തെക്കേ അമേരിക്കയിൽനിന്നുള്ള അനുഭവങ്ങൾ
ഒരു ദിവസം ഉച്ചകഴിഞ്ഞ സമയത്തു വെനെസ്വേലയിലുള്ള കരാകസിലെ മെട്രോ ഭൂഗർഭതീവണ്ടിയിൽ ഒരു സാക്ഷി തന്റെ അടുത്തിരുന്ന ഒരു സ്ത്രീയോടു സുവാർത്ത പറയാനുള്ള മാർഗത്തെക്കുറിച്ചു ചിന്തിക്കുകയായിരുന്നു. മനുഷ്യസമൂഹം എങ്ങനെ മാറിക്കൊണ്ടിരിക്കുന്നുവെന്നും നാമും സാഹചര്യങ്ങൾക്കനുസൃതമായി ഇണങ്ങിച്ചേരേണ്ടത് അത് എങ്ങനെ ആവശ്യമാക്കിത്തീർക്കുന്നുവെന്നും ആ സാക്ഷി സംസാരിച്ചുതുടങ്ങി.
ആ സ്ത്രീ അതു സമ്മതിച്ചെങ്കിലും ഇങ്ങനെ പറഞ്ഞു: “അതുതന്നെയാണു ഞാൻ എന്റെ ഭർത്താവിനോടു പറയുന്നത്, എന്നാൽ അദ്ദേഹമൊരു മണ്ടനാണ്. ഞങ്ങളുടെ കുട്ടികളെ പഴഞ്ചൻ രീതിയിൽ വളർത്തിക്കൊണ്ടുവരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അദ്ദേഹം ഒരു യഹോവയുടെ സാക്ഷിയാണ്.”
താൻ ഒരു സാക്ഷിയാണെന്നു തിരിച്ചറിയിക്കേണ്ടന്ന് പ്രസാധിക തീരുമാനിച്ചു. പകരം, അവൾ ഇങ്ങനെ പറഞ്ഞു: “അവരിൽപ്പെട്ട എനിക്കറിയാവുന്നവരെല്ലാം നല്ലവരാണ്. എന്നോടു പറയൂ, അദ്ദേഹം ഒരു കുടിയനാണോ?” “ഏയ്, അല്ല!” എന്ന് ആ സ്ത്രീ പ്രതികരിച്ചപ്പോൾ നമ്മുടെ സഹോദരി വളരെയധികം ചോദ്യങ്ങളുടെ ഒരു ലിസ്ററുതന്നെ തൊടുത്തുവിട്ടു: “അപ്പോൾപ്പിന്നെ, അദ്ദേഹം ഒരു മയക്കുമരുന്നാസക്തനായിരിക്കും?” “സംശയമില്ല, അദ്ദേഹമൊരു പൂവാലനായിരിക്കും, വീട്ടിൽ വരുന്നത് എപ്പോഴും വൈകിയായിരിക്കും.” “ആകട്ടെ, അദ്ദേഹം കുട്ടികളെ ചീത്ത വാക്കുകൾ പഠിപ്പിക്കാറുണ്ടോ?” “എനിക്കറിയാം. അദ്ദേഹം വീട്ടിലിരിക്കുമ്പോൾ നിങ്ങൾ പണിയെടുക്കണം, അദ്ദേഹത്തെ പരിപാലിക്കണം.” ഓരോ ചോദ്യത്തിനുമുള്ള ഉത്തരം ഉറച്ച “ഇല്ല!” എന്നായിരുന്നു, മിക്കപ്പോഴും അദ്ദേഹത്തിന്റെ നല്ല ഗുണങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങളോടെ. അതുകൊണ്ട് ആ സാക്ഷി ഇങ്ങനെ പറഞ്ഞു: “കൊള്ളാം, അങ്ങനെയെങ്കിൽ എനിക്കു മനസ്സിലാകുന്നില്ല. അദ്ദേഹത്തിന് എന്താണു കുഴപ്പം?”
