യ​യെ​ക്കു​റി​ച്ചു കേട്ടി​രി​ക്കു​ന്നത്‌. അതു സത്യമാ​ണു​താ​നും. 1914-ൽ ആർച്ച്‌ ഡ്യൂക്ക്‌ ഫ്രാൻസിസ്‌ ഫെർഡി​നാൻഡ്‌ കൊല്ല​പ്പെട്ട കാലം​മു​തൽ അടുത്ത​കാ​ലത്തെ വംശഹ​ത്യ​വ​രെ​യുള്ള സുദീർഘ​മായ കാലയ​ള​വിൽ ബാൾക്കൻ ഉപദ്വീ​പി​ന്റെ ഈ ഭാഗത്ത്‌ വല്ലപ്പോ​ഴു​മൊ​ക്കെയേ സമാധാ​നം ഉണ്ടായി​രു​ന്നി​ട്ടു​ള്ളൂ. സ്വാത​ന്ത്ര്യം നേടു​ന്ന​തി​നാ​യി ജനതകൾ പോര​ടി​ച്ച​പ്പോൾ റിപ്പബ്ലി​ക്കു​കൾ രാജ്യ​ങ്ങ​ളാ​യി​ത്തീർന്നു. ക്രമേണ, യൂഗോ​സ്ലാ​വിയ വിഘടിച്ച്‌ ക്രൊ​യേഷ്യ, ബോസ്‌നിയ-ഹെർസ​ഗോ​വിന, മാസി​ഡോ​ണിയ, മോൺടേ​നേ​ഗ്രോ, സെർബിയ, സ്ലോ​വേ​നിയ എന്നിവ രൂപം​കൊ​ണ്ടു.

രാഷ്‌ട്രീ​യ​വും മതപര​വും വംശീ​യ​വു​മായ കലാപ​ത്തി​ന്റെ ചരിത്രം പേറുന്ന ഈ പശ്ചാത്ത​ല​ത്തിൽ ഇതാ, തികച്ചും വ്യത്യ​സ്‌ത​മായ ഒരു ജനസമൂ​ഹം—യഹോ​വ​യു​ടെ സാക്ഷികൾ. സ്‌നേ​ഹ​വും ഐക്യ​വും പരസ്‌പര വിശ്വാ​സ​വും മുഖമു​ദ്ര​യായ അവർ ബാൾക്കൻസി​നെ ഛിന്നഭി​ന്ന​മാ​ക്കിയ വിദ്വേ​ഷ​വും വർഗീ​യ​ത​യും മറിക​ട​ന്നി​രി​ക്കു​ന്നു. അവരുടെ ഇടയിൽ സംസ്‌കാ​രങ്ങൾ കൈ​കോർത്തു പോകു​ന്നത്‌ ആകസ്‌മി​കമല്ല. ദൈവ​രാ​ജ്യ​ത്തോ​ടുള്ള അവരുടെ കൂറ്‌—അതാണ്‌ അതിന്റെ രഹസ്യം.

ആദിയിൽ

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്തനം ഇവിടെ ആരംഭി​ച്ചത്‌ എങ്ങനെ​യാണ്‌? ഫ്രാന്റ്‌സ്‌ ബ്രാന്റ്‌ എന്ന ഒരു യുവ ബാർബർ കഥയ്‌ക്കു തുടക്ക​മി​ടു​ന്നു. യൂഗോ​സ്ലാ​വി​യ​യു​ടെ വടക്കൻ മേഖല​യായ വോജ്‌വോ​ഡി​ന​യാണ്‌ അദ്ദേഹ​ത്തി​ന്റെ സ്വദേശം. ജോലി തേടി അദ്ദേഹം ഓസ്‌ട്രി​യ​യിൽ എത്തി​ച്ചേർന്നു. അവി​ടെ​വെച്ച്‌ സത്യം അറിയാൻ ഇടയായി. താൻ മനസ്സി​ലാ​ക്കിയ ബൈബിൾ സത്യങ്ങ​ളു​മാ​യി 1925-ൽ അദ്ദേഹം സ്വദേ​ശ​ത്തേക്കു മടങ്ങി. വേദാ​ദ്ധ്യ​യ​നങ്ങൾ എന്ന ബൈബിൾ പഠന സഹായി​കൾ വായിച്ചു ചർച്ച​ചെ​യ്യുന്ന ഒരു ചെറിയ കൂട്ട​ത്തോ​ടൊ​പ്പം അദ്ദേഹ​വും ചേർന്നു. ഈ പുസ്‌ത​കങ്ങൾ ഐക്യ​നാ​ടു​ക​ളി​ലുള്ള ചില ബന്ധുക്ക​ളിൽനി​ന്നു ലഭിച്ച​താ​യി​രു​ന്നു അവർക്ക്‌.

സുവി​ശേഷ ഘോഷ​ണ​ത്തി​ന്റെ ആവശ്യം തിരി​ച്ച​റിഞ്ഞ അവർ ബൈബിൾ ഉപദേ​ശങ്ങൾ വിശദീ​ക​രി​ക്കുന്ന രണ്ടു ചെറു​പു​സ്‌ത​കങ്ങൾ സെർബി​യൻ ഭാഷയി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്തി. ദുഃഖ​ക​ര​മെന്നു പറയട്ടെ, ഇവ വിതര​ണം​ചെ​യ്യു​ന്ന​തി​നു​മു​മ്പേ, സംഘട​ന​യ്‌ക്കെ​തി​രെ തിരിഞ്ഞ്‌ സ്വന്തം മതം സ്ഥാപിച്ച ഒരു പ്രമുഖ സഹോ​ദരൻ അവരെ സന്ദർശി​ച്ചു. ഫ്രാന്റ്‌സ്‌ ഒഴികെ മറ്റെല്ലാ​വ​രും ബൈബിൾ വിദ്യാർഥി​ക​ളു​ടെ സഭ വിട്ട്‌ അദ്ദേഹ​ത്തി​ന്റെ പിന്നാലെ പോയി.

സ്ലോ​വേ​നി​യ​യി​ലെ മാരി​ബോ​റി​ലേക്കു മാറി​ത്താ​മ​സിച്ച ഫ്രാന്റ്‌സ്‌ ഒരു ബാർബർ ഷോപ്പിൽ ജോലി കണ്ടെത്തി. കടയുടെ ഉടമയായ റിക്കാർറ്റ്‌ ടൗട്‌സി​നോട്‌ ഫ്രാന്റ്‌സ്‌ ബൈബിൾസ​ത്യ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ച്ചു; അദ്ദേഹം സത്യം സ്വീക​രി​ച്ചു. സുവാർത്താ പ്രസം​ഗ​ത്തി​നുള്ള കേന്ദ്ര​മാ​യി അവർ ആ കട തുടർന്ന്‌ ഉപയോ​ഗി​ച്ചു. ബൈബിൾ വിശ്വാ​സി​ക​ളായ ബാർബർമാർ എന്ന പേരും കിട്ടി അവർക്ക്‌. ഷേവു​ചെ​യ്യു​ന്ന​തി​നി​ട​യിൽ പറയു​ന്ന​തെ​ല്ലാം ആളുകൾ മിണ്ടാ​തി​രു​ന്നു കേട്ടു​കൊ​ള്ളും—മൂർച്ച​യുള്ള കത്തിയാ​ണ​ല്ലോ കൈയി​ലി​രി​ക്കു​ന്നത്‌! അവരിൽ ഒരാൾ ജ്യൂറോ ജമൊന്യ എന്നൊരു രാഷ്‌ട്രീ​യ​ക്കാ​ര​നാ​യി​രു​ന്നു; മറ്റൊ​രാൾ റുഡോൾഫ്‌ കാലെ—ടൈപ്പ്‌​റൈറ്റർ നന്നാക്കുന്ന കടയുടെ ഉടമ. ജ്യൂ​റോ​യും റുഡോൾഫും പെട്ടെന്നു പുരോ​ഗ​മിച്ച്‌ സ്‌നാ​ന​മേറ്റു. ജ്യൂറോ രാഷ്‌ട്രീ​യം ഉപേക്ഷിച്ച്‌ ‘യൂഗോ​സ്ലാ​വി​യ​യി​ലെ ബൈബിൾ വിദ്യാർഥി​ക​ളു​ടെ ലൈറ്റ്‌ഹൗസ്‌ സൊ​സൈറ്റി’ സ്ഥാപി​ക്കാൻ സഹായി​ച്ചു. നിയമ സാധു​ത​യുള്ള ഈ കോർപ്പ​റേഷൻ സഹോ​ദ​ര​ങ്ങൾക്കു സ്വത​ന്ത്ര​മാ​യി പ്രസം​ഗി​ക്കു​ന്ന​തി​നും യോഗങ്ങൾ നടത്തു​ന്ന​തി​നും സഹായ​ക​മാ​യി.

“ഫോട്ടോ നാടകം” വഴിതു​റ​ക്കു​ന്നു

യൂഗോ​സ്ലാ​വി​യ​യി​ലെ വലിയ നഗരങ്ങ​ളി​ലെ​ല്ലാം “സൃഷ്ടി​പ്പിൻ ഫോട്ടോ നാടകം” കാണി​ക്കാ​നാ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സ്വിറ്റ്‌സർലൻഡ്‌ ബ്രാഞ്ച്‌ ഓഫീസ്‌ 1931-ൽ രണ്ടു സഹോ​ദ​ര​ന്മാ​രെ അയച്ചു. നാടകം കാണാൻ ആളുകൾ തടിച്ചു​കൂ​ടി; നന്നായി ശ്രദ്ധി​ക്കു​ക​യും ചെയ്‌തു. അങ്ങനെ, ഇതിനു​വേണ്ടി ജ്യൂറോ ചെയ്‌ത എല്ലാ ശ്രമവും ഫലവത്താ​യി. രാജ്യ​ത്തു​ട​നീ​ളം “ഫോട്ടോ നാടകം” ബൈബിൾസ​ത്യ​ത്തോ​ടുള്ള ആളുക​ളു​ടെ താത്‌പ​ര്യ​മു​ണർത്തി. ഇതിനി​ടെ മാരി​ബോ​റിൽ സ്ലൊ​വേ​നി​യൻ, ജർമൻ ഭാഷക​ളിൽ സഹോ​ദ​രങ്ങൾ യോഗങ്ങൾ നടത്തു​ന്നു​ണ്ടാ​യി​രു​ന്നു. സാ​ഗ്രെ​ബി​ലും പരിസ​ര​ങ്ങ​ളി​ലു​മാ​കട്ടെ, ക്രൊ​യേ​ഷ്യൻ ഭാഷയിൽ ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉപയോ​ഗിച്ച്‌ പലകൂ​ട്ട​ങ്ങ​ളും ചർച്ചകൾ നടത്തി​ത്തു​ടങ്ങി.

അടുത്ത​താ​യി, വീക്ഷാ​ഗോ​പു​രം സ്ലൊ​വേ​നി​യ​നി​ലേ​ക്കും ക്രൊ​യേ​ഷ്യ​നി​ലേ​ക്കും പരിഭാ​ഷ​പ്പെ​ടു​ത്താൻ തീരു​മാ​നി​ച്ചു. എന്നാൽ അതത്ര എളുപ്പ​മുള്ള ഒരു പണി ആയിരു​ന്നില്ല. ഒരു മാസിക വിവർത്തനം ചെയ്‌തു​ക​ഴി​ഞ്ഞാൽ അത്‌ കാർബൺപേപ്പർ വെച്ച്‌ ഒരു സഹോ​ദരി ടൈപ്പു​ചെ​യ്യും—ഒരു പ്രാവ​ശ്യം 20 കോപ്പി​കൾ വീതം. പിന്നീട്‌ ഒരു മിമി​യോ​ഗ്രാഫ്‌ യന്ത്രം വാങ്ങി, അതുപ​യോ​ഗിച്ച്‌ ഒരേസ​മയം 200 എണ്ണം വീതം അച്ചടി​ക്കാ​നാ​യി.

പ്രസം​ഗ​വേ​ല​യ്‌ക്കാ​യി സഹോ​ദ​രങ്ങൾ ഈ മാസി​ക​ക​ളും​കൊണ്ട്‌ യൂഗോ​സ്ലാ​വി​യ​യു​ടെ വ്യത്യസ്‌ത ഭാഗങ്ങ​ളി​ലേക്കു ട്രെയി​നിൽ പോകു​മാ​യി​രു​ന്നു. ചില​പ്പോൾ സ്ലോ​വേ​നി​യ​യി​ലെ സഹോ​ദ​രങ്ങൾ ട്രക്ക്‌ വാടക​യ്‌ക്കെ​ടു​ത്താണ്‌ പ്രസംഗ വേലയ്‌ക്കു പോയി​രു​ന്നത്‌, ഡ്രൈ​വു​ചെ​യ്യാൻ സാക്ഷി​യ​ല്ലാത്ത ഒരാ​ളെ​യും കൂലിക്കു കൂട്ടും. പ്രസംഗ പ്രവർത്തനം കഴിയു​ന്ന​തു​വരെ അയാൾ പകലന്തി​യോ​ളം അവർക്കാ​യി കാത്തി​രി​ക്കും. ആദ്യകാ​ല​ങ്ങ​ളിൽ ആ രാജ്യ​ഘോ​ഷ​കർക്ക്‌ കാര്യ​മായ പരിശീ​ല​ന​മൊ​ന്നും ഇല്ലായി​രു​ന്നു; അതു​കൊ​ണ്ടു​തന്നെ ചില​പ്പോ​ഴൊ​ക്കെ ഒരു മയവു​മി​ല്ലാ​തെ​യാണ്‌ അവർ സുവാർത്ത പങ്കു​വെ​ച്ചി​രു​ന്നത്‌; എങ്കിലും ‘നിത്യ​ജീ​വ​നാ​യി നിയമി​ക്ക​പ്പെ​ട്ട​വരെ’ കണ്ടെത്താൻ യഹോവ അവരെ സഹായി​ച്ചു.—പ്രവൃ. 13:48.

“എന്റെ ആന്റിയായ ടെരീ​സിയ ഗ്രേഡി​ച്ചിൽനി​ന്നും അവരുടെ ഭർത്താ​വായ ഫ്രാങ്കിൽനി​ന്നു​മാണ്‌ ഞാൻ സത്യ​ത്തെ​ക്കു​റിച്ച്‌ കേട്ടത്‌, 1931-ൽ,” ഫ്രാന്റ്‌സ്‌ സൊഗ്‌​മൈസ്റ്റർ ഓർമി​ക്കു​ന്നു. “സ്ലോ​വേ​നി​യ​യി​ലെ ആദ്യകാല പ്രസാ​ധ​ക​രിൽ ഒരാളാണ്‌ അദ്ദേഹം. ഫ്രാങ്ക്‌ വലിയ മതവി​രോ​ധി ആയിരു​ന്നു മുമ്പ്‌; എന്നാൽ പിന്നീട്‌ താത്‌പ​ര്യ​പൂർവം ബൈബിൾ വായി​ക്കാൻ തുടങ്ങി. അത്‌ എന്നിൽ വലിയ മതിപ്പ്‌ ഉളവാക്കി, ഞാനും അദ്ദേഹ​ത്തോ​ടൊ​പ്പം തിരു​വെ​ഴു​ത്തു​കൾ പഠിച്ചു തുടങ്ങി. എന്റെ കുടും​ബാം​ഗങ്ങൾ എതിർത്തെ​ങ്കി​ലും പുതു​താ​യി മനസ്സി​ലാ​ക്കിയ കാര്യങ്ങൾ മറ്റുള്ള​വ​രോ​ടു പറയാൻ ഞാൻ ആഗ്രഹി​ച്ചു. ഈ വിവരം അറിഞ്ഞ്‌ ഇടവക​യി​ലെ പുരോ​ഹി​തൻ ഉടനെ എന്നെ വിളി​പ്പി​ച്ചു. എനിക്കു ബൈബിൾ മനസ്സി​ലാ​ക്കാ​നുള്ള കഴിവി​ല്ലെ​ന്നും അതു​കൊണ്ട്‌ ഞാൻ ബൈബിൾ കൈവ​ശം​വെ​ക്കാൻ പാടി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു. എന്റെ ബൈബിൾ അദ്ദേഹത്തെ ഏൽപ്പി​ക്കാൻ ആവശ്യ​പ്പെ​ട്ടെ​ങ്കി​ലും ഞാൻ വിസമ്മ​തി​ച്ചു. പിന്നീട്‌ എന്റെ ഡാഡി മരിച്ച​പ്പോൾ, അദ്ദേഹ​ത്തി​നു​വേണ്ടി കുർബാന ചൊല്ലാൻ ഞാൻ പണം കൊടു​ത്തില്ല. ഇതി​ന്റെ​പേ​രിൽ ഒരിക്കൽ വഴിക്കു​വെച്ച്‌ പുരോ​ഹി​തൻ വല്ലാതെ ക്ഷുഭി​ത​നാ​യി. ‘കുർബാ​ന​കൊണ്ട്‌ ഡാഡിക്ക്‌ എന്തെങ്കി​ലും ഗുണമു​ണ്ടാ​കു​മെ​ങ്കിൽ ഒന്നല്ല, ഒരായി​രം കുർബാ​ന​യ്‌ക്കുള്ള പണം തരാം,’ ഞാൻ പറഞ്ഞു.

“‘പിന്നെ, അതു​കൊണ്ട്‌ ഗുണമുണ്ട്‌!’ പുരോ​ഹി​തൻ പറഞ്ഞു.

“‘ഡാഡി സ്വർഗ​ത്തി​ലാ​ണെ​ങ്കിൽ ഡാഡിക്കു കുർബാ​ന​യു​ടെ ആവശ്യ​മില്ല; ഇനി, നരകത്തി​ലാ​ണെ​ങ്കിൽ ഈ കുർബാ​ന​കൊ​ണ്ടൊ​ട്ടു പ്രയോ​ജ​ന​വു​മില്ല,’ ഞാൻ പറഞ്ഞു.

“‘എന്നാൽ ശുദ്ധീ​ക​ര​ണ​സ്ഥ​ല​ത്താ​ണെ​ങ്കി​ലോ?’ പുരോ​ഹി​തൻ ചോദി​ച്ചു.

“‘എനിക്കു ധാരാളം സ്വത്തു​ണ്ടെന്നു താങ്കൾക്ക്‌ അറിയാ​മ​ല്ലോ. നരകവും ശുദ്ധീ​ക​ര​ണ​സ്ഥ​ല​വും ഉണ്ടെന്നും മരണത്തെ അതിജീ​വി​ക്കുന്ന അമർത്യാ​ത്മാവ്‌ മനുഷ്യ​നു​ണ്ടെ​ന്നും ദൈവം ത്രിത്വ​മാ​ണെ​ന്നും ബൈബി​ളിൽനി​ന്നു തെളി​യാ​ക്കാ​മെ​ങ്കിൽ ഈ നിമിഷം ഒരു വക്കീലി​ന്റെ അടുത്തു​പോ​യി എന്റെ സ്വത്തെ​ല്ലാം താങ്കളു​ടെ പേരിൽ എഴുതി​ത്ത​രാം,’ ഞാൻ പറഞ്ഞു.

“അദ്ദേഹം എന്നെ​യൊ​ന്നു തുറി​ച്ചു​നോ​ക്കി; പിന്നെ ഒരു സിഗരറ്റ്‌ എടുത്ത്‌ കത്തിച്ചിട്ട്‌ സ്ഥലം വിട്ടു.”

വയലി​ലേക്കു പയനി​യർമാർ

യൂഗോ​സ്ലാ​വി​യ​യിൽ സത്യത്തി​ന്റെ വെളിച്ചം പ്രകാ​ശി​ക്കാൻ, 1930-കളിൽ തീക്ഷ്‌ണ​ത​യുള്ള സ്‌ത്രീ​പു​രു​ഷ​ന്മാർ വഴിതു​റന്നു. ഉദാഹ​ര​ണ​ത്തിന്‌, സ്ലോ​വേ​നി​യ​യി​ലെ മാരി​ബോ​റിൽ ഗ്രെറ്റ്‌ ഷ്‌റ്റോ​ഡി​ങ്ങർ, കാറ്ററീന കൊനാ​ച്ച്‌നീക്ക്‌ എന്നീ സഹോ​ദ​രി​മാ​രും പിന്നീട്‌ കരോ​ളീന സ്‌​ട്രോ​പ്‌നീക്ക്‌ എന്ന സഹോ​ദ​രി​യും അവധി​ക്കാല പയനി​റിങ്‌ എന്നു പിന്നീട്‌ അറിയ​പ്പെട്ട സേവന​ത്തിന്‌ പേർ ചാർത്തി. തെക്ക്‌ ഹെർസ​ഗോ​വി​ന​യി​ലെ മുഖ്യ പട്ടണമായ മോസ്റ്റ​റിൽ ആൽ​ഫ്രെഡ്‌ റ്റൂച്ചാക്ക്‌ എന്ന വാദ്യ​വൃ​ന്ദ​നാ​യകൻ സത്യം മനസ്സി​ലാ​ക്കി, തുടർന്ന്‌ പയനി​യ​റിങ്‌ തുടങ്ങി. ക്രൊ​യേ​ഷ്യ​യി​ലെ സാ​ഗ്രെ​ബിൽനി​ന്നുള്ള 23-കാരനായ ഡൂഷൻ മീക്കി​ച്ചിന്‌ മരിച്ചവർ എവിടെ? എന്ന ചെറു​പു​സ്‌തകം കിട്ടാ​നി​ട​യാ​യി. അദ്ദേഹ​വും പെട്ടെന്നു പുരോ​ഗ​മിച്ച്‌ സ്‌നാ​ന​മേൽക്കു​ക​യും പയനി​യ​റിങ്‌ ആരംഭി​ക്കു​ക​യും ചെയ്‌തു. ചുറു​ചു​റു​ക്കുള്ള ജർമൻ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ വരവോ​ടെ പയനി​യർമാ​രു​ടെ എണ്ണം വീണ്ടും വർധിച്ചു.

യൂഗോ​സ്ലാ​വി​യ​യിൽ സത്യം വേരൂ​ന്നവെ, ജർമനി​യിൽ വേല നിരോ​ധി​ക്ക​പ്പെട്ടു. മാർട്ടിൻ പൊ​യെ​റ്റ്‌സി​ങ്ങർ, ആൽ​ഫ്രെഡ്‌ ഷ്‌മിത്ത്‌, വിൻകോ പ്ലാ​റ്റൈസ്‌, ഭാര്യ ജോസ​ഫീൻ, വില്ലി വിൽക്കി, ഭാര്യ എലിസ​ബത്ത്‌ തുടങ്ങി 20-ഓളം ദീർഘ​കാല പയനി​യർമാ​രെ യൂഗോ​സ്ലാ​വി​യ​യി​ലേക്ക്‌ അയയ്‌ക്കാൻ സ്വിറ്റ്‌സർലൻഡി​ലെ ബ്രാഞ്ച്‌ ഓഫീസ്‌ ക്രമീ​ക​രണം ചെയ്‌തു. സ്ലൊ​വേ​നി​യ​നും സെർബോ-ക്രൊ​യേ​ഷ്യൻ ഭാഷക​ളും അറിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ഭാവി പുരോ​ഗ​തി​ക്കു വഴിതു​റ​ന്നു​കൊണ്ട്‌ സാക്ഷ്യ​ക്കാർഡു​കൾ ഉപയോ​ഗിച്ച്‌ ധീരമാ​യി പ്രസം​ഗിച്ച ത്യാഗ​മ​ന​സ്‌ക​രായ പയനി​യർമാ​രാ​യി​രു​ന്നു അവർ.

പയനി​യ​റി​ങ്ങി​ന്റെ വെല്ലു​വി​ളി

സാമ്പത്തിക ക്ലേശങ്ങ​ളും ഭാഷാ​പ്ര​ശ്‌ന​വും തരണം​ചെ​യ്യാൻ ദൈവ​സേ​വ​ന​ത്തി​ലെ അവരുടെ തീക്ഷ്‌ണ​ത​യും ആളുക​ളോ​ടുള്ള സ്‌നേ​ഹ​വും അവരെ സഹായി​ച്ചു. ഒരിട​ത്തു​നി​ന്നു മറ്റൊ​രി​ട​ത്തേക്കു യാത്ര​ചെ​യ്യു​ന്ന​തും അവർക്കൊ​രു വെല്ലു​വി​ളി​യാ​യി​രു​ന്നു. ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലെ ചില ഗ്രാമ​ങ്ങ​ളിൽ ചെന്നെ​ത്തു​ന്ന​തിന്‌ പലപ്പോ​ഴും പ്രതി​കൂല കാലാ​വ​സ്ഥ​യിൽ 40 കിലോ​മീ​റ്റർ കാൽന​ട​യാ​യി ഊടു​വ​ഴി​ക​ളി​ലൂ​ടെ സഞ്ചരി​ക്കേ​ണ്ടി​യി​രു​ന്നു. ഇങ്ങനെ ഗ്രാമം തോറും നടക്കു​മ്പോൾ തന്റെ ചെരി​പ്പി​നു കേടു​വ​രാ​തി​രി​ക്കാൻ അത്‌ ഊരി കൈയിൽ പിടി​ച്ചു​കൊണ്ട്‌ നടന്ന കാര്യം ഒരു പയനിയർ സഹോ​ദരി ഓർമി​ക്കു​ന്നു. സാഹി​ത്യ​ങ്ങൾ നിറച്ച ബാഗും പുറത്തു​തൂ​ക്കി, ശ്രദ്ധി​ക്കാൻ മനസ്സു​കാ​ണി​ക്കുന്ന ഏവരോ​ടും സുവി​ശേ​ഷി​ച്ചു​കൊണ്ട്‌ ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ നടന്നതി​നെ​ക്കു​റിച്ച്‌ പിന്നീടു ഭരണസം​ഘ​ത്തി​ലെ ഒരംഗം ആയിത്തീർന്ന മാർട്ടിൻ പൊ​യെ​റ്റ്‌സി​ങ്ങർ സഹോ​ദരൻ പറയാ​റു​ണ്ടാ​യി​രു​ന്നു.

സ്വിറ്റ്‌സർലൻഡി​ലെ ഒരു സഹോ​ദരൻ വിശ്വ​സ്‌ത​രായ ഈ പയനി​യർമാർക്ക്‌ സൈക്കിൾ വാങ്ങി​ക്കൊ​ടു​ത്ത​തോ​ടെ അവരുടെ യാത്ര കൂടുതൽ സുഗമ​മാ​യി​ത്തീർന്നു. അവർ ദശകങ്ങ​ളോ​ളം അതു സേവന​ത്തി​നാ​യി ഉപയോ​ഗി​ച്ചു.

പൊതു​വെ സൗഹാർദ​മ​ന​സ്‌ക​രും അപരി​ചി​ത​രെ​പ്പോ​ലും ആദരി​ക്കുന്ന ഔദാ​ര്യ​മു​ള്ള​വ​രു​മാണ്‌ യൂഗോ​സ്ലാ​വി​യ​ക്കാർ; എങ്കിലും വിശ്വാ​സ​ത്തി​ന്റെ പേരിൽ നമ്മുടെ പയനി​യർമാർക്ക്‌ അവിടെ വളരെ​യ​ധി​കം പീഡനം സഹി​ക്കേ​ണ്ടി​വന്നു. ക്രൈ​സ്‌തവ പുരോ​ഹി​ത​ന്മാർ അവരുടെ അനുയാ​യി​ക​ളു​ടെ​മേൽ ഗണ്യമായ സ്വാധീ​നം ചെലു​ത്തി​യി​രു​ന്നു, കൊച്ചു​കൊ​ച്ചു ഗ്രാമ​ങ്ങ​ളിൽ ഇതു വിശേ​ഷാൽ സത്യമാ​യി​രു​ന്നു. ചില​പ്പോ​ഴൊ​ക്കെ ഈ പുരോ​ഹി​ത​ന്മാർ സ്‌കൂൾകു​ട്ടി​കളെ ഇളക്കി​വിട്ട്‌ പയനി​യർമാ​രു​ടെ പിന്നാലെ ചെന്ന്‌ കല്ലെറി​യാൻ അവരെ പ്രേരി​പ്പി​ക്കു​മാ​യി​രു​ന്നു. പയനി​യർമാ​രു​ടെ ജീവിതം ദുരി​ത​പൂർണ​മാ​ക്കാൻ അവർ ഗവണ്മെന്റ്‌ അധികാ​രി​ക​ളെ​യും ഉപയോ​ഗി​ച്ചു; സാഹി​ത്യ​ങ്ങൾ കണ്ടു​കെ​ട്ടു​ക​യും സഹോ​ദ​ര​ങ്ങളെ അറസ്റ്റു​ചെ​യ്യു​ക​യും ചെയ്‌തു.

ഒരിക്കൽ, വില്ലി വിൽക്കി, ഭാര്യ എലിസ​ബത്ത്‌, ഗ്രെറ്റ്‌ ഷ്‌റ്റോ​ഡി​ങ്ങർ എന്നീ പയനി​യർമാർ ക്രൊ​യേ​ഷ്യ​യു​ടെ ഉൾപ്ര​ദേ​ശ​ത്തുള്ള ഒരു ഗ്രാമ​ത്തിൽ പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. യേശു​ക്രി​സ്‌തു​വി​ന്റെ ചിത്രം അടങ്ങുന്ന നീതി​യുള്ള ഭരണാ​ധി​കാ​രി (ഇംഗ്ലീഷ്‌) എന്ന ചെറു​പു​സ്‌ത​ക​മാണ്‌ അവർ വിതരണം ചെയ്‌തി​രു​ന്നത്‌. പെട്ടെന്ന്‌, ആളുകൾ ആർത്തു​വി​ളി​ക്കു​ന്നതു കേട്ട്‌ വില്ലി വിൽക്കി അവി​ടേ​ക്കു​ചെന്നു. നടുക്കുന്ന കാഴ്‌ച​യാണ്‌ അവി​ടെ​ക്ക​ണ്ടത്‌—ഏതാണ്ട്‌ 20-ഓളം വരുന്ന കുപി​ത​രായ ഒരു ജനക്കൂട്ടം വാക്കത്തി​ക​ളു​മാ​യി എലിസ​ബ​ത്തി​നു ചുറ്റും! അതിന​ടുത്ത്‌ മറ്റൊരു കൂട്ടം നമ്മുടെ ചെറു​പു​സ്‌ത​കങ്ങൾ കത്തിക്കുന്ന തിരക്കി​ലാണ്‌.

വെറും സാധാ​ര​ണ​ക്കാ​രായ ആ ഗ്രാമ​വാ​സി​കൾ ഇത്ര രോഷാ​കു​ല​രാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം നമ്മുടെ പയനി​യർമാർക്ക്‌ മനസ്സി​ലാ​യില്ല, ചോദി​ച്ച​റി​യാൻ എലിസ​ബത്ത്‌ സഹോ​ദ​രി​ക്കാ​കട്ടെ, അവരുടെ ഭാഷയും നല്ല വശമി​ല്ലാ​യി​രു​ന്നു. എന്നാൽ ഗ്രെറ്റ്‌ സഹോ​ദ​രിക്ക്‌ ഗ്രാമ​വാ​സി​ക​ളു​ടെ ഭാഷയും ജർമനും നന്നായി അറിയാ​മാ​യി​രു​ന്നു. അവർ ധൈര്യ​സ​മേതം മുന്നോ​ട്ടു​ചെന്ന്‌ “പ്രിയ ജനങ്ങളേ, നിങ്ങൾ എന്താണീ ചെയ്യു​ന്നത്‌?” എന്നു ചോദി​ച്ചു.

“പീറ്റർ രാജാ​വി​നെ ഞങ്ങൾക്കു വേണ്ടേ വേണ്ട!” ഏതാണ്ട്‌ ഒരേ സ്വരത്തിൽ അവർ മറുപടി പറഞ്ഞു.

“ഞങ്ങൾക്കും വേണ്ട,” ഗ്രെറ്റ്‌ സഹോ​ദരി പറഞ്ഞു.

“എങ്കിൽപ്പി​ന്നെ അയാൾക്കു​വേണ്ടി നിങ്ങൾ എന്തിനാണ്‌ ഈ പ്രചാ​ര​ണ​പ​രി​പാ​ടി നടത്തു​ന്നത്‌?” ചെറു​പു​സ്‌ത​ക​ത്തി​ലെ ചിത്രം കാണി​ച്ചു​കൊണ്ട്‌ അത്ഭുത​ത്തോ​ടെ അവർ ചോദി​ച്ചു.

അപ്പോൾ ഗ്രെറ്റ്‌ സഹോ​ദ​രിക്ക്‌ കാര്യം പിടി​കി​ട്ടി. ഒരു വർഷം​മുമ്പ്‌ 1934-ൽ, യൂഗോ​സ്ലാ​വി​യൻ രാജാ​വാ​യി​രുന്ന അലക്‌സാ​ണ്ടർ 1-ാമൻ വധിക്ക​പ്പെട്ടു; പകരം അദ്ദേഹ​ത്തി​ന്റെ മകൻ പീറ്റർ രാജാ​വാ​കാൻ പോകു​ക​യാ​യി​രു​ന്നു. എന്നാൽ സെർബി​യൻ ചക്രവർത്തി ഭരണ​ത്തെ​ക്കാൾ ഗ്രാമ​വാ​സി​കൾക്കു താത്‌പ​ര്യം സ്വയം​ഭ​ര​ണ​മാ​യി​രു​ന്നു. യേശു​ക്രി​സ്‌തു​വി​ന്റെ ചിത്രം കണ്ട്‌ പീറ്ററി​ന്റേ​താ​ണെന്ന്‌ അവർ തെറ്റി​ദ്ധ​രി​ച്ചു​പോ​യി!

ആ തെറ്റി​ദ്ധാ​രണ മാറി​യ​പ്പോൾ രാജാ​വായ യേശു​ക്രി​സ്‌തു​വി​നെ​ക്കു​റിച്ച്‌ പയനി​യർമാർ അവർക്ക്‌ ഒരു നല്ല സാക്ഷ്യം നൽകി. ചെറു​പു​സ്‌ത​കങ്ങൾ കത്തിച്ച ചിലർ അവ ചോദി​ച്ചു​വന്നു. യഹോ​വ​യു​ടെ സംരക്ഷണം അനുഭ​വി​ച്ച​റിഞ്ഞ ആ പയനി​യർമാർ സന്തോ​ഷ​ത്തോ​ടെ ഗ്രാമം വിട്ടു.

നാട്ടു​ന​ട​പ്പു സംബന്ധി​ച്ചും പയനി​യർമാർ ശ്രദ്ധയു​ള്ളവർ ആയിരി​ക്കേ​ണ്ടി​യി​രു​ന്നു. ഭൂരി​പ​ക്ഷ​വും ഇസ്ലാം​മ​ത​വി​ശ്വാ​സി​കൾ ആയിരി​ക്കുന്ന ബോസ്‌നി​യൻ ഗ്രാമങ്ങൾ സന്ദർശി​ക്കു​മ്പോൾ തദ്ദേശീ​യ​രു​ടെ ഇഷ്ടാനി​ഷ്ട​ങ്ങൾക്കു പ്രത്യേക ശ്രദ്ധനൽകേ​ണ്ടി​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, വിവാ​ഹി​ത​യായ മുസ്ലീം സ്‌ത്രീ​യു​മാ​യി നേർക്കു​നേരെ നോക്കി സംസാ​രി​ക്കു​ന്നത്‌ അവരുടെ ഭർത്താ​വി​ന്റെ അതൃപ്‌തിക്ക്‌ ഇടയാ​ക്കു​മാ​യി​രു​ന്നു.

ആ സമയത്ത്‌ വളരെ കുറച്ച്‌ സഭകളും കൂട്ടങ്ങ​ളും മാത്രമേ ആ രാജ്യത്ത്‌ ഉണ്ടായി​രു​ന്നു​ള്ളൂ. ഉൾപ്ര​ദേ​ശത്തെ ഗ്രാമ​ങ്ങ​ളിൽ വയൽസേ​വനം നടത്തി​യ​ശേഷം രാത്രി​ക​ഴി​യാൻ ഇടം കണ്ടെത്തുക ചില​പ്പോ​ഴൊ​ക്കെ അത്ര എളുപ്പ​മ​ല്ലാ​യി​രു​ന്നു. ഗസ്‌റ്റ്‌ഹൗ​സിൽ മുറി​യെ​ടു​ക്കു​ന്ന​തി​നുള്ള പണം പയനി​യർമാ​രു​ടെ കൈവശം ഉണ്ടായി​രു​ന്നില്ല. ജോസ​ഫീൻ പ്ലാ​റ്റൈസ്‌ പറയുന്നു: “അവിടത്തെ കത്തോ​ലിക്ക പുരോ​ഹി​തനെ പേടിച്ച്‌ ഒരു ഗ്രാമ​ത്തി​ലെ ആരും ഞങ്ങൾക്ക്‌ അന്തിയു​റ​ങ്ങാൻ ഇടം നൽകി​യില്ല. ആ ഗ്രാമം വിടാ​റാ​യ​പ്പോ​ഴേ​ക്കും നേരം ഇരുട്ടി​ക്ക​ഴി​ഞ്ഞി​രു​ന്നു. വരുന്ന വഴിക്ക്‌ ഒരു വലിയ മരം കണ്ടു, ചുവട്ടിൽ നിറയെ ഉണങ്ങിയ ഇലകളും—രാത്രി​യിൽ ഞങ്ങൾ അവിടെ തങ്ങി! കഴുകാ​നുള്ള തുണികൾ നിറച്ച ബാഗ്‌ തലയി​ണ​യാ​ക്കി. എന്റെ ഭർത്താവ്‌ സൈക്കിൾ ഒരു കയറു​കൊണ്ട്‌ തന്റെ കാലിൽ കെട്ടി​യി​ട്ടു. രാവിലെ ഉണർന്ന​പ്പോൾ മനസ്സി​ലാ​യി ഒരു കിണറി​ന​ടു​ത്താണ്‌ ഞങ്ങൾ ഉറങ്ങി​യ​തെന്ന്‌. അങ്ങനെ പ്രഭാ​ത​കൃ​ത്യ​ങ്ങൾ കഴിഞ്ഞ്‌ വീണ്ടു​മൊ​രു ദിവസ​ത്തേക്കു ഞങ്ങൾ തയ്യാറാ​യി. യഹോവ ഞങ്ങളെ കാക്കുക മാത്രമല്ല, ഞങ്ങളുടെ ഭൗതിക ആവശ്യ​ങ്ങ​ളും നിറ​വേറ്റി.”

കൊച്ചു​കൊ​ച്ചു കാര്യ​ങ്ങ​ളിൽപ്പോ​ലും ഈ പയനി​യർമാർ യഹോ​വ​യു​ടെ കരുതൽ അനുഭ​വി​ച്ച​റി​ഞ്ഞു. സ്വന്തം സുഖ​ത്തെ​ക്കാൾ സുവാർത്ത ഘോഷി​ക്കു​ന്ന​തി​ലാ​യി​രു​ന്നു അവരുടെ ശ്രദ്ധ.

മാസി​ഡോ​ണി​യ​യി​ലേക്കു കടന്നു​ചെ​ല്ലു​ന്നു

പയനി​യർമാ​രായ ആൽ​ഫ്രെഡ്‌ റ്റൂച്ചാ​ക്കും ഭാര്യ ഫ്രീഡ​യും സ്ലോ​വേ​നി​യ​യിൽനി​ന്നു ബൾഗേ​റി​യ​യി​ലേക്കു യാത്ര​ചെ​യ്യവെ, രാജ്യ​ദൂ​തു ഘോഷി​ക്കാൻ ആ അവസരം പ്രയോ​ജ​ന​പ്പെ​ടു​ത്തി. മാസി​ഡോ​ണി​യ​യി​ലെ സ്‌ട്രു​മീ​റ്റ്‌സാ എന്ന പട്ടണത്തിൽ ഡിമീ​റ്റാർ യോവാ​നോ​വിച്ച്‌ എന്നു പേരുളള ഒരു കടയു​ട​മ​യോട്‌ അവർ സാക്ഷീ​ക​രി​ച്ചു, വായി​ച്ചി​ട്ടു തിരി​കെ​നൽകാൻ കുറച്ചു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും നൽകി. ഒരു മാസം കഴിഞ്ഞ്‌ ബൾഗേ​റി​യ​യിൽനി​ന്നു മടങ്ങുന്ന വഴിക്ക്‌ അവർ അദ്ദേഹത്തെ വീണ്ടും സന്ദർശി​ച്ചു. അദ്ദേഹം അവയൊ​ന്നും വായി​ച്ചി​ല്ലെന്നു കണ്ട അവർ, വിലമ​തി​പ്പു​ള്ള​വർക്കു കൊടു​ക്കാ​നാ​യി സാഹി​ത്യ​ങ്ങൾ തിരികെ നൽകാൻ ആവശ്യ​പ്പെട്ടു. ഇതു​കേ​ട്ട​പ്പോൾ ഡിമീ​റ്റാ​റിന്‌ അവ വായി​ക്ക​ണ​മെ​ന്നാ​യി, ഒരവസ​ര​വും​കൂ​ടി നൽകാൻ കേണ​പേ​ക്ഷി​ച്ചു. അവ വായിച്ച അദ്ദേഹ​ത്തിന്‌ ഇതാണ്‌ വാസ്‌ത​വ​ത്തിൽ സത്യമതം എന്നു മനസ്സി​ലാ​യി. അങ്ങനെ, യഹോ​വ​യു​ടെ സാക്ഷി​യാ​യി മാസി​ഡോ​ണി​യ​യിൽ ആദ്യം സ്‌നാ​ന​മേറ്റ വ്യക്തി​യാ​യി ഡിമീ​റ്റാർ.

അലക്‌സാ അർസോവ്‌, അദ്ദേഹ​ത്തി​ന്റെ സഹോ​ദരൻ കോസ്റ്റാ അർസോവ്‌ എന്നിവ​രു​മാ​യി ഡിമീ​റ്റാർ സത്യം പങ്കു​വെച്ചു; അതോടെ മാസി​ഡോ​ണി​യ​യിൽ സാക്ഷി​ക​ളു​ടെ എണ്ണം മൂന്നായി. മാസി​ക​ക​ളും റെക്കോർഡു​ചെയ്‌ത പ്രഭാ​ഷ​ണങ്ങൾ അടങ്ങുന്ന ഗ്രാമ​ഫോ​ണും ഉപയോ​ഗിച്ച്‌ അവർ സുവാർത്താ ഘോഷണം ആരംഭി​ച്ചു. അതിൽ ഒരു മാസിക ഒരു ഇവാഞ്ച​ലി​ക്കൽ മെഥഡിസ്റ്റ്‌ മതശു​ശ്രൂ​ഷ​കന്റെ കൈയിൽ ചെന്നു​ചേർന്നു. തന്റെ സഭയിലെ റ്റൂഷോ സാർകെവ്‌ എന്ന സമർഥ​നായ യുവാ​വിന്‌ അയാൾ അതു കൈമാ​റി. ആ മാസിക ഇഷ്ടപ്പെ​ട്ട​തി​നാൽ കൂടുതൽ മാസി​കകൾ വാങ്ങി​ക്കൊ​ടു​ക്കാൻ റ്റൂഷോ അയാളെ നിർബ​ന്ധി​ച്ചു. സുവി​ശേ​ഷ​വേല ചെയ്യു​ന്ന​തിന്‌ പണം പറ്റുന്നതു ശരിയ​ല്ലെന്ന്‌ പെട്ടെ​ന്നു​തന്നെ റ്റൂഷോ തിരി​ച്ച​റി​ഞ്ഞു. ഉത്സാഹ​ഭ​രി​ത​നാ​യി, തന്റെ മതശു​ശ്രൂ​ഷ​ക​നോട്‌ ഇതു പറഞ്ഞ​തോ​ടെ മാസി​കകൾ വാങ്ങി​ക്കൊ​ടു​ക്കുന്ന പരിപാ​ടി അയാൾ മതിയാ​ക്കി. തുടർന്ന്‌ റ്റൂഷോ, കൂടുതൽ മാസി​കകൾ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ മാസി​ക​യിൽ കണ്ട മേൽവി​ലാ​സ​ത്തിൽ മാരി​ബോർ ബ്രാഞ്ചി​ലേക്ക്‌ കത്തെഴു​തി. റ്റൂഷോ​യെ സന്ദർശി​ക്കാൻ ഡിമീ​റ്റാർ, അലക്‌സാ, കോസ്റ്റാ എന്നിവ​രോട്‌ ബ്രാഞ്ച്‌ ഓഫീസ്‌ ആവശ്യ​പ്പെട്ടു. താമസി​യാ​തെ ഒരു സഭാക്കൂ​ട്ടം രൂപീ​കൃ​ത​മാ​യി.

1935-ൽ ബ്രാഞ്ച്‌ ഓഫീസ്‌ സ്ലോ​വേ​നി​യ​യി​ലെ മാരി​ബോ​റിൽനിന്ന്‌ സെർബി​യ​യി​ലെ ബെൽ​ഗ്രേ​ഡി​ലേക്കു മാറ്റി. യൂഗോ​സ്ലാ​വി​യ​യു​ടെ തലസ്ഥാ​ന​മാ​യി​രു​ന്നു ഇത്‌. മേൽനോ​ട്ടം വഹിക്കാ​നാ​യി ഫ്രാന്റ്‌സ്‌ ബ്രാൻഡ്‌, റുഡോൾഫ്‌ കാലെ എന്നീ സഹോ​ദ​ര​ങ്ങളെ നിയമി​ച്ചു.

വേല നിരോ​ധി​ക്ക​പ്പെ​ടു​ന്നു

എത്ര തീക്ഷ്‌ണ​മാ​യാണ്‌ അന്നു നമ്മുടെ സഹോ​ദ​രങ്ങൾ പ്രവർത്തി​ച്ചി​രു​ന്ന​തെന്ന്‌ കത്തോ​ലി​ക്കസഭ 1933-ൽ പ്രസി​ദ്ധീ​ക​രിച്ച ഒരു ലഘുപ​ത്രി​ക​യിൽനി​ന്നു വ്യക്തമാ​കു​ന്നു. നമ്മുടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തെ​ക്കു​റിച്ച്‌ വളരെ വിശദ​മാ​യി അതിൽ ചർച്ച​ചെ​യ്യു​ക​യു​ണ്ടാ​യി. മാത്രമല്ല, താമസി​യാ​തെ നമ്മുടെ വേല നിലയ്‌ക്കു​മെന്ന്‌ കത്തോ​ലി​ക്കസഭ പ്രവചി​ക്കു​ക​യും ചെയ്‌തി​രു​ന്നു. എന്നാൽ അവർക്കു തെറ്റി​പ്പോ​യി!

പയനി​യർമാ​രു​ടെ ആ ചെറിയ കൂട്ടത്തി​ന്റെ ഊർജി​ത​മായ പ്രവർത്തനം ഉത്തര യൂഗോ​സ്ലാ​വി​യ​യി​ലെ പുരോ​ഹി​ത​ന്മാ​രെ അരിശം​കൊ​ള്ളി​ച്ചു. രാജ്യ​പ്ര​സം​ഗ​വേല തടയു​ന്ന​തി​നുള്ള ശ്രമങ്ങളെ കോടതി വിലക്കി​യ​പ്പോൾ അവർ ഒന്നുകൂ​ടി രോഷാ​കു​ല​രാ​യി. അവസാനം, സ്ലോ​വേ​നി​യ​ക്കാ​ര​നായ ഒരു ഈശോ​സഭാ പുരോ​ഹി​തൻ ആഭ്യന്തര മന്ത്രി​യാ​യി സ്ഥാന​മേറ്റു. ‘ലൈറ്റ്‌ഹൗസ്‌ സൊ​സൈറ്റി’ അടച്ചു​പൂ​ട്ടുക എന്നതാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ ആദ്യ ഉത്തരവു​ക​ളിൽ ഒന്ന്‌. 1936 ആഗസ്റ്റിൽ വേല നിരോ​ധി​ക്ക​പ്പെട്ടു. രാജ്യ​ഹാൾ അടച്ചു മുദ്ര​യി​ടു​ക​യും സാഹി​ത്യ​ങ്ങൾ കണ്ടു​കെ​ട്ടു​ക​യും ചെയ്‌തു. എന്നാൽ സഭകൾക്കു നേര​ത്തേ​തന്നെ വിവരം ലഭിച്ചി​രു​ന്ന​തി​നാൽ അധികാ​രി​കൾക്കു കണ്ടു​കെ​ട്ടാൻ കാര്യ​മാ​യി​ട്ടൊ​ന്നും കിട്ടി​യില്ല എന്നതാണ്‌ രസകര​മായ സംഗതി. നമ്മുടെ വേല നിർബാ​ധം തുടരു​ന്ന​തിന്‌ ആവശ്യ​മായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ലഭ്യമാ​ക്കാൻ ബെൽ​ഗ്രേ​ഡിൽ കുല സട്രാ​ജറ (വാച്ച്‌ടവർ) എന്ന പേരിൽ ഒരു ചെറിയ ഓഫീസ്‌ തുറന്നു; സഭാ​യോ​ഗങ്ങൾ ഭവനങ്ങ​ളിൽ നടത്തി​പ്പോ​ന്നു.

വേല നിരോ​ധി​ച്ചി​രു​ന്ന​തി​നാൽ പ്രസം​ഗ​വേല നിറു​ത്തി​ക്കാൻ ഗവണ്മെന്റ്‌ ഒന്നി​നൊ​ന്നു സമ്മർദം ചെലുത്തി. മുഴു​സമയ ശുശ്രൂ​ഷ​ക​രാ​യി​രു​ന്നു മുഖ്യ​ല​ക്ഷ്യം. ഇത്‌ ജർമൻ സംസാ​രി​ക്കുന്ന സഹോ​ദ​ര​ങ്ങൾക്കു കൂടുതൽ ബുദ്ധി​മു​ട്ടു​ള​വാ​ക്കി. മറ്റു യൂറോ​പ്യൻ രാജ്യ​ങ്ങ​ളിൽ വേല നിരോ​ധി​ക്ക​പ്പെ​ട്ട​തി​നാ​ലാണ്‌ ഈ പയനി​യർമാ​രിൽ പലരും യൂഗോ​സ്ലാ​വി​യ​യി​ലേക്കു വന്നത്‌; ഇപ്പോൾ ഇതാ ഇവി​ടെ​യും നിരോ​ധനം. പയനി​യർമാ​രെ അറസ്‌റ്റു​ചെ​യ്‌തു തടവി​ലാ​ക്കി​യെ​ങ്കി​ലും അവരുടെ തീക്ഷ്‌ണ​ത​യ്‌ക്ക്‌ തെല്ലും മങ്ങലേ​റ്റില്ല. “ജയിലിൽവന്ന്‌ ഞങ്ങളെ കാണാൻ ചില​പ്പോ​ഴൊ​ക്കെ സഹോ​ദ​ര​ങ്ങളെ അനുവ​ദി​ച്ചി​രു​ന്നില്ല. എന്നാൽ യഹോവ ഞങ്ങളെ ഒരിക്ക​ലും കൈവി​ട്ടില്ല,” ഒരു സഹോ​ദരി പറയു​ക​യു​ണ്ടാ​യി. “ഒരിക്കൽ, ഞങ്ങളെ കാണാൻ വന്ന സഹോ​ദ​രന്‌ അനുവാ​ദം ലഭിച്ചില്ല; എന്നാൽ അദ്ദേഹം വാർഡ​നോട്‌ ഞങ്ങൾക്കു കേൾക്കാ​വു​ന്നത്ര ഉച്ചത്തി​ലാണ്‌ സംസാ​രി​ച്ചത്‌. ആ സ്വരം കേട്ടതു​തന്നെ എത്ര പ്രോ​ത്സാ​ഹ​ന​മാ​യി​രു​ന്നെ​ന്നോ!”

ഈ കാലഘ​ട്ട​ത്തി​ലാണ്‌ റഥർഫോർഡ്‌ ജഡ്‌ജി രാജ്യ​ദ്രോ​ഹി​കളെ തുറന്നു​കാ​ട്ടു​ന്നു (ഇംഗ്ലീഷ്‌) എന്ന ചെറു​പു​സ്‌തകം പരിഭാ​ഷ​പ്പെ​ടു​ത്തി വിതരണം ചെയ്‌തത്‌. അപാര ധൈര്യം​തന്നെ വേണമാ​യി​രു​ന്നു അതിന്‌; കാരണം, നാസി ഗവണ്മെ​ന്റി​ന്റെ രാഷ്‌ട്രീയ പദ്ധതി​കളെ കത്തോ​ലി​ക്ക​മതം പിന്തു​ണ​യ്‌ക്കു​ന്നു​വെന്ന വസ്‌തുത ഇതിൽ പച്ചയായി തുറന്നു​കാ​ട്ടി​യി​രു​ന്നു. സെർബി​യൻ, ക്രൊ​യേ​ഷ്യൻ, സ്ലൊ​വേ​നി​യൻ എന്നീ ഭാഷക​ളി​ലേക്ക്‌ ഇതു വിവർത്തനം ചെയ്‌ത്‌ 20,000 കോപ്പി​കൾ വീതം അച്ചടിച്ചു. തുടക്ക​ത്തി​ലേ നിരോ​ധി​ക്ക​പ്പെട്ട ഈ ചെറു​പു​സ്‌തകം വിദേശ പയനി​യർമാ​രു​ടെ നാടു​ക​ട​ത്ത​ലിൽ കലാശി​ച്ചു. കൂടാതെ, ഇതിന്റെ പ്രസാ​ധകർ കുറ്റക്കാ​രാ​ണെന്ന്‌ ആരോ​പിച്ച ഗവണ്മെന്റ്‌ വക്കീൽ അവർക്ക്‌ 10 മുതൽ 15 വരെ വർഷം തടവു​ശിക്ഷ നൽകണ​മെ​ന്നും ആവശ്യ​പ്പെട്ടു. എന്നാൽ അപകടം വകവെ​ക്കാ​തെ യൂഗോ​സ്ലാ​വി​യ​യി​ലു​ണ്ടാ​യി​രുന്ന ആ ചുരുക്കം പ്രസാ​ധകർ 60,000 കോപ്പി​ക​ളും പെട്ടെ​ന്നു​തന്നെ വിതര​ണം​ചെ​യ്‌തു.

രണ്ടാം ലോക​മ​ഹാ​യു​ദ്ധം അവസാ​നി​ക്കാ​റാ​യ​പ്പോൾ സത്യം പഠിച്ച​യാ​ളാണ്‌ ലിനാ ബാബിക്‌. വിശ്വ​സ്‌ത​രായ പല സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​മാ​യി അടുത്ത്‌ ഇടപഴ​കു​ന്ന​തിന്‌ അവർക്ക്‌ അവസരം ലഭിച്ചി​ട്ടുണ്ട്‌. അവർ പറയുന്നു: “ബൈബിൾസ​ത്യ​ത്തി​നാ​യി അന്ന്‌ ആളുകൾ ദാഹി​ക്കു​ക​യാ​യി​രു​ന്നു; അവർ പൊതു​വെ വായന ഇഷ്ടപ്പെ​ട്ടി​രു​ന്നു.” ലിനാ സഹോ​ദരി കൂട്ടി​ച്ചേർക്കു​ന്നു: “എപ്പോ​ഴും ജാഗ്രത പാലി​ക്കേ​ണ്ടി​യി​രു​ന്ന​തി​നാൽ ഞാൻ പ്രസി​ദ്ധീ​ക​ര​ണങ്ങൾ നോട്ടു​ബു​ക്കി​ലേക്ക്‌ കൈ​കൊണ്ട്‌ പകർത്തി​യെ​ഴു​താൻ തീരു​മാ​നി​ച്ചു. അങ്ങനെ​യാ​കു​മ്പോൾ, അഥവാ ഒരു തിരച്ചി​ലു​ണ്ടാ​യാ​ലും, ഞാൻ എന്തോ കുറി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​താ​ണെന്നേ കരുതു​ക​യു​ള്ളൂ.”

ടോൾസ്‌റ്റോ​യി​യോ യഹോ​വ​യോ?

യുദ്ധഭീ​ഷണി ലോകത്തെ ഗ്രസി​ച്ചി​രി​ക്കവെ, യൂഗോ​സ്ലാ​വി​യ​യി​ലെ വലിയ സഭകളി​ലൊ​ന്നിൽ ഒരു ചേരി​തി​രിവ്‌ ഉണ്ടായി. റഷ്യൻ എഴുത്തു​കാ​ര​നും മത തത്ത്വചി​ന്ത​ക​നും ആയ ലിയോ ടോൾസ്‌റ്റോ​യി​യു​ടെ ആശയങ്ങൾ ചിലർ സജീവ​മാ​യി പ്രചരി​പ്പി​ച്ചു​തു​ടങ്ങി. എല്ലാ ക്രിസ്‌തീയ വിഭാ​ഗ​ങ്ങ​ളും ക്രിസ്‌ത്യാ​നി​ത്വ​ത്തെ പാടേ വളച്ചൊ​ടി​ക്കുന്ന വ്യാജ സംഘട​ന​ക​ളാ​ണെന്ന്‌ ഉറച്ചു​വി​ശ്വ​സി​ച്ചി​രുന്ന ആളായി​രു​ന്നു ഒരിക്കൽ റഷ്യൻ ഓർത്ത​ഡോ​ക്‌സ്‌ സഭയിലെ അംഗമാ​യി​രുന്ന ടോൾസ്‌റ്റോ​യി. ചില സഹോ​ദ​രങ്ങൾ ഈ വീക്ഷണ​ഗതി കൈ​ക്കൊ​ള്ളു​ക​യും യഹോ​വ​യു​ടെ സംഘട​ന​യും അത്തരത്തി​ലുള്ള ഒന്നാണെന്ന നിഗമ​ന​ത്തി​ലെ​ത്തു​ക​യും ചെയ്‌തു. സാ​ഗ്രെബ്‌ സഭയിൽ നേതൃ​സ്ഥാ​ന​ത്തു​ണ്ടാ​യി​രുന്ന അവരി​ലൊ​രാൾ ടോൾസ്‌റ്റോ​യി​യു​ടെ ആശയങ്ങൾ സ്വീക​രി​ക്കാൻ തന്റെ സ്വാധീ​ന​മു​പ​യോ​ഗിച്ച്‌ സഭയിലെ മിക്ക പ്രസാ​ധ​ക​രെ​യും വശീക​രി​ച്ചു. ഇക്കാര്യ​ത്തിൽ അയാളു​ടെ കഴിവ്‌ അപാര​മാ​യി​രു​ന്നു; ഭൂരി​പക്ഷം, അതായത്‌ 60-ലധികം പ്രസാ​ധ​ക​രാണ്‌ യഹോ​വ​യു​ടെ സംഘടന ഉപേക്ഷി​ച്ചു​കൊ​ണ്ടുള്ള ഒരു പ്രമേയം അംഗീ​ക​രി​ച്ചത്‌.

ബെൽ​ഗ്രേ​ഡി​ലാ​യി​രുന്ന റുഡോൾഫ്‌ കാലെ ഇതു കേട്ടപാ​ടെ, സാ​ഗ്രെബ്‌ സഭയിലെ സഹോ​ദ​ര​ങ്ങ​ളു​മാ​യി ഒരു യോഗം നടത്താൻ അവി​ടേക്കു ചെന്നു. വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ​വർഗം മുഖേന യഹോവ വെളി​പ്പെ​ടു​ത്തി​യി​ട്ടുള്ള അടിസ്ഥാന ബൈബിൾസ​ത്യ​ങ്ങൾ അവരു​മാ​യി ചർച്ച​ചെ​യ്‌ത​ശേഷം അദ്ദേഹം ചോദി​ച്ചു: “ഈ സത്യങ്ങൾ ആരാണ്‌ നിങ്ങളെ പഠിപ്പി​ച്ചത്‌? ടോൾസ്‌റ്റോ​യി​യോ യഹോ​വ​യു​ടെ സംഘട​ന​യോ?” (മത്താ. 24:45-47) തുടർന്ന്‌ യോശുവ 24:15 ഉദ്ധരി​ച്ചിട്ട്‌, സംഘട​ന​യു​ടെ ഭാഗമാ​യി തുടരാൻ ആഗ്രഹി​ക്കു​ന്നവർ കൈ ഉയർത്താൻ റുഡോൾഫ്‌ സഹോ​ദരൻ അഭ്യർഥി​ച്ചു. വെറും രണ്ടു​പേരേ പ്രതി​ക​രി​ച്ചു​ള്ളൂ.

“എത്ര വേദനാ​ജ​ന​ക​മാ​യി​രു​ന്നു അതെന്ന്‌ പറഞ്ഞറി​യി​ക്കാൻ പറ്റില്ല,” റുഡോൾഫ്‌ സഹോ​ദരൻ പറയുന്നു.

സഭയ്‌ക്കു​വേ​ണ്ടി ചെയ്‌ത കഠിനാ​ധ്വാ​നം മുഴുവൻ വൃഥാ​വാ​കാൻ പോകു​ന്നു എന്നു തോന്നി​പ്പോ​യി.

വിശ്വ​സ്‌ത​രാ​യ ആ രണ്ടു​പേരെ സ്‌റ്റേ​ജി​ലേക്കു ക്ഷണിച്ചിട്ട്‌ സഹോ​ദരൻ സദസ്സി​നോട്‌ പറഞ്ഞു: “ഞങ്ങൾ മൂന്നു​പേർ മാത്രമേ ബാക്കി​യു​ള്ളൂ. ഇനി ഈ പട്ടണത്തിൽ യഹോ​വ​യു​ടെ ജനത്തെ പ്രതി​നി​ധീ​ക​രി​ക്കു​ന്നത്‌ ഞങ്ങളാണ്‌. അതു​കൊണ്ട്‌ ബാക്കി​യു​ള്ള​വർക്കെ​ല്ലാം ദയവായി ഈ ഹാൾ വിട്ടു​പോ​കാ​വു​ന്ന​താണ്‌. നിങ്ങൾക്കു നിങ്ങളു​ടെ വഴിക്കു പോകാം. ഞങ്ങളെ വെറുതെ വിട്ടാ​ലും. ഞങ്ങൾ ഞങ്ങളുടെ ദൈവ​മായ യഹോ​വയെ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്നു; നിങ്ങൾക്കു പോയി നിങ്ങളു​ടെ ടോൾസ്‌റ്റോ​യി​യെ​യും സേവി​ക്കാം. ഇനിമേൽ നിങ്ങ​ളോ​ടൊ​ത്തു സഹവസി​ക്കാൻ ഞങ്ങൾ ഇഷ്ടപ്പെ​ടു​ന്നില്ല.”

ഏതാനും നിമി​ഷ​ത്തേക്ക്‌ പൂർണ നിശ്ശബ്ദ​ത​യാ​യി​രു​ന്നു. പിന്നീട്‌ ഓരോ​രു​ത്ത​രാ​യി കൈ ഉയർത്തി “ഞാനും യഹോ​വയെ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്നു” എന്നു പറഞ്ഞു. അവസാനം, വിശ്വാ​സ​ത്യാ​ഗി​യായ ആ സഭാദാ​സ​നും അയാളു​ടെ ഏതാനും അനുയാ​യി​ക​ളും മാത്രമേ ഹാൾ വിട്ടു​പോ​യു​ള്ളൂ. വിശ്വ​സ്‌ത​ത​യു​ടെ ഈ പരി​ശോ​ധന പിന്നീടു വരാനി​രുന്ന ഏറെ കടുത്ത പരി​ശോ​ധ​ന​കളെ നേരി​ടാൻ യഹോ​വ​യു​ടെ വിശ്വസ്‌ത സാക്ഷി​കളെ ബലിഷ്‌ഠ​രാ​ക്കി.

യുദ്ധ​ക്കെ​ടു​തി​കൾ

1941 ഏപ്രിൽ 6-ന്‌ യൂഗോ​സ്ലാ​വി​യയെ ജർമൻ സൈന്യം ആക്രമി​ച്ചു. ബെൽ​ഗ്രേ​ഡി​നു​മേ​ലു​ണ്ടായ കനത്ത ബോം​ബു​വർഷ​ത്തിൽ ബ്രാഞ്ച്‌ ഓഫീ​സി​നും കേടു​പാ​ടു​കൾ പറ്റി. ജർമൻ സൈന്യ​ത്തി​ന്റെ ആക്രമണ ഫലമായി യൂഗോ​സ്ലാ​വിയ വിഭജി​ത​മാ​യി. യുദ്ധം കാരണം, സെർബിയ ബെഥേ​ലി​ലെ സഹോ​ദ​ര​ങ്ങൾക്കും സ്ലോ​വേ​നിയ, ക്രൊ​യേഷ്യ, മാസി​ഡോ​ണിയ എന്നിവി​ട​ങ്ങ​ളി​ലെ സഹോ​ദ​ര​ങ്ങൾക്കും കുറച്ചു​കാ​ല​ത്തേക്കു പരസ്‌പരം ബന്ധപ്പെ​ടാ​നാ​യില്ല. മാസി​ഡോ​ണി​യ​യു​ടെ ഏറ്റവും തെക്കു​ഭാ​ഗ​ത്തുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ സ്ഥിതി ഇതിലും മോശ​മാ​യി​രു​ന്നു, യുദ്ധം കഴിയു​ന്ന​തു​വരെ അവർ ഒറ്റപ്പെട്ട അവസ്ഥയി​ലാ​യി​രു​ന്നു.

അപ്രതീ​ക്ഷി​ത​മാ​യി ഉയർന്നു​വന്ന, വെല്ലു​വി​ളി​കൾ നിറഞ്ഞ പല പുതിയ സാഹച​ര്യ​ങ്ങ​ളെ​യും സഹോ​ദ​ര​ങ്ങൾക്കു നേരി​ടേ​ണ്ടി​വന്നു. യുദ്ധത്തി​ലേക്കു കൂപ്പു​കു​ത്തിയ ലോകം നമ്മുടെ പ്രിയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ വിശ്വാ​സം ശരിക്കും പരി​ശോ​ധി​ക്കാൻ പോകു​ക​യാ​യി​രു​ന്നു. യഹോ​വ​യോ​ടും അവന്റെ സംഘട​ന​യോ​ടും ഉള്ള അവരുടെ സ്‌നേ​ഹ​വും വിശ്വ​സ്‌ത​ത​യും നിലനിൽക്കു​മാ​യി​രു​ന്നോ?

ബെൽ​ഗ്രേ​ഡി​ലെ ഓഫീസ്‌ അടച്ചു​പൂ​ട്ടി​യ​തി​നെ​ത്തു​ടർന്ന്‌ ക്രൊ​യേ​ഷ്യ​യി​ലെ സാ​ഗ്രെ​ബിൽനിന്ന്‌ ആത്മീയ ഭക്ഷണം വിതരണം ചെയ്യാ​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു. തടവു​ശി​ക്ഷ​യും പിഴയും, തടങ്കൽപ്പാ​ള​യ​ങ്ങൾക്കും മരണശി​ക്ഷ​യ്‌ക്കും വഴിമാ​റി​യ​തി​നാൽ കൂടുതൽ വിവേ​ച​ന​യോ​ടെ രഹസ്യ​മാ​യി വേണമാ​യി​രു​ന്നു പ്രവർത്തി​ക്കാൻ.

ജർമൻസേന യൂഗോ​സ്ലാ​വിയ പിടി​ച്ചെ​ടുത്ത്‌ വിഭജി​ച്ച​തോ​ടെ തടങ്കൽപ്പാ​ള​യ​ങ്ങ​ളും നിലവിൽവന്നു. മതവി​ശ്വാ​സ​ത്തി​ന്റെ പേരിൽ ഭരണത്തെ പിന്തു​ണ​യ്‌ക്കാ​ത്ത​വ​രെ​യും ആൾബലം കുറവുള്ള പല വംശങ്ങ​ളെ​യും കത്തോ​ലി​ക്കേതര മതവി​ഭാ​ഗ​ങ്ങ​ളെ​യും ഒറ്റപ്പെ​ടു​ത്തി കൊ​ന്നൊ​ടു​ക്കാ​നാ​യി ക്രൊ​യേ​ഷ്യ​യിൽ ഇത്തരം പാളയങ്ങൾ ഉപയോ​ഗി​ച്ചു. നാസി​സേ​നകൾ സെർബി​യ​യിൽ തൊഴിൽപ്പാ​ള​യ​ങ്ങ​ളും തടങ്കൽപ്പാ​ള​യ​ങ്ങ​ളും സ്ഥാപിച്ചു. ഹംഗറി​യിൽനി​ന്നുള്ള 150-ലധികം സഹോ​ദ​ര​ങ്ങളെ അവരുടെ നിഷ്‌പക്ഷ നിലപാ​ടു​നി​മി​ത്തം സെർബി​യ​യി​ലെ ബോർ എന്ന സ്ഥലത്തെ പാളയ​ത്തിൽ തടവി​ലാ​ക്കി. യൂഗോ​സ്ലാ​വി​യ​യി​ലും നാസി​സേന യഹോ​വ​യു​ടെ സാക്ഷി​കളെ വേട്ടയാ​ടി. അതു​കൊണ്ട്‌ കൂടു​ത​ലും അനൗപ​ചാ​രി​ക​മാ​യാണ്‌ പ്രസം​ഗ​വേല നടത്തി​യി​രു​ന്നത്‌. ബൈബി​ളും ഏതെങ്കി​ലും പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ ഒരു കോപ്പി​യും ഒഴികെ ഒന്നും കയ്യിൽ എടുക്ക​രു​തെന്നു പ്രസാ​ധ​ക​രോ​ടു പറഞ്ഞി​രു​ന്നു. അഥവാ അറസ്‌റ്റു​ചെ​യ്‌താൽ എന്തു പറയണ​മെ​ന്നും വ്യക്തമാ​യി നിർദേ​ശി​ച്ചി​രു​ന്നു. ചെറിയ കൂട്ടങ്ങ​ളാ​യാണ്‌ അവർ യോഗ​ങ്ങൾക്ക്‌ കൂടി​വ​ന്നി​രു​ന്നത്‌; അതു​പോ​ലെ​തന്നെ മറ്റുള്ളവർ എവി​ടെ​യാ​ണു കൂടി​വ​രു​ന്ന​തെ​ന്നു​ള്ള​തും ആർക്കും അറിയി​ല്ലാ​യി​രു​ന്നു.

അവി​ടേക്കു സാഹി​ത്യ​ങ്ങൾ കൊണ്ടു​വ​രു​ന്നതു സുരക്ഷി​ത​മ​ല്ലാ​യി​രു​ന്ന​തി​നാൽ രാജ്യ​ത്തി​ന​ക​ത്തു​തന്നെ അവ രഹസ്യ​മാ​യി ഉത്‌പാ​ദി​പ്പി​ച്ചു. പല സ്ഥലങ്ങളി​ലാ​യി ചെറു​പു​സ്‌ത​ക​ങ്ങ​ളും മാസി​ക​ക​ളും അച്ചടിച്ചു തയ്യാറാ​ക്കാൻ സഹോ​ദ​രങ്ങൾ രാത്രി​മു​ഴു​വൻ അധ്വാ​നി​ച്ചു. ഇതിനാ​വ​ശ്യ​മായ പണം കണ്ടെത്താ​നും സഹോ​ദ​രങ്ങൾ ശരിക്കു കഷ്ടപ്പെട്ടു. അച്ചടിക്ക്‌ ആവശ്യ​മായ അസംസ്‌കൃത വസ്‌തു​ക്കൾ പല ഇടപാ​ടു​കാ​രി​ലൂ​ടെ​യും സഹോ​ദ​രങ്ങൾ തരപ്പെ​ടു​ത്തു​മാ​യി​രു​ന്നു. യൂഗോ​സ്ലാ​വി​യൻ അതിർത്തി​ക്കു​ള്ളിൽത്തന്നെ രാഷ്‌ട്രീയ-മത വികാ​രങ്ങൾ ആളിക്ക​ത്തു​മ്പോൾ, നമ്മുടെ സഹോ​ദ​രങ്ങൾ ഐക്യ​ത്തിൽ ഒന്നിച്ചു​നി​ന്നു; ജീവദാ​യ​ക​മായ ആത്മീയാ​ഹാ​രം പ്രദാ​നം​ചെ​യ്യാൻ അവരെ​ല്ലാ​വ​രും ഒത്തു​ചേർന്ന്‌ സംഭാവന നൽകി. എന്നാൽ ഇത്‌ എങ്ങനെ അവരുടെ പ്രദേ​ശത്തെ ഒറ്റപ്പെട്ട കൂട്ടങ്ങൾക്ക്‌ എത്തിച്ചു​കൊ​ടു​ക്കു​മാ​യി​രു​ന്നു?

സെർബി​യൻ വംശജ​നും റെയിൽവേ ജീവന​ക്കാ​ര​നു​മായ സ്‌റ്റീവൻ സ്‌റ്റാൻകോ​വിക്‌ വംശ​ഭേ​ദ​മ​ന്യേ തന്റെ സഹോ​ദ​ര​ങ്ങളെ സഹായി​ക്കാൻ സന്നദ്ധനാ​യി. ക്രൊ​യേ​ഷ്യ​യിൽനിന്ന്‌ പട്ടാള​ത്തി​ന്റെ അധീന​ത​യി​ലുള്ള സെർബി​യൻ പ്രദേ​ശ​ങ്ങ​ളി​ലേക്ക്‌ രഹസ്യ​മാ​യി സാഹി​ത്യ​ങ്ങൾ കടത്തി​ക്കൊ​ണ്ടു​പോ​കാ​നുള്ള അപകടം​പി​ടിച്ച ദൗത്യം അദ്ദേഹം ഏറ്റെടു​ത്തു. ഒരു ദിവസം, സ്‌റ്റീ​വന്റെ സ്യൂട്ട്‌കേ​സി​ലെ സാഹി​ത്യ​ങ്ങൾ കണ്ടുപി​ടിച്ച പോലീസ്‌ അവ എവി​ടെ​നി​ന്നാ​ണെന്നു പറയാൻ ആവശ്യ​പ്പെട്ടു. സഹോ​ദ​ര​ങ്ങ​ളോ​ടുള്ള വിശ്വ​സ്‌ത​ത​മൂ​ലം അദ്ദേഹം അതു വെളി​പ്പെ​ടു​ത്താൻ കൂട്ടാ​ക്കി​യില്ല. ചോദ്യം​ചെ​യ്യാ​നാ​യി തടവി​ലാ​ക്കിയ അദ്ദേഹത്തെ താമസി​യാ​തെ, അടുത്തുള്ള യസെ​നോ​വ​റ്റ്‌സ്‌ തടങ്കൽപ്പാ​ള​യ​ത്തി​ലേക്കു മാറ്റി. കൊടും ക്രൂര​ത​യ്‌ക്കു പേരു​കേട്ട ആ പാളയ​ത്തിൽ വിശ്വ​സ്‌ത​നായ സ്‌റ്റീവൻ സഹോ​ദ​രന്റെ ജീവൻ പൊലി​ഞ്ഞു.

