വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
രാഷ്ട്രങ്ങൾ “സമാധാനം! സുരക്ഷിതത്വം!” എന്നു പ്രഖ്യാപിക്കുന്നത് എപ്പോഴായിരിക്കും?
വീക്ഷാഗോപുരത്തിൽa ഈ അടുത്തുവന്ന ഒരു “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” വിശദീകരിക്കുന്നതുപോലെ, യഹോവ പെട്ടെന്നുതന്നെ ‘പത്ത് കൊമ്പിന്റെ’ (എല്ലാ രാഷ്ട്രീയശക്തികളുടെയും) ഹൃദയത്തിൽ തന്റെ “പദ്ധതി” തോന്നിപ്പിക്കും. ഈ രാഷ്ട്രങ്ങളുടെ അധികാരവും ശക്തിയും ‘കടുഞ്ചുവപ്പു നിറമുള്ള കാട്ടുമൃഗത്തിന്,’ അതായത് ഐക്യരാഷ്ട്ര സംഘടനയ്ക്കു കൊടുക്കുക എന്നതാണ് ആ പദ്ധതി. കടുഞ്ചുവപ്പ് നിറമുള്ള ഈ കാട്ടുമൃഗത്തെ “കാട്ടുമൃഗത്തിന്റെ പ്രതിമ” എന്നും വിളിച്ചിട്ടുണ്ട്. (വെളി. 13:14, 15; 17:3, 16, 17) തുടർന്ന്, “പത്തു കൊമ്പും” പുതുതായി ശക്തി കിട്ടിയ കാട്ടുമൃഗവും ചേർന്ന് ലോകം മൊത്തമുള്ള വ്യാജമതങ്ങളെ നശിപ്പിക്കും. അങ്ങനെയെങ്കിൽ രാഷ്ട്രങ്ങൾ “സമാധാനം! സുരക്ഷിതത്വം!”b എന്നു പ്രഖ്യാപിക്കുന്നത്, വ്യാജമതങ്ങളുടെ നാശത്തിനു മുമ്പാണോ അതോ ശേഷമാണോ?—1 തെസ്സ. 5:3.
ലളിതമായി പറഞ്ഞാൽ, “സമാധാനം! സുരക്ഷിതത്വം!” എന്ന പ്രഖ്യാപനം ഭാവിയിൽ എപ്പോൾ നടക്കുമെന്ന് നമുക്കു കൃത്യമായി അറിയില്ല. എല്ലാ വിശദാംശങ്ങളും അറിയാമെങ്കിൽ നമ്മൾ ജാഗ്രതയോടിരിക്കേണ്ട ആവശ്യമില്ലല്ലോ. എന്നാൽ തന്റെ അനുഗാമികൾ ‘എപ്പോഴും ഉണർന്നിരിക്കേണ്ടിവരുമെന്ന്’ യേശു ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. (മത്താ. 24:42; 25:13; 26:41) നമുക്കിപ്പോൾ, പൗലോസ് അപ്പോസ്തലൻ ദൈവപ്രചോദിതമായി തെസ്സലോനിക്യർക്ക് എഴുതിയ കത്തിലെ ആ പ്രവചനമൊന്ന് അടുത്ത് പരിശോധിക്കാം.
പൗലോസ് എഴുതി: ‘എപ്പോഴാണോ അവർ “സമാധാനം! സുരക്ഷിതത്വം!” എന്നു പറയുന്നത് അപ്പോൾ, പ്രതീക്ഷിക്കാത്ത നേരത്ത് അവരുടെ മേൽ പെട്ടെന്നുള്ള നാശം വരും.’ (1 തെസ്സ. 5:2, 3) പൗലോസിന്റെ ഈ വാക്കുകളെ നമ്മുടെ പ്രസിദ്ധീകരണങ്ങൾ മിക്കപ്പോഴും വിശദീകരിച്ചിരുന്നത് ഇങ്ങനെയാണ്: ലോകമെങ്ങുമുള്ള വ്യാജമതങ്ങളുടെ, അതായത് ബാബിലോൺ എന്ന മഹതിയുടെ, നാശത്തോടെ തുടങ്ങുന്ന മഹാകഷ്ടതയ്ക്ക് തൊട്ടുമുമ്പായിരിക്കും “സമാധാനം! സുരക്ഷിതത്വം!” എന്നു പ്രഖ്യാപിക്കുന്നത്. ഭാവിയിൽ നടക്കാൻപോകുന്ന ഈ പ്രഖ്യാപനം മഹാകഷ്ടത തുടങ്ങാൻപോകുന്നു എന്നതിന്റെ അവസാന അടയാളമാണെന്ന് നമ്മൾ വിശദീകരിച്ചിരുന്നു.