ഏതാനും നിമിഷങ്ങൾ ചിന്തിച്ചിരുന്നശേഷം ആ സ്ത്രീ പറഞ്ഞു: “അതോ, രണ്ടു മണിക്കൂർ നേരത്തേക്ക് അദ്ദേഹം കുട്ടികളെ ഹാളിലെ ആ യോഗങ്ങൾക്കു കൊണ്ടുപോകുന്നതാണു പ്രശ്നം. പക്ഷേ, അവരെ വീണ്ടും അവിടെ കൊണ്ടുപോകരുതെന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞിട്ടുള്ളതാണ്.”
“ആ യോഗങ്ങളിൽ അവർ എന്താണു പറയുന്നത്?” സാക്ഷി ചോദിച്ചു. പിന്നെ ഇങ്ങനെയും: “നിങ്ങളുടെ കുട്ടികൾ ആ യോഗങ്ങൾക്കു പോകാത്തപ്പോൾ അവർ എന്താണു ചെയ്യുന്നത്?” ന്യായയുക്തമായി ചിന്തിക്കാൻ ഒരിക്കൽക്കൂടി ആ സ്ത്രീയെ സഹായിക്കാൻ സാക്ഷി യത്നിച്ചു: “ദൈവത്തെക്കുറിച്ചു പഠിക്കുന്നതിനെക്കാൾ അക്രമവും യുദ്ധവും കൊലപാതകവും അധാർമികചുവ കലർന്ന സോപ്പ് ഓപ്പറകളുമുള്ള ടെലിവിഷൻ പരിപാടികൾ കാണുന്നതു നല്ലതാണെന്നു നിങ്ങൾ കരുതുന്നുണ്ടോ?” സാക്ഷി തുടർന്നു, “ഞാൻ നിങ്ങളോടു സത്യം പറയാം, സുന്ദരികളായ അനവധി സ്ത്രീകളുണ്ട്, ജോലി ചെയ്യുന്നവരും ഭർത്താവുള്ളവരുമൊക്കെ. അവർ പുരുഷൻമാർ ചെയ്യുന്ന എല്ലാത്തരം തെററുകളുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ നിർബന്ധിതരായിത്തീരുന്നു. ആ പുരുഷൻമാർ കുടിയൻമാരും മയക്കുമരുന്നാസക്തരും കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരുമായിരിക്കാം; അവർ ആ സ്ത്രീകൾക്ക് എയ്ഡ്സും മററു രോഗങ്ങളും സമ്മാനിക്കുന്നു, ആ സ്ത്രീകൾ വളരെ യാതന അനുഭവിക്കുകയും ചെയ്യുന്നു. നിങ്ങൾക്കു ലഭിച്ചിരിക്കുന്നത് ഒരു വിശുദ്ധനാണ്; നിങ്ങൾ അദ്ദേഹത്തെ വിലമതിക്കുന്നില്ലേ? എനിക്കു നിങ്ങളെ മനസ്സിലാകുന്നില്ല എന്നതാണു സത്യം. നിങ്ങൾക്ക് അദ്ദേഹത്തെ വേണ്ടെങ്കിൽ, അദ്ദേഹത്തെ ഞാൻ സ്വീകരിക്കും! ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുന്നതരം ആളാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലൊരാൾ ‘നമുക്കു [രാജ്യ]ഹാളിലേക്കു പോകാം’ എന്നു പറഞ്ഞാൽ ‘നമുക്കു പോകാം!’ എന്നു ഞാൻ പറയും. ‘നമുക്കു കുട്ടികളെയും കൊണ്ടുപോകാം’ എന്ന് അദ്ദേഹം പറഞ്ഞാൽ ഞാൻ വളരെ സന്തോഷവതിയായിരിക്കും. നിങ്ങൾക്കുള്ളതു വിലമതിക്കുക.” ആ സ്ത്രീ തന്റെ സ്റേറാപ്പിൽ ഇറങ്ങിയപ്പോൾ ചിരിക്കുന്നുണ്ടായിരുന്നു, അവൾ ആ സാക്ഷിയോടു നന്ദി പറഞ്ഞു. ആ യോഗങ്ങൾ എന്താണെന്നു മനസ്സിലാക്കാനുള്ള നിർദേശം അവൾ അനുസരിച്ചു എന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു.