ആ ദുർഘ​ട​കാ​ല​ഘ​ട്ട​ത്തിൽ ക്രൊ​യേ​ഷ്യ​യിൽ ജീവി​ച്ചി​രുന്ന ബുദ്ധി​ശാ​ലി​യും വിവേ​കി​യു​മായ മറ്റൊരു സഹോ​ദ​ര​നാ​യി​രു​ന്നു മീഹോ​വിൽ ബാൽക്കോ​വിച്‌. പൈപ്പി​ന്റെ പണി ചെയ്‌തി​രുന്ന അദ്ദേഹം, പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സാഹി​ത്യ​ങ്ങൾ നൽകാ​നു​മാ​യി സഹോ​ദ​ര​ങ്ങളെ സന്ദർശി​ക്കാ​റു​ണ്ടാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ കൊച്ചു​മകൻ പറയുന്നു: “അടുത്ത പട്ടണത്തിൽ എത്തു​മ്പോൾ താൻ യാത്ര​ചെ​യ്യുന്ന ട്രെയിൻ പോലീസ്‌ പരി​ശോ​ധി​ക്കു​മെന്നു മനസ്സി​ലാ​ക്കിയ മുത്തച്ഛൻ ഇറങ്ങാൻ ഉദ്ദേശി​ച്ചി​രുന്ന സ്‌റ്റേ​ഷനു തൊട്ടു​മു​മ്പി​ലത്തെ സ്‌റ്റേ​ഷ​നിൽ ഇറങ്ങി. ആ പട്ടണത്തി​നു ചുറ്റും മുള്ളു​ക​മ്പി​കൊണ്ട്‌ വേലി കെട്ടി​യി​രു​ന്നെ​ങ്കി​ലും ഒരു മുന്തി​രി​ത്തോ​ട്ട​ത്തി​ലൂ​ടെ പുറത്തു​ക​ട​ക്കാൻ വഴി കണ്ടെത്തി. സാഹി​ത്യ​ങ്ങ​ളെ​ല്ലാം, പുറത്തു തൂക്കി​യി​ടുന്ന ഒരു ബാഗി​ലാ​ക്കി; ഒപ്പം, അതിന്റെ മുകളി​ലത്തെ കള്ളിയിൽ രണ്ടുകു​പ്പി റകീജ​യും (വീട്ടി​ലു​ണ്ടാ​ക്കുന്ന ബ്രാൻഡി) കുറച്ചു പലചരക്കു സാധന​ങ്ങ​ളും നിറച്ചു. മുന്തി​രി​ത്തോ​പ്പി​ലൂ​ടെ ശ്രദ്ധാ​പൂർവം നടന്നു നീങ്ങവെ, അടുത്തുള്ള കിടങ്ങിൽനിന്ന്‌ പെട്ടെന്ന്‌ ഒരു പട്ടാള​ക്കാ​രൻ അലറി: ‘നിൽക്ക​വി​ടെ! ആരാണത്‌?’ അവരുടെ അടു​ത്തേക്ക്‌ മുത്തച്ഛൻ ചെന്ന​പ്പോൾ അവരിൽ ഒരാൾ ചോദി​ച്ചു: ‘എന്താണ്‌ ഈ ബാഗിൽ?’

“‘കുറച്ചു ധാന്യ​പ്പൊ​ടി​യും പയറും കിഴങ്ങു​ക​ളു​മൊ​ക്കെയാ,’ മുത്തച്ഛന്റെ മറുപടി.

“കുപ്പി​യിൽ എന്താ​ണെന്നു ചോദി​ച്ച​പ്പോൾ, ‘തുറന്ന്‌ അൽപ്പ​മൊ​ന്നു രുചി​ച്ചു​നോ​ക്കൂ’ എന്നു പറഞ്ഞു.

“പട്ടാള​ക്കാ​രൻ രുചി​ച്ചു​നോ​ക്കി​യതേ മുത്തച്ഛൻ പറഞ്ഞു: ‘മോനേ, ആ കുപ്പി നിനക്കി​രി​ക്കട്ടെ, ഇത്‌ എനിക്കും.’

“പന്തി​കേ​ടൊ​ന്നും തോന്നാ​ത്ത​തി​നാ​ലും റകീജ കിട്ടി​യ​തി​ന്റെ സന്തോ​ഷ​ത്തി​ലും പട്ടാള​ക്കാ​രൻ പറഞ്ഞു: “ങാ, കാർന്നോ​രേ, പൊയ്‌ക്കോ!’

“അങ്ങനെ, സാഹി​ത്യ​ങ്ങൾ സുരക്ഷി​ത​മാ​യി എത്തേണ്ടി​ടത്ത്‌ എത്തി,” മീഹോ​വിൽ സഹോ​ദ​രന്റെ കൊച്ചു​മകൻ ഉപസം​ഹ​രി​ക്കു​ന്നു.

മീഹോ​വിൽ സഹോ​ദരൻ ധൈര്യ​ശാ​ലി ആയിരു​ന്നു​വെ​ന്ന​തിൽ സംശയ​മില്ല. യുദ്ധത്തി​ലേർപ്പെ​ട്ടി​രി​ക്കുന്ന ഇരുക​ക്ഷി​ക​ളു​ടെ​യും പ്രദേ​ശ​ങ്ങ​ളി​ലൂ​ടെ അദ്ദേഹ​ത്തി​നു കടന്നു​പോ​കേ​ണ്ടി​യി​രു​ന്നു. ചില​പ്പോൾ കമ്മ്യൂ​ണി​സ്‌റ്റ്‌ ‘പട്ടാള​ക്കാ​രു​ടെ’ വായിൽ ചെന്നു​പെ​ട്ടി​ട്ടുണ്ട്‌; മറ്റു ചില​പ്പോൾ ഫാസി​സ്‌റ്റ്‌ ഉസ്റ്റാഷുകളുടെയോa ചെറ്റ്‌നിക്‌b പട്ടാള​ക്കാ​രു​ടെ​യോ മുമ്പി​ലും. ഭയന്ന്‌ ഓടു​ന്ന​തി​നു പകരം, സാക്ഷ്യം നൽകാ​നും ബൈബിൾ വെച്ചു​നീ​ട്ടുന്ന ഭാവി പ്രത്യാ​ശ​യെ​ക്കു​റി​ച്ചു സംസാ​രി​ക്കാ​നും അദ്ദേഹം അത്തരം അവസരങ്ങൾ ഉപയോ​ഗി​ച്ചി​രു​ന്നു. ഇതിന്‌ ധൈര്യം കുറ​ച്ചൊ​ന്നും പോരാ​യി​രു​ന്നു; കാരണം യഹോ​വ​യു​ടെ സാക്ഷി​യെന്ന്‌ അറിയ​പ്പെ​ടു​ന്ന​തു​തന്നെ എപ്പോ​ഴും അപകട​ക​ര​മാ​യി​രു​ന്നു. അറസ്‌റ്റും ചോദ്യം​ചെ​യ്യ​ലും തടവും അദ്ദേഹ​ത്തി​നു പുതു​മ​യാ​യി​രു​ന്നില്ല.

യുദ്ധത്തി​ന്റെ അവസാ​ന​ദ​ശ​യിൽ, 1944 നവംബർ 9-ന്‌ രാത്രി, മീഹോ​വി​ലി​ന്റെ വീട്ടിൽ കമ്മ്യൂ​ണി​സ്‌റ്റു​കാർ റെയ്‌ഡ്‌ നടത്തി; പ്രസി​ദ്ധീ​ക​ര​ണങ്ങൾ കണ്ടു​കെട്ടി; അദ്ദേഹത്തെ പിടി​ച്ചു​കൊ​ണ്ടു​പോ​യി. പിന്നെ ഒരിക്ക​ലും അദ്ദേഹം തിരി​ച്ചു​വ​ന്നില്ല. അവരുടെ കയ്യാൽ അദ്ദേഹം ശിരശ്‌ഛേദം ചെയ്യ​പ്പെട്ടു എന്നു പിന്നീട്‌ അറിയാ​നി​ട​യാ​യി.

യോസിപ്‌ സാബോ നന്നേ ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾ ക്രൊ​യേ​ഷ്യ​യു​ടെ സ്ലാവോ​നി​യൻ മേഖല​ക​ളിൽ സൈക്കി​ളിൽ സാഹി​ത്യ​ങ്ങൾ കൊണ്ടു​പോ​യി വിതരണം ചെയ്യാ​റു​ണ്ടാ​യി​രു​ന്നു. സാഹി​ത്യ​ങ്ങൾ കൊണ്ടു​പോ​കാ​നാ​യി ഒരു പെട്ടി ഉണ്ടാക്കി. പെട്ടി​ക്കു​ള്ളിൽ സാഹി​ത്യ​ങ്ങ​ളും മേൽഭാ​ഗത്ത്‌ സബർജിൽ പഴവും നിറയ്‌ക്കു​മാ​യി​രു​ന്നു. മിക്കവാ​റും എല്ലാ ഗ്രാമ​ങ്ങ​ളി​ലും​തന്നെ പ്രവേശന കവാട​ത്തി​ങ്കൽ ചെക്ക്‌പോ​സ്‌റ്റും പട്ടാള​ക്കാ​രും ഉണ്ടായി​രു​ന്നു.

“എന്താടോ പെട്ടി​യിൽ?” ഓരോ ചെക്ക്‌പോ​സ്‌റ്റി​ലും യോസിപ്‌ കേട്ട ഒരു ചോദ്യ​മാ​യി​രു​ന്നു ഇത്‌.

“സബർജിൽ, അങ്കിളി​നു കൊടു​ക്കാ​നാ,” യോസി​പി​ന്റെ മറുപടി. പട്ടാള​ക്കാർ ഒന്നോ രണ്ടോ പഴം എടുത്തിട്ട്‌ അവനെ വിടും. ഓരോ ചെക്ക്‌പോ​സ്‌റ്റ്‌ കഴിയു​മ്പോ​ഴും പഴങ്ങളു​ടെ എണ്ണം കുറഞ്ഞു​കു​റ​ഞ്ഞു​വ​രും. സാഹി​ത്യ​ങ്ങൾ കാണാ​തി​രി​ക്കാൻമാ​ത്രം പഴങ്ങളി​ല്ലെ​ന്നു​വ​ന്നാൽ, ആരും വഴിന​ട​ക്കാത്ത പാതയി​ലൂ​ടെ​യാ​ക്കും തുടർന്നുള്ള യാത്ര. അങ്ങനെ, വിലപ്പെട്ട സാഹി​ത്യ​ങ്ങ​ളും ബാക്കി​യുള്ള ഏതാനും സബർജി​ലും സുരക്ഷി​ത​മാ​യി​രി​ക്കും.

അന്ത്യം​വരെ വിശ്വ​സ്‌തൻ

സാ​ഗ്രെ​ബിൽനി​ന്നുള്ള ലെസ്‌റ്റൻ ഫാബി​യാൻ ഒരു കല്ലാശാ​രി​യാ​യി ജോലി​ചെ​യ്യു​ക​യാ​യി​രു​ന്നു. ഇവാൻ സീവർ, ഫ്രാ​ന്യോ ഡ്രാവൻ, ഫിലിപ്പ്‌ ഹുസാക്ക്‌-ഗുമ്പസീർ എന്നിവ​രു​മാ​യി അദ്ദേഹം സത്യം പങ്കു​വെ​ച്ച​തി​ന്റെ ഫലമായി ആറുമാ​സ​ത്തി​നു​ള്ളിൽ അവർ എല്ലാവ​രും സ്‌നാ​ന​മേറ്റ്‌ സുവാർത്ത പ്രസം​ഗി​ക്കാ​നും യോഗങ്ങൾ നടത്താ​നും തുടങ്ങി. 1943 ജനുവരി 15-നു വൈകു​ന്നേരം, റോന്തു​ചു​റ്റുന്ന ഒരു കൂട്ടം പട്ടാള​ക്കാർ ഇവാൻ സീവറി​ന്റെ വീട്ടിൽ റെയ്‌ഡ്‌ നടത്തി സാഹി​ത്യ​ങ്ങൾ കണ്ടു​കെട്ടി. അദ്ദേഹ​ത്തെ​യും ഫ്രാ​ന്യോ ഡ്രാവൻ, ഫിലിപ്പ്‌ ഈലിച്‌ എന്നീ സഹോ​ദ​ര​ങ്ങ​ളെ​യും അറസ്‌റ്റു​ചെ​യ്‌ത്‌ കൊണ്ടു​പോ​യി.

വിവരം അറിഞ്ഞ ലെസ്‌റ്റൻ സഹോ​ദരൻ ഫിലിപ്പ്‌ ഹുസാക്ക്‌-ഗുമ്പസീർ സഹോ​ദ​ര​നെ​യും കൂട്ടി ഫ്രാ​ന്യോ​യു​ടെ അമ്മയെ​യും പെങ്ങ​ളെ​യും ആശ്വസി​പ്പി​ക്കാ​നാ​യി ചെന്നു. അവരുടെ സന്ദർശ​ന​ത്തെ​ക്കു​റിച്ച്‌ എങ്ങനെ​യോ അറിവു ലഭിച്ച പട്ടാള​ക്കാർ ആ രണ്ടു സഹോ​ദ​ര​ങ്ങ​ളെ​യും അറസ്‌റ്റു​ചെ​യ്‌തു. അവർ അഞ്ചു​പേ​രും, തങ്ങൾ യഹോ​വയെ മാത്ര​മാ​ണു സേവി​ക്കു​ന്ന​തെ​ന്നും യേശു​വി​ന്റെ ഭടന്മാ​രാ​ണു തങ്ങളെ​ന്നും ബൈബി​ളിൽനി​ന്നു വിശദീ​ക​രി​ച്ചു​കൊ​ടു​ത്തു. ആയുധം എടുക്കാ​നും യുദ്ധം​ചെ​യ്യാ​നും വഴങ്ങാ​ഞ്ഞ​തി​നാൽ അവരെ മരണശി​ക്ഷ​യ്‌ക്കു വിധിച്ച്‌ തടവിൽ പാർപ്പി​ച്ചു.

അങ്ങനെ​യി​രി​ക്കെ, ഒരു രാത്രി അവരെ അഞ്ചു​പേ​രെ​യും ഉറക്കത്തിൽനി​ന്നു വിളി​ച്ചു​ണർത്തി, വസ്‌ത്ര​മു​രിഞ്ഞ്‌ കാട്ടി​ലേക്കു കൊണ്ടു​പോ​യി. അപ്പോ​ഴും അവർക്കു തങ്ങളുടെ നിലപാ​ടി​നു മാറ്റം വരുത്താ​നുള്ള അവസരം ഉണ്ടായി​രു​ന്നു. കുടും​ബാം​ഗ​ങ്ങ​ളോ​ടുള്ള സ്‌നേ​ഹ​ത്തെ​പ്ര​തി​യെ​ങ്കി​ലും വിട്ടു​വീ​ഴ്‌ച​ചെ​യ്യാൻ പറഞ്ഞു​കൊണ്ട്‌ പട്ടാള​ക്കാർ സഹോ​ദ​ര​ങ്ങ​ളു​ടെ വിശ്വ​സ്‌തത തകർക്കാൻ ശ്രമിച്ചു. ഫിലിപ്പ്‌ ഹുസാക്ക്‌-ഗുമ്പസീർ സഹോ​ദ​ര​നോട്‌ അദ്ദേഹ​ത്തി​ന്റെ ഗർഭി​ണി​യായ ഭാര്യ​യെ​യും നാലു മക്കളെ​യും കുറിച്ച്‌ സംസാ​രി​ച്ചു. യഹോവ അവരെ നോക്കി​ക്കൊ​ള്ളും എന്ന ഉറപ്പ്‌ തനിക്കു​ണ്ടെ​ന്നാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ മറുപടി. ഫ്രാ​ന്യോ ഡ്രാവൻ സഹോ​ദ​രന്‌ ഭാര്യ​യും മക്കളു​മൊ​ന്നു​മി​ല്ലാ​ത്ത​തി​നാൽ, തന്റെ അമ്മയെ​യും പെങ്ങ​ളെ​യും ആരു നോക്കും എന്നാണ്‌ അവർ അദ്ദേഹ​ത്തോ​ടു ചോദി​ച്ചത്‌.

അവസാനം അവർ നിർദിഷ്ട സ്ഥലത്തെത്തി; ശീതകാ​ല​ത്തി​ന്റെ മരവി​പ്പി​ക്കുന്ന തണുപ്പിൽ അവരെ നിറു​ത്തി​യിട്ട്‌ വധനിർവ​ഹണം ആരംഭി​ച്ചു. ആദ്യം ഫിലിപ്പ്‌ ഹുസാക്ക്‌-ഗുമ്പസീർ സഹോ​ദ​രനെ വെടി​വെച്ചു. എന്നിട്ട്‌ ബാക്കി​യു​ള്ള​വ​രോട്‌ തീരു​മാ​ന​ത്തിന്‌ മാറ്റം​വ​രു​ത്തു​ന്നു​വോ എന്ന്‌ ചോദി​ച്ചു. എന്നാൽ സഹോ​ദ​രങ്ങൾ ഒരു വിട്ടു​വീ​ഴ്‌ച​യ്‌ക്കും തയ്യാറ​ല്ലാ​യി​രു​ന്നു. അപ്പോൾ പട്ടാള​ക്കാർ ഒന്നിനു പുറകെ ഒന്നായി ഫ്രാ​ന്യോ, ഇവാൻ, ലെസ്‌റ്റൻ എന്നീ സഹോ​ദ​ര​ങ്ങളെ വധിച്ചു. അവസാ​നത്തെ ഊഴം ഈലിച്‌ സഹോ​ദ​ര​ന്റേ​താ​യി​രു​ന്നു; അവരുടെ ആവശ്യ​ത്തി​നു വഴങ്ങി, സൈന്യ​ത്തിൽ ചേരാ​മെന്ന്‌ അദ്ദേഹം സമ്മതിച്ചു. എന്നാൽ വെറും മൂന്നു​മാ​സ​ത്തി​നു​ശേഷം രോഗി​യായ അദ്ദേഹത്തെ വീട്ടി​ലേക്ക്‌ അയച്ചു. തിരി​ച്ചെ​ത്തിയ അദ്ദേഹ​മാണ്‌ ഉണ്ടായ സംഭവ​ങ്ങ​ളെ​ല്ലാം പറഞ്ഞത്‌; വിശ്വാ​സം തള്ളിപ്പ​റ​ഞ്ഞു​കൊണ്ട്‌ ജീവൻ രക്ഷിക്കാൻ ശ്രമിച്ച അദ്ദേഹ​ത്തിന്‌ താമസി​യാ​തെ തന്റെ നല്ലപ്രാ​യ​ത്തിൽത്തന്നെ മരണത്തിന്‌ അടിയറ പറയേ​ണ്ടി​വന്നു.

സ്ലോ​വേ​നി​യ​യിൽ നമ്മുടെ പല സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രും പീഡന​ത്തിന്‌ ഇരയായി. 38 വയസ്സുള്ള കൊല്ല​നാ​യി​രുന്ന ഫ്രാങ്ക്‌ ഡ്രോ​സ്‌ഗ്‌ സഹോ​ദ​രന്റെ കാര്യം ഉദാഹ​ര​ണ​മാ​യി നോക്കുക. ആയുധ​മെ​ടു​ക്കു​ക​യില്ല എന്ന കാരണ​ത്താൽ 1942 ജൂൺ 8-ന്‌ മാരി​ബോ​റിൽവെച്ച്‌ നാസി പടയാ​ളി​കൾ അദ്ദേഹത്തെ വധിച്ചു. അവി​ടെ​യു​ണ്ടാ​യി​രുന്ന ചിലർ പറഞ്ഞത​നു​സ​രിച്ച്‌ വധനിർവ​ഹ​ണ​ത്തി​നു​മുമ്പ്‌ “ഞാൻ ഈ ലോക​ത്തിൽനി​ന്നു​ള്ളവൻ അല്ല” എന്ന്‌ എഴുതി അദ്ദേഹ​ത്തി​ന്റെ കഴുത്തിൽ കെട്ടി​ത്തൂ​ക്കി​യി​രു​ന്നു​വ​ത്രേ. (യോഹ. 17:14) ഫ്രാങ്ക്‌ സഹോ​ദ​രന്റെ വിശ്വാ​സം എത്ര ശക്തമാ​യി​രു​ന്നു​വെന്ന്‌ മരിക്കു​ന്ന​തിന്‌ ഏതാനും മിനി​ട്ടു​കൾക്കു​മുമ്പ്‌ അദ്ദേഹം തന്റെ സുഹൃ​ത്തിന്‌ എഴുതിയ കത്തിൽനി​ന്നു കാണാ​നാ​കും: “പ്രിയ​പ്പെട്ട റൂപെർട്ട്‌, ഇന്ന്‌ അവർ എനിക്ക്‌ വധശിക്ഷ വിധിച്ചു. എന്നെ ഓർത്ത്‌ കരയരുത്‌. നിനക്കും വീട്ടി​ലുള്ള എല്ലാവർക്കും എന്റെ സ്‌നേ​ഹാ​ശം​സകൾ. ദൈവ​രാ​ജ്യ​ത്തിൽവെച്ച്‌ നമുക്കു വീണ്ടും കാണാം.”

പ്രസം​ഗ​വേ​ല​യ്‌ക്കു വിരാ​മ​മി​ടാൻ അധികാ​രി​കൾ കിണഞ്ഞു പരി​ശ്ര​മി​ച്ചു; എന്നാൽ യഹോവ രക്ഷിക്കുന്ന ദൈവ​മാ​ണെന്നു തെളിഞ്ഞു. ഉദാഹ​ര​ണ​ത്തിന്‌, കൂടെ​ക്കൂ​ടെ പോലീസ്‌ റെയ്‌ഡ്‌ നടത്തു​ക​യും തിരി​ച്ച​റി​യൽ കാർഡ്‌ പരി​ശോ​ധി​ക്കാ​നാ​യി ഓരോ സ്ഥലത്തെ​യും ആളുകളെ വീടിനു വെളി​യിൽ നിരനി​ര​യാ​യി നിറു​ത്തു​ക​യും ചെയ്യു​മാ​യി​രു​ന്നു. സംശയം തോന്നു​ന്ന​വ​രെ​യെ​ല്ലാം ജയിലി​ലേക്കു കൊണ്ടു​പോ​കും. ഇതിനി​ട​യിൽ മറ്റു പോലീ​സു​കാർ വീടുകൾ പരി​ശോ​ധി​ക്കും. എന്നാൽ റെയ്‌ഡു​ചെ​യ്‌തു​ക​ഴി​ഞ്ഞ​താ​ണെന്ന ധാരണ​യിൽ, പോലീസ്‌ പലപ്പോ​ഴും സഹോ​ദ​ര​ങ്ങ​ളു​ടെ വീടുകൾ പരി​ശോ​ധി​ക്കാ​തെ പോകാ​റു​ണ്ടാ​യി​രു​ന്നു; അങ്ങനെ യഹോ​വ​യു​ടെ സംരക്ഷ​ണ​വും കരുത​ലും അവർ അനുഭ​വി​ച്ച​റി​ഞ്ഞു. റെയ്‌ഡ്‌ നടന്ന ഇത്തരം രണ്ടുസ​ന്ദർഭ​ങ്ങ​ളി​ലെ​ങ്കി​ലും സഹോ​ദ​ര​ങ്ങ​ളു​ടെ വീടു​ക​ളിൽ ധാരാളം സാഹി​ത്യ​ങ്ങ​ളും മിമി​യോ​ഗ്രാഫ്‌ മെഷീ​നു​ക​ളും ഉണ്ടായി​രു​ന്നു. യഹോവ “മഹാ കരുണ​യും മനസ്സലി​വു​മു​ള്ളവ”നാണെന്ന തിരു​വെ​ഴു​ത്തു സത്യം ആ ദുർഘ​ട​കാ​ല​ങ്ങ​ളിൽ സുവാർത്താ ഘോഷ​ണ​ത്തിൽ പങ്കെടു​ത്തവർ പലവട്ടം രുചി​ച്ച​റി​ഞ്ഞു.—യാക്കോ. 5:11.

മരണശിക്ഷ

വർഷം 1945. രണ്ടാം ലോക​മ​ഹാ​യു​ദ്ധം അവസാ​നി​ച്ചു. മനുഷ്യ​രാ​ശി​യു​ടെ ചരി​ത്ര​ത്തി​ലെ രക്തരൂ​ഷി​ത​മായ ഒരു കറുത്ത അധ്യാ​യ​ത്തിന്‌ അതോടെ തിരശ്ശീല വീണു. ഹിറ്റ്‌ല​റും അയാളു​ടെ സഖ്യവും പരാജ​യ​മ​ട​ഞ്ഞ​പ്പോൾ, നിയ​ന്ത്ര​ണങ്ങൾ നീങ്ങി പ്രസം​ഗ​വേ​ല​യ്‌ക്ക്‌ സ്വാത​ന്ത്ര്യം അനുവ​ദി​ച്ചു​കി​ട്ടു​മെന്ന്‌ സഹോ​ദ​ര​ന്മാർ കരുതി. അങ്ങനെ വിചാ​രി​ക്കാൻ കാരണ​മു​ണ്ടാ​യി​രു​ന്നു. പുതു​താ​യി രൂപീ​കൃ​ത​മായ കമ്മ്യൂ​ണിസ്റ്റ്‌ ഗവണ്മെന്റ്‌ പത്രസ്വാ​ത​ന്ത്ര്യ​വും സംസാ​ര​സ്വാ​ത​ന്ത്ര്യ​വും ആരാധ​നാ​സ്വാ​ത​ന്ത്ര്യ​വു​മൊ​ക്കെ വാഗ്‌ദാ​നം ചെയ്‌തി​രു​ന്നു.

എന്നാൽ 1946 സെപ്‌റ്റം​ബ​റിൽ 15 സഹോ​ദ​ര​ന്മാ​രും 3 സഹോ​ദ​രി​മാ​രും അറസ്റ്റി​ലാ​യി. റുഡോൾഫ്‌ കാലെ, ഡൂസൻ മിക്കിക്ക്‌, എഡ്‌മണ്ട്‌ സ്‌​ട്രോ​പ്‌നിക്‌ എന്നിവർ അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. അന്വേ​ഷ​ണങ്ങൾ അഞ്ചുമാ​സം നീണ്ടു. സാക്ഷികൾ കുറ്റക്കാ​രാ​യി. അവർ രാജ്യ​ത്തി​നും ജനങ്ങൾക്കും എതിരെ പ്രവർത്തി​ക്കു​ക​യാ​ണെ​ന്നും യൂഗോ​സ്ലാ​വി​യ​യു​ടെ നിലനിൽപ്പി​നു ഭീഷണി​യാ​ണെ​ന്നു​മാ​യി​രു​ന്നു അധികാ​രി​ക​ളു​ടെ പക്ഷം. നമ്മുടെ വേലയു​ടെ മേൽനോ​ട്ടം ഐക്യ​നാ​ടു​ക​ളിൽനി​ന്നാ​ണെ​ന്നും സോഷ്യ​ലി​സത്തെ നിർമാർജനം ചെയ്‌ത്‌ മുതലാ​ളി​ത്ത​വ്യ​വ​സ്ഥി​തി കൊണ്ടു​വ​രാൻ ഒരു മറയായി നാം ദൈവ​രാ​ജ്യ​പ്ര​സം​ഗത്തെ ഉപയോ​ഗി​ക്കു​ക​യാ​ണെ​ന്നും അവർ വാദിച്ചു. മതത്തിന്റെ മുഖം​മൂ​ടി​യ​ണിഞ്ഞ അമേരി​ക്കൻ ചാരന്മാ​രെന്ന്‌ സഹോ​ദ​ര​ന്മാ​രെ മുദ്ര​കു​ത്താൻ ഒരു കത്തോ​ലി​ക്കാ പുരോ​ഹി​തൻതന്നെ മുന്നി​ട്ടി​റങ്ങി.

കോട​തി​യിൽ ധീരമാ​യി സ്വപക്ഷം വാദി​ച്ചു​കൊണ്ട്‌ ആരോ​പ​ണ​വി​ധേ​യ​രായ സഹോ​ദ​രങ്ങൾ യഹോ​വ​യെ​യും അവന്റെ രാജ്യ​ത്തെ​യും കുറിച്ച്‌ നല്ല സാക്ഷ്യം നൽകി. വ്യാ​ക്കോ​സ്ലാവ്‌ കോസ്‌ എന്ന ഒരു യുവസ​ഹോ​ദരൻ കോട​തി​യോട്‌ ഇങ്ങനെ പറഞ്ഞു: “ഈ മതവും ബൈബി​ള​ധി​ഷ്‌ഠി​ത​മായ ഈ വിശ്വാ​സ​വും എനിക്കു കിട്ടി​യത്‌ എന്റെ അമ്മയിൽനി​ന്നാണ്‌; അങ്ങനെ ഞാൻ ദൈവത്തെ ആരാധി​ക്കു​ന്നു. ജർമൻ അധിനി​വേ​ശ​കാ​ലത്ത്‌ എന്റെ അമ്മ ജയിലി​ല​ട​യ്‌ക്ക​പ്പെട്ടു. അമ്മയുടെ അതേ വിശ്വാ​സ​മാ​യി​രു​ന്നു എന്റെ രണ്ടു ചേച്ചി​മാർക്കും ചേട്ടനും. ജർമൻകാർ അവരെ ഡാച്ചു​വി​ലേക്കു [നാസി തടങ്കൽപ്പാ​ളയം] കൊണ്ടു​പോ​യി വെടി​വെ​ച്ചു​കൊ​ന്നു. അവർ തങ്ങളുടെ രീതി​യിൽ ദൈവത്തെ ആരാധി​ച്ച​തു​നി​മി​ത്തം ജർമൻകാർ അവരെ കമ്മ്യൂ​ണി​സ്റ്റു​കാ​രെന്നു മുദ്ര​കു​ത്തു​ക​യാ​യി​രു​ന്നു. അതേ മതവി​ശ്വാ​സ​ത്തി​ന്റെ പേരി​ലാണ്‌ ഞാനി​പ്പോൾ ഫാസിസ്റ്റ്‌ എന്നു മുദ്ര​യ​ടി​ക്ക​പ്പെട്ട്‌ ഇവിടെ എത്തിയി​രി​ക്കു​ന്ന​തെന്ന്‌ ബഹുമാ​ന​പ്പെട്ട കോട​തി​യെ അറിയി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.” ഇതുകേട്ട കോടതി സഹോ​ദ​രനെ വെറു​തെ​വി​ട്ടു.

എന്നാൽ മറ്റുള്ള​വ​രോ​ടുള്ള കോട​തി​യു​ടെ സമീപനം ഇതായി​രു​ന്നില്ല. മൂന്നു​പേരെ വെടി​വെ​ച്ചു​കൊ​ല്ലാൻ ഉത്തരവി​ട്ടു; ബാക്കി​യു​ള്ള​വർക്ക്‌ 1 മുതൽ 15 വരെ വർഷം വരുന്ന തടവു​ശി​ക്ഷ​യും. ഈ അനീതി​ക്കെ​തി​രെ ലോക​വ്യാ​പക സഹോ​ദ​ര​വർഗം സത്വരം പ്രതി​ക​രി​ച്ചു, അവരുടെ ഭാഗത്തു​നി​ന്നു കടുത്ത പ്രതി​ഷേ​ധ​മു​ണ്ടാ​യി. ഐക്യ​നാ​ടു​കൾ, കാനഡ, യൂറോപ്പ്‌ എന്നിവി​ട​ങ്ങ​ളി​ലെ സാക്ഷികൾ ഈ നടപടി​ക്കെ​തി​രെ ശബ്ദിച്ചു​കൊണ്ട്‌ യൂഗോ​സ്ലാ​വി​യൻ ഗവണ്മെ​ന്റിന്‌ ആയിര​ക്ക​ണ​ക്കി​നു കത്തുകൾ അയച്ചു. കടൽവ​ഴി​യാ​യി നൂറു​ക​ണ​ക്കി​നു കമ്പിസ​ന്ദേ​ശ​ങ്ങ​ളും പ്രവഹി​ച്ചു. ചില ഗവണ്മെന്റ്‌ ഉദ്യോ​ഗ​സ്ഥർപോ​ലും സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി കത്തുകൾ എഴുതി. കടുത്ത പ്രതി​ഷേ​ധ​ത്തി​ന്റെ അലകൾ, വധശിക്ഷ 20 വർഷത്തെ ജയിൽവാ​സ​മാ​യി ഇളവു​ചെ​യ്യാൻ അധികാ​രി​കളെ നിർബ​ന്ധി​ത​രാ​ക്കി.

അതു​കൊ​ണ്ടൊ​ന്നും പക്ഷേ, എതിർപ്പ്‌ അവസാ​നി​ച്ചില്ല. രണ്ടുവർഷം കഴിഞ്ഞ​പ്പോൾ സ്ലോ​വേ​നി​യൻ അധികാ​രി​കൾ, യാനെസ്‌ റോബാ​സി​നെ​യും ഭാര്യ മരിയ​യെ​യും യോഷെ മാർലൊട്ട്‌, ഫ്രാൻചി​ഷ്‌ക്കാ വെർബെ​റ്റ്‌സ്‌ എന്നീ മറ്റു രണ്ടു സാക്ഷി​ക​ളെ​യും പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ പേരിൽ അറസ്റ്റു​ചെ​യ്‌തു. കുറ്റപ​ത്രം ഭാഗി​ക​മാ​യി ഇങ്ങനെ പറയുന്നു: “‘യഹോ​വ​ക്കാർ’ . . . നമ്മുടെ ഇപ്പോ​ഴത്തെ സാമൂ​ഹിക വ്യവസ്ഥി​തി​ക്കും സൈനിക സേവന​ത്തി​നും എതിരാ​യുള്ള മനോ​ഭാ​വം ആളുക​ളിൽ കുത്തി​നി​റ​ച്ചാണ്‌ അവരെ തങ്ങളുടെ അണിക​ളിൽ ചേർത്തി​ട്ടു​ള്ളത്‌.” സഹോ​ദ​ര​ന്മാർ രാജ്യ​ത്തി​ന്റെ പ്രതി​രോ​ധ​വ്യ​വ​സ്ഥയെ ക്ഷയിപ്പി​ക്കാൻ നോക്കു​ക​യാ​ണെന്ന്‌ ആരോ​പിച്ച അധികാ​രി​കൾ അവർക്ക്‌ മൂന്നു​മു​തൽ ആറുവരെ വർഷം നിർബ​ന്ധിത തൊഴിൽ സഹിത​മുള്ള കഠിന​ത​ട​വി​നു വിധിച്ചു.

1952-ൽ, രാഷ്‌ട്രീയ നയങ്ങൾക്കു മാറ്റം വന്നപ്പോൾ സാക്ഷി​ക​ളായ തടവു​കാ​രെ​ല്ലാം മോചി​ത​രാ​യി. രാജ്യ​പ്ര​സം​ഗ​വേല തുടർന്നു. “നിനക്കു വിരോ​ധ​മാ​യി ഉണ്ടാക്കുന്ന യാതൊ​രു ആയുധ​വും ഫലിക്ക​യില്ല; ന്യായ​വി​സ്‌താ​ര​ത്തിൽ നിനക്കു വിരോ​ധ​മാ​യി എഴു​ന്നേ​ല്‌ക്കുന്ന എല്ലാനാ​വി​നെ​യും നീ കുറ്റം വിധി​ക്കും” എന്നുള്ള യഹോ​വ​യു​ടെ വാഗ്‌ദാ​നം സത്യ​മെന്നു തെളിഞ്ഞു.—യെശ. 54:17.

എന്നാൽ, സഹോ​ദ​ര​ങ്ങ​ളു​ടെ നിശ്ചയ​ദാർഢ്യ​ത്തി​നു തുരങ്കം​വെ​ക്കാൻ ഗവണ്മെന്റ്‌ അപ്പോ​ഴും കരുക്കൾ നീക്കി​ക്കൊ​ണ്ടി​രു​ന്നു. വാർത്താ​മാ​ധ്യ​മങ്ങൾ അവരെ “മനോ​രോ​ഗി​ക​ളാ​യും” “സ്ഥിരബു​ദ്ധി​യി​ല്ലാത്ത മതഭ്രാ​ന്ത​ന്മാ​രാ​യും” ചിത്രീ​ക​രി​ച്ചു. മനോ​വീ​ര്യം കെടു​ത്തുന്ന ഇത്തരം റിപ്പോർട്ടു​ക​ളും സദാ നിരീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​ന്ന​തി​ന്റെ ഭയവും ചില സഹോ​ദ​ര​ങ്ങളെ അസ്വസ്ഥ​രാ​ക്കി. ജയിൽമോ​ചി​ത​രാ​യി വരുന്ന വിശ്വസ്‌ത സഹോ​ദ​ര​ന്മാ​രെ സഭയി​ലുള്ള മറ്റുള്ളവർ ചാരന്മാ​രെ​പ്പോ​ലെ വീക്ഷിച്ചു. യഹോവ പക്ഷേ, വിശ്വ​സ്‌ത​രും പക്വമ​തി​ക​ളു​മായ സഹോ​ദ​ര​ന്മാ​രി​ലൂ​ടെ സഭകളെ അപ്പോ​ഴും ബലപ്പെ​ടു​ത്തി​ക്കൊ​ണ്ടി​രു​ന്നു.

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ അവസാനം ജോസിപ്‌ ബ്രോസ്‌ ടിറ്റോ അധികാ​ര​ത്തിൽവന്നു. യൂഗോ​സ്ലാ​വി​യ​യിൽ സൈന്യ​ത്തിന്‌ ഉണ്ടാകാൻപോ​കുന്ന മേൽക്കൈ അതോടെ വ്യക്തമാ​യി. സൈനി​ക​സേ​വനം നിരസി​ച്ചവർ ഗവണ്മെ​ന്റി​ന്റെ കണ്ണിലെ കരടായി, അതിനുള്ള കാരണങ്ങൾ എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും.

വിശ്വ​സ്‌തത പരി​ശോ​ധി​ക്ക​പ്പെ​ടു​ന്നു

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌, ക്രൊ​യേ​ഷ്യ​യിൽനി​ന്നുള്ള ലാഡി​സ്ലാവ്‌ ഫൊറൊ എന്ന ഒരു ഒമ്പതു​വ​യ​സ്സു​കാ​രൻ പട്ടണനി​വാ​സി​കൾ നിർബ​ന്ധ​മാ​യും സംബന്ധി​ക്കേ​ണ്ടി​യി​രുന്ന ഒരു യോഗ​ത്തി​നു പോയി; അവി​ടെ​വെച്ച്‌ ഒരു കത്തോ​ലി​ക്കാ പുരോ​ഹി​തന്റെ പ്രസംഗം അവൻ കേൾക്കാ​നി​ട​യാ​യി. പ്രസംഗം കഴിഞ്ഞ്‌ പുരോ​ഹി​തൻ പോയ​പ്പോൾ അവൻ കർട്ടനു പിന്നി​ലേ​ക്കൊ​ന്നു കണ്ണോ​ടി​ച്ചു. അയാൾ ളോഹ ഊരു​ന്നത്‌ അവൻ കണ്ടു. ളോഹ​യ്‌ക്ക​ടി​യിൽ അയാൾ ഒരു ഉസ്റ്റാഷ്‌ യൂണി​ഫോം ധരിച്ചി​രു​ന്നു. അരയിൽ, വെടി​യു​ണ്ട​യും സ്‌ഫോ​ട​ക​വ​സ്‌തു​ക്ക​ളും സഹിത​മുള്ള ഒരു ബെൽറ്റ്‌; അതിൽ ഒരു കൈ​ബോം​ബും ഉണ്ടായി​രു​ന്നു. തന്റെ വാളെ​ടുത്ത്‌ അയാൾ വെളി​യിൽ നിന്നി​രുന്ന ഒരു കുതി​ര​യു​ടെ പുറത്ത്‌ ചാടി​ക്ക​യറി ഇങ്ങനെ ആക്രോ​ശി​ച്ചു: “സഹോ​ദ​രരേ, വരൂ, നമുക്ക്‌ ആളുകളെ ക്രിസ്‌ത്യാ​നി​ക​ളാ​ക്കാം! ആരെങ്കി​ലും വിസമ്മ​തി​ച്ചാൽ, എന്താണു ചെയ്യേ​ണ്ട​തെന്ന്‌ പ്രത്യേ​കം പറയേ​ണ്ട​തി​ല്ല​ല്ലോ!”

ഒരു ദൈവ​പു​രു​ഷൻ ഇങ്ങനെയല്ല പ്രവർത്തി​ക്കേ​ണ്ട​തെന്ന്‌ ലാഡി​സ്ലാ​വിന്‌ അറിയാ​മാ​യി​രു​ന്നു. താമസി​യാ​തെ, തന്റെ അങ്കിളി​ന്റെ​കൂ​ടെ അവൻ സാക്ഷികൾ രഹസ്യ​മാ​യി നടത്തി​യി​രുന്ന യോഗ​ങ്ങൾക്ക്‌ ഹാജരാ​യി​ത്തു​ടങ്ങി. ഇതു മാതാ​പി​താ​ക്കളെ ചൊടി​പ്പി​ച്ചെ​ങ്കി​ലും അവൻ ക്രമമാ​യി യോഗ​ങ്ങൾക്കു ഹാജരാ​കു​ക​യും ആത്മീയ പുരോ​ഗതി വരുത്തു​ക​യും ചെയ്‌തു.

1952-ൽ സൈനി​ക​സേ​വനം ചെയ്യാൻ ലാഡി​സ്ലാ​വിന്‌ ഉത്തരവു​കി​ട്ടി. അദ്ദേഹം ക്രിസ്‌തീയ നിഷ്‌പക്ഷത സംബന്ധിച്ച തന്റെ നിലപാട്‌ വ്യക്തമാ​ക്കി. അധികാ​രി​കൾ അദ്ദേഹത്തെ പലതവണ ചോദ്യം ചെയ്‌തു. എങ്ങനെ​യെ​ങ്കി​ലും അദ്ദേഹ​ത്തെ​ക്കൊണ്ട്‌ പട്ടാള​സേ​വ​ന​ത്തി​നുള്ള പ്രതിജ്ഞ എടുപ്പി​ക്കു​ക​യാ​യി​രു​ന്നു അവരുടെ ലക്ഷ്യം. ഒരിക്കൽ, പട്ടാള​ക്കാർ സഹോ​ദ​രനെ സൈനി​ക​ത്താ​വ​ള​ത്തി​ലേക്കു കൊണ്ടു​പോ​യി. പ്രതി​ജ്ഞ​യെ​ടു​ക്കാ​നാ​യി ഒരുമി​ച്ചു​കൂ​ടിയ 12,000 പേർ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. പട്ടാള​ക്കാർ അദ്ദേഹത്തെ അവരുടെ മുമ്പിൽ നിറു​ത്തി​യിട്ട്‌ ഒരു റൈഫിൾ അദ്ദേഹ​ത്തി​ന്റെ തോളിൽ വെച്ചു. ഉടൻതന്നെ അദ്ദേഹം അതു തട്ടിത്താ​ഴെ​യി​ട്ടു. ഇനി ഇത്‌ ആവർത്തി​ച്ചാൽ അയാളെ വെടി​വെ​ക്കു​മെന്ന്‌ പട്ടാള​ക്കാർ അപ്പോൾ എല്ലാവ​രും കേൾക്കെ ഉച്ചഭാ​ഷി​ണി​യി​ലൂ​ടെ അറിയി​ച്ചു. രണ്ടാമ​തും ലാഡി​സ്ലാവ്‌ അതു നിരസി​ച്ച​പ്പോൾ അവർ അദ്ദേഹത്തെ കൊണ്ടു​പോ​യി ബോം​ബ്‌പൊ​ട്ടി​യു​ണ്ടായ, മീറ്ററു​ക​ളോ​ളം താഴ്‌ച​യുള്ള ഒരു കുഴി​യി​ലേക്കു തള്ളി. അദ്ദേഹത്തെ വധിക്കാ​നുള്ള ഉത്തരവു വന്നു. ഒരു പട്ടാള​ക്കാ​രൻ വന്ന്‌ കുഴി​ക്കു​ള്ളി​ലേക്ക്‌ രണ്ടുതവണ വെടി​യു​തിർത്തിട്ട്‌ താവള​ത്തി​ലേക്കു മടങ്ങി; പക്ഷേ വെടി​യുണ്ട ഉന്നം പിഴച്ചു!

അന്നുരാ​ത്രി ഉദ്യോ​ഗസ്ഥർ അദ്ദേഹത്തെ കുഴി​ക്ക​ക​ത്തു​നി​ന്നു പുറത്തു​കൊ​ണ്ടു​വന്ന്‌ സാര​യെ​വോ​യി​ലുള്ള ജയിലി​ലേക്കു കൊണ്ടു​പോ​യി. അവർ അദ്ദേഹത്തെ ഒരു കത്തു കാണിച്ചു. ഇതേ മതവി​ശ്വാ​സ​മുള്ള ചിലർ ചില വിട്ടു​വീ​ഴ്‌ച​ക​ളൊ​ക്കെ ചെയ്‌തെ​ന്നും അദ്ദേഹം അതു ചെയ്യാ​ത്ത​തി​നാ​ലാണ്‌ ഇപ്പോ​ഴും ജയിലിൽകി​ട​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു കത്തിന്റെ ഉള്ളടക്കം. ഉദ്യോ​ഗസ്ഥർ ഇതു​പോ​ലുള്ള വാദഗ​തി​കൾ നിരത്തി ദീർഘ​മായ ചർച്ചകൾ പലവട്ടം നടത്തി. എങ്ങനെ​യെ​ങ്കി​ലും സഹോ​ദ​ര​നെ​ക്കൊ​ണ്ടു സമ്മതി​പ്പി​ക്കു​ക​യാ​യി​രു​ന്നു ലക്ഷ്യം; പക്ഷേ ലാഡി​സ്ലാ​വി​ന്റെ ചിന്തകൾ ഇങ്ങനെ​യാ​യി​രു​ന്നു: ‘ഏതെങ്കി​ലു​മൊ​രു വ്യക്തി​യെ​പ്ര​തി​യാ​ണോ ഞാൻ യഹോ​വയെ സേവി​ക്കാൻ തുടങ്ങി​യത്‌? അല്ല! മനുഷ്യ​നെ പ്രീതി​പ്പെ​ടു​ത്തു​ക​യാ​ണോ എന്റെ ലക്ഷ്യം? അല്ല! മറ്റുള്ളവർ എന്തു ചിന്തി​ക്കു​ന്നു, പറയുന്നു, ചെയ്യുന്നു എന്നതി​ന്റെ​യൊ​ക്കെ അടിസ്ഥാ​ന​ത്തി​ലാ​ണോ എന്റെ ജീവിതം? അല്ല!’

ലാഡി​സ്ലാ​വി​ന്റെ ഈ ആത്മീയ കാഴ്‌ച​പ്പാട്‌ ജയിൽവാ​സ​കാ​ലത്ത്‌ വിശ്വ​സ്‌തത പാലി​ക്കാൻ അദ്ദേഹത്തെ സഹായി​ച്ചു. നാലര​വർഷം കഴിഞ്ഞ്‌ അദ്ദേഹം മോചി​ത​നാ​യി. പിൽക്കാ​ലത്ത്‌ അദ്ദേഹം സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി; അദ്ദേഹ​ത്തി​ന്റെ ഭാര്യ ആനിറ്റ്‌സ​യു​ടെ അചഞ്ചല​മായ പിന്തുണ അദ്ദേഹ​ത്തി​നു​ണ്ടാ​യി​രു​ന്നു.

പരിമി​ത​മായ നിയമാം​ഗീ​കാ​രം

1948-ൽ സോവി​യറ്റ്‌ യൂണി​യ​നു​മാ​യുള്ള കൂട്ടു​കെട്ട്‌ അവസാ​നി​പ്പിച്ച ടിറ്റോ അധികാര വികേ​ന്ദ്രീ​കൃത ഭരണസം​വി​ധാ​ന​മാണ്‌ നടപ്പാ​ക്കി​യത്‌. ക്രമേണ ജനങ്ങൾക്ക്‌ കൂടുതൽ സ്വാത​ന്ത്ര്യ​വും അനുവ​ദി​ക്കു​ക​യു​ണ്ടാ​യി. സോഷ്യ​ലിസ്റ്റ്‌ അനുഭാ​വ​മുള്ള സർക്കാ​രാ​യി​രു​ന്നെ​ങ്കി​ലും വലി​യൊ​ര​ള​വിൽ മതസ്വാ​ത​ന്ത്ര്യം ഉണ്ടായി​രു​ന്നു.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രതി​നി​ധി​കളെ ഗവണ്മെന്റ്‌ കൂടി​ക്കാ​ഴ്‌ച​യ്‌ക്കു ക്ഷണിച്ചു. സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ങ്ങൾക്ക്‌ നിയമ​സാ​ധുത ലഭിക്കാൻ പുതി​യൊ​രു ചാർട്ട​റിന്‌ രൂപം നൽകാ​മെ​ന്നുള്ള നിർദേ​ശ​വും അവർ മുന്നോ​ട്ടു​വെച്ചു. സഹോ​ദ​ര​ന്മാർ ചാർട്ട​റി​ന്റെ ഒരു കരടു​രൂ​പം എഴുതി തയ്യാറാ​ക്കി. അങ്ങനെ, 1953 സെപ്‌റ്റം​ബർ 9-ന്‌ യഹോ​വ​യു​ടെ സാക്ഷികൾ വീണ്ടും യൂഗോ​സ്ലാ​വി​യ​യിൽ നിയമ​പ​ര​മാ​യി രജിസ്റ്റർ ചെയ്യ​പ്പെട്ടു.

മറ്റുള്ള കമ്മ്യൂ​ണിസ്റ്റ്‌ രാജ്യങ്ങൾ സഹോ​ദ​ര​ങ്ങളെ നാടു​ക​ട​ത്തി​യ​പ്പോൾ യൂഗോ​സ്ലാ​വി​യ​യി​ലെ സാക്ഷി​കൾക്ക്‌ ചില നിശ്ചിത സ്ഥലങ്ങളിൽ കൂടി​വ​രാൻപോ​ലു​മുള്ള സ്വാത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്നു. മാസി​ഡോ​ണി​യ​യി​ലുള്ള നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ സാഹി​ത്യ​ങ്ങൾ ലഭിക്കാ​നും സാ​ഗ്രെ​ബി​ലുള്ള ഓഫീ​സു​മാ​യി ബന്ധപ്പെ​ടാ​നു​മൊ​ക്കെ ഈ സാഹച​ര്യം വഴി​യൊ​രു​ക്കി. യഹോ​വ​യു​ടെ സാക്ഷികൾ 1953-ൽ ഒരു മതവി​ഭാ​ഗ​മാ​യി രജിസ്റ്റർ ചെയ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും വീടു​തോ​റു​മുള്ള വേലയ്‌ക്ക്‌ നിയമ​സാ​ധുത ലഭിക്കാൻ നീണ്ട 38 വർഷം അവർക്കു കാത്തി​രി​ക്കേ​ണ്ടി​വന്നു.

പക്ഷേ, പ്രശ്‌നങ്ങൾ അവസാ​നി​ച്ചില്ല. സഹോ​ദ​ര​ങ്ങ​ളു​ടെ നിഷ്‌പക്ഷ നിലപാ​ടു​നി​മി​ത്തം, അധികാ​രി​കൾ അവരുടെ പ്രസം​ഗ​വേ​ലയെ തെറ്റി​ദ്ധ​രി​ച്ചു. പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലൂ​ടെ സാക്ഷികൾ ഈ നിലപാട്‌ ഉന്നമി​പ്പി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു അവരുടെ ധാരണ. രാഷ്‌ട്ര​ത്തി​ന്റെ രഹസ്യാ​ന്വേ​ഷണ വിഭാ​ഗ​വും വിവരങ്ങൾ ചോർത്തി​ക്കൊ​ടു​ക്കുന്ന മറ്റുചി​ല​രും പ്രസം​ഗ​വേ​ലയെ അങ്ങേയറ്റം വെല്ലു​വി​ളി​നി​റ​ഞ്ഞ​താ​ക്കി. പ്രസം​ഗ​വേ​ല​യ്‌ക്കി​ടെ പിടി​ക്ക​പ്പെ​ട്ടാൽ അറസ്റ്റും പിഴയും ആയിരു​ന്നു ശിക്ഷ. ഒരു റിപ്പോർട്ട്‌ ഇങ്ങനെ പറയുന്നു: “അറസ്റ്റും വിചാ​ര​ണ​യും പതിവാണ്‌. വിശേ​ഷി​ച്ചും കത്തോ​ലി​ക്ക​രു​ടെ ശക്തമായ സ്വാധീ​ന​മുള്ള സ്ലോ​വേ​നി​യ​യിൽ. അവിടെ യഹോ​വ​യു​ടെ ജനത്തിൽ പലരും പോലീ​സി​ന്റെ​യും അവരുടെ ഏജന്റു​മാ​രു​ടെ​യും നിരീ​ക്ഷ​ണ​വ​ല​യ​ത്തി​ലാണ്‌. മറ്റുള്ള​വ​രു​മാ​യി ബൈബിൾ പഠിച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ സഹോ​ദ​ര​ങ്ങളെ കൈ​യോ​ടെ അറസ്റ്റു ചെയ്യു​ക​യാണ്‌ അവരുടെ ലക്ഷ്യം; പക്ഷേ, മനുഷ്യ​രെ​ക്കാൾ ദൈവത്തെ അനുസ​രി​ച്ചു​കൊണ്ട്‌ ഈ പീഡന​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ തകർക്കാൻ സഹോ​ദ​രങ്ങൾ ദൃഢചി​ത്ത​രാണ്‌.”

‘പാമ്പി​നെ​പ്പോ​ലെ ബുദ്ധി​യു​ള്ളവർ’

സ്ലോ​വേ​നി​യ​യു​ടെ ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളിൽ പ്രവർത്തി​ക്കു​മ്പോൾ സഹോ​ദ​രങ്ങൾ ആദ്യം മുട്ട വിൽക്കാ​നു​ണ്ടോ​യെന്ന്‌ വീട്ടു​കാ​രോട്‌ ചോദി​ക്കും. വില തരക്കേ​ടി​ല്ലെ​ങ്കിൽ  മുട്ടവാ​ങ്ങും; സംശയ​മു​ണർത്താ​തി​രി​ക്കാ​നാ​ണിത്‌. മുട്ട ആവശ്യ​ത്തി​നു കിട്ടി​ക്ക​ഴി​ഞ്ഞാൽപ്പി​ന്നെ അടുത്ത വീടു​ക​ളിൽ അവർ ചോദി​ക്കു​ന്നത്‌ വിറകാ​യി​രി​ക്കും. അപകട​മൊ​ന്നു​മി​ല്ലെന്നു മനസ്സി​ലാ​യാൽ ഈ ‘കച്ചവട’ത്തിനി​ട​യിൽ അവർ സംഭാ​ഷണം സൂത്ര​ത്തിൽ ബൈബി​ളി​ലേക്കു തിരി​ച്ചു​വി​ടും.—മത്താ. 10:16.

ക്രൊ​യേ​ഷ്യ​യി​ലെ സാ​ഗ്രെ​ബി​ന്റെ ചുറ്റു​മുള്ള പ്രദേ​ശങ്ങൾ വളരെ ക്രമീ​കൃ​ത​മാ​യി​ട്ടും എന്നാൽ പെട്ടെന്നു ശ്രദ്ധി​ക്ക​പ്പെ​ടാത്ത വിധത്തി​ലു​മാണ്‌ അവർ പ്രവർത്തി​ച്ചത്‌. ഓരോ പത്താമത്തെ വീട്ടി​ലും സന്ദർശി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു ഒരു രീതി. ഉദാഹ​ര​ണ​ത്തിന്‌, ഒന്നാമത്തെ വീട്ടി​ലാണ്‌ ആദ്യം പോകു​ന്ന​തെ​ങ്കിൽ പിന്നെ പോകു​ന്നത്‌ 11-ാമത്തെ വീട്ടി​ലാ​യി​രി​ക്കും. അതിനു​ശേഷം 21, 31 ഇങ്ങനെ തുടരു​ന്നു. ഇത്തരത്തിൽ ശ്രമി​ച്ച​തു​മു​ഖാ​ന്തരം അനേകർ യഹോ​വയെ അറിയാൻ ഇടയാ​യി​ട്ടുണ്ട്‌. വീടു​തോ​റു​മുള്ള വേല ഇങ്ങനെ വെല്ലു​വി​ളി നിറഞ്ഞ​താ​യി​രു​ന്ന​തു​കൊണ്ട്‌ പലപ്പോ​ഴും സഹോ​ദ​രങ്ങൾ അനൗപ​ചാ​രിക സാക്ഷീ​ക​ര​ണ​മാണ്‌ അവലം​ബി​ച്ചി​രു​ന്നത്‌.

സെർബി​യ​യിൽ സഹോ​ദ​രങ്ങൾ സ്വകാ​ര്യ​ഭ​വ​ന​ങ്ങ​ളി​ലാണ്‌ കൂടി​വ​ന്നി​രു​ന്നത്‌. രണ്ടാം ലോക​മ​ഹാ​യു​ദ്ധത്തെ തുടർന്ന്‌ തന്റെ വല്യമ്മ​യു​ടെ വീട്ടിൽ യോഗങ്ങൾ നടന്നി​രു​ന്നത്‌ എങ്ങനെ​യെന്ന്‌ ഡാമിർ പോ​റോ​ബിക പറയുന്നു: “യോഗ​ങ്ങൾക്ക്‌ അഞ്ചിനും പത്തിനും ഇടയ്‌ക്ക്‌ ഹാജരു​ണ്ടാ​കും. വീട്ടി​ലെ​ത്താൻ രണ്ടു വഴിയു​ണ്ടാ​യി​രു​ന്ന​തി​നാൽ വളരെ സൗകര്യ​മാ​യി​രു​ന്നു. ആരിലും സംശയ​മു​ണർത്താ​തെ എല്ലാവർക്കും വരാനും പോകാ​നും കഴിഞ്ഞി​രു​ന്നു.”

വെറോ​നി​ക്ക ബാബെക ക്രൊ​യേ​ഷ്യ​യി​ലാണ്‌ ജനിച്ചത്‌. 1950-ന്റെ മധ്യത്തിൽ അവളുടെ കുടും​ബം ബൈബിൾ പഠിക്കാൻ തുടങ്ങി. 1957-ൽ സ്‌നാ​ന​മേറ്റ വെറോ​നിക്ക ഭർത്താ​വി​നൊ​പ്പം ബോസ്‌നി​യ​യി​ലെ സാര​യെ​വോ​യി​ലേക്ക്‌ പോയി. ക്രൊ​യേ​ഷ്യ​യു​ടെ സ്ലോ​വേ​നിയ പ്രദേ​ശ​ത്തു​നി​ന്നുള്ള മിലീ​റ്റ്‌സെ റാഡി​ഷിക്‌ എന്ന സഹോ​ദ​രി​യു​ടെ കുടും​ബ​വും ബോസ്‌നി​യ​യി​ലേക്കു മാറി. 1950-ലാണ്‌ സഹോ​ദരി സ്‌നാ​ന​മേ​റ്റത്‌. ഈ രണ്ടു കുടും​ബ​ങ്ങ​ളും ബോസ്‌നി​യ​യിൽ രാജ്യ​സ​ത്യം പ്രചരി​പ്പി​ച്ചു തുടങ്ങി. യൂഗോ​സ്ലാ​വി​യ​യു​ടെ മറ്റു ഭാഗങ്ങ​ളി​ലെ​പ്പോ​ലെ ഇവി​ടെ​യും ജാഗ്ര​ത​യോ​ടെ വേണമാ​യി​രു​ന്നു പ്രസം​ഗി​ക്കാൻ. വെറോ​നിക്ക പറയുന്നു: “ഞങ്ങളെ​ക്കു​റി​ച്ചു പോലീ​സി​നു വിവരം ലഭിച്ചു. സാഹി​ത്യ​ങ്ങൾ അവർ കണ്ടു​കെട്ടി. ഞങ്ങൾ അറസ്റ്റി​ലാ​കു​ക​യും ചോദ്യം​ചെ​യ്യ​പ്പെ​ടു​ക​യും ചെയ്‌തു. ഞങ്ങളെ ജയിലി​ല​ട​യ്‌ക്കു​മെന്നു ഭീഷണി​മു​ഴക്കി, പിഴ ഈടാക്കി; പക്ഷേ ഇതൊ​ന്നും ഞങ്ങളെ നിരു​ത്സാ​ഹി​ത​രാ​ക്കു​ക​യോ ഭയപ്പെ​ടു​ത്തു​ക​യോ ചെയ്‌തില്ല. മറിച്ച്‌ യഹോ​വ​യി​ലുള്ള വിശ്വാ​സം ബലപ്പെ​ടു​ത്തു​ക​യാ​ണു​ണ്ടാ​യത്‌.”

മിലീ​റ്റ്‌സെ സഹോ​ദരി പറയുന്നു: “ഒരു ദിവസം ഒരു മനുഷ്യൻ രാജ്യ​ഹാ​ളിൽ വന്നു. നല്ല താത്‌പ​ര്യം കാണിച്ച ആ മനുഷ്യ​നോട്‌ എല്ലാവ​രും ഹൃദ്യ​മാ​യി ഇടപെട്ടു. അയാൾ സഹോ​ദ​ര​ങ്ങ​ളു​ടെ വീടു​ക​ളിൽ താമസി​ക്കു​ക​പോ​ലും ചെയ്യു​മാ​യി​രു​ന്നു. യോഗ​ങ്ങ​ളിൽ ഉത്സാഹ​ത്തോ​ടെ പങ്കുപ​റ്റു​ക​യും ചെയ്‌തി​രു​ന്നു. അങ്ങനെ​യി​രി​ക്കെ അയാൾ രഹസ്യ​പ്പോ​ലീ​സി​ന്റെ ഒരു യോഗ​ത്തിൽ പങ്കെടു​ക്കു​ന്നത്‌ ഞങ്ങളുടെ മകൾ അവളുടെ ജോലി​സ്ഥ​ല​ത്തു​വെച്ച്‌ കണ്ടു. അപ്പോ​ഴാണ്‌ ഞങ്ങൾക്കു മനസ്സി​ലാ​യത്‌ പോലീസ്‌ അയച്ച ചാരനാ​യി​രു​ന്നു അയാ​ളെന്ന്‌. കള്ളി വെളി​ച്ച​ത്താ​യ​തോ​ടെ അയാളു​ടെ വരവും നിന്നു.”

ആദ്യകാ​ല​ങ്ങ​ളി​ലെ രാജ്യ​ഹാ​ളു​കൾ

യഹോ​വ​യു​ടെ സാക്ഷികൾ ഗവണ്മെ​ന്റിൽ രജിസ്റ്റർ ചെയ്യു​ന്ന​തി​നു​മുമ്പ്‌ സ്വകാ​ര്യ​ഭ​വ​ന​ങ്ങ​ളിൽ കൂടി​വ​രു​ന്നത്‌ നിയമ​വി​രു​ദ്ധ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അങ്ങനെ ചെയ്‌ത​പ്പോ​ഴൊ​ക്കെ അറസ്റ്റു ചെയ്യ​പ്പെ​ടാ​നുള്ള സാധ്യത ഉണ്ടായി​രു​ന്നു; പക്ഷേ, സ്വത​ന്ത്ര​മാ​യി കൂടി​വ​രാ​നുള്ള അനുമതി ലഭിച്ചി​ട്ടും അതിനാ​യി ഒരു സ്ഥലം കണ്ടെത്താൻ നന്നേ ബുദ്ധി​മു​ട്ടി. പലർക്കും സാക്ഷി​കളെ ഇഷ്ടമല്ലാ​യി​രു​ന്ന​തി​നാൽ തങ്ങളുടെ കെട്ടി​ടങ്ങൾ സാക്ഷി​കൾക്ക്‌ വാടക​യ്‌ക്കു കൊടു​ക്കാൻ അവർ വിസമ്മ​തി​ച്ചു. ഒടുവിൽ, കൂടി​വ​രു​ന്ന​തിന്‌ സ്വന്തമാ​യി കെട്ടി​ടങ്ങൾ വാങ്ങാൻ അവർ തീരു​മാ​നി​ച്ചു.

താമസി​യാ​തെ, ക്രൊ​യേ​ഷ്യ​യി​ലെ സാ​ഗ്രെ​ബി​ന്റെ ഹൃദയ​ഭാ​ഗ​ത്തു​തന്നെ അവർക്ക്‌ ഒരു വർക്ക്‌ഷോപ്പ്‌ കിട്ടി. അവരത്‌ ഏകദേശം 160 പേർക്ക്‌ ഇരിക്കാ​വുന്ന മനോ​ഹ​ര​മായ ഒരു രാജ്യ​ഹാ​ളാ​ക്കി മാറ്റി. സാഹി​ത്യ​ങ്ങൾ അച്ചടി​ക്കാ​നാ​യി ഒരു ചെറിയ ഓഫീ​സും അതി​നോ​ടു ചേർന്ന്‌ ഉണ്ടാക്കി. സമ്മേള​ന​ഹാ​ളാ​യും കൺ​വെൻ​ഷൻഹാ​ളാ​യും ഈ രാജ്യ​ഹാൾ ഉപയോ​ഗി​ച്ചു. 1957-ൽ, യൂഗോ​സ്ലാ​വി​യ​യി​ലെ​ങ്ങു​മുള്ള സാക്ഷി​കൾക്കാ​യി നടത്തിയ ആദ്യത്തെ കൺ​വെൻ​ഷ​നു​വേ​ണ്ടി​യും ഈ ഹാളാണ്‌ ഉപയോ​ഗി​ച്ചത്‌. ഏതാനും വർഷത്തി​നു​ള്ളിൽ സാ​ഗ്രെ​ബി​ന്റെ ഹൃദയ​ഭാ​ഗ​ത്തുള്ള കമൗ​ഫോവ സ്‌ട്രീ​റ്റിൽ സഹോ​ദ​രങ്ങൾ ഒരു വീട്‌ വാങ്ങി. 1998 വരെ ബെഥേൽ കുടും​ബം ആ വീടാണ്‌ ഉപയോ​ഗി​ച്ചത്‌.

1957-ൽ സെർബി​യ​യി​ലെ ബെൽ​ഗ്രേ​ഡിൽ സഹോ​ദ​രങ്ങൾ ഒരു കെട്ടിടം വാങ്ങി​യി​രു​ന്നു. രാജ്യ​ഹാ​ളാ​യും ബെഥേൽ ജോലി​കൾ ചെയ്യാ​നുള്ള ഒരു ഓഫീ​സാ​യും അത്‌ ഉപയോ​ഗി​ച്ചു. പിന്നീട്‌, സ്ലോ​വേ​നി​യ​യി​ലെ ലുബ്‌ലി​യാ​ന​യിൽ അവർ ഒരു കുതി​ര​ലാ​യം വാങ്ങി രാജ്യ​ഹാ​ളാ​ക്കി​മാ​റ്റി. 1963-ൽ സഹോ​ദ​രങ്ങൾ സാര​യെ​വോ​യി​ലെ ഒരു ഗരാജ്‌ ഒരു ഹാളാക്കി മാറ്റി​യെ​ടു​ത്തു. ബോസ്‌നിയ-ഹെർസ​ഗോ​വി​ന​യി​ലെ ആദ്യത്തെ സഭ കൂടി​വ​ന്നി​രു​ന്നത്‌ ഇവി​ടെ​യാണ്‌. ഈ കെട്ടി​ട​ങ്ങ​ളിൽ ചിലതിന്‌ ധാരാളം അറ്റകു​റ്റ​പ്പ​ണി​കൾ ആവശ്യ​മാ​യി​രു​ന്നു. അതിനു​വേണ്ടി സഹോ​ദ​രങ്ങൾ കഠിനാ​ധ്വാ​നം ചെയ്‌തു. നിർലോ​പ​മായ സാമ്പത്തി​ക​പി​ന്തു​ണ​യും നൽകി. അവരുടെ ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ച്ചു.

മികച്ച സംഘാ​ടനം, ത്വരിത വളർച്ച

സഭകളെ ശക്തി​പ്പെ​ടു​ത്താ​നാ​യി സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർ നിയമി​ക്ക​പ്പെട്ടു. 1960-ലായി​രു​ന്നു ഇത്‌. ചില സഹോ​ദ​ര​ന്മാ​രെ ‘വാരാന്ത’ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രാ​യി സേവി​ക്കാൻ ക്ഷണിച്ചു. അവർ പൂർണ​മ​ന​സ്സോ​ടെ തങ്ങളുടെ ഒഴിവു​ദി​നങ്ങൾ, സഭകൾതോ​റും പോയി സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സഭകളിൽ ഐക്യം ഊട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും വേണ്ടി വിനി​യോ​ഗി​ച്ചു.

ക്രൊ​യേ​ഷ്യ​യി​ലെ ബ്രാഞ്ച്‌ കമ്മിറ്റി​യം​ഗ​മായ ഹെൻറിക്‌ കൊവാ​ഷിഷ്‌ സഹോ​ദരൻ പറയുന്നു: “ഒരു വർഷ​ത്തോ​ളം ഞാൻ ഭാര്യ​യോ​ടൊ​പ്പം വാരാന്ത സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി സേവിച്ചു. പിന്നീട്‌ മുഴു​സ​മയം സഞ്ചാര​വേ​ല​യി​ലാ​യി. വളരെ ദരി​ദ്ര​മായ ചുറ്റു​പാ​ടു​ക​ളി​ലാണ്‌ സഹോ​ദ​രങ്ങൾ ജീവി​ച്ചി​രു​ന്നത്‌; മിക്ക​പ്പോ​ഴും ഞങ്ങൾ താമസി​ച്ചി​രു​ന്നത്‌ പൈപ്പു​വെ​ള്ള​മോ നല്ല കക്കൂസോ ഇല്ലാത്ത സ്ഥലങ്ങളി​ലാണ്‌. ഞങ്ങളുടെ സന്ദർശനം പക്ഷേ, അവർ അങ്ങേയറ്റം വിലമ​തി​ച്ചു. അസാധാ​ര​ണ​മായ സ്‌നേ​ഹ​വും ആതിഥ്യ​വും അവർ ഞങ്ങളോ​ടു കാണിച്ചു. ഭൗതി​ക​മാ​യി ദരി​ദ്ര​രാ​യി​രു​ന്നെ​ങ്കി​ലും താമസ​ത്തി​നും ഭക്ഷണത്തി​നു​മുള്ള സൗകര്യ​ങ്ങൾ അവർ ചെയ്‌തു, സ്വന്തം കിടക്ക ഞങ്ങൾക്കാ​യി വിട്ടു​ത​ന്നു​കൊ​ണ്ടു​പോ​ലും. ചില സഭകളിൽ ചെല്ലു​മ്പോൾ സഹോ​ദ​ര​ങ്ങൾക്കു ബുദ്ധി​മു​ട്ടാ​കാ​തി​രി​ക്കാൻ ഞങ്ങൾ ഓരോ ദിവസ​വും ഓരോ വീട്ടിൽ താമസി​ക്കു​മാ​യി​രു​ന്നു.”

ഇപ്പോൾ സെർബി​യ​യി​ലെ കൺട്രി കമ്മിറ്റി​യിൽ സേവി​ക്കുന്ന ഷാൻഡോർ പാൽഫി പറയു​ന്ന​തി​ങ്ങനെ: “വാരാന്ത സർക്കിട്ട്‌ വേല ഒരു അതുല്യ അനുഭ​വ​മാ​യി​രു​ന്നു. ബുദ്ധി​മു​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നത്‌ സത്യം​തന്നെ. സഹോ​ദ​രങ്ങൾ ഞങ്ങൾക്കാ​യി ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കും. ദരി​ദ്ര​രായ ആ സഹോ​ദ​രങ്ങൾ തങ്ങൾക്കു​ള്ള​തിൽ ഏറ്റവും നല്ലതു​തന്നെ ഞങ്ങൾക്ക്‌ തന്നിരു​ന്നു. സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ സന്ദർശനം അവർക്ക്‌ ഒരു ആഘോ​ഷ​മാ​യി​രു​ന്നു.”

സർക്കിട്ട്‌ വേലയി​ലാ​യി​രി​ക്കെ മിലോസ്‌ കൊഷാൻ സഹോ​ദരൻ യൂഗോ​സ്ലാ​വിയ ബ്രാഞ്ച്‌ ഓഫീ​സി​ന്റെ പ്രവർത്ത​ന​ങ്ങൾക്കും നേതൃ​ത്വ​മെ​ടു​ത്തു. കമ്മ്യൂ​ണി​സ്റ്റു ഭരണത്തിൻകീ​ഴിൽ ആയിരുന്ന ആ ദശകങ്ങ​ളി​ലെ​ല്ലാം സഹോ​ദ​ര​ങ്ങൾക്കെ​തി​രെ ഉന്നയി​ക്ക​പ്പെട്ട നിയമ​പ​ര​മായ ആരോ​പ​ണങ്ങൾ പലതും പരിഹ​രി​ക്കു​ന്ന​തിൽ കൊഷാൻ സഹോ​ദ​രന്‌ ഒരു പങ്കുണ്ടാ​യി​രു​ന്നു.

മാസി​ഡോ​ണി​യ​യി​ലെ അത്ഭുതാ​വ​ഹ​മായ പുരോ​ഗ​തി

മാസി​ഡോ​ണി​യ​യി​ലെ കോച്ചാ​നി​യിൽനി​ന്നുള്ള ഒരു യുവാവ്‌ സാ​ഗ്രെ​ബി​ലെ ഒരു കോ​ളേ​ജിൽ പഠിച്ചു​കൊ​ണ്ടി​രി​ക്കെ സത്യം അറിയാ​നി​ട​യാ​യി. 1968-ലായി​രു​ന്നു ഇത്‌. വീട്ടിൽ മടങ്ങി​യെ​ത്തിയ യുവാവ്‌ തന്റെ ബന്ധുക്ക​ളോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും ബൈബിൾ സത്യ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ച്ചു.

“ആ യുവാവ്‌ എന്റെ കസിനാ​യി​രു​ന്നു,” സ്റ്റോയൻ ബോഗ​റ്റി​നോവ്‌ പറയുന്നു. കോച്ചാ​നി​യി​ലെ ആദ്യത്തെ സാക്ഷി​യാണ്‌ സ്റ്റോയൻ. അദ്ദേഹം തുടരു​ന്നു: “ഞാൻ ഒരു വെയി​റ്റ​റാ​യി ജോലി​നോ​ക്കു​ക​യാ​യി​രു​ന്നു. ചില​പ്പോ​ഴൊ​ക്കെ ഞാനും സഹജോ​ലി​ക്കാ​രും മതത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കും. അങ്ങനെ​യൊ​രു ചർച്ച കഴിഞ്ഞി​ട്ടി​രി​ക്കു​മ്പോ​ഴാണ്‌ ഓർത്ത​ഡോ​ക്‌സ്‌ സഭക്കാ​ര​നായ ഒരാൾ ഭക്ഷണത്തി​നു വന്നത്‌. ഭക്ഷണം വിളമ്പു​ന്ന​തി​നി​ട​യിൽ ഞാൻ അദ്ദേഹ​ത്തോട്‌, പള്ളിയിൽനിന്ന്‌ എനി​ക്കൊ​രു ബൈബിൾ കൊണ്ടു​വന്നു തരാ​മോ​യെന്നു ചോദി​ച്ചു. ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയാൻ എനിക്ക്‌ അതിയായ താത്‌പ​ര്യ​മു​ണ്ടെ​ന്നും പറഞ്ഞു. ഒരെണ്ണം സംഘടി​പ്പി​ക്കാ​മെന്ന്‌ അദ്ദേഹം സമ്മതിച്ചു. താമസി​യാ​തെ എനിക്ക്‌ സ്വന്തമാ​യി ഒരു ബൈബിൾ കിട്ടി. ‘പുതിയ നിയമ’ത്തിന്റെ ഒരു കോപ്പി​യാ​യി​രു​ന്നു അത്‌. സന്തോ​ഷ​ഭ​രി​ത​നായ ഞാൻ ബൈബിൾ വായി​ക്കാ​നാ​യി ജോലി കഴിഞ്ഞ​യു​ടനെ വീട്ടി​ലേക്ക്‌ ഓടി.”

“പോകു​ന്ന​വഴി യാദൃ​ച്ഛി​ക​മാ​യി ഞാൻ എന്റെ കസിനെ കണ്ടുമു​ട്ടി. അവൻ സാ​ഗ്രെ​ബിൽനിന്ന്‌ വീട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. അവൻ എന്നെ വീട്ടി​ലേക്കു ക്ഷണിച്ചു. ചെന്നിട്ട്‌ എനിക്ക്‌ ബൈബിൾ വായി​ക്കാ​നു​ള്ള​തി​നാൽ ഇപ്പോൾ വരാൻ കഴിയി​ല്ലെന്ന്‌ ഞാൻ മറുപടി പറഞ്ഞു. ‘നിനക്കു താത്‌പ​ര്യ​മുള്ള ഒരു സംഗതി ഞാൻ കാണി​ച്ചു​ത​രാം’ അവൻ പറഞ്ഞു. ‘ബൈബിൾ മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ചില പുസ്‌ത​കങ്ങൾ വീട്ടി​ലി​രി​പ്പുണ്ട്‌.’ ഞാൻ കൂടെ​ച്ചെ​ല്ലാ​മെന്നു സമ്മതിച്ചു. അവന്റെ കൈയിൽ ഒരു സമ്പൂർണ​ബൈ​ബി​ളും ചില ലഘുപ​ത്രി​ക​ക​ളും ക്രൊ​യേ​ഷ്യൻ ഭാഷയി​ലുള്ള ചില വീക്ഷാ​ഗോ​പു​രം മാസി​ക​ക​ളും ഉണ്ടായി​രു​ന്നു! പ്രസി​ദ്ധീ​ക​ര​ണങ്ങൾ അവൻ എനിക്കു​തന്നു. കിട്ടി​യ​പാ​ടെ ഞാനതു വായി​ക്കാൻ തുടങ്ങി. ഞാൻ വായി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ പ്രാധാ​ന്യം പെട്ടെ​ന്നു​തന്നെ എനിക്കു മനസ്സി​ലാ​യി. യഹോ​വ​യു​ടെ സാക്ഷി​കളെ ആരെയും എനിക്ക​റി​യി​ല്ലാ​യി​രു​ന്നു. പക്ഷേ അവരെ​ക്കു​റിച്ച്‌ അറിയാൻ ഞാൻ ആഗ്രഹി​ച്ചു.

“കസിൻ സാ​ഗ്രെ​ബി​ലേക്കു മടങ്ങി​യ​പ്പോൾ ഞാനും കൂടെ​പ്പോ​യി. ഈവി​റ്റ്‌സെ പാവ്‌ലാ​കോ​വി​റ്റ്‌സ്‌ എന്ന ഒരു സാക്ഷി എന്നെ വീട്ടി​ലേക്കു ക്ഷണിച്ചു. അവിടെ ഞാൻ മൂന്നു​ദി​വസം താമസി​ച്ചു. ഞാൻ നിരവധി ചോദ്യ​ങ്ങൾ ചോദി​ച്ചു. എപ്പോ​ഴും അദ്ദേഹം ബൈബി​ളിൽനി​ന്നു​ത​ന്നെ​യാണ്‌ ഉത്തരം നൽകി​യി​രു​ന്നത്‌. എനിക്ക്‌ അങ്ങേയറ്റം മതിപ്പു​തോ​ന്നി. സഭാ​യോ​ഗ​ത്തി​നും ഞാൻ ഹാജരാ​യി. അവിടെ കണ്ട സഹോ​ദ​ര​സ്‌നേഹം എന്നെ ആകർഷി​ച്ചു.

“ഈവി​റ്റ്‌സെ സഹോ​ദരൻ എന്നെ സാ​ഗ്രെ​ബി​ലെ ബെഥേ​ലിൽ കൂട്ടി​ക്കൊ​ണ്ടു​പോ​യി. കൈ നിറയെ പുസ്‌ത​ക​ങ്ങ​ളു​മാ​യി സന്തോ​ഷ​ഭ​രി​ത​നാ​യി​ട്ടാണ്‌ ഞാൻ അവി​ടെ​നി​ന്നു മടങ്ങി​യത്‌. ആ അവിസ്‌മ​ര​ണീയ ദിനങ്ങൾക്കു​ശേഷം, എനിക്കു കിട്ടിയ ആത്മീയ നിധി​യു​മാ​യി ഞാൻ കോച്ചാ​നി​യി​ലേക്കു മടങ്ങി. അടു​ത്തെ​ങ്ങും സാക്ഷി​ക​ളി​ല്ലാ​തി​രു​ന്ന​തി​നാൽ ഈവി​റ്റ്‌സെ സഹോ​ദ​ര​നു​മാ​യി ഞാൻ നിരന്തരം കത്തിട​പാ​ടു​കൾ തുടങ്ങി. നിറയെ ചോദ്യ​ങ്ങ​ളു​മാ​യി ഞാൻ അങ്ങോട്ട്‌ കത്തയയ്‌ക്കും, അവയ്‌ക്കുള്ള ഉത്തരങ്ങ​ളു​മാ​യി അദ്ദേഹം ഇങ്ങോ​ട്ടും. കാര്യങ്ങൾ പഠിക്കു​ന്ന​തി​ന​നു​സ​രിച്ച്‌ ഞാൻ അത്‌ മറ്റുള്ള​വ​രോ​ടും പറയു​മാ​യി​രു​ന്നു. ഭാര്യ​യും കുട്ടി​ക​ളും താത്‌പ​ര്യം കാണി​ക്കാൻ തുടങ്ങി. വൈകാ​തെ ഞങ്ങൾ കുടും​ബം ഒരുമിച്ച്‌ സത്യം പഠിക്കാൻ തുടങ്ങി; ബൈബി​ളിൽനിന്ന്‌ ഒരുപാട്‌ കാര്യങ്ങൾ ഞങ്ങൾ പഠിച്ചു. ഞങ്ങൾ സന്തോ​ഷ​ഭ​രി​ത​രാ​യി​രു​ന്നു. ബന്ധുക്ക​ളോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും ഞങ്ങൾ തീക്ഷ്‌ണ​ത​യോ​ടെ സുവാർത്ത​യെ​ക്കു​റി​ച്ചു സംസാ​രി​ച്ചു. പലരും ഞങ്ങൾ പറയു​ന്നത്‌ ശ്രദ്ധിച്ചു. എന്നാൽ പ്രസം​ഗ​വേ​ല​നി​മി​ത്തം പീഡന​വു​മു​ണ്ടാ​യി.”

ഒരുമ​യോ​ടെ ജർമനി​യിൽ ഒരു സമ്മേളനം

യൂഗോ​സ്ലാ​വി​യ​യി​ലെ സാക്ഷികൾ മറ്റു കമ്മ്യൂ​ണിസ്റ്റ്‌ രാജ്യ​ങ്ങ​ളി​ലേ​തു​പോ​ലെ ഒറ്റപ്പെട്ടു കഴിയു​ക​യാ​യി​രു​ന്നില്ല; എന്നാൽ എണ്ണത്തിൽ കുറവാ​യി​രുന്ന അവർ ലോക​വ്യാ​പക സഹോ​ദ​ര​വർഗ​ത്തി​ന്റെ സ്‌നേ​ഹ​വാ​യ്‌പ്‌ അനുഭ​വി​ച്ച​റി​യാൻ അതിയാ​യി ആഗ്രഹി​ച്ചു. അങ്ങനെ​യി​രി​ക്കെ​യാണ്‌ 1969-ലെ “ഭൂമി​യിൽ സമാധാ​നം” എന്ന അന്താരാ​ഷ്‌ട്ര സമ്മേളനം ക്രമീ​ക​രി​ച്ചി​ട്ടുള്ള വിവരം അവർ അറിയു​ന്നത്‌. അതിൽ സംബന്ധി​ക്കു​ന്ന​തി​നാ​യി രാജ്യ​ത്തി​നു പുറത്തു​പോ​കാ​നുള്ള അനുവാ​ദ​ത്തിന്‌ അവർ അധികാ​രി​കളെ സമീപി​ച്ചു. അനുവാ​ദം കിട്ടി​യ​പ്പോൾ അവരുടെ സന്തോ​ഷ​ത്തിന്‌ അതിരി​ല്ലാ​യി​രു​ന്നു!

ജർമനി​യി​ലെ ന്യൂറം​ബർഗി​ലുള്ള ഒരു വലിയ സ്റ്റേഡി​യ​ത്തിൽവെ​ച്ചാ​യി​രു​ന്നു സമ്മേളനം. യഹോ​വ​യു​ടെ സാക്ഷി​കളെ നിർമൂ​ല​മാ​ക്കു​മെന്ന്‌ പ്രഖ്യാ​പിച്ച ഹിറ്റ്‌ലർ ഏതാനും ദശകങ്ങൾക്കു​മുമ്പ്‌ തന്റെ സൈന്യ​വു​മാ​യി പരേഡു നടത്തിയ അതേ സ്റ്റേഡിയം. പരിപാ​ടി​കൾ വിവിധ ഭാഷക​ളിൽ അവതരി​പ്പി​ക്ക​പ്പെട്ടു. പ്രധാന സ്റ്റേഡി​യ​ത്തി​ന​ടു​ത്തു​ത​ന്നെ​യുള്ള വൃക്ഷങ്ങൾ നിറഞ്ഞ സ്ഥലത്തു​വെച്ച്‌ യൂഗോ​സ്ലാ​വി​യ​ക്കാ​രു​ടെ ഭാഷക​ളിൽ പരിപാ​ടി​കൾ നടത്ത​പ്പെ​ടു​ന്നു​ണ്ടെന്ന്‌ അറിഞ്ഞ​പ്പോൾ അവർ ആഹ്ലാദ​ഭ​രി​ത​രാ​യി. ഒരു വലിയ സ്റ്റേജ്‌ ആ സ്ഥലത്തെ രണ്ടായി തിരിച്ചു. പകുതി​പ്പേർ ഒരു വശത്തി​രുന്ന്‌ സെർബോ-ക്രൊ​യേ​ഷ്യൻ ഭാഷയി​ലും മറ്റേ പകുതി സ്ലൊ​വേ​നി​യ​നി​ലും പരിപാ​ടി​കൾ ശ്രദ്ധിച്ചു. ആ എട്ടുദി​വ​സത്തെ പരിപാ​ടി​യി​ലൂ​ടെ സഹോ​ദ​ര​ങ്ങ​ളു​ടെ അറിവും വിശ്വാ​സ​വും എത്രമാ​ത്രം വർധി​ച്ചു​വെ​ന്നോ!

സഹോ​ദ​ര​ങ്ങൾക്ക്‌ ജർമനി​യി​ലേക്കു യാത്ര​ചെ​യ്യാ​നാ​യി യൂഗോ​സ്ലാ​വി​യ​യു​ടെ വിവിധ ഭാഗങ്ങ​ളിൽനിന്ന്‌ ട്രെയി​നു​ക​ളും ബസ്സുക​ളു​മൊ​ക്കെ ബുക്കു​ചെ​യ്‌തി​രു​ന്നു. “സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ കാണാ​നുള്ള വെമ്പലാ​യി​രു​ന്നു ഞങ്ങൾക്ക്‌. കൺ​വെൻ​ഷ​നെ​ക്കു​റിച്ച്‌ അറിയി​ക്കുന്ന ബോർഡു​കൾ അഭിമാ​ന​ത്തോ​ടെ ഞങ്ങൾ കമ്പാർട്ടു​മെ​ന്റി​ന്റെ ജനാല​ക​ളിൽ പ്രദർശി​പ്പി​ച്ചി​രു​ന്നു” ക്രൊ​യേ​ഷ്യ​യിൽനിന്ന്‌ സമ്മേളനം കൂടാൻ പോയ ഒരു സഹോ​ദരൻ പറയുന്നു.

ലോക ആസ്ഥാന​ത്തു​നി​ന്നുള്ള നേഥൻ നോർ സഹോ​ദ​ര​നെ​യും ഫ്രെഡ​റിക്‌ ഫ്രാൻസ്‌ സഹോ​ദ​ര​നെ​യും കാണാ​നും അവരുടെ പ്രസംഗം കേൾക്കാ​നും കഴിഞ്ഞ​തിൽ സഹോ​ദ​രങ്ങൾ സന്തോ​ഷി​ച്ചു. “അവർ സ്റ്റേഡി​യ​ത്തിൽ ഞങ്ങൾ ഇരുന്ന ഭാഗത്ത്‌ വന്ന്‌ സദസ്സിനെ അഭിസം​ബോ​ധന ചെയ്‌ത​പ്പോൾ ആഹ്ലാദം അലതല്ലി,” ഒരു സഹോ​ദരൻ ഓർമി​ക്കു​ന്നു. ആ സമ്മേള​ന​ത്തിൽ സംബന്ധി​ക്കാൻ യൂഗോ​സ്ലാ​വി​യ​യി​ലെ സഹോ​ദ​രങ്ങൾ ചെയ്‌ത ഒട്ടനവധി ത്യാഗ​ങ്ങൾക്ക്‌ അളവറ്റ അനു​ഗ്ര​ഹങ്ങൾ അവർക്കു പകരം ലഭിച്ചു. സെർബി​യ​യിൽനിന്ന്‌ സമ്മേള​ന​ത്തി​നു​പോയ മീലോ​സീ​യെ സീമീ​റ്റ്‌സ്‌ സഹോ​ദരി പറയു​ന്നതു ശ്രദ്ധി​ക്കുക: “രണ്ടുമാ​സത്തെ വേതനം വേണമാ​യി​രു​ന്നു യാത്രാ​ച്ചെ​ല​വിന്‌. പത്തുദി​വ​സത്തെ അവധി​കി​ട്ടാ​നും ബുദ്ധി​മു​ട്ടാ​യി​രു​ന്നു. തിരി​ച്ചു​ചെ​ല്ലു​മ്പോൾ ജോലി ഉണ്ടായി​രി​ക്കു​മെ​ന്ന​തിന്‌ ഒരു ഉറപ്പു​മി​ല്ലാ​യി​രു​ന്നു; എങ്കിലും ഞാൻ പോകാൻ നിശ്ചയി​ച്ചു. ഏതാണ്ട്‌ 40 വർഷം​മു​മ്പത്തെ കാര്യ​മാണ്‌ അത്‌. പറഞ്ഞറി​യി​ക്കാ​നാ​വില്ല ആ വികാരം! ഇന്നും ആ ദിവസ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ സന്തോ​ഷം​കൊണ്ട്‌ എന്റെ കണ്ണുനി​റ​യും.”

യൂഗോ​സ്ലാ​വി​യ​യു​ടെ പല ഭാഗങ്ങ​ളിൽനി​ന്നുള്ള സഹോ​ദ​ര​ങ്ങ​ളു​മാ​യി കൂടി​വ​രാൻ സാധിച്ച പ്രതി​നി​ധി​കൾക്ക്‌ ആഗോള സഹോ​ദ​ര​വർഗ​ത്തി​ന്റെ ഐക്യം അനുഭ​വി​ച്ച​റി​യാൻ കഴിഞ്ഞു. അങ്ങനെ അവർ വരാനി​രുന്ന പ്രാതി​കൂ​ല്യ​ങ്ങൾ തരണം ചെയ്യാൻ സജ്ജരായി വീടു​ക​ളി​ലേക്കു മടങ്ങി.

മുന്നി​ട്ടി​റ​ങ്ങിയ പ്രാ​ദേ​ശിക പയനി​യർമാർ

1930-കളുടെ ആദ്യപാ​ദ​ത്തിൽ,  ജർമനി​യിൽനി​ന്നെ​ത്തിയ പയനി​യർമാർ സുവാർത്ത വ്യാപി​പ്പി​ക്കാൻ ഏറെ അധ്വാ​നി​ച്ചി​രു​ന്നു. എന്നാൽ പ്രസാ​ധ​ക​രു​ടെ എണ്ണം വർധി​ച്ച​പ്പോൾ യൂഗോ​സ്ലാ​വി​യ​ക്കാ​രായ ധാരാ​ളം​പേർ പയനി​യർമാ​രു​ടെ അണിക​ളി​ലേക്കു വന്നു. ഉദാഹ​ര​ണ​ത്തിന്‌ യൂഗോ​സ്ലാ​വി​യ​യു​ടെ, ആവശ്യം അധിക​മുള്ള വിദൂ​ര​ഭാ​ഗ​ങ്ങ​ളി​ലേക്ക്‌ അനുഭ​വ​സ​മ്പ​ന്ന​രായ പയനി​യർമാ​രെ സ്ലോ​വേ​നി​യ​യിൽനിന്ന്‌ അയയ്‌ക്കു​ക​യു​ണ്ടാ​യി. പുതിയ ഭാഷയും സംസ്‌കാ​ര​വും പഠിക്കു​ക​യെന്ന വെല്ലു​വി​ളി ഈ പയനി​യർമാർ സധൈ​ര്യം ഏറ്റെടു​ത്തു.

യോലാ​ന്റാ കോറ്റ്‌സ്യാൻചിച്ച്‌ സഹോ​ദരി പറയുന്നു: “കൊ​സോ​വോ​യി​ലെ ഏറ്റവും വലിയ നഗരമായ പ്രീഷ്‌റ്റീ​ന​യിൽ ഞാനെത്തി. അൽബേ​നി​യ​നും സെർബി​യ​നും ആയിരു​ന്നു അവിടത്തെ ഭാഷകൾ. മീങ്ക കാർലോ​വ്‌ഷെ​കി​നും എനിക്കും ഈ രണ്ടു ഭാഷക​ളും അറിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ഞങ്ങൾ പ്രസം​ഗ​വേല തുടങ്ങി; അങ്ങനെ​യാണ്‌ ഞങ്ങൾ ഭാഷ പഠിച്ചത്‌. ആദ്യത്തെ വീട്ടിൽ ഞങ്ങൾ ചെക്കു​കാ​രി​യായ ഒരു വിധവ​യു​ടെ മൂത്ത മകനെ കണ്ടുമു​ട്ടി. സ്ലൊ​വേ​നി​യ​നും സെർബി​യ​നും ഒക്കെ കലർത്തി ഞങ്ങൾ സംഭാ​ഷണം ആരംഭി​ച്ചു: ‘ബൈബി​ളിൽനിന്ന്‌ ഒരു സുവാർത്ത നിങ്ങളു​ടെ കുടും​ബത്തെ അറിയി​ക്കാ​നാണ്‌ ഞങ്ങൾ വന്നത്‌.’

“കയറി​വരൂ, എന്റെ അമ്മ നിങ്ങളെ കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു,” അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ അകത്തേക്കു കയറു​മ്പോൾ അമ്മ റൂഷീ​റ്റ്‌സെ ഞങ്ങളെ കാണാ​നാ​യി ഓടി​വന്നു. 14 ദിവസം​മുമ്പ്‌ താൻ യഹോ​വ​യോട്‌, അവനെ​ക്കു​റി​ച്ച​റി​യാൻ ആരെ​യെ​ങ്കി​ലും അയയ്‌ക്ക​ണ​മെന്നു പ്രാർഥി​ച്ചെന്ന്‌ അവർ ഞങ്ങളോ​ടു പറഞ്ഞു. അവരുടെ ചേച്ചി ഒരു യഹോ​വ​യു​ടെ സാക്ഷി​യാണ്‌ (ഇന്ന്‌ ചെക്ക്‌ റിപ്പബ്ലിക്‌ എന്നറി​യ​പ്പെ​ടുന്ന സ്ഥലത്താണ്‌ അവർ). സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കാൻ ചേച്ചി പതിവാ​യി പറയാ​റു​ണ്ടാ​യി​രു​ന്നു. ഞങ്ങളുടെ സന്ദർശനം ആ പ്രാർഥ​ന​യ്‌ക്കുള്ള ഉത്തരമാ​ണെന്ന്‌ റൂഷീ​റ്റ്‌സെക്കു ബോധ്യ​മാ​യി. റൂഷീ​റ്റ്‌സെ ഞങ്ങളെ സെർബി​യൻ ഭാഷ പഠിപ്പി​ച്ചു. ഞങ്ങൾ അവരെ ബൈബിൾ സത്യവും. വാടക​ക്കാ​രാ​യി റൂഷീ​റ്റ്‌സെ​യു​ടെ വീട്ടിൽ ചില വിദ്യാർഥി​ക​ളു​ണ്ടാ​യി​രു​ന്നു. അവരിൽ ചിലരും ബൈബിൾ പഠനത്തിൽ പങ്കെടു​ക്കു​മാ​യി​രു​ന്നു. അവരി​ലൊ​രാൾ ഞങ്ങൾക്ക്‌ ഒരു അൽബേ​നി​യൻ നിഘണ്ടു തന്നു. ആ ഭാഷ പഠിക്കാൻ അതൊരു സഹായ​മാ​യി.”

ക്രൊ​യേ​ഷ്യ​യി​ലെ സാ​ഗ്രെ​ബിൽനി​ന്നു​ളള ഒരു പയനി​യ​റിൽനിന്ന്‌ മോൺടേ​നേ​ഗ്രോ​യി​ലുള്ള സോറൻ ലാലോ​വി​ച്ചിന്‌ ഒരു ബൈബിൾ കിട്ടി. അന്ന്‌ അവൻ ഒരു കൊച്ചു​പ​യ്യ​നാ​യി​രു​ന്നു. അഞ്ചുവർഷം കഴിഞ്ഞ്‌ 1980-ൽ സെർബി​യ​യിൽനി​ന്നു​വന്ന ഒരു പ്രത്യേക പയനിയർ അവന്‌ അധ്യയ​ന​മെ​ടു​ത്തു. സോറൻ പറയുന്നു: “ഡിസ്‌കോ ക്ലബ്ബിലെ എന്റെ സുഹൃ​ത്തു​ക്ക​ളു​മാ​യുള്ള ബന്ധം ഉപേക്ഷി​ക്കാൻ വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. എന്നാൽ ക്രമേണ എനിക്ക​തി​നു കഴിഞ്ഞു. പിന്നെ ഞാൻ സത്വരം പുരോ​ഗ​മി​ച്ചു. ഏതാനും മാസങ്ങൾക്കു​ശേഷം സെർബി​യ​യി​ലെ ബെൽ​ഗ്രേ​ഡിൽ ഞാൻ സ്‌നാ​ന​മേറ്റു. സഹോ​ദ​ര​ന്മാ​രു​ടെ എണ്ണം തീരെ കുറവാ​യി​രു​ന്ന​തി​നാൽ വൈകാ​തെ​തന്നെ എനിക്ക്‌ പരസ്യ​പ്ര​സംഗ നിയമ​നങ്ങൾ കിട്ടി​ത്തു​ടങ്ങി. പോഡ്‌ഗോ​റിക്ക നഗരത്തിൽ ഞങ്ങൾ എല്ലാ യോഗ​ങ്ങ​ളും നടത്താൻ തുടങ്ങി.”

സ്‌നാനം നെൽപ്പാ​ടത്ത്‌

മാസി​ഡോ​ണി​യ​യിൽനി​ന്നുള്ള സ്റ്റോയൻ ബോഗ​റ്റി​നോവ്‌ സഹോ​ദരൻ പറയുന്നു: “സ്‌നാ​നാർഥി​കളെ സ്‌നാ​ന​പ്പെ​ടു​ത്തി​യി​രു​ന്നത്‌ ഞാനാ​യി​രു​ന്നു. ഞങ്ങൾക്ക്‌ സ്‌നാ​ന​ത്തി​നു​പ​റ്റിയ ബാത്ത്‌ട​ബ്ബു​ക​ളൊ​ന്നും ഇല്ലായി​രു​ന്നു. നാട്ടിലെ പുഴയി​ലാ​കട്ടെ ആവശ്യ​ത്തി​നു വെള്ളവു​മില്ല. എന്നാൽ അവിട​ങ്ങ​ളി​ലെ നെൽപ്പാ​ട​ങ്ങ​ളോ​ടു ചേർന്ന്‌ കനാലു​ക​ളു​ണ്ടാ​യി​രു​ന്നു. ചിലത്‌ നല്ല ആഴമുള്ള, വൃത്തി​യുള്ള കനാലു​ക​ളാ​യി​രു​ന്നു. അതു ഞങ്ങൾ സ്‌നാ​ന​ത്തി​നാ​യി ഉപയോ​ഗി​ച്ചു. പാടത്തെ ആദ്യത്തെ സ്‌നാനം ഞാൻ ഓർക്കു​ന്നു. പാടത്തു​കൂ​ടി ഞങ്ങൾ കനാലി​ങ്ക​ലേക്കു നടക്കു​ക​യാ​യി​രു​ന്നു. അപ്പോൾ ആരോ വിളി​ച്ചു​ചോ​ദി​ച്ചു: ‘സ്റ്റോയൻ, കുറെ പുതിയ പണിക്കാ​രെ കിട്ടി​യി​ട്ടു​ണ്ട​ല്ലോ!’

“‘അതെയതെ, കുറെ​യ​ധി​കം പണികൾ ചെയ്‌തു​തീർക്കാ​നുണ്ട്‌’ ഞാൻ പ്രതി​വ​ചി​ച്ചു. മാസി​ഡോ​ണി​യ​യിൽ നടക്കുന്ന ആത്മീയ​കൊ​യ്‌ത്തി​നു​വേ​ണ്ടി​യുള്ള വേലക്കാ​രാണ്‌ ഞങ്ങളെന്ന്‌ അവർക്ക​റി​യി​ല്ല​ല്ലോ.”

മാസി​ഡോ​ണി​യ​യി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ ബ്രാഞ്ച്‌ ഓഫീ​സു​മാ​യി പരിമി​ത​മായ ബന്ധമേ ഉണ്ടായി​രു​ന്നു​ള്ളൂ. ദിവ്യാ​ധി​പ​ത്യ​രീ​തി​യിൽ കാര്യങ്ങൾ ചെയ്യു​ന്ന​തിന്‌ അവർ പിന്നെ​യും വളരെ​യേറെ കാര്യങ്ങൾ പഠി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ജർമനി​യിൽവെച്ച്‌ യോഗ​ങ്ങൾക്ക്‌ ഹാജരാ​യി​ക്കൊ​ണ്ടി​രുന്ന ഒരാളാ​യി​രു​ന്നു സ്റ്റോയി​യൻ സ്റ്റോയി​മീ​ലോവ്‌. അദ്ദേഹം മാസി​ഡോ​ണി​യ​യി​ലേക്ക്‌ മടങ്ങി. കോച്ചാ​നി​യിൽ സാക്ഷി​കളെ കണ്ടെത്തി​യ​പ്പോൾ അദ്ദേഹ​ത്തി​നു വളരെ സന്തോ​ഷ​മാ​യി. അദ്ദേഹം പറയുന്നു: “ജർമനി​യിൽ യോഗ​ങ്ങ​ളൊ​ക്കെ എങ്ങനെ​യാണ്‌ നടത്ത​പ്പെ​ടു​ന്ന​തെന്ന്‌ ഞാൻ ഇവിടെ സഹോ​ദ​ര​ങ്ങ​ളോ​ടു പറഞ്ഞയു​ടനെ അവർ എന്നോട്‌ വീക്ഷാ​ഗോ​പുര അധ്യയനം എടുക്കാ​നും പരസ്യ​പ്ര​സം​ഗം നടത്താ​നും പറഞ്ഞു. ഞാൻ സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത ആളാ​ണെന്ന്‌ പറഞ്ഞെ​ങ്കി​ലും ഞാനാണ്‌ അതൊക്കെ ചെയ്യാൻ യോഗ്യൻ എന്ന കാഴ്‌ച​പ്പാ​ടാ​യി​രു​ന്നു അവർക്ക്‌. ഒടുവിൽ അവർ പറഞ്ഞതു​പോ​ലെ ഞാൻ ചെയ്‌തു. ഞാനും ഭാര്യ​യും ക്രമേണ പുരോ​ഗ​മി​ച്ചു. ഞങ്ങളും നെൽപ്പാ​ടത്തു സ്‌നാ​ന​മേറ്റു.”

കോച്ചാ​നി​യിൽ ഇപ്പോൾ മൂപ്പനാ​യി സേവി​ക്കുന്ന വെസെ​ലിൻ ഇലീവ്‌ പറയുന്നു: “കാര്യങ്ങൾ ദിവ്യാ​ധി​പ​ത്യ​രീ​തി​യിൽ ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ ഞങ്ങൾക്ക്‌ ഒന്നും​തന്നെ അറിയി​ല്ലാ​യി​രു​ന്നു; പക്ഷേ, സത്യത്തെ ഞങ്ങൾ അകമഴി​ഞ്ഞു സ്‌നേ​ഹി​ച്ചു.” എന്നാൽ കാലാ​ന്ത​ര​ത്തിൽ യഹോവ കാര്യങ്ങൾ നേരെ​യാ​ക്കി. മസി​ഡോ​ണി​യൻ ഭാഷയിൽ കൂടുതൽ സാഹി​ത്യ​ങ്ങൾ ലഭ്യമാ​യത്‌ രാജ്യ​സ​ത്യം വ്യാപി​പ്പി​ക്കു​ന്ന​തി​നും സഭകളെ ശക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഏറെ സഹായി​ച്ചു.

സ്വാത​ന്ത്ര്യ​മേ​റു​ന്നു, ഒപ്പം ജാഗ്ര​ത​യും

യൂഗോ​സ്ലാ​വിയ റഷ്യയു​ടെ നിയ​ന്ത്ര​ണ​ത്തിൽ അല്ലായി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ ആ ഇരുമ്പു​മ​റ​യ്‌ക്കു​ള്ളി​ലെ ജനതയെ അപേക്ഷിച്ച്‌ യൂഗോ​സ്ലാ​വി​യ​ക്കാർക്ക്‌ കൂടുതൽ സ്വാത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്നു. 1960-കളുടെ അവസാനം യൂഗോ​സ്ലാ​വിയ വിസ നിറു​ത്ത​ലാ​ക്കു​ക​യും അതിർത്തി​യി​ലെ നിയ​ന്ത്ര​ണ​ത്തിൽ അയവു​വ​രു​ത്തു​ക​യും ചെയ്‌തു. ഇങ്ങനെ ചെയ്യുന്ന ആദ്യത്തെ കമ്മ്യൂ​ണിസ്റ്റ്‌ രാജ്യ​മാ​യി​രു​ന്നു യൂഗോ​സ്ലാ​വിയ. യാത്ര ചെയ്യാൻ സ്വാത​ന്ത്ര്യ​മാ​യ​തോ​ടെ വടക്കൻ യൂഗോ​സ്ലാ​വി​യ​യി​ലുള്ള സഹോ​ദ​രങ്ങൾ സാഹി​ത്യ​ങ്ങ​ളു​മാ​യി സോവി​യറ്റ്‌ യൂണി​യന്റെ അതിർത്തി​രാ​ജ്യ​ങ്ങ​ളി​ലേക്ക്‌ പോകുന്ന ജോലി ഏറ്റെടു​ത്തു. അവിടെ പ്രസം​ഗ​വേ​ല​യ്‌ക്ക്‌ അപ്പോ​ഴും നിരോ​ധ​ന​മു​ണ്ടാ​യി​രു​ന്നു.

ആദ്യം, സഹോ​ദ​രങ്ങൾ ജർമനി​യിൽനിന്ന്‌ സാഹി​ത്യ​ങ്ങൾ കാർഗോ വാനിൽ യൂഗോ​സ്ലാ​വി​യ​യി​ലേക്കു കൊണ്ടു​വ​രും. സോവി​യറ്റ്‌ യൂണി​യന്റെ പതനം​വരെ തങ്ങളുടെ വീട്‌ ഒരു സാഹി​ത്യ​ഡി​പ്പോ ആയിരു​ന്നെന്ന്‌ ഇപ്പോൾ ക്രൊ​യേ​ഷ്യൻ ബ്രാഞ്ച്‌ കമ്മിറ്റി​യം​ഗ​മാ​യി സേവി​ക്കുന്ന ജൂറോ ലാൻഡിച്‌ സഹോ​ദരൻ പറയുന്നു. “ഞങ്ങളുടെ കാറിന്റെ അടിയി​ലും ഡാഷ്‌ബോർഡി​ലും രഹസ്യ​അ​റകൾ ഉണ്ടായി​രു​ന്നു. പിടി​ക്ക​പ്പെ​ട്ടാൽ കാറും പോകും, ഞങ്ങൾ ജയിലി​ലും ആകും; എന്നാൽ സാഹി​ത്യ​ങ്ങൾ ലഭിക്കു​മ്പോ​ഴുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ സന്തോഷം ഓർത്ത​പ്പോൾ ഞങ്ങളുടെ കഷ്ടപ്പാട്‌ ഒന്നുമ​ല്ലെന്ന്‌ ഞങ്ങൾക്കു തോന്നി,” അദ്ദേഹം അനുസ്‌മ​രി​ക്കു​ന്നു.

സെർബി​യ​യിൽനിന്ന്‌ ബൾഗേ​റി​യ​യി​ലേക്ക്‌ സാഹി​ത്യ​ങ്ങൾ കൊണ്ടു​പോ​യി​രുന്ന മീലോ​സീ​യെ സീമീ​റ്റ്‌സ്‌

സഹോ​ദരി ആ കാല​ത്തെ​ക്കു​റി​ച്ചോർക്കു​ന്നു: “സാഹി​ത്യ​ങ്ങൾ കൈമാ​റേ​ണ്ട​യാ​ളെ നേരത്തേ അറിയാൻ പറ്റില്ല. ആകെക്കൂ​ടി ഒരു മേൽവി​ലാ​സം കൈയി​ലു​ണ്ടാ​കും. ഒരിക്കൽ, ഞാൻ ബസ്സിൽനി​ന്നി​റങ്ങി, വീടു കണ്ടുപി​ടി​ച്ചു. ആ വീട്ടിൽ ആരെയും കണ്ടില്ല. ഞാൻ ആ ബ്ലോക്കി​നു ചുറ്റു​മൊ​ന്നു നടന്നിട്ട്‌ വേറൊ​രു വഴിയി​ലൂ​ടെ ആ വീട്ടി​ലേക്ക്‌ വീണ്ടും വന്നു. എന്നിട്ടും വീട്ടിൽ ആളുള്ള ലക്ഷണ​മൊ​ന്നു​മില്ല. അന്നേദി​വസം പത്തു​പ്രാ​വ​ശ്യം ഞാനി​ങ്ങനെ ചുറ്റി​ക്ക​റങ്ങി. ആർക്കും സംശയം തോന്നാ​ത്ത​വി​ധ​മാ​യി​രു​ന്നു ഞാനതു ചെയ്‌ത്‌; പക്ഷേ ആരെയും കണ്ടെത്താ​നാ​യില്ല. പിന്നെ​യാണ്‌ ഞാൻ തിരി​ച്ച​റി​ഞ്ഞത്‌ എനിക്കു പോ​കേ​ണ്ടി​യി​രുന്ന വീട്‌ അതല്ലാ​യി​രു​ന്നെന്ന്‌. വീട്ടിൽ ആളില്ലാ​തി​രു​ന്നത്‌ ഒരു അനു​ഗ്ര​ഹ​മെ​ന്ന​ല്ലാ​തെ എന്തുപ​റ​യാൻ!

“സാഹി​ത്യ​ങ്ങൾ ഇനി എന്തു ചെയ്യും? അവ കോപ്പി​ചെ​യ്യാ​നും ടൈപ്പ്‌ ചെയ്യാ​നു​മൊ​ക്കെ ഞാൻ വളരെ കഷ്ടപ്പെ​ട്ട​താണ്‌. അതവിടെ ഇട്ടിട്ടു​പോ​രാൻ എനിക്കു മനസ്സു​വ​ന്നില്ല. അതു​കൊണ്ട്‌ അത്‌ തിരിച്ച്‌ സെർബി​യ​യിൽ കൊണ്ടു​വന്ന്‌ ഉപയോ​ഗി​ക്കാം എന്നു ഞാൻ കരുതി. മടക്കയാ​ത്ര​യ്‌ക്കുള്ള ടിക്കറ്റ്‌ കൈവ​ശ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വണ്ടിപി​ടി​ക്കാ​നുള്ള സ്റ്റേഷനി​ലെ​ത്താൻ എനിക്കു വേറെ ടിക്കറ്റ്‌ എടുക്ക​ണ​മാ​യി​രു​ന്നു. സാധാ​ര​ണ​ഗ​തി​യിൽ സാഹി​ത്യ​ങ്ങൾ കൈമാ​റു​മ്പോൾ അത്‌ ഏറ്റെടു​ക്കുന്ന സഹോ​ദ​രങ്ങൾ ടിക്കറ്റി​നുള്ള പണം എനിക്കു തരും. ആ രാജ്യ​ത്തേക്ക്‌ കടക്കു​മ്പോൾ ഇത്രതു​കയേ കൈവശം വെക്കാവൂ എന്ന്‌ നിബന്ധ​ന​യു​ണ്ടാ​യി​രു​ന്ന​തി​നാ​ലാണ്‌ അങ്ങനെ ചെയ്‌തി​രു​ന്നത്‌. ടിക്കറ്റ്‌ കൗണ്ടറിൽ ഒരു സ്‌ത്രീ ആയിരി​ക്കണേ എന്നു പ്രാർഥി​ച്ചു​കൊണ്ട്‌ ഞാൻ അവി​ടേക്കു നടന്നു. ഞാൻ അവിടെ ചെന്നതും അവി​ടെ​യി​രുന്ന പുരുഷൻ മാറി​യിട്ട്‌ ഒരു സ്‌ത്രീ വന്നിരു​ന്നു. കുറച്ച്‌ തുണികൾ തന്നാൽ പകരം ടിക്കറ്റ്‌ തരാ​മോ​യെന്ന്‌ ഞാൻ ചോദി​ച്ചു. അവർ സമ്മതിച്ചു. സാഹി​ത്യ​ങ്ങൾ പൊതി​ഞ്ഞി​രുന്ന തുണികൾ ഞാൻ കൊടു​ത്തു. എനിക്കു ടിക്കറ്റു കിട്ടി.”

1980-കളുടെ തുടക്ക​ത്തിൽ, സഹോ​ദ​രങ്ങൾ അൽബേ​നി​യ​നി​ലും മസി​ഡോ​ണി​യ​നി​ലും സാഹി​ത്യ​ങ്ങൾ പരിഭാ​ഷ​ചെ​യ്‌ത്‌ കൈ​കൊണ്ട്‌ എഴുതിയ കോപ്പി​കൾ ബെൽ​ഗ്രേ​ഡി​ലുള്ള ചെറിയ ഓഫീ​സി​ലേക്ക്‌ അയയ്‌ക്കു​മാ​യി​രു​ന്നു. അവിടെ, മീലോ​സീ​യെ സഹോ​ദരി ഒരു ടൈപ്പ്‌​റൈ​റ്റ​റും കാർബൺ പേപ്പറും ഉപയോ​ഗിച്ച്‌ ഒരേ സമയം എട്ടു കോപ്പി​കൾ എടുത്തി​രു​ന്നു. വളരെ ബുദ്ധി​മു​ട്ടുള്ള ഒരു ജോലി​യാ​യി​രു​ന്നു അത്‌. കോപ്പി​കൾ കൈ​കൊണ്ട്‌ എഴുതി​യവ ആയിരു​ന്നു. പോരാ​ത്ത​തിന്‌ സഹോ​ദ​രിക്ക്‌ ആ ഭാഷ അറിയാ​നും​പാ​ടി​ല്ലാ​യി​രു​ന്നു.

ധീരനി​ല​പാ​ടെ​ടുത്ത യുവാക്കൾ

ഞങ്ങൾക്ക്‌ മതസ്വാ​ത​ന്ത്ര്യം ഉണ്ടായി​രു​ന്നെ​ങ്കി​ലും നമ്മുടെ നിഷ്‌പക്ഷ നിലപാ​ടി​നെ യൂഗോ​സ്ലാ​വി​യ​യു​ടെ ഐക്യ​ത്തി​നുള്ള ഒരു ഭീഷണി​യാ​യി​ട്ടാണ്‌ ഗവണ്മെന്റ്‌ വീക്ഷി​ച്ചത്‌. അതു​കൊണ്ട്‌ സഹോ​ദ​ര​ന്മാർക്ക്‌ പല എതിർപ്പു​ക​ളും നേരി​ടേ​ണ്ടി​വന്നു. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ നിഷ്‌പക്ഷ നിലപാ​ടെ​ടു​ത്തു​കൊണ്ട്‌ നിരവധി സഹോ​ദ​ര​ന്മാർ വിശ്വ​സ്‌തത തെളി​യി​ച്ചു. ചിലർ അതി​ന്റെ​പേ​രിൽ മരണം​പോ​ലും ഏറ്റുവാ​ങ്ങി. എന്നാൽ തുടർന്നു​വന്ന മൂന്നു​ദ​ശ​ക​ക്കാ​ലം എല്ലാവർക്കു​മൊ​ന്നും അത്ര ശക്തമായ വിശ്വാ​സം ഇല്ലായി​രു​ന്നു. യോഗ​ങ്ങൾക്കു വരിക​യും പ്രസം​ഗ​വേ​ലയെ പിന്തു​ണ​യ്‌ക്കു​ക​യും ചെയ്‌തി​രുന്ന ചിലർ സൈനി​ക​സേ​വ​ന​ത്തി​നുള്ള വിളി വന്നപ്പോൾ പോയി പങ്കെടു​ത്തു. അതിനെ ന്യായീ​ക​രി​ക്കാൻ ഓരോ​രോ കാരണ​ങ്ങ​ളും അവർക്കു​ണ്ടാ​യി​രു​ന്നു.

രാജ്യത്ത്‌, നിഷ്‌പക്ഷ നിലപാ​ടെ​ടുത്ത യുവസ​ഹോ​ദ​ര​ന്മാ​രെ കാത്തി​രു​ന്നത്‌ പത്തുവർഷം​വ​രെ​യുള്ള തടവു​ശി​ക്ഷ​യാ​യി​രു​ന്നു. 30 വയസ്സു തികയു​ന്ന​തി​നു​മുമ്പ്‌ ചില​പ്പോൾ പലവട്ടം ഇത്തരത്തിൽ തടവു​ശിക്ഷ ലഭിച്ചി​രു​ന്നു! വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധ​ന​യിൻകീ​ഴിൽ അനുര​ഞ്‌ജ​ന​പ്പെ​ടാ​തെ നിഷ്‌പക്ഷ നിലപാ​ടെ​ടുത്ത ഈ സഹോ​ദ​ര​ന്മാ​രിൽ ചിലർ സത്യത്തിൽ നന്നേ പുതി​യ​വ​രാ​യി​രു​ന്നു. ഇപ്പോൾ അവരിൽ പലരും സഭകളിൽ നേതൃ​ത്വം​വ​ഹി​ച്ചു​കൊണ്ട്‌ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളിൽ സേവി​ക്കു​ന്നു.

ആവേ​ശോ​ജ്ജ്വ​ല​മായ ഒരു അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷൻ

യൂഗോ​സ്ലാ​വി​യ​യി​ലെ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അതുവരെ ഒരു അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷന്റെ ആതി​ഥേ​യ​രാ​കാൻ അവസരം ലഭിച്ചി​രു​ന്നില്ല. 1991-ൽ ആ പദവി അവരെ​ത്തേ​ടി​യെത്തി. “സ്വാത​ന്ത്ര്യ​സ്‌നേ​ഹി​കൾ” എന്ന അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷൻ ക്രൊ​യേ​ഷ്യ​യി​ലെ സാ​ഗ്രെ​ബിൽവെച്ചു നടത്താൻപോ​കു​ന്നു​വെന്ന്‌ ഭരണസം​ഘം അറിയി​ച്ച​പ്പോൾ അവരുടെ സന്തോ​ഷ​ത്തിന്‌ അതിരി​ല്ലാ​യി​രു​ന്നു!

എന്നിരു​ന്നാ​ലും, ചില പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ക്രൊ​യേഷ്യ യൂഗോ​സ്ലാ​വി​യ​യിൽനിന്ന്‌ സ്വാത​ന്ത്ര്യം പ്രഖ്യാ​പി​ച്ച​തു​മു​തൽ ഒരു യുദ്ധത്തി​ന്റെ കാർമേഘം ഉരുണ്ടു​കൂ​ടു​ന്നു​ണ്ടാ​യി​രു​ന്നു. ഈ സാഹച​ര്യ​ത്തിൽ കൺ​വെൻ​ഷൻ എങ്ങനെ നടത്തും? കൺ​വെൻ​ഷ​നിൽ പങ്കെടു​ക്കുന്ന തദ്ദേശീ​യ​രും വിദേ​ശീ​യ​രു​മായ സാക്ഷി​ക​ളു​ടെ സുരക്ഷ വളരെ പ്രധാ​ന​മാ​യി​രു​ന്നു. സ്ഥിതി​ഗ​തി​ക​ളെ​ല്ലാം നല്ലവണ്ണം പരി​ശോ​ധി​ക്കു​ക​യും യഹോ​വ​യോട്‌ മുട്ടി​പ്പാ​യി പ്രാർഥി​ക്കു​ക​യും ചെയ്‌തിട്ട്‌ സഹോ​ദ​രങ്ങൾ കൺ​വെൻ​ഷന്റെ ഒരുക്ക​ങ്ങ​ളു​മാ​യി മുന്നോ​ട്ടു പോകാൻതന്നെ തീരു​മാ​നി​ച്ചു.

ഭരണസം​ഘാം​ഗ​മായ തിയോ​ഡർ ജാരറ്റ്‌സ്‌ സഹോ​ദരൻ കൺ​വെൻ​ഷൻ തുടങ്ങു​ന്ന​തിന്‌ ഏതാനും ആഴ്‌ച മുമ്പു​തന്നെ, അതിന്റെ സംഘാ​ട​ന​ത്തിൽ സഹായി​ക്കാ​നാ​യി ക്രൊ​യേ​ഷ്യ​യി​ലേക്കു തിരിച്ചു. സാ​ഗ്രെ​ബിൽ പൊതു​പ​രി​പാ​ടി​ക​ളെ​ല്ലാം റദ്ദാക്കി​യി​രി​ക്കു​ക​യാ​യി​രു​ന്നു. അതു​കൊണ്ട്‌ അവിടത്തെ ഡീനേ​മോ സ്റ്റേഡി​യ​ത്തിൽ നടക്കാൻ പോകു​ന്നത്‌ എന്താ​ണെ​ന്ന​റി​യാ​നുള്ള ആകാം​ക്ഷ​യി​ലാ​യി​രു​ന്നു പൊതു​ജനം. കൺ​വെൻ​ഷന്റെ ദിവസങ്ങൾ അടുത്തു​വ​രു​മ്പോ​ഴും രാജ്യത്തെ സ്ഥിതി​ഗ​തി​കൾ അത്ര മെച്ച​പ്പെ​ട്ടി​രു​ന്നില്ല. ഓരോ ദിവസ​വും സഹോ​ദ​രങ്ങൾ വരും​വ​രാ​യ്‌കകൾ വിലയി​രു​ത്തി. ഒരുക്ക​ങ്ങ​ളു​മാ​യി മുന്നോ​ട്ടു​പോ​ക​ണോ അതോ കൺ​വെൻ​ഷൻ റദ്ദാക്ക​ണോ? അവർ തിരി​ച്ചും​മ​റി​ച്ചും ചിന്തിച്ചു. യഹോ​വ​യു​ടെ വഴിന​ട​ത്തി​പ്പി​നാ​യി സഹോ​ദ​രങ്ങൾ മുട്ടി​പ്പാ​യി പ്രാർഥി​ച്ചു. അതിശ​യ​ക​ര​മെന്നു പറയട്ടെ, രാഷ്‌ട്രീ​യ​രം​ഗം ശാന്തമാ​യി. 1991 ആഗസ്റ്റ്‌ 16-18 തീയതി​ക​ളിൽ അവർക്ക്‌ കൺ​വെൻ​ഷൻ നടത്താ​നാ​യി.

ചുറ്റു​പാ​ടു​മു​ള്ള രാജ്യ​ങ്ങ​ളിൽ ഏതുനി​മി​ഷ​വും ഭീകര​മായ ഒരു യുദ്ധം പൊട്ടി​പ്പു​റ​പ്പെ​ടാം എന്ന സ്ഥിതി​യിൽ എത്തിനിൽക്കു​മ്പോൾ, ക്രൊ​യേ​ഷ്യ​യി​ലെ യഹോ​വ​യു​ടെ സാക്ഷികൾ, “ദിവ്യ​സ്വാ​ത​ന്ത്ര്യ​സ്‌നേ​ഹി​കൾ”c എന്ന അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​വേണ്ടി ആയിര​ക്ക​ണ​ക്കിന്‌ അതിഥി​കളെ വരവേൽക്കു​ക​യാ​യി​രു​ന്നു. ആർക്കും സങ്കൽപ്പി​ക്കാൻപോ​ലു​മാ​വാത്ത സ്ഥിതി​വി​ശേഷം! പലരും മാതൃ​രാ​ജ്യ​ത്തു​നിന്ന്‌ പലായനം ചെയ്യു​മ്പോൾ 15 രാജ്യ​ങ്ങ​ളിൽനി​ന്നുള്ള സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ സ്വാത​ന്ത്ര്യ​ത്തോ​ടെ സ്‌നേ​ഹ​ത്തിൽ ഒന്നിച്ചു​കൂ​ടു​ക​യാ​യി​രു​ന്നു. ഐക്യ​നാ​ടു​ക​ളിൽനി​ന്നും കാനഡ​യിൽനി​ന്നും മറ്റ്‌ പൗരസ്‌ത്യ​രാ​ജ്യ​ങ്ങ​ളിൽനി​ന്നും വലിയ കൂട്ടങ്ങൾ വിമാ​ന​മാർഗം എത്തി​ച്ചേർന്നു. രാജ്യത്തെ സാഹച​ര്യം​നി​മി​ത്തം സാ​ഗ്രെ​ബി​ലെ വിമാ​ന​ത്താ​വളം അടച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അതു​കൊണ്ട്‌ വിമാ​നങ്ങൾ സ്ലോ​വേ​നി​യ​യി​ലെ ലുബ്‌ലി​യാ​ന​യി​ലാണ്‌ ഇറങ്ങി​യത്‌. അവി​ടെ​നിന്ന്‌ കൺ​വെൻ​ഷൻ പ്രതി​നി​ധി​കൾ ബസ്സിൽ സാ​ഗ്രെ​ബി​ലേക്കു വന്നു. അവി​ടേ​ക്കു​വ​രാൻ സഹോ​ദ​രങ്ങൾ കാണിച്ച ധൈര്യം പൊതു​ജ​ന​ങ്ങൾക്ക്‌ നല്ലൊരു സാക്ഷ്യ​മാ​യി ഭവിച്ചു. ഇവരുടെ വരവ്‌ തദ്ദേശീ​യ​രായ സഹോ​ദ​ര​ങ്ങൾക്ക്‌ എത്ര പ്രോ​ത്സാ​ഹ​ജ​ന​ക​മാ​യി​രു​ന്നു​വെന്ന്‌ പറയേ​ണ്ട​തി​ല്ല​ല്ലോ! ഇറ്റലി​യിൽനി​ന്നാണ്‌ ഏറ്റവും കൂടു​തൽപേർ എത്തി​ച്ചേർന്നത്‌—ഏതാണ്ട്‌ 3,000 പേർ. അവരുടെ സ്‌നേ​ഹ​വും പ്രസരി​പ്പും കൺ​വെൻ​ഷനെ ആവേ​ശോ​ജ്ജ്വ​ല​മാ​ക്കി.—1 തെസ്സ. 5:19.

വിശേ​ഷാൽ വിശ്വാ​സത്തെ അരക്കി​ട്ടു​റ​പ്പി​ക്കു​ന്ന​താ​യി​രു​ന്നു അഞ്ചു ഭരണസം​ഘാം​ഗ​ങ്ങ​ളു​ടെ സാന്നി​ധ്യം. ക്യാരി ബാർബർ, ലോയ്‌ഡ്‌ ബാരി, മിൽട്ടൺ ഹെൻഷൽ, തിയോ​ഡർ ജാരറ്റ്‌സ്‌, ലൈമൻ സ്വിംഗൾ എന്നീ സഹോ​ദ​രങ്ങൾ നടത്തിയ പ്രസം​ഗ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള പുളകം​കൊ​ള്ളി​ക്കുന്ന ഓർമകൾ സഹോ​ദ​ര​ങ്ങൾക്ക്‌ ഇപ്പോ​ഴു​മുണ്ട്‌. വളരെ പ്രക്ഷു​ബ്ധ​മായ സാഹച​ര്യ​ത്തി​ലാണ്‌ ഈ സഹോ​ദ​ര​ന്മാർ ക്രൊ​യേ​ഷ്യ​യിൽ വരാനുള്ള ധൈര്യം കാണി​ച്ചത്‌. തങ്ങളുടെ ദീർഘ​കാ​ലത്തെ അനുഭ​വ​പ​രി​ചയം സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്താ​നാ​യി അവർ ഉപയോ​ഗി​ച്ചു.

രാഷ്‌ട്രീ​യ​രം​ഗം കലങ്ങി​മ​റി​ഞ്ഞി​രു​ന്ന​തി​നാൽ യൂഗോ​സ്ലാ​വി​യ​യു​ടെ വിവിധ ഭാഗങ്ങ​ളിൽനി​ന്നെ​ത്തിയ കൺ​വെൻ​ഷൻ പ്രതി​നി​ധി​കൾക്കി​ട​യിൽ വംശീ​യ​ക​ലാ​പ​മു​ണ്ടാ​കു​മോ​യെന്ന്‌ അധികാ​രി​കൾ ഭയന്നി​രു​ന്നു. എന്നാൽ അവർ സമാധാ​ന​ത്തോ​ടെ കൂടി​വ​രു​ന്ന​തി​നു പുറമേ, പരസ്‌പരം ഊഷ്‌മ​ള​മായ സാഹോ​ദ​ര്യ​സ്‌നേഹം പ്രകടി​പ്പി​ക്കു​ന്ന​തു​കൂ​ടി കണ്ടപ്പോൾ അധികാ​രി​കൾക്ക്‌ ആശ്വാ​സ​മാ​യി. കൺ​വെൻ​ഷൻ സ്ഥലത്ത്‌ കാവൽനിൽക്കുന്ന പോലീ​സു​കാ​രു​ടെ എണ്ണം ഓരോ ദിവസം കഴിയു​ന്തോ​റും കുറഞ്ഞു​കു​റ​ഞ്ഞു​വന്നു.

യഹോ​വ​യു​ടെ സാക്ഷികൾ ശരിക്കും ഒരു അന്താരാ​ഷ്‌ട്ര സഹോ​ദ​ര​വർഗ​മാണ്‌ എന്നതിന്റെ ഉത്തമസാ​ക്ഷ്യ​മാ​യി​രു​ന്നു അവിസ്‌മ​ര​ണീ​യ​മായ ഈ കൺ​വെൻ​ഷൻ. വരാനി​രുന്ന പരി​ശോ​ധ​ന​കളെ നേരി​ടാൻ ഈ മധുര​സ്‌മ​ര​ണകൾ അയവി​റ​ക്കു​ന്നത്‌ അവരെ ഏറെ സഹായി​ക്കു​മാ​യി​രു​ന്നു. സെർബി​യ​യി​ലെ​യും മാസി​ഡോ​ണി​യ​യി​ലെ​യും സഹോ​ദ​ര​ങ്ങ​ളെ​യും​കൊണ്ട്‌ ബസ്സുകൾ മടക്കയാ​ത്ര തുടങ്ങി. ക്രൊ​യേ​ഷ്യ​യ്‌ക്കും സെർബി​യ​യ്‌ക്കും ഇടയിലെ ചെക്ക്‌പോസ്റ്റ്‌ കടന്നു​പോ​കാൻ അനുവാ​ദം ലഭിച്ച അവസാ​നത്തെ വാഹന​ങ്ങ​ളിൽ ഇവയു​മു​ണ്ടാ​യി​രു​ന്നു. നമ്മുടെ സഹോ​ദ​രങ്ങൾ സുരക്ഷി​ത​രാ​യി അതിർത്തി​ക​ട​ന്ന​തും ചെക്ക്‌പോസ്റ്റ്‌ അടച്ചു. അപ്പോൾത്തന്നെ യുദ്ധം തുടങ്ങി​യെ​ന്നാണ്‌ പലരും പറയു​ന്നത്‌.

തുടർന്നു​വന്ന മാസങ്ങ​ളി​ലും വർഷങ്ങ​ളി​ലും, മുമ്പ്‌ യൂഗോ​സ്ലാ​വി​യ​യു​ടെ ഭാഗമാ​യി​രുന്ന റിപ്പബ്ലി​ക്കു​കൾ സ്വന്തമാ​യി ഗവണ്മെന്റ്‌ രൂപീ​ക​രിച്ച്‌ സ്വത​ന്ത്ര​രാ​ഷ്‌ട്ര​ങ്ങ​ളാ​യി​ക്കൊ​ണ്ടി​രു​ന്നു. അതി​നോ​ട​നു​ബ​ന്ധി​ച്ചു​ണ്ടായ പ്രക്ഷുബ്ധ സാഹച​ര്യ​ങ്ങ​ളിൽ പതിനാ​യി​ര​ങ്ങ​ളു​ടെ ജീവൻപൊ​ലി​ഞ്ഞു; പറയാ​നാ​കാത്ത ദുരി​ത​ങ്ങ​ളും അത്‌ വരുത്തി​വെച്ചു. ആകട്ടെ, നമ്മുടെ സഹോ​ദ​രങ്ങൾ ഈ സാഹച​ര്യ​ത്തെ നേരി​ട്ടത്‌ എങ്ങനെ​യാണ്‌? ഈ സ്വത​ന്ത്ര​രാ​ഷ്‌ട്ര​ങ്ങ​ളി​ലൊ​ക്കെ തുടർന്ന്‌ രാജ്യ​വേ​ല​ചെ​യ്യാ​നുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ ശ്രമത്തെ യഹോവ എങ്ങനെ​യാണ്‌ അനു​ഗ്ര​ഹി​ച്ചത്‌? നമുക്കു നോക്കാം.

‘മനുഷ്യ​നെ പ്രീതി​പ്പെ​ടു​ത്തു​ക​യാ​ണോ എന്റെ ലക്ഷ്യം? അല്ല! മറ്റുള്ളവർ എന്തു ചിന്തി​ക്കു​ന്നു, പറയുന്നു, ചെയ്യുന്നു എന്നതി​ന്റെ​യൊ​ക്കെ അടിസ്ഥാ​ന​ത്തി​ലാ​ണോ എന്റെ ജീവിതം? അല്ല!’

ബോസ്‌നിയ- ഹെർസ​ഗോ​വി​ന

“1992, മേയ്‌ 16. ഞങ്ങൾ 13-ഓളം പേർ സാര​യെ​വോ​യി​ലെ ഒരു അപ്പാർട്ട്‌മെ​ന്റിൽ ഭയന്നു​വി​റച്ച്‌ ഇരിക്കു​ക​യാ​യി​രു​ന്നു. മോർട്ടർ ഷെല്ലു​ക​ളു​ടെ സ്‌ഫോ​ട​ന​ശബ്ദം അന്തരീ​ക്ഷത്തെ കിടി​ലം​കൊ​ള്ളി​ച്ചു. രണ്ട്‌ ഷെല്ലുകൾ ഞങ്ങൾ അഭയം​തേ​ടി​യി​രുന്ന കെട്ടി​ട​ത്തി​ലും വന്നുപ​തി​ച്ചു. മൂന്ന്‌ വംശീ​യ​കൂ​ട്ട​ങ്ങ​ളാ​യി​രു​ന്നു പുറത്ത്‌ പരസ്‌പരം കടിച്ചു​കീ​റി​ക്കൊ​ണ്ടി​രു​ന്നത്‌—ക്രൊ​യേ​ഷ്യ​ക്കാ​രും സെർബി​യ​ക്കാ​രും ബോസ്‌നി​യ​ക്കാ​രും. ഈ മൂന്ന്‌ വംശീ​യ​പ​ശ്ചാ​ത്ത​ല​ങ്ങ​ളിൽനി​ന്നു​ള്ളവർ ആയിരു​ന്നെ​ങ്കി​ലും ശുദ്ധാ​രാ​ധ​ന​യിൽ ഏകീകൃ​ത​രാ​യി​രു​ന്നു ഞങ്ങൾ. പുലർച്ച​യാ​യ​പ്പോ​ഴേ​ക്കും ഷെൽവർഷം തെല്ലൊ​ന്നു ശമിച്ചു. ആ തക്കം​നോ​ക്കി ഞങ്ങൾ ആ കെട്ടിടം വിട്ട്‌ കുറെ​ക്കൂ​ടി സുരക്ഷി​ത​മായ മറ്റൊ​രി​ടം തേടി​പ്പോ​യി. തലേരാ​ത്രി​യിൽ ചെയ്‌ത​തു​പോ​ലെ ഞങ്ങൾ ഉറക്കെ യഹോ​വയെ വിളി​ച്ച​പേ​ക്ഷി​ച്ചു. അവൻ ഞങ്ങളുടെ പ്രാർഥന കേൾക്കു​ക​യും ചെയ്‌തു.”—ഹാലിം റ്റ്‌സുറി.

4,00,000-ത്തിലധി​കം നിവാ​സി​ക​ളുള്ള സാര​യെ​വോ ഉപരോ​ധ​ത്തിൻകീ​ഴി​ലാ​യി​രു​ന്നു. ആധുനിക ചരി​ത്ര​ത്തി​ലെ ഏറ്റവു​മ​ധി​കം കാലം നീണ്ടു​നി​ന്ന​തും ഏറ്റവും രൂക്ഷവു​മായ ഒരു ഉപരോ​ധ​മാ​യി​രു​ന്നു അത്‌. രാജ്യത്തെ പിച്ചി​ച്ചീ​ന്തി​ക്കൊ​ണ്ടി​രുന്ന വംശീ​യ​വും മതപര​വു​മായ പോരാ​ട്ട​ങ്ങ​ളു​ടെ സമയത്ത്‌ നമ്മുടെ ക്രിസ്‌തീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ എങ്ങനെ പിടി​ച്ചു​നിൽക്കു​മാ​യി​രു​ന്നു? ആ കഥയി​ലേക്കു കടക്കു​ന്ന​തി​നു​മുമ്പ്‌ നമുക്ക്‌ ബോസ്‌നിയ-ഹെർസ​ഗോ​വി​ന​യു​ടെ ചരിത്രം അൽപ്പമാ​യൊ​ന്നു പരി​ശോ​ധി​ക്കാം.

മുൻയൂ​ഗോ​സ്ലാ​വി​യ​യു​ടെ ഹൃദയ​ഭാ​ഗ​ത്താ​യി ക്രൊ​യേഷ്യ, സെർബിയ, മോൺടേ​നേ​ഗ്രോ എന്നീ ദേശങ്ങ​ളാൽ ചുറ്റ​പ്പെ​ട്ടാണ്‌ ബോസ്‌നിയ-ഹെർസ​ഗോ​വിന എന്നറി​യ​പ്പെ​ടുന്ന രാജ്യ​ത്തി​ന്റെ സ്ഥാനം. സാംസ്‌കാ​രി​ക​ബ​ന്ധ​ങ്ങ​ളും കുടും​ബ​ബ​ന്ധ​ങ്ങ​ളും വളരെ ശക്തമാണ്‌ ഇവിടെ. വലിയ അതിഥി​പ്രി​യ​രാണ്‌ ഇവിട​ത്തു​കാർ. അയലത്തെ വീട്ടിൽ ചെന്നി​രുന്ന്‌ ടർക്കിഷ്‌ കാപ്പി നുണയു​ന്ന​തും കഫിസി​ക​ളിൽ (കാപ്പി​ക്ക​ടകൾ) കൊച്ചു​വർത്ത​മാ​നം പറഞ്ഞി​രി​ക്കു​ന്ന​തു​മൊ​ക്കെ​യാണ്‌ ആളുക​ളു​ടെ പ്രധാന നേര​മ്പോ​ക്കു​കൾ. ബോസ്‌നി​യ​ക്കാർ, സെർബി​യ​ക്കാർ, ക്രൊ​യേ​ഷ്യ​ക്കാർ എന്നീ മൂന്നു​വം​ശജർ ചേർന്ന​താണ്‌ ഇവിടത്തെ ജനതതി. ശരീര​പ്ര​കൃ​തി​യിൽ വലിയ വ്യത്യാ​സ​മൊ​ന്നു​മില്ല ഇവർ തമ്മിൽ. ആളുകൾ വലിയ മതഭക്ത​രൊ​ന്നു​മ​ല്ലെ​ങ്കി​ലും ഇവിടത്തെ വിഭജ​ന​ത്തി​നു കാരണം മതംതന്നെ. ബോസ്‌നി​യ​ക്കാ​രിൽ മിക്കവ​രും മുസ്ലീ​ങ്ങ​ളാണ്‌. അതേസ​മയം സെർബി​യ​ക്കാർ മിക്കവാ​റും സെർബി​യൻ ഓർത്ത​ഡോ​ക്‌സ്‌ സഭക്കാ​രും ക്രൊ​യേ​ഷ്യ​ക്കാർ റോമൻ കത്തോ​ലി​ക്ക​രു​മാണ്‌.

1990-കളുടെ ആരംഭ​ത്തിൽ ആളിക്ക​ത്താൻ തുടങ്ങിയ മത അസഹി​ഷ്‌ണു​ത​യും വംശീ​യ​വി​ദ്വേ​ഷ​വും വംശശു​ദ്ധീ​ക​രണം എന്ന അതിനീ​ച​മായ നയത്തിനു ജന്മം നൽകി. കൊച്ചു​ഗ്രാ​മ​ങ്ങൾതു​ടങ്ങി വലിയ നഗരങ്ങൾവരെ എല്ലായി​ട​ത്തു​നി​ന്നും പട്ടാള​ക്കാർ ആളുകളെ ഒഴിപ്പി​ച്ചു​കൊ​ണ്ടി​രു​ന്നു, അവിടം വെട്ടി​വെ​ളു​പ്പിച്ച്‌ സ്വന്തം മതസ്ഥ​രെ​മാ​ത്രം പാർപ്പി​ക്കു​ന്ന​തി​നാ​യി​രു​ന്നു അത്‌. നമ്മുടെ ക്രിസ്‌തീയ സഹോ​ദ​ര​ങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം, നിഷ്‌പ​ക്ഷ​ത​യോ​ടു ബന്ധപ്പെട്ട ഒരു പരി​ശോ​ധ​ന​യാ​യി​രു​ന്നു അത്‌. മുൻയൂ​ഗോ​സ്ലാ​വി​യ​യി​ലെ മറ്റു രാജ്യ​ങ്ങ​ളി​ലെ​ന്ന​പോ​ലെ ബോസ്‌നി​യ​യി​ലും മാതാ​പി​താ​ക്ക​ളിൽനി​ന്നു കൈമാ​റി​ക്കി​ട്ടുന്ന ഒന്നാണ്‌ മതം. പലപ്പോ​ഴും, മതം ഏതാ​ണെന്നു തിരി​ച്ച​റി​യി​ക്കുന്ന തരത്തി​ലു​ള്ള​താ​യി​രി​ക്കും കുടും​ബ​പ്പേ​രു​കൾ. പരമാർഥ​ഹൃ​ദ​യ​രായ ആളുകൾ യഹോ​വ​യു​ടെ ദാസരാ​യി​ത്തീ​രു​മ്പോൾ കുടും​ബ​ത്തെ​യും പാരമ്പ​ര്യ​ത്തെ​യും തള്ളിപ്പ​റ​യുന്ന വഞ്ചകരാ​യി​ട്ടാണ്‌ അവരെ പിന്നെ മറ്റുള്ളവർ കാണു​ന്നത്‌. എന്നാൽ യഹോ​വ​യോ​ടുള്ള വിശ്വ​സ്‌തത ഒരു സംരക്ഷ​ണ​മാ​ണെന്ന്‌ സഹോ​ദ​രങ്ങൾ തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു.

നഗരം ഉപരോ​ധ​ത്തിൻകീ​ഴിൽ

നാം കണ്ടതു​പോ​ലെ, 1991-ൽ ക്രൊ​യേ​ഷ്യ​യി​ലെ സാ​ഗ്രെ​ബിൽ നടന്ന “ദിവ്യ​സ്വാ​ത​ന്ത്ര്യ സ്‌നേ​ഹി​കൾ” കൺ​വെൻ​ഷ​നിൽ പ്രകട​മാ​യി​രുന്ന സ്‌നേ​ഹ​വും ഐക്യ​വും യൂഗോ​സ്ലാ​വി​യ​ക്കാ​രായ സഹോ​ദ​ര​ന്മാ​രു​ടെ ഹൃദയ​ങ്ങളെ ആഴമായി സ്‌പർശി​ച്ചി​രു​ന്നു. പിന്നീ​ടു​ണ്ടായ കഠിന​പ​രി​ശോ​ധ​ന​ങ്ങളെ വിജയ​ക​ര​മാ​യി തരണം​ചെ​യ്യാൻവേണ്ട കരുത്താർജി​ക്കാൻ ഈ അവിസ്‌മ​ര​ണീയ കൺ​വെൻ​ഷൻ അവരെ സഹായി​ച്ചു. ക്രൊ​യേ​ഷ്യ​ക്കാ​രും സെർബി​യ​ക്കാ​രും ബോസ്‌നി​യ​ക്കാ​രും സാര​യെ​വോ​യിൽ സമാധാ​ന​ത്തോ​ടെ കഴിഞ്ഞു​വ​രവെ പെട്ടെ​ന്നാണ്‌ സൈന്യം നഗരത്തെ വളഞ്ഞത്‌. നമ്മുടെ സഹോ​ദ​രങ്ങൾ ഉൾപ്പെടെ എല്ലാവ​രും നഗരത്തി​ന​കത്ത്‌ കുടു​ങ്ങി​പ്പോ​യി. രാഷ്‌ട്രീ​യാ​ന്ത​രീ​ക്ഷം കലുഷി​ത​മാ​യി​രു​ന്നു. കലാപം എത്രനാൾ നീണ്ടു​നിൽക്കു​മെ​ന്നതു സംബന്ധിച്ച്‌ ആർക്കും ഒരു ഊഹവും ഇല്ലായി​രു​ന്നു.

സാര​യെ​വോ​യി​ലെ സഭയിൽ മൂപ്പനാ​യി​രുന്ന ഹാലിം റ്റ്‌സുറി ഇങ്ങനെ റിപ്പോർട്ട്‌ ചെയ്‌തു: “ആളുകൾ പട്ടിണി​യി​ലാണ്‌. കുറച്ചു മാവ്‌, നാല്‌ ഔൺസ്‌ (100 ഗ്രാം) പഞ്ചസാര, ഒരു പൈന്റ്‌ (0.5 ലിറ്റർ) എണ്ണ. ഇത്രയു​മാണ്‌ ഒരു മാസ​ത്തേ​ക്കുള്ള റേഷൻ. എവി​ടെ​യെ​ങ്കി​ലും ഒരു തുണ്ടു ഭൂമി കണ്ടാൽ അവിടെ എന്തെങ്കി​ലും പച്ചക്കറി​കൾ നട്ടുപി​ടി​പ്പി​ക്കാ​നാണ്‌ ആളുക​ളു​ടെ ശ്രമം. മരങ്ങൾ വെട്ടി​യാണ്‌ അവർ കത്തിക്കാ​നുള്ള വിറകു​ണ്ടാ​ക്കു​ന്നത്‌. മരങ്ങൾ ഇല്ലാ​തെ​വ​രു​മ്പോൾ വീടിന്റെ തറയിൽ വിരി​ച്ചി​രി​ക്കുന്ന മരപ്പല​കകൾ ഊരി​യെ​ടുത്ത്‌ അവർ കത്തിക്കും. കത്തുന്ന എന്തും അവർ ഇങ്ങനെ ഉപയോ​ഗി​ക്കും, പഴയ ഷൂസു​കൾപോ​ലും.”

സാര​യെ​വോ ഉപരോ​ധി​ക്ക​പ്പെ​ട്ട​പ്പോൾ നേനാദ്‌ നിൻകോ​വി​ച്ചും ഭാര്യ ലില്ല്യാ​ന​യും നഗരത്തിൽ കുടു​ങ്ങി​പ്പോ​യി. മക്കളിൽനിന്ന്‌ അവർക്കു വേർപെട്ടു കഴി​യേ​ണ്ടി​വ​രി​ക​യും ചെയ്‌തു. “രണ്ടു പെൺമ​ക്ക​ള​ട​ങ്ങിയ ഒരു സാധാരണ കുടും​ബ​മാ​യി​രു​ന്നു ഞങ്ങളു​ടേത്‌. സ്വന്തമാ​യി ഒരു വീടും കാറും ഞങ്ങൾക്കു​ണ്ടാ​യി​രു​ന്നു. പെട്ടെ​ന്നാണ്‌ സാഹച​ര്യ​ങ്ങൾക്കു മാറ്റം വന്നത്‌,” ലില്ല്യാന പറയുന്നു.

