വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 3/13 പേ. 11-12
  • ഭരണസംഘത്തിന്റെ കത്ത്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഭരണസംഘത്തിന്റെ കത്ത്‌
  • 2013 നമ്മുടെ രാജ്യശുശ്രൂഷ
2013 നമ്മുടെ രാജ്യശുശ്രൂഷ
km 3/13 പേ. 11-12

ഭരണസംഘത്തിന്റെ കത്ത്‌

പ്രിയ സഹോദരീസഹോദരന്മാരേ,

സ്‌നേഹത്തിന്റെ മൂർത്തിമദ്‌ഭാവമാണ്‌ നമ്മുടെ സ്വർഗീയ പിതാവായ യഹോവ. അതുകൊണ്ടുതന്നെ ബൈബിൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ദൈവം സ്‌നേഹമാകുന്നു.” (1 യോഹ. 4:8) യഹോവ സർവശക്തനാണെങ്കിലും ദൈവവചനം അവനെക്കുറിച്ച്‌ “ദൈവം ശക്തിയാകുന്നു,” “ദൈവം ബലമാകുന്നു” എന്ന്‌ ഒരിടത്തും പരാമർശിക്കുന്നില്ല. അവന്റെ ഭരണം സ്‌നേഹത്തിൽ അധിഷ്‌ഠിതമാണ്‌. ആ ഗുണം തന്നെയല്ലേ നമ്മെ അവനിലേക്ക്‌ ആകർഷിക്കുന്നതും!

തന്നെ സേവിക്കാൻ യഹോവ ആരെയും നിർബന്ധിക്കുന്നില്ല എന്നത്‌ എത്ര സന്തോഷകരമാണ്‌! അവൻ ഒരു സ്വേച്ഛാധിപതിയല്ല. സ്‌നേഹത്താൽ പ്രചോദിതരായി ഹൃദയപൂർവം നാം അവനെ സേവിക്കാനാണ്‌ അവൻ ആഗ്രഹിക്കുന്നത്‌. അങ്ങനെ ചെയ്യുന്നെങ്കിൽ അവന്റെ ഭരണം കാംക്ഷിക്കുന്നു എന്ന്‌ വ്യക്തമാക്കുകയായിരിക്കും നാം. ആ ഭരണമാണ്‌ നീതിയുക്തവും സ്‌നേഹപുരസ്സരവും എന്ന്‌ നമുക്കറിയാം. മനുഷ്യചരിത്രത്തിന്റെ തുടക്കംമുതൽതന്നെ ഇത്‌ സത്യമെന്നു തെളിഞ്ഞിരിക്കുന്നു.

തന്നെ അനുസരിക്കാൻ ആദാമിനെയും ഹവ്വായെയും നിർബന്ധിക്കുന്നതിനു പകരം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം യഹോവ അവർക്കു നൽകി. അവർ ദൈവത്തെ യഥാർഥമായി സ്‌നേഹിക്കുകയും അവൻ തങ്ങൾക്കുവേണ്ടി ചെയ്‌ത കാര്യങ്ങളെ വിലമതിക്കുകയും ചെയ്‌തിരുന്നെങ്കിൽ സാത്താന്റെ ശ്രമങ്ങളെ അവർ ചെറുത്തുനിൽക്കുമായിരുന്നു; അവർ മത്സരികളായിത്തീരില്ലായിരുന്നു.

ഒരിക്കൽ മോശ, ഇസ്രായേൽ ജനതയോട്‌ അവസാനമായി സംസാരിക്കവെ ഇങ്ങനെ പറഞ്ഞു: “ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു.” (ആവ. 30:15) ഏതു ജീവിതഗതി വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആ ജനതയ്‌ക്ക്‌ ഉണ്ടായിരുന്നു. സമാനമായി യോശുവയും ഇസ്രായേല്യരോടു പറഞ്ഞു: “യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ . . . ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ.” മറുപടിയായി ആ ജനത പറഞ്ഞു: “യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിപ്പാൻ ഞങ്ങൾക്കു സംഗതി വരരുതേ.” (യോശു. 24:15, 16) നമുക്കും ഇന്ന്‌ അതുതന്നെയാണ്‌ തോന്നുന്നത്‌. നാം യഹോവയെ സ്‌നേഹിക്കുന്നതിനാൽ അവനെ ഉപേക്ഷിക്കാൻ ‘സംഗതി വരരുത്‌’ അഥവാ അങ്ങനെയൊരു കാര്യം മനസ്സിൽ തോന്നുകപോലും അരുത്‌ എന്നