സുവാർത്ത അവതരിപ്പിക്കുക—വിവേചനയോടെ
1 വ്യത്യസ്ത വിശ്വാസങ്ങളും സാഹചര്യങ്ങളും ഉള്ളവരോട് വിവേചനയോടെ സുവാർത്ത അവതരിപ്പിക്കുന്നതിന് അപ്പൊസ്തലനായ പൗലോസ് ഊന്നൽ നൽകി. നമ്മുടെ നാളിൽ ചിലർ ആത്മീയകാര്യങ്ങളിൽ താത്പര്യമുള്ളവരാണെങ്കിലും മറ്റുള്ളവർക്ക് ആത്മീയ ചായ്വോ ആത്മീയ മൂല്യങ്ങളോടു വിലമതിപ്പോ ഇല്ല. സുവാർത്താ ഘോഷകരെന്നനിലയിൽ ദൈവരാജ്യ സന്ദേശം “എല്ലാവർക്കും” ആകർഷകമാകുംവിധം അവതരിപ്പിക്കുന്നതിൽ നമ്മൾ വിവേചന ഉപയോഗിക്കണം.—1 കൊരി. 9:19-23.
2 വീട്ടുകാരന്റെ താത്പര്യമനുസരിച്ചു നമ്മുടെ അവതരണം പരുവപ്പെടുത്തുന്നത് വിവേചനയുടെ പ്രായോഗിക വശമാണ്. ഇതിനു നല്ല തയ്യാറാകൽ വേണം. പുസ്തകങ്ങളിലെയും മാസികകളിലെയും വിവരങ്ങളുമായി നന്നായി പരിചിതരാണെങ്കിൽ വ്യത്യസ്ത വിഷയങ്ങൾ ഉപയോഗിച്ച് സുവാർത്ത പറയാനാകും. പ്രായമായവർ, യുവജനങ്ങൾ, കുടുംബനാഥന്മാർ, കുടുംബിനികൾ, ജോലിക്കാരായ സ്ത്രീകൾ, മറ്റുള്ളവർ എന്നിവരുമായി ചർച്ച ചെയ്യാനുള്ള വിവരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവരുടെ വ്യക്തിപരമായ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് വിവേചന കാണിക്കണം.
3 വീട്ടുകാരനെ സമീപിക്കുമ്പോൾ ചുറ്റുപാടുകൾ നിരീക്ഷിക്കുക. വീട്ടിലുള്ള ആൾ മാതാവോ പിതാവോ ആണോ, അവരുടെ മതപശ്ചാത്തലം എന്താണ്, വീടും പരിസരവും വൃത്തിയായി പരിപാലിക്കുന്നതിൽ താത്പര്യമുള്ളയാളാണോ എന്നൊക്കെ നിങ്ങൾക്കു വിവേചിക്കാനാകും. ഇതു വെച്ച്, വീട്ടുകാരന്റെ സാഹചര്യങ്ങൾക്കും താത്പര്യങ്ങൾക്കും ഇണങ്ങുംവിധം നിങ്ങളുടെ മുഖവുര പരുവപ്പെടുത്താം. നയത്തോടെയും വിവേചനയോടെയും ഉള്ള ചോദ്യങ്ങൾ ചോദിച്ചിട്ട് വീട്ടുകാരന്റെ അഭിപ്രായം നന്നായി ശ്രദ്ധിക്കുക. ഇങ്ങനെ അദ്ദേഹത്തിന്റെ വിശ്വാസങ്ങളും വികാരങ്ങളും വിവേചിച്ചുകൊണ്ട് ഏറ്റവും നല്ല വിധത്തിൽ സംഭാഷണം എങ്ങനെ തുടരാനാകും എന്നു തീരുമാനിക്കുക.
4 യഹോവയുടെ സേവനത്തിൽ നമ്മൾ നല്ല തയ്യാറാകലോടെയും വിവേചനയോടെയും പ്രവർത്തിക്കുന്നെങ്കിൽ അപ്പൊസ്തലനായ പൗലോസിനെപ്പോലെ നമുക്കും ഇപ്രകാരം പറയാം, “ഏതുവിധേനയും ചിലരെ നേടേണ്ടതിന് ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.”—1 കൊരി. 9:22; സദൃ. 19:8.