എങ്കിലും യഹോ​വ​യു​ടെ സംരക്ഷണം ജീവി​ത​ത്തിൽ പലതവണ അവർ അനുഭ​വി​ച്ച​റി​ഞ്ഞു. ലില്ല്യാന തുടരു​ന്നു: “രണ്ടുതവണ, ഞങ്ങൾ വീട്ടിൽനി​ന്നി​റങ്ങി നിമി​ഷങ്ങൾ കഴിയു​ന്ന​തി​നു​മുമ്പ്‌ വീടി​ന്മേൽ ബോംബ്‌ വന്നുപ​തി​ച്ചു. ബുദ്ധി​മു​ട്ടു​കൾ ഉണ്ടായി​രു​ന്നെ​ങ്കി​ലും കൊച്ചു​കൊ​ച്ചു കാര്യ​ങ്ങ​ളിൽ സന്തോഷം കണ്ടെത്താൻ ഞങ്ങൾ ശ്രമിച്ചു. നിത്യേന വെള്ള​ച്ചോ​റു​മാ​ത്രം കഴിച്ചു​കൊ​ണ്ടി​രുന്ന അവസര​ത്തിൽ ഒരു ദിവസം പാർക്കിൽ പോയി കുറച്ച്‌ ഡാന്റലി​യോൺ ഇലകൾ പറിച്ചു​കൊ​ണ്ടു​വന്ന്‌ ഒരു സാലഡു​കൂ​ടെ ഉണ്ടാക്കാൻ സാധി​ച്ച​പ്പോൾ ഞങ്ങൾക്ക്‌ വലിയ സന്തോ​ഷം​തോ​ന്നി. ഉള്ളതു​കൊ​ണ്ടു തൃപ്‌തി​പ്പെ​ടാ​നും ഒന്നി​നെ​യും വിലകു​റ​ച്ചു​കാ​ണാ​തി​രി​ക്കാ​നും ഞങ്ങൾ പഠിച്ചു.”

ഭൗതി​ക​വും ആത്മീയ​വു​മായ കരുത​ലു​കൾ

കുടി​വെ​ള്ള​മാ​യി​രു​ന്നു ഏറ്റവും വലിയ പ്രശ്‌ന​ങ്ങ​ളി​ലൊന്ന്‌. വീടു​ക​ളി​ലെ പൈപ്പിൽ അപൂർവ​മാ​യേ വെള്ളം വരാറു​ള്ളൂ. ചില​പ്പോൾ അഞ്ചുകി​ലോ​മീ​റ്റർവരെ നടന്നു​ചെ​ന്നാണ്‌ ആളുകൾ വെള്ളം​പി​ടി​ച്ചി​രു​ന്നത്‌, അതും ഒളി​പ്പോ​രാ​ളി​ക​ളു​ടെ താവള​ങ്ങ​ളി​ലൂ​ടെ. മണിക്കൂ​റു​ക​ളോ​ളം ക്യൂവിൽ കാത്തു​കെ​ട്ടി​നി​ന്നാ​ലേ വെള്ളം​പി​ടി​ക്കാൻപറ്റൂ. അതിനു​ശേഷം വെള്ളവും ചുമന്ന്‌ അത്രയും ദൂരം തിരി​ച്ചു​ന​ട​ക്കു​ക​യും വേണം.

ഹാലിം സഹോ​ദരൻ പറയുന്നു: “അങ്ങനെ​യി​രി​ക്കെ ഒരു അറിയി​പ്പു​ണ്ടാ​യി, വീടു​ക​ളി​ലെ പൈപ്പിൽ കുറച്ചു​നേ​ര​ത്തേക്ക്‌ വെള്ളം​വ​രു​മെന്ന്‌. കുളി​യും അലക്കു​മെ​ല്ലാം ആ സമയത്തി​നു​ള്ളിൽ ചെയ്‌തു​തീർക്കണം, കിട്ടാ​വുന്ന പാത്ര​ങ്ങ​ളി​ലെ​ല്ലാം വെള്ളം പിടി​ച്ചു​വെ​ക്കു​ക​യും വേണം. എന്നാൽ നോക്കി​നോ​ക്കി​യി​രു​ന്നിട്ട്‌ അവസാനം മീറ്റി​ങ്ങി​ന്റെ സമയത്താണ്‌ വെള്ളം​വ​രു​ന്ന​തെ​ങ്കി​ലോ? ഞങ്ങൾ ഒരു തീരു​മാ​ന​മെ​ടു​ക്ക​ണ​മാ​യി​രു​ന്നു: മീറ്റി​ങ്ങി​നു പോക​ണോ വെള്ളം​പി​ടി​ക്കാൻ വീട്ടി​ലി​രി​ക്ക​ണോ? ശരിക്കും ഒരു പരി​ശോ​ധ​ന​യാ​യി​രു​ന്നു അത്‌.”

ഭൗതി​ക​മാ​യ കാര്യങ്ങൾ ആവശ്യ​മാ​ണെ​ങ്കി​ലും യഹോ​വ​യിൽനി​ന്നുള്ള ആത്മീയ കരുത​ലു​ക​ളാണ്‌ അതിലും അനിവാ​ര്യം എന്ന വസ്‌തുത സഹോ​ദ​രങ്ങൾ മനസ്സി​ലാ​ക്കി​യി​രു​ന്നു. യോഗ​ങ്ങ​ളിൽ ആത്മീയാ​ഹാ​രം മാത്രമല്ല, ആർക്കൊ​ക്കെ പരിക്കു​പറ്റി, ആരൊക്കെ തടവി​ലാ​യി അല്ലെങ്കിൽ കൊല്ല​പ്പെട്ടു എന്നൊ​ക്കെ​യുള്ള വിവര​ങ്ങ​ളും സഹോ​ദ​ര​ങ്ങൾക്കു ലഭിച്ചി​രു​ന്നു. ഒരു സഭാമൂ​പ്പ​നായ മിലു​ട്ടിൻ പയ്യിക്ക്‌ പറയുന്നു: “ഞങ്ങൾ ഒരു കുടും​ബം​പോ​ലെ​യാ​യി​രു​ന്നു. യോഗ​ത്തി​നു വന്നാൽ ആർക്കും പിന്നെ തിരി​ച്ചു​പോ​കേണ്ട. മിക്ക​പ്പോ​ഴും, മീറ്റി​ങ്ങി​നു​ശേഷം മണിക്കൂ​റു​ക​ളോ​ളം ഞങ്ങൾ സത്യ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മാ​യി​രു​ന്നു.”

ജീവിതം തികച്ചും ദുഷ്‌ക​ര​മാ​യി​രു​ന്നു. പലപ്പോ​ഴും, മരണത്തി​ന്റെ കാലൊ​ച്ച​യ്‌ക്കു കാതോർത്ത്‌ ഭയത്തോ​ടെ​യാണ്‌ സഹോ​ദ​രങ്ങൾ കഴിഞ്ഞി​രു​ന്നത്‌. എങ്കിലും ആത്മീയ​കാ​ര്യ​ങ്ങൾക്ക്‌ ഒന്നാം സ്ഥാനം നൽകി​ത്തന്നെ അവർ ജീവിച്ചു. യുദ്ധം രാജ്യത്തെ പിച്ചി​ച്ചീ​ന്തി​ക്കൊ​ണ്ടി​രു​ന്ന​പ്പോൾ യഹോ​വ​യു​ടെ ജനത്തി​നി​ട​യി​ലെ ബന്ധം കൂടുതൽ ഇഴയടു​പ്പ​മു​ള്ള​താ​യി, തങ്ങളുടെ സ്വർഗീ​യ​പി​താ​വു​മാ​യുള്ള അവരുടെ അടുപ്പ​വും വർധിച്ചു. മാതാ​പി​താ​ക്ക​ളു​ടെ വിശ്വ​സ്‌ത​ത​യിൽനി​ന്നു മാതൃക ഉൾക്കൊണ്ട കുട്ടികൾ യഹോ​വ​യോട്‌ അചഞ്ചല​മായ വിശ്വ​സ്‌തത സ്വയം വളർത്തി​യെ​ടു​ത്തു.

ക്രൊ​യേ​ഷ്യൻ അതിർത്തി​ക്ക​ടു​ത്തുള്ള ബീഹാക്ക്‌ എന്ന പട്ടണം നാലു​വർഷ​ത്തോ​ളം ഒറ്റപ്പെട്ട അവസ്ഥയി​ലാ​യി​രു​ന്നു. ആളുകൾക്ക്‌ അവി​ടെ​നി​ന്നു പുറത്തു​ക​ട​ക്കാൻ പറ്റുമാ​യി​രു​ന്നില്ല, പുറത്തു​നിന്ന്‌ ദുരി​താ​ശ്വാ​സ സഹായങ്ങൾ പട്ടണത്തി​ലേക്ക്‌ എത്തിച്ചു​കൊ​ടു​ക്കാ​നും കഴിയു​മാ​യി​രു​ന്നില്ല. “യുദ്ധത്തി​ന്റെ തുടക്ക​ത്തി​ലാ​യി​രു​ന്നു ഏറ്റവും ബുദ്ധി​മുട്ട്‌. സാഹച​ര്യ​ത്തി​ന്റെ രൂക്ഷത​യെ​ക്കാൾ സംഭവി​ക്കാൻ പോകു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ആശങ്കയാണ്‌ ഞങ്ങളെ ഏറെ വലച്ചത്‌. കാരണം ഞങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം യുദ്ധം പുതിയ ഒരു അനുഭ​വ​മാ​യി​രു​ന്നു. എങ്കിലും ഷെൽവർഷം തുടങ്ങി​യ​പ്പോൾ തെല്ലൊ​രാ​ശ്വാ​സ​മാ​യി; കരുതി​യ​തു​പോ​ലെ, ഓരോ ഗ്രനേഡ്‌ വന്നുവീ​ഴു​മ്പോ​ഴും ആളുകൾ കൊല്ല​പ്പെ​ടു​ക​യി​ല്ലെന്ന്‌ ഞങ്ങൾക്കു മനസ്സി​ലാ​യി. ചില ഗ്രനേ​ഡു​കൾ പൊട്ടി​യ​തു​പോ​ലു​മില്ല.” ആ പട്ടണത്തി​ലെ ഒരേ​യൊ​രു ക്രിസ്‌തീയ സഹോ​ദ​ര​നായ ഒസ്‌മാൻ ഷാക്കിർബി​ഗോ​വി​ച്ചി​ന്റേ​താണ്‌ ഈ വാക്കുകൾ.

പോരാ​ട്ടം എത്രനാൾ നീളു​മെന്ന്‌ ഒരൂഹ​വു​മി​ല്ലാ​യി​രു​ന്ന​തു​കൊണ്ട്‌ ക്രൊ​യേ​ഷ്യ​യി​ലെ സാ​ഗ്രെ​ബി​ലും ഓസ്‌ട്രി​യ​യി​ലെ വിയന്ന​യി​ലു​മുള്ള ബെഥേ​ലു​കൾ സാര​യെ​വോ, സെനിറ്റ്‌സ, റ്റുസ്ല, മോസ്റ്റാർ, ട്രാവ്‌നീക്ക്‌, ബീഹാക്ക്‌ എന്നിവി​ട​ങ്ങ​ളി​ലുള്ള രാജ്യ​ഹാ​ളു​ക​ളി​ലും സാക്ഷി​ക​ളു​ടെ വീടു​ക​ളി​ലു​മാ​യി ദുരി​താ​ശ്വാ​സ സാമ​ഗ്രി​കൾ ശേഖരി​ച്ചു​വെ​ക്കാൻ ഒരു കൂട്ടായ ശ്രമം നടത്തി. പോരാ​ട്ടം രൂക്ഷമാ​കു​മ്പോൾ നഗരങ്ങൾ പെട്ടെന്ന്‌ ഉപരോ​ധി​ക്ക​പ്പെ​ടു​ക​യും അങ്ങനെ ഒറ്റപ്പെ​ട്ടു​പോ​കു​ക​യും ചെയ്യു​മാ​യി​രു​ന്നു. ഇങ്ങനെ മറ്റു പ്രദേ​ശ​ങ്ങ​ളു​മാ​യുള്ള ബന്ധം വിച്ഛേ​ദി​ക്ക​പ്പെ​ടു​ന്ന​തോ​ടെ ഭക്ഷ്യവ​സ്‌തു​ക്ക​ളു​ടെ​യും മറ്റും ശേഖരങ്ങൾ പെട്ടെന്ന്‌ കാലി​യാ​കും. ബോസ്‌നി​യൻ പട്ടണങ്ങ​ളും പുറം​ലോ​ക​വും തമ്മിലുള്ള ബന്ധം വിച്ഛേ​ദി​ക്ക​പ്പെ​ട്ടെ​ങ്കി​ലും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സാഹോ​ദ​ര്യം വിച്ഛേ​ദി​ക്ക​പ്പെ​ടാ​നാ​കാത്ത ഒന്നായി​ത്തന്നെ നില​കൊ​ണ്ടു. മതവി​ദ്വേ​ഷ​ത്തി​ന്റെ​യും വംശ​വെ​റി​യു​ടെ​യും തീജ്വാ​ലകൾ രാജ്യ​ത്തെ​ങ്ങും ആളിക്ക​ത്തി​ക്കൊ​ണ്ടി​രി​ക്കെ ക്രിസ്‌തീയ ഐക്യ​ത്തി​ന്റെ ശീതള​ഛാ​യ​യി​ലാ​യി​രു​ന്നു യഹോ​വ​യു​ടെ ജനം.

തീക്ഷ്‌ണ​ത​യോ​ടെ, പക്ഷേ ജാഗ്ര​ത​യോ​ടെ

ജീവി​താ​വ​ശ്യ​ങ്ങൾ നിറ​വേ​റ്റാ​നുള്ള ബുദ്ധി​മു​ട്ടു​കൾക്കൊ​പ്പം ഒളി​പ്പോ​രാ​ളി​ക​ളിൽനി​ന്നുള്ള അപകട​ഭീ​ഷ​ണി​യും ഉണ്ടായി​രു​ന്നു. സാര​യെ​വോ​യ്‌ക്കു ചുറ്റും പതിയി​രുന്ന ഒളി​പ്പോ​രാ​ളി​ക​ളു​ടെ നിറ​ത്തോ​ക്കു​കൾ നിർദോ​ഷി​ക​ളു​ടെ നേരെ എപ്പോ​ഴാണ്‌ വെടി​യു​തിർക്കു​ന്ന​തെന്നു പറയാൻ പറ്റില്ലാ​യി​രു​ന്നു. ഇതിനു​പു​റമേ ബോം​ബു​കൾ ആകാശ​ത്തു​നിന്ന്‌ മരണം​വർഷി​ച്ചു​കൊ​ണ്ടി​രു​ന്നു. ഉപരോ​ധ​ത്തിൻകീ​ഴി​ലുള്ള നഗരങ്ങ​ളി​ലൂ​ടെ സഞ്ചരി​ക്കു​ന്നത്‌ ചില​പ്പോൾ അപകട​മാ​യി​രു​ന്നു. ഭീതി​യോ​ടെ​യാണ്‌ ആളുകൾ കഴിഞ്ഞു​കൂ​ടി​യത്‌. സഹോ​ദ​ര​ന്മാർ പക്ഷേ, ആശ്വാ​സ​ത്തി​നാ​യി കേണി​രു​ന്ന​വ​രോട്‌ രാജ്യ​ത്തി​ന്റെ സുവി​ശേഷം ധീരത​യോ​ടും അതേസ​മയം വിവേ​ക​ത്തോ​ടും കൂടെ ഘോഷി​ച്ചു​പോ​ന്നു.

ഒരു സഭാമൂ​പ്പൻ വിവരി​ക്കു​ന്നു: “ഒരിക്കൽ സാര​യെ​വോ​യു​ടെ​മേൽ കനത്ത ആക്രമണം ഉണ്ടായി. ഒരൊറ്റ ദിവസം ഇവിടെ ആയിര​ക്ക​ണ​ക്കി​നു ബോം​ബു​ക​ളാണ്‌ പൊട്ടി​യത്‌. ആ ശനിയാഴ്‌ച രാവിലെ സഹോ​ദ​ര​ന്മാർ മൂപ്പന്മാ​രെ ഫോണിൽവി​ളി​ച്ചു തിരക്കി​യത്‌ എന്താ​ണെ​ന്നോ? ‘വയൽസേ​വ​ന​യോ​ഗം എവി​ടെ​യാ​യി​രി​ക്കും’ എന്ന്‌!”

“ഇവി​ടെ​യുള്ള ആളുകൾക്ക്‌ അടിയ​ന്തി​ര​മാ​യി ബൈബിൾസ​ത്യം എത്തിച്ചു​കൊ​ടു​ക്കേ​ണ്ട​തു​ണ്ടെന്ന്‌ എനിക്കു മനസ്സി​ലാ​യി. ദുഷ്‌ക​ര​മായ സാഹച​ര്യ​ങ്ങ​ളിൽ സഹിച്ചു​നിൽക്കാൻ മാത്രമല്ല, സന്തോഷം കാത്തു​സൂ​ക്ഷി​ക്കാ​നും എന്നെ സഹായി​ച്ചത്‌ ഇതാണ്‌,” ഒരു സഹോ​ദരി പറഞ്ഞു.

ബൈബിൾ നൽകുന്ന പ്രത്യാശ തങ്ങൾക്ക്‌ ആവശ്യ​മാ​ണെന്ന്‌ അവിടത്തെ നിവാ​സി​ക​ളിൽ പലരും തിരി​ച്ച​റി​ഞ്ഞു. “ആത്മീയ​സ​ഹാ​യം ആവശ്യ​മു​ള്ള​വരെ നാം അന്വേ​ഷിച്ച്‌ കണ്ടുപി​ടി​ക്കു​ക​യാ​ണ​ല്ലോ പതിവ്‌. ഇവിടെ പക്ഷേ ആളുകൾ ഞങ്ങളെ തേടി​വ​രു​ക​യാണ്‌. നേരെ രാജ്യ​ഹാ​ളി​ലേക്കു കയറി​വന്ന്‌ അവർതന്നെ ബൈബി​ള​ധ്യ​യനം ആവശ്യ​പ്പെ​ടും.”

യുദ്ധകാ​ല​ത്തെ പ്രസം​ഗ​വേ​ല​യു​ടെ വിജയ​ത്തി​നു കാരണം പ്രധാ​ന​മാ​യും ക്രിസ്‌തീയ സഹോ​ദ​ര​വർഗ​ത്തി​ന്റെ ഐക്യ​മാ​യി​രു​ന്നു. അത്‌ ജനത്തിന്റെ ശ്രദ്ധയിൽപ്പെ​ടു​ക​യും ചെയ്‌തു. വർഷങ്ങ​ളാ​യി പ്രത്യേക പയനിയർ സേവന​ത്തി​ലാ​യി​രി​ക്കുന്ന നാഡാ ബെഷ്‌ക്കർ എന്ന സഹോ​ദരി പറയുന്നു: “അത്‌ ഒരു വലിയ സാക്ഷ്യ​മാ​യി​രു​ന്നു. ബോസ്‌നി​യ​ക്കാ​രും സെർബി​യ​ക്കാ​രു​മായ സഹോ​ദ​രങ്ങൾ ഒരുമിച്ച്‌ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ന്നത്‌ പലരും ശ്രദ്ധി​ക്കാ​നി​ട​യാ​യി. ക്രൊ​യേ​ഷ്യൻ വംശജ​യായ ഒരു സഹോ​ദ​രി​യും മുസ്ലീം മതപശ്ചാ​ത്ത​ല​ത്തിൽനി​ന്നുള്ള ഒരു സഹോ​ദ​രി​യും ചേർന്ന്‌ ഒരു സെർബി​യ​ക്കാ​രിക്ക്‌ അധ്യയ​ന​മെ​ടു​ക്കു​ന്നതു കാണു​മ്പോൾ നമ്മൾ വ്യത്യ​സ്‌ത​രാ​ണെന്ന വസ്‌തുത അംഗീ​ക​രി​ക്കാ​തി​രി​ക്കാൻ ആളുകൾക്കാ​കു​മോ?”

ഇവിടത്തെ സഹോ​ദ​ര​ങ്ങ​ളു​ടെ തീക്ഷ്‌ണ​ത​യു​ടെ ഫലങ്ങൾ ഇന്നും ദൃശ്യ​മാണ്‌. കാരണം ഇന്ന്‌ യഹോ​വയെ സേവി​ക്കു​ന്ന​വ​രിൽ പലരും യുദ്ധകാ​ലത്ത്‌ സത്യം സ്വീക​രി​ച്ച​വ​രാണ്‌. ബാൻയാ ലൂക്കാ സഭയിൽനിന്ന്‌ നൂറോ​ളം പ്രസാ​ധകർ മറ്റിട​ങ്ങ​ളി​ലേക്കു മാറി​പ്പോ​യി​ട്ടു​ണ്ടെ​ങ്കി​ലും ഈ സഭയിൽ പ്രസാ​ധ​ക​രു​ടെ എണ്ണം ഇരട്ടി​ച്ചി​രി​ക്കു​ക​യാണ്‌.

ഒരു വിശ്വസ്‌ത കുടും​ബം

വളരെ ജാഗ്ര​ത​യോ​ടെ​യാണ്‌ സഹോ​ദ​രങ്ങൾ എല്ലായ്‌പോ​ഴും പ്രവർത്തി​ച്ചി​രു​ന്നത്‌. എങ്കിലും അരുതാത്ത സമയത്ത്‌ അരുതാത്ത സ്ഥലത്ത്‌ ആയി​പ്പോ​യ​തി​ന്റെ പേരിൽ മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയാ​തി​രുന്ന അപകട​ങ്ങൾക്ക്‌ ചിലർ ഇരകളാ​യി​ട്ടുണ്ട്‌. (സഭാ. 9:11) സെർബി​യൻ വംശജ​നായ ബോസോ ജോറെം അതി​നൊ​രു ഉദാഹ​ര​ണ​മാണ്‌. 1991-ൽ സാ​ഗ്രെ​ബിൽ നടന്ന അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നിൽവെ​ച്ചാണ്‌ അദ്ദേഹം സ്‌നാ​ന​മേ​റ്റത്‌. സാര​യെ​വോ​യി​ലേക്ക്‌ മടങ്ങി​യെ​ത്തിയ അദ്ദേഹം നിരവധി പ്രാവ​ശ്യം തടവി​ലാ​യി. തടവി​ലാ​യി​രി​ക്കെ, രാഷ്‌ട്രീയ നിഷ്‌പ​ക്ഷ​ത​യു​ടെ പേരിൽ അദ്ദേഹ​ത്തിന്‌ വളരെ ഉപദ്ര​വങ്ങൾ സഹി​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. 1994-ൽ അദ്ദേഹ​ത്തിന്‌ 14 മാസത്തെ തടവു​ശിക്ഷ ലഭിച്ചു. ഭാര്യ ഹെന്ന​യെ​യും അഞ്ചു വയസ്സു​കാ​രി​യായ മകൾ മഗ്‌ഡ​ലീ​ന​യെ​യും പിരി​ഞ്ഞി​രി​ക്കേ​ണ്ടി​വ​ന്ന​താണ്‌ അദ്ദേഹത്തെ ഏറ്റവും വിഷമി​പ്പി​ച്ചത്‌.

ബോസോ തടവിൽനി​ന്നു മോചി​ത​നാ​യി ഏറെ കഴിയു​ന്ന​തി​നു​മു​മ്പാണ്‌ ആ ദുരന്ത​മു​ണ്ടാ​യത്‌. ഒരു ദിവസം ഉച്ചയ്‌ക്ക്‌, അന്തരീക്ഷം ശാന്തമാ​യി​രി​ക്കെ മൂന്നു​പേ​രും അടുത്തുള്ള ഒരു വീട്ടിൽ ബൈബി​ള​ധ്യ​യ​ന​ത്തി​നു പോവു​ക​യാ​യി​രു​ന്നു. വഴിയിൽവെച്ച്‌ പെട്ടെ​ന്നാണ്‌ നിശ്ശബ്ദ​തയെ ഭഞ്‌ജി​ച്ചു​കൊണ്ട്‌ ഒരു പീരങ്കി​ഷെൽ പൊട്ടി​യത്‌. ഹെന്നയും മഗ്‌ഡ​ലീ​ന​യും തത്‌ക്ഷണം കൊല്ല​പ്പെട്ടു. ബോസോ പിന്നീട്‌ ആശുപ​ത്രി​യിൽവെച്ച്‌ മരണമ​ടഞ്ഞു.

ക്രിസ്‌തീയ നിഷ്‌പ​ക്ഷത

മുൻവി​ധി അരങ്ങു​വാ​ണി​രുന്ന സാഹച​ര്യ​ത്തിൽ നിഷ്‌പ​ക്ഷ​ത​യ്‌ക്ക്‌ തെല്ലും സ്ഥാനമു​ണ്ടാ​യി​രു​ന്നില്ല. ബാൻയാ ലൂക്കാ സഭയിലെ സഹോ​ദ​ര​ന്മാ​രിൽ മിക്കവ​രും യുവ​പ്രാ​യ​ക്കാ​രാ​യി​രു​ന്നു. ഈ പ്രായ​ക്കാ​രെ യുദ്ധത്തിൽ പങ്കെടു​പ്പി​ക്കാ​നാ​യി​രു​ന്നു പട്ടാള​ക്കാർക്കു താത്‌പ​ര്യം. നിഷ്‌പക്ഷ നിലപാ​ടു സ്വീക​രി​ച്ച​തി​നാൽ ഈ സഹോ​ദ​ര​ന്മാർ മർദന​ത്തി​നി​ര​യാ​യി.

“പോലീസ്‌ പലപ്പോ​ഴും ഞങ്ങളെ ചോദ്യം​ചെ​യ്യു​മാ​യി​രു​ന്നു. കുടും​ബ​ത്തി​നു​വേണ്ടി പോരാ​ടാ​ത്ത​തിന്‌ ഞങ്ങളെ പേടി​ത്തൊ​ണ്ട​ന്മാർ എന്നാണ്‌ അവർ വിളി​ച്ചി​രു​ന്നത്‌.” ഒസ്‌മാൻ അനുസ്‌മ​രി​ക്കു​ന്നു.

പോലീ​സി​നോട്‌ ഒസ്‌മാൻ ഇങ്ങനെ ന്യായ​വാ​ദം ചെയ്യും: “താങ്കളു​ടെ തോക്ക്‌ ഒരു സംരക്ഷ​ണ​മല്ലേ?”

“അതെ,” പോലീസ്‌ പറയും.

“ഇതിലും സംരക്ഷണം നൽകുന്ന ഒരു പീരങ്കി ആരെങ്കി​ലും വാഗ്‌ദാ​നം ചെയ്‌താൽ ഈ തോക്ക്‌ നൽകി ആ പീരങ്കി വാങ്ങു​മോ?”

“തീർച്ച​യാ​യും.”

“അങ്ങനെ​യാ​ണെ​ങ്കിൽ ഒരു ടാങ്കി​നു​വേണ്ടി പീരങ്കി വെച്ചു​മാ​റു​മോ?”

“പിന്നി​ല്ലാ​തെ?”

അപ്പോൾ ഒസ്‌മാൻ പറയും: “കൂടുതൽ സംരക്ഷണം ലഭിക്കാ​നാ​യി​രി​ക്കു​മ​ല്ലോ താങ്കൾ അതു ചെയ്യുക. ഈ പ്രപഞ്ച​ത്തി​ന്റെ സ്രഷ്ടാ​വായ അത്യുന്നത ദൈവ​ത്തിൽനി​ന്നാണ്‌ എനിക്കു സംരക്ഷണം ലഭിക്കു​ന്നത്‌. അതി​നെ​ക്കാൾ വലിയ ഒരു സംരക്ഷ​ണ​മു​ണ്ടോ?” പോലീ​സു​കാ​രന്‌ കാര്യം പിടി​കി​ട്ടും, അദ്ദേഹത്തെ വെറു​തെ​വി​ടു​ക​യും ചെയ്യും.

ദുരി​താ​ശ്വാ​സം എത്തുന്നു

ബോസ്‌നി​യ​യി​ലുള്ള സാക്ഷി​ക​ളു​ടെ ദുരി​ത​ങ്ങ​ളെ​ക്കു​റിച്ച്‌ അടുത്തുള്ള രാജ്യ​ങ്ങ​ളി​ലെ സഹോ​ദ​ര​ന്മാർക്ക്‌ അറിയാ​മാ​യി​രു​ന്നെ​ങ്കി​ലും ആവശ്യ​മായ സഹായം എത്തിച്ചു​കൊ​ടു​ക്കാൻ കുറച്ചു​കാ​ല​ത്തേക്ക്‌ അവർക്കു കഴിഞ്ഞി​രു​ന്നില്ല. ഒടുവിൽ 1993 ഒക്‌ടോ​ബ​റിൽ ദുരി​താ​ശ്വാ​സം എത്തിച്ചു​കൊ​ടു​ക്കാ​നാ​യേ​ക്കു​മെന്ന ഒരു സൂചന അധികാ​രി​ക​ളു​ടെ ഭാഗത്തു​നി​ന്നു​ണ്ടാ​യി. അപകട​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അവസരം പ്രയോ​ജ​ന​പ്പെ​ടു​ത്താൻതന്നെ സഹോ​ദ​രങ്ങൾ തീരു​മാ​നി​ച്ചു. ഒക്‌ടോ​ബർ 26-ന്‌ ഓസ്‌ട്രി​യ​യി​ലെ വിയന്ന​യിൽനിന്ന്‌ അഞ്ചു​ട്ര​ക്കു​കൾ 16 ടൺ ഭക്ഷണവും വിറകു​മാ​യി ബോസ്‌നി​യ​യി​ലേക്കു പുറ​പ്പെട്ടു. പലയി​ട​ങ്ങ​ളി​ലും കടുത്ത പോരാ​ട്ടം നടന്നു​കൊ​ണ്ടി​രി​ക്കെ ഈ ട്രക്കുകൾ എങ്ങനെ ആ പ്രദേ​ശങ്ങൾ പിന്നി​ടു​മാ​യി​രു​ന്നു?d

ഈ യാത്ര​കൾക്കി​ട​യിൽ സഹോ​ദ​ര​ന്മാർക്ക്‌ വലിയ അപകടങ്ങൾ നേരി​ടേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. ഡ്രൈ​വ​റായ ഒരു സഹോ​ദരൻ പറയുന്നു: “രാവിലെ അൽപ്പം താമസി​ച്ചാണ്‌ പുറ​പ്പെ​ട്ടത്‌. ദുരി​താ​ശ്വാ​സ സാധനങ്ങൾ കയറ്റി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രുന്ന വേറെ​യും ട്രക്കുകൾ ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ ഞാൻ പുറകി​ലാ​യി​പ്പോ​യി. ഒരു ചെക്ക്‌പോ​യി​ന്റി​ന​ടു​ത്തെ​ത്തി​യ​പ്പോൾ പരി​ശോ​ധ​ന​യ്‌ക്കാ​യി ട്രക്കു​ക​ളെ​ല്ലാം നിറു​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഉദ്യോ​ഗസ്ഥർ പേപ്പറു​കൾ പരി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കെ പെട്ടെന്ന്‌ ഒരു വെടി​യൊച്ച കേട്ടു. നോക്കി​യ​പ്പോൾ ഒരു ഒളി​പ്പോ​രാ​ളി ഏതോ ഒരു ഡ്രൈ​വറെ വെടി​വെ​ച്ചി​ട്ടി​രി​ക്കു​ന്നു.”

ട്രക്കുകൾ ഓടി​ച്ചു​കൊ​ണ്ടു​വ​ന്ന​വരെ മാത്രമേ സാര​യെ​വോ​യി​ലേക്കു കടത്തി​വി​ട്ടു​ള്ളൂ. കൂടെവന്ന സഹോ​ദ​ര​ന്മാർക്ക്‌ നഗരത്തി​നു പുറത്ത്‌ കാത്തു​നിൽക്കേ​ണ്ടി​വന്നു. എങ്കിലും സഹോ​ദ​ര​ന്മാ​രെ എങ്ങനെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക എന്ന ലക്ഷ്യത്തിൽ അവർ ഒരു ടെലി​ഫോൺ കണ്ടെത്തി, ഫോണി​ലൂ​ടെ സാര​യെ​വോ​യി​ലെ പ്രസാ​ധ​കർക്കാ​യി ഒരു പരസ്യ​പ്ര​സം​ഗം നടത്തി. അവിടത്തെ സഹോ​ദ​ര​ങ്ങൾക്ക്‌ വലി​യൊ​രു പ്രോ​ത്സാ​ഹ​ന​മാ​യി​രു​ന്നു അത്‌. യുദ്ധകാ​ലത്ത്‌ സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രും ബെഥേൽ കുടും​ബാം​ഗ​ങ്ങ​ളും കൺട്രി കമ്മിറ്റി​യും ജീവൻ പണയ​പ്പെ​ടു​ത്തി തങ്ങളുടെ ക്രിസ്‌തീയ സഹോ​ദ​ര​ങ്ങളെ ആത്മീയ​മാ​യും ഭൗതി​ക​മാ​യും സഹായി​ച്ചി​ട്ടുണ്ട്‌.

നാലു​വർഷ​ത്തോ​ളം, ബീഹാ​ക്കി​ലെ സഹോ​ദ​ര​ന്മാർക്ക്‌ ഒന്നും എത്തിച്ചു​കൊ​ടു​ക്കാൻ പറ്റാത്ത അവസ്ഥയാ​യി​രു​ന്നു. മുൾവേ​ലി​കൾ കടന്ന്‌ ഭക്ഷ്യവ​സ്‌തു​ക്ക​ളൊ​ന്നും എത്തിയി​ല്ലെ​ങ്കി​ലും ആത്മീയാ​ഹാ​രം കുറ​ച്ചൊ​ക്കെ ലഭ്യമാ​യി​രു​ന്നു. സഹോ​ദ​ര​ന്മാർ ഒരു ടെലി​ഫോൺ ലൈനും ഫാക്‌സ്‌ മെഷീ​നും സംഘടി​പ്പി​ച്ചു. അങ്ങനെ അവർക്ക്‌ രാജ്യ ശുശ്രൂ​ഷ​യും വീക്ഷാ​ഗോ​പു​ര​വും ലഭിച്ചു​കൊ​ണ്ടി​രു​ന്നു. അവർ അവ വീണ്ടും ടൈപ്പ്‌ ചെയ്‌ത്‌ ഒരു കുടും​ബ​ത്തിന്‌ ഒരു പ്രതി വീതം നൽകു​മാ​യി​രു​ന്നു. സ്‌നാ​ന​മേറ്റ മൂന്നു​പ്ര​സാ​ധ​ക​രു​ടെ ഒരു കൊച്ചു​കൂ​ട്ടം മാത്രമേ യുദ്ധം തുടങ്ങു​മ്പോൾ അവിടെ ഉണ്ടായി​രു​ന്നു​ള്ളൂ. സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത വേറെ 12 പ്രസാ​ധ​ക​രും അവരോ​ടു സഹവസി​ച്ചി​രു​ന്നു. യഹോ​വ​യ്‌ക്ക്‌ തങ്ങളെ​ത്തന്നെ സമർപ്പി​ച്ചി​രുന്ന ഈ 12 പേരും തങ്ങളുടെ സമർപ്പണം ജലസ്‌നാ​ന​ത്താൽ പ്രതീ​ക​പ്പെ​ടു​ത്താൻ ഉചിത​മായ ഒരു സന്ദർഭ​ത്തി​നാ​യി രണ്ടുവർഷ​മാണ്‌ ആകാം​ക്ഷ​യോ​ടെ കാത്തി​രു​ന്നത്‌.

മറ്റ്‌ ക്രിസ്‌തീയ സഹോ​ദ​ര​ങ്ങ​ളിൽനിന്ന്‌ ഒറ്റപ്പെട്ട്‌ ഇത്ര​യേറെ വർഷം കഴിയുക എന്നത്‌ ശരിക്കും ബുദ്ധി​മു​ട്ടുള്ള കാര്യ​മാ​യി​രു​ന്നു. ഒസ്‌മാൻ പറയുന്നു: “എന്റെ ബൈബിൾ വിദ്യാർഥി​കൾ ഒരിക്കൽപ്പോ​ലും ഒരു കൺ​വെൻ​ഷ​നോ ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ സന്ദർശ​ന​മോ ആസ്വദി​ച്ചി​ട്ടില്ല. മറ്റു സഹോ​ദ​ര​ങ്ങ​ളു​മാ​യി ഒത്തുകൂ​ടാൻ കഴിയുന്ന കാല​ത്തെ​ക്കു​റിച്ച്‌ ഞങ്ങൾ പലപ്പോ​ഴും സംസാ​രി​ക്കു​മാ​യി​രു​ന്നു.”

ഒടുവിൽ 1995 ഓഗസ്റ്റ്‌ 11-ന്‌, “യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ദുരി​താ​ശ്വാ​സ സാമ​ഗ്രി​കൾ” എന്ന്‌ വലിയ അക്ഷരങ്ങ​ളിൽ എഴുതിയ രണ്ടുവാ​ഹ​നങ്ങൾ ബീഹാ​ക്കി​ലേക്കു കടന്നു​വ​ന്ന​പ്പോൾ അവിടത്തെ സഹോ​ദ​ര​ന്മാർക്കു​ണ്ടായ സന്തോഷം പറഞ്ഞറി​യി​ക്കാ​നാ​വില്ല! നഗരം ഉപരോ​ധി​ക്ക​പ്പെ​ട്ട​ശേഷം ആദ്യമാ​യി​ട്ടാണ്‌ ദുരി​താ​ശ്വാ​സ സാമ​ഗ്രി​ക​ളു​മാ​യി ഏതെങ്കി​ലും വാഹനം അവി​ടേക്കു വരുന്നത്‌! അവ വന്നെത്തി​യ​തോ, ശാരീ​രി​ക​വും മാനസി​ക​വു​മാ​യി സഹോ​ദ​രങ്ങൾ തകർന്നു​പോ​കാ​റായ അവസര​ത്തി​ലും.

ജനാലകൾ കേടു​പോ​ക്കു​ക​പോ​ലുള്ള കാര്യങ്ങൾ ചെയ്‌തു​കൊ​ടു​ത്തു​കൊണ്ട്‌ സഹോ​ദ​രങ്ങൾ പരസ്‌പരം പ്രകട​മാ​ക്കിയ കരുതൽ ബീഹാ​ക്കി​ലു​ള്ളവർ നിരീ​ക്ഷി​ക്കാ​നി​ട​യാ​യി. “ഇത്‌ എന്റെ അയൽക്കാ​രിൽ വലിയ മതിപ്പു​ള​വാ​ക്കി. ഞങ്ങളുടെ പക്കൽ പണമൊ​ന്നു​മി​ല്ലെന്ന്‌ അവർക്ക​റി​യാ​മാ​യി​രു​ന്നു. നല്ല ഒരു സാക്ഷ്യ​മാ​യി​രു​ന്നു അത്‌. ഇന്നും അവർ അതേപ്പറ്റി പറയാ​റുണ്ട്‌.” ഒസ്‌മാൻ പറയുന്നു. ഇന്ന്‌ 34 പ്രസാ​ധ​ക​രും 5 പയനി​യർമാ​രും അടങ്ങിയ ഒരു സഭ ബീഹാ​ക്കിൽ തീക്ഷ്‌ണ​ത​യോ​ടെ പ്രവർത്തി​ക്കു​ന്നുണ്ട്‌.

ഒരു അവിസ്‌മ​ര​ണീയ യാത്ര!

പലപ്പോ​ഴും, ജീവൻ പണയ​പ്പെ​ടു​ത്തി​യാണ്‌ സഹോ​ദ​രങ്ങൾ ബോസ്‌നി​യ​യി​ലെ യുദ്ധബാ​ധിത പട്ടണങ്ങ​ളി​ലേക്ക്‌ ആഹാര​വും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും എത്തിച്ചു​കൊ​ടു​ത്തി​രു​ന്നത്‌. എന്നാൽ 1994 ജൂൺ 7-ലെ യാത്ര അവിസ്‌മ​ര​ണീ​യ​മായ ഒന്നായി​രു​ന്നു. കൺട്രി കമ്മിറ്റി​യം​ഗ​ങ്ങ​ളെ​യും വേറെ കുറെ​പ്പേ​രെ​യും വഹിച്ചു​കൊണ്ട്‌ മൂന്നു​ട്ര​ക്കു​കൾ അതിരാ​വി​ലെ ക്രൊ​യേ​ഷ്യ​യി​ലെ സാ​ഗ്രെ​ബി​ലേക്കു തിരിച്ചു. ദുരി​താ​ശ്വാ​സ സാമ​ഗ്രി​കൾ വിതരണം ചെയ്യു​ന്ന​തി​നു​പു​റമേ മൂന്നു വർഷത്തി​നു​ശേഷം ആദ്യമാ​യി സംക്ഷി​പ്‌ത​രൂ​പ​ത്തി​ലുള്ള ഒരു പ്രത്യേ​ക​ദിന സമ്മേളന പരിപാ​ടി അവതരി​പ്പി​ക്കുക. ഇതായി​രു​ന്നു ലക്ഷ്യം.

ഈ സമ്മേളന പരിപാ​ടി നടത്താ​നി​രുന്ന ഒരിടം ടൂസ്ല നഗരമാ​യി​രു​ന്നു. സ്‌നാ​ന​മേറ്റ 20-ഓളം പ്രസാ​ധ​കരേ യുദ്ധം തുടങ്ങു​മ്പോൾ അവിടെ ഉണ്ടായി​രു​ന്നു​ള്ളൂ. സമ്മേള​ന​പ​രി​പാ​ടി ശ്രദ്ധി​ക്കാ​നെ​ത്തി​യ​തോ 200-ലധികം പേർ! മുപ്പതു​പേർ അന്ന്‌ സ്‌നാ​ന​മേറ്റു. ഇന്ന്‌ അവിടെ മൂന്നു​സ​ഭ​ക​ളി​ലാ​യി 300-ലധികം പ്രസാ​ധ​ക​രുണ്ട്‌.

സെനി​ക്ക​യിൽ സഹോ​ദ​ര​ന്മാർ കൂടി​വ​ര​വി​നാ​യി നല്ലൊരു സ്ഥലം കണ്ടെത്തി. എന്നാൽ സ്‌നാ​ന​ത്തി​നാ​യി അനു​യോ​ജ്യ​മായ ഒരു കുളം കണ്ടെത്താ​നാ​യില്ല. ദീർഘ​സ​മ​യത്തെ അന്വേ​ഷ​ണ​ത്തി​നൊ​ടു​വിൽ കുളത്തി​നു പകരം ഒരു വലിയ വീപ്പ കണ്ടെത്തി. ഒരൊറ്റ പ്രശ്‌നം​മാ​ത്രം—മീൻ സൂക്ഷി​ച്ചി​രു​ന്ന​താ​യ​തു​കൊണ്ട്‌ അതിന​കത്ത്‌ വല്ലാത്ത നാറ്റമാ​യി​രു​ന്നു! “മനുഷ്യ​രെ പിടി​ക്കു​ന്ന​വരാ”കാനുള്ള യേശു​വി​ന്റെ ക്ഷണം സ്വീക​രി​ച്ച​വ​രായ ആ സ്‌നാ​നാർഥി​കൾക്കു പക്ഷേ അതൊ​ന്നും ഒരു വിഷയ​മാ​യി​രു​ന്നില്ല. (മത്താ. 4:19) ഇപ്പോൾ ക്രൊ​യേ​ഷ്യ​യി​ലെ ഒരു ബ്രാഞ്ച്‌ കമ്മിറ്റി​യം​ഗ​മായ ഹെർബർട്ട്‌ ഫ്രെൻസ​ലാ​യി​രു​ന്നു സ്‌നാ​ന​പ്ര​സം​ഗം നടത്തി​യത്‌. “സ്‌നാ​ന​മേൽക്കാ​നാ​യി അവർ കാത്തു​കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ ഒന്നിനും അവരെ പിന്തി​രി​പ്പി​ക്കാ​നാ​കു​മാ​യി​രു​ന്നില്ല! സ്‌നാ​ന​മേ​റ്റ​ശേഷം തങ്ങൾ വിജയ​ശ്രീ​ലാ​ളി​ത​രാ​യ​താ​യി അവർക്കു തോന്നി!” അദ്ദേഹം പറയുന്നു. സെനി​ക്ക​യിൽ ഇന്ന്‌ 68 പ്രസാ​ധ​ക​രുള്ള ഒരു സഭ തീക്ഷ്‌ണ​ത​യോ​ടെ പ്രവർത്തി​ക്കു​ന്നുണ്ട്‌.

സാര​യെ​വോ​യിൽ പരിപാ​ടി നടത്താൻ കിട്ടിയ ഏകസ്ഥലം ഒളി​പ്പോ​രാ​ളി​ക​ളു​ടെ ആക്രമ​ണ​ഭീ​ഷണി ഉണ്ടായി​രുന്ന ഒരു കവലയ്‌ക്ക​ടു​ത്താ​യി​രു​ന്നു. സഹോ​ദ​ര​ങ്ങ​ളെ​ല്ലാം സുരക്ഷി​ത​മാ​യി സമ്മേള​ന​സ്ഥ​ലത്ത്‌ എത്തി​ച്ചേർന്നു. അപ്പോ​ഴതാ മറ്റൊരു പ്രശ്‌നം! സ്‌നാ​ന​ത്തി​നു പറ്റിയ ഒരിടം കണ്ടെത്തു​ന്ന​തി​നു​പു​റമേ സ്‌നാ​നാർഥി​ക​ളെ​യെ​ല്ലാം സ്‌നാ​ന​പ്പെ​ടു​ത്താൻ തക്കവണ്ണം വെള്ളം ഒട്ടും നഷ്ടപ്പെ​ടാ​തെ സൂക്ഷി​ക്കാ​നുള്ള ഒരു മാർഗ​വും ആവിഷ്‌ക​രി​ക്ക​ണ​മാ​യി​രു​ന്നു. ഒടുവിൽ ഒരു മാർഗം കണ്ടെത്തി: ഏറ്റവും ചെറിയ ആളിൽനി​ന്നു​തു​ടങ്ങി ഓരോ​രു​ത്ത​രു​ടെ​യും വലുപ്പ​മ​നു​സ​രിച്ച്‌ മുക്കുക!

സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ സംബന്ധി​ച്ചി​ട​ത്തോ​ളം ആഹ്ലാദ​ത്തി​ന്റെ ഒരു ദിനമാ​യി​രു​ന്നു അത്‌. ചുറ്റും പതിയി​രി​ക്കുന്ന അപകട​ത്തെ​ക്കു​റി​ച്ചുള്ള ഭീതി, ഒത്തൊ​രു​മിച്ച്‌ ദൈവത്തെ ആരാധി​ക്കു​ന്ന​തി​ന്റെ സന്തോഷം കവർന്നു​ക​ള​യാൻ അവർ അനുവ​ദി​ച്ചില്ല. സാര​യെ​വോ​യിൽ ഇന്ന്‌ തഴച്ചു​വ​ള​രുന്ന മൂന്നു​സ​ഭ​ക​ളുണ്ട്‌.

കൊടു​ങ്കാ​റ്റി​നു​ശേഷം

സാധനങ്ങൾ എത്തിക്കാ​നുള്ള വഴി വീണ്ടും തുറന്നു​കി​ട്ടി​യ​തോ​ടെ സഹോ​ദ​ര​ങ്ങ​ളു​ടെ ദുരി​ത​ങ്ങൾക്ക്‌ തെല്ലൊ​ര​യവു വന്നു. എങ്കിലും വംശീയ ശുദ്ധീ​ക​ര​ണ​വും കുടി​യൊ​ഴി​പ്പി​ക്ക​ലും മുറയ്‌ക്കു നടക്കു​ന്നു​ണ്ടാ​യി​രു​ന്നു. ക്രൊ​യേ​ഷ്യ​യി​ലെ ഒരു സഭയിൽ മൂപ്പനാ​യി സേവി​ക്കുന്ന ഈവിറ്റ്‌സ ആരാബാ​ഡ്‌ജിക്‌, ബാൻയാ ലൂക്കാ​യി​ലെ തറവാ​ട്ടു​വീ​ട്ടിൽനിന്ന്‌ കുടി​യൊ​ഴി​പ്പിച്ച രംഗം ഇപ്പോ​ഴും ഓർക്കു​ന്നു. “ഒരു ദിവസം തോക്കു​മാ​യി ഒരാൾ വീട്ടിൽ വന്നു; അത്‌ ഇനിമു​തൽ അയാളു​ടെ വീടാ​ണെ​ന്നും​പ​റഞ്ഞ്‌. സെർബി​യൻ വംശജ​നാ​യ​തി​ന്റെ​പേ​രിൽ ക്രൊ​യേ​ഷ്യ​യി​ലെ ഷിബെ​ന്നി​ക്കി​ലുള്ള അയാളു​ടെ വീട്ടിൽനിന്ന്‌ അയാ​ളെ​യും ബലാൽക്കാ​ര​മാ​യി ഇറക്കി​വി​ട്ട​ത്രേ. ഞങ്ങളും അങ്ങനെ ഇറങ്ങി​ക്കൊ​ടു​ക്കണം എന്നായി​രു​ന്നു അയാളു​ടെ വാദം. ഞാൻ ബൈബിൾ പഠിക്കാൻ സഹായി​ച്ചു​കൊ​ണ്ടി​രുന്ന ഒരു ആർമി പോലീസ്‌ ഉദ്യോ​ഗസ്ഥൻ സഹായ​ത്തി​നെത്തി. വീട്ടിൽനിന്ന്‌ ഇറങ്ങി​ക്കൊ​ടു​ക്കാ​തി​രി​ക്കാൻ നിർവാ​ഹ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ഞങ്ങൾ ഒരു ധാരണ​യി​ലെത്തി—ഞങ്ങളുടെ വീട്‌ അയാൾക്കും അയാളു​ടെ വീട്‌ ഞങ്ങൾക്കും കൈമാ​റുക. ഞങ്ങളുടെ വീടും സത്യം പഠിക്കാൻ സഹായിച്ച സഭയും വിട്ടു​പോ​കു​ന്നത്‌ സങ്കടമുള്ള കാര്യ​മാ​യി​രു​ന്നു. പക്ഷേ, വേറെ വഴിയി​ല്ലാ​യി​രു​ന്നു. കൂടെ​ക്കൊ​ണ്ടു​പോ​കാ​വു​ന്നത്ര സാധന​ങ്ങ​ളു​മാ​യി ഞങ്ങൾ ക്രൊ​യേ​ഷ്യ​യി​ലെ ‘പുതിയ’ വീട്ടി​ലേക്കു യാത്ര​യാ​യി. എന്നാൽ ഷിബെ​ന്നി​ക്കി​ലെ​ത്തി​യ​പ്പോൾ മറ്റൊരു പ്രശ്‌നം. ഞങ്ങൾക്ക്‌ അവകാ​ശ​പ്പെട്ട ആ വീട്ടിൽ മറ്റാരോ കയറി താമസ​മാ​ക്കി​യി​രി​ക്കു​ന്നു. എന്തു ചെയ്യണ​മെ​ന്ന​റി​യാത്ത അവസ്ഥ. ഉടനെ സഹോ​ദ​രങ്ങൾ സഹായ​ത്തി​നെത്തി. പ്രശ്‌നം പരിഹ​രി​ക്ക​പ്പെ​ടു​ന്ന​തു​വരെ തന്റെ വീട്ടിൽ താമസി​ക്കാ​നാ​യി ഒരു മൂപ്പൻ ഞങ്ങളെ ക്ഷണിച്ചു. ഒരു വർഷം ഞങ്ങൾ അവിടെ താമസി​ച്ചു.”

രാഷ്‌ട്രീ​യ അസ്ഥിരത ഇപ്പോ​ഴും തുടരു​ക​യാണ്‌. എങ്കിലും 40 ശതമാനം ഇസ്ലാംമത വിശ്വാ​സി​ക​ളായ ബോസ്‌നിയ-ഹെർസ​ഗോ​വി​ന​യിൽ സത്യം തഴച്ചു​വ​ള​രു​ക​യാണ്‌. യുദ്ധം അവസാ​നി​ച്ച​തിൽപ്പി​ന്നെ സഹോ​ദ​രങ്ങൾ നിരവധി പുതിയ രാജ്യ​ഹാ​ളു​കൾ നിർമി​ച്ചി​ട്ടുണ്ട്‌. ഇതിൽ ഏറ്റവും ശ്രദ്ധേയം ബാൻയാ ലൂക്കാ​യി​ലെ ഹാളാണ്‌. യോഗ​സ്ഥലം അങ്ങേയറ്റം ആവശ്യ​മാ​യി​രുന്ന ഒരു സമയത്ത്‌ നിർമി​ക്ക​പ്പെട്ട ഹാൾ എന്നതു മാത്രമല്ല ഇതിനെ ശ്രദ്ധേ​യ​മാ​ക്കു​ന്നത്‌. അതിന്റെ നിർമാ​ണം നിയമ​പ​ര​മായ ഒരു വിജയം​കൂ​ടെ​യാ​യി​രു​ന്നു. സെർബി​യൻ ഓർത്ത​ഡോ​ക്‌സ്‌ സഭ ആധിപ​ത്യം പുലർത്തുന്ന ഈ പ്രദേ​ശത്ത്‌ ഒരു രാജ്യ​ഹാൾ പണിയാ​നുള്ള അനുമതി നേടാൻ വർഷങ്ങ​ളോ​ളം സഹോ​ദ​ര​ന്മാർ യത്‌നി​ച്ചി​രു​ന്നു. യുദ്ധാ​ന​ന്തരം, ബോസ്‌നി​യ​യിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ നിയമാം​ഗീ​കാ​രം ലഭി​ച്ചെ​ങ്കി​ലും ബാൻയാ ലൂക്കാ​യിൽ രാജ്യ​ഹാൾ പണിയാൻ അവർക്ക്‌ അനുമതി ലഭിച്ചി​രു​ന്നില്ല. ഒടുവിൽ ഏറെ പ്രാർഥ​ന​യ്‌ക്കും കഠിന​പ്ര​യ​ത്‌ന​ത്തി​നും​ശേഷം സഹോ​ദ​ര​ന്മാർക്ക്‌ അതിനുള്ള അനുവാ​ദം ലഭിച്ചു. ഈ വിജയം ബോസ്‌നിയ-ഹെർസ​ഗോ​വി​ന​യിൽ നിർമി​ക്കാ​നി​രി​ക്കുന്ന രാജ്യ​ഹാ​ളു​ക​ളു​ടെ നിർമാ​ണ​ത്തിന്‌ ശക്തമായ ഒരു അടിസ്ഥാ​ന​മാ​യി​രി​ക്കും.

ആരാധ​നാ​സ്വാ​ത​ന്ത്ര്യം ലഭിച്ച​തോ​ടെ 32 പ്രത്യേക പയനി​യർമാർക്ക്‌—ഇവരിൽ അനേക​രും മറ്റു രാജ്യ​ങ്ങ​ളിൽനി​ന്നു​ള്ള​വ​രാണ്‌—ആവശ്യം​കൂ​ടു​ത​ലുള്ള പ്രദേ​ശ​ങ്ങ​ളിൽ സഹായി​ക്കാ​നുള്ള വാതിൽ തുറന്നു​കി​ട്ടി. ശുശ്രൂ​ഷ​യി​ലെ അവരുടെ തീക്ഷ്‌ണ​ത​യും ദിവ്യാ​ധി​പത്യ നടപടി​ക​ളോ​ടുള്ള വിശ്വ​സ്‌ത​മായ പറ്റിനിൽപ്പും ഒരു യഥാർഥ അനു​ഗ്ര​ഹ​മാ​യി​രു​ന്നി​ട്ടുണ്ട്‌.

ഒരു ദശകം​മു​മ്പു​വരെ ഒളി​പ്പോ​രാ​ളി​ക​ളു​ടെ തോക്കിൻമു​ന​യിൽ കഴിഞ്ഞി​രുന്ന സാര​യെ​വോ​യി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ ഇപ്പോൾ സമാധാ​ന​പ​ര​മായ അവസ്ഥക​ളിൽ കൺ​വെൻ​ഷ​നു​ക​ളും മറ്റും നടത്താൻ കഴിയു​ന്നു. മുൻയൂ​ഗോ​സ്ലാ​വി​യ​യു​ടെ എല്ലാ ഭാഗങ്ങ​ളിൽനി​ന്നും ഇവയിൽ പങ്കെടു​ക്കാൻ സഹോ​ദ​ര​ങ്ങ​ളെ​ത്താ​റുണ്ട്‌. പർവത​ങ്ങൾനി​റഞ്ഞ മനോ​ഹ​ര​മായ ഈ രാജ്യത്തെ യുദ്ധം കശക്കി​യെ​റി​ഞ്ഞെ​ങ്കി​ലും യഹോ​വ​യു​ടെ ജനം “നിർവ്യാ​ജ​മായ സഹോ​ദ​ര​പ്രീ​തി”യിൽ അടുത്ത ബന്ധം ആസ്വദി​ക്കു​ന്നു. (1 പത്രൊ. 1:22) ഇന്ന്‌ ബോസ്‌നിയ-ഹെർസ​ഗോ​വി​ന​യിൽ 16 സഭകളി​ലാ​യി 1,163 പ്രസാ​ധകർ സത്യ​ദൈ​വ​മായ യഹോ​വ​യ്‌ക്ക്‌ ഐക്യ​ത്തിൽ സ്‌തുതി കരേറ്റു​ന്നു.

ക്രൊ​യേ​ഷ്യ

സാ​ഗ്രെ​ബിൽവെച്ച്‌ നടന്ന അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​ശേഷം (1991-ൽ) പെട്ടെ​ന്നാണ്‌ ക്രൊ​യേഷ്യ-സെർബിയ അതിർത്തി അടയ്‌ക്ക​പ്പെ​ട്ടത്‌. പ്രധാന റോഡു​ക​ളും പാലങ്ങ​ളും ഒന്നുകിൽ നശിപ്പി​ക്ക​പ്പെട്ടു; അല്ലെങ്കിൽ സൈനിക നിയ​ന്ത്ര​ണ​ത്തി​ലാ​യി. അതു​കൊണ്ട്‌ ക്രൊ​യേ​ഷ്യ​യു​ടെ പൂർവ​ഭാ​ഗ​ത്തു​നിന്ന്‌ കൺ​വെൻ​ഷനു വന്ന പലർക്കും തിരികെ പോകാൻ പറ്റാത്ത സ്ഥിതി​യാ​യി. ഇവർക്ക്‌ രാജ്യ​ത്തി​ന്റെ മറ്റു ഭാഗങ്ങ​ളിൽനി​ന്നുള്ള സഹോ​ദ​രങ്ങൾ ആതിഥ്യ​മ​രു​ളി. തങ്ങളുടെ സാമ്പത്തിക ബുദ്ധി​മു​ട്ടു​ക​ളൊ​ന്നും വകവെ​ക്കാ​തെ​യാണ്‌ അവർ ഇത്തരത്തിൽ സഹോ​ദ​ര​സ്‌നേഹം പ്രകട​മാ​ക്കി​യത്‌.

സാ​ഗ്രെ​ബിൽ ബോം​ബാ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു മുന്നറി​യി​പ്പു നൽകുന്ന സൈറൺ രാപക​ലെ​ന്നി​ല്ലാ​തെ മുഴങ്ങി​ക്കൊ​ണ്ടി​രു​ന്നു. ആളുകൾ സുരക്ഷി​ത​മായ സങ്കേതങ്ങൾ തേടി പായുന്ന കാഴ്‌ച സർവസാ​ധാ​ര​ണ​മാ​യി​രു​ന്നു. പലർക്കും ആഴ്‌ച​ക​ളോ മാസങ്ങ​ളോ​പോ​ലും ഇത്തരം സങ്കേത​ങ്ങ​ളിൽ കഴി​യേണ്ടി വന്നു. ബെഥേൽ ഭവനത്തി​ന്റെ ബേസ്‌മെ​ന്റും ഇത്തരത്തി​ലുള്ള ഒരു സുരക്ഷാ​സ​ങ്കേ​ത​മാ​യി അധികാ​രി​കൾ പ്രഖ്യാ​പി​ച്ചു. സാക്ഷീ​ക​രി​ക്കു​ന്ന​തി​നുള്ള ഒന്നാന്തരം അവസര​മാണ്‌ അതിലൂ​ടെ ലഭ്യമാ​യത്‌; അവിടെ എത്തുന്ന​വർക്ക്‌ ശാരീ​രിക സംരക്ഷ​ണ​ത്തെ​ക്കാൾ മികച്ച ഒന്ന്‌ ലഭിക്കു​ക​യും ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌, ഒരു ദിവസം പതിവു​പോ​ലെ സൈറൺ മുഴങ്ങി​യ​പ്പോൾ ഒരു ട്രാമിൽ യാത്ര ചെയ്‌തി​രുന്ന ആളുക​ളെ​ല്ലാം​കൂ​ടെ നേരെ ബെഥേ​ലി​ലെ സുരക്ഷാ​കേ​ന്ദ്ര​ത്തി​ലെത്തി. അവർ ഉത്‌ക​ണ്‌ഠ​യോ​ടെ അവിടെ ഇരിക്കു​മ്പോൾ ബെഥേ​ലിൽ സേവി​ക്കുന്ന ഒരു മൂപ്പൻ അവരോട്‌, ഏതാനും മാസം മുമ്പ്‌ സാ​ഗ്രെ​ബിൽ നടന്ന ഒരു കൺ​വെൻ​ഷന്റെ സ്ലൈഡു​കൾ കാണാൻ താത്‌പ​ര്യ​മു​ണ്ടോ എന്നു ചോദി​ച്ചു. എല്ലാവർക്കും സമ്മതമാ​യി​രു​ന്നു. അതു കാണാൻ സാധി​ച്ചത്‌ അവരെ​ല്ലാം അങ്ങേയറ്റം വിലമ​തി​ച്ചു.

നിരന്ത​ര​മു​ള്ള പോരാ​ട്ടം​മൂ​ലം യോഗ​ങ്ങൾക്കു പോകുക ഒരു വെല്ലു​വി​ളി​ത​ന്നെ​യാ​യി​രു​ന്നു. സങ്കടക​ര​മെ​ന്നു​പ​റ​യട്ടെ, വെടി​യു​ണ്ട​ക​ളും ഗ്രനേ​ഡു​ക​ളും മൂലം ചില രാജ്യ​ഹാ​ളു​കൾക്ക്‌ കേടു​പാ​ടു​കൾ സംഭവി​ച്ചു. എന്നാൽ മുമ്പെ​ന്ന​ത്തെ​ക്കാൾ അധിക​മാ​യി ആത്മീയാ​ഹാ​ര​ത്തി​ന്റെ ആവശ്യ​മു​ണ്ടെന്ന്‌ അവർ തിരി​ച്ച​റി​ഞ്ഞി​രു​ന്നു. അതു​കൊണ്ട്‌ ‘സഭാ​യോ​ഗങ്ങൾ ഉപേക്ഷി​ക്കാൻ’ ഈ പ്രിയ സഹോ​ദ​രങ്ങൾ തയ്യാറാ​യില്ല. (എബ്രാ. 10:24) ഉദാഹ​ര​ണ​ത്തിന്‌, സൈ​ബെ​നിക്‌ എന്ന സ്ഥലത്ത്‌ ആറുമാ​സം തുടർച്ച​യാ​യി ഗ്രനേ​ഡ്‌വർഷം ഉണ്ടായി; സഹോ​ദ​ര​ങ്ങൾക്ക്‌ രാജ്യ​ഹാ​ളിൽ കൂടി​വ​രാ​നേ പറ്റാത്ത അവസ്ഥ. എന്നാൽ അവർ എന്തു ചെയ്‌തെന്ന്‌ ഒരു മൂപ്പൻ വിശദീ​ക​രി​ക്കു​ന്നു: “ഞങ്ങൾ താമസി​ക്കു​ന്നത്‌ നഗരത്തിൽനിന്ന്‌ അകലെ​യാണ്‌. അതു​കൊണ്ട്‌ പുസ്‌ത​കാ​ധ്യ​യ​ന​ത്തി​നും വീക്ഷാ​ഗോ​പുര അധ്യയ​ന​ത്തി​നു​മാ​യി എല്ലാവ​രും ഞങ്ങളുടെ വീട്ടിൽ കൂടു​മാ​യി​രു​ന്നു. പ്രസം​ഗ​വേ​ല​യും ഞങ്ങൾ ഉത്സാഹ​ത്തോ​ടെ​തന്നെ തുടർന്നു. ഞങ്ങളുടെ പ്രദേ​ശ​ത്തും ചുറ്റു​മുള്ള ഗ്രാമ​ങ്ങ​ളി​ലും ഞങ്ങൾ പ്രസം​ഗി​ച്ചു. ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്ന്‌ എല്ലാവർക്കും അറിയാ​മാ​യി​രു​ന്നു; അതു​പോ​ലെ മറ്റുള്ള​വ​രിൽനി​ന്നു വ്യത്യ​സ്‌ത​രാ​ണെ​ന്നും.”

സഹോ​ദ​ര​സ്‌നേഹം—യുദ്ധകാ​ലത്ത്‌

വീടു നഷ്ടപ്പെട്ട അനേകം സഹോ​ദ​രങ്ങൾ മറ്റുള്ള​വ​രു​ടെ അടുത്ത്‌ അഭയം​തേടി. വേണ്ട സഹായങ്ങൾ ചെയ്‌തു​കൊ​ടു​ക്കു​ന്ന​തിൽ സഭകളും മുൻപ​ന്തി​യിൽത്തന്നെ ഉണ്ടായി​രു​ന്നു. ക്രൊ​യേ​ഷ്യ​യി​ലെ ഓസി​ജെ​ക്കിൽ അതാണു​ണ്ടാ​യത്‌. ബോസ്‌നി​യ​യി​ലെ റ്റൂസ്‌ലാ​യിൽനി​ന്നു രക്ഷപ്പെ​ട്ടു​വന്ന ഒരു കുടും​ബത്തെ ആ സഭ സന്തോ​ഷ​പൂർവം സ്വീക​രി​ച്ചു. ആ കുടും​ബ​ത്തി​ലെ ഭാര്യ തങ്ങളുടെ ആത്മീയ സഹോ​ദ​രി​യാ​ണെന്ന്‌ അറിഞ്ഞ​പ്പോൾ സഹോ​ദ​ര​ങ്ങൾക്കു സന്തോ​ഷ​മാ​യി.

അധികാ​രി​കൾ ആ കുടും​ബ​ത്തിന്‌ ഒരു പഴയ വീടു നൽകി; വളരെ ശോച​നീ​യ​മാ​യി​രു​ന്നു അതിന്റെ അവസ്ഥ. സഹോ​ദ​ര​ന്മാർ സഹായ​ത്തി​നെത്തി. ഓരോ​രു​ത്ത​രാ​യി അടുപ്പും ജനാല​യും കതകും കിടക്ക​യും അറ്റകു​റ്റ​പ്പ​ണി​ക്കുള്ള സാമ​ഗ്രി​ക​ളും ആഹാര​വും കത്തിക്കാ​നുള്ള വിറകും എന്നുവേണ്ട എല്ലാം കൊണ്ടു​വന്നു. പിറ്റേന്ന്‌ ആയപ്പോ​ഴേ​ക്കും ഒരു മുറി വാസ​യോ​ഗ്യ​മാ​ക്കി. എന്നാൽ ശൈത്യ​കാ​ലം കഴിച്ചു​കൂ​ട്ടാൻ പറ്റിയ നിലയി​ലാ​യി​രു​ന്നില്ല വീട്‌ അപ്പോ​ഴും. അതു​കൊണ്ട്‌ കൂടു​ത​ലാ​യി ആവശ്യ​മുള്ള സാധന​ങ്ങ​ളു​ടെ ഒരു പട്ടിക സഭ തയ്യാറാ​ക്കി. പ്രസാ​ധകർ ഓരോ​രു​ത്ത​രാ​യി തങ്ങളാ​ലാ​കുന്ന സാധനങ്ങൾ നൽകി. വളരെ ദരി​ദ്ര​രാ​യി​രു​ന്നി​ട്ടും ആവശ്യ​മാ​യ​തെ​ല്ലാം സംഘടി​പ്പി​ക്കാൻ അവർക്കു സാധിച്ചു—സ്‌പൂൺമു​തൽ മേൽക്കൂ​ര​യ്‌ക്ക്‌ ആവശ്യ​മായ സാധന​ങ്ങൾവരെ.

യുദ്ധം തുടർന്ന​തോ​ടെ ആഹാരം കിട്ടാൻ ബുദ്ധി​മു​ട്ടാ​യി. സഹോ​ദ​ര​ങ്ങൾക്ക്‌ ഭൗതി​ക​വും ആത്മീയ​വു​മാ​യി വേണ്ടതു നൽകു​ന്ന​തിന്‌ ബ്രാഞ്ച്‌ നല്ല ശ്രമം​ചെ​യ്‌തു. ഭരണസം​ഘ​വു​മാ​യി സഹകരിച്ച്‌ ബ്രാഞ്ച്‌ ആഹാരം, വസ്‌ത്രം, ചെരിപ്പ്‌, മരുന്ന്‌ എന്നിവ ശേഖരി​ക്കാ​നുള്ള ഏർപ്പാട്‌ ചെയ്‌തു. പ്രാ​ദേ​ശിക സഹോ​ദ​ര​ങ്ങൾത​ന്നെ​യാണ്‌ ആദ്യ​മൊ​ക്കെ സഹായ​വു​മാ​യെ​ത്തി​യത്‌. എന്നാൽ ഏറെ​യൊ​ന്നും ചെയ്യാൻ പറ്റിയ സാഹച​ര്യ​മാ​യി​രു​ന്നില്ല അവരു​ടേത്‌. പിന്നീട്‌ ഓസ്‌ട്രിയ, ഇറ്റലി, ജർമനി, സ്വിറ്റ്‌സർലൻഡ്‌ എന്നിവി​ട​ങ്ങ​ളിൽനിന്ന്‌ സഹോ​ദ​രങ്ങൾ വസ്‌ത്ര​ങ്ങ​ളും മരുന്നു​ക​ളും കൂടാതെ ആത്മീയാ​ഹാ​ര​വും ഔദാ​ര്യ​മാ​യി സംഭാ​വ​ന​ചെ​യ്‌തു. സ്വന്തം സുരക്ഷ​യെ​ക്കാൾ ക്രൊ​യേ​ഷ്യ​യി​ലുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ ആവശ്യ​ങ്ങൾക്കു മുൻതൂ​ക്കം നൽകിയ സ്വമേ​ധാ​സേ​വകർ, ട്രക്കു​ക​ളിൽ സാധനങ്ങൾ എത്തിക്കു​ന്ന​തിന്‌ രാപകൽ യത്‌നി​ച്ചു. എല്ലാം സാ​ഗ്രെ​ബിൽ കൊണ്ടു​വ​ന്നിട്ട്‌ അവി​ടെ​നിന്ന്‌ ആവശ്യാ​നു​സൃ​തം സഭകൾക്കു കൈമാ​റു​ക​യാ​യി​രു​ന്നു.

ക്രൊ​യേ​ഷ്യ​യി​ലുള്ള സഹോ​ദ​ര​ങ്ങൾക്ക്‌ അങ്ങനെ സഹായം ലഭിച്ചു. എന്നാൽ ബോസ്‌നി​യ​യി​ലു​ള്ള​വ​രു​ടെ കാര്യ​ത്തിൽ എന്തു ചെയ്യും? 16 ടൺ ആഹാര​സാ​ധ​ന​ങ്ങ​ളും വിറകും നിറച്ച ട്രക്കുകൾ ബോസ്‌നി​യൻ അതിർത്തി​യി​ലേക്കു പുറ​പ്പെട്ടു. വളരെ അപകടം​നി​റ​ഞ്ഞ​താ​യി​രു​ന്നു ഈ യാത്ര; അവിടത്തെ സൈനി​കർ വളരെ മോശ​മാ​യി​ട്ടാണ്‌ ആളുക​ളോട്‌ ഇടപ്പെ​ട്ടി​രു​ന്ന​തെന്ന്‌ റിപ്പോർട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. അവരു​മാ​യി ഒരു ഏറ്റുമു​ട്ടൽ ഉണ്ടായാൽ കൊണ്ടു​പോ​കുന്ന സാധനങ്ങൾ മുഴുവൻ നഷ്ടപ്പെ​ടു​മെന്നു മാത്രമല്ല, ജീവൻതന്നെ അപകട​ത്തി​ലാ​കു​മാ​യി​രു​ന്നു.

ഒരു സഹോ​ദരൻ പറയു​ന്നതു ശ്രദ്ധി​ക്കുക: “വൃക്ഷനി​ബി​ഡ​മായ വഴിയി​ലൂ​ടെ, ഓരോ ചെക്ക്‌പോ​സ്റ്റും പിന്നിട്ട്‌ ഞങ്ങൾ മുന്നോ​ട്ടു നീങ്ങി; പലപ്പോ​ഴും യുദ്ധനി​ര​യ്‌ക്ക്‌ വളരെ സമീപ​ത്തു​കൂ​ടെ​യാ​യി​രു​ന്നു യാത്ര. ഏതായാ​ലും ഞങ്ങൾ സുരക്ഷി​ത​രാ​യി ബോസ്‌നി​യ​യി​ലെ ട്രാവ്‌നീ​ക്കിൽ എത്തി​ച്ചേർന്നു. ഞങ്ങൾ എത്തിയ വിവരം അറിഞ്ഞ​യു​ടനെ ഒരു പട്ടാള​ക്കാ​രൻ സഹോ​ദ​രങ്ങൾ ഒരുമി​ച്ചു​കൂ​ടി​യി​രുന്ന വീട്ടി​ലേക്കു പാഞ്ഞു. ‘ട്രക്കു​ക​ളു​മാ​യി നിങ്ങളു​ടെ ആളുകൾ ഇവിടെ എത്തിയി​രി​ക്കു​ന്നു,’ അദ്ദേഹം വിളി​ച്ചു​കൂ​വി. അതുകേട്ട സഹോ​ദ​ര​ങ്ങ​ളു​ടെ സന്തോഷം ഒന്നു കാണേ​ണ്ട​തു​ത​ന്നെ​യാ​യി​രു​ന്നു. കൊണ്ടു​ചെന്ന ആഹാര​സാ​ധ​നങ്ങൾ വീട്ടിൽ ഇറക്കി​യിട്ട്‌ അൽപ്പം കുശല​പ്ര​ശ്‌നം നടത്തി ഞങ്ങൾ പെട്ടെ​ന്നു​തന്നെ അവി​ടെ​നി​ന്നു യാത്ര​യാ​യി. ഞങ്ങൾക്ക്‌ പിന്നെ​യും പലയി​ട​ങ്ങ​ളി​ലും സാധനങ്ങൾ എത്തി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.”

സഹായം ലഭിച്ച​തിൽ കൃതജ്ഞത പ്രകാ​ശി​പ്പി​ച്ചു​കൊണ്ട്‌ അനേക​രും സാ​ഗ്രെ​ബി​ലെ ബെഥേ​ലി​ലേക്ക്‌ കത്തുക​ളെ​ഴു​തി. “നിങ്ങൾ ചെയ്യുന്ന കഠിനാ​ധ്വാ​ന​ത്തെ​പ്രതി ഞങ്ങൾ അത്യധി​കം നന്ദിയു​ള്ള​വ​രാണ്‌. അതൊ​ന്നു​കൊ​ണ്ടു​മാ​ത്ര​മാണ്‌ ഞങ്ങൾക്ക്‌ മുടക്കം​കൂ​ടാ​തെ ആത്മീയാ​ഹാ​രം ലഭിക്കു​ന്നത്‌. കൊടു​ത്തയച്ച ദുരി​താ​ശ്വാ​സ സാധന​ങ്ങൾക്കു​വേ​ണ്ടി​യും ഞങ്ങൾ നന്ദിയു​ള്ള​വ​രാണ്‌. സഹോ​ദ​ര​ങ്ങൾക്ക്‌ അവ അത്യാ​വ​ശ്യ​മാ​യി​രു​ന്നു. നിങ്ങളു​ടെ സ്‌നേ​ഹ​ത്തി​നും കരുത​ലി​നും ഒരിക്കൽക്കൂ​ടി ഞങ്ങളുടെ അകമഴിഞ്ഞ നന്ദി,” ഒരു സഭ എഴുതി.