എന്നാൽ ഇതെക്കുറിച്ച് കൂടുതൽ പഠിച്ചപ്പോൾ ഈ പ്രവചനം മറ്റൊരു രീതിയിലും മനസ്സിലാക്കാമെന്ന് തോന്നുന്നു. “സമാധാനം! സുരക്ഷിതത്വം!” എന്ന പ്രഖ്യാപനം നടക്കുന്നത് ചിലപ്പോൾ വ്യാജമതങ്ങളുടെ നാശത്തിനു ശേഷം ആയിരിക്കാം. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ചില കാരണങ്ങൾ നോക്കാം.
ഭൂമിയിൽ നടക്കുന്ന യുദ്ധങ്ങളിൽ വ്യാജമതങ്ങൾക്കുള്ള പങ്ക്. ബൈബിൾ പറയുന്നു: “ഭൂമിയിൽ കൊല്ലപ്പെട്ട എല്ലാവരുടെയും രക്തം (‘മഹാവേശ്യയായ’ ബാബിലോൺ എന്ന മഹതിയിലാണ്) കണ്ടത്.” (വെളി. 17:1, 5; 18:24) ചരിത്രം നോക്കിയാൽ മഹാവേശ്യ, രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളെ പിന്തുണയ്ക്കുകയും മിക്കപ്പോഴും തീവ്രവാദ പ്രവർത്തനങ്ങൾ ആളിക്കത്തിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് അവൾ സമാധാനവും സുരക്ഷിതത്വവും അല്ല യുദ്ധങ്ങളും അക്രമങ്ങളും ആണ് ഭൂമിയിൽ കൊണ്ടുവന്നിരിക്കുന്നത്. അത് ഒരു ചോദ്യം ഉയർത്തുന്നു: “സമാധാനം! സുരക്ഷിതത്വം!” എന്നു രാഷ്ട്രങ്ങൾ പ്രഖ്യാപിക്കുന്നത് ബാബിലോൺ എന്ന മഹതിയെ അവർ നീക്കിയതിനു ശേഷം ആയിരിക്കുമോ? അതിന് സാധ്യതയുണ്ട്. പക്ഷേ അത് ഉറപ്പിച്ചുപറയാനാകില്ല.
“സമാധാനം! സുരക്ഷിതത്വം!” എന്ന പ്രഖ്യാപനത്തിനു ശേഷം സംഭവിക്കാനിരിക്കുന്നത്. പൗലോസ് പറഞ്ഞു: “പ്രതീക്ഷിക്കാത്ത നേരത്ത് അവരുടെ മേൽ പെട്ടെന്നുള്ള നാശം വരും.” (1 തെസ്സ. 5:3) “സമാധാനം! സുരക്ഷിതത്വം!” എന്ന പ്രഖ്യാപനത്തിനു ശേഷം ഉടൻതന്നെയായിരിക്കാം രാഷ്ട്രങ്ങളുടെ നാശം എന്നൊരു സൂചനയാണ് പൗലോസിന്റെ വാക്കുകളിലുള്ളത്. ആ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ രാഷ്ട്രങ്ങളുടെ മേലുള്ള നാശം വരണമെങ്കിൽ വ്യാജമതങ്ങൾ അതിനോടകം നശിപ്പിക്കപ്പെട്ടിട്ടുണ്ടായിരിക്കണമല്ലോ. അതുകൊണ്ട് “സമാധാനം! സുരക്ഷിതത്വം!” എന്ന പ്രഖ്യാപനം ചിലപ്പോൾ നടക്കുന്നത് വ്യാജമതങ്ങളുടെ നാശത്തിനു ശേഷം ആയിരിക്കാം.