സമ്മേളനങ്ങളിൽ സംബന്ധിക്കാൻ നാം ആസൂത്രണം ചെയ്യുമ്പോൾ യഹോവയിലുള്ള ആശ്രയത്തോടെ നാം പ്രവർത്തിക്കുന്നതു ജ്ഞാനപൂർവകമാണെന്നു പരഗ്വെയിലുള്ള ഒരു സഹോദരിയുടെ അനുഭവം വ്യക്തമാക്കുന്നു. സമ്മേളനം നടക്കുന്നത് 580 കിലോമീറ്റർ അകലെയുള്ള തലസ്ഥാനനഗരിയിലായിരുന്നു. നമ്മുടെ സഹോദരിക്ക് അഞ്ചു കുട്ടികളുണ്ടായിരുന്നു, ഏതാനും വർഷങ്ങൾക്കു മുമ്പ് ഭർത്താവ് അവളെ ഉപേക്ഷിച്ചുപോയി, അവൾക്കു വളരെ കുറച്ചു പണമേ ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും, തന്റെ കുട്ടികളെല്ലാവരോടും കൂടെ സമ്മേളനത്തിൽ സംബന്ധിക്കാൻ അവൾക്കു കഴിയേണ്ടതിന് അവൾ പണം സ്വരൂപിക്കാൻ തുടങ്ങി. എന്നാൽ, പോകേണ്ട ദിവസം വന്നപ്പോഴും യാത്രയ്ക്ക് ആവശ്യമായ പണം അവളുടെ കൈവശമില്ലായിരുന്നു. അവൾ എന്തു ചെയ്യും? അവളുടേത് ഒരു കൊച്ചുപട്ടണമായിരുന്നു, വളരെ ഉപചാരപൂർവമാണ് കാര്യങ്ങളെല്ലാം നടന്നുപോന്നിരുന്നതും, അതുകൊണ്ട് അവളും തന്റെ അഞ്ചു കുട്ടികളും ബസ് സ്റേറഷനിലേക്കു പുറപ്പെട്ടു. തലസ്ഥാനനഗരിയിലേക്കു തനിക്കും കുട്ടികൾക്കും പോകേണ്ടതുണ്ടെന്നും എന്നാൽ രണ്ടു ടിക്കററിനുള്ള പണമേ തന്റെ കൈവശമുള്ളൂവെന്നും അവൾ ടിക്കററ് കൊടുക്കുന്ന ആളോടു പറഞ്ഞു. കുട്ടികളോടൊപ്പം ബസ്സിൽ കയറിക്കൊള്ളാൻ ടിക്കററു ക്ലർക്ക് അവളോടു പറഞ്ഞു, അത് അവളെ വളരെ സന്തോഷിപ്പിച്ചു. യാത്ര തുടങ്ങിയശേഷം അദ്ദേഹം ടിക്കററിന്റെ പണം ശേഖരിക്കാൻ വന്നപ്പോൾ അവളിൽനിന്ന് ഒരു ടിക്കററിന്റെ ചാർജു മാത്രമേ അദ്ദേഹം എടുത്തുള്ളൂ. അത് അവളുടെ പട്ടണത്തിലെ ഏററവും ചെലവുവരുന്ന ഫസ്ററ്ക്ലാസ്സ് ബസ്സായിരുന്നു. സർക്കിട്ട് സമ്മേളനത്തിലെ ആത്മീയാഹാരം നഷ്ടപ്പെടുത്താതിരുന്നതിൽ ആ കുടുംബം എത്ര നന്ദിയുള്ളവരായിരുന്നു!