“പല സഹോ​ദ​ര​ങ്ങ​ളും അഭയാർഥി​ക​ളാണ്‌. ചിലർക്കാ​ണെ​ങ്കിൽ വരുമാ​ന​മാർഗ​മൊ​ന്നു​മില്ല. തങ്ങൾക്കാ​യി ഇത്രയ​ധി​കം സാധനങ്ങൾ കൊടു​ത്ത​യ​ച്ചതു കണ്ടിട്ട്‌ പലരും കരഞ്ഞു​പോ​യി. സഹോ​ദ​രങ്ങൾ കാണിച്ച സ്‌നേ​ഹ​വും ഔദാ​ര്യ​വും നിസ്സ്വാർഥ​ത​യു​മെ​ല്ലാം അവരെ ആഴമായി സ്‌പർശി​ച്ചു. അത്‌ അവർക്ക്‌ വളരെ പ്രോ​ത്സാ​ഹ​ജ​ന​ക​വു​മാ​യി​രു​ന്നു.”

പ്രയാ​സ​ക​ര​മാ​യ ആ നാളു​ക​ളിൽ വിശ്വാ​സത്തെ പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന ആത്മീയാ​ഹാ​രം സഹോ​ദ​ര​ങ്ങൾക്ക്‌ എത്തിച്ചു​കൊ​ടു​ക്കാൻ പ്രത്യേക ശ്രമം നടന്നു. ദൈവാ​ത്മാ​വി​ന്റെ സഹായം അവർക്കു​ണ്ടാ​യി​രു​ന്നു എന്നത്‌ വളരെ പ്രകട​മാ​യി​രു​ന്നു. അങ്ങേയറ്റം വേദനാ​ജ​ന​ക​മായ ആ അവസ്ഥയിൽ സഹിച്ചു​നിൽക്കു​ന്ന​തി​നും കൂടു​ത​ലായ ആത്മീയ​ബലം ആർജി​ക്കു​ന്ന​തി​നും സഹോ​ദ​ര​ങ്ങൾക്കു സാധി​ച്ചത്‌ അതു​കൊ​ണ്ടാണ്‌.—യാക്കോ. 1:2-4.

പ്രത്യാ​ശാ​നിർഭ​ര​മായ ഒരു ദൂത്‌

പല സംഘട​ന​ക​ളും ഭൗതി​ക​മാ​യി ആവശ്യ​മാ​യ​തൊ​ക്കെ എത്തിച്ചു​കൊ​ടു​ത്തെ​ങ്കി​ലും സ്ഥായി​യായ പ്രയോ​ജനം കൈവ​രു​ത്തുന്ന സഹായ​മേ​കി​യത്‌ യഹോ​വ​യു​ടെ സാക്ഷികൾ മാത്ര​മാണ്‌. യുദ്ധം അവസാ​നി​ക്കു​ന്ന​തു​വരെ വെറു​തെ​യി​രു​ന്നു സമയം പാഴാ​ക്കു​ന്ന​തി​നു​പ​കരം രാജ്യ​സു​വാർത്ത ആളുക​ളു​ടെ പക്കൽ എത്തിക്കു​ന്ന​തിന്‌ തങ്ങളാ​ലാ​കു​ന്ന​തെ​ല്ലാം അവർ ചെയ്‌തു.

സെർബി​യ​യു​ടെ അതിർത്തി​പ്ര​ദേ​ശ​മായ വൂക്കോ​വാ​റി​ലാണ്‌ ഏറ്റവു​മ​ധി​കം നാശന​ഷ്ടങ്ങൾ ഉണ്ടായത്‌. നമ്മുടെ സഹോ​ദ​ര​ങ്ങ​ളുൾപ്പെടെ, നഗരവാ​സി​ക​ളായ മിക്കവർക്കും അവി​ടെ​നി​ന്നു പലായനം ചെയ്യേ​ണ്ടി​വന്നു. എന്നാൽ മരിയ എന്നൊരു സഹോ​ദരി അവി​ടെ​ത്തന്നെ തങ്ങി. പിന്നത്തെ നാലു​വർഷ​ക്കാ​ലം ക്രൊ​യേ​ഷ്യ​യി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ അവരെ​ക്കു​റിച്ച്‌ ഒരു വിവര​വും ഇല്ലായി​രു​ന്നു. സഹോ​ദരി പക്ഷേ, അവിടെ ശേഷി​ച്ചി​രുന്ന ആളുക​ളോട്‌ ഉത്സാഹ​പൂർവം പ്രസം​ഗി​ച്ചു​കൊ​ണ്ടി​രു​ന്നു. അതിന്‌ എത്ര വലിയ പ്രതി​ഫലം ഉണ്ടാ​യെ​ന്നോ! 1996-ലെ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷന്‌ വൂക്കോ​വാ​റിൽനിന്ന്‌ 20 പേരാണ്‌ ഹാജരാ​യത്‌!

നമ്മുടെ പ്രത്യാ​ശാ​ദൂ​തിന്‌ ആളുക​ളു​ടെ ജീവി​തത്തെ അപ്പാടെ മാറ്റി​മ​റി​ക്കാ​നാ​കും. യുദ്ധം തുടങ്ങിയ സമയത്ത്‌ ഒരു യുവ​സൈ​നി​കൻ ക്രൊ​യേ​ഷ്യൻ സൈനി​ക​വി​ഭാ​ഗ​ത്തിൽ ഉയർച്ച​യു​ടെ പടവുകൾ താണ്ടു​ക​യാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ, 1994-ൽ ഒരിക്കൽ ട്രെയിൻ കാത്തു​നിൽക്കു​മ്പോൾ അദ്ദേഹ​ത്തിന്‌ ആർ യഥാർഥ​ത്തിൽ ഈ ലോകത്തെ ഭരിക്കു​ന്നു? എന്ന ലഘുലേഖ കിട്ടി. അദ്ദേഹം അതു താത്‌പ​ര്യ​ത്തോ​ടെ വായിച്ചു. അതോടെ ഒരു കാര്യം അദ്ദേഹ​ത്തി​നു മനസ്സി​ലാ​യി: മനുഷ്യൻ നേരി​ടുന്ന അക്രമ​ങ്ങൾക്ക്‌ ഉത്തരവാ​ദി യഹോ​വയല്ല, സാത്താ​നാണ്‌. ഈ സത്യം അദ്ദേഹത്തെ ആഴത്തിൽ സ്‌പർശി​ച്ചു. അദ്ദേഹം സൈനി​ക​പ​രി​ശീ​ലനം നേടി​യ​തി​ന്റെ കാരണം​തന്നെ യുദ്ധത്തിൽ കൊല്ല​പ്പെട്ട തന്റെ സഹോ​ദ​രി​യു​ടെ​യും (19 വയസ്സ്‌) മറ്റു രണ്ടുകു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും മരണത്തി​നു പകരം​വീ​ട്ടുക എന്നതാ​യി​രു​ന്നു. ആ കൊല​പാ​ത​കി​കൾ താമസി​ക്കുന്ന ഗ്രാമ​ത്തി​ലേക്കു പോകാ​നുള്ള എല്ലാ പദ്ധതി​യും തയ്യാറാ​ക്കി​യി​രു​ന്നെ​ങ്കി​ലും അതൊന്നു പുനർവി​ചി​ന്തനം ചെയ്യാൻ ആ ലഘുലേഖ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചു. അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങി. വ്യക്തി​ത്വ​ത്തിൽ മാറ്റം വരുത്താൻ അദ്ദേഹ​ത്തിന്‌ പല വർഷങ്ങൾ വേണ്ടി​വന്നു. അവസാനം, 1997-ൽ അദ്ദേഹം സ്‌നാ​ന​മേറ്റു. അദ്ദേഹം ഒടുവിൽ തന്റെ കുടും​ബാം​ഗ​ങ്ങളെ വകവരു​ത്തി​യവർ താമസി​ച്ചി​രുന്ന ആ ഗ്രാമ​ത്തി​ലേക്കു പോയി; അവരോ​ടു പകരം​വീ​ട്ടാ​നല്ല, മറിച്ച്‌, ദൈവ​ത്തി​ന്റെ കരുണ​യെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രോട്‌ ദൈവ​രാ​ജ്യ സുവാർത്ത പ്രസം​ഗി​ക്കാൻ.

മൃഗീ​യ​പോ​രാ​ട്ട​ങ്ങ​ളു​ടെ മധ്യേ​യും പ്രസാ​ധകർ ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ച്ച​തി​ന്റെ ഫലമായി ക്രൊ​യേ​ഷ്യ​യിൽ വലിയ പുരോ​ഗതി ഉണ്ടായി. 1991-ൽ യുദ്ധം തുടങ്ങി​യ​തു​മു​തൽ 1995-ന്റെ അവസാ​നം​വരെ പയനി​യർമാ​രു​ടെ എണ്ണത്തിൽ 132 ശതമാ​ന​വും പ്രസാ​ധ​ക​രു​ടെ എണ്ണത്തിൽ 35 ശതമാ​ന​വും ബൈബി​ള​ധ്യ​യ​ന​ങ്ങ​ളിൽ 63 ശതമാ​ന​വും വർധന​യു​ണ്ടാ​യി. പ്രാ​ദേ​ശിക സഹോ​ദ​ര​ന്മാർ ധൈര്യ​പൂർവം ദൈവ​വ​ചനം പ്രസം​ഗി​ച്ചു; യഹോവ അവരുടെ വേലയെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തു.

ആത്മത്യാ​ഗ​മ​നോ​ഭാ​വം പ്രകട​മാ​ക്കുന്ന ജോലി​ക്കാർ

1991-ലെ അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷനു തൊട്ടു​മു​മ്പാ​യി ആദ്യത്തെ ഗിലെ​യാദ്‌ പരിശീ​ലിത മിഷന​റി​മാർ ക്രൊ​യേ​ഷ്യ​യി​ലെത്തി: കാനഡ​യിൽനി​ന്നുള്ള ഡാനി​യേൽ നിസാ​നും ഭാര്യ ഹെലനും. കൂടാതെ പ്രാ​ദേ​ശി​ക​ഭാഷ പഠിച്ചി​ട്ടുള്ള, മറ്റു യൂറോ​പ്യൻ രാജ്യ​ങ്ങ​ളിൽനി​ന്നുള്ള ദമ്പതി​ക​ളെ​യും അവിടെ സേവി​ക്കു​ന്ന​തി​നാ​യി ക്ഷണിച്ചു.

ഓസ്‌ട്രി​യ​യിൽനി​ന്നുള്ള ഹൈൻസ്‌ പോളാ​ക്കും ഭാര്യ എൽക്കെ​യും അക്കൂട്ട​ത്തിൽപ്പെ​ടു​ന്നു. 1991-ൽ ക്രൊ​യേ​ഷ്യ​യി​ലേക്കു ക്ഷണം കിട്ടി​യ​പ്പോൾ അവർ ഡെന്മാർക്കി​ലുള്ള യൂഗോ​സ്ലാ​വ്യ​രു​ടെ ഇടയിൽ പ്രത്യേക പയനി​യർമാ​രാ​യി പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നു. അവർ സഞ്ചാര​വേല ഏറ്റെടു​ക്കുന്ന സമയത്താണ്‌ യുദ്ധം പൊട്ടി​പ്പു​റ​പ്പെ​ട്ടത്‌. ഡാൽമേ​ഷ്യൻ തീര​പ്ര​ദേ​ശ​വും ബോസ്‌നി​യ​യു​ടെ ചില ഭാഗങ്ങ​ളും ഉൾപ്പെ​ടു​ന്ന​താ​യി​രു​ന്നു അവരുടെ ആദ്യത്തെ സർക്കിട്ട്‌. യുദ്ധം ആ പ്രദേ​ശ​ങ്ങ​ളെ​യെ​ല്ലാം ബാധി​ച്ചി​രു​ന്നു. “യുദ്ധകാ​ലത്ത്‌ ബോസ്‌നി​യ​യിൽ സഭകൾ സന്ദർശി​ക്കുക ഒരു വെല്ലു​വി​ളി​ത​ന്നെ​യാ​യി​രു​ന്നു. അപകടം​നി​റഞ്ഞ ആ സാഹച​ര്യ​ത്തിൽ സ്വന്തം വാഹന​ത്തിൽ യാത്ര ചെയ്യു​ന്നത്‌ തീരെ ബുദ്ധി​യാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ ബസ്സിലാ​യി​രു​ന്നു യാത്ര. അതാകട്ടെ, ഒട്ടും ആശ്രയ​യോ​ഗ്യ​മാ​യി​രു​ന്നി​ല്ല​താ​നും,” ഹൈൻസ്‌ പറയുന്നു. “ഏതാനും സൂട്ട്‌കേ​സു​ക​ളും ഒരു ടൈപ്പ്‌​റൈ​റ്റ​റും ഒഴികെ ഒന്നും കൂടെ കൊണ്ടു​പോ​കാ​നാ​കു​മാ​യി​രു​ന്നില്ല.

“സാഹച​ര്യ​ത്തി​നൊത്ത്‌ പ്രവർത്തി​ക്കാൻ ഞങ്ങൾ പ്രാപ്‌ത​രാ​യി​രി​ക്കേ​ണ്ടി​യി​രു​ന്നു. ഒരിക്കൽ ഞങ്ങൾ റ്റൂസ്‌ലാ​യിൽനിന്ന്‌ സെനി​ക്ക​യി​ലേക്കു പോകു​മ്പോൾ പട്ടാള​ക്കാർ ഞങ്ങളുടെ ബസ്‌ തടഞ്ഞിട്ട്‌ യാത്ര തുടരു​ന്നത്‌ അപകട​മാ​ണെന്നു പറഞ്ഞു. ബസ്സിൽനിന്ന്‌ ഇറങ്ങു​ക​യ​ല്ലാ​തെ മറ്റു വഴി​യൊ​ന്നു​മി​ല്ലാ​യി​രു​ന്നു. എന്നാൽ സെനി​ക്ക​യിൽ സഹോ​ദ​രങ്ങൾ ഞങ്ങളെ കാത്ത്‌ നിൽക്കു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അതുവഴി വന്ന ഓരോ വണ്ടിക്കാ​രോ​ടും ഞങ്ങളെ​ക്കൂ​ടി കൊണ്ടു​പോ​കാ​മോ എന്നു ചോദി​ച്ചു. ഒടുവിൽ പാചക​വാ​ത​ക​വു​മാ​യി പോകുന്ന കുറെ ട്രക്കുകൾ വന്നു. അവർ സമ്മതിച്ചു. വണ്ടിക്ക്‌ ആവശ്യ​മായ രേഖക​ളെ​ല്ലാം അവരുടെ പക്കൽ ഉണ്ടായി​രു​ന്നു. യാത്ര​യിൽ ഉടനീളം ഞങ്ങൾ ഡ്രൈ​വ​റോട്‌ സാക്ഷീ​ക​രി​ച്ചു​കൊ​ണ്ടി​രു​ന്നു; അദ്ദേഹം എല്ലാം ശ്രദ്ധാ​പൂർവം കേൾക്കു​ക​യും ചെയ്‌തു.

“പോരാ​ട്ടം കാരണം വീണ്ടും ഞങ്ങളുടെ വണ്ടി തടഞ്ഞു. ഞങ്ങൾക്ക്‌ ഇടവഴി​ക​ളി​ലൂ​ടെ യാത്ര തുട​രേ​ണ്ടി​വന്നു. വഴികൾ തീരെ മോശ​മാ​യി​രു​ന്നു; കൂടാതെ മഞ്ഞുവീ​ഴ്‌ച​യും. പലപ്പോ​ഴും മഞ്ഞിൽ പുതഞ്ഞു​പോയ മറ്റു ട്രക്കു​കാ​രെ സഹായി​ക്കാൻ ഞങ്ങൾ വണ്ടി നിറുത്തി. ഒരിട​ത്തെ​ത്തി​യ​പ്പോൾ ഞങ്ങൾക്കു​നേരെ ആക്രമ​ണ​മു​ണ്ടാ​യി. ഒരുത​ര​ത്തിൽ ഞങ്ങൾ അവി​ടെ​നിന്ന്‌ രക്ഷപ്പെട്ടു. അങ്ങനെ എത്തി​ച്ചേർന്നത്‌ ഞങ്ങളുടെ ലക്ഷ്യസ്ഥാ​ന​ത്തു​നി​ന്നും 50 കിലോ​മീ​റ്റർ അകലെ​യുള്ള വാറെഷ്‌ എന്ന സ്ഥലത്ത്‌. അവിടെ ഞങ്ങൾക്കു രാത്രി കഴിച്ചു​കൂ​ട്ടേണ്ടി വന്നു.

“ഡ്രൈവർ, സീറ്റിൽ കിടന്ന്‌ ഉറങ്ങി. തണുപ്പു​മൂ​ലം എൽക്കെ​യും ഞാനും​കൂ​ടെ ഡ്രൈ​വ​റു​ടെ സീറ്റിനു പുറകി​ലുള്ള ഇടത്തിൽ ചുരു​ണ്ടു​കൂ​ടി ഇരുന്നു. ഒരിക്ക​ലും അവസാ​നി​ക്കാത്ത ഒരു രാത്രി​പോ​ലെ തോന്നി അത്‌. ഏതായാ​ലും അടുത്ത​ദി​വസം ഞങ്ങൾ സെനി​ക്ക​യിൽ എത്തി. സഹോ​ദ​രങ്ങൾ ഞങ്ങൾക്കാ​യി കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു. കഷ്ടപ്പെ​ട്ടാ​ണെ​ങ്കി​ലും അവിടെ എത്താൻ സാധി​ച്ച​തിൽ ഞങ്ങൾക്കും സന്തോഷം തോന്നി. വൈദ്യു​തി​യോ പൈപ്പു​വെ​ള്ള​മോ ഒന്നുമി​ല്ലെ​ങ്കി​ലും ഞങ്ങൾക്കു​വേണ്ടി തങ്ങളാ​ലാ​കു​ന്ന​തെ​ല്ലാം അവർ ഒരുക്കി. ഭൗതി​ക​മാ​യി ദരി​ദ്ര​രെ​ങ്കി​ലും ആത്മീയ​മാ​യി അവർ സമ്പന്നരാ​യി​രു​ന്നു, സത്യ​ത്തോട്‌ അഗാധ​മായ സ്‌നേ​ഹ​മു​ള്ള​വ​രും.”

യുദ്ധത്തെ തുടർന്ന്‌ 50-ഓളം പ്രത്യേക പയനി​യർമാ​രെ ക്രൊ​യേ​ഷ്യ​യിൽ നിയമി​ച്ചു; ഓസ്‌ട്രിയ, ജർമനി, ഇറ്റലി എന്നിവ​യുൾപ്പെടെ പല രാജ്യ​ങ്ങ​ളിൽനി​ന്നു​ള്ള​വ​രാ​യി​രു​ന്നു അവർ. പിന്നീട്‌ കൂടുതൽ മിഷന​റി​മാ​രെ അങ്ങോട്ട്‌ അയച്ചു​കൊണ്ട്‌ യഹോ​വ​യു​ടെ സംഘടന ആവശ്യ​മായ പിന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും പ്രദാനം ചെയ്‌തു. ഉത്സാഹി​ക​ളായ ഈ മുഴു​സമയ സേവകർ വയലി​ലും സഭയി​ലും വലി​യൊ​രു സഹായ​മാ​യി​രു​ന്നു.

‘ഈ നിർണാ​യക നിമി​ഷ​ത്തി​നു സാക്ഷ്യം വഹിക്കാൻ . . . എനിക്കു സാധിച്ചു!’

1980-കളുടെ അവസാ​നം​വരെ ക്രൊ​യേ​ഷ്യ​നിൽ വീക്ഷാ​ഗോ​പു​രം പ്രതി​മാ​സ​പ്പ​തി​പ്പാ​യി​രു​ന്നു. ബെഥേ​ലി​നു വെളി​യിൽ താമസി​ച്ചി​രുന്ന സഹോ​ദ​രങ്ങൾ ജർമൻ പതിപ്പിൽനി​ന്നാണ്‌ പരിഭാഷ നിർവ​ഹി​ച്ചി​രു​ന്നത്‌. എന്നാൽ 1991 മുതൽ ബെഥേ​ലി​ലുള്ള പരിഭാ​ഷാ​സം​ഘം ആ ജോലി നിർവ​ഹി​ക്കാൻ തുടങ്ങി. പിന്നീട്‌ പുതിയ ലോക ഭാഷാ​ന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ പരിഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തി​നുള്ള അനുവാ​ദ​വും ഭരണസം​ഘ​ത്തിൽനി​ന്നു ലഭിച്ചു. അതുവരെ ഉപയോ​ഗി​ച്ചി​രു​ന്നത്‌ 150 വർഷം പഴക്കമുള്ള ഒരു ബൈബിൾ ഭാഷാ​ന്ത​ര​മാണ്‌. പഴയ ഭാഷയി​ലു​ള്ള​താ​യ​തു​കൊണ്ട്‌ പല പദങ്ങളും മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. സെർബി​യൻ, മസി​ഡോ​ണി​യൻ പരിഭാ​ഷാ സംഘങ്ങ​ളു​മാ​യി അടുത്തു സഹകരി​ച്ചു​കൊണ്ട്‌ ക്രൊ​യേ​ഷ്യൻ ടീം പരിഭാ​ഷാ വേലയ്‌ക്ക്‌ നേതൃ​ത്വം​വ​ഹി​ച്ചു. അത്‌ മൂന്നു​കൂ​ട്ടർക്കും പ്രയോ​ജനം ചെയ്‌തു.

1999 ജൂലൈ 23 വെള്ളി​യാഴ്‌ച; ക്രൊ​യേ​ഷ്യ​യി​ലെ​യും ബോസ്‌നിയ-ഹെർസ​ഗോ​വിന, മോൺടേ​നേ​ഗ്രോ, സെർബിയ, മാസി​ഡോ​ണിയ എന്നിവി​ട​ങ്ങ​ളി​ലെ​യും യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അവിസ്‌മ​ര​ണീ​യ​മായ ഒരു ദിവസ​മാ​ണത്‌. നാലു​സ്ഥ​ല​ങ്ങ​ളിൽ നടന്ന “ദൈവ​ത്തി​ന്റെ പ്രാവ​ച​നിക വചനം” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ പുതിയ ലോക ഭാഷാ​ന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ ക്രൊ​യേ​ഷ്യ​നി​ലും സെർബി​യ​നി​ലും ഒരേ സമയം പ്രകാ​ശനം ചെയ്‌തു; മസി​ഡോ​ണി​യൻ ഭാഷയിൽ പരിഭാഷ പുരോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നതാ​യും അറിയി​പ്പു​ണ്ടാ​യി. തുടർന്നു​ണ്ടായ നിറു​ത്താ​തെ​യുള്ള കരഘോ​ഷം​മൂ​ലം പ്രസം​ഗ​കന്‌ കുറെ​നേ​ര​ത്തേക്ക്‌ പ്രസംഗം തുടരാ​നാ​യില്ല. കൂടി​വ​ന്ന​വർക്ക്‌ തങ്ങളുടെ സന്തോഷം അടക്കാ​നാ​യില്ല. പലരും സന്തോ​ഷാ​ശ്രു​ക്കൾ പൊഴി​ച്ചു. ദീർഘ​കാ​ലം മൂപ്പനാ​യി സേവി​ക്കുന്ന ഒരു സഹോ​ദരൻ പറഞ്ഞു: “ഈ നിർണാ​യക നിമി​ഷ​ത്തി​നു സാക്ഷ്യം വഹിക്കാൻ ഒടുവിൽ എനിക്കു സാധി​ച്ച​ല്ലോ!” 2006-ൽ ഈ മൂന്നു​ഭാ​ഷ​യി​ലും ബൈബി​ളി​ന്റെ സമ്പൂർണ പതിപ്പ്‌ പ്രകാ​ശനം ചെയ്‌തു.

1996 വരെ ഓസ്‌ട്രി​യ​യി​ലെ ബ്രാഞ്ച്‌ ഓഫീ​സി​ന്റെ കീഴി​ലുള്ള ഒരു കൺട്രി കമ്മിറ്റി​യാണ്‌ ക്രൊ​യേഷ്യ, ബോസ്‌നിയ-ഹെർസ​ഗോ​വിന എന്നിവി​ട​ങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തി​നു മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌. 1996-ൽ ആ പ്രദേ​ശ​ങ്ങ​ളി​ലെ പ്രസം​ഗ​വേ​ല​യ്‌ക്കു നേതൃ​ത്വം വഹിക്കു​ന്ന​തിന്‌ ഒരു നാലംഗ ബ്രാഞ്ച്‌ കമ്മിറ്റി​യെ നിയമി​ച്ചു. ഈ ക്രമീ​ക​ര​ണ​ത്തി​ന്മേൽ യഹോ​വ​യു​ടെ അനു​ഗ്രഹം ഉണ്ടെന്നു​ള്ളതു വ്യക്തമാ​യി​രു​ന്നു.

പുതിയ ബ്രാഞ്ചും രാജ്യ​ഹാ​ളു​ക​ളും

മറ്റു സ്ഥലങ്ങളി​ലെ​പോ​ലെ​തന്നെ, പ്രസാ​ധ​ക​രു​ടെ എണ്ണം വർധി​ച്ച​ത​നു​സ​രിച്ച്‌ ക്രൊ​യേ​ഷ്യ​യി​ലെ സാ​ഗ്രെ​ബി​ലുള്ള ബെഥേൽ കുടും​ബ​ത്തി​ലും കൂടുതൽ അംഗങ്ങൾ കൂട്ടി​ച്ചേർക്ക​പ്പെട്ടു; അത്‌ 10-ൽനിന്ന്‌ 50 ആയി വർധിച്ചു. ആകെ നാലോ അഞ്ചോ ദമ്പതി​കൾക്കു താമസി​ക്കാ​നുള്ള സൗകര്യ​മേ ബെഥേ​ലിൽ ഉണ്ടായി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌ കുറെ മുറികൾ വാടക​യ്‌ക്ക്‌ എടു​ക്കേ​ണ്ടി​വന്നു.

ബ്രാഞ്ച്‌ കമ്മിറ്റി​യെ നിയമിച്ച്‌ ഏറെ താമസി​യാ​തെ, സാ​ഗ്രെ​ബിൽ പുതിയ ബെഥേൽ ഭവനം പണിയു​ന്ന​തിന്‌ സ്ഥലം വാങ്ങാൻ ഭരണസം​ഘം ആവശ്യ​പ്പെട്ടു. പ്രാ​ദേ​ശിക സഭകളിൽനി​ന്നുള്ള സ്വമേ​ധാ​സേ​വ​ക​രും അന്താരാ​ഷ്‌ട്ര സേവക​രും ചേർന്ന്‌ നിർമാ​ണ​വേല പൂർത്തി​യാ​ക്കി. തുടർന്നുള്ള അനേക വർഷക്കാ​ല​ത്തേക്ക്‌ രാജ്യ​വേ​ല​യു​ടെ പുരോ​ഗ​തിക്ക്‌ അത്‌ സഹായ​ക​മാ​കു​മാ​യി​രു​ന്നു. 1999 ഒക്‌ടോ​ബർ 23 ശനിയാഴ്‌ച പുതിയ ബ്രാഞ്ചി​ന്റെ​യും രാജ്യ​ഹാ​ളി​ന്റെ​യും സമർപ്പണം നടന്നു. സാ​ഗ്രെ​ബി​ന്റെ കേന്ദ്ര​ഭാ​ഗ​ത്തു​ത​ന്നെ​യുള്ള ഒരു ഇരട്ടഹാൾ ആയിരു​ന്നു അത്‌. 15 രാജ്യ​ങ്ങ​ളിൽനി​ന്നുള്ള പ്രതി​നി​ധി​കൾ സമർപ്പ​ണ​ത്തി​നു ഹാജരാ​യി. ഭരണസം​ഘാം​ഗ​മായ ഗെരിറ്റ്‌ ലോഷ്‌ ആണ്‌ സമർപ്പണ പ്രസംഗം നടത്തി​യത്‌. അടുത്ത​ദി​വസം 4,886 പേർ ആത്മീയ പരിപാ​ടി​കൾ ആസ്വദി​ക്കു​ന്ന​തി​നാ​യി ഒരു വലിയ സ്‌പോർട്‌സ്‌ ഹാളിൽ കൂടി​വന്നു. ക്രൊ​യേ​ഷ്യ​യി​ലെ ദൈവ​ജ​ന​ത്തിന്‌ മറക്കാ​നാ​കാത്ത ഒരു ദിനമാ​യി​രു​ന്നു അത്‌; അവരിൽ ചിലരാ​ണെ​ങ്കിൽ 50-ഓ അതില​ധി​ക​മോ വർഷമാ​യി യഹോ​വയെ വിശ്വ​സ്‌ത​ത​യോ​ടെ സേവി​ച്ചി​ട്ടു​ള്ള​വ​രാ​യി​രു​ന്നു—അതും ആധുനിക ചരി​ത്ര​ത്തി​ലെ ഏറ്റവും ഭീതി​ദ​മായ കാലഘ​ട്ട​ത്തിൽ!

പുതിയ രാജ്യ​ഹാ​ളു​ക​ളു​ടെ നിർമാണ പ്രവർത്ത​ന​വും വ്യാപ​ക​മാ​യി നടക്കു​ന്നുണ്ട്‌. 1990 വരെ പല സഭകളും ഏതെങ്കി​ലും അപ്പാർട്ടു​മെ​ന്റു​ക​ളി​ലോ അവയുടെ ബേസ്‌മെ​ന്റി​ലോ ഒക്കെയാണ്‌ കൂടി​വ​ന്നി​രു​ന്നത്‌. സ്‌പ്ലി​റ്റി​ലുള്ള ഒരു സഭയുടെ കാര്യം​തന്നെ എടുക്കാം. 20 വർഷമാ​യി അവർ ഒരു വീട്ടി​ലാണ്‌ യോഗങ്ങൾ നടത്തി​യി​രു​ന്നത്‌. 50 കസേര മാത്രമേ അവിടെ ഉണ്ടായി​രു​ന്നു​ള്ളൂ. ഹാജരാ​കട്ടെ, പലപ്പോ​ഴും 100-ലധിക​വും; പലരും വെളി​യിൽ നിൽക്കേണ്ട സ്ഥിതി. അവി​ടെ​ത്ത​ന്നെ​യാണ്‌ സമ്മേള​ന​ങ്ങ​ളും കൺ​വെൻ​ഷ​നു​ക​ളും നടത്തി​യി​രു​ന്നത്‌. അതിന്‌ 150-ഓ അതില​ധി​ക​മോ പേർ ഹാജരാ​കു​മാ​യി​രു​ന്നു. എന്നാൽ ഇന്ന്‌ അവിടെ നാലു​സ​ഭ​യുണ്ട്‌, മനോ​ഹ​ര​മായ രണ്ടുരാ​ജ്യ​ഹാ​ളും. പ്രസാ​ധ​ക​രു​ടെ എണ്ണം വർധി​ച്ച​തു​മൂ​ലം ഒരു ഹോട്ട​ലി​ലെ കോൺഫ​റൻസ്‌ ഹാളി​ലാണ്‌ സമ്മേള​നങ്ങൾ നടത്താ​റു​ള്ളത്‌. സെൽറ്റേ​ഴ്‌സി​ലെ റീജിനൽ എൻജി​നീ​യ​റിങ്‌ ഓഫീ​സി​ന്റെ മേൽനോ​ട്ട​ത്തി​ലുള്ള ‘രാജ്യ​ഹാൾ നിർമാണ വിഭാഗം’ സുസജ്ജ​വും ആകർഷ​ക​വു​മായ രാജ്യ​ഹാ​ളു​കൾ ഇവിടെ നിർമി​ക്കാൻ ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു​വ​രു​ന്നുണ്ട്‌.

രാജ്യ​ഹാൾ നിർമാ​ണ​വേ​ല​യിൽ സ്വമേ​ധാ​സേ​വ​ക​രാ​യി പ്രവർത്തിച്ച ചെറു​പ്പ​ക്കാ​രും പ്രായ​മാ​യ​വ​രു​മായ അനേകർ ബൃഹത്തായ ഒരു വേലയാണ്‌ പൂർത്തി​യാ​ക്കി​യി​ട്ടു​ള്ളത്‌. ഇതുവരെ 25 പുതിയ രാജ്യ​ഹാ​ളു​കൾ പണിയു​ക​യും ഏഴെണ്ണം പുതു​ക്കി​പ്പ​ണി​യു​ക​യും ചെയ്‌തി​ട്ടുണ്ട്‌. ഇത്‌ രാജ്യ​വേ​ല​യു​ടെ വർധന​യ്‌ക്ക്‌ ഇടയാ​ക്കി​യി​രി​ക്കു​ന്നു, അങ്ങനെ യഹോ​വ​യു​ടെ മഹത്ത്വ​ത്തി​നും.

രാജ്യ​വേല ത്വരി​ത​ഗ​തി​യിൽ പുരോ​ഗ​മി​ക്കു​ന്നു

1991-ൽ ക്രൊ​യേഷ്യ ഒരു സ്വത​ന്ത്ര​രാ​ഷ്‌ട്ര​മാ​യ​പ്പോൾ മതകാ​ര്യ​ങ്ങ​ളിൽ പുതിയ നിയമം നിലവിൽ വരുന്ന​തു​വരെ പഴയതു പിൻപ​റ്റാൻ ഭരണകർത്താ​ക്കൾ തീരു​മാ​നി​ച്ചു. പുതു​താ​യി നിലവിൽവന്ന ഈ രാഷ്‌ട്ര​ത്തിൽ 90 ശതമാ​ന​വും കത്തോ​ലി​ക്ക​രാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ പുരോ​ഹി​ത​വർഗ​ത്തിന്‌ ഗവണ്മെ​ന്റി​ന്റെ​മേൽ വലിയ സ്വാധീ​നം ചെലു​ത്താ​നാ​യി. എന്നിരു​ന്നാ​ലും അവിടത്തെ നീതി​ന്യാ​യ മന്ത്രാ​ലയം 2003 ഒക്‌ടോ​ബർ 13-ന്‌ യഹോ​വ​യു​ടെ സാക്ഷി​കളെ ഒരു ഔദ്യോ​ഗിക മതമായി പ്രഖ്യാ​പി​ച്ചു. മുമ്പു​തന്നെ അവർക്ക്‌ നിയമാം​ഗീ​കാ​രം ഉണ്ടായി​രു​ന്നു എന്ന വസ്‌തു​ത​യും അവരുടെ സൽപ്പേ​രും കണക്കി​ലെ​ടു​ത്താ​യി​രു​ന്നു അങ്ങനെ​യൊ​രു തീരു​മാ​നം. വർഷങ്ങ​ളാ​യി പ്രയാ​സങ്ങൾ അനുഭ​വി​ച്ചിട്ട്‌ ഇപ്പോൾ നിയമാം​ഗീ​കാ​രം ലഭിച്ച​തി​ന്റെ ആ സന്തോഷം അവർണ​നീ​യ​മാ​യി​രു​ന്നു!

1990-കളുടെ ആരംഭ​ത്തിൽ മുൻയൂ​ഗോ​സ്ലാ​വി​യ​യിൽ ആകെ ഒരു പയനിയർ സ്‌കൂ​ളാണ്‌ നടത്തി​യി​ട്ടു​ള്ളത്‌. എന്നാൽ ഇപ്പോൾ ക്രൊ​യേ​ഷ്യ​യിൽത്തന്നെ വർഷ​ന്തോ​റും അത്തരം പല സ്‌കൂ​ളു​കൾ നടക്കുന്നു. 2008 സെപ്‌റ്റം​ബ​റി​ലെ കണക്കനു​സ​രിച്ച്‌ ക്രൊ​യേ​ഷ്യ​യിൽ 5,451 പ്രസാ​ധ​ക​രും 69 സഭകളും ഉണ്ട്‌. അവിടത്തെ സ്‌മാ​ര​ക​ഹാ​ജ​രും വളരെ ആവേശ​ജ​ന​ക​മാ​യി​രു​ന്നു: 9,728! കൂടു​ത​ലായ വർധന​യ്‌ക്കുള്ള സൂചന​ക​ളാണ്‌ ഇവയൊ​ക്കെ​യും നൽകു​ന്നത്‌.

മതഅസ​ഹി​ഷ്‌ണു​ത ഇവിടെ വ്യാപ​ക​മാണ്‌; ദൈനം​ദിന ജീവി​ത​ത്തി​ലെ സമ്മർദ​ങ്ങ​ളും നിരന്തരം വർധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു; സാത്താൻ ഉഗ്ര​കോ​പ​ത്തോ​ടെ കഷ്ടപ്പാ​ടി​ന്റെ തീവ്രത വർധി​പ്പി​ക്കു​മ്പോ​ഴും യഹോ​വ​യു​ടെ ദാസന്മാർ ദൈവ​രാ​ജ്യ സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ ദൃഢചി​ത്ത​രാ​യി മുന്നേ​റു​ന്നു. (വെളി. 12:12) കഷ്ടപ്പെട്ട്‌ ആഹാര​ത്തി​നു വകക​ണ്ടെ​ത്തു​ന്ന​താണ്‌ ഇവിട​ത്തു​കാ​രിൽ ഭൂരി​പ​ക്ഷ​ത്തി​ന്റെ​യും ജീവി​ത​ത്തി​ലെ സുപ്ര​ധാന കാര്യ​മെ​ങ്കി​ലും ലോക​ത്തി​ലെ പരിതാ​പ​ക​ര​മായ ധാർമി​കാ​വ​സ്ഥയെ ഓർത്ത്‌ നെടു​വീർപ്പി​ടു​ന്ന​വ​രും തങ്ങളുടെ ആത്മീയാ​വ​ശ്യ​ങ്ങ​ളെ​പ്പറ്റി ചിന്തി​ക്കു​ന്ന​വ​രും അക്കൂട്ട​ത്തി​ലുണ്ട്‌. (യെഹെ. 9:3, 4; മത്താ. 5:6) അങ്ങനെ​യു​ള്ള​വരെ കണ്ടെത്തി ആവശ്യ​മായ സഹായം നൽകു​ന്ന​തിൽ സഹോ​ദ​രങ്ങൾ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്നു. അങ്ങനെ അവർക്കും ഏക സത്യ​ദൈ​വത്തെ ആരാധി​ക്കാ​നും ഇപ്രകാ​രം പറയാ​നും സാധി​ക്കു​ന്നു: “അനേക​വം​ശ​ങ്ങ​ളും ചെന്നു: വരുവിൻ, നമുക്കു യഹോ​വ​യു​ടെ പർവ്വത​ത്തി​ലേക്കു, യാക്കോ​ബിൻ ദൈവ​ത്തി​ന്റെ ആലയത്തി​ലേക്കു കയറി​ച്ചെ​ല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേ​ശി​ച്ചു​ത​രി​ക​യും നാം അവന്റെ പാതക​ളിൽ നടക്കയും ചെയ്യും.”—യെശ. 2:3.

മാസി​ഡോ​ണി​യ

“മക്കെ​ദോ​ന്യെ​ക്കു കടന്നു​വന്നു ഞങ്ങളെ സഹായിക്ക” എന്ന്‌ ഒരാൾ തന്നോടു പറയു​ന്ന​താ​യി ഒന്നാം നൂറ്റാ​ണ്ടിൽ പൗലൊസ്‌ അപ്പൊ​സ്‌തലൻ ഒരു ദർശനം കണ്ടു. (പ്രവൃ. 16:8-10) ദൈവ​രാ​ജ്യ​സു​വി​ശേഷം പ്രസം​ഗി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാത്ത ഈ പ്രദേ​ശ​ത്തേക്കു കടന്നു​ചെ​ല്ലാ​നുള്ള ദൈവ​ത്തി​ന്റെ ആഹ്വാ​ന​മാ​യി​ട്ടാണ്‌ പൗലൊ​സും അവന്റെ കൂട്ടാ​ളി​ക​ളും ഇതിനെ വീക്ഷി​ച്ചത്‌. അവരുടെ പ്രവർത്ത​ന​ഫ​ല​മാ​യി താമസി​യാ​തെ ക്രിസ്‌ത്യാ​നി​ത്വം അവിടെ തഴച്ചു​വ​ള​രാൻ തുടങ്ങി. പുരാതന മക്കെ​ദോ​ന്യെ​യു​ടെ വടക്കായി സ്ഥിതി​ചെ​യ്യുന്ന ഒരു കൊച്ചു​ദേ​ശ​മായ ആധുനിക മാസി​ഡോ​ണി​യ​യി​ലും സത്യാ​രാ​ധ​ന​യ്‌ക്ക്‌ സമാന​മായ ഒരു വളർച്ച ഉണ്ടായി. എങ്ങനെ​യെന്നു നോക്കാം.

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു​ശേഷം മാസി​ഡോ​ണിയ യൂഗോ​സ്ലാ​വി​യ​യു​ടെ ഏറ്റവും തെക്കുള്ള റിപ്പബ്ലിക്‌ ആയി മാറി. 1991-ൽ അത്‌ സ്വാത​ന്ത്ര്യം നേടി. രണ്ടുവർഷം കഴിഞ്ഞ്‌ 1993-ൽ, പുതു​താ​യി രൂപം​കൊണ്ട ഈ രാജ്യത്ത്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ നിയമാം​ഗീ​കാ​രം ലഭിച്ചു. തത്‌ഫ​ല​മാ​യി, ഓസ്‌ട്രി​യ​യി​ലെ ബ്രാഞ്ച്‌ കമ്മിറ്റി​യു​ടെ മേൽനോ​ട്ട​ത്തിൻകീ​ഴിൽ മാസി​ഡോ​ണി​യ​യിൽ ഒരു ഓഫീസ്‌ സ്ഥാപി​ക്കാൻ തീരു​മാ​ന​മാ​യി. അങ്ങനെ 1993-ൽ സ്‌കോ​പ്യെ​യി​ലെ അൽജിർസ്‌ക തെരു​വി​ലുള്ള ഒരു വീട്‌ വിലയ്‌ക്കു വാങ്ങു​ക​യും മാസി​ഡോ​ണി​യൻ പരിഭാ​ഷാ​സം​ഘത്തെ ക്രൊ​യേ​ഷ്യ​യി​ലെ സാ​ഗ്രെ​ബിൽനിന്ന്‌ ഈ പുതിയ ബെഥേ​ലി​ലേക്കു മാറ്റു​ക​യും ചെയ്‌തു.

സർക്കിട്ട്‌ വേലയ്‌ക്കാ​യി മിഖേൽ ഷീബനും ഭാര്യ ഡീനയും ജർമനി​യിൽനിന്ന്‌ എത്തി. സെർബി​യ​യിൽ സേവി​ച്ചി​രുന്ന കാനഡ​യിൽനി​ന്നുള്ള ഡാനി​യേൽ നിസാ​നെ​യും ഭാര്യ ഹെല​നെ​യും മാസി​ഡോ​ണി​യ​യി​ലേക്കു നിയമി​ച്ചു. കൺട്രി കമ്മിറ്റിക്ക്‌ രൂപം​നൽകി​യ​തോ​ടെ ബെഥേൽ പ്രവർത്ത​ന​മാ​രം​ഭി​ച്ചു.

പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾക്കു നിയ​ന്ത്ര​ണ​ങ്ങൾ

യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഔദ്യോ​ഗിക അംഗീ​കാ​രം ലഭി​ച്ചെ​ങ്കി​ലും പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഇറക്കു​മതി ചെയ്യാൻ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. 1994 മുതൽ 1998 വരെ ഒരു പ്രസാ​ധ​കന്‌ ഒരു മാസിക എന്ന കണക്കിൽ മാസി​കകൾ ഇറക്കു​മതി ചെയ്യാനേ ഗവണ്മെന്റ്‌ അനുവ​ദി​ച്ചി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌ തങ്ങളുടെ ബൈബിൾ വിദ്യാർഥി​കൾക്കു വേണ്ടി വീക്ഷാ​ഗോ​പുര അധ്യയ​ന​ലേ​ഖ​ന​ങ്ങ​ളു​ടെ പകർപ്പു​കൾ സഹോ​ദ​ര​ന്മാർ സ്വന്തമാ​യി ഉണ്ടാ​ക്കേ​ണ്ടി​യി​രു​ന്നു. എന്നാൽ മറ്റു പല മാർഗ​ങ്ങ​ളി​ലൂ​ടെ​യും സഹോ​ദ​ര​ങ്ങൾക്ക്‌ മാസി​കകൾ ലഭിച്ചു​കൊ​ണ്ടി​രു​ന്നു. മറ്റു രാജ്യ​ങ്ങ​ളി​ലെ സഹോ​ദ​ര​ന്മാർ അവർക്ക്‌ മാസി​കകൾ അയച്ചു​കൊ​ടു​ക്കു​മാ​യി​രു​ന്നു. കൂടാതെ സന്ദർശ​ക​രാ​യി എത്തുന്ന​വർക്ക്‌ ഏതാനും മാസി​കകൾ കൂടെ​ക്കൊ​ണ്ടു​വ​രാ​നുള്ള അനുവാ​ദ​വും ഉണ്ടായി​രു​ന്നു. ഒടുവിൽ, അനേക വർഷങ്ങ​ളി​ലെ നിയമ​ന​ട​പ​ടി​കൾക്കു​ശേഷം സുപ്രീം കോടതി സാക്ഷി​കൾക്ക്‌ അനുകൂ​ല​മാ​യി വിധി പുറ​പ്പെ​ടു​വി​ച്ചു. അങ്ങനെ ആവശ്യ​മു​ള്ളത്ര പ്രസി​ദ്ധീ​ക​ര​ണങ്ങൾ അവർക്ക്‌ ഇറക്കു​മതി ചെയ്യാ​മെ​ന്നാ​യി.

2000 ആഗസ്റ്റിൽ ആദ്യമാ​യി, പ്രസം​ഗ​വേ​ല​യിൽ പങ്കുപ​റ്റു​ന്ന​താ​യി റിപ്പോർട്ടു ചെയ്യു​ന്ന​വ​രു​ടെ എണ്ണം ആയിര​ത്തിൽ കവിഞ്ഞു. 1,024 പ്രസാ​ധകർ! മാസി​ഡോ​ണി​യ​യിൽ കൂടുതൽ സാഹി​ത്യ​ങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കാ​നും പ്രസാ​ധ​ക​രു​ടെ എണ്ണം വർധി​ക്കാ​നും തുടങ്ങി​യ​തോ​ടെ ബെഥേൽ കുടും​ബ​വും വളർന്നു. ഒടുവിൽ അൽജിർസ്‌ക തെരു​വി​ലുള്ള വീട്ടിലെ സൗകര്യ​ങ്ങൾ ബെഥേൽ കുടും​ബ​ത്തിന്‌ ഒട്ടും പോരാ​തെ വന്നു. പിറ്റേ വർഷം അടുത്തുള്ള മൂന്നു ചെറിയ വീടു​കൾകൂ​ടെ വാങ്ങു​ക​യും അവ പൊളിച്ച്‌ രണ്ട്‌ പുതിയ കെട്ടി​ടങ്ങൾ പണിയു​ക​യും ചെയ്‌തു. ഇന്ന്‌ ഇവിടെ 34 ബെഥേൽ അംഗങ്ങൾ വേണ്ടത്ര സൗകര്യ​ങ്ങ​ളുള്ള മൂന്നു​കെ​ട്ടി​ട​ങ്ങ​ളി​ലാ​യി താമസിച്ച്‌ ജോലി ചെയ്യുന്നു. 2003 മേയ്‌ 17-നായി​രു​ന്നു സമർപ്പണം. ഭരണസം​ഘ​ത്തിൽനി​ന്നുള്ള ഗൈ പിയേ​ഴ്‌സ്‌ ഇതിൽ പങ്കെടു​ക്കു​ക​യു​ണ്ടാ​യി.

രാജ്യ​ഹാൾ നിർമാ​ണം

രാജ്യ​ഹാ​ളു​കൾ നിർമി​ക്കാൻ വേണ്ടത്ര ആസ്‌തി​ക​ളി​ല്ലാ​ത്ത​യി​ട​ങ്ങ​ളിൽ ഹാളുകൾ നിർമി​ക്കാൻ ആവശ്യ​മായ സഹായം ചെയ്‌തു​കൊ​ടു​ക്കുന്ന ക്രമീ​ക​ര​ണത്തെ മാസി​ഡോ​ണി​യ​യി​ലെ​ങ്ങു​മുള്ള സഹോ​ദ​രങ്ങൾ വളരെ വിലമ​തി​ക്കു​ന്നു. രാജ്യ​ഹാ​ളു​കൾ നിർമി​ക്കു​ന്ന​തിൽ പ്രാ​ദേ​ശിക സഭകളെ സഹായി​ക്കാ​നാ​യി ഇവിടെ ഒരു അഞ്ചംഗ കൺസ്‌ട്ര​ക്‌ഷൻ ടീമിനെ നിയമി​ച്ചു. 2001-നും 2007-നും ഇടയ്‌ക്ക്‌ ഒൻപതു​ഹാ​ളു​കൾ നിർമി​ക്ക​പ്പെട്ടു. പല ദേശങ്ങ​ളിൽനി​ന്നു​ള്ളവർ ആയിരു​ന്നെ​ങ്കി​ലും, വംശീയ മുൻവി​ധി​ക​ളൊ​ന്നും കൂടാതെ സമാധാ​ന​ത്തി​ലും ഐക്യ​ത്തി​ലും വേല ചെയ്‌തു​കൊണ്ട്‌ ഈ കൺസ്‌ട്ര​ക്‌ഷൻ ടീം നല്ലൊരു സാക്ഷ്യ​മാണ്‌ നൽകി​യത്‌. പണി പൂർത്തി​യായ ഒരു രാജ്യ​ഹാൾ സന്ദർശി​ക്കാ​നി​ട​യായ ഒരു വ്യാപാ​രി നിർമാ​ണ​ത്തി​ന്റെ മേന്മ കണ്ട്‌ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ഈ കെട്ടിടം പണിതി​രി​ക്കു​ന്നത്‌ [കല്ലു​കൊ​ണ്ടല്ല] സ്‌നേ​ഹം​കൊ​ണ്ടാണ്‌.”

ഷ്‌റ്റീപ്‌ ടൗണിൽ ഒരു രാജ്യ​ഹാൾ നിർമി​ച്ചു​കൊ​ണ്ടി​രി​ക്കെ, അടുത്തുള്ള ഒരു താമസ​ക്കാ​രന്‌ പദ്ധതി വിജയി​ക്കു​മോ​യെന്ന കാര്യ​ത്തിൽ സംശയ​മാ​യി​രു​ന്നു. പണിക്കാ​രെ​ല്ലാം ചെറു​പ്പ​മാ​യ​തു​കൊണ്ട്‌ അവർക്ക്‌ അനുഭ​വ​പ​രി​ചയം ഇല്ലായി​രി​ക്കു​മെ​ന്നാണ്‌ അയാൾ വിചാ​രി​ച്ചത്‌. എന്നാൽ പണി പൂർത്തി​യാ​യ​പ്പോൾ അയാൾ അന്തംവി​ട്ടു​പോ​യി! അയാൾ സഹോ​ദ​ര​ന്മാ​രു​ടെ​യ​ടു​ക്കൽ ഒരു പ്ലാൻ കൊണ്ടു​വ​ന്നിട്ട്‌ അതിന​നു​സ​രിച്ച്‌ ഒരു വീട്‌ പണിതു​ത​ര​ണ​മെന്ന്‌ അപേക്ഷി​ച്ചു. ഹാളിന്റെ പണിയിൽ ആകൃഷ്ട​നായ അയാൾ എത്ര പണം വേണ​മെ​ങ്കി​ലും നൽകാൻ തയ്യാറാ​യി​രു​ന്നു. എന്നാൽ തങ്ങൾ ആ ഹാൾ പണിതത്‌ സാമ്പത്തിക നേട്ടത്തി​നു​വേ​ണ്ടി​യല്ല, പകരം ദൈവ​ത്തോ​ടും സഹമനു​ഷ്യ​രോ​ടു​മുള്ള സ്‌നേ​ഹ​ത്തി​ന്റെ പേരി​ലാ​ണെന്ന്‌ സഹോ​ദ​ര​ന്മാർ പറഞ്ഞ​പ്പോൾ അയാൾ അതിശ​യി​ച്ചു​പോ​യി.

പുതിയ ലോക ഭാഷാ​ന്ത​രം

സമർപ്പി​ത​രായ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ മറ്റൊരു ചെറിയ കൂട്ടം ആ സമയത്ത്‌ വ്യത്യ​സ്‌ത​മായ ഒരു സംരം​ഭ​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു, വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ വിവർത്ത​ന​ത്തിൽ. അവരുടെ കഠിനാ​ധ്വാ​നത്തെ യഹോവ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ച്ചു; വെറും അഞ്ചുവർഷം​കൊണ്ട്‌ പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ മസി​ഡോ​ണി​യൻ പരിഭാഷ പൂർത്തി​യാ​ക്കാൻ അവർക്കാ​യി. സ്‌കോ​പ്യെ​യിൽവെച്ചു നടന്ന, 2006-ലെ “വിടുതൽ സമീപം” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ ഭരണസം​ഘാം​ഗ​മായ ഗെരിറ്റ്‌ ലോഷ്‌ ഈ പുതിയ ബൈബിൾ ഭാഷാ​ന്തരം പ്രകാ​ശനം ചെയ്‌ത​പ്പോൾ അതിൽ പങ്കെടു​ക്കാ​നെ​ത്തി​യ​വർക്കു​ണ്ടായ സന്തോഷം ഇവിടെ വിവരി​ക്കാ​നാ​വില്ല! നീണ്ടു​നിന്ന കരഘോ​ഷ​ത്തി​നി​ട​യിൽ പലർക്കും കണ്ണീര​ട​ക്കാ​നാ​യില്ല. സ്വന്തം ഭാഷയി​ലുള്ള, ദൈവ​വ​ച​ന​ത്തി​ന്റെ ഈ അതിവി​ശിഷ്ട പരിഭാഷ ഉച്ചയ്‌ക്കുള്ള ഇടവേ​ള​യ്‌ക്ക്‌ കൈയിൽ കിട്ടി​യതേ പലരും അതു വായി​ക്കാൻ തുടങ്ങി.

പല മാസി​ഡോ​ണി​യ​ക്കാർക്കും ബൈബി​ളി​നോട്‌ വലിയ ആദരവാണ്‌. ആറുവർഷം​മുമ്പ്‌ ഓർഹാൻ എന്നൊ​രാൾ ബൈബിൾ പഠിക്കാൻ തുടങ്ങി. നിരക്ഷ​ര​നാ​യി​രുന്ന അദ്ദേഹം അധ്യയനം നടത്തിയ സഹോ​ദ​ര​നിൽനിന്ന്‌ എഴുത്തും വായന​യും പഠിച്ചു. മൂന്നു​വർഷം​മുമ്പ്‌ സ്‌നാ​ന​മേറ്റ അദ്ദേഹം ഈ മൂന്നു​വർഷ​ത്തി​നു​ള്ളിൽ ആറു​പ്രാ​വ​ശ്യം ബൈബിൾ വായി​ച്ചു​ക​ഴി​ഞ്ഞു!

കുറെ​ക്കാ​ല​ത്തേക്ക്‌ റെസൻ ടൗണിൽ ഉണ്ടായി​രുന്ന ഏക സാക്ഷി​യാ​യി​രു​ന്നു ഓർഹാൻ. ഈ മനുഷ്യ​നെ​ക്കു​റിച്ച്‌ പലർക്കും നല്ല അഭി​പ്രാ​യ​മാ​ണു​ള്ളത്‌. തങ്ങളുടെ മക്കളെ​യും ബൈബിൾ പഠിപ്പി​ക്കാൻ ചില മാതാ​പി​താ​ക്കൾ സഹോ​ദ​ര​ന്മാ​രോട്‌ ആവശ്യ​പ്പെട്ടു. അവരും ഓർഹാ​നെ​പ്പോ​ലെ ആയിത്തീ​ര​ണ​മ​ത്രേ! സത്യ​ത്തോ​ടുള്ള ആളുക​ളു​ടെ താത്‌പ​ര്യം വർധി​ച്ച​തോ​ടെ പെട്ടെ​ന്നു​തന്നെ ആ ടൗണിൽ വാര​ന്തോ​റു​മുള്ള സഭാപു​സ്‌ത​കാ​ധ്യ​യനം ആരംഭി​ച്ചു. സത്യ​ത്തോ​ടു താത്‌പ​ര്യം കാണിച്ച ഒരു വ്യക്തി സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത പ്രസാ​ധ​ക​നാ​യി​ത്തീർന്നു. ഓർഹാൻ ഇപ്പോൾ ഒരു സാധാരണ പയനി​യ​റും ശുശ്രൂ​ഷാ​ദാ​സ​നു​മാ​യി സേവി​ക്കു​ന്നു.

മാസി​ഡോ​ണി​യ​യി​ലേക്കു കടന്നു​ചെ​ല്ലു​ന്നു

മാസി​ഡോ​ണി​യ​യിൽ താമസി​ച്ചി​രുന്ന അൽബേ​നി​യൻ ഭാഷക്കാ​രോട്‌ സുവി​ശേഷം പ്രസം​ഗി​ക്കു​ന്ന​തിൽ സഹായി​ക്കാ​നാ​യി 2004 ജൂ​ലൈ​യിൽ, പ്രത്യേക പയനി​യർമാ​രാ​യി സേവി​ച്ചി​രുന്ന ഒരു ദമ്പതികൾ അൽബേ​നി​യ​യിൽനി​ന്നെത്തി. മാസി​ഡോ​ണി​യ​യി​ലെ ജനസം​ഖ്യ​യു​ടെ 25 ശതമാനം ഈ ഭാഷക്കാ​രാണ്‌. താമസി​യാ​തെ ഈ ദമ്പതി​കൾക്ക്‌ സഹായം ആവശ്യ​മാ​യി​വന്നു; കാരണം 50 ലക്ഷത്തി​ല​ധി​കം വരുന്ന അൽബേ​നി​യൻ ഭാഷക്കാ​രോട്‌ സുവി​ശേഷം പ്രസം​ഗി​ക്കാൻ ആകെ ഇവരേ ഉണ്ടായി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌ ഒരു വർഷത്തി​നു​ശേഷം അൽബേ​നി​യ​യിൽനിന്ന്‌ മറ്റൊരു ദമ്പതി​കളെ ഇവരുടെ സഹായ​ത്തി​നാ​യി അയച്ചു. മാസി​ഡോ​ണി​യ​യിൽ, അൽബേ​നി​യൻ സമുദാ​യ​ക്കാർ വസിക്കുന്ന പ്രദേ​ശ​ത്തി​ന്റെ കേന്ദ്ര​ഭാ​ഗ​ത്താ​യി സ്ഥിതി​ചെ​യ്യുന്ന കിച്ചെ​വോ ടൗണി​ലുള്ള സത്യത​ത്‌പ​ര​രായ ഏഴു​പേ​രു​ടെ കൊച്ചു​കൂ​ട്ട​ത്തിന്‌ ആ നാലു​പേ​രു​ടെ സാന്നി​ധ്യം വലിയ പ്രോ​ത്സാ​ഹ​ന​വും സഹായ​വു​മാ​യി​രു​ന്നു. പിറ്റേ​വർഷത്തെ സ്‌മാ​ര​കാ​ച​ര​ണ​ത്തിന്‌ 61 പേർ ഹാജരാ​യി. അൽബേ​നി​യ​നി​ലും മസി​ഡോ​ണി​യ​നി​ലും സ്‌മാ​ര​ക​പ്ര​സം​ഗം നടത്തു​ക​യു​ണ്ടാ​യി. ഇന്ന്‌ ആ കൊച്ചു​കൂ​ട്ടം വളർന്ന്‌ തീക്ഷ്‌ണ​ത​യുള്ള 17 പ്രസാ​ധ​ക​ര​ട​ങ്ങുന്ന ഒരു കൂട്ടമാ​യി മാറി​യി​രി​ക്കു​ന്നു. ഇവിടത്തെ ശരാശരി യോഗ​ഹാ​ജർ 30-ഓ അതില​ധി​ക​മോ ആണ്‌.

മാസി​ഡോ​ണി​യ​യി​ലെ​ങ്ങും സുവി​ശേഷം എത്തിക്കാ​നാ​യി ഭരണസം​ഘം 2007 ഏപ്രിൽമു​തൽ ജൂ​ലൈ​വരെ ഒരു പ്രത്യേക പ്രചാ​ര​ണ​പ​രി​പാ​ടി ക്രമീ​ക​രണം ചെയ്‌തു. സാക്ഷികൾ അതുവരെ പ്രവർത്തി​ച്ചി​ട്ടി​ല്ലാത്ത പ്രദേ​ശ​ങ്ങ​ളിൽ സുവി​ശേഷം എത്തിക്കാ​നും അൽബേ​നി​യൻ ഭാഷക്കാ​രോ​ടു രാജ്യ​സ​ത്യം അറിയി​ക്കാ​നു​മാ​യി​രു​ന്നു ഇത്‌.

ഏഴുരാ​ജ്യ​ങ്ങ​ളിൽനി​ന്നാ​യി 337 സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ സന്തോ​ഷ​ത്തോ​ടെ സഹായ​ത്തി​നെത്തി. ഫലമോ? മാസി​ഡോ​ണി​യ​യു​ടെ 200-ലധികം പ്രദേ​ശ​ങ്ങ​ളിൽ സുവി​ശേ​ഷ​മെ​ത്തി​ക്കാ​നാ​യി; ഇവിടത്തെ 4,00,000-ത്തോളം വരുന്ന ജനങ്ങളിൽ പലരും ആദ്യമാ​യി​ട്ടാ​യി​രു​ന്നു ഈ ബൈബിൾസ​ന്ദേശം കേൾക്കു​ന്നത്‌. നാലു​മാ​സത്തെ ഈ പ്രചാ​ര​ണ​പ​രി​പാ​ടി​യിൽ 25,000-ത്തിലധി​കം പുസ്‌ത​ക​ങ്ങ​ളും ലഘുപ​ത്രി​ക​ക​ളും 40,000-ത്തിലധി​കം മാസി​ക​ക​ളും ആണ്‌ സമർപ്പി​ച്ചത്‌. സഹോ​ദ​ര​ങ്ങ​ളെ​ല്ലാ​വ​രും ചേർന്ന്‌ ഏതാണ്ട്‌ 25,000 മണിക്കൂർ ശുശ്രൂ​ഷ​യിൽ ചെലവ​ഴി​ച്ചു. 200-ലധികം ബൈബി​ള​ധ്യ​യ​നങ്ങൾ ആരംഭി​ക്കാ​നാ​യി.

“ഞങ്ങൾ എവി​ടെ​നി​ന്നാ​ണു വന്നതെ​ന്നും എന്തിനാ​ണു വന്നതെ​ന്നു​മൊ​ക്കെ കേട്ട​പ്പോൾ ചിലരു​ടെ കണ്ണുകൾ നിറഞ്ഞു. ദൈവ​വ​ച​ന​ത്തിൽനി​ന്നു വായിച്ച കാര്യ​ങ്ങ​ളും ചിലരു​ടെ കണ്ണുകളെ ഈറന​ണി​യി​ച്ചു,” ഒരു സഹോ​ദരൻ റിപ്പോർട്ടു ചെയ്യുന്നു.

പ്രചാ​ര​ണ​പ​രി​പാ​ടി​യിൽ പങ്കെടുത്ത സഹോ​ദ​രങ്ങൾ വളരെ വിലമ​തി​പ്പോ​ടെ​യാണ്‌ ആ സംഭവം അനുസ്‌മ​രി​ക്കു​ന്നത്‌. ഒരു സഹോ​ദരി എഴുതി: “ഒരു അധ്യാ​പിക പറഞ്ഞതി​ങ്ങ​നെ​യാണ്‌: ‘ദൈവം നിങ്ങളെ അനു​ഗ്ര​ഹി​ക്കട്ടെ. എത്ര ശ്രേഷ്‌ഠ​മായ ഒരു കാര്യ​മാ​ണു നിങ്ങൾ ചെയ്യു​ന്നത്‌. നിങ്ങൾ പറഞ്ഞ​തെ​ല്ലാം എന്റെ ഹൃദയത്തെ കുളിർപ്പി​ച്ചി​രി​ക്കു​ന്നു!’”

ഒരു പ്രസാ​ധകൻ പറഞ്ഞു: “ആ പ്രദേശം ഒരു മിഷനറി വയൽപോ​ലെ​യാ​യി​രു​ന്നു. അവിടം വിട്ടു​പോ​രാൻ ശരിക്കും വിഷമം തോന്നി. ആളുകൾക്ക്‌ സത്യം എത്ര ആവശ്യ​മാ​ണെന്ന്‌ ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. ഞങ്ങളുടെ ബൈബിൾ വിദ്യാർഥി​ക​ളോ​ടു യാത്ര​പ​റ​ഞ്ഞു​പോ​രാൻ ഞങ്ങൾക്കു വലിയ സങ്കടമാ​യി​രു​ന്നു.”

“കുറെ​ക്കൂ​ടെ ദിവസം അവധി​യെ​ടു​ക്കാ​മാ​യി​രു​ന്നെന്നു തോന്നി​പ്പോ​യി. അവിടെ സുവി​ശേ​ഷ​ഘോ​ഷ​ക​രു​ടെ ആവശ്യം അത്രയ​ധി​ക​മുണ്ട്‌.” ഒരു ദമ്പതികൾ അഭി​പ്രാ​യ​പ്പെട്ടു.

ഒരു പ്രസാ​ധകൻ പറഞ്ഞതി​ങ്ങ​നെ​യാണ്‌: “ഒരു കുടും​ബ​മെ​ന്ന​നി​ല​യിൽ ഇത്രയ്‌ക്കു സന്തോഷം അനുഭ​വിച്ച ഒരു സന്ദർഭം ഞങ്ങളുടെ ജീവി​ത​ത്തി​ലു​ണ്ടാ​യി​ട്ടില്ല.” പലർക്കും ഇതേ അഭി​പ്രാ​യം​ത​ന്നെ​യാ​ണു​ള്ളത്‌.

ടെറ്റോ​വോ നഗരത്തി​ന​ടു​ത്തുള്ള പർവത​പ്ര​ദേ​ശത്ത്‌ ഒരു കൂട്ടം പ്രസാ​ധകർ ഒരു ഗ്രാമ​ത്തിൽ പ്രസം​ഗി​ക്കാൻ പോയി. അതിനു​മുമ്പ്‌ സാക്ഷി​ക​ളാ​രും അവിടെ പ്രവർത്തി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നില്ല. രണ്ടുപേർ തെരു​വി​ന്റെ ഇടത്തും രണ്ടുപേർ വലത്തും പ്രസം​ഗി​ക്കാൻ തുടങ്ങി. മൂന്നു​വീ​ട്ടിൽ പ്രസം​ഗി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾത്തന്നെ, യഹോ​വ​യു​ടെ സാക്ഷികൾ സന്ദർശി​ക്കാ​നെ​ത്തി​യി​ട്ടു​ണ്ടെന്ന വാർത്ത അവിട​മാ​കെ പരന്നു. താമസി​യാ​തെ മുഴു​ഗ്രാ​മ​വും അത്‌ അറിയാ​നി​ട​യാ​യി. രാജ്യ​സ​ത്യം കേൾക്കാ​നാ​യി കുറെ സ്‌ത്രീ​കൾ സഹോ​ദ​രി​മാ​രു​ടെ ചുറ്റും കൂടി. റോഡിൽ കുറച്ച​ക​ലെ​യാ​യി 16 പുരു​ഷ​ന്മാർ സഹോ​ദ​ര​ന്മാ​രെ​യും കാത്ത്‌ ആകാം​ക്ഷ​യോ​ടെ നിൽപ്പു​ണ്ടാ​യി​രു​ന്നു. വീട്ടു​കാർ ഉടനെ പ്രസാ​ധ​കർക്ക്‌ ഇരിക്കാ​നാ​യി നാലു കസേരകൾ കൊണ്ടു​വന്നു. ഒരാൾ കാപ്പി​യു​ണ്ടാ​ക്കി. പ്രസാ​ധകർ എല്ലാവർക്കും പ്രസി​ദ്ധീ​ക​ര​ണങ്ങൾ നൽകി. ബൈബിൾ ഉപയോ​ഗിച്ച്‌ അവർ ആ ആളുക​ളോ​ടു സത്യം പങ്കു​വെ​ക്കാൻ തുടങ്ങി.

പലർക്കും ഒട്ടനവധി ചോദ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പ്രസാ​ധകർ പറഞ്ഞ കാര്യങ്ങൾ അവർ ശ്രദ്ധ​യോ​ടെ കേട്ടു. അവർ തിരി​ച്ചു​പോ​രാ​റാ​യ​പ്പോൾ എല്ലാവർക്കും അവരെ​ക്കണ്ട്‌ വ്യക്തി​പ​ര​മാ​യി യാത്ര​പ​റ​യ​ണ​മെ​ന്നാ​യി. പെട്ടെ​ന്നാണ്‌ ഒരു പ്രായ​മായ സ്‌ത്രീ ഊന്നു​വ​ടി​യും പൊക്കി​പ്പി​ടി​ച്ചു​കൊണ്ട്‌ സഹോ​ദ​ര​ങ്ങ​ളു​ടെ നേർക്കു​വ​ന്നത്‌. സഹോ​ദ​ര​ന്മാർ അമ്പരന്നു​പോ​യി. “ഇതു​കൊണ്ട്‌ ഞാൻ നിങ്ങൾക്ക്‌ ഒരെണ്ണം തരാൻ വന്നതാണ്‌,” അവർ വിളി​ച്ചു​പ​റഞ്ഞു. എന്തായി​രു​ന്നു ആ സ്‌ത്രീ​യെ ചൊടി​പ്പി​ച്ചത്‌? “എല്ലാവർക്കും നിങ്ങൾ പുസ്‌തകം കൊടു​ത്തു. എനിക്കു​മാ​ത്രം തന്നില്ല,” അവർ പരാതി​പ്പെട്ടു. “എനിക്ക്‌ മഞ്ഞനി​റ​ത്തി​ലുള്ള ആ വലിയ പുസ്‌തകം വേണം,” അയൽക്കാ​രി​യു​ടെ കൈയി​ലുള്ള ബൈബിൾ കഥാപു​സ്‌തകം ചൂണ്ടി​ക്കാ​ട്ടി അവർ പറഞ്ഞു. ഉടനെ സഹോ​ദ​ര​ന്മാർ അവശേ​ഷി​ച്ചി​രുന്ന അവസാ​നത്തെ പുസ്‌തകം അവർക്കു നൽകി.

റോമാ​ക​ളോ​ടു പ്രസം​ഗി​ക്കു​ന്നു

മാസി​ഡോ​ണി​യ​യിൽ, നിരവധി റോമാ​ക​ളുണ്ട്‌. ഇവരിൽ പലരും മസി​ഡോ​ണി​യൻ ഭാഷ സംസാ​രി​ക്കു​മെ​ങ്കി​ലും അവരുടെ മാതൃ​ഭാഷ പല റോമാ​നി ഭാഷാ​ഭേ​ദങ്ങൾ ചേർന്ന ഒന്നാണ്‌. യൂറോ​പ്പിൽ, ഏറ്റവു​മ​ധി​കം റോമാ​കൾ പാർക്കു​ന്നത്‌ മാസി​ഡോ​ണി​യൻ തലസ്ഥാ​ന​മായ സ്‌കോ​പ്യെ​യി​ലാ​ണെന്നു പറയ​പ്പെ​ടു​ന്നു; അവിടെ അവരുടെ എണ്ണം 30,000-ത്തോളം വരും. ഷുര്‌റോ ഓറി​സാ​രി എന്ന പ്രദേ​ശ​ത്തുള്ള ഇരട്ടരാ​ജ്യ​ഹാൾ കെട്ടി​ട​ത്തിൽ മൂന്നു​റോ​മാ​നി​സ​ഭകൾ കൂടി​വ​രു​ന്നു. 200 റോമാ​നി പ്രസാ​ധ​ക​രാണ്‌ ഇവി​ടെ​യു​ള്ളത്‌. രാജ്യത്തെ ഏറ്റവും ഫലഭൂ​യി​ഷ്‌ഠ​മായ വയൽസേ​വ​ന​പ്ര​ദേ​ശ​മാണ്‌ ഈ പ്രസാ​ധ​ക​രു​ടേത്‌. 150 പേർക്ക്‌ 1 പ്രസാ​ധകൻ എന്നതാണ്‌ അനുപാ​തം. 2008-ലെ സ്‌മാ​ര​ക​ത്തിന്‌ 708 പേരാണ്‌ ഹാജരാ​യത്‌! സത്യ​ത്തോട്‌ ഇക്കൂട്ടർ എത്ര വിലമ​തി​പ്പു​ള്ള​വ​രാ​ണെന്ന്‌ ഇതു തെളി​യി​ക്കു​ന്നു.

സത്യത്തി​നാ​യി ദാഹി​ക്കുന്ന ഈ നല്ല മനുഷ്യർക്ക്‌ അവരുടെ മാതൃ​ഭാ​ഷ​യിൽ അത്‌ എത്തിച്ചു​കൊ​ടു​ക്കാൻ എന്തു ശ്രമമാ​ണു ചെയ്‌തി​ട്ടു​ള്ളത്‌? 2007-ലെ പ്രത്യേക പരസ്യ​പ്ര​സം​ഗ​ത്തി​ന്റെ ബാഹ്യ​രേഖ റോമാ​നി ഭാഷയി​ലേക്കു തർജമ ചെയ്യു​ക​യു​ണ്ടാ​യി. റോമാ വംശജ​നായ ഒരു മൂപ്പനാണ്‌ പ്രസംഗം നടത്തി​യത്‌. 506 പേർ വിലമ​തി​പ്പോ​ടെ അതു കേട്ടി​രു​ന്നു. 2007-ലെ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ ദൈവം നിങ്ങളിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു? എന്ന ലഘുപ​ത്രിക റോമാ​നി ഭാഷയിൽ പ്രകാ​ശനം ചെയ്‌ത​പ്പോൾ റോമാ, മസി​ഡോ​ണി​യൻ, അൽബേ​നി​യൻ വംശജ​രായ എല്ലാ പ്രസാ​ധ​കർക്കും അത്‌ അതിരറ്റ ആഹ്ലാദ​ത്തി​ന്റെ വേളയാ​യി​രു​ന്നു. അതുവരെ മിക്ക​പ്പോ​ഴും മസി​ഡോ​ണി​യൻ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ സഹായ​ത്തോ​ടെ​യാണ്‌ പ്രസാ​ധകർ റോമാ​നി​യിൽ ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തി​യി​രു​ന്നത്‌. ഇപ്പോൾ റോമാ​നി​യി​ലുള്ള ആവശ്യം ലഘുപ​ത്രിക ഉപയോ​ഗിച്ച്‌ അധ്യയനം എടുക്കു​ന്ന​തു​വഴി ആത്മാർഥ​ത​യുള്ള റോമാ​ക​ളു​ടെ ഹൃദയ​ത്തിൽ സത്യം എത്തിച്ചു​കൊ​ടു​ക്കു​ന്ന​തിൽ അവർക്കു വലിയ വിജയം കണ്ടെത്താ​നാ​കു​ന്നുണ്ട്‌.