ആ സമയത്തെ യഹോവയുടെ ജനത്തിന്റെ പ്രതികരണം. പൗലോസ് എഴുതി: “സഹോദരങ്ങളേ, പകൽവെളിച്ചം കള്ളന്മാരെ ഓർക്കാപ്പുറത്ത് പിടികൂടുന്നതുപോലെ ആ ദിവസം നിങ്ങളെ ഓർക്കാപ്പുറത്ത് പിടികൂടാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ലല്ലോ.” (1 തെസ്സ. 5:4) ഈ വാക്കുകൾ സൂചിപ്പിക്കുന്നത്, രാഷ്ട്രങ്ങളുടെ മേലുള്ള നാശം തൊട്ടടുത്ത് എത്തിയിരിക്കുന്നെന്ന് യഹോവയുടെ ജനത്തിന് വളരെ വ്യക്തമായിരിക്കും എന്നാണ്. അത് തൊട്ടടുത്ത് എത്തിയെന്ന് അവർക്ക് അത്ര വ്യക്തമാകുന്നത്, “സാമാധാനം! സുരക്ഷിതത്വം!” എന്ന പ്രഖ്യാപനം വ്യാജമതങ്ങളുടെ നാശത്തിനു ശേഷം സംഭവിക്കുന്നതുകൊണ്ടാകാം. എന്നാൽ തങ്ങൾ സമാധാനം കൈവരിച്ചിരിക്കുന്നു എന്നു ചിന്തിക്കുന്ന രാഷ്ട്രങ്ങൾക്ക്, തങ്ങളുടെ നാശം ഓർക്കാപ്പുറത്ത് ഒരു കള്ളനെപ്പോലെ വരുന്നതായും തോന്നും.
എന്തായാലും ഒരു കാര്യത്തിൽ നമുക്ക് ഉറപ്പുണ്ട്: തൊട്ടടുത്ത ഭാവിയിൽ “പത്തു കൊമ്പും” വലിയ ശക്തി ലഭിച്ച കാട്ടുമൃഗവും വ്യാജമതങ്ങളെ നശിപ്പിക്കും. മഹാകഷ്ടതയുടെ തുടക്കമായിരിക്കും അത്. അതുപോലെ ഏതോ ഒരു സമയത്ത് രാഷ്ട്രങ്ങൾ “സമാധാനം! സുരക്ഷിതത്വം!” എന്നു പ്രഖ്യാപിക്കുമെന്നും നമുക്ക് അറിയാം. അത് എപ്പോഴായിരിക്കും സംഭവിക്കുന്നത്? രണ്ട് സാധ്യതകളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തു. ഒന്നാമത്തെ സാധ്യത: വ്യാജമതങ്ങളുടെ നാശത്തിനു മുമ്പായിരിക്കും ആ പ്രഖ്യാപനം നടക്കുന്നത്. രണ്ടാമത്തെ സാധ്യത: രാഷ്ട്രങ്ങൾ വ്യാജമതങ്ങളെ പൂർണമായി നശിപ്പിച്ചതിനു ശേഷമായിരിക്കും ആ പ്രഖ്യാപനമുണ്ടാകുന്നത്. എന്താണ് സംഭവിക്കുക എന്നത് നമ്മൾ കാത്തിരുന്ന് കാണണം. മിക്കപ്പോഴും ബൈബിൾപ്രവചനങ്ങൾ പൂർണമായും മനസ്സിലാകുന്നത് അതു നിറവേറിക്കൊണ്ടിരിക്കുമ്പോഴോ അല്ലെങ്കിൽ നിറവേറിക്കഴിഞ്ഞോ ആണ്.—യോഹന്നാൻ 12:16 താരതമ്യം ചെയ്യുക.
എന്നാൽ ഓർക്കുക, “സമാധാനം! സുരക്ഷിതത്വം!” എന്ന പ്രഖ്യാപനം എപ്പോൾ നടക്കും എന്നതല്ല, നമ്മൾ ദൈവത്തോട് വിശ്വസ്തരായി നിൽക്കുമോ എന്നതാണ് ഏറ്റവും പ്രധാനം. നമ്മൾ ‘ഉണർന്ന് സുബോധത്തോടെയിരിക്കുന്നെങ്കിൽ,’ സംഭവങ്ങൾ ഏതു ക്രമത്തിൽ ചുരുളഴിഞ്ഞാലും നമ്മൾ പൂർണമായി തയ്യാറായിരിക്കും.—1 തെസ്സ. 5:6.
a 2025 നവംബർ ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.
b പൗലോസ് അപ്പോസ്തലന്റെ വാക്കുകൾ നോക്കിയാൽ ഇത് ഒരൊറ്റ പ്രഖ്യാപനമാകാനും അല്ലെങ്കിൽ പ്രഖ്യാപനങ്ങളുടെ ഒരു പരമ്പരയാകാനും സാധ്യതയുണ്ട് എന്നു മനസ്സിലാക്കാം.