ഇന്ന്‌ മാസി​ഡോ​ണി​യ​യിൽ 21 സഭകളി​ലാ​യി 1,277 പ്രസാ​ധകർ ഒന്നാം നൂറ്റാ​ണ്ടി​ലെ പൗലൊസ്‌ അപ്പൊ​സ്‌ത​ലന്റെ മാതൃക പിൻപ​റ്റാൻ കഠിന​മാ​യി യത്‌നി​ക്കു​ന്നു. സത്യാ​ന്വേ​ഷി​ക​ളായ ധാരാളം മാസി​ഡോ​ണി​യ​ക്കാർ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​ന്നു എന്നത്‌, അത്തര​മൊ​രു പ്രചാ​ര​ണ​ന​ട​പടി ആവശ്യ​മാ​യി​രു​ന്നു എന്നാണു കാണി​ക്കു​ന്നത്‌.

സെർബിയ

ബാൾക്കൻ രാജ്യ​ങ്ങ​ളു​ടെ ഹൃദയ​ഭാ​ഗ​ത്താ​യി സ്ഥിതി​ചെ​യ്യുന്ന സെർബിയ നാനാ​തരം സംസ്‌കാ​ര​ങ്ങ​ളു​ടെ സംഗമ​ഭൂ​മി​യാണ്‌. വിവിധ ദേശക്കാർ അധിവ​സി​ക്കുന്ന ഒരു രാജ്യം. ഇവിടത്തെ ബെൽ​ഗ്രേഡ്‌ നഗരത്തി​ലാണ്‌ 1935-ൽ ബ്രാഞ്ച്‌ ഓഫീസ്‌ പ്രവർത്തനം ആരംഭി​ക്കു​ന്നത്‌. അന്ന്‌ യൂഗോ​സ്ലാ​വി​യ​യു​ടെ കീഴി​ലാ​യി​രുന്ന പ്രദേ​ശ​ങ്ങ​ളി​ലെ പ്രവർത്ത​ന​ത്തി​നു മേൽനോ​ട്ടം വഹിക്കുക എന്നതാ​യി​രു​ന്നു ഉദ്ദേശ്യം. ആവേശ​ക​ര​മായ പുരോ​ഗ​തി​യാണ്‌ അതുമൂ​ലം സാധ്യ​മാ​യത്‌. അവിടെ പുതു​താ​യി രൂപം​കൊണ്ട രാജ്യ​ങ്ങളെ സെർബി​യ​യി​ലെ സഹോ​ദ​രങ്ങൾ അടുത്ത​കാ​ല​ങ്ങ​ളിൽ എങ്ങനെ​യാ​ണു സഹായി​ച്ചത്‌?

രാജ്യാ​തിർത്തി​കൾ അടഞ്ഞു​കി​ട​ന്ന​പ്പോ​ഴും മതപര​വും വംശീ​യ​വു​മായ വിദ്വേ​ഷം കത്തിപ്പ​ടർന്ന​പ്പോ​ഴും വിവിധ ദേശക്കാ​രായ സഹോ​ദ​രങ്ങൾ ക്രൊ​യേ​ഷ്യ​യി​ലെ സാ​ഗ്രെ​ബി​ലുള്ള നമ്മുടെ ഓഫീ​സിൽ ഒരുമ​യോ​ടെ, തികച്ചും സമാധാ​ന​പ​ര​മാ​യി പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നു. ക്രമേണ ബെഥേ​ലി​ന്റെ നാലു ചുവരു​കൾക്കു പുറത്ത്‌ വംശീ​യ​വും ദേശീ​യ​വു​മായ വിവേചന നുരഞ്ഞു​പൊ​ന്തി​യ​പ്പോൾ സെർബി​യ​ക്കാ​രായ സഹോ​ദ​രങ്ങൾ ബെഥേൽ വിടാൻ നിർബ​ന്ധി​ത​രാ​യി. പിന്നീട്‌ 1992-ലാണ്‌ സെർബി​യൻ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ പരിഭാഷ സെർബി​യ​യി​ലെ ബെൽ​ഗ്രേ​ഡിൽ പുനരാ​രം​ഭി​ച്ചത്‌, ഏതാണ്ട്‌ 50 വർഷം​മുമ്പ്‌ ചെയ്‌തി​രു​ന്ന​തു​പോ​ലെ. ഇത്‌ സമയോ​ചി​ത​വും ബുദ്ധി​പൂർവ​ക​വു​മായ ഒരു നീക്കമാ​യി​രു​ന്നു. അതെങ്ങനെ?

കടുത്ത യുദ്ധം​മൂ​ലം പൊറു​തി​മു​ട്ടിയ ബോസ്‌നിയ ആ സമയത്ത്‌ സഹായ​ത്തി​നാ​യി കേഴു​ക​യാ​യി​രു​ന്നു. ഓസ്‌ട്രി​യ​യി​ലെ ബ്രാഞ്ച്‌ ഓഫീസ്‌ അവി​ടേക്കു ദുരി​താ​ശ്വാ​സ സാധനങ്ങൾ എത്തിക്കു​ന്ന​തി​നുള്ള ക്രമീ​ക​രണം ചെയ്‌തു. ബോസ്‌നി​യ​യു​ടെ ചില ഭാഗങ്ങൾ സെർബു​ക​ളു​ടെ നിയ​ന്ത്ര​ണ​ത്തിൽ ആയിരു​ന്ന​തി​നാൽ ആ ഭാഗങ്ങ​ളിൽ ദുരി​താ​ശ്വാ​സ സാധനങ്ങൾ വിതര​ണം​ചെ​യ്യാൻ ഏറ്റവും പറ്റിയ സ്ഥാനത്താ​യി​രു​ന്നത്‌ സെർബി​യ​ക്കാ​രായ ഈ സഹോ​ദ​ര​ങ്ങ​ളാ​യി​രു​ന്നു.

സെർബി​യ​യിൽ അന്ന്‌ യുദ്ധമി​ല്ലാ​യി​രു​ന്നു എങ്കിലും യുദ്ധത്തി​ന്റെ കെടു​തി​കൾ അവർ അപ്പോ​ഴും അനുഭ​വി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. മറ്റു രാജ്യ​ങ്ങ​ളു​മാ​യുള്ള വാണിജ്യ ഇടപാ​ടു​കൾക്കു നിയ​ന്ത്രണം ഏർപ്പെ​ടു​ത്തി​യി​രു​ന്ന​തി​നാൽ, അച്ചടിച്ച പ്രസി​ദ്ധീ​ക​ര​ണങ്ങൾ ജർമനി​യിൽനിന്ന്‌ സെർബി​യ​യിൽ എത്തിക്കുക എളുപ്പ​മാ​യി​രു​ന്നില്ല. മാസി​കകൾ കിട്ടാൻ വൈകു​മ്പോൾ, പുതിയവ വരുന്ന​തു​വരെ സഹോ​ദ​രങ്ങൾ പഴയവ​തന്നെ വീണ്ടും പഠിക്കു​മാ​യി​രു​ന്നു. എന്തായാ​ലും അവർക്ക്‌ ഒരു ലക്കത്തി​ന്റെ​യും പഠനം മുടങ്ങി​യില്ല.

“ആശ്വാ​സ​മാ​യി​ത്തീർന്നു”

ഗിലെ​യാദ്‌ ബിരു​ദ​ധാ​രി​യായ ഡാനി​യേൽ നിസാൻ പറയുന്നു: “1991-ലാണ്‌ ഞങ്ങൾ സെർബി​യ​യിൽ എത്തിയത്‌; രാഷ്‌ട്രീയ അരാജ​ക​ത്വം കൊടി​കു​ത്തി വാഴുന്ന കാലം. ചുറ്റും പ്രശ്‌നങ്ങൾ അരങ്ങു​ത​കർക്കു​മ്പോ​ഴും സഹോ​ദ​രങ്ങൾ കാണിച്ച തീക്ഷ്‌ണത ഞങ്ങളെ അതിശ​യി​പ്പി​ച്ചു. അവിടെ ഞാനും ഭാര്യ​യും പങ്കെടുത്ത ആദ്യത്തെ പ്രത്യേക സമ്മേളന ദിനത്തിൽ സ്‌നാ​ന​മേൽക്കാൻ ഏകദേശം 50 പേരു​ണ്ടാ​യി​രു​ന്നു. ഇത്രയും സ്‌നാ​നാർഥി​കൾ വരിവ​രി​യാ​യി എഴു​ന്നേറ്റു നിൽക്കുന്ന കാഴ്‌ച ഞങ്ങളെ ശരിക്കും അത്ഭുത​പ്പെ​ടു​ത്തി. തികച്ചും പ്രോ​ത്സാ​ഹ​ജ​ന​ക​മായ ഒരനു​ഭ​വ​മാ​യി​രു​ന്നു അത്‌.”

ബെൽ​ഗ്രേ​ഡിൽ പുതിയ ഓഫീസ്‌ സ്ഥാപി​ക്കു​ന്ന​തിൽ നിസാൻ ദമ്പതികൾ നല്ലൊരു പങ്കുവ​ഹി​ച്ചു. മിലൊ​റാഡ മി​ട്രൊ​വിച എന്ന തെരു​വി​ലാ​യി​രു​ന്നു ആദ്യത്തെ ഓഫീസ്‌; പത്തു​പേർക്കുള്ള സൗകര്യ​മാണ്‌ അവിടെ ഉണ്ടായി​രു​ന്നത്‌. അതിന്റെ താഴത്തെ നിലയിൽ ഒരു രാജ്യ​ഹാ​ളും ഉണ്ടായി​രു​ന്നു. പരിഭാ​ഷാ സംഘം വളരു​ന്ന​ത​നു​സ​രിച്ച്‌ കൂടുതൽ സൗകര്യം ആവശ്യ​മാ​യി​വന്നു. അതു​കൊണ്ട്‌ പുതിയ ഒരു സ്ഥലം കണ്ടെത്തി, പണി തുടങ്ങി. 1995-ന്റെ അവസാ​ന​ത്തോ​ടെ ബെഥേൽ കുടും​ബം പുതിയ സ്ഥലത്തേക്കു മാറി.

അതിക​ഠി​ന​മാ​യ പ്രയാ​സങ്ങൾ നേരി​ട്ടത്‌ സത്യ​ത്തോ​ടു പ്രതി​ക​രി​ക്കാൻ അനേകരെ പ്രേരി​പ്പി​ച്ചു. പ്രസാ​ധ​ക​രു​ടെ എണ്ണം വർധി​ച്ച​ത​നു​സ​രിച്ച്‌ സ്‌നേ​ഹ​പൂർവ​ക​മായ മേൽനോ​ട്ട​ത്തി​ന്റെ ആവശ്യ​വും ഏറിവന്നു. ഇറ്റലി​യിൽനി​ന്നു​വന്ന ചുറു​ചു​റു​ക്കുള്ള, ആത്മത്യാ​ഗി​ക​ളായ പ്രത്യേ​ക​പ​യ​നി​യർമാ​രു​ടെ സേവന​സ​ന്നദ്ധത ഈ സമയത്ത്‌ വലി​യൊ​രു ആശ്വാ​സ​മാ​യി. പുതിയ ഒരു ഭാഷ പഠിക്കു​ന്ന​തും അപരി​ചി​ത​മായ ഒരു സംസ്‌കാ​ര​വു​മാ​യി ഇണങ്ങി​പ്പോ​കു​ന്ന​തും അവർക്ക്‌ അത്ര എളുപ്പ​മ​ല്ലാ​യി​രു​ന്നു, അതും യുദ്ധം കൊടു​മ്പി​രി​കൊ​ണ്ടി​രി​ക്കുന്ന ഒരവസ്ഥ​യിൽ. എന്നിട്ടും സെർബി​യ​യി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ അവർ ഒരു “ആശ്വാ​സ​മാ​യി​ത്തീർന്നു.”—കൊലൊ. 4:11.

മറ്റു ദേശങ്ങ​ളിൽനി​ന്നുള്ള പയനി​യർമാ​രും പലവി​ധ​ങ്ങ​ളിൽ സഹായി​ച്ചു. എന്നാൽ, “സംഘട​നാ​പ​ര​മായ കാര്യ​ങ്ങ​ളി​ലുള്ള അവരുടെ അനുഭ​വ​ജ്ഞാ​നം” ആയിരു​ന്നു അവയിൽ ഏറ്റവും പ്രധാ​ന​മെന്ന്‌ സെർബി​യ​യി​ലെ കൺട്രി കമ്മിറ്റി​യു​ടെ കോ-ഓർഡി​നേ​റ്റ​റായ റൈന ഷോൾറ്റ്‌സ്‌ ഓർക്കു​ന്നു. ആ 70 പ്രത്യേക പയനി​യർമാ​രു​ടെ സഹായ​സ​ഹ​ക​ര​ണ​ങ്ങളെ സെർബി​യ​യി​ലെ 55 സഭകളി​ലുള്ള സഹോ​ദ​രങ്ങൾ ഇന്നും കൃതജ്ഞ​ത​യോ​ടെ​യാണ്‌ സ്‌മരി​ക്കു​ന്നത്‌.

നാണയ​പ്പെ​രു​പ്പ​ത്തി​ന്റെ കെടു​തി​കൾ

യുദ്ധം സെർബി​യ​യു​ടെ സമ്പദ്‌ഘ​ട​ന​യിൽ മാരക​മായ പ്രഹര​മേൽപ്പി​ച്ചു. നാണയ​പ്പെ​രു​പ്പ​മാ​യി​രു​ന്നു ഒരു പ്രധാന പ്രശ്‌നം. ഒരു ഉറവിടം പറയു​ന്ന​ത​നു​സ​രിച്ച്‌, “1993 ഒക്‌ടോ​ബർ മുതൽ 1994 ജനുവരി 24 വരെയുള്ള 116 ദിവസത്തെ മൊത്തം നാണയ​പ്പെ​രു​പ്പ​നി​രക്ക്‌ 500 ലക്ഷം കോടി ശതമാനം ആയിരു​ന്നു.” കുറച്ചു പച്ചക്കറി​കൾ വാങ്ങു​ന്ന​തി​നാ​യി ഒരു ബാഗ്‌ നിറയെ പണവു​മാ​യി പോ​കേ​ണ്ടി​വന്ന കാര്യം 1982 മുതൽ ബെഥേ​ലിൽ സേവി​ക്കുന്ന മീറ ബ്ലാഗോ​ജെ​വിച്‌ സഹോ​ദരി ഓർക്കു​ന്നു.

ഒരിക്കൽ തന്റെ അമ്മയ്‌ക്കു കിട്ടിയ ഒരു മാസത്തെ പെൻഷൻതുക, വെറും ഒരു റോൾ ടോയ്‌ലറ്റ്‌ പേപ്പർ വാങ്ങാനേ തികയു​മാ​യി​രു​ന്നു​ള്ളൂ എന്ന്‌ ഗോർഡാന സിറി​ഷ്‌കി സഹോ​ദരി പറയുന്നു. “ഒരു സുപ്ര​ഭാ​ത​ത്തിൽ പെട്ടെ​ന്നാണ്‌ കൈവ​ശ​മുള്ള വസ്‌തു​ക്കൾക്കൊ​ന്നും ഒരു വിലയും ഇല്ലെന്നാ​യത്‌. ജീവിതം വഴിമു​ട്ടിയ ഒരവസ്ഥ. നമ്മുടെ ലോക​വ്യാ​പക സഹോ​ദ​ര​വർഗ​ത്തി​ന്റെ കാരു​ണ്യം​കൊണ്ട്‌ വിദേ​ശ​ത്തു​നിന്ന്‌ ഞങ്ങൾക്കു ദുരി​താ​ശ്വാ​സ സാധനങ്ങൾ ലഭിച്ചു. ആളുകൾക്കു പൊതു​വെ ബാങ്കു​ക​ളി​ലും ഗവണ്മെ​ന്റി​ലു​മുള്ള വിശ്വാ​സം നഷ്ടപ്പെ​ട്ടി​രു​ന്നു; എന്നാൽ ദൈവ​ത്തിൽ ആശ്രയം​വെച്ച അനേക​രു​ണ്ടാ​യി​രു​ന്നു. സഹോ​ദ​രങ്ങൾ തമ്മിൽ കൂടുതൽ അടുക്കാ​നും ആ സാഹച​ര്യം ഇടയാക്കി.

ബൈബിൾപ​രി​ഭാഷ

വർഷങ്ങ​ളാ​യി യൂഗോ​സ്ലാ​വി​യ​യി​ലെ പരിഭാ​ഷാ​സം​ഘങ്ങൾ ഒന്നിച്ച്‌ ഒരിടത്തു പ്രവർത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു, ക്രൊ​യേ​ഷ്യ​യി​ലെ സാ​ഗ്രെ​ബിൽ. യുദ്ധ​ത്തെ​ത്തു​ടർന്ന്‌ പക്ഷേ, അവർക്ക്‌ അതാതു രാജ്യ​ങ്ങ​ളി​ലേക്കു മാറേ​ണ്ടി​വന്നു. അപ്പോ​ഴും അവർ സാ​ഗ്രെ​ബി​ലെ പരിഭാ​ഷാ​സം​ഘ​വു​മാ​യി കൂടെ​ക്കൂ​ടെ ബന്ധപ്പെ​ട്ടു​കൊ​ണ്ടി​രു​ന്നു. സെർബി​യൻ സംഘം പുതിയ ലോക ഭാഷാ​ന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ പരിഭാ​ഷ​പ്പെ​ടു​ത്താൻ തുടങ്ങി​യ​പ്പോൾ ഇത്‌ ഏറെ ഗുണം​ചെ​യ്‌തു. 1999-ലെ കൺ​വെൻ​ഷ​നിൽ ബൈബിൾ പ്രകാ​ശ​നം​ചെ​യ്യു​ക​യാ​യി​രു​ന്നു ലക്ഷ്യം.

ബൈബിൾപ​രി​ഭാഷ ഏതാണ്ട്‌ അവസാ​ന​ഘ​ട്ട​ത്തിൽ എത്തിയ​പ്പോ​ഴേ​ക്കും സെർബി​യ​യിൽ യുദ്ധത്തി​ന്റെ കാർമേഘം ഉരുണ്ടു​കൂ​ടു​ക​യാ​യി​രു​ന്നു. ബോം​ബാ​ക്ര​മണം തുടങ്ങി​യാൽ ടെലി​ഫോൺ ബന്ധങ്ങ​ളെ​ല്ലാം തകരാ​റി​ലാ​കും; അതോടെ പരിഭാഷ ചെയ്‌ത ഭാഗങ്ങൾ അച്ചടി​ക്കാ​നാ​യി ബെൽ​ഗ്രേ​ഡിൽനിന്ന്‌ ജർമനി​യി​ലേക്ക്‌ അയയ്‌ക്കുക ബുദ്ധി​മു​ട്ടാ​കു​മാ​യി​രു​ന്നു. ഏതു നിമി​ഷ​വും വ്യോ​മാ​ക്ര​മണം പൊട്ടി​പ്പു​റ​പ്പെ​ടാ​മെന്ന സ്ഥിതി​യിൽ കാര്യങ്ങൾ എത്തിനിൽക്കെ, സഹോ​ദ​രങ്ങൾ മാർച്ച്‌ 23 ചൊവ്വാഴ്‌ച രാത്രി​മു​ഴു​വൻ ജോലി ചെയ്‌ത്‌ വെളു​പ്പിന്‌ ഫയലുകൾ ജർമനി​യി​ലേക്ക്‌ അയച്ചു. ഏതാനും മണിക്കൂ​റു​കൾ കഴിഞ്ഞ​പ്പോ​ഴേ​ക്കും ബോം​ബാ​ക്ര​മണം തുടങ്ങി. സുരക്ഷി​ത​മായ ഒരു സ്ഥലത്തേക്ക്‌ ഓടി​പ്പോ​കു​മ്പോ​ഴും പരിഭാ​ഷ​ക​രു​ടെ ഉള്ളിൽ ആഹ്ലാദം അലതല്ലു​ക​യാ​യി​രു​ന്നു. നാലു​മാ​സ​ത്തി​നു​ശേഷം ബെൽ​ഗ്രേ​ഡിൽ നടന്ന കൺ​വെൻ​ഷ​നിൽ ബൈബിൾ പ്രകാ​ശനം ചെയ്‌ത​പ്പോൾ അവരുടെ സന്തോഷം അതിന്റെ പരകോ​ടി​യി​ലെത്തി. ബോം​ബാ​ക്ര​മ​ണ​വും കൂടെ​ക്കൂ​ടെ​യുള്ള വൈദ്യു​ത​ത​ട​സ്സ​വും ഉണ്ടായി​രു​ന്നി​ട്ടും മറ്റു പ്രസി​ദ്ധീ​ക​ര​ണങ്ങൾ പരിഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തിൽ അവർ തുടർന്നു; പക്ഷേ മിക്ക​പ്പോ​ഴും അവർക്ക്‌ ജോലി നിറു​ത്തി​യിട്ട്‌ സുരക്ഷി​ത​മായ ഒരിട​ത്തേക്ക്‌ ഓടേ​ണ്ടി​വന്നു. സമ്മർദ​പൂ​രി​ത​മായ നാളു​ക​ളാ​യി​രു​ന്നു അവ. എന്നാൽ ഏറെ ആവശ്യ​മാ​യി​രുന്ന ആത്മീയാ​ഹാ​രം പ്രദാനം ചെയ്യു​ന്ന​തിൽ ഒരു പങ്കു വഹിക്കാ​നാ​യ​തിൽ അവർ സന്തുഷ്ട​രാ​യി​രു​ന്നു.

കഠിനാ​ധ്വാ​ന​ത്തി​ന്റെ​യും ദൈവാ​നു​ഗ്ര​ഹ​ത്തി​ന്റെ​യും ഫലമായി 1999 ജൂ​ലൈ​യിൽ സെർബി​യൻ ഭാഷയി​ലുള്ള പുതിയ ലോക ഭാഷാ​ന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ പ്രകാ​ശനം ചെയ്യ​പ്പെട്ടു. സ്വന്തം ഭാഷയിൽ ഇതു ലഭിച്ച​പ്പോൾ കൂടി​വ​ന്ന​വർക്കു​ണ്ടായ സന്തോ​ഷ​വും വിലമ​തി​പ്പും ഒന്നു കാണേ​ണ്ട​താ​യി​രു​ന്നു! പിന്നീട്‌ 2006-ൽ നടന്ന വിവിധ കൺ​വെൻ​ഷ​നു​ക​ളിൽ സെർബി​യ​നി​ലുള്ള പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ സമ്പൂർണ​പ​തിപ്പ്‌ (സിറി​ലിക്‌, ലാറ്റിൻ ലിപി​ക​ളിൽ) പുറത്തി​റങ്ങി.

മതവി​ദ്വേ​ഷം ശക്തമാ​കു​ന്നു

സെർബി​യൻ ഓർത്ത​ഡോ​ക്‌സ്‌ മതമാണ്‌ രാജ്യത്തെ പ്രമു​ഖ​മതം. അതു​കൊണ്ട്‌ സെർബി​യ​ക്കാ​രെ​ന്നാൽ ഓർത്ത​ഡോ​ക്‌സു​കാർ എന്നാണ്‌ പലരു​ടെ​യും ധാരണ. ഓർത്ത​ഡോ​ക്‌സു​കാ​ര​ന​ല്ലെ​ങ്കിൽ സെർബി​യ​ക്കാ​രനേ അല്ലത്രേ. ഇങ്ങനെ​യൊ​ക്കെ ആണെങ്കി​ലും 1990-കളിൽ അനേകർ ബൈബി​ളിൽനി​ന്നുള്ള നമ്മുടെ പ്രത്യാ​ശാ​ദൂ​തു കൈ​ക്കൊ​ണ്ടു. 1999-ൽ യുദ്ധം അവസാ​നി​ച്ച​പ്പോൾ പ്രസാ​ധ​ക​രു​ടെ എണ്ണം ഏതാണ്ട്‌ ഇരട്ടി​യാ​യി​രു​ന്നു, 4,026 പേരുടെ അത്യുച്ചം.

ഈ ആത്മീയ വളർച്ച​മൂ​ലം യഹോ​വ​യു​ടെ സാക്ഷികൾ ഓർത്ത​ഡോ​ക്‌സ്‌ സഭയുടെ വിദ്വേ​ഷ​ത്തി​നു പാത്ര​മാ​യി. ആളുക​ളിൽ ദേശീ​യ​വി​കാ​രങ്ങൾ ആളിക്ക​ത്തി​ച്ചു​കൊണ്ട്‌ നമ്മുടെ പ്രസംഗ പ്രവർത്ത​ന​ത്തി​നു തടയി​ടാ​നാ​യി അവരുടെ ശ്രമം. നേരി​ട്ടുള്ള ആക്രമ​ണ​ത്തി​ലൂ​ടെ​യും നിയമ​ത്തിൽ കൈക​ട​ത്തി​യും സഹോ​ദ​ര​ങ്ങ​ളു​ടെ വീര്യം കെടു​ത്താൻ എതിരാ​ളി​കൾ കച്ചകെ​ട്ടി​യി​റങ്ങി. ഉദാഹ​ര​ണ​ത്തിന്‌, രാഷ്‌ട്രീയ നിഷ്‌പ​ക്ഷ​ത​യു​ടെ പേരിൽ ആ സമയത്ത്‌ 21 പേർ ജയിലി​ലാ​യി​രു​ന്നു. യുദ്ധം കെട്ടട​ങ്ങി​യ​പ്പോൾ അവരിൽ പലരും മോചി​ത​രാ​യി. യാതന​യു​ടെ ആ നാളു​ക​ളി​ലു​ട​നീ​ളം തങ്ങളുടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തി​യ​തിൽ യഹോ​വ​യോ​ടു നന്ദിയു​ള്ള​വ​രാണ്‌ അവർ.

നിനച്ചി​രി​ക്കാ​തെ 2001 ഏപ്രിൽ 9-ന്‌ ആഭ്യന്തര മന്ത്രാ​ലയം നമ്മുടെ സാഹി​ത്യ​ങ്ങ​ളു​ടെ ഇറക്കു​മതി നിരോ​ധി​ച്ചു. നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ രാജ്യത്തെ യുവത​ല​മു​റയെ മോശ​മാ​യി സ്വാധീ​നി​ക്കും എന്നായി​രു​ന്നു ആരോ​പണം. നിരോ​ധിത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ പട്ടിക​യിൽ ബൈബിൾപോ​ലും സ്ഥാനം​പി​ടി​ച്ചി​രു​ന്നു!

ടെലി​വി​ഷ​നി​ലും പത്രങ്ങ​ളി​ലും നമ്മുടെ പ്രവർത്ത​ന​ത്തെ​ക്കു​റിച്ച്‌ വളച്ചൊ​ടിച്ച റിപ്പോർട്ടു​കൾ വന്നിരു​ന്ന​തി​നാൽ പലപ്പോ​ഴും നമ്മെ ഉപദ്ര​വി​ക്കാൻപോ​ലും വീട്ടു​കാർ മുതിർന്നി​രു​ന്നു. ഒരു പ്രത്യേക പയനിയർ പറയുന്നു: “വീടു​തോ​റും പ്രസം​ഗി​ക്കു​മ്പോൾ ആളുകൾ ഞങ്ങളെ അടിക്കു​ക​യും ഇടിക്കു​ക​യു​മൊ​ക്കെ ചെയ്‌തി​ട്ടുണ്ട്‌, ചില​പ്പോൾ കല്ലെറി​യു​ക​പോ​ലും.” ചിലർ രാജ്യ​ഹാ​ളു​കൾക്ക്‌ സാരമായ കേടു​വ​രു​ത്തി​യി​ട്ടുണ്ട്‌. ഇന്ന്‌ സെർബി​യ​യിൽ, സഹോ​ദ​ര​ങ്ങൾക്ക്‌ കൂടി​വ​രു​ന്ന​തി​നുള്ള സ്വാത​ന്ത്ര്യ​മുണ്ട്‌; ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കണം എന്നുമാ​ത്രം.

സഹോ​ദ​രങ്ങൾ ഇന്ന്‌ അവിടെ സതീക്ഷ്‌ണം പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ടു​ന്നു. യഹോ​വ​യു​ടെ ജനം മുൻവി​ധി​ക​ളൊ​ന്നും വെച്ചു​പു​ലർത്തു​ന്ന​വ​ര​ല്ലെ​ന്നും ക്രിസ്‌തു​സ​മാന സ്‌നേഹം യഥാർഥ​ത്തിൽ പ്രകട​മാ​ക്കു​ന്ന​വ​രാ​ണെ​ന്നും അവർ തെളി​യി​ച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. കഴിഞ്ഞ ഏതാനും വർഷങ്ങ​ളിൽ സമഗ്ര​മായ പ്രസംഗ പ്രവർത്ത​നങ്ങൾ സംഘടി​പ്പി​ച്ചി​ട്ടുണ്ട്‌. അതിന്റെ ഭാഗമാ​യി യൂറോ​പ്യൻ രാജ്യ​ങ്ങ​ളിൽനി​ന്നുള്ള സഹോ​ദ​രങ്ങൾ അവധി​യെ​ടുത്ത്‌ സെർബി​യ​യി​ലെ​യും മോൺടേ​നേ​ഗ്രോ​യി​ലെ​യും നിയമി​ച്ചു​കൊ​ടു​ത്തി​ട്ടി​ല്ലാത്ത പ്രദേ​ശ​ങ്ങ​ളിൽ പ്രവർത്തി​ക്കാൻ എത്തി. ഈ പ്രദേ​ശ​ങ്ങ​ളിൽ അധിവ​സി​ക്കുന്ന 30 ലക്ഷംവ​രുന്ന ജനതതി​യു​ടെ അടുക്കൽ സുവാർത്ത എത്തിക്കാൻ പക്ഷേ, ഇനിയും അധികം പ്രവർത്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

ഉദ്യാ​ന​ങ്ങ​ളാൽ ചുറ്റപ്പെട്ട മൂന്നു​കെ​ട്ടി​ടങ്ങൾ അടങ്ങിയ മനോ​ഹ​ര​മായ ഒരു ബെഥേൽ ഇന്നു ബെൽ​ഗ്രേ​ഡി​ലുണ്ട്‌. കൺട്രി കമ്മിറ്റി​യി​ലുള്ള മൂന്ന്‌ അംഗങ്ങ​ളാണ്‌ സെർബി​യ​യി​ലെ​യും മോൺടേ​നേ​ഗ്രോ​യി​ലെ​യും പ്രവർത്ത​ന​ത്തി​നു മേൽനോ​ട്ടം വഹിക്കു​ന്നത്‌. യുദ്ധം പിച്ചി​ച്ചീ​ന്തിയ ഈ പ്രദേ​ശത്തു ജീവി​ക്കുന്ന തന്റെ ജനത്തെ യഹോവ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. അവരുടെ തീക്ഷ്‌ണ​ത​യു​ടെ​യും നിശ്ചയ​ദാർഢ്യ​ത്തി​ന്റെ​യും പേരി​ലാ​യി​രി​ക്കും ഇനി സെർബിയ അറിയ​പ്പെ​ടുക.

കൊ​സോ​വോ

സെർബി​യ​ക്കാ​രും അൽബേ​നി​യ​ക്കാ​രും തമ്മിലു​ണ്ടാ​യി​രുന്ന വംശീ​യ​വി​ദ്വേ​ഷം 1980-കളിൽ കൊ​സോ​വോ​യെ സംഘർഷ​ഭ​രി​ത​മാ​ക്കി. 90-കൾ ആയപ്പോ​ഴേ​ക്കും അതൊരു തുറന്ന യുദ്ധത്തിൽ കലാശി​ക്കു​ക​യും ചെയ്‌തു. ജീവിതം വേദനാ​നിർഭ​ര​വും ദുരി​ത​പൂർണ​വു​മാ​യി. എന്നാൽ നമ്മുടെ സഹോ​ദ​ര​ങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം ‘നിർവ്യാ​ജ​മായ സഹോ​ദ​ര​പ്രീ​തി’ കാണി​ക്കു​ന്ന​തി​നുള്ള ഒരു അവസര​മാ​യി മാറി അത്‌; വംശീയ പശ്ചാത്തലം അവർക്കി​ട​യിൽ അതിർവ​ര​മ്പു​കൾ തീർത്തില്ല. (1 പത്രൊ. 1:22) അതോ​ടൊ​പ്പം, ‘നിങ്ങളു​ടെ ശത്രു​ക്കളെ സ്‌നേ​ഹി​പ്പിൻ; നിങ്ങളെ ഉപദ്ര​വി​ക്കു​ന്ന​വർക്കു വേണ്ടി പ്രാർത്ഥി​പ്പിൻ’ എന്ന യേശു​വി​ന്റെ കൽപ്പന അവർ അനുസ​രി​ക്കു​ക​യും ചെയ്‌തു. (മത്താ. 5:43-48) എന്നാൽ എല്ലായ്‌പോ​ഴും അതത്ര എളുപ്പ​മ​ല്ലാ​യി​രു​ന്നു എന്നുമാ​ത്രം.

ഒരു മുസ്ലീം ആയിരുന്ന, അൽബേ​നി​യൻ ഭാഷ സംസാ​രി​ക്കുന്ന സലിയൂ അബ്ബസി പറയുന്നു: “മുമ്പ്‌ മുസ്ലീം മതവി​ശ്വാ​സി​ക​ളാ​യി​രുന്ന നമ്മുടെ സഹോ​ദ​ര​ങ്ങ​ളോട്‌ ആ സമുദാ​യ​ത്തിൽപ്പെ​ട്ട​വർക്ക്‌ ഈർഷ്യ ഉണ്ടായി​രു​ന്നു. അതുമല്ല, ഒരു പുതി​യ​മതം സ്വീക​രി​ച്ച​തു​കൊണ്ട്‌ ഞങ്ങൾ അവരെ ഉപേക്ഷി​ച്ചു​പോ​യി എന്നാണ്‌ ഞങ്ങളുടെ കുടും​ബാം​ഗങ്ങൾ കരുതി​യത്‌. കൂടാതെ, അൽബേ​നി​യ​ക്കാ​രും സെർബി​യ​ക്കാ​രും തമ്മിൽ വംശീയ വിദ്വേ​ഷം നിലനി​ന്നി​രു​ന്ന​തി​നാൽ, ഞങ്ങളെ​പ്പോ​ലെ​യുള്ള മുൻ മുസ്ലീം​ങ്ങൾക്ക്‌ സെർബി​യ​ക്കാ​രോ​ടു സാക്ഷീ​ക​രി​ക്കുക എപ്പോ​ഴും അത്ര എളുപ്പ​വു​മ​ല്ലാ​യി​രു​ന്നു.”

സാഹച​ര്യം ഇതായി​രു​ന്നെ​ങ്കി​ലും വ്യത്യസ്‌ത വംശീയ പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നുള്ള 30 പേർ സലിയൂ​വി​ന്റെ വീട്ടിൽ യോഗ​ങ്ങൾക്കാ​യി കൂടി​വ​രു​ന്നു​ണ്ടാ​യി​രു​ന്നു. സലിയൂ​വി​ന്റെ ഓർമ​യിൽനിന്ന്‌: “അക്കാലത്ത്‌ യോഗങ്ങൾ നടന്നി​രു​ന്നത്‌ സെർബി​യൻ ഭാഷയി​ലാ​യി​രു​ന്നു, സാഹി​ത്യ​ങ്ങൾ ലഭിച്ചി​രു​ന്നത്‌ ബെൽ​ഗ്രേ​ഡിൽനി​ന്നും. ഒരു ദിവസം, ബെൽ​ഗ്രേ​ഡിൽനിന്ന്‌ സാഹി​ത്യ​ങ്ങ​ളു​മാ​യി സഹോ​ദ​രങ്ങൾ വീട്ടിൽ എത്തിയതേ ഉണ്ടായി​രു​ന്നു​ള്ളൂ, തികച്ചും അപ്രതീ​ക്ഷി​ത​മാ​യി പോലീസ്‌ വീട്ടിൽ വന്നു. ഇവരെ​ല്ലാം എന്റെ സഹോ​ദ​ര​ങ്ങ​ളാണ്‌ എന്നു പറഞ്ഞ​പ്പോൾ പോലീ​സിന്‌ അത്‌ ഉൾക്കൊ​ള്ളാൻ സാധി​ച്ചില്ല; അൽബേ​നി​യ​ക്കാ​രും സെർബി​യ​ക്കാ​രും എങ്ങനെ സഹോ​ദ​ര​ങ്ങ​ളാ​കും!” 1998-ൽ കൊ​സോ​വോ​യി​ലെ ഏറ്റവും വലിയ നഗരമായ പ്രീഷ്‌റ്റീ​ന​യിൽ രാജ്യ​ഹാ​ളി​നാ​യി ഒരു സ്ഥലം വാടക​യ്‌ക്ക്‌ എടുക്കാൻ ഈ ചെറിയ കൂട്ടത്തി​നാ​യി.

1999-ലെ വസന്തകാ​ലത്ത്‌ വംശീയ-ദേശീയ സംഘർഷം അതിന്റെ ഭീകര​രൂ​പം​പൂ​ണ്ടു. “ഞാനും മകനും യുദ്ധത്തിൽ പങ്കെടു​ത്തി​ല്ലെ​ങ്കിൽ വീടിനു തീ വെക്കു​മെന്ന്‌ അയൽക്കാ​രൻ ഭീഷണി​പ്പെ​ടു​ത്തി,” സലിയൂ. “രാഷ്‌ട്രീയ അരാജ​ക​ത്വം നടമാടി. മുൻസെർബി​യൻ ഗവണ്മെ​ന്റി​നെ ജനങ്ങൾ അംഗീ​ക​രി​ക്കാ​തി​രു​ന്ന​തി​നാൽ നിയമങ്ങൾ നടപ്പിൽവ​രു​ത്താ​നാ​യില്ല. ജനങ്ങൾ അക്രമാ​സ​ക്ത​രും താന്തോ​ന്നി​ക​ളു​മാ​യി മാറി.”

രാഷ്‌ട്രീ​യ സാഹച​ര്യം ഒന്നി​നൊ​ന്നു വഷളാ​യ​തോ​ടെ കൊ​സോ​വോ​യി​ലെ ജീവിതം സെർബു​കൾക്കു കൂടുതൽ ബുദ്ധി​മു​ട്ടാ​യി​ത്തീർന്നു. 1999-ലെ യുദ്ധത്തി​ന്റെ സമയത്ത്‌ ആയിര​ക്ക​ണ​ക്കിന്‌ സെർബു​ക​ളും അൽബേ​നി​യ​ക്കാ​രും ഒരു​പോ​ലെ, അയൽരാ​ജ്യ​ങ്ങ​ളി​ലേക്കു പലായനം ചെയ്യാൻ നിർബ​ന്ധി​ത​രാ​യി. വംശീയ വിദ്വേ​ഷം കനൽപോ​ലെ കത്തിയി​രുന്ന ആ നാളു​ക​ളിൽ, സ്വന്തം ജീവൻപോ​ലും അപകട​ത്തി​ലാ​ക്കി​ക്കൊണ്ട്‌ സെർബി​യൻ സഹോ​ദ​ര​ങ്ങൾക്കാ​യി സലിയൂ തന്റെ വീടിന്റെ വാതിൽ തുറന്നി​ട്ടു.

യഹോ​വ​യു​ടെ ചിന്തയാൽ സ്വാധീ​നി​ക്ക​പ്പെ​ടു​ന്നു

ഒരു സഹോ​ദരി പറഞ്ഞു: “സെർബി​യ​ക്കാർക്കും അൽബേ​നി​യ​ക്കാർക്കും ഇടയി​ലു​ണ്ടാ​യി​രുന്ന വിദ്വേ​ഷം വളരെ കടുത്ത​താ​യി​രു​ന്നു. ചെറു​പ്പം​മു​തൽത്തന്നെ അതു ഞങ്ങളുടെ മനസ്സിൽ നിറച്ചി​ട്ടുണ്ട്‌. സത്യം പഠിച്ച​തി​നു​ശേ​ഷ​വും ഇത്തരം മനോ​ഭാ​വ​ങ്ങൾക്കു പൂർണ​മാ​യി മാറ്റം വന്നിരു​ന്നില്ല. യഹോ​വ​യു​ടെ ചിന്തയു​മാ​യി അനുരൂ​പ​പ്പെ​ടാൻ ഞങ്ങളിൽ പലർക്കും നന്നേ പണി​പ്പെ​ടേ​ണ്ടി​വന്നു. ഈ വിദ്വേ​ഷം മനസ്സി​ലു​ണ്ടാ​യി​രു​ന്ന​തി​നാൽ, യഹോവ സ്‌നേഹം ആകുന്നു എന്ന്‌ പഠിക്കു​മ്പോൾപ്പോ​ലും സഭയിലെ സെർബി​യ​ക്കാ​രി​യായ ഒരു സഹോ​ദ​രി​യിൽനി​ന്നു മാറി നടക്കാ​നുള്ള പ്രവണ​ത​യാ​യി​രു​ന്നു എനിക്ക്‌. എന്നാൽ ബൈബിൾപ​ഠനം പുരോ​ഗ​മി​ക്കവെ, ഒരുകാ​ര്യം എനിക്കു ബോധ്യ​മാ​യി: മറ്റു മതങ്ങളി​ലെ പഠിപ്പി​ക്ക​ലു​കൾ ആളുകളെ ഭിന്നി​പ്പി​ക്കു​മ്പോൾ യഹോ​വ​യു​ടെ വചനത്തിൽനി​ന്നുള്ള സത്യം ആളുകളെ ഐക്യ​ത്തി​ലാ​ക്കു​ന്നു.” പരിവർത്തനം വരുത്താ​നുള്ള ദൈവ​വ​ച​ന​ത്തി​ന്റെ ശക്തി പുതിയ ക്രിസ്‌തീ​യ​വ്യ​ക്തി​ത്വം ധരിക്കാൻ ഈ സഹോ​ദ​രി​യെ സഹായി​ച്ചോ? അവർ പറഞ്ഞു: “ഇന്ന്‌, സെർബി​യ​ക്കാ​രായ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടൊത്ത്‌ അതേ സഭയിൽ സേവി​ക്കു​ന്ന​തിൽ എനിക്കു വളരെ സന്തോ​ഷ​മുണ്ട്‌.”—കൊലൊ. 3:7-11; എബ്രാ. 4:12.

മതപര​മാ​യി ഭിന്നിച്ച ഈ ലോകത്ത്‌ യഥാർഥ ക്രിസ്‌തീയ ഐക്യം വേറി​ട്ടു​നിൽക്കു​ന്നു എന്നതിന്റെ തെളി​വാണ്‌ പിൻവ​രുന്ന സംഭവം. വർഷം 1998, ദേശീ​യ​വാ​ദ​ത്തി​ന്റെ തീപ്പൊ​രി വീണ്‌ വീടുകൾ കത്തിയ​മ​രു​ന്നു; ഗ്രനേ​ഡു​കൾ പൊട്ടു​ന്ന​തി​ന്റെ ശബ്ദം അന്തരീ​ക്ഷ​ത്തിൽ എങ്ങും മുഴങ്ങി​ക്കേൾക്കാം; എന്നിട്ടും ആ വർഷം ജൂ​ലൈ​യിൽനടന്ന ഒരു കൺ​വെൻ​ഷ​നിൽ പങ്കെടു​ക്കു​ന്ന​തി​നാ​യി നമ്മുടെ സഹോ​ദ​ര​ന്മാർ സെർബി​യ​യി​ലെ ബെൽ​ഗ്രേ​ഡി​ലേക്ക്‌ ഒരു ബസ്സിൽ യാത്ര​യാ​യി. സമാധാ​ന​ത്തോ​ടെ ആ ബസ്സിൽ യാത്ര ചെയ്‌തി​രു​ന്ന​വ​രിൽ അൽബേ​നി​യ​ക്കാ​രും ക്രൊ​യേ​ഷ്യ​ക്കാ​രും മാസി​ഡോ​ണി​യ​ക്കാ​രും റോമാ​ക​ളും ഉണ്ടായി​രു​ന്നു. ആ കൺ​വെൻ​ഷ​നിൽ സ്‌നാ​ന​പ്പെ​ടാൻ പോകു​ക​യാ​യി​രുന്ന ദഷൂറി ഗഷി പറയുന്നു: “ഞങ്ങളുടെ ബസ്‌ തടഞ്ഞ പട്ടാള​ക്കാർക്ക്‌ അവരുടെ കണ്ണുകളെ വിശ്വ​സി​ക്കാ​നാ​യില്ല. ഈ രാജ്യ​ക്കാർക്കി​ട​യിൽ വംശീയ വിദ്വേ​ഷം ആളിക്ക​ത്തു​മ്പോൾ ഞങ്ങൾ ഏകോ​ദ​ര​സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ ഐക്യ​ത്തോ​ടെ യാത്ര ചെയ്യുന്നു—അതെ, വംശാ​തിർത്തി​ക​ളി​ല്ലാത്ത യഹോ​വ​യു​ടെ ജനം!”

റോമാ വംശജ​യായ ഒരു യുവതി വിദേ​ശത്തു താമസി​ച്ചി​രുന്ന ആന്റിമാ​രിൽനിന്ന്‌ കുട്ടി​ക്കാ​ലത്ത്‌ സത്യം പഠിച്ചു. എന്നാൽ എഴുതാ​നും വായി​ക്കാ​നും അവൾക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. യഹോ​വ​യോ​ടുള്ള സ്‌നേഹം സാക്ഷര​യാ​കാൻ അവളെ പ്രേരി​പ്പി​ച്ചു. ബൈബിൾപ​ഠി​ച്ചി​രുന്ന മൂന്നു​വർഷം അവൾ എഴുത്തും വായന​യും​കൂ​ടി പഠിച്ചു. മറ്റൊരു തടസ്സവും​കൂ​ടി അവൾക്കു മറിക​ട​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു; അവളുടെ അമ്മയുടെ അച്ഛൻ. അദ്ദേഹ​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു അവൾ താമസി​ച്ചി​രു​ന്നത്‌. അവൾ പറയുന്നു: “അദ്ദേഹം അറിയാ​തെ​യാ​ണു ഞാൻ യോഗ​ങ്ങൾക്കു പോയി​രു​ന്നത്‌.” തിരി​ച്ചു​ചെ​ല്ലു​മ്പോൾ അവൾക്ക്‌ അദ്ദേഹ​ത്തിൽനിന്ന്‌ നല്ല അടികി​ട്ടു​മാ​യി​രു​ന്നു. “ഞാൻ സത്യത്തി​നു​വേണ്ടി വളരെ ഉപദ്രവം സഹിച്ചി​ട്ടുണ്ട്‌. എന്നാൽ തോറ്റു പിന്മാ​റാൻ തയ്യാറ​ല്ലാ​യി​രു​ന്നു. വിശ്വ​സ്‌ത​നാ​യി​രുന്ന ഇയ്യോ​ബിന്‌ എത്രമാ​ത്രം സഹി​ക്കേ​ണ്ടി​വന്നു എന്നു ഞാൻ ഓർമി​ക്കും. യഹോ​വ​യോ​ടുള്ള സ്‌നേഹം ശക്തമാ​യി​രു​ന്ന​തി​നാൽ പഠനം ഉപേക്ഷി​ക്കില്ല എന്നു ഞാൻ നിശ്ചയി​ച്ചി​രു​ന്നു,” അവൾ പറഞ്ഞു. സ്‌കൂൾ വിദ്യാ​ഭ്യാ​സം ലഭിച്ചി​ട്ടി​ല്ലാത്ത അവൾ ഇപ്പോൾ ഒരു പയനി​യ​റാണ്‌; നിരക്ഷ​ര​രായ രണ്ടു​പെൺകു​ട്ടി​കൾക്ക്‌ ബൈബി​ള​ധ്യ​യനം നടത്തു​ക​യും ചെയ്യുന്നു. മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്ന​തി​നാ​യി ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളിൽനി​ന്നു ലഭിച്ച പരിശീ​ല​നത്തെ അവൾ നന്ദി​യോ​ടെ സ്‌മരി​ക്കു​ന്നു.

ആദം ഗ്രേകാ​വെസ്റ്റെ ഒരു മുസ്ലീം ആയിരു​ന്നു. 1993-ൽ ജർമനി​യിൽവെച്ച്‌ അദ്ദേഹം സത്യം പഠിച്ചു. 1999-ൽ സ്വന്തം നാടായ കൊ​സോ​വോ​യി​ലേക്കു മടങ്ങിയ അദ്ദേഹ​ത്തിന്‌, പല പുതിയ സാക്ഷി​ക​ളെ​യും​പോ​ലെ വീട്ടു​കാ​രു​ടെ മുൻവി​ധി​യോ​ടെ​യുള്ള എതിർപ്പി​നെ നേരി​ടേ​ണ്ടി​വന്നു. ആദം ഓർക്കു​ന്നു: “സാത്താ​നാണ്‌ ഈ ലോകം ഭരിക്കു​ന്ന​തെ​ന്നും ഇവിടെ നടമാ​ടുന്ന സകല അതി​ക്ര​മ​ങ്ങ​ളു​ടെ​യും പിന്നിൽ അവനാ​ണെ​ന്നും തിരി​ച്ച​റി​ഞ്ഞത്‌ വളരെ സഹായ​ക​മാ​യി​രു​ന്നു.” ആദം ക്രിസ്‌തീയ വിശ്വാ​സം സ്വീക​രി​ച്ചത്‌ അദ്ദേഹ​ത്തി​ന്റെ പിതാ​വിന്‌ ഇഷ്ടമാ​യില്ല. ഒന്നുകിൽ യഹോവ അല്ലെങ്കിൽ കുടും​ബം, ഇതിൽ ഏതെങ്കി​ലും ഒന്ന്‌ തിര​ഞ്ഞെ​ടു​ക്കാം എന്ന നിലപാ​ടാ​യി​രു​ന്നു പിതാ​വി​ന്റേത്‌. ആദം യഹോ​വയെ തിര​ഞ്ഞെ​ടു​ത്തു. ഇന്ന്‌ ഒരു ക്രിസ്‌തീയ മൂപ്പനാ​യി അദ്ദേഹം സേവി​ക്കു​ക​യും ചെയ്യുന്നു. വർഷങ്ങൾ കടന്നു​പോ​യ​തോ​ടെ പിതാ​വി​ന്റെ നിലപാ​ടു​കൾക്ക്‌ അയവു​വന്നു. ക്രിസ്‌ത്യാ​നി​യാ​കാൻ ആദം എടുത്ത തീരു​മാ​നത്തെ കുറ​ച്ചൊ​ക്കെ ഉൾക്കൊ​ള്ളാൻ അദ്ദേഹ​ത്തിന്‌ ഇന്നാകു​ന്നുണ്ട്‌.

ആദമിന്റെ മകൻ അഡ്‌നന്‌ ചെറു​പ്പ​ത്തിൽ മതകാ​ര്യ​ങ്ങ​ളിൽ യാതൊ​രു താത്‌പ​ര്യ​വും ഇല്ലായി​രു​ന്നു. ആയോ​ധ​ന​ക​ല​ക​ളിൽ മുഴു​കി​ക്ക​ഴി​ഞ്ഞി​രുന്ന അദ്ദേഹത്തെ കൊല​യാ​ളി എന്നാണ്‌ എതിരാ​ളി​കൾ വിളി​ച്ചി​രു​ന്നത്‌. എന്നാൽ ഒടുവിൽ സത്യം ഉള്ളിൽ തൊട്ട​പ്പോൾ അദ്ദേഹം അതെല്ലാം ഉപേക്ഷി​ച്ചു. നല്ല പുരോ​ഗതി കൈവ​രിച്ച അദ്ദേഹം സ്‌നാനം ഏൽക്കു​ക​യും ചെയ്‌തു. അഡ്‌നൻ പറയുന്നു: “സ്‌നാ​ന​മേറ്റ്‌ അധികം കഴിയു​ന്ന​തി​നു​മുമ്പ്‌ എനിക്ക്‌ ഒരു തീരു​മാ​നം എടു​ക്കേ​ണ്ടി​വന്നു. എനിക്ക്‌ ഒരു നല്ല ജോലി ഉണ്ടായി​രു​ന്നു; സാമ്പത്തി​ക​മാ​യി മെച്ചപ്പെട്ട നിലയി​ലാ​യി​രു​ന്നു ഞാൻ. എന്നാൽ ആത്മീയ​മാ​യി അത്ര നല്ല ഒരു അവസ്ഥയി​ലാ​യി​രു​ന്നില്ല. വയൽശു​ശ്രൂഷ പേരി​നു​മാ​ത്ര​മാ​യി​രു​ന്നു ഉണ്ടായി​രു​ന്നത്‌. ഒരു മാറ്റത്തി​നുള്ള സമയമാ​യി എന്നു തിരി​ച്ച​റിഞ്ഞ ഞാൻ ജോലി ഉപേക്ഷി​ച്ചു.” പയനി​യ​റിങ്‌ ആരംഭിച്ച അഡ്‌നൻ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​യി നിയമി​ക്ക​പ്പെ​ടു​ക​യും അൽബേ​നി​യ​യിൽ നടന്ന ആദ്യത്തെ ശുശ്രൂ​ഷാ​പ​രി​ശീ​ലന സ്‌കൂ​ളിൽ പങ്കെടു​ക്കു​ക​യും ചെയ്‌തു. ഇപ്പോൾ അദ്ദേഹം ഒരു മൂപ്പനാണ്‌. കൂടാതെ, അഡ്‌ന​നും ഭാര്യ ഹെഡി​യ​യും പ്രത്യേക പയനി​യർമാ​രാ​യി പ്രവർത്തി​ക്കു​ക​യും ചെയ്യുന്നു. താൻ എടുത്ത ഈ തീരു​മാ​ന​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം പറയു​ന്നത്‌ ശ്രദ്ധി​ക്കുക: “ഇതിൽപ്പരം സന്തോഷം എനിക്കു ലഭിക്കാ​നില്ല; മുഴു​സ​മ​യ​സേ​വനം തിര​ഞ്ഞെ​ടു​ത്ത​തിൽ എനിക്ക്‌ ഒരു ഖേദവും ഇല്ല.”

ആരാധ​ന​യി​ലും ഉപദേ​ശ​ങ്ങ​ളി​ലും ഐക്യ​മു​ള്ള​വർ

കൊ​സോ​വോ​യി​ലുള്ള ആറുസ​ഭ​ക​ളും വാടക​യ്‌ക്ക്‌ എടുത്ത കെട്ടി​ട​ങ്ങ​ളാ​ണു രാജ്യ​ഹാ​ളു​ക​ളാ​യി ഇന്ന്‌ ഉപയോ​ഗി​ക്കു​ന്നത്‌. ചിലത്‌ ചെറിയ സഭകളാണ്‌; പെക്‌ നഗരത്തി​ലുള്ള സഭയിൽ 28 പ്രസാ​ധ​കരേ ഉള്ളൂ. നിയമിത സഹോ​ദ​ര​ന്മാ​രു​ടെ ദൗർല​ഭ്യം​നി​മി​ത്തം ചില സഭകളിൽ എല്ലാ ആഴ്‌ച​യും പരസ്യ​പ്ര​സം​ഗങ്ങൾ നടത്താൻ സാധി​ക്കു​ന്നില്ല. എന്നിരു​ന്നാ​ലും പെക്‌ സഭയിലെ സഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ അവരും എല്ലാ ആഴ്‌ച​യും വീക്ഷാ​ഗോ​പുര അധ്യയ​ന​ത്തി​നും മറ്റു യോഗ​ങ്ങൾക്കു​മാ​യി ക്രമമാ​യി കൂടി​വ​രു​ന്നു.

തീർത്തും ബുദ്ധി​മു​ട്ടു​നി​റഞ്ഞ സാഹച​ര്യ​മാ​യി​രു​ന്നെ​ങ്കി​ലും, സെർബിയ കൺട്രി കമ്മിറ്റി​യാണ്‌ വർഷങ്ങ​ളോ​ളം കൊ​സോ​വോ​യി​ലുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ ആത്മീയ കാര്യങ്ങൾ ശ്രദ്ധി​ച്ചി​രു​ന്നത്‌. എന്നാൽ മാറിയ സാഹച​ര്യ​ങ്ങ​ളു​ടെ വെളി​ച്ച​ത്തിൽ ഭരണസം​ഘം 2000-ത്തിൽ അൽബേ​നിയ ബ്രാഞ്ചി​നെ കൊ​സോ​വോ​യി​ലെ പ്രസം​ഗ​വേ​ല​യു​ടെ ചുമതല ഏൽപ്പിച്ചു.

അടുത്ത​കാ​ലം​വ​രെ​യും കൊ​സോ​വോ​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഭൂരി​പ​ക്ഷ​വും സെർബി​യ​ക്കാ​രാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ യോഗങ്ങൾ നടത്തി​യി​രു​ന്നത്‌ സെർബി​യൻ ഭാഷയി​ലാ​യി​രു​ന്നു. അൽബേ​നി​യൻ ഭാഷ സംസാ​രി​ക്കു​ന്ന​വരെ യോഗ​പ​രി​പാ​ടി​കൾ മനസ്സി​ലാ​ക്കാൻ ഇവർ സഹായി​ച്ചു​പോ​ന്നു. എന്നാൽ ഇപ്പോൾ കൊ​സോ​വോ​യി​ലുള്ള സഹോ​ദ​ര​ങ്ങ​ളിൽ കൂടു​ത​ലും അൽബേ​നി​യ​ക്കാ​രാണ്‌. സെർബി​യൻ ഭാഷയി​ലുള്ള ഒരു സഭയൊ​ഴി​ച്ചാൽ, മറ്റു സഭകളി​ലെ​ല്ലാം ഇപ്പോൾ യോഗങ്ങൾ നടത്തു​ന്നത്‌ അൽബേ​നി​യൻ ഭാഷയി​ലാണ്‌. സെർബി​യൻ സഹോ​ദ​ര​ങ്ങ​ളു​ടെ പ്രയോ​ജ​ന​ത്തി​നാ​യി പരിപാ​ടി​കൾ ആ ഭാഷയി​ലേക്കു മൊഴി​മാ​റ്റം നടത്താ​റുണ്ട്‌. രണ്ടുഭാ​ഷ​ക​ളി​ലും സമ്മേള​ന​ങ്ങ​ളും കൺ​വെൻ​ഷ​നു​ക​ളും നടത്തു​ന്നുണ്ട്‌. 2008-ലെ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ ഇതി​നൊ​രു ഉദാഹ​ര​ണ​മാണ്‌. ചില പ്രധാ​ന​പ്ര​സം​ഗങ്ങൾ സെർബി​യൻഭാ​ഷ​യിൽ നടത്തി​യെ​ന്ന​തൊ​ഴി​ച്ചാൽ മുഴു പരിപാ​ടി​ക​ളും അൽബേ​നി​യ​നി​ലാണ്‌ അവതരി​പ്പി​ച്ചത്‌; അതെല്ലാം സെർബി​യ​നി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. ആ പ്രധാ​ന​പ്ര​സം​ഗങ്ങൾ നടത്തി​യ​തോ, കൊ​സോ​വോ മൂപ്പന്മാ​രും. ഒരു സഹോ​ദരൻ പറയുന്നു: “പുറത്ത്‌ വംശീയ വിദ്വേ​ഷം ആളിക്ക​ത്തു​മ്പോ​ഴും, ഇവിടെ ഹാളി​നു​ള്ളിൽ ഞങ്ങൾ ഒരു കുടും​ബ​മാ​യി​രു​ന്നു.”

കൊ​സോ​വോ​യി​ലെ ജനങ്ങളിൽ ഭൂരി​ഭാ​ഗ​വും മുസ്ലീം സമുദാ​യ​ത്തിൽപ്പെ​ട്ട​വ​രാണ്‌; എങ്കിലും അവർ ബൈബി​ളി​നെ വിലമ​തി​ക്കു​ന്നു, മതകാ​ര്യ​ങ്ങൾ ചർച്ച​ചെ​യ്യാൻ പലരും സന്നദ്ധരു​മാണ്‌. 2008-ൽ 164 പ്രസാ​ധ​ക​രു​ടെ ഒരു അത്യുച്ചം ഉണ്ടായ​തിൽ കൊ​സോ​വോ​യി​ലെ സഹോ​ദ​രങ്ങൾ വളരെ സന്തോ​ഷ​ത്തി​ലാണ്‌. യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ച്ചു​കൊണ്ട്‌ വംശ-ദേശ ഭേദമി​ല്ലാ​തെ, പ്രദേ​ശ​ത്തുള്ള മുഴുവൻ ആളുക​ളോ​ടും സുവാർത്ത പ്രസം​ഗി​ക്കാൻ ഉറച്ചി​രി​ക്കു​ക​യാണ്‌ കൊ​സോ​വോ​യി​ലെ സഹോ​ദ​രങ്ങൾ.

മോൺടേ​നേ​ഗ്രോ

മെഡി​റ്റ​റേ​നി​യൻ പ്രദേ​ശത്ത്‌ ഒളിഞ്ഞു​കി​ട​ക്കുന്ന അതിമ​നോ​ഹ​ര​മായ ഒരു കൊച്ചു​രാ​ജ്യ​മാണ്‌ ആഡ്രി​യാ​റ്റിക്‌ തീരത്തുള്ള മോൺടേ​നേ​ഗ്രോ. അൽബേ​നിയ, കൊ​സോ​വോ, സെർബിയ, ബോസ്‌നിയ-ഹെർസ​ഗോ​വിന എന്നീ രാജ്യ​ങ്ങ​ളോ​ടു ചേർന്നു​കി​ട​ക്കുന്ന ഇത്‌ അസാധാ​രണ വൈവി​ധ്യ​ത്തി​നും മനംകു​ളിർപ്പി​ക്കുന്ന സൗന്ദര്യ​ത്തി​നും പേരു​കേട്ട രാജ്യ​മാണ്‌. മനോ​ഹാ​രിത തുളു​മ്പുന്ന ആഡ്രി​യാ​റ്റിക്‌ കടലോ​ര​ത്തി​ന്റെ ഏതാണ്ട്‌ 293 കിലോ​മീ​റ്റ​റും ഈ രാജ്യ​ത്തി​ന​വ​കാ​ശ​പ്പെ​ട്ട​താണ്‌. ടാരാ നദി ഒഴുകുന്ന താഴ്‌വാ​ര​മാ​കട്ടെ, യൂറോ​പ്പി​ലെ​തന്നെ ഏറ്റവും നീളം​കൂ​ടി​യ​തും ആഴമേ​റി​യ​തു​മായ നീർത്താ​ഴ്‌വ​ര​യാണ്‌. ബാൾക്കൻസി​ലെ തടാക​ങ്ങ​ളിൽ ഏറ്റവും വലുതാണ്‌ ഇവിടത്തെ സ്‌കു​ട്ടാ​രി (അഥവാ സ്‌കഡാർ) തടാകം; യൂറോ​പ്പി​ലെ ഏറ്റവും വലിയ പക്ഷിസ​ങ്കേത കേന്ദ്ര​ങ്ങ​ളി​ലൊ​ന്നും ഇവി​ടെ​യാ​ണു​ള്ളത്‌. സ്വിറ്റ്‌സർലൻഡി​ന്റെ ഏതാണ്ട്‌ മൂന്നി​ലൊ​ന്നു​മാ​ത്രം വലുപ്പ​മുള്ള സ്ഥലത്താണ്‌ ഇതത്ര​യും!

എന്നാൽ യുദ്ധങ്ങൾ, സംഘർഷങ്ങൾ, യാതനകൾ എന്നിവ​യാൽ കറപുരണ്ട ഒരു പൂർവ​കാ​ല​മാണ്‌ മോൺടേ​നേ​ഗ്രോ​യ്‌ക്കു​ള്ളത്‌. ഈ പോരാ​ട്ട​ങ്ങ​ളാൽ വളരെ​യേറെ സ്വാധീ​നി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌ അവിടത്തെ ആളുക​ളു​ടെ പാരമ്പ​ര്യ​വും മനോ​ഭാ​വ​ങ്ങ​ളും സംസ്‌കാ​ര​വു​മെ​ല്ലാം. ധീരത, വിശ്വ​സ്‌തത, അന്തസ്സ്‌, താഴ്‌മ, ആത്മത്യാ​ഗം, മറ്റുള്ള​വ​രോ​ടുള്ള ആദരവ്‌ ഇവയ്‌ക്കെ​ല്ലാം അവർ അങ്ങേയറ്റം വിലകൽപ്പി​ക്കു​ന്നു; അത്‌ അവരുടെ സംസ്‌കാ​ര​ത്തി​ന്റെ​തന്നെ ആണിക്ക​ല്ലാ​യി കരുത​പ്പെ​ടു​ന്നു. പാരമ്പ​ര്യ​ങ്ങ​ളി​ലും വിശ്വാ​സ​ങ്ങ​ളി​ലും അടിയു​റ​ച്ചു​നിൽക്കുന്ന പ്രകൃ​ത​ക്കാ​രാ​ണെ​ങ്കി​ലും ഇവിടത്തെ ആളുക​ളിൽ അനേക​രും ദൈവ​രാ​ജ്യ​സു​വാർത്ത ഇരു​കൈ​യും നീട്ടി സ്വീക​രി​ച്ചി​രി​ക്കു​ന്നു; ബൈബിൾസ​ത്യ​ത്തി​നു​വേണ്ടി വിശ്വ​സ്‌ത​മാ​യി വാദി​ക്കു​ക​യും ചെയ്യുന്നു.

പ്രസം​ഗ​പ്ര​വർത്തനം പടർന്നു പന്തലി​ക്കു​ന്നു

മുൻയൂ​ഗോ​സ്ലാ​വി​യ​യു​ടെ സകല ഭാഗങ്ങ​ളിൽനി​ന്നും, 1991-ൽ ക്രൊ​യേ​ഷ്യ​യി​ലെ സാ​ഗ്രെ​ബിൽവെച്ചു നടന്ന ചരി​ത്ര​പ്ര​ധാന കൺ​വെൻ​ഷന്‌ കൂടിവന്ന സഹോ​ദ​ര​ങ്ങൾക്കാർക്കും അവിടെ ആസ്വദിച്ച ആ സ്‌നേ​ഹ​വും ഐക്യ​വും ഒരിക്ക​ലും മറക്കാ​നാ​വില്ല. സേവോ ചെപിർനി​യിച്‌ അന്ന്‌ ബൈബിൾ പഠനം തുടങ്ങി​യതേ ഉണ്ടായി​രു​ന്നു​ള്ളൂ. അദ്ദേഹം ഓർമി​ക്കു​ന്നു: “ഏതു നിമി​ഷ​വും യുദ്ധം പൊട്ടി​പ്പു​റ​പ്പെ​ടാ​മെന്ന സ്ഥിതി. അങ്ങനെ​യൊ​രു സാഹച​ര്യ​ത്തിൽ മോൺടേ​നേ​ഗ്രോ​യിൽനിന്ന്‌ ക്രൊ​യേ​ഷ്യ​യി​ലേ​ക്കുള്ള ആ യാത്ര അപകടം പിടി​ച്ച​താ​യി​രു​ന്നു. എന്നിട്ടും എത്രയ​ധി​കം ബസ്സുക​ളാണ്‌ കൺ​വെൻ​ഷൻസ്ഥ​ലത്ത്‌ എത്തിയ​തെ​ന്നോ! സാക്ഷി​കൾക്കി​ട​യി​ലെ സമാധാ​ന​വും ഐക്യ​വും ആയിരു​ന്നു അതി​ലേറെ ശ്രദ്ധേ​യ​മായ സംഗതി. ആദ്യദി​വസം നൂറു​ക​ണ​ക്കി​നു പോലീ​സു​കാ​രാണ്‌ എത്തിയത്‌. എന്നാൽ നമ്മൾ സമാധാ​ന​കാം​ക്ഷി​ക​ളാ​ണെന്നു കണ്ടെത്തി​യ​തോ​ടെ അടുത്ത​ദി​വ​സ​ങ്ങ​ളിൽ ഏതാനും പേർ മാത്രമേ വന്നുള്ളൂ.”

യുദ്ധം തുടങ്ങു​ന്ന​തി​നു​മുമ്പ്‌, ഒരു ദമ്പതികൾ മുടങ്ങാ​തെ ക്രൊ​യേ​ഷ്യ​യിൽനി​ന്നു മോൺടേ​നേ​ഗ്രോ​വരെ ചെന്ന്‌ സാവോ​യ്‌ക്ക്‌ അധ്യയനം നടത്തി​യി​രു​ന്നു. എന്നാൽ അതിർത്തി​കൾ അടച്ചു​പൂ​ട്ടി​യ​തോ​ടെ സാവോ​യ്‌ക്ക്‌ എങ്ങനെ തന്റെ ബൈബിൾപ​ഠനം തുടരാൻ കഴിയു​മാ​യി​രു​ന്നു?

സാവോ പറയുന്നു: “താത്‌പ​ര്യ​ക്കാ​രിൽത്തന്നെ പഠനത്തിൽ കൂടുതൽ മുന്നേ​റി​യവർ മറ്റുള്ള​വരെ പഠിപ്പി​ക്ക​ണ​മാ​യി​രു​ന്നു. നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്ന പുസ്‌തകം ഉപയോ​ഗിച്ച്‌ എനിക്ക്‌ അധ്യയനം എടുത്തി​രു​ന്നത്‌ സ്‌നാ​ന​മേറ്റ ഒരു സഹോ​ദ​ര​നാണ്‌. എന്നാൽ മേലാൽ അതിനു കഴിയാ​തെ​വ​ന്ന​പ്പോൾ സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത മറ്റൊ​രാൾ അധ്യയ​ന​മെ​ടു​ത്തു. 1992-ഓടെ സഭാപു​സ്‌ത​കാ​ധ്യ​യ​ന​ത്തി​നും വീക്ഷാ​ഗോ​പുര അധ്യയ​ന​ത്തി​നു​മാ​യി ഹെർട്‌സെഗ്‌ നോവീ എന്ന നഗരത്തിൽ കൂടി​വ​ന്നി​രു​ന്ന​വ​രു​ടെ എണ്ണം 15 ആയി.” സാവോ​യും ഭാര്യ​യും മകളും പഠിച്ചു പുരോ​ഗ​മിച്ച്‌ 1993-ൽ സ്‌നാ​ന​മേറ്റു. പ്രകൃ​തി​ര​മ​ണീ​യ​മായ ഈ തീരദേശ നഗരത്തിൽ ഇന്ന്‌ ഒരു രാജ്യ​ഹാ​ളുണ്ട്‌, 25 പ്രസാ​ധ​ക​രും.

1990-കളുടെ ആദ്യഭാ​ഗത്ത്‌ തലസ്ഥാന നഗരമായ പോഡ്‌ഗോ​റി​ക്ക​യിൽ പ്രസാ​ധ​ക​രു​ടെ ഒരു ചെറി​യ​കൂ​ട്ടം രൂപീ​കൃ​ത​മാ​യി. ഈ കൂട്ടം വളർന്ന​തോ​ടെ 1997-ൽ ഒരു രാജ്യ​ഹാൾ നിർമി​ക്കു​ന്ന​തി​നാ​യി സ്ഥലം വാങ്ങാ​നുള്ള തയ്യാ​റെ​ടു​പ്പു​കൾ തുടങ്ങി. സഹോ​ദ​രങ്ങൾ വാങ്ങിയ സ്ഥലത്ത്‌ ഒരു വലിയ മതിൽ ഉണ്ടായി​രു​ന്നു. സ്വകാ​ര്യ​ത​യ്‌ക്കു​വേണ്ടി അതു നിലനി​റു​ത്താൻ അവർ തീരു​മാ​നി​ച്ചു. എന്നാൽ അടുത്തുള്ള കെട്ടി​ട​ത്തി​ന്റെ താഴത്തെ നിലയിൽ താമസി​ച്ചി​രുന്ന പോലീസ്‌ ഓഫീസർ ഈ മതിൽ പൊളി​ച്ചു​മാ​റ്റി​യി​രു​ന്നെ​ങ്കിൽ ഇരുട്ട​റ​പോ​ലെ​യുള്ള തന്റെ വീട്ടിൽ അൽപ്പം വെളിച്ചം കിട്ടു​മാ​യി​രു​ന്നു​വെന്നു പറഞ്ഞു. നല്ല അയൽബന്ധം കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി ആ മതിൽ പൊളി​ച്ചു​മാ​റ്റി​യിട്ട്‌ പകരം വേലി​കെ​ട്ടാൻ സഹോ​ദ​രങ്ങൾ മനസ്സു​കാ​ണി​ച്ചു. അവർ കാണിച്ച അയൽസ്‌നേഹം വെറു​തെ​യാ​യില്ല!

ആ കെട്ടി​ട​ത്തി​ലെ മറ്റുതാ​മ​സ​ക്കാർ പ്രശ്‌ന​മു​ണ്ടാ​ക്കി​യ​പ്പോൾ ഈ പോലീസ്‌ ഓഫീസർ അടങ്ങി​യി​രു​ന്നില്ല; രാജ്യ​ഹാൾ ആക്രമി​ച്ചാൽ താൻ അവർക്കെ​തി​രെ ക്രിമി​നൽ കുറ്റത്തി​നു കേസെ​ടു​ക്കു​മെന്ന്‌ അദ്ദേഹം അവരോ​ടു പറഞ്ഞു. ഇന്ന്‌ നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക​വി​ടെ നല്ലൊരു രാജ്യ​ഹാ​ളും പ്രത്യേക പയനി​യർമാർക്കാ​യി ഒരു വീടും ഉണ്ട്‌. കൂടാതെ, വളരെ വലിയ ഒരു പാർക്കിങ്‌ ഷെഡ്‌ ഉള്ളതി​നാൽ അവി​ടെ​വെച്ച്‌ സമ്മേള​ന​ങ്ങൾപോ​ലും നടത്താ​നാ​കു​ന്നു.

എന്നാൽ നിക്‌സിക്‌ എന്ന പട്ടണത്തി​ലെ സഹോ​ദ​ര​ങ്ങ​ളു​ടെ അവസ്ഥ അതല്ലാ​യി​രു​ന്നു. അവർ 1996-ൽ സ്ഥലം വാങ്ങി; പക്ഷേ, ഒരു രാജ്യ​ഹാൾ പണിയാൻ സമീപ​വാ​സി​കൾ സമ്മതി​ക്കു​മാ​യി​രു​ന്നില്ല. അവർ പണി തടസ്സ​പ്പെ​ടു​ത്താ​തി​രി​ക്കാൻ രാവും പകലും സഹോ​ദ​ര​ന്മാർ കാവൽനി​ന്നു. ഒരുദി​വസം സ്ഥലത്തെ ഒരു പുരോ​ഹി​തൻ ഇളക്കി​വിട്ട 200 പേരട​ങ്ങുന്ന ജനക്കൂട്ടം തോക്കു​ക​ളും വടിക​ളു​മാ​യി ഇരച്ചു​പാ​ഞ്ഞു​വന്ന്‌ ആകാശ​ത്തേക്ക്‌ നിറ​യൊ​ഴി​ക്കു​ക​യും രാജ്യ​ഹാൾ തകർത്തു​ത​രി​പ്പ​ണ​മാ​ക്കു​ക​യും ചെയ്‌തു. പോലീസ്‌ നോക്കു​കു​ത്തി​ക​ളാ​യി നിന്ന​തേ​യു​ള്ളൂ.

സ്ഥിതി​ഗ​തി​കൾ ശാന്തമാ​കു​ന്നി​ല്ലെന്നു കണ്ട സഹോ​ദ​രങ്ങൾ മറ്റൊരു സ്ഥലത്തി​നാ​യി അന്വേ​ഷണം ആരംഭി​ച്ചു. നാലു​വർഷ​ത്തി​നു​ശേഷം ഒരു കെട്ടിടം കണ്ടെത്തു​ക​യും അതു പുതു​ക്കി​പ്പ​ണി​തു രാജ്യ​ഹാ​ളാ​ക്കു​ക​യും ചെയ്‌തു. ആദ്യം പ്രശ്‌ന​ങ്ങ​ളൊ​ന്നും ഉള്ളതായി തോന്നി​യില്ല. എന്നാൽ ഏതാനും മാസം കഴിഞ്ഞ​പ്പോൾ ആ ഹാൾ കത്തിന​ശി​ച്ചു; അതെങ്ങനെ സംഭവി​ച്ചു എന്നത്‌ ഇന്നും ഒരു ദുരൂ​ഹ​ത​യാണ്‌. എന്നിരു​ന്നാ​ലും, നമ്മുടെ സഹോ​ദ​രങ്ങൾ പിന്മാ​റാൻ ഒരുക്ക​മ​ല്ലാ​യി​രു​ന്നു. രാജ്യ​ഹാൾ വീണ്ടും പണിയാൻതന്നെ അവർ തീരു​മാ​നി​ച്ചു. അതിനു​ശേഷം ഇന്നോളം വലിയ കുഴപ്പ​ങ്ങ​ളൊ​ന്നും ഉണ്ടായി​ട്ടില്ല.

മോൺടേ​നേ​ഗ്രോ​യി​ലെ നാലു​സ​ഭ​ക​ളു​ടെ​യും മേൽനോ​ട്ടം, സെർബി​യ​യി​ലെ കൺട്രി കമ്മിറ്റി​ക്കാണ്‌. 1:2967 എന്നതാണ്‌ അവിടത്തെ പ്രസാധക-ജനസം​ഖ്യാ അനുപാ​തം; 201 പ്രസാ​ധ​ക​രും 6 പ്രത്യേക പയനി​യർമാ​രു​മാണ്‌ ഇവി​ടെ​യു​ള്ളത്‌. മതാനു​ഷ്‌ഠാ​ന​ങ്ങ​ളിൽ, ബൈബി​ളി​നെ​ക്കാൾ പ്രാധാ​ന്യം പാരമ്പ​ര്യ​ങ്ങൾക്കാണ്‌ എന്നു ചിന്തി​ക്കു​ന്ന​വ​രാണ്‌ മോൺടേ​നേ​ഗ്രോ​ക്കാർ പൊതു​വെ. എന്നിരു​ന്നാ​ലും അവിടത്തെ സഹോ​ദ​രങ്ങൾ സധൈ​ര്യം സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ വിശ്വ​സ്‌ത​ത​യോ​ടെ തുടരു​ന്നു.

സ്ലോ​വേ​നി​യ

മുൻയൂ​ഗോ​സ്ലാ​വി​യ​യു​ടെ വടക്കു​പ​ടി​ഞ്ഞാ​റാ​യി​രു​ന്നു സ്ലോ​വേ​നി​യ​യു​ടെ സ്ഥാനം, 1991-ൽ സ്വാത​ന്ത്ര്യം നേടു​ന്ന​തു​വരെ. സ്വാത​ന്ത്ര്യ​ല​ബ്ധി​മു​തൽ ആ രാജ്യ​ത്തി​ന്റെ സമ്പദ്‌ഘടന വളർച്ച​യു​ടെ പടവുകൾ താണ്ടി​യി​രി​ക്കു​ന്നു. 2004-ൽ സ്ലോ​വേ​നിയ യൂറോ​പ്യൻ യൂണി​യന്റെ ഭാഗമാ​യി. വലുപ്പ​ത്തിൽ അൽപ്പം ചെറു​താ​ണെ​ങ്കി​ലും അതിന്റെ ഭൂപ്ര​കൃ​തി വൈവി​ധ്യ​ങ്ങൾ നിറഞ്ഞ​താണ്‌. മനംക​വ​രുന്ന പർവത​നി​രകൾ, ഗിരി​ശൃം​ഗ തടാകങ്ങൾ, ഇടതൂർന്ന വനങ്ങൾ, കൂറ്റൻ ചുണ്ണാ​മ്പു​കൽ ഗുഹകൾ, വശ്യമ​നോ​ഹ​രി​യായ സ്ലോ​വേ​നി​യൻ തീരം എന്നിവ​യെ​ല്ലാം ഈ രാജ്യ​ത്തി​നു സ്വന്തം. ഏതാണ്ട്‌ ഒരു മണിക്കൂ​റു​ണ്ടെ​ങ്കിൽ സുഖശീ​ത​ള​മായ മലനി​ര​ക​ളിൽനിന്ന്‌ ഇളം ചൂടേ​റ്റു​നിൽക്കുന്ന ഒലിവു​തോ​ട്ട​ങ്ങ​ളും മുന്തി​രി​ത്തോ​ട്ട​ങ്ങ​ളു​മൊ​ക്കെ നിറഞ്ഞ ആഡ്രി​യാ​റ്റിക്‌ കടലോ​രത്ത്‌ എത്തി​ച്ചേ​രാം. സ്ലോ​വേ​നി​യ​യു​ടെ സാംസ്‌കാ​രിക ചരി​ത്ര​പ​ശ്ചാ​ത്ത​ലങ്ങൾ പര്യ​വേ​ക്ഷ​ണ​ത്തിന്‌ അനന്ത സാധ്യ​ത​ക​ളൊ​രു​ക്കു​ന്നു. ദേശീയ ഉദ്യാ​ന​ങ്ങ​ളി​ലും ചരി​ത്ര​പ്ര​ധാന നഗരങ്ങ​ളി​ലും ഒതുങ്ങി​നിൽക്കു​ന്നില്ല സ്ലോ​വേ​നി​യ​യു​ടെ സൗന്ദര്യം. എടുത്തു​പ​റ​യേണ്ട ഒന്നാണ്‌ അതിന്റെ ആത്മീയ പൈതൃ​കം.

രാജ്യ​ഹാ​ളു​ക​ളും പയനി​യർമാ​രും

“ബൈബിൾ വിശ്വാ​സി​ക​ളായ ബാർബർമാർ,” തങ്ങളുടെ പുതിയ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ച്ചി​രുന്ന പട്ടണമായ മാരി​ബോ​റി​നെ നിങ്ങൾ മറക്കാ​നി​ട​യില്ല. മാരി​ബോ​റിൽ രൂപം​കൊണ്ട ചെറിയ കൂട്ടം യോഗ​സ്ഥ​ല​മാ​യി ഉപയോ​ഗി​ച്ചി​രു​ന്നത്‌ നോവി സ്‌വെറ്റ്‌ (പുതിയ ലോകം) എന്ന്‌ പിന്നീട്‌ പേരിട്ട റെസ്റ്ററ​ന്റാണ്‌. ബൈബിൾ പഠനത്തി​നും ആരാധ​ന​യ്‌ക്കു​മാ​യി മനോ​ഹ​ര​മായ രാജ്യ​ഹാ​ളു​ക​ളിൽ കൂടി​വ​രാൻ കഴിയു​ന്ന​തിൽ ഇന്ന്‌ സ്ലോ​വേ​നി​യ​യി​ലെ സാക്ഷികൾ യഹോ​വ​യ്‌ക്കു നന്ദി കരേറ്റു​ന്നു. പ്രസാ​ധ​ക​രു​ടെ എണ്ണത്തി​ലുള്ള വർധന​യും 1990-കളിലെ അനുകൂല സാഹച​ര്യ​ങ്ങ​ളും​നി​മി​ത്തം ആ വർഷം​തന്നെ ഒരു മേഖലാ നിർമാ​ണ​ക്ക​മ്മി​റ്റി രൂപം​കൊ​ള്ളു​ക​യു​ണ്ടാ​യി. 100-ലധികം സ്വമേ​ധാ​സേ​വ​ക​രു​ടെ​യും മറ്റു രാജ്യങ്ങൾ നൽകിയ ഫണ്ടി​ന്റെ​യും പിൻബ​ല​ത്തിൽ 1995 മുതൽ സഭകൾക്ക്‌ 14 രാജ്യ​ഹാ​ളു​കൾ പണിയാ​നോ പുതു​ക്കാ​നോ കഴിഞ്ഞി​ട്ടുണ്ട്‌.

പ്രസാ​ധ​ക​രു​ടെ എണ്ണം വർധി​ക്കു​ന്ന​തി​ന​നു​സ​രിച്ച്‌ സാധാരണ പയനി​യർമാ​രു​ടെ എണ്ണവും കൂടി​ക്കൊ​ണ്ടി​രു​ന്നു; 1990-ൽ അത്‌ 10 പേരാ​യി​രു​ന്നെ​ങ്കിൽ 2000-ത്തിൽ 107 പേരായി വർധിച്ചു. ആനിറ്റ്‌സ ക്രിസ്റ്റൻ ആണ്‌ അവരി​ലൊ​രാൾ; സത്യം പഠിക്കു​ന്ന​തി​നു​മുമ്പ്‌ രാഷ്‌ട്രീ​യ​രം​ഗത്ത്‌ ഒരു നിറസാ​ന്നി​ധ്യ​മാ​യി​രു​ന്നു അവർ.

മറ്റു ദേശങ്ങ​ളിൽനിന്ന്‌ സ്ലോ​വേ​നി​യ​യിൽ സേവി​ക്കാ​നെ​ത്തിയ സഹോ​ദ​രങ്ങൾ പ്രസംഗ പ്രവർത്ത​ന​ത്തി​നു പുതു​ജീ​വൻ പകർന്നു. 1992-ൽ ഫ്രാൻകോ​യും ഡെബ്ബി​യും ആദ്യ മിഷന​റി​മാ​രാ​യി ഇവി​ടെ​യെത്തി. അവരെ ആഫ്രി​ക്ക​യി​ലേക്കു നിയമി​ച്ച​പ്പോൾ മറ്റു രണ്ടുമി​ഷ​ന​റി​മാർ—ഡാനിയൽ ഫ്രി​ഡെ​ലും ഭാര്യ ക്യാരി​നും—ഓസ്‌ട്രി​യ​യിൽനി​ന്നു വന്നു. ഈ അടുത്ത​കാ​ല​ത്താണ്‌, ജെഫ്രി പവൽ ഭാര്യ റ്റോനിയ, യോഖെൻ ഫിഷർ ഭാര്യ മിഖാ​യേല എന്നീ ഗിലെ​യാദ്‌ മിഷന​റി​മാ​രെ ഇങ്ങോ​ട്ടേക്കു നിയമി​ച്ചത്‌. ഇവരെ​ക്കൂ​ടാ​തെ ഓസ്‌ട്രിയ, ഇറ്റലി, പോളണ്ട്‌ എന്നിവി​ട​ങ്ങ​ളിൽനി​ന്നുള്ള പ്രത്യേക പയനി​യർമാ​രും ഇവി​ടെ​യുണ്ട്‌. യഹോ​വ​യോ​ടുള്ള അഗാധ​മായ സ്‌നേ​ഹ​വും ആളുകളെ സഹായി​ക്കാ​നുള്ള അതിയായ ആഗ്രഹ​വു​മാണ്‌ ഇവരുടെ ഏവരു​ടെ​യും മുഖമു​ദ്ര.

ആശുപ​ത്രി ഏകോപന സമിതി​കൾ

1994-ൽ ബെഥേ​ലിൽ ഹോസ്‌പി​റ്റൽ ഇൻഫർമേഷൻ ഡെസ്‌ക്‌ പ്രവർത്തനം തുടങ്ങി. കൂടാതെ രണ്ട്‌ ആശുപ​ത്രി ഏകോപന സമിതി​ക​ളും (എച്ച്‌ എൽ സി) സ്ഥാപിച്ചു. ആ കമ്മിറ്റി​ക​ളിൽ സേവി​ക്കുന്ന ചില സഹോ​ദ​ര​ന്മാർ ആരോ​ഗ്യ​മ​ന്ത്രി​യു​മാ​യി കൂടി​ക്കാഴ്‌ച നടത്തു​ക​യും അദ്ദേഹം രാജ്യത്തെ സകല ആശുപ​ത്രി​ക​ളു​ടെ​യും ഡയറക്‌ടർമാ​രു​മാ​യി ഒരു യോഗം വിളി​ച്ചു​കൂ​ട്ടു​ക​യും ചെയ്‌തു. സഹോ​ദ​ര​ന്മാർ എച്ച്‌ എൽ സി-യുടെ പ്രവർത്തനം വിവരി​ക്കു​ക​യും യഹോ​വ​യു​ടെ സാക്ഷികൾ രക്തപ്പകർച്ച നിരസി​ക്കു​ന്ന​തി​ന്റെ കാരണം വ്യക്തമാ​ക്കു​ക​യും ചെയ്‌തു. ഡോക്‌ടർമാ​രും രക്തപ്പകർച്ച സ്വീക​രി​ക്കാത്ത രോഗി​ക​ളും തമ്മിൽ നല്ല സഹകര​ണ​ത്തിന്‌ ഇതു വഴി​തെ​ളി​ച്ചു; തന്നെയു​മല്ല ആരോ​ഗ്യ​സം​ബ​ന്ധി​യായ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ രക്തരഹിത ചികി​ത്സ​യു​ടെ വിശദീ​ക​ര​ണ​ങ്ങ​ള​ട​ങ്ങിയ ലേഖന​ങ്ങ​ളും പ്രത്യ​ക്ഷ​പ്പെ​ടാൻ തുടങ്ങി.

സ്ലോ​വേ​നി​യ​യി​ലെ ഡോക്‌ടർമാർ 1995-ൽ ആദ്യമാ​യി രക്തംകൂ​ടാ​തെ, ഹൃദയം തുറന്നുള്ള ശസ്‌ത്ര​ക്രിയ നടത്തി. വിജയ​ക​ര​മായ ഈ ശസ്‌ത്ര​ക്രി​യ​യെ​ക്കു​റിച്ച്‌ വാർത്താ​മാ​ധ്യ​മങ്ങൾ റിപ്പോർട്ടു ചെയ്‌തു; ശസ്‌ത്ര​ക്രിയ നടത്തിയ ഡോക്‌ട​റും അനസ്‌തേ​ഷ്യാ​വി​ദ​ഗ്‌ധ​നും ഇതേക്കു​റിച്ച്‌ വിജ്ഞാ​ന​പ്ര​ദ​മായ ഒരു ലേഖന​വും എഴുതു​ക​യു​ണ്ടാ​യി. അങ്ങനെ രക്തരഹിത ചികി​ത്സ​യി​ലേ​ക്കുള്ള വാതാ​യ​നങ്ങൾ മലർക്കെ തുറക്ക​പ്പെട്ടു. വൈദ്യ​ചി​കി​ത്സ​യോ​ടു ബന്ധപ്പെട്ട നമ്മുടെ നിലപാ​ടി​നെ ആദരി​ക്കാൻ കൂടുതൽ ഡോക്‌ടർമാർ ഇന്നു തയ്യാറാണ്‌.

വളർച്ച​യും വികാ​സ​വും

1991-ലെ രാഷ്‌ട്രീയ പരിവർത്ത​ന​ങ്ങൾക്കു​ശേഷം സ്ലോ​വേ​നി​യ​യി​ലെ നമ്മുടെ പ്രവർത്ത​ന​ങ്ങൾക്കു കൂടുതൽ ശ്രദ്ധ നൽകേ​ണ്ട​തിന്‌ ഒരു ഓഫീസ്‌ തുടങ്ങാൻ ഭരണസം​ഘം തീരു​മാ​നി​ച്ചു. അങ്ങനെ സ്ലോ​വേ​നി​യ​യു​ടെ തലസ്ഥാ​ന​ന​ഗ​രി​യായ ലൂബ്‌ലി​യാ​ന​യു​ടെ ഹൃദയ​ഭാ​ഗ​ത്തു​തന്നെ അതിനാ​യി ഒരു ഒറ്റനില കെട്ടിടം വാങ്ങി, പുതു​ക്കി​പ്പ​ണി​തു. 1993 ജൂലൈ 1-ന്‌, ബെഥേൽ അംഗങ്ങൾ അങ്ങോ​ട്ടേക്കു മാറി. ആദ്യം ഈ ബെഥേൽ കുടും​ബ​ത്തിൽ 10 പേർ മാത്ര​മാ​ണു​ണ്ടാ​യി​രു​ന്നത്‌; എന്നാൽ പത്തുവർഷ​ത്തി​നകം അത്‌ 35 ആയി ഉയർന്നു. അതു​കൊണ്ട്‌ അടുക്കള, അലക്കു​ശാല, ഡൈനിങ്‌ റൂം എന്നിവ​യ്‌ക്കാ​യി തൊട്ട​ടു​ത്തുള്ള മറ്റൊരു കെട്ടിടം വാടക​യ്‌ക്കെ​ടു​ത്തു. ഓഫീസ്‌ സൗകര്യ​ങ്ങൾ കൂട്ടു​ന്ന​തി​നു​വേണ്ടി സഹോ​ദ​ര​ങ്ങളെ അടുത്തുള്ള മറ്റ്‌ അപ്പാർട്ടു​മെ​ന്റു​ക​ളി​ലേക്ക്‌ മാറ്റി​പ്പാർപ്പി​ച്ചു. 1997-ൽ ഈ ഓഫീസ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സ്ലോ​വേ​നിയ ബ്രാഞ്ച്‌ ഓഫീ​സാ​യി പ്രവർത്ത​ന​മാ​രം​ഭി​ച്ചു.

സ്ലോ​വേ​നി​യ​യി​ലെ ബ്രാഞ്ചി​നു​വേണ്ടി ഒരു പുതിയ കെട്ടിടം പണിക​ഴി​പ്പി​ക്കാൻ ഭരണസം​ഘം അനുമതി നൽകി​യ​പ്പോൾ അനു​യോ​ജ്യ​മായ ഒരിട​ത്തി​നാ​യി സഹോ​ദ​രങ്ങൾ അന്വേ​ഷണം തുടങ്ങി. ഏതാണ്ട്‌ 40 വ്യത്യസ്‌ത സ്ഥലങ്ങൾ കണ്ടു വിലയി​രു​ത്തി​യ​ശേഷം മനോ​ഹ​ര​മായ പർവത​നി​ര​ക​ളു​ടെ താഴ്‌വാ​ര​ത്തിൽ, ലൂബ്‌ലി​യാ​ന​യിൽനിന്ന്‌ 20 കി.മീ. അകലെ, കാംനിക്‌ പട്ടണത്തി​ന​ടുത്ത്‌ സ്ഥലം വാങ്ങാൻ തീരു​മാ​ന​മാ​യി. പെട്ടെ​ന്നു​തന്നെ സ്ഥലവു​മാ​യി ബന്ധപ്പെട്ട നിയമ​ന​ട​പ​ടി​ക​ളെ​ല്ലാം പൂർത്തി​യാ​ക്കി, കെട്ടിട നിർമാ​ണ​ത്തി​നുള്ള അനുമതി വാങ്ങി, സ്ഥലം മേടിച്ചു, ഒരു നിർമാണ കമ്പനി​യു​മാ​യി കെട്ടിടം പണിയാ​നുള്ള കരാറിൽ ഒപ്പു​വെച്ചു, നിർമാ​ണ​ത്തിൽ സഹായി​ക്കു​ന്ന​തി​നാ​യി അന്താരാ​ഷ്‌ട്ര സേവകരെ ക്ഷണിക്കു​ക​യും ചെയ്‌തു. പണി ഉടൻതന്നെ തുടങ്ങു​മെന്നു തോന്നി.

പക്ഷേ അപ്പോ​ഴാണ്‌ ബ്രാഞ്ചു​നിർമാ​ണ​ത്തെ​ക്കു​റി​ച്ചു കേട്ടറിഞ്ഞ അയൽവാ​സി​കൾ എതിർപ്പു​മാ​യി രംഗ​ത്തെ​ത്തി​യത്‌. പണി തുട​ങ്ങേ​ണ്ടി​യി​രുന്ന ദിവസം അവർ ബാരി​ക്കേ​ഡു​കൾവെച്ച്‌ നിർമാ​ണ​സ്ഥ​ല​ത്തേ​ക്കുള്ള വഴി തടഞ്ഞു. ബാനറു​കൾ കെട്ടി പ്രതി​ഷേധം പ്രകടി​പ്പി​ച്ചു. ആറുദി​വസം കഴിഞ്ഞ്‌ ഉച്ചയോ​ടെ മുപ്പ​തോ​ളം പോലീ​സു​കാർ സ്ഥലത്തെത്തി; ബാരി​ക്കേ​ഡു​കൾ പൊളി​ച്ചു​മാ​റ്റാ​നാ​യി വിട്ടി​രുന്ന പണിക്കാ​രു​ടെ സംരക്ഷ​ണാർഥ​മാ​യി​രു​ന്നു അവർ വന്നത്‌. പ്രതി​ഷേ​ധ​ക്കാർ പോലീ​സി​നെ ചീത്തവി​ളി​ച്ചു. എന്നാൽ ഇതിനു മുമ്പു​തന്നെ പണി മാറ്റി​വെ​ച്ചി​രു​ന്ന​തു​കൊണ്ട്‌ അന്നേ ദിവസം സഹോ​ദ​ര​ങ്ങ​ളോ കമ്പനി​യി​ലെ പണിക്കാ​രോ ആരും​തന്നെ അവി​ടെ​യു​ണ്ടാ​യി​രു​ന്നില്ല. അങ്ങനെ എതിർപ്പി​ന്റെ കാഠി​ന്യം കുറഞ്ഞു​കു​റഞ്ഞു വന്നു; നമ്മുടെ സഹോ​ദ​ര​ങ്ങ​ളാ​കട്ടെ സമാധാ​ന​പ​ര​മായ ഒരു പരിഹാ​ര​ത്തി​നാ​യി യത്‌നി​ച്ചു.

നിർമാ​ണ​സ​മ​യത്ത്‌ ഉണ്ടാക്കി​യി​രുന്ന വേലി പ്രതി​ഷേ​ധ​ക്കാർ മൂന്നു​തവണ നശിപ്പി​ച്ചെ​ങ്കി​ലും ഒരു മാസത്തി​നു​ശേഷം കൂടുതൽ എതിർപ്പു​ക​ളൊ​ന്നും കൂടാതെ പണി തുടങ്ങാ​നും തുടരാ​നു​മാ​യി. എന്തായാ​ലും ഈ കോളി​ള​ക്ക​ങ്ങൾനി​മി​ത്തം നമ്മുടെ ബ്രാഞ്ച്‌ നിർമാ​ണം വാർത്താ​പ്രാ​ധാ​ന്യം നേടി. ടിവി​യി​ലും റേഡി​യോ​യി​ലും പത്രങ്ങ​ളി​ലു​മാ​യി ബ്രാഞ്ച്‌ നിർമാ​ണ​ത്തെ​ക്കു​റി​ച്ചുള്ള 150-ലേറെ​വ​രുന്ന വാർത്താ റിപ്പോർട്ടു​ക​ളു​ടെ ഒരു പ്രളയ​മാ​യി​രു​ന്നു പിന്നെ​യ​ങ്ങോട്ട്‌. ഏറെക്കു​റെ 11 മാസം​കൊണ്ട്‌ പണി പൂർത്തി​യാ​യി; 2005 ആഗസ്റ്റിൽ ബെഥേൽ കുടും​ബാം​ഗങ്ങൾ പുതിയ സ്ഥലത്തേക്കു മാറി.

അന്നുമു​തൽ സഹോ​ദ​ര​ങ്ങ​ളും അയൽക്കാ​രു​മാ​യുള്ള ബന്ധം അപ്പാടെ മാറി. നാട്ടു​കാ​രിൽ അനേകർ ബ്രാഞ്ച്‌ സന്ദർശി​ക്കാ​നെത്തി. നേരത്തേ എതിർപ്പു​ണ്ടാ​യി​രുന്ന ഒരാൾ പിന്നീട്‌ നിർമാണ പ്രവർത്ത​ന​ങ്ങ​ളിൽ വളരെ താത്‌പ​ര്യം കാണി​ക്കാൻ തുടങ്ങി. നമ്മൾ ആരാ​ണെ​ന്നും ഈ കെട്ടി​ട​ത്തി​നു​ള്ളിൽ നാം എന്തു​ചെ​യ്യാൻ പോകു​ക​യാ​ണെ​ന്നും അദ്ദേഹം തിരക്കി. ബ്രാഞ്ച്‌ സൗകര്യ​ങ്ങൾ കാണി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നാ​യി അദ്ദേഹത്തെ കൊണ്ടു​പോ​യ​പ്പോൾ തനിക്ക്‌ സ്‌നേ​ഹ​പൂർവം ലഭിച്ച സ്വീക​ര​ണ​വും അവിടത്തെ ശുചി​ത്വ​വും അദ്ദേഹത്തെ ആകർഷി​ച്ചു. അദ്ദേഹം സഹോ​ദ​ര​ന്മാ​രോ​ടു പറഞ്ഞു: “ഞാനി​പ്പോൾ നിങ്ങളു​ടെ കൂടെ​യാ​ണോ എന്നാണ്‌ എന്റെ അയൽക്കാ​രു​ടെ ചോദ്യം. ‘ഒരുകാ​ലത്ത്‌ ഞാൻ യഹോ​വ​യു​ടെ സാക്ഷി​കളെ എത്രയ​ധി​കം എതിർത്തി​രു​ന്നു​വോ ഇപ്പോൾ അത്രയ​ധി​കം അവരെ അനുകൂ​ലി​ക്കു​ന്നു; അത്ര നല്ല മനുഷ്യ​രാണ്‌ അവർ’ എന്നു ഞാൻ അവരോ​ടു പറയാ​റുണ്ട്‌.”

2006 ആഗസ്റ്റ്‌ 12 എന്ന ആ സുദി​ന​ത്തിൽ, ഭരണസം​ഘാം​ഗ​മായ തിയോ​ഡർ ജാരറ്റ്‌സ്‌ സഹോ​ദരൻ 20 രാജ്യ​ങ്ങ​ളിൽനി​ന്നുള്ള 144 പേരട​ങ്ങുന്ന സദസ്സി​നു​മു​മ്പാ​കെ സമർപ്പ​ണ​പ്ര​സം​ഗം നടത്തി. ലൂബ്‌ലി​യാ​ന​യിൽവെച്ചു നടത്തിയ ഒരു പ്രത്യേ​ക​യോ​ഗ​ത്തിൽ അദ്ദേഹം സ്ലോ​വേ​നി​യ​യു​ടെ എല്ലാഭാ​ഗ​ത്തു​നി​ന്നും അതു​പോ​ലെ ക്രൊ​യേഷ്യ, ബോസ്‌നിയ-ഹെർസ​ഗോ​വിന എന്നിവി​ട​ങ്ങ​ളിൽനി​ന്നു​മുള്ള 3,097 പേരെ അഭിസം​ബോ​ധന ചെയ്യു​ക​യു​ണ്ടാ​യി.

ശോഭ​ന​മായ ഭാവി

സ്ലോ​വേ​നി​യ​യി​ലെ സാക്ഷികൾ മുന്നോ​ട്ടു​പോ​കു​ന്നത്‌ യഹോ​വ​യു​ടെ വഴിന​ട​ത്തി​പ്പി​ലും അനു​ഗ്ര​ഹ​ത്തി​ലും പൂർണ​മാ​യും ആശ്രയി​ച്ചാണ്‌. 2004-ലെ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ പുതിയ ലോക ഭാഷാ​ന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ സ്ലൊ​വേ​നി​യൻ ഭാഷയിൽ ലഭ്യമാ​യ​പ്പോ​ഴുള്ള അവരുടെ സന്തോഷം വർണി​ക്കാൻ വാക്കുകൾ പോരാ. പുതിയ ബ്രാഞ്ചി​ന്റെ​യും കഠിനാ​ധ്വാ​നി​ക​ളായ പയനി​യർമാ​രു​ടെ​യും പിന്തു​ണ​യാൽ ഇവർ പ്രസം​ഗി​ക്കാ​നും ശിഷ്യരെ ഉളവാ​ക്കാ​നും ഉള്ള നിയോ​ഗം നിറ​വേ​റ്റാൻ ദൃഢചി​ത്ത​രാണ്‌.—മത്താ. 28:19, 20.

സ്ലോ​വേ​നി​യ​യിൽ കൂടു​ത​ലും റോമൻ കത്തോ​ലി​ക്ക​രാണ്‌; കമ്മ്യൂ​ണിസ്റ്റ്‌ കാലത്തി​ന്റെ സംഭാ​വ​ന​യായ നിരീ​ശ്വ​ര​വാ​ദ​വും ശക്തമാണ്‌. ജീവി​ത​പ്രാ​ര​ബ്ധങ്ങൾ പലരെ​യും തളർത്തി​യി​രി​ക്കു​ന്നു; പണസ്‌നേ​ഹ​ത്തിൽ ആണ്ടുകി​ട​ക്കു​ക​യാണ്‌ ചിലരു​ടെ ജീവിതം. ഇനി​വേറെ ചിലർ സ്‌പോർട്‌സി​ന്റെ​യും വിനോ​ദ​ത്തി​ന്റെ​യും പിന്നാ​ലെ​യാണ്‌. എന്നിരു​ന്നാ​ലും സത്യത​ത്‌പ​ര​രായ പലരും ബൈബി​ളി​ലെ ദൈവിക വാഗ്‌ദാ​ന​ങ്ങ​ളാൽ സ്വാധീ​നി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

പുരോ​ഗ​തി​യു​ടെ പാതയിൽ ഏറെ മുന്നോ​ട്ടു​പോ​യി​രി​ക്കു​ന്നു ഇവിടത്തെ പ്രവർത്തനം. 2008 ആഗസ്റ്റിൽ 1,935 പ്രസാ​ധ​ക​രു​ടെ അത്യു​ച്ച​മു​ണ്ടാ​യി​രു​ന്നു ഇവിടെ; പ്രസാ​ധ​ക​രിൽ നാലി​ലൊന്ന്‌ മുഴു​സമയ സേവന​ത്തി​ന്റെ ഏതെങ്കി​ലും ഒരു മേഖല​യിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ഇപ്പോൾ ഇവിടെ അൽബേ​നി​യൻ, ഇംഗ്ലീഷ്‌, ക്രൊ​യേ​ഷ്യൻ, ചൈനീസ്‌, സെർബി​യൻ എന്നീ ഭാഷകൾ കൂടാതെ സ്ലൊ​വേ​നി​യൻ ആംഗ്യ​ഭാ​ഷ​യി​ലും നമ്മുടെ പ്രവർത്തനം സജീവ​മാണ്‌. ഇന്ന്‌ സ്ലോ​വേ​നി​യ​യി​ലെ പ്രവർത്തനം, വെറും രണ്ടേരണ്ടു ബാർബർമാർ സുവാർത്ത പ്രസം​ഗി​ച്ചി​രുന്ന ആ ചെറിയ തുടക്ക​ത്തിൽനിന്ന്‌ വളരെ​യ​ധി​കം മുന്നേ​റി​യി​രി​ക്കു​ന്നു; സത്യ​ദൈ​വ​മായ യഹോ​വയെ സേവി​ക്കാൻ യോഗ്യ​രാ​യ​വരെ തിരയുന്ന പല ദേശങ്ങ​ളിൽനി​ന്നുള്ള ഉത്സാഹ​ഭ​രി​ത​രായ നിരവധി രാജ്യ​ഘോ​ഷകർ ഇന്ന്‌ ഇവി​ടെ​യുണ്ട്‌.—മത്താ. 10:11.

യൂഗോ​സ്ലാ​വി​യ എന്ന്‌ മുമ്പ്‌ അറിയ​പ്പെ​ട്ടി​രുന്ന ബാൾക്കൻ പ്രദേ​ശങ്ങൾ വളരെ​യ​ധി​കം പോരാ​ട്ട​ങ്ങ​ളി​ലൂ​ടെ​യും ഹൃദയ​വേ​ദ​ന​ക​ളി​ലൂ​ടെ​യും കഷ്ടതക​ളി​ലൂ​ടെ​യും കടന്നു​പോ​യി​ട്ടുണ്ട്‌. ചുറ്റും മത അസഹി​ഷ്‌ണു​ത​യും വംശീയ വൈര​വും തളം​കെ​ട്ടി​നിൽക്കു​മ്പോ​ഴും യഹോ​വ​യു​ടെ ജനത്തി​നി​ട​യി​ലുള്ള സ്‌നേഹം അവരെ യഥാർഥ ക്രിസ്‌തു​ശി​ഷ്യ​രെന്നു തിരി​ച്ച​റി​യി​ക്കു​ന്നു; അതു​പോ​ലെ അത്‌ സത്യാ​രാ​ധ​നയെ ഈ ലോക​ത്തി​ലെ മറ്റെന്തി​നെ​ക്കാ​ളും ഉന്നതമാ​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ദൈവി​ക​മായ ഈ സ്‌നേഹം അനേക​മാ​ളു​കളെ നിർമ​ലാ​രാ​ധ​ന​യി​ലേക്കു മാടി​വി​ളി​ച്ചി​രി​ക്കു​ന്നു; നിഷ്‌പ​ക്ഷ​രാ​യി നില​കൊ​ള്ളാ​നും ഐക്യ​ത്തോ​ടെ യഹോ​വയെ എന്നു​മെ​ന്നേ​ക്കും സേവി​ക്കാ​നും നമ്മുടെ സഹോ​ദ​ര​ങ്ങളെ സഹായി​ച്ചി​രി​ക്കു​ന്ന​തും ഇതേ സ്‌നേ​ഹ​മാണ്‌.—യെശ. 2:2-4; യോഹ. 13:35.

[അടിക്കു​റി​പ്പു​കൾ]

a ക്രൊയേഷ്യയുടെ സ്വാത​ന്ത്ര്യ​ത്തി​നാ​യി കത്തോ​ലി​ക്ക​സ​ഭ​യു​ടെ പിന്തു​ണ​യോ​ടെ പോരാ​ടിയ ഫാസിസ്റ്റ്‌ വിപ്ലവ​കാ​രി​ക​ളാണ്‌ ഉസ്റ്റാഷു​കൾ. ക്രൂര​ത​യു​ടെ പര്യാ​യ​മാ​യി​രു​ന്നു അവർ.

b രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌ രൂപം​കൊണ്ട, സെർബി​യൻ ദേശീ​യ​വാ​ദി​ക​ളായ ഒളി​പ്പോ​രാ​ളി​സം​ഘ​ത്തി​ലെ അംഗങ്ങ​ളാണ്‌ ചെറ്റ്‌നി​ക്കു​കൾ.

c അപ്പോഴത്തെ രാഷ്‌ട്രീയ സാഹച​ര്യം കണക്കി​ലെ​ടുത്ത്‌ “ദിവ്യ” എന്ന വാക്കും കൂടെ കൂട്ടി​ച്ചേർക്കു​ക​യാ​യി​രു​ന്നു. സഹോ​ദ​രങ്ങൾ ഏതുതരം സ്വാത​ന്ത്ര്യ​മാണ്‌ ആഗ്രഹി​ക്കു​ന്ന​തെന്നു വ്യക്തമാ​ക്കാ​നാ​യി​രു​ന്നു അത്‌.

d 1994 നവംബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 23-27 പേജു​ക​ളി​ലെ “നമ്മുടെ വിശ്വാസ കുടും​ബ​ത്തിൽപ്പെട്ട ബോസ്‌നി​യ​ക്കാ​രെ സഹായി​ക്കൽ” എന്ന ലേഖനം കാണുക.

[165-ാം പേജിലെ ആകർഷക വാക്യം]

യൂഗോസ്ലാവിയൻ അതിർത്തി​ക്കു​ള്ളിൽത്തന്നെ രാഷ്‌ട്രീയ-മത വികാ​രങ്ങൾ ആളിക്ക​ത്തു​മ്പോൾ, നമ്മുടെ സഹോ​ദ​രങ്ങൾ ഐക്യ​ത്തിൽ ഒന്നിച്ചു​നി​ന്നു

[173-ാം പേജിലെ ആകർഷക വാക്യം]

‘മനുഷ്യ​നെ പ്രീതി​പ്പെ​ടു​ത്തു​ക​യാ​ണോ എന്റെ ലക്ഷ്യം? അല്ല! മറ്റുള്ളവർ എന്തു ചിന്തി​ക്കു​ന്നു, പറയുന്നു, ചെയ്യുന്നു എന്നതി​ന്റെ​യൊ​ക്കെ അടിസ്ഥാ​ന​ത്തി​ലാ​ണോ എന്റെ ജീവിതം? അല്ല!’

[144-ാം പേജിലെ ചതുരം]

വൈവിധ്യങ്ങൾ നിറഞ്ഞ മുൻയൂ​ഗോ​സ്ലാ​വിയ

മുൻയൂ​ഗോ​സ്ലാ​വി​യ​യി​ലെ വൈവി​ധ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചോദി​ച്ചാൽ പലരു​ടെ​യും ഉത്തരം പലതാ​യി​രി​ക്കും. എന്നാൽ വ്യത്യസ്‌ത ഭാഷകൾ സംസാ​രി​ക്കുന്ന (അതും വ്യത്യസ്‌ത ലിപി​ക​ളോ​ടു​കൂ​ടി​യത്‌), വ്യത്യസ്‌ത മതവി​ശ്വാ​സം പുലർത്തുന്ന ഏഴ്‌ വംശീയ കൂട്ടങ്ങൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നു എന്നതി​നോട്‌ എല്ലാവ​രും യോജി​ക്കും. മുഖ്യ​മാ​യും മതത്തിന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌ വംശീയ കൂട്ടങ്ങൾ വേർതി​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌. 1,000-ത്തിലധി​കം വർഷം​മുമ്പ്‌, റോമൻക​ത്തോ​ലി​ക്ക​രും ഓർത്ത​ഡോ​ക്‌സ്‌ കത്തോ​ലി​ക്ക​രു​മാ​യി ക്രൈ​സ്‌തവ വിശ്വാ​സി​കൾ വിഭജി​ത​രാ​യി​രു​ന്നു. ഈ ഇരുവി​ഭാ​ഗ​ങ്ങൾക്കും മധ്യേ​യുള്ള വിഭജ​ന​രേഖ കടന്നു​പോ​കു​ന്നത്‌ മുൻയൂ​ഗോ​സ്ലാ​വി​യ​യു​ടെ ഹൃദയ​ഭാ​ഗ​ത്തു​കൂ​ടി​യാണ്‌. ക്രൊ​യേഷ്യ, സ്ലോ​വേ​നിയ എന്നിവി​ട​ങ്ങ​ളി​ലു​ള്ളവർ മുഖ്യ​മാ​യും കത്തോ​ലി​ക്ക​രാണ്‌; സെർബി​യ​യി​ലും മാസി​ഡോ​ണി​യ​യി​ലു​മു​ള്ളവർ ഓർത്ത​ഡോ​ക്‌സു​കാ​രും. ബോസ്‌നി​യ​യി​ലാ​കട്ടെ, മുസ്ലീ​ങ്ങ​ളെ​യും കത്തോ​ലി​ക്ക​രെ​യും ഓർത്ത​ഡോ​ക്‌സു​കാ​രെ​യും കാണാം.

മതത്തെ​പ്പോ​ലെ​തന്നെ ഭാഷയും ആളുകളെ ഭിന്നി​പ്പി​ച്ചി​രി​ക്കു​ന്നു. കൊ​സോ​വോ​യിൽ ഒഴികെ, മുൻയൂ​ഗോ​സ്ലാ​വി​യ​യി​ലുള്ള മിക്കവ​രും സംസാ​രി​ക്കു​ന്നത്‌ തെക്കൻ സ്ലാവിക്‌ ഭാഷയാണ്‌. ഓരോ രാജ്യ​ത്തി​നും തനതായ ഭാഷയു​ണ്ടെ​ങ്കി​ലും, പൊതു​വാ​യി ഉപയോ​ഗി​ക്കുന്ന പല പദങ്ങളു​ള്ള​തി​നാൽ സെർബിയ, ക്രൊ​യേഷ്യ, ബോസ്‌നിയ, മോൺടേ​നേ​ഗ്രോ എന്നിവി​ട​ങ്ങ​ളി​ലു​ള്ള​വർക്ക്‌ പരസ്‌പരം ആശയവി​നി​മയം നടത്താ​നാ​കും. എന്നാൽ കൊ​സോ​വോ, മാസി​ഡോ​ണിയ, സ്ലോ​വേ​നിയ എന്നിവി​ട​ങ്ങ​ളി​ലെ സ്ഥിതി അതല്ല. 19-ാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ടെ സമാന​ത​ക​ളുള്ള ഭാഷകളെ ഏകീക​രി​ക്കാൻ ഒരു ശ്രമം നടത്തി​യെ​ങ്കി​ലും 1991-ലെ യൂഗോ​സ്ലാ​വി​യ​യു​ടെ വിഭജ​ന​ത്തോ​ടെ അത്‌ അവസാ​നി​ച്ചു. കഴിഞ്ഞ ഒരു ദശാബ്ദ​ത്തി​ല​ധി​ക​മാ​യി, ചില വാക്കുകൾ ഉപയോ​ഗി​ക്കു​ക​യോ പൊതു​വായ ചില വാക്കുകൾ ഉപേക്ഷി​ക്കു​ക​യോ ചെയ്‌തു​കൊണ്ട്‌ സ്വന്തം ഭാഷയു​ടെ തനിമ വീണ്ടെ​ടു​ക്കാ​നുള്ള ശ്രമത്തി​ലാണ്‌ എല്ലാ രാജ്യ​ക്കാ​രും.

[148-ാം പേജിലെ ചതുരം/ ചിത്രം]

വാച്ച്‌ റിപ്പെ​യറർ സ്ലാവോ​ന്യ​യിൽ സത്യം പ്രചരി​പ്പി​ക്കു​ന്നു

1930-കളിൽ, വാച്ചും ക്ലോക്കു​മൊ​ക്കെ നന്നാക്കാൻ ക്രൊ​യേ​ഷ്യ​യി​ലെ ഗ്രാമ​ങ്ങൾതോ​റും പോയി​രുന്ന വ്യക്തി​യാ​യി​രു​ന്നു ആന്റൺ ആബ്ര​മൊ​വിച്ച്‌. അവിടത്തെ ഒരു സത്രത്തിൽവെച്ച്‌ അദ്ദേഹ​ത്തിന്‌ നമ്മുടെ ഒരു ചെറു​പു​സ്‌തകം കിട്ടി. വായിച്ച ഉടനെ​തന്നെ അതു സത്യമാ​ണെന്ന്‌ അദ്ദേഹം തിരി​ച്ച​റി​ഞ്ഞു; അദ്ദേഹ​ത്തി​ന്റെ ഹൃദയത്തെ അത്‌ ആഴത്തിൽ സ്‌പർശി​ച്ചു. അതു​കൊണ്ട്‌ കൂടുതൽ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ ബ്രാഞ്ചി​ലേക്ക്‌ എഴുതി. അധികം താമസി​യാ​തെ അദ്ദേഹം യഹോ​വ​യു​ടെ ഒരു സമർപ്പിത ദാസനാ​യി​ത്തീർന്നു. അതിനു​ശേഷം, വാച്ചു​ന​ന്നാ​ക്കാ​നാ​യി ഗ്രാമ​ങ്ങ​ളി​ലൂ​ടെ പോകു​മ്പോൾ അദ്ദേഹം ആളുകളെ സുവാർത്ത​യും അറിയി​ച്ചി​രു​ന്നു. അവിടെ നമ്മുടെ പ്രവർത്തനം നിരോ​ധി​ച്ചി​രു​ന്ന​തി​നാൽ ജോലി​യെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നുള്ള ഒരു മറയായി ഉപയോ​ഗി​ക്കാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞു. പ്രീവ​ലാ​കാ എന്ന ഒരു ചെറു​ഗ്രാ​മ​ത്തിൽ അദ്ദേഹം കണ്ടുമു​ട്ടിയ ഒരുകൂ​ട്ടം ആളുകൾ സത്യം ഇരു​കൈ​യും നീട്ടി സ്വീക​രി​ച്ചു. കാല​ക്ര​മ​ത്തിൽ, ഒരു ചെറിയ സഭതന്നെ അവിടെ രൂപം​കൊ​ണ്ടു. അവി​ടെ​നിന്ന്‌ വിങ്കോ​ഫി​റ്റ്‌സി​യി​ലേ​ക്കും സമീപ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും സത്യം വ്യാപി​ക്കു​ക​യു​ണ്ടാ​യി.

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ ഉടനീളം, രഹസ്യ​ത്തിൽ അച്ചടി​ച്ചി​രുന്ന സാഹി​ത്യ​ങ്ങൾ യൂഗോ​സ്ലാ​വി​യ​യി​ലെ​മ്പാ​ടും എത്തിക്കു​ന്ന​തിൽ ആബ്ര​മൊ​വിച്ച്‌ സഹോ​ദരൻ ഒരു പങ്കുവ​ഹി​ച്ചു. തന്റെ തീക്ഷ്‌ണ​മായ പ്രവർത്ത​നം​നി​മി​ത്തം അദ്ദേഹം തടവി​ലാ​ക്ക​പ്പെട്ടു. 1947-ൽ ദീർഘ​കാല തടവു​ശി​ക്ഷ​യ്‌ക്കു വിധി​ക്ക​പ്പെട്ട 14 സഹോ​ദ​ര​ന്മാ​രു​ടെ കൂട്ടത്തിൽ അദ്ദേഹ​വും ഉണ്ടായി​രു​ന്നു. മോചി​ത​നാ​യ​ശേഷം അദ്ദേഹം സഞ്ചാര​മേൽവി​ചാ​ര​ക​നാ​യി സേവിച്ചു. യഹോ​വ​യു​ടെ സേവന​ത്തിൽ അദ്ദേഹ​ത്തി​നു​ണ്ടാ​യി​രുന്ന തീക്ഷ്‌ണത അവസാ​ന​ത്തോ​ളം ജ്വലി​ച്ചു​നി​ന്നു.

[151-ാം പേജിലെ ചതുരം/ ചിത്രം]

ഒരു വാദ്യ​വൃന്ദ നായകൻ പയനി​യ​റാ​കു​ന്നു

അനേകം വർഷങ്ങൾക്കു​മുമ്പ്‌ ഇന്നത്തെ ബോസ്‌നിയ-ഹെർസ​ഗോ​വി​ന​യി​ലെ റോയൽ ഗാർഡ്‌സ്‌ ഓർക്കെ​സ്‌ട്ര​യ്‌ക്ക്‌ നേതൃ​ത്വം വഹിച്ചി​രുന്ന ആൽ​ഫ്രെഡ്‌ റ്റൂച്ചാ​ക്കിന്‌ തന്റെ സഹജോ​ലി​ക്കാ​ര​നായ ഫ്രിറ്റ്‌സ്‌ ഗ്രോ​ജ​റിൽനി​ന്നു ബൈബിൾ സാഹി​ത്യ​ങ്ങൾ ലഭിച്ചു. 1920-കളുടെ അവസാ​ന​ത്തി​ലാ​യി​രി​ക്കണം, തനി​ക്കൊ​രു സാധാരണ പയനിയർ ആകണ​മെന്നു പറഞ്ഞ്‌ അദ്ദേഹം മാരി​ബോ​റി​ലെ ലൈറ്റ്‌ഹൗസ്‌ സൊ​സൈ​റ്റി​യു​മാ​യി ബന്ധപ്പെട്ടു. കാല​ക്ര​മ​ത്തിൽ, അദ്ദേഹം യൂഗോ​സ്ലാ​വി​യ​യി​ലെ ആദ്യത്തെ പയനി​യർമാ​രിൽ ഒരാളാ​യി. മിലി​റ്ററി ഓർക്കെ​സ്‌ട്ര​യി​ലെ ജോലി നല്ല വരുമാ​ന​മു​ള്ള​താ​യി​രു​ന്നു. എന്നിട്ടും, ആ ജോലി ഉപേക്ഷി​ക്കാ​നും ‘പുറ​കോ​ട്ടു നോക്കാ​തി​രി​ക്കാ​നും’ യഹോ​വ​യോ​ടുള്ള സ്‌നേഹം അദ്ദേഹത്തെ പ്രേരി​പ്പി​ച്ചു. (ലൂക്കൊ. 9:62) 1930-കളുടെ തുടക്ക​ത്തിൽ അദ്ദേഹം ജർമനി​യിൽനി​ന്നുള്ള പയനി​യർമാ​രോ​ടൊ​പ്പം സഞ്ചരിച്ച്‌ “സൃഷ്ടി​പ്പിൻ ഫോട്ടോ നാടകം” പ്രദർശി​പ്പി​ച്ചു. യൂഗോ​സ്ലാ​വി​യ​യിൽ പ്രസം​ഗ​പ്ര​വർത്തനം സംഘടി​പ്പി​ക്കു​ന്ന​തിന്‌ പ്രദേശ കാർഡു​കൾ ഉണ്ടാക്കാ​നും അദ്ദേഹം സഹായി​ച്ചു. 1934-ൽ ഒരു ജർമൻ പയനി​യ​റായ ഫ്രീഡയെ അദ്ദേഹം വിവാഹം ചെയ്‌തു. ബോസ്‌നി​യ​യി​ലെ സാര​യെ​വോ​യി​ലാ​യി​രു​ന്നു അവരുടെ ആദ്യത്തെ നിയമനം. പിന്നീട്‌ അവർ മാസി​ഡോ​ണി​യ​യു​ടെ ചിലഭാ​ഗ​ങ്ങ​ളി​ലും, മോൺടേ​നേ​ഗ്രോ, ക്രൊ​യേഷ്യ, സെർബിയ എന്നിവി​ട​ങ്ങ​ളി​ലും പ്രസം​ഗി​ച്ചു. ആദ്യ​മൊ​ക്കെ സൈക്കി​ളി​ലാ​യി​രു​ന്നു അവർ മിക്കവാ​റും യാത്ര ചെയ്‌തി​രു​ന്നത്‌. പിന്നീട്‌ യാത്ര ബൈക്കി​ലാ​ക്കി. അന്നൊക്കെ ആളുകൾ അത്ര പെട്ടെ​ന്നൊ​ന്നും സുവാർത്ത സ്വീക​രി​ച്ചി​രു​ന്നില്ല; പ്രസം​ഗ​വേല നിരോ​ധി​ച്ചി​രു​ന്നു. എന്നിട്ടും, കഴിയു​ന്നത്ര ആളുക​ളു​ടെ പക്കൽ സുവാർത്ത എത്തിക്കാൻ അവർ ശ്രമിച്ചു.

[155, 156 പേജു​ക​ളി​ലെ ചതുരം/ ചിത്രങ്ങൾ]

ആരോഗ്യപ്രശ്‌നങ്ങളിൽ തളരാതെ . . .

ഒരുകൂ​ട്ടം പയനി​യർമാർക്കു നേതൃ​ത്വം നൽകാൻ മാർട്ടിൻ പൊ​യെ​റ്റ്‌സി​ങ്ങറെ യൂഗോ​സ്ലാ​വി​യ​യിൽ നിയമി​ച്ചു. അതിനു​മുമ്പ്‌, അദ്ദേഹം പല മധ്യയൂ​റോ​പ്യൻ രാജ്യ​ങ്ങ​ളി​ലും പയനി​യ​റാ​യി സേവി​ച്ചി​ട്ടുണ്ട്‌. അക്കാല​ത്താണ്‌ ജർമനി​യിൽനി​ന്നുള്ള തീക്ഷ്‌ണ​ത​യുള്ള ഒരു പയനി​യ​റായ ഗെർട്രൂഡ്‌ മെൻഡെയെ അദ്ദേഹം കണ്ടുമു​ട്ടു​ന്നത്‌. (പിന്നീട്‌ 1936-ലാണ്‌ ഇവർ വിവാ​ഹി​ത​രാ​യത്‌) ആരോ​ഗ്യ​പ്ര​ശ്‌നം നേരി​ടാൻ പയനി​യർമാർക്ക്‌ യഹോ​വ​യിൽ ആശ്രയി​ക്കു​കയേ നിവൃ​ത്തി​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. അവർക്ക്‌ ഇൻഷ്വ​റൻസ്‌ ഉണ്ടായി​രു​ന്നില്ല; പക്ഷേ, ആവശ്യ​ങ്ങ​ളെ​ല്ലാം നടന്നു​പോ​യി​രു​ന്നു. ചില അടിയ​ന്തിര സാഹച​ര്യ​ങ്ങ​ളിൽ സഹായ​മ​ന​സ്‌ക​രായ ആളുകളെ ഉപയോ​ഗിച്ച്‌ യഹോവ അവരെ സഹായി​ച്ചു. ഒരിക്കൽ സാ​ഗ്രെ​ബിൽവെച്ച്‌ മാർട്ടിൻ സഹോ​ദ​രന്‌ ഗുരു​ത​ര​മായ ഒരു അസുഖം ഉണ്ടായി. ഗെർട്രൂഡ്‌ സഹോ​ദ​രി​യാ​യി​രു​ന്നു സഹായ​ത്തിന്‌ ഉണ്ടായി​രു​ന്നത്‌.

ഗെർട്രൂഡ്‌ ഓർക്കു​ന്നു: “1930-കളുടെ മധ്യത്തിൽ മാർട്ടി​നും എനിക്കും സാര​യെ​വോ​യി​ലേക്കു നിയമനം ലഭിച്ചു. പക്ഷേ, ഞങ്ങൾക്കു രണ്ടു​പേർക്കും പോകാ​നാ​യില്ല; പ്രതീ​ക്ഷി​ച്ച​തു​പോ​ലെ​യൊ​ന്നു​മല്ല കാര്യങ്ങൾ നീങ്ങി​യത്‌. ഒരു ദിവസം വൈകു​ന്നേരം മാർട്ടി​നു സുഖമി​ല്ലാ​തെ​യാ​യി; രാത്രി​യാ​യ​പ്പോ​ഴേ​ക്കും 103 ഡിഗ്രി പനിയും. പിറ്റേ​ദി​വസം രാവിലെ ഞാൻ മാർട്ടി​നെ കാണാൻ ചെന്ന​പ്പോൾ വീട്ടു​ടമസ്ഥ അദ്ദേഹ​ത്തി​ന്റെ അവസ്ഥയിൽ ആശങ്ക പ്രകടി​പ്പി​ച്ചു. ചൂടു​വീ​ഞ്ഞിൽ ഏറെ പഞ്ചസാ​ര​യിട്ട്‌ രോഗി​ക്കു കുടി​ക്കാൻ കൊടു​ക്കുന്ന ഒരു രീതി ആ പ്രദേ​ശ​ത്തു​ണ്ടാ​യി​രു​ന്നു. ഞങ്ങൾ അതു പരീക്ഷി​ച്ചു; പക്ഷേ, ഫലമു​ണ്ടാ​യില്ല. ടെലി​ഫോൺ ഡയറക്‌ട​റി​യിൽ കണ്ട പല ഡോക്‌ടർമാ​രു​ടെ​യും നമ്പറിൽ ഞാൻ വിളി​ച്ചു​നോ​ക്കി. അവരാ​രും ഉടനെ വരാൻ തയ്യാറാ​യില്ല; ഓരോ​രോ കാരണം പറഞ്ഞ്‌ എല്ലാവ​രും കൈ​യൊ​ഴി​ഞ്ഞു.

“ഒടുവിൽ വീട്ടു​ടമസ്ഥ നിർദേ​ശി​ച്ച​ത​നു​സ​രിച്ച്‌ ഞാൻ ആശുപ​ത്രി​യു​ടെ തലവനെ വിളിച്ചു; 104 ഡിഗ്രി പനിയാ​യിട്ട്‌ മാർട്ടിൻ കിടപ്പി​ലാണ്‌ എന്നു പറഞ്ഞു. സൗഹൃ​ദ​ഭാ​വം പ്രകടി​പ്പിച്ച ആ മനുഷ്യൻ ആംബു​ലൻസ്‌ അയച്ചു. മാർട്ടി​നെ ആംബു​ലൻസിൽ കയറ്റുന്ന സമയത്ത്‌ വീട്ടു​ടമസ്ഥ എന്നോടു പറഞ്ഞു: ‘നിനക്ക്‌ ഇനി അദ്ദേഹത്തെ കാണാ​നാ​കില്ല.’”

“പണത്തി​നും ബുദ്ധി​മു​ട്ടാ​യി​രു​ന്നു. സാഹി​ത്യ​ങ്ങൾക്കു ലഭിച്ചി​രുന്ന സംഭാവന മാത്ര​മാ​യി​രു​ന്നു ഞങ്ങൾ പയനി​യർമാർക്ക്‌ ഉണ്ടായി​രുന്ന ഏക വരുമാ​നം. അതു​കൊണ്ട്‌ കഷ്ടിച്ച്‌ കഴിഞ്ഞു​കൂ​ടാ​മെ​ന്നു​മാ​ത്രം. എന്തു​ചെ​യ്യ​ണ​മെ​ന്നോ ചികി​ത്സ​യ്‌ക്ക്‌ എന്തു ചെലവാ​കു​മെ​ന്നോ ഒന്നും ഒരു രൂപവും ഉണ്ടായി​രു​ന്നില്ല. മാർട്ടി​നെ പരി​ശോ​ധി​ച്ച​ശേഷം, അദ്ദേഹ​ത്തിന്‌ ശ്വാസ​കോ​ശത്തെ ബാധി​ക്കുന്ന പ്ലൂറിസി എന്ന ഗുരു​ത​ര​മായ രോഗ​മാ​ണെ​ന്നും ശസ്‌ത്ര​ക്രിയ വേണ​മെ​ന്നും ഡോ. റ്റാല പറഞ്ഞു; മാത്രമല്ല, സുഖം പ്രാപി​ക്കാൻ സമയ​മെ​ടു​ക്കു​മെ​ന്നും.

“ഞങ്ങളുടെ സാമ്പത്തിക ബുദ്ധി​മുട്ട്‌ ഡോക്‌ടർക്കു മനസ്സി​ലാ​യെന്നു തോന്നു​ന്നു. കാരണം, ‘നിങ്ങ​ളെ​പ്പോ​ലെ വിശ്വാ​സ​മു​ള്ള​വരെ എനിക്കു സഹായി​ക്കണം’ എന്നു പറഞ്ഞ്‌ അദ്ദേഹം ശസ്‌ത്ര​ക്രി​യ​യ്‌ക്കു പണം വാങ്ങി​യില്ല. അങ്ങനെ, യഹോ​വ​യു​ടെ സഹായ​ത്താൽ ഞങ്ങൾ ആ പ്രതി​സ​ന്ധി​യെ അതിജീ​വി​ച്ചു. മാർട്ടി​ന്റെ അസുഖം​നി​മി​ത്തം ഞങ്ങൾ സാര​യെ​വോ​യി​ലേക്കു പോകാ​തെ ജർമനി​യി​ലേക്കു മടങ്ങി.”

[ചിത്രം]

മാർട്ടിൻ പൊ​യെ​റ്റ്‌സി​ങ്ങർ ജർമനി​യിൽ, 1931

[161, 162 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

പകൽ ജോലി, രാത്രി​യിൽ അച്ചടി

ലിനാ ബാബിക്‌

ജനനം 1925

സ്‌നാനം 1946

സംക്ഷിപ്‌ത വിവരം വേലയ്‌ക്ക്‌ നിയമാം​ഗീ​കാ​രം ലഭിച്ച 1953 മുതൽ ബെഥേ​ലിൽ സേവി​ച്ചു​വ​രു​ന്നു. മാസി​ക​ക​ളും സാഹി​ത്യ​ങ്ങ​ളും അച്ചടി​ക്കു​ന്ന​തി​ലും കയറ്റി അയയ്‌ക്കു​ന്ന​തി​ലും സഹായി​ച്ചു. സാ​ഗ്രെ​ബി​ലെ ബെഥേ​ലിൽ അവർ ഇന്നും വിശ്വ​സ്‌ത​ത​യോ​ടെ സേവി​ക്കു​ന്നു.

സഹോ​ദ​ര​ന്മാർ ജയിൽ മോചി​ത​രാ​യ​ശേഷം, മാസി​കകൾ അച്ചടി​ക്കാ​നുള്ള ഒരുക്കങ്ങൾ പെട്ടെ​ന്നു​തന്നെ തുടങ്ങി. വേല വളരെ ഉണ്ടായി​രു​ന്നു; എന്നാൽ സഹോ​ദ​ര​ന്മാർ കുറവും. അതു​കൊണ്ട്‌ എനി​ക്കൊ​രു ജോലി ഉണ്ടായി​രു​ന്നി​ട്ടും സഹായി​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു. അങ്ങനെ, പകൽ മുഴുവൻ ജോലി ചെയ്‌തിട്ട്‌ രാത്രി​യിൽ വളരെ വൈകു​ന്ന​തു​വരെ ഞാൻ സാഹി​ത്യ​ങ്ങൾ അച്ചടി​ക്കുന്ന പണിയി​ലേർപ്പെട്ടു.

അക്കാലത്ത്‌, ബ്രാഞ്ചിന്‌ പട്ടണത്തിൽ സ്വന്തമാ​യൊ​രു കെട്ടിടം ഉണ്ടായി​രു​ന്നില്ല. അതു​കൊണ്ട്‌ പെറ്റാർ യെലി​ചും ഭാര്യ യെലനാ​യും ഒരു മുറി​മാ​ത്ര​മുള്ള തങ്ങളുടെ വീട്‌ സാഹി​ത്യ​ങ്ങ​ളു​ടെ പകർപ്പു​ണ്ടാ​ക്കാ​നാ​യി വിട്ടു​തന്നു. കഷ്ടിച്ച്‌ നാലര അടി നീളവും നാലര അടി വീതി​യും മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ ആ മുറിക്ക്‌. തടി​കൊ​ണ്ടുള്ള ഒരു ഫ്രെയി​മിൽ തുണി വിരിച്ച്‌, കട്ടിലിൽ വെച്ചിട്ട്‌ അതിനു​മു​ക​ളി​ലാണ്‌ അച്ചടിച്ച പേപ്പറു​കൾ അടുക്കി​യി​രു​ന്നത്‌. കട്ടിലി​ന​ടുത്ത്‌ ഇട്ടിരുന്ന ഒരു മേശയി​ലാ​യി​രു​ന്നു കൈ​കൊ​ണ്ടു പ്രവർത്തി​പ്പി​ക്കുന്ന മിമി​യോ​ഗ്രാഫ്‌ വെച്ചി​രു​ന്നത്‌. മണിക്കൂ​റിൽ ഏതാണ്ട്‌ 800 പേജ്‌ ഞങ്ങൾ തയ്യാറാ​ക്കി. ഇന്നത്തെ പ്രസ്സു​ക​ളു​മാ​യുള്ള താരത​മ്യ​ത്തിൽ അത്‌ ഒന്നുമല്ല. എന്നാൽ ഞങ്ങൾ സംതൃ​പ്‌ത​രാ​യി​രു​ന്നു; കാരണം, ക്ഷമയോ​ടെ കഠിനാ​ധ്വാ​നം ചെയ്‌ത്‌ ആവശ്യ​മായ സാഹി​ത്യ​ങ്ങ​ളെ​ല്ലാം ഉത്‌പാ​ദി​പ്പി​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞി​രു​ന്നു.

ഞങ്ങൾ ജോലി​നി​റു​ത്തി, അച്ചടിച്ച പേപ്പറു​ക​ളെ​ല്ലാം കട്ടിലിൽനിന്ന്‌ എടുത്തു​മാ​റ്റു​ന്ന​തു​വരെ യെലിച ദമ്പതികൾ ക്ഷമയോ​ടെ കാത്തി​രി​ക്കു​മാ​യി​രു​ന്നു. അതിനു​ശേഷം വേണമാ​യി​രു​ന്നു അവർക്ക്‌ ഉറങ്ങാൻ. എന്നിട്ടും, അവർ ഒരിക്ക​ലും പരിഭ​വി​ച്ചില്ല. അവർക്ക്‌ സന്തോ​ഷമേ ഉണ്ടായി​രു​ന്നു​ള്ളൂ. ഇത്തരത്തിൽ, രാജ്യ​വേ​ലയെ പിന്തു​ണ​യ്‌ക്കാ​നാ​കു​ന്ന​തി​ന്റെ ആഹ്ലാദം അവരുടെ കണ്ണുക​ളിൽ ദൃശ്യ​മാ​യി​രു​ന്നു. സാധ്യ​മാ​യ​പ്പോ​ഴെ​ല്ലാം മറ്റു പ്രായ​മായ സഹോ​ദ​രി​മാ​രോ​ടൊ​പ്പം യെലനാ​യും അച്ചടിച്ച പേജുകൾ അടുക്കി​വെ​ക്കാ​നും തുന്നാ​നും മടക്കാ​നും ഒക്കെ സഹായി​ച്ചു. അത്‌ വലി​യൊ​രു സഹായം​തന്നെ ആയിരു​ന്നു.

1958-ൽ വൈദ്യു​തി​കൊ​ണ്ടു പ്രവർത്തി​ക്കുന്ന മിമി​യോ​ഗ്രാഫ്‌ കിട്ടി​യ​തോ​ടെ അച്ചടി എളുപ്പ​മാ​യി. 1931-ൽ മാസി​ക​ക​ളു​ടെ വെറും 20 പ്രതി അച്ചടി​ച്ചി​രുന്ന സ്ഥാനത്ത്‌ 1960-കളുടെ പ്രാരം​ഭ​ത്തോ​ടെ അത്‌ 2,400 ആയി; അതും ക്രൊ​യേ​ഷ്യൻ, സെർബി​യൻ (സിറി​ലിക്‌), സ്ലൊ​വേ​നി​യൻ എന്നീ മൂന്നു ഭാഷക​ളിൽ. പുസ്‌ത​കങ്ങൾ തയ്യാറാ​ക്കാ​നാ​യി​ല്ലെ​ങ്കി​ലും, ചെറു​പു​സ്‌ത​കങ്ങൾ അച്ചടി​ക്കാ​നാ​യി. ഏറ്റവും കൂടുതൽ അച്ചടി നടന്നത്‌ 1966-ലായി​രു​ന്നു. “ദൈവ​ത്തി​നു ഭോഷ്‌കു പറയു​വാൻ അസാദ്ധ്യ​മായ കാര്യങ്ങൾ” എന്ന പുസ്‌തകം 12 ചെറു​പു​സ്‌ത​ക​ങ്ങ​ളാ​യി അച്ചടിച്ചു. ആ 12 ചെറു​പു​സ്‌ത​കങ്ങൾ ചേർത്താൽ ഒരു പുസ്‌ത​ക​മാ​യി​രു​ന്നു. 50,000 പുസ്‌ത​ക​ങ്ങൾക്കു​വേണ്ടി മൂന്നു ഭാഷക​ളി​ലും​കൂ​ടെ 6,00,000 ചെറു​പു​സ്‌ത​കങ്ങൾ അച്ചടി​ക്കേ​ണ്ടി​വന്നു. പുറ​ത്തൊ​രു പ്രസ്സി​ലാണ്‌ അതു ചെയ്‌തത്‌.

ഇന്നു ഞാൻ സാ​ഗ്രെബ്‌ ബെഥേ​ലിൽ സേവി​ക്കു​ന്നു. യഹോ​വ​യു​ടെ സേവന​ത്തിൽ ആയിരുന്ന കഴിഞ്ഞ കാലങ്ങ​ളി​ലേക്കു തിരി​ഞ്ഞു​നോ​ക്കു​മ്പോൾ മുൻയൂ​ഗോ​സ്ലാ​വി​യ​യി​ലെ എല്ലാ രാജ്യ​ങ്ങ​ളി​ലെ വേല​യെ​യും യഹോവ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നത്‌ എനിക്ക്‌ കാണാം. അത്‌ എനിക്ക്‌ വളരെ സന്തോഷം പകരുന്നു.

[176, 177 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

“ഒറ്റ ദിവസം​കൊണ്ട്‌ കാര്യങ്ങൾ പാടേ മാറി​മ​റി​ഞ്ഞേ​ക്കാം”

ഈവിറ്റ്‌സെ സെംല്യാൻ

ജനനം 1948

സ്‌നാനം 1961

സംക്ഷിപ്‌ത വിവരം നിഷ്‌പക്ഷ നിലപാ​ടി​ന്റെ പേരിൽ അഞ്ചുതവണ ജയിൽവാ​സം അനുഭ​വി​ക്കേ​ണ്ടി​വന്നു. പിന്നീട്‌ അദ്ദേഹം വാരാന്ത സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി സേവിച്ചു. ഇപ്പോൾ സാ​ഗ്രെ​ബി​ലെ ഒരു സഭയിൽ മൂപ്പനാ​യി സേവി​ക്കു​ന്നു.

എന്റെ മാതാ​പി​താ​ക്കൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​രു​ന്നു. ബൈബിൾസ​ത്യ​മാ​യി​രു​ന്നു വീട്ടിലെ സംസാ​ര​വി​ഷ​യം​തന്നെ. അങ്ങനെ​യി​രി​ക്കെ, സൈനി​ക​സേ​വനം ചെയ്യാൻ ആവശ്യ​പ്പെ​ട്ടു​കൊ​ണ്ടുള്ള ഉത്തരവ്‌ എനിക്കു ലഭിച്ചു. റിപ്പോർട്ടു​ചെ​യ്യാൻ ചെന്ന​പ്പോൾ, സൈനി​ക​സേ​വനം നിരസി​ക്കു​ന്ന​തി​ന്റെ കാരണം വ്യക്തമാ​ക്കുന്ന ഒരു ഔദ്യോ​ഗിക പ്രസ്‌താ​വന നടത്താ​നുള്ള ആഗ്രഹം ഞാൻ അറിയി​ച്ചു. എന്റെ നിഷ്‌പക്ഷ നിലപാട്‌ വ്യക്തമാ​ക്കി​ക്ക​ഴി​ഞ്ഞ​പ്പോൾ, എന്നെ വിചാ​ര​ണ​ചെ​യ്‌ത്‌ ഒൻപതു മാസത്തെ തടവു​ശിക്ഷ വിധിച്ചു. ശിക്ഷക​ഴിഞ്ഞ്‌ വീട്ടി​ലെ​ത്തു​മ്പോൾ സൈനി​ക​സേ​വ​ന​ത്തി​നുള്ള അടുത്ത ഉത്തരവ്‌ എന്നെയും കാത്തി​രി​പ്പു​ണ്ടാ​യി​രു​ന്നു. വീണ്ടും വിചാരണ, ജയിൽവാ​സം. ഒരു വർഷ​ത്തേ​ക്കാ​യി​രു​ന്നു അടുത്ത ശിക്ഷ. ഈ ശിക്ഷ കഴിഞ്ഞി​റ​ങ്ങു​മ്പോൾ അതാ അടുത്ത ഉത്തരവ്‌! വീണ്ടും വിചാരണ. 15 മാസത്തെ ജയിൽവാ​സ​മാ​യി​രു​ന്നു ഇത്തവണ. നാലാ​മത്തെ പ്രാവ​ശ്യം 20 മാസ​ത്തേക്ക്‌ ശിക്ഷ വിധിച്ചു. അഞ്ചാം​തവണ രണ്ടുവർഷ​വും. എല്ലാം​കൂ​ടി ആറുവർഷ​ത്തി​ലേറെ ജയിൽവാ​സം. 1966-നും 1980-നും ഇടയ്‌ക്കാ​യി​രു​ന്നു ഇതെല്ലാം.

രണ്ടു​പ്രാ​വ​ശ്യം എന്നെ ആഡ്രി​യാ​റ്റിക്‌ കടലി​ലുള്ള ഗോലെ ഒട്ടോക്‌ ദ്വീപി​ലേക്ക്‌ അയയ്‌ക്കു​ക​യു​ണ്ടാ​യി. രാഷ്‌ട്രീയ തടവു​കാ​രു​ടെ ജയിലാ​യി​രു​ന്നു ആ ദ്വീപ്‌. എന്നെയും അക്കൂട്ട​ത്തി​ലാണ്‌ ഉൾപ്പെ​ടു​ത്തി​യത്‌. “കടൽ നികത്തുക” എന്നതാ​യി​രു​ന്നു ഞങ്ങളുടെ പണി; അതായത്‌, ദ്വീപി​ന്റെ ഒരറ്റത്തു​നിന്ന്‌ മറ്റേയ​റ്റം​വരെ തടി​പ്പെ​ട്ടി​ക​ളിൽ കല്ലു ചുമന്നു​കൊ​ണ്ടു​വന്ന്‌ കടലിൽ എറിയുക. ഓരോ ലോഡും 100-ലധികം കിലോ​ഗ്രാം ഭാരമു​ള്ള​താ​യി​രു​ന്നു. പിന്നെ​യും അടുത്ത ലോഡ്‌ എടുക്കാൻ പോകും. നിരർഥ​ക​മായ ഈ ജോലി ദിവസം മുഴു​വ​നും ഞങ്ങൾ ചെയ്യണ​മാ​യി​രു​ന്നു.

രണ്ടാമത്തെ തവണ ഞാൻ ഗോലെ ഒട്ടോ​ക്കിൽ എത്തിയ​പ്പോൾ, ഒരു മാസത്തെ ഏകാന്ത​വാ​സ​മാണ്‌ എന്നെ കാത്തി​രു​ന്നത്‌. പുതിയ തടവു​കാ​രെ, അടച്ചു​പൂ​ട്ടിയ തടവറ​യിൽ ഒറ്റയ്‌ക്ക്‌ പാർപ്പി​ക്കുക പതിവാ​യി​രു​ന്നു. അടു​ത്തെ​ങ്ങും ആരുമി​ല്ലാത്ത ആ അവസ്ഥ ഭീകര​മാ​യി​രു​ന്നു. മുമ്പെ​ന്ന​ത്തെ​ക്കാ​ളു​മ​ധി​കം സമയം ഞാൻ പ്രാർഥ​ന​യിൽ കഴിച്ചു​കൂ​ട്ടി​യത്‌ ആ സാഹച​ര്യ​ത്തി​ലാണ്‌. ബൈബി​ളോ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളോ ഒന്നും എന്റെ കൈവശം ഉണ്ടായി​രു​ന്നില്ല. പാടേ ഒറ്റപ്പെ​ട്ടു​പോയ ആ അവസ്ഥ അങ്ങേയറ്റം ദുസ്സഹ​മാ​യി​രു​ന്നു. ആകെ ലഭിച്ച പ്രോ​ത്സാ​ഹനം മാതാ​പി​താ​ക്ക​ളിൽനി​ന്നു കിട്ടിയ ഒരു കത്തായി​രു​ന്നു. “ബലഹീ​ന​നാ​യി​രി​ക്കു​മ്പോൾതന്നേ ഞാൻ ശക്തനാ​കു​ന്നു” എന്ന പൗലൊസ്‌ അപ്പൊ​സ്‌ത​ലന്റെ വാക്കു​ക​ളു​ടെ സത്യത എനിക്ക​പ്പോൾ അനുഭ​വ​വേ​ദ്യ​മാ​യി. (2 കൊരി. 12:10) അവി​ടെ​നി​ന്നു മോചി​ത​നാ​യി ഒരു ജോലി കണ്ടെത്താ​നാ​യ​പ്പോൾ ഞാൻ എത്ര സന്തുഷ്ട​നും വിശ്വാ​സ​ത്തിൽ ശക്തനും ആയിരു​ന്നെ​ന്നോ!

വേറൊ​രു ജയിലിൽ ചെന്ന​പ്പോൾ പരുഷ​നായ ഒരു മനശ്ശാ​സ്‌ത്ര​ജ്ഞന്റെ അടുക്കൽ പോ​കേ​ണ്ടി​വന്നു എനിക്ക്‌. അയാൾ എന്നെ അധി​ക്ഷേ​പി​ക്കു​ക​യും എന്റെ നേരെ അലറു​ക​യും ചെയ്‌തു. എനിക്കു ഭ്രാന്താ​ണെ​ന്നു​വരെ പറഞ്ഞു. തിരി​ച്ചൊ​ന്നും പറയാൻ അയാൾ സമ്മതി​ച്ച​തു​മില്ല. പിറ്റേ​ന്നും അയാൾ എന്നെ വിളിച്ചു. എന്നാൽ തികച്ചും വ്യത്യ​സ്‌ത​നാ​യൊ​രു ആളെയാണ്‌ അന്നു ഞാൻ കണ്ടത്‌. അയാൾ എന്നോടു പറഞ്ഞു: “ഞാൻ നിന്നെ​ക്കു​റിച്ച്‌ ചിന്തിച്ചു. ഈ ജയിൽ നിനക്കു പറ്റിയ സ്ഥലമ​ല്ലെ​ന്നാ​ണു തോന്നു​ന്നത്‌. ജയിലി​നു വെളി​യിൽ നിന​ക്കൊ​രു ജോലി തരപ്പെ​ടു​ത്താ​മോ​യെന്ന്‌ ഞാനൊ​ന്നു നോക്കട്ടെ.” പറഞ്ഞതു​പോ​ലെ​തന്നെ അയാൾ ചെയ്‌തു. ഞാൻ അതിശ​യി​ച്ചു​പോ​യി. അയാളു​ടെ മനസ്സു​മാ​റി​യത്‌ എങ്ങനെ​യെന്ന്‌ എനിക്ക​റി​യില്ല. ഒരു കാര്യം പക്ഷേ, എനിക്കു​റ​പ്പാ​യി: ദുഷ്‌ക​ര​മായ ഒരു സാഹച​ര്യ​ത്തിൽനിന്ന്‌ രക്ഷപ്പെ​ടാൻ ഒരു മാർഗ​വു​മില്ല എന്നോർത്ത്‌ നാം ഒരിക്ക​ലും ആകുല​പ്പെ​ടു​ക​യോ ഭയപ്പെ​ടു​ക​യോ ചെയ്യേ​ണ്ട​തില്ല. ഒറ്റ ദിവസം​കൊണ്ട്‌ കാര്യങ്ങൾ പാടേ മാറി​മ​റി​ഞ്ഞേ​ക്കാം. എന്നെ യഹോ​വ​യോട്‌ പൂർവാ​ധി​കം അടുപ്പിച്ച ഇത്തരം ഓരോ​രോ അനുഭ​വ​ങ്ങൾക്കാ​യി ഞാൻ അവനോ​ടു നന്ദിയു​ള്ള​വ​നാണ്‌.

[179-ാം പേജിലെ ചതുരം/ ചിത്രം]

‘സോക്ക​റി​നെ​പ്പറ്റി സംസാ​രി​ക്കാൻ അനുവാ​ദ​മു​ണ്ടോ?’

ഹെൻറിക്‌ കൊവാ​ഷിഷ്‌

ജനനം 1944

സ്‌നാനം 1962

സംക്ഷിപ്‌ത വിവരം 1973-ൽ വാരാന്ത സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി. 1974 മുതൽ 1976 വരെ മുഴു​സമയ സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി സേവിച്ചു. ഇപ്പോൾ ക്രൊ​യേ​ഷ്യ​യി​ലെ ബ്രാഞ്ച്‌ കമ്മിറ്റി അംഗമാ​യി സേവി​ക്കു​ന്നു.

വയൽസേ​വ​ന​ത്തി​നു പോയാൽ തിരിച്ചു വീട്ടി​ലെ​ത്തു​മോ എന്ന്‌ ഉറപ്പി​ല്ലാ​യി​രു​ന്നു; കാരണം അറസ്റ്റും ചോദ്യം​ചെ​യ്യ​ലു​മൊ​ക്കെ പതിവാ​യി​രു​ന്നു. നമ്മുടെ വേല​യെ​ക്കു​റിച്ച്‌ ധാരാളം തെറ്റി​ദ്ധാ​ര​ണ​ക​ളു​ണ്ടാ​യി​രു​ന്നു.

ദൈവ​ത്തെ​ക്കു​റിച്ച്‌ തെരു​വു​ക​ളി​ലോ വീടു​തോ​റു​മോ സംസാ​രി​ക്കാൻ അനുവാ​ദ​മി​ല്ലെ​ന്നും ആ ഉദ്ദേശ്യ​ത്തിൽ രജിസ്റ്റർചെ​യ്യ​പ്പെ​ട്ടി​ട്ടുള്ള സ്ഥലങ്ങളിൽവെച്ചു മാത്രമേ അതു സംസാ​രി​ക്കാ​വൂ എന്നുമുള്ള നിർദേശം ഒരിക്കൽ പോലീസ്‌ സ്റ്റേഷനിൽവെച്ച്‌ എനിക്കു ലഭിച്ചു. തക്കതായ വാക്കുകൾ എന്റെ നാവിൽ തരേണ​മേ​യെന്ന്‌ പറഞ്ഞു​കൊണ്ട്‌ നെഹെ​മ്യാ​വി​നെ​പ്പോ​ലെ ഞാൻ പെട്ടെ​ന്നൊ​രു പ്രാർഥന നടത്തി. എന്നിട്ട്‌ എന്നെ ചോദ്യം ചെയ്‌തു​കൊ​ണ്ടി​രുന്ന ആളി​നോട്‌ ഞാൻ ചോദി​ച്ചു: “സോക്ക​റി​നെ​പ്പറ്റി [ഫുട്‌ബോൾ] ഇവി​ടെ​യുള്ള ആളുകൾക്ക്‌ സ്റ്റേഡി​യ​ത്തിൽവെച്ചു മാത്രമേ സംസാ​രി​ക്കാൻ അനുവാ​ദ​മു​ള്ളോ? അതോ മറ്റു സ്ഥലങ്ങളിൽവെ​ച്ചും സംസാ​രി​ക്കാ​മോ?” എവി​ടെ​വെ​ച്ചും സോക്ക​റി​നെ​പ്പറ്റി സംസാ​രി​ക്കാം എന്നായി​രു​ന്നു അദ്ദേഹ​ത്തി​ന്റെ മറുപടി. അപ്പോൾ ഞാൻ പറഞ്ഞു: “അങ്ങനെ​യാ​ണെ​ങ്കിൽ ഒരാൾക്ക്‌ എവി​ടെ​വെ​ച്ചു​വേ​ണ​മെ​ങ്കി​ലും ദൈവ​ത്തെ​ക്കു​റി​ച്ചും സംസാ​രി​ക്കാം, പള്ളിയി​ലോ ആരാധ​നാ​ല​യ​ങ്ങ​ളി​ലോ വെച്ചു മാത്രമേ പാടുള്ളൂ എന്നില്ല.” അഞ്ചുമ​ണി​ക്കൂർ ചോദ്യം ചെയ്‌തെ​ങ്കി​ലും എന്നെയും കൂടെ​യു​ണ്ടാ​യി​രുന്ന സഹോ​ദ​ര​നെ​യും വെറു​തെ​വി​ട്ടു.

40 വർഷത്തെ സേവന​ത്തി​ലേക്ക്‌ പിന്തി​രി​ഞ്ഞു​നോ​ക്കു​മ്പോൾ എനിക്കും ഭാര്യ അന്നയ്‌ക്കും ഒരേ അഭി​പ്രാ​യ​മാണ്‌: ലോക​ത്തിൽ മറ്റൊ​ന്നി​നു​വേ​ണ്ടി​യും ഞങ്ങൾ ഈ പദവി വെച്ചു​മാ​റു​ക​യില്ല. സത്യം​പ​ഠി​ക്കാൻ 70-ഓളം പേരെ സഹായി​ക്കാ​നുള്ള പദവി ഞങ്ങൾക്കു ലഭിച്ചു. നമുക്കാ​യി യഹോവ കരുതി​വെ​ച്ചി​രി​ക്കുന്ന ഓരോ നിയമ​ന​വും നമ്മുടെ ജീവി​തത്തെ ഏറെ ധന്യമാ​ക്കു​ക​യേ​യു​ള്ളൂ.

[195, 196 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

മടങ്ങിച്ചെല്ലുമെന്ന്‌ ഞങ്ങൾ വാക്കു​കൊ​ടു​ത്തി​രു​ന്നു

ഹാലിം റ്റ്‌സുറി

ജനനം 1968

സ്‌നാനം 1988

സംക്ഷിപ്‌ത വിവരം സാര​യെ​വോ​യിൽ ദുരി​താ​ശ്വാ​സ സാമ​ഗ്രി​കൾ സംഘടി​പ്പി​ക്കാ​നും വിതരണം ചെയ്യാ​നും സഹായി​ച്ചു. ഇപ്പോൾ ഒരു മൂപ്പനാ​യും ആശുപ​ത്രി ഏകോപന സമിതി​യം​ഗ​മാ​യും സേവി​ക്കു​ന്നു. ബോസ്‌നിയ-ഹെർസ​ഗോ​വി​ന​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിയമ​പ്ര​തി​നി​ധി​കൂ​ടെ​യാണ്‌ അദ്ദേഹം.

സാര​യെ​വോ 1992-ൽ ഉപരോ​ധ​ത്തിൻകീ​ഴി​ലാ​യി. പ്രസി​ദ്ധീ​ക​ര​ണങ്ങൾ ലഭിക്കാ​താ​യ​പ്പോൾ ഞങ്ങൾ പഴയ മാസി​കകൾ പഠിച്ചു. പഴയ ഒരു ടൈപ്പ്‌​റൈറ്റർ ഉപയോ​ഗിച്ച്‌ സഹോ​ദ​ര​ന്മാർ ലഭ്യമായ അധ്യയ​ന​ലേ​ഖ​നങ്ങൾ ടൈപ്പ്‌ ചെയ്യു​മാ​യി​രു​ന്നു. 52 പ്രസാ​ധ​കരേ ഉണ്ടായി​രു​ന്നു​ള്ളൂ​വെ​ങ്കി​ലും യോഗ​ഹാ​ജർ 200-ലധിക​മാ​യി​രു​ന്നു. 240-ഓളം ബൈബി​ള​ധ്യ​യ​ന​ങ്ങ​ളും ഞങ്ങൾ നടത്തി​യി​രു​ന്നു.

1993 നവംബ​റിൽ യുദ്ധം കൊടു​മ്പി​രി​കൊ​ണ്ടി​രി​ക്കെ​യാണ്‌ ഞങ്ങളുടെ മകൾ ആരിയാന ജനിച്ചത്‌. ഒരു കുഞ്ഞിനെ ഈ ലോക​ത്തി​ലേക്കു കൊണ്ടു​വ​രാൻ പറ്റിയ സാഹച​ര്യ​മല്ല വാസ്‌ത​വ​ത്തിൽ അപ്പോൾ ഉണ്ടായി​രു​ന്നത്‌. ആഴ്‌ച​ക​ളോ​ളം വെള്ളവും വൈദ്യു​തി​യും ഇല്ലാതി​രുന്ന സന്ദർഭ​മു​ണ്ടാ​യി​ട്ടുണ്ട്‌. മേശയും കസേര​യു​മൊ​ക്കെ വെട്ടി​പ്പൊ​ളി​ച്ചാണ്‌ കത്തിക്കാൻ വിറു​കു​ണ്ടാ​ക്കി​യി​രു​ന്നത്‌. അപകടം പതിയി​രി​ക്കുന്ന പ്രദേ​ശ​ങ്ങ​ളി​ലൂ​ടെ വേണമാ​യി​രു​ന്നു യോഗ​ങ്ങൾക്കു പോകാൻ. ഒളി​പ്പോ​രാ​ളി​കൾ കണ്ണിൽക്കാ​ണുന്ന ഏതൊ​രാ​ളു​ടെ നേർക്കും നിറ​യൊ​ഴി​ക്കു​മാ​യി​രു​ന്നു. ജീവൻ കൈയിൽപ്പി​ടി​ച്ചാണ്‌ ചില തെരു​വു​ക​ളും ബാരി​ക്കേ​ഡു​ക​ളു​മൊ​ക്കെ ഞങ്ങൾ ഓടി​ക്ക​ട​ന്നി​രു​ന്നത്‌.

അന്തരീക്ഷം ശാന്തമാ​യി​രി​ക്കെ ഒരു ദിവസം യോഗം കഴിഞ്ഞ്‌ ഞാനും ഭാര്യ​യും കുഞ്ഞും വീട്ടി​ലേക്കു മടങ്ങു​ക​യാ​യി​രു​ന്നു. ഡ്രാഷെൻ റാഡി​ഷിച്ച്‌ എന്ന സഹോ​ദ​ര​നും ഞങ്ങളോ​ടൊ​പ്പം ഉണ്ടായി​രു​ന്നു. പെട്ടെന്ന്‌ ആരോ തുരു​തു​രാ നിറ​യൊ​ഴി​ക്കാൻ തുടങ്ങി. ഞങ്ങൾ നിലത്തു കമിഴ്‌ന്നു​കി​ടന്നു. പക്ഷേ ഒരു വെടി​യുണ്ട എന്റെ വയറ്റിൽ തറച്ചു. സഹിക്കാ​നാ​വാത്ത വേദന. ചിലർ വീടി​ന​ക​ത്തു​നിന്ന്‌ ജനാല​യി​ലൂ​ടെ സംഭവം കാണു​ന്നു​ണ്ടാ​യി​രു​ന്നു. ധൈര്യ​ശാ​ലി​ക​ളായ ചില യുവാക്കൾ ഞങ്ങളെ സുരക്ഷി​ത​സ്ഥാ​ന​ത്തേക്കു മാറ്റാ​നാ​യി വീടു​ക​ളിൽനിന്ന്‌ ഓടി​വന്നു. എന്നെ ഉടനടി ആശുപ​ത്രി​യി​ലെ​ത്തി​ച്ചു. അവി​ടെ​ച്ചെ​ന്ന​പ്പോൾ അടിയ​ന്തി​ര​മാ​യി രക്തം കയറ്റണ​മെ​ന്നാ​യി അധികൃ​തർ. എന്നാൽ എന്റെ മനസ്സാക്ഷി അതിനു സമ്മതി​ക്കു​ക​യി​ല്ലെന്ന്‌ ഞാൻ ഡോക്‌ട​റോ​ടു വിശദീ​ക​രി​ച്ചു. അവർ എന്നെ നിർബ​ന്ധി​ച്ചു​കൊ​ണ്ടി​രു​ന്നെ​ങ്കി​ലും എന്റെ തീരു​മാ​ന​ത്തിൽനി​ന്നു ഞാൻ പിന്മാ​റി​യില്ല. എന്തു വന്നാലും നേരി​ടാൻ ഞാൻ ഒരുക്ക​മാ​യി​രു​ന്നു. എന്തായാ​ലും അവർ ഓപ്പ​റേ​ഷനു സമ്മതിച്ചു. ശസ്‌ത്ര​ക്രിയ രണ്ടരമ​ണി​ക്കൂർ നീണ്ടു​നി​ന്നു. രക്തം കയറ്റാ​തെ​തന്നെ ഞാൻ രക്ഷപ്പെട്ടു.

ശസ്‌ത്ര​ക്രി​യ​യ്‌ക്കു​ശേഷം വിശ്രമം ആവശ്യ​മാ​യി​രു​ന്നു. എന്നാൽ യുദ്ധം​കാ​രണം അവിടെ അതിനുള്ള സാഹച​ര്യം ഇല്ലായി​രു​ന്നു. ഓസ്‌ട്രി​യ​യിൽ എന്റെ വീട്ടു​കാ​രു​ടെ അടുക്ക​ലേക്കു പോകാൻ ഞങ്ങൾ തീരു​മാ​നി​ച്ചു. എന്നാൽ സാര​യെ​വോ​യിൽനിന്ന്‌ പുറത്തു​ക​ട​ക്കാ​നുള്ള ഏകമാർഗം വിമാ​ന​ത്താ​വ​ള​ത്തി​ന​ടി​യി​ലൂ​ടെ​യുള്ള 900 മീറ്റർ നീളവും നാലടി​മാ​ത്രം ഉയരവു​മുള്ള ഒരു ടണലാ​യി​രു​ന്നു. ഭാര്യ​യാണ്‌ കുഞ്ഞിനെ എടുത്തത്‌. പെട്ടി​യും സാധന​ങ്ങ​ളു​മാ​കട്ടെ ഞാനും. എന്നാൽ ശസ്‌ത്ര​ക്രിയ കഴിഞ്ഞ​തു​കാ​രണം എനിക്ക്‌ അവയു​മെ​ടുത്ത്‌ നടക്കാൻ സാധി​ച്ചില്ല. അതു​കൊണ്ട്‌ അവൾക്ക്‌ എന്നെ സഹായി​ക്കേ​ണ്ടി​വന്നു.

ഓസ്‌ട്രി​യ​യി​ലെ ജീവി​ത​ത്തി​ന്റെ സന്തോഷം പറഞ്ഞറി​യി​ക്കാ​നാ​വില്ല. സാര​യെ​വോ​യിൽനി​ന്നു പോരു​മ്പോൾ സഹോ​ദ​ര​ന്മാർക്കും സ്രഷ്ടാ​വായ ദൈവ​ത്തി​നും ഞങ്ങൾ ഒരു വാക്കു​കൊ​ടു​ത്തി​രു​ന്നു, ഞങ്ങൾ മടങ്ങി​ച്ചെ​ല്ലു​മെന്ന്‌. പക്ഷേ വീട്ടു​കാ​രെ, പ്രത്യേ​കി​ച്ചും അമ്മയെ വിട്ടു​പോ​രു​ന്നത്‌ ഏറെ സങ്കടക​ര​മാ​യി​രു​ന്നു. എന്നാൽ ഞങ്ങൾ അവരോട്‌ കാര്യങ്ങൾ വിവരി​ച്ചു. അൽപ്പം വിശ്ര​മ​മെ​ടു​ക്കാ​നാ​യി സാര​യെ​വോ​യിൽനി​ന്നു പുറത്ത്‌ കടക്കാൻ സഹായി​ച്ചാൽ തിരി​ച്ചു​ചെന്ന്‌ അവി​ടെ​ത്തന്നെ സേവി​ച്ചു​കൊ​ള്ളാ​മെന്ന്‌ ദൈവ​ത്തോ​ടു ഞങ്ങൾ സത്യം​ചെ​യ്‌തി​രു​ന്നു. ഇപ്പോൾ ഞാൻ സുഖം​പ്രാ​പി​ച്ച​സ്ഥി​തിക്ക്‌ ദൈവ​ത്തോട്‌, “ഇവി​ടെ​യെ​ത്താൻ സഹായി​ച്ച​തി​നു നന്ദി. ഞങ്ങൾക്ക്‌ ഇവിടെ നല്ല സുഖമാണ്‌, അതു​കൊണ്ട്‌ ഇവി​ടെ​ത്തന്നെ കൂടി​ക്കോ​ട്ടേ” എന്നു ചോദി​ക്കു​ന്ന​തെ​ങ്ങനെ? മാത്രമല്ല, സാര​യെ​വോ​യി​ലെ സഹോ​ദ​ര​ന്മാർക്ക്‌ ഞങ്ങളെ ആവശ്യ​മാ​യി​രു​ന്നു. ഈ സമയ​ത്തെ​ല്ലാം എന്റെ ഭാര്യ അമ്ര എനിക്ക്‌ നല്ലൊരു താങ്ങാ​യി​രു​ന്നു.

1994 ഡിസം​ബ​റിൽ ഞങ്ങൾ സാര​യെ​വോ​യി​ലെ ടണലിൽ തിരി​ച്ചെത്തി. ഇപ്രാ​വ​ശ്യം ഞങ്ങൾ സാര​യെ​വോ​യി​ലേക്കു കടക്കു​ക​യാ​യി​രു​ന്നു. ടണലി​ലൂ​ടെ ഞങ്ങൾ തിരി​ച്ചു​ചെ​ല്ലു​ന്നതു കണ്ട്‌ ആളുകൾ ചോദി​ച്ചു: “നിങ്ങൾ എന്താണീ കാണി​ക്കു​ന്നത്‌? ഇവി​ടെ​നിന്ന്‌ എങ്ങനെ​യും പുറത്തു​ക​ട​ക്കാ​നാണ്‌ എല്ലാവ​രും ശ്രമി​ക്കു​ന്നത്‌. നിങ്ങൾ തിരിച്ച്‌ ഇങ്ങോട്ടു വരിക​യാ​ണോ?” സാര​യെ​വോ​യി​ലെ രാജ്യ​ഹാ​ളിൽ വീണ്ടും ഞങ്ങളുടെ സഹോ​ദ​ര​ങ്ങ​ളു​മാ​യി ഒന്നിക്കാൻ കഴിഞ്ഞ ആ നിമി​ഷ​ത്തെ​ക്കു​റി​ച്ചു വർണി​ക്കാൻ വാക്കു​ക​ളില്ല. തിരി​ച്ചു​വ​ന്ന​തിൽ ഞങ്ങൾ ഒരിക്ക​ലും ഖേദി​ച്ചി​ട്ടില്ല.

[210-ാം പേജിലെ ചതുരം]

ക്രൊയേഷ്യൻ ദ്വീപു​കൾ

1,778 കിലോ​മീ​റ്റർ നീണ്ടു​കി​ട​ക്കുന്ന തീര​ദേ​ശത്ത്‌ 1,000-ത്തിലേറെ ദ്വീപു​ക​ളുണ്ട്‌. അവയിൽ 50-ഓളം എണ്ണം ജനവാ​സ​മു​ള്ള​വ​യാണ്‌. ഏകദേശം ഒരു ചതുരശ്ര കിലോ​മീ​റ്റർമു​തൽ 400 ചതുരശ്ര കിലോ​മീ​റ്റർവരെ വിസ്‌തൃ​തി​യു​ള്ള​വ​യാണ്‌ ഈ ദ്വീപു​കൾ.

ഒലിവ്‌-മുന്തിരി-പച്ചക്കറി കൃഷി​യും മത്സ്യബ​ന്ധ​ന​വു​മാണ്‌ ദ്വീപു​വാ​സി​ക​ളു​ടെ പ്രധാന തൊഴിൽ. 140-ഓളം ദ്വീപു​ക​ളും പാറക്കൂ​ട്ട​ങ്ങ​ളും അടങ്ങുന്ന കൊർനാ​റ്റി നാഷണൽ പാർക്ക്‌ മുങ്ങലു​കാ​രു​ടെ ആകർഷ​ണ​കേ​ന്ദ്ര​മാണ്‌. ക്രാപാ​നി​യി​ലും സ്ലാറി​നി​ലും താമസി​ക്കു​ന്നവർ കടലി​ന​ടി​യിൽനിന്ന്‌ പവിഴ​വും സ്‌പഞ്ചു​ക​ളും മുങ്ങി​യെ​ടു​ക്കാ​റുണ്ട്‌. ഹ്വാർ ദ്വീപിൽ ലാവെൻഡർ പുഷ്‌പ​ങ്ങ​ളും തേനും റോസ്‌മേരി എണ്ണയും ഉത്‌പാ​ദി​പ്പി​ക്കു​ന്നു. തരിശാ​യി കിടക്കുന്ന ദ്വീപാണ്‌ പേഗ്‌. അവിടത്തെ ഓഷധി​ക​ളും ഉപ്പുര​സ​മുള്ള പുല്ലും തിന്നു വളരുന്ന ചെമ്മരി​യാ​ടി​ന്റെ പാൽ ഉപയോ​ഗിച്ച്‌ ദ്വീപു​വാ​സി​കൾ ഉണ്ടാക്കുന്ന പാഷ്‌കീ സിർ പാൽക്കട്ടി സവി​ശേ​ഷ​മായ ഒന്നാണ്‌.

ഈ ദ്വീപു​വാ​സി​കളെ ഓരോ​രു​ത്ത​രെ​യും കണ്ടുമു​ട്ടു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രത്യേക ശ്രമം ചെയ്യുന്നു. ചില സഭകൾക്ക്‌ ഒരു പാലം കടന്നാൽ മതി ഒരു ദ്വീപിൽ എത്താൻ. മറ്റു ചില സഭകൾക്ക്‌ ബോട്ടു​കളെ ആശ്രയി​ക്കേ​ണ്ട​തുണ്ട്‌. ചില​പ്പോൾ കുറെ സഹോ​ദ​രങ്ങൾ ഒരുമി​ച്ചു ചേർന്ന്‌ ഏതാനും ദിവസം ഒരു ദ്വീപിൽ പ്രവർത്തി​ക്കു​ന്ന​തി​നാ​യി പ്രത്യേക ക്രമീ​ക​രണം ചെയ്യാ​റുണ്ട്‌. ദ്വീപു​വാ​സി​ക​ളോട്‌ സംസാ​രി​ക്കു​ന്നത്‌ അത്ര എളുപ്പമല്ല; കാരണം, സ്വന്തമാ​യി വികസി​പ്പി​ച്ചെ​ടു​ത്തി​രി​ക്കുന്ന ഒരു ഭാഷയാണ്‌ അവർ സംസാ​രി​ക്കു​ന്നത്‌. മറ്റുള്ള​വർക്ക്‌ അതു മനസ്സി​ലാ​ക്കാൻ പ്രയാ​സ​മാണ്‌.

ഈ ദ്വീപു​വാ​സി​കൾ സുവാർത്ത​യോ​ടു നന്നായി പ്രതി​ക​രി​ക്കു​ന്നു എന്നത്‌ സന്തോ​ഷ​ക​ര​മാണ്‌. കോർക്കുള ദ്വീപി​ലി​പ്പോൾ 52 പ്രസാ​ധ​ക​രുള്ള ഒരു സഭയു​മുണ്ട്‌. യോഗം നടക്കു​ന്നത്‌ ഒരു ഉൾപ്ര​ദേ​ശ​ത്താണ്‌. അതു​കൊണ്ട്‌ പരസ്യ​പ്ര​സം​ഗം നടത്താൻ വരുന്ന സഹോ​ദ​രന്‌ അവിടെ എത്തി​പ്പെ​ടാൻ നന്നേ പാടു​പെ​ടണം. എന്നാൽ ഇതിനാ​യി അവർ ചെയ്യുന്ന ശ്രമം ലോക​വ്യാ​പക സഹോ​ദ​ര​വർഗ​ത്തോ​ടൊ​പ്പം ഐക്യ​ത്തി​ലാ​യി​രി​ക്കാൻ ഈ സഭയെ സഹായി​ക്കു​ന്നു.—1 പത്രൊ. 5:9.

[224-ാം പേജിലെ ചതുരം/ ചിത്രം]

‘പതി​നൊ​ന്നു ദിവസം മുമ്പു​തന്നെ ഞാൻ റിപ്പോർട്ടു ചെയ്‌തു’

പൗലീന ബോ​ഗോ​വ്‌സ്‌ക്ക

ജനനം 1938

സ്‌നാനം 1972

സംക്ഷിപ്‌ത വിവരം 1975-ൽ പയനി​യ​റിങ്‌ ആരംഭി​ച്ചു. 1977-ൽ മാസി​ഡോ​ണി​യ​യി​ലെ ആദ്യത്തെ പ്രത്യേക പയനി​യ​റാ​യി. 80 വ്യക്തി​കളെ സത്യം പഠിക്കാൻ സഹായി​ച്ചി​ട്ടുണ്ട്‌.

പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ടുന്ന അവസര​ങ്ങ​ളിൽ പലപ്പോ​ഴും ആളുകൾ എനി​ക്കെ​തി​രെ പോലീ​സിൽ പരാതി​പ്പെ​ടു​മാ​യി​രു​ന്നു. അവർ വന്ന്‌ എന്നെ സ്റ്റേഷനി​ലേക്കു കൂട്ടി​ക്കൊ​ണ്ടു​പോ​കും. അവിടെ മണിക്കൂ​റു​ക​ളോ​ളം എന്നെ ചോദ്യം​ചെ​യ്യും. പലപ്പോ​ഴും എനിക്ക്‌ പിഴയ​ട​യ്‌ക്കേണ്ടി വന്നിട്ടുണ്ട്‌. കോട​തി​യിൽ എനി​ക്കെ​തി​രെ ഉയർന്നു​കേട്ട ആരോ​പണം ഞാൻ രാജ്യ​ദ്രോ​ഹി ആണെന്നാ​യി​രു​ന്നു. ഞാൻ പാശ്ചാ​ത്യ​ദേ​ശ​ങ്ങ​ളിൽനി​ന്നുള്ള ആശയങ്ങൾ പ്രചരി​പ്പി​ക്കു​ക​യാ​യി​രു​ന്ന​ത്രേ. ഒരിക്കൽ എനിക്ക്‌ 20 ദിവസം ജയിലിൽ കിട​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌, മറ്റൊരു തവണ 30 ദിവസ​വും.

ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ നടക്കാൻ പോവു​ക​യാ​യി​രു​ന്നു. 20 ദിവസത്തെ തടവു​ശി​ക്ഷ​യ്‌ക്കു വിധി​ക്ക​പ്പെട്ട ഞാൻ അത്‌ കുറച്ചു ദിവസ​ത്തേക്കു നീട്ടി​വെ​ക്ക​ണ​മെന്ന്‌ കോട​തി​യോട്‌ അഭ്യർഥി​ച്ചു. എന്നാൽ കോടതി അപേക്ഷ നിരസി​ച്ചു. അതു​കൊണ്ട്‌ പതി​നൊ​ന്നു ദിവസം മുമ്പു​തന്നെ ജയിലിൽ റിപ്പോർട്ടു ചെയ്യാൻ ഞാൻ തീരു​മാ​നി​ച്ചു. ജയില​ധി​കൃ​തർ അമ്പരന്നു​പോ​യി. സമയത്തി​നു​മു​മ്പേ ഒരു വ്യക്തി ശിക്ഷ അനുഭ​വി​ക്കാൻ തയ്യാറാ​യി മുമ്പോ​ട്ടു വന്നിരി​ക്കു​ന്നു എന്നത്‌ അവർക്കു വിശ്വ​സി​ക്കാ​നാ​യില്ല. നല്ലൊരു സാക്ഷ്യം നൽകാൻ എനിക്ക്‌ അവസരം ലഭിച്ചു. എനിക്കു​വേണ്ട സഹായ​ങ്ങ​ളെ​ല്ലാം ജയിലിൽ ചെയ്‌തു​ത​രാ​മെന്ന്‌ അവർ വാക്കു​തന്നു. പതി​നൊ​ന്നു ദിവസം കഴിഞ്ഞ​പ്പോൾ, ഞാൻ റിപ്പോർട്ടു ചെയ്‌തോ എന്നറി​യാ​നാ​യി ഒരു പോലീസ്‌ ഉദ്യോ​ഗസ്ഥൻ ജയിലിൽ വന്നു. പതി​നൊ​ന്നു ദിവസം മുമ്പു​തന്നെ ഞാൻ റിപ്പോർട്ടു ചെയ്‌തി​രു​ന്നു​വെന്ന്‌ ജയില​ധി​കൃ​തർ പറഞ്ഞ​പ്പോൾ അദ്ദേഹം അമ്പരന്നു​പോ​യി. എന്തായാ​ലും എനിക്ക്‌ കൺ​വെൻ​ഷ​നിൽ പങ്കെടു​ക്കാൻ സാധിച്ചു.

[232-ാം പേജിലെ ചതുരം/ ചിത്രം]

‘ഉള്ളതിൽ ഏറ്റവും നല്ലത്‌ അവർ നൽകി’

ഷാൻഡോർ പാൽഫി

ജനനം 1933

സ്‌നാനം 1964

സംക്ഷിപ്‌ത വിവരം രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ശേഷം സ്ഥാപി​ക്ക​പ്പെട്ട ഒരു കമ്മ്യൂ​ണിസ്റ്റ്‌ ‘പട്ടാള’ ക്യാമ്പിൽവെ​ച്ചാണ്‌ അദ്ദേഹ​ത്തി​ന്റെ മാതാ​പി​താ​ക്കൾ സത്യം പഠിച്ചത്‌. വാരാ​ന്ത​ങ്ങ​ളിൽ സഞ്ചാര​മേൽവി​ചാ​ര​ക​നാ​യി പ്രവർത്തി​ച്ചി​രുന്ന അദ്ദേഹം ഇപ്പോൾ സെർബി​യ​യി​ലെ കൺട്രി കമ്മിറ്റി​യിൽ ഒരംഗ​മാണ്‌.

ഹംഗേ​റി​യൻ വംശജ​രാ​യ​തി​നാൽ ഞങ്ങളുടെ കുടും​ബ​ത്തി​നു കുറച്ചു​കാ​ലം ഒരു കമ്മ്യൂ​ണിസ്റ്റ്‌ ‘പട്ടാള’ ക്യാമ്പിൽ കഴി​യേ​ണ്ടി​വന്നു. അതൊരു അനു​ഗ്ര​ഹ​മാ​യി, കാരണം എന്റെ മാതാ​പി​താ​ക്കൾ സത്യം പഠിക്കു​ന്നത്‌ അവി​ടെ​വെ​ച്ചാണ്‌. അന്ന്‌ കൗമാ​ര​ത്തി​ലാ​യി​രുന്ന എനിക്ക്‌ സത്യ​ത്തോ​ടു വലിയ താത്‌പ​ര്യ​മൊ​ന്നും തോന്നി​യില്ല. എന്നാൽ ഏതാനും വർഷം ഞങ്ങളോ​ടൊ​പ്പം താമസിച്ച ഫ്രാന്റ്‌സ്‌ ബ്രാന്റ്‌ സഹോ​ദരൻ, ഹംഗേ​റി​യൻഭാ​ഷ​യി​ലുള്ള ഒരു പ്രസി​ദ്ധീ​ക​രണം സെർബി​യ​നി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്താ​മോ എന്ന്‌ ഒരിക്കൽ എന്നോടു ചോദി​ച്ചു. അദ്ദേഹ​ത്തിന്‌ ഒരു സഹായ​മാ​കു​ന്നെ​ങ്കിൽ ആകട്ടെ എന്നുക​രു​തി ഞാൻ സമ്മതം​മൂ​ളി. എന്നാൽ ആ സംഭവം എന്റെ ജീവി​ത​മാ​കെ മാറ്റി​മ​റി​ച്ചു. വാസ്‌ത​വ​ത്തിൽ അങ്ങനെ​യൊ​രു പരിഭാ​ഷ​യു​ടെ ആവശ്യമേ ഇല്ലായി​രു​ന്നു​വെന്ന്‌ പിന്നീ​ടാണ്‌ എനിക്കു മനസ്സി​ലാ​യത്‌. ഞാൻ എങ്ങനെ​യെ​ങ്കി​ലും ആ പ്രസി​ദ്ധീ​ക​രണം ഒന്നു വായി​ക്കണം, അതായി​രു​ന്നു അദ്ദേഹ​ത്തി​ന്റെ ഉദ്ദേശ്യം. എന്തായാ​ലും, ആ വിദ്യ ഫലിച്ചു; ഏതാനും നാളു​കൾക്കു​ശേഷം 1964-ൽ ഞാൻ സ്‌നാ​ന​മേറ്റു.

ജീവി​ത​ത്തി​ലെ ഏറ്റവും സന്തോ​ഷ​ക​ര​മായ നാളു​ക​ളിൽ ഒന്നായി​രു​ന്നു സഞ്ചാര​മേൽവി​ചാ​ര​ക​നാ​യി സേവിച്ച കാലം. പാവ​പ്പെ​ട്ട​വ​രായ സഹോ​ദ​ര​ങ്ങൾക്കി​ട​യി​ലെ ആ സേവനം അത്ര എളുപ്പ​മാ​യി​രു​ന്നില്ല. പലപ്പോ​ഴും വീട്ടു​കാ​രോ​ടൊ​പ്പം അതേ മുറി​യിൽത്ത​ന്നെ​യാ​യി​രു​ന്നു ഞാനും അന്തിയു​റ​ങ്ങി​യി​രു​ന്നത്‌. എന്നാൽ അത്തരം ത്യാഗ​ങ്ങ​ളൊ​ന്നും വെറു​തെ​യാ​യില്ല. സഞ്ചാര​മേൽവി​ചാ​ര​കന്റെ സന്ദർശ​ന​ത്തി​നാ​യി ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കുന്ന സഹോ​ദ​ര​ങ്ങ​ളു​ടെ സന്തോഷം കാണു​ന്ന​തു​തന്നെ ഒരു ആവേശ​മാ​യി​രു​ന്നു. ഉള്ളതിൽ ഏറ്റവും നല്ലതു നൽകാ​നാ​യി എന്തും ചെയ്യാൻ അവർ ഒരുക്ക​മാ​യി​രു​ന്നു. അതൊക്കെ കാണു​മ്പോൾ എങ്ങനെ നന്ദി തോന്നാ​തി​രി​ക്കും!

[236, 237 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

“എനിക്ക​വരെ എങ്ങനെ​യൊ​ന്നു കാണാ​നാ​കും?”

അഗ്രൊൺ ബഷൊട്ട

ജനനം 1973

സ്‌നാനം 2002

സംക്ഷിപ്‌ത വിവരം കൊ​സോ​വോ ലിബ​റേഷൻ ആർമി​യി​ലെ ഒരു സൈനി​ക​നാ​യി​രുന്ന ഇദ്ദേഹം ഇപ്പോൾ ഒരു സാധാരണ പയനി​യ​റും ശുശ്രൂ​ഷാ​ദാ​സ​നു​മാണ്‌.

കുട്ടി​കളെ കൊല്ലു​ന്ന​തുൾപ്പെടെ യുദ്ധരം​ഗത്തു നടമാ​ടുന്ന ഹീനകൃ​ത്യ​ങ്ങൾ എന്നെ കൊണ്ടു​ചെ​ന്നെ​ത്തി​ച്ചത്‌ ദൈവ​മില്ല എന്ന അനുമാ​ന​ത്തി​ലാ​യി​രു​ന്നു. ഞാൻ ചിന്തി​ച്ചത്‌ ഇങ്ങനെ​യാ​യി​രു​ന്നു: ‘ദൈവം ഉണ്ടായി​രു​ന്നെ​ങ്കിൽ, ഈ കഷ്ടപ്പാ​ടും ദുരി​ത​വു​മൊ​ക്കെ അവസാ​നി​പ്പി​ക്കാൻ അവൻ എന്തെങ്കി​ലും ചെയ്യി​ല്ലാ​യി​രു​ന്നോ?’ മുസ്ലീം മതനേ​തൃ​ത്വം സെർബി​യ​യ്‌ക്കെ​തി​രെ​യുള്ള യുദ്ധത്തെ പിന്തു​ണ​യ്‌ക്കു​ന്നതു കണ്ടപ്പോൾ, ഉണ്ടായി​രുന്ന മതവി​ശ്വാ​സ​വും​കൂ​ടി ഇല്ലാതാ​യി. ഒരു മുസ്ലീം ആയിരുന്ന ഞാൻ യുദ്ധം അവസാ​നി​ച്ച​പ്പോ​ഴേ​ക്കും നിരീ​ശ്വ​ര​വാ​ദി​യാ​യി​ത്തീ​രു​ക​യും കൊ​സോ​വോ ലിബ​റേഷൻ ആർമി​യിൽ ചേരു​ക​യും ചെയ്‌തു. കുറച്ചു​നാ​ളു​കളേ അതിൽ ഉണ്ടായി​രു​ന്നു​ള്ളൂ എങ്കിലും അവരു​ടെ​യെ​ല്ലാം ആദരവും അംഗീ​കാ​ര​വും പിടി​ച്ചു​പ​റ്റാൻ എനിക്കാ​യി, പ്രത്യേക പദവി​ക​ളും പരിഗ​ണ​ന​യും എനിക്കു ലഭിച്ചു. എന്റേതാ​യി​രു​ന്നു എല്ലായ്‌പോ​ഴും അവസാന വാക്ക്‌, ഇത്‌ എന്നെ ശാഠ്യ​ക്കാ​ര​നും അഹങ്കാ​രി​യു​മാ​ക്കി.

നിർഭാ​ഗ്യ​വ​ശാൽ ഈ സ്വഭാവം ഞാൻ വീട്ടി​ലും കാണിച്ചു, ഭാര്യ മെറി​റ്റ​യോട്‌. ഞാൻ പറയു​ന്ന​തു​പോ​ലെ​തന്നെ അവൾ പ്രവർത്തി​ക്ക​ണ​മെ​ന്നും എന്റെ ‘ഉത്തരവു​കൾ’ നടപ്പിൽവ​രു​ത്താൻ അവൾ ബാധ്യ​സ്ഥ​യാ​ണെ​ന്നും ആയിരു​ന്നു എന്റെ ചിന്ത. യുദ്ധകാ​ലത്ത്‌ അവൾക്ക്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ബന്ധമു​ണ്ടാ​യി​രു​ന്നു, അവരുടെ ചില പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും അവളുടെ പക്കലു​ണ്ടാ​യി​രു​ന്നു. ഒരു രാത്രി കിടക്കു​ന്ന​തി​നു​മുമ്പ്‌ അവൾ എന്നോടു പറഞ്ഞു: “ഇതൊക്കെ എടുത്ത്‌ ഒന്നു വായിക്കൂ, ദൈവ​ത്തെ​ക്കു​റി​ച്ചു​ള്ള​താണ്‌.” എനിക്ക്‌ ദേഷ്യം അടക്കാ​നാ​യില്ല, ദൈവ​ത്തെ​ക്കു​റിച്ച്‌ എന്നെ പഠിപ്പി​ക്കാൻപ​റ്റിയ ഒരാൾ വന്നിരി​ക്കു​ന്നു! എന്തായാ​ലും തർക്കി​ക്കാ​നൊ​ന്നും നിൽക്കാ​തെ അവൾ ഉറങ്ങാൻ പോയി.

ഒറ്റയ്‌ക്കി​രു​ന്ന​പ്പോൾ, ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു? എന്ന ലഘുപ​ത്രി​ക​യെ​ടു​ത്തു ഞാൻ വായിച്ചു. ദൈവ​ത്തോ​ടുള്ള യഥാർഥ കീഴ്‌പെ​ട​ലി​നുള്ള സമയം (ഇംഗ്ലീഷ്‌) എന്ന ചെറു​പു​സ്‌ത​ക​മാണ്‌ പിന്നീട്‌ വായി​ച്ചത്‌. ഖുറാ​നിൽനി​ന്നുള്ള ഉദ്ധരണി​കൾ അതിൽ കണ്ടത്‌ ഒരു മുസ്ലീം ആയിരുന്ന എന്നെ ആശ്ചര്യ​പ്പെ​ടു​ത്തി. വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും ഉണരുക!യുടെ​യും ചില ലക്കങ്ങളും ഞാൻ വായിച്ചു. രാത്രി വളരെ വൈകി​യി​രു​ന്നു, കിടപ്പു​മു​റി​യി​ലേ​ക്കു​ചെന്ന ഞാൻ മെറി​റ്റയെ വിളി​ച്ചു​ണർത്തി. “ഇതെല്ലാം നിനക്ക്‌ ആരുതന്നു?” ഞാൻ ചോദി​ച്ചു. “അവരെ എങ്ങനെ​യൊ​ന്നു കാണാ​നാ​കും?” എനിക്ക്‌ ജിജ്ഞാസ അടക്കാ​നാ​യില്ല.

ഞാൻ വായിച്ച കാര്യങ്ങൾ എന്റെ മനസ്സ്‌ ഇളക്കി​യി​രു​ന്നു, എന്നാൽ അവൾക്കത്‌ അത്ര വിശ്വാ​സം വന്നില്ല, ഞാൻ എന്തെങ്കി​ലും കാട്ടി​ക്കൂ​ട്ടു​മോ എന്നായി​രു​ന്നു അവളുടെ പേടി. പക്ഷേ, ആ രാത്രി​യിൽത്തന്നെ ഞങ്ങൾ ഒരു സഹോ​ദ​രി​ക്കു ഫോൺചെ​യ്‌തു, യോഗങ്ങൾ നടക്കുന്ന സ്ഥലവും സമയവും ചോദി​ച്ച​റി​ഞ്ഞു. പിറ്റേന്നു രാവിലെ ഞങ്ങൾ ആ യോഗ​ത്തി​നു​പോ​യി. സഹോ​ദ​രങ്ങൾ നൽകിയ ഊഷ്‌മള സ്വാഗതം എന്നെ ഒട്ടൊ​ന്നു​മല്ല സ്വാധീ​നി​ച്ചത്‌. ഇങ്ങനെ​യുള്ള മനുഷ്യർ ഭൂമി​യി​ലു​ണ്ടെന്ന്‌ ഞാൻ ഒരിക്ക​ലും ചിന്തി​ച്ചി​രു​ന്നില്ല. അവർ തികച്ചും വ്യത്യ​സ്‌ത​രാ​യി​രു​ന്നു. യോഗം നടന്നു​കൊ​ണ്ടി​രു​ന്ന​പ്പോൾത്തന്നെ എന്റെ മനസ്സിൽ ഒരു ചോദ്യം പൊന്തി​വന്നു. അത്‌ ചോദി​ക്കാ​തെ എനിക്ക്‌ യാതൊ​രു സമാധാ​ന​വു​മി​ല്ലാ​യി​രു​ന്നു, ഞാൻ കൈ പൊക്കു​ക​പോ​ലും ചെയ്‌തു. ഞാൻ തിടു​ക്കം​കാ​ട്ടി​യത്‌ മൂപ്പന്മാ​രെ അൽപ്പം ചിന്താ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി, അവർക്ക​റി​യി​ല്ല​ല്ലോ എന്റെ മനസ്സി​ലെ​ന്താ​ണെന്ന്‌. യഹോ​വ​യു​ടെ ഒരു സാക്ഷി​യാ​കു​ന്ന​തിന്‌ എന്തു ചെയ്യണ​മെന്ന ചോദ്യ​മാണ്‌ എന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്ന​തെന്ന്‌ അറിഞ്ഞ​പ്പോൾ അവർക്ക്‌ എന്ത്‌ ആശ്വാസം തോന്നി​യെ​ന്നോ!

ആ ദിവസം​തന്നെ ഞാൻ ബൈബിൾ പഠിക്കാൻ ആരംഭി​ച്ചു. എന്റെ വ്യക്തി​ത്വ​ത്തിൽ പല മാറ്റങ്ങ​ളും വരു​ത്തേ​ണ്ടി​യി​രു​ന്നു. പുകവലി നിറു​ത്തണം, പഴയ കൂട്ടു​കെ​ട്ടു​കൾ അവസാ​നി​പ്പി​ക്കണം അങ്ങനെ പലതും. ഇവയെ​ല്ലാം ശരിക്കും ബുദ്ധി​മു​ട്ടുള്ള കാര്യ​ങ്ങ​ളാ​യി​രു​ന്നു. എന്നാൽ പ്രാർഥി​ക്കു​ക​യും ക്രമമാ​യി യോഗ​ങ്ങൾക്കു ഹാജരാ​കു​ക​യും ചെയ്‌തത്‌ വളരെ സഹായം​ചെ​യ്‌തു. മുൻകാല ചെയ്‌തി​ക​ളെ​ക്കു​റിച്ച്‌ അനുത​പി​ക്കാ​നും പുതു​വ്യ​ക്തി​ത്വം ധരിക്കാ​നും അതുമൂ​ലം സാധിച്ചു. സത്യം എന്നിലും എന്റെ കുടും​ബ​ത്തി​ലും വരുത്തിയ മാറ്റങ്ങൾ വളരെ വലുതാണ്‌. ഇപ്പോൾ ഞാനും ഭാര്യ​യും സാധാരണ പയനി​യർമാ​രാ​യി സേവി​ക്കു​ന്നു, 2006-ൽ എന്നെ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​യി നിയമി​ക്കു​ക​യും ചെയ്‌തു. ആളുകൾ യാതന അനുഭ​വി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും നമ്മുടെ എല്ലാ പ്രശ്‌ന​ങ്ങ​ളും യഹോവ ഉടൻ പരിഹ​രി​ക്കു​മെ​ന്നും മറ്റുള്ള​വരെ പഠിപ്പി​ക്കാൻ ഇന്ന്‌ എനിക്കാ​കു​ന്നു.

[249, 250 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

“യഹോവ അവരുടെ കണ്ണുകളെ അന്ധമാ​ക്കി​യി​രി​ക്കാം”

യാനെസ്‌ നൊവാക്‌

ജനനം 1964

സ്‌നാനം 1983

സംക്ഷിപ്‌ത വിവരം വിശ്വാ​സ​ത്തി​നു​വേണ്ടി മൂന്നു​വർഷം തടവിൽ കഴി​യേ​ണ്ടി​വന്നു. ഇപ്പോൾ സ്ലോ​വേ​നി​യ​യിൽ ബ്രാഞ്ച്‌ കമ്മിറ്റി അംഗമാ​യി സേവി​ക്കു​ന്നു.

ഡിസംബർ 1984. ഞാൻ ആർമി ഓഫീ​സിൽ റിപ്പോർട്ടു​ചെ​യ്യ​ണ​മെന്ന്‌ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ പട്ടാള ഉദ്യോ​ഗസ്ഥർ പലതവണ ഉത്തരവു പുറ​പ്പെ​ടു​വി​ച്ചു. കതകിൽ ആ ഉത്തരവു നോട്ടീസ്‌ പതിപ്പി​ച്ചിട്ട്‌, പോലീ​സെത്തി എന്നെ കൊണ്ടു​പോ​കു​മെന്ന്‌ അവർ ഭീഷണി മുഴക്കി​യ​പ്പോൾ എന്റെ നിലപാ​ടു വിശദീ​ക​രി​ക്കു​ന്ന​തി​നാ​യി മിലി​ട്ടറി ക്വാർട്ടേ​ഴ്‌സിൽ റിപ്പോർട്ടു​ചെ​യ്യാൻതന്നെ ഞാൻ തീരു​മാ​നി​ച്ചു. പക്ഷേ, അതു​കൊ​ണ്ടൊ​രു പ്രയോ​ജ​ന​വും ഉണ്ടായില്ല; എന്നെ ഒരു പട്ടാള​ക്കാ​ര​നാ​ക്കി​യെ​ടു​ക്കാൻ ആവുന്ന​തെ​ല്ലാം അവർ ചെയ്‌തു. അവർ എന്റെ തലമുടി വടിച്ചു; വസ്‌ത്രങ്ങൾ ഊരി​മാ​റ്റി, പകരം മിലി​ട്ടറി യൂണി​ഫോം ധരിക്കാ​നാ​വ​ശ്യ​പ്പെട്ടു. ഞാനതി​നു വിസമ്മ​തി​ച്ച​പ്പോൾ ബലം പ്രയോ​ഗിച്ച്‌ അവരെന്നെ അതു ധരിപ്പി​ച്ചു. എന്റെ കൈയിൽ പേന പിടി​പ്പി​ച്ചിട്ട്‌ സൈന്യ​ത്തിൽ ചേരു​ന്ന​തിന്‌ ഒപ്പുവ​യ്‌ക്കാൻ നിർബ​ന്ധി​ച്ചു; അതിനും ഞാൻ വഴങ്ങി​യില്ല.

പതാക​വ​ന്ദനം, പട്ടാള​ക്കാർ രാവി​ലെ​തോ​റും ഏർപ്പെ​ടാ​റുള്ള പ്രത്യേക വ്യായാ​മ​മു​റകൾ എന്നിവ​യി​ലും ഞാൻ ഉൾപ്പെ​ട്ടില്ല. മിക്കവാ​റും നാലു​പ​ട്ടാ​ള​ക്കാർ വന്ന്‌ എന്നെ ഗ്രൗണ്ടി​ലേക്കു പിടി​ച്ചു​കൊ​ണ്ടു​പോ​യി വ്യായാ​മം ചെയ്യാ​നാ​വ​ശ്യ​പ്പെ​ടും. കൈ ഉയർത്താ​തെ, ഒന്നും ചെയ്യാതെ, ഞാൻ അവി​ടെ​ത്തന്നെ നിൽക്കും. എന്റെ കൈക​ളു​യർത്താൻ അവർ കിണഞ്ഞു​ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും അത്‌ മണ്ടത്തര​മാ​ണെന്ന്‌ പിന്നീ​ട​വർക്കു മനസ്സി​ലാ​യി. എനിക്കു​നേരേ തോക്ക്‌ ചൂണ്ടി, കൊന്നു​ക​ള​യു​മെന്ന്‌ ഭീഷണി​പ്പെ​ടു​ത്തി. ചില​പ്പോൾ കാപ്പി​യും കേക്കു​മൊ​ക്കെ വെച്ചു​നീ​ട്ടി എന്നെ വശത്താ​ക്കാ​നും അവർ ശ്രമി​ച്ചി​രു​ന്നു.

എന്റെ ഉറച്ച നിലപാ​ടു കണ്ട്‌ അവരിൽ ചിലർ കരഞ്ഞു​പോ​യി​ട്ടുണ്ട്‌. എന്നാൽ മറ്റുചി​ലരെ അതു രോഷാ​കു​ല​രാ​ക്കി. ഒരിക്കൽ മാർഷൽ റ്റിറ്റോ​യു​ടെ ഫോ​ട്ടോ​യിൽ തുപ്പാൻ ചിലർ എന്നോ​ടാ​വ​ശ്യ​പ്പെട്ടു. ഞാൻ അതിനു വിസമ്മ​തി​ച്ച​പ്പോൾ അവർ കലിതു​ള്ളി. കുറച്ചു ദിവസ​ങ്ങൾക്കു​ശേഷം, ആയുധങ്ങൾ ചുമക്കാൻ ആവശ്യ​പ്പെ​ട്ട​പ്പോ​ഴും ഞാൻ സമ്മതി​ച്ചില്ല. അങ്ങനെ, പട്ടാള​നി​യമം ലംഘിച്ചു എന്ന കുറ്റം ചുമത്തി അവർ എന്നെ ഒരുമാ​സ​ത്തേക്ക്‌ ഒരു ബാരക്കി​ലേക്കു മാറ്റി. പിന്നീട്‌ കോട​തി​വി​ധി കാത്ത്‌ ഞാൻ ആഴ്‌ച​ക​ളോ​ളം ക്രൊ​യേ​ഷ്യ​യി​ലെ സാ​ഗ്രെ​ബി​ലുള്ള ജയിലിൽ കഴിഞ്ഞു. അവിടെ എന്നെ പാർപ്പി​ച്ചി​രുന്ന മുറി​യിൽ രാത്രി​മു​ഴു​വ​നും ഒരു ചുവന്ന ലൈറ്റ്‌ കത്തിച്ചു​വെ​ച്ചി​രു​ന്നു. എന്തിന​ധി​കം, ഗാർഡ്‌ ‘നല്ല മൂഡിൽ’ ആണെങ്കിൽ മാത്രമേ ടോയ്‌ലെ​റ്റിൽപ്പോ​കാൻ പോലും എന്നെ അനുവ​ദി​ച്ചി​രു​ന്നു​ള്ളൂ.

മൂന്നു​വർഷത്തെ തടവിനു വിധിച്ച്‌ ഒടുവിൽ എന്നെ ഗോലെ ഒട്ടോക്‌ എന്ന ഒരു ആഡ്രി​യാ​റ്റിക്‌ ദ്വീപി​ലേക്കു മാറ്റി; കുപ്ര​സിദ്ധ കുറ്റവാ​ളി​കളെ അങ്ങോ​ട്ടേക്ക്‌ അയയ്‌ക്കുക പതിവാ​യി​രു​ന്നു. ജയിൽപ്പു​ള്ളി​കൾക്കി​ട​യി​ലെ അക്രമ​ത്തി​നു പേരു​കേട്ട അവി​ടേക്ക്‌ കൈക​ളിൽ വിലങ്ങു​വെച്ച്‌ എന്നെ കൊണ്ടു​പോ​യി, യുദ്ധം ചെയ്യാൻ വിസമ്മ​തി​ച്ച​തിന്‌. മറ്റ്‌ നാലു​സ​ഹോ​ദ​ര​ന്മാ​രെ എനിക്ക​വി​ടെ കണ്ടുമു​ട്ടാ​നാ​യി; നിഷ്‌പ​ക്ഷ​ത​യു​ടെ​പേ​രിൽ ശിക്ഷി​ച്ച​താ​യി​രു​ന്നു അവരെ​യും.

ബൈബി​ളോ മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളോ അകത്തു​ക​ട​ത്താ​നുള്ള അനുമ​തി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ലും അവിടെ അപ്പോൾത്തന്നെ ഒരു ബൈബിൾ ഉണ്ടായി​രു​ന്നു. വീട്ടിൽനിന്ന്‌ എനിക്ക്‌ രഹസ്യ അറയുള്ള ഒരു പെട്ടി​യിൽ വീക്ഷാ​ഗോ​പു​രം അയച്ചു​തന്നു. പക്ഷേ പ്രസി​ദ്ധീ​ക​ര​ണങ്ങൾ കണ്ടുപി​ടി​ക്കാ​നോ യോഗങ്ങൾ നടത്തി​യി​രു​ന്ന​തി​നെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കാ​നോ ഗാർഡു​കൾക്കു സാധി​ച്ചില്ല. ചില​പ്പോൾ ഗാർഡു​കൾ പരി​ശോ​ധ​ന​യ്‌ക്കെ​ത്തു​മ്പോൾ പ്രസി​ദ്ധീ​ക​ര​ണങ്ങൾ കൺമു​മ്പിൽ കിടന്നാ​ലും കാണാ​റില്ല, യഹോവ അവരുടെ കണ്ണുകളെ അന്ധമാ​ക്കി​യി​രി​ക്കാം.

ഒരു വർഷത്തി​നു​ശേഷം എന്നെ സ്ലോ​വേ​നി​യ​യി​ലേക്കു കൊണ്ടു​പോ​യി. അവിടെ ഞാൻ ശിക്ഷാ​കാ​ലാ​വധി പൂർത്തി​യാ​ക്കി. ജയിലിൽ ആയിരു​ന്ന​പ്പോൾത്തന്നെ ഞാൻ റാഹേ​ലയെ വിവാഹം കഴിച്ചു. തടവിൽനി​ന്നു മോചി​ത​നാ​യ​ശേഷം ഭാര്യ​യോ​ടൊ​പ്പം പയനി​യ​റിങ്‌ ആരംഭി​ച്ചു. 1993 മുതൽ ഞങ്ങൾ സ്ലോ​വേ​നിയ ബെഥേ​ലിൽ സേവി​ക്കു​ന്നു.

[244, 245 പേജു​ക​ളി​ലെ ചാർട്ട്‌/ ഗ്രാഫ്‌]

മുൻയൂഗോസ്ലാവിയൻ ദേശങ്ങൾ സുപ്ര​ധാന സംഭവങ്ങൾ

1920-കൾ ബൈബിൾ ചർച്ച​ചെ​യ്യു​ന്ന​തി​നാ​യി ഒരു ചെറി​യ​കൂ​ട്ടം സ്ലോ​വേ​നി​യ​യി​ലെ മാരി​ബോ​റിൽ കൂടി​വ​രു​ന്നു.

1930-കൾ ജർമൻഭാഷ സംസാ​രി​ക്കുന്ന പയനി​യർമാ​രെ യൂഗോ​സ്ലാ​വി​യ​യി​ലേക്ക്‌ അയയ്‌ക്കു​ന്നു.

1935 പ്രവർത്ത​ന​ങ്ങൾക്കു മേൽനോ​ട്ടം വഹിക്കു​ന്ന​തി​നാ​യി സെർബി​യ​യി​ലെ ബെൽ​ഗ്രേ​ഡിൽ ഒരു ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപി​ക്കു​ന്നു.

1940

1941 ജർമൻസേന ആധിപ​ത്യം സ്ഥാപി​ക്കു​ന്നു, പീഡന പരമ്പര​യു​ടെ തുടക്കം.

1950

1953 യഹോ​വ​യു​ടെ സാക്ഷി​കൾക്കു നിയമാം​ഗീ​കാ​രം ലഭിക്കു​ന്നു, വീടു​തോ​റു​മുള്ള പ്രവർത്ത​ന​ത്തി​നു വിലക്കു​ക​ളുണ്ട്‌.

1960

1969 ജർമനി​യി​ലെ ന്യൂറം​ബെർഗി​ലുള്ള ഈ സ്റ്റേഡി​യ​ത്തിൽ ഒരു അന്താരാ​ഷ്‌ട്ര സമ്മേളനം നടക്കുന്നു.

1970

1990

1991 ക്രൊ​യേ​ഷ്യ​യി​ലെ സാ​ഗ്രെ​ബിൽ ആദ്യത്തെ അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷൻ. ഗിലെ​യാദ്‌ പരിശീ​ലനം ലഭിച്ച മിഷന​റി​മാർ ആദ്യമാ​യി എത്തുന്നു. ഓസ്‌ട്രിയ ബ്രാഞ്ചി​ന്റെ മേൽനോ​ട്ട​ത്തിൽ സ്ലോ​വേ​നി​യ​യിൽ ഒരു ഓഫീസ്‌ പ്രവർത്തനം ആരംഭി​ക്കു​ന്നു. യുദ്ധം പൊട്ടി​പ്പു​റ​പ്പെ​ടു​ന്നു.

1993 യഹോ​വ​യു​ടെ സാക്ഷികൾ മാസി​ഡോ​ണി​യ​യിൽ രജിസ്റ്റർചെ​യ്യു​ന്നു.

1994 സ്ലോ​വേ​നി​യ​യിൽ ആശുപ​ത്രി ഏകോപന സമിതി രൂപീ​ക​രി​ക്കു​ന്നു.

2000

2003 യഹോ​വ​യു​ടെ സാക്ഷി​കൾക്കു ക്രൊ​യേ​ഷ്യ​യിൽ നിയമാം​ഗീ​കാ​രം. മാസി​ഡോ​ണി​യ​യി​ലെ പുതിയ ബെഥേ​ലി​ന്റെ സമർപ്പണം.

2004 പുതിയ ലോക ഭാഷാ​ന്തരം—ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ സ്ലൊ​വേ​നി​യൻഭാ​ഷ​യിൽ.

2006 സ്ലോ​വേ​നിയ ബ്രാഞ്ചി​ന്റെ സമർപ്പണം. വിശുദ്ധ ബൈബിൾ—പുതിയ ലോക ഭാഷാ​ന്തരം (സമ്പൂർണ പതിപ്പ്‌) ക്രൊ​യേ​ഷ്യൻ, സെർബി​യൻ, മസി​ഡോ​ണി​യൻ എന്നീ ഭാഷക​ളിൽ പ്രസി​ദ്ധീ​ക​രി​ക്കു​ന്നു. സെർബി​യ​യി​ലെ ബെൽ​ഗ്രേ​ഡിൽ ഒരു ചൈനീ​സ്‌ഭാ​ഷാ​ക്കൂ​ട്ടം ആരംഭി​ക്കു​ന്നു.

2007 മാസി​ഡോ​ണി​യ​യിൽ, റോമാ​നി ഭാഷയിൽ ആദ്യത്തെ പ്രത്യേക പരസ്യ​പ്ര​സം​ഗം. റോമാ​നി ഭാഷയിൽ ആദ്യ പ്രസി​ദ്ധീ​ക​രണം പ്രകാ​ശ​നം​ചെ​യ്യു​ന്നു.

2010

[ഗ്രാഫ്‌]

(പ്രസി​ദ്ധീ​ക​രണം കാണുക)

മൊത്തം പ്രസാ​ധ​കർ

മൊത്തം പയനി​യർമാർ

14,000

10,500

7,000

3,500

1940 1950 1960 1970 1990 2000 2010

[147-ാം പേജിലെ മാപ്പുകൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ചെക്ക്‌ റിപ്പബ്ലിക്‌

ഓസ്‌ട്രിയ

വിയന്ന

സ്ലൊവാക്യ

ബ്രാറ്റി​സ്ലാ​വ

ഹംഗറി

ബുഡാ​പെസ്റ്റ്‌

റൊമേനിയ

ബൾഗേറിയ

ഗ്രീസ്‌

അൽബേനിയ

റ്റിറാന

അയോണിയൻ കടൽ

ഇറ്റലി

ആഡ്രിയാറ്റിക്‌ കടൽ

മുൻയൂഗോസ്ലാവിയ

സ്ലോവേനിയ

ലൂബ്‌ലി​യാ​ന

മാരി​ബോർ

കാംനിക്‌

ക്രൊയേഷ്യ

സാ​ഗ്രെബ്‌

സ്ലാവോ​ന്യ

ഓസി​ജെക്‌

വൂക്കോ​വാർ

വിങ്കോ​ഫി​റ്റ്‌സി

പ്രീവ​ലാ​കാ

യസെ​നോ​വ​റ്റ്‌സ്‌

സൈ​ബെ​നിക്‌

സ്‌പ്ലിറ്റ്‌

ഡാൽമേ​ഷ്യൻ തീരം

ഗോലെ ഒട്ടോക്‌

പേഗ്‌

കോർനറ്റ്‌

സ്ലാറിൻ

ക്രാപാ​നി

ഹ്വാർ

കോർക്കു​ള

ബോസ്‌നിയ -ഹെർസ​ഗോ​വി​ന

സാര​യെ​വോ

ബീഹാക്‌

ബാൻയാ ലൂക്കാ

റ്റൂസ്‌ലാ

ട്രാവ്‌നീക്‌

സെനിക്ക

വാറെഷ്‌

മോസ്റ്റർ

സെർബിയ

ബെൽ​ഗ്രേഡ്‌

വോജ്‌വോ​ഡി​ന

ബോർ

മോൺടേനേഗ്രോ

പോഡ്‌ഗോ​റി​ക്ക

നിക്‌സിക്‌

ഹെർട്‌സെഗ്‌ നോവീ

ടാരാ

സ്‌കു​ട്ടാ​രി തടാകം

കൊസോവോ

പെക്‌

പ്രീഷ്‌റ്റീ​ന

മാസിഡോണിയ

സ്‌കോ​പ്യെ

ടെറ്റോ​വോ

കോച്ചാ​നി

ഷ്‌റ്റീപ്‌

കിച്ചെ​വോ

സ്‌ട്രു​മീ​റ്റ്‌സാ

റെസൻ

കുറിപ്പ്‌: “[2008] ഫെബ്രു​വ​രി​യിൽ കൊ​സോ​വോ, സെർബി​യൻ അധീന​ത​യിൽനിന്ന്‌ സ്വാത​ന്ത്ര്യം നേടി​യ​താ​യി പ്രഖ്യാ​പി​ച്ചു” എന്ന്‌ യുഎൻ റിപ്പോർട്ടു​ചെ​യ്യു​ക​യു​ണ്ടാ​യി. ഇതേ​ച്ചൊ​ല്ലി​യുള്ള തർക്കം പരിഹ​രി​ക്കു​ന്ന​തിന്‌ ഐക്യ​രാ​ഷ്‌ട്ര പൊതു​സഭ, “അന്താരാ​ഷ്‌ട്ര നീതി​ന്യാ​യ​ക്കോ​ട​തി​യു​ടെ വിദഗ്‌ധോ​പ​ദേശം” തേടി​യി​രി​ക്കു​ക​യാണ്‌.

[142-ാം പേജിലെ ചിത്രം]

[145-ാം പേജിലെ ചിത്രം]

ഫ്രാന്റ്‌സ്‌ ബ്രാന്റ്‌

[146-ാം പേജിലെ ചിത്രങ്ങൾ]

റുഡോൾഫ്‌ കാലെ​യും അദ്ദേഹ​ത്തി​ന്റെ ഒരു ടൈപ്പ്‌​റൈ​റ്റ​റും

[149-ാം പേജിലെ ചിത്രം]

സ്ലോവേനിയയിലെ സുവാർത്താ പ്രസം​ഗ​ത്തി​നാ​യി വാടക​യ്‌ക്കെ​ടുത്ത ട്രക്ക്‌

[154-ാം പേജിലെ ചിത്രം]

ആദ്യകാല പയനി​യർമാർ പല വെല്ലു​വി​ളി​ക​ളും നേരിട്ടു

[157-ാം പേജിലെ ചിത്രം]

ആൽഫ്രെഡ്‌ റ്റൂച്ചാ​ക്കും ഭാര്യ ഫ്രീഡ​യും അവരുടെ സൈക്കി​ളു​മാ​യി

[158-ാം പേജിലെ ചിത്രം]

സെർബിയയിലെ ബെൽ​ഗ്രേഡ്‌ ബെഥേ​ലി​നു മുമ്പിൽ റുഡോൾഫ്‌ കാലെ

[168-ാം പേജിലെ ചിത്രങ്ങൾ]

ഫ്രാങ്ക്‌ ഡ്രോ​സ്‌ഗും അദ്ദേഹം എഴുതിയ കത്തും

[180-ാം പേജിലെ ചിത്രം]

വലത്ത്‌: രാജ്യ​ഹാ​ളാ​ക്കി മാറ്റിയ കുതി​ര​ലാ​യം, സ്ലോ​വേ​നി​യ​യി​ലെ ലുബ്‌ലി​യാ​ന

[180-ാം പേജിലെ ചിത്രം]

താഴെ: ക്രൊ​യേ​ഷ്യ​യി​ലെ സാ​ഗ്രെ​ബി​ലുള്ള ആദ്യ രാജ്യ​ഹാ​ളു​ക​ളി​ലൊന്ന്‌

[182-ാം പേജിലെ ചിത്രം]

സ്റ്റോയൻ ബോഗ​റ്റി​നോവ്‌

[184, 185 പേജു​ക​ളി​ലെ ചിത്രങ്ങൾ]

പശ്ചാത്തലത്തിൽ: ജർമനി​യി​ലെ ന്യൂറം​ബർഗിൽവെച്ച്‌ 1969-ൽ നടന്ന “ഭൂമി​യിൽ സമാധാ​നം” എന്ന അന്താരാ​ഷ്‌ട്ര സമ്മേളനം; ഇടത്ത്‌: യൂഗോ​സ്ലാ​വി​യ​യിൽനി​ന്നുള്ള കൺ​വെൻ​ഷൻ ട്രെയിൻ; വലത്ത്‌: നേഥൻ നോർ

[188-ാം പേജിലെ ചിത്രം]

ജൂറോ ലാൻഡിച്‌

[192-ാം പേജിലെ ചിത്രങ്ങൾ]

മിൽട്ടൺ ഹെൻഷൽ പ്രസം​ഗി​ക്കു​ന്നു, ക്രൊ​യേ​ഷ്യ​യി​ലെ സാ​ഗ്രെ​ബിൽവെച്ച്‌ 1991-ൽ നടന്ന “ദിവ്യ​സ്വാ​ത​ന്ത്ര്യ സ്‌നേ​ഹി​കൾ” അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നി​ലെ സ്‌നാനം

[197-ാം പേജിലെ ചിത്രം]

ലില്ല്യാന പെൺമ​ക്ക​ളോ​ടൊ​പ്പം

[199-ാം പേജിലെ ചിത്രങ്ങൾ]

ഓസ്‌ട്രിയയിൽനിന്ന്‌ ദുരി​താ​ശ്വാ​സം

[200-ാം പേജിലെ ചിത്രം]

ജോറെം കുടും​ബം, 1991-ൽ

[204-ാം പേജിലെ ചിത്രം]

മീൻവീപ്പയിൽ സ്‌നാനം; സെനിക്ക, 1994-ൽ

[209-ാം പേജിലെ ചിത്രങ്ങൾ]

ക്രൊയേഷ്യയിലെ സാ​ഗ്രെ​ബിൽ ദുരി​താ​ശ്വാ​സ സാധനങ്ങൾ സൂക്ഷി​ച്ചി​രു​ന്നു

[215-ാം പേജിലെ ചിത്രം]

എൽക്കെയും ഹൈൻസ്‌ പോളാ​ക്കും

[216-ാം പേജിലെ ചിത്രങ്ങൾ]

ക്രൊയേഷ്യയിലെ ബ്രാഞ്ച്‌ കമ്മിറ്റി, ബ്രാഞ്ച്‌ ഓഫീസ്‌

[228-ാം പേജിലെ ചിത്രം]

ബോസ്‌നിയയിൽ ദുരി​താ​ശ്വാ​സ സാധനങ്ങൾ വിതര​ണം​ചെ​യ്യു​ന്നു

[233-ാം പേജിലെ ചിത്രങ്ങൾ]

സെർബിയയിലെ കൺട്രി കമ്മിറ്റി, ബെൽ​ഗ്രേഡ്‌ ബെഥേൽ

[235-ാം പേജിലെ ചിത്രം]

സലിയൂ അബ്ബസി

[243-ാം പേജിലെ ചിത്രങ്ങൾ]

പോഡ്‌ഗോറിക്കയിൽ സുവാർത്ത പ്രസം​ഗി​ക്കു​ന്നു; അവിടത്തെ രാജ്യ​ഹാൾ

[247-ാം പേജിലെ ചിത്രം]

പഴയ പിരൻ പട്ടണം, സ്ലോ​വേ​നി​യ

[251-ാം പേജിലെ ചിത്രം]

ലൂബ്‌ലിയാനയിലെ പഴയ ബ്രാഞ്ച്‌ ഓഫീസ്‌, 2002

[253-ാം പേജിലെ ചിത്രം]

കാംനിക്കിലുള്ള ബ്രാഞ്ച്‌ ഓഫീസ്‌, 2006

[254-ാം പേജിലെ ചിത്രം]

ബ്രാഞ്ച്‌ കമ്മിറ്റി​യം​ഗ​ങ്ങൾ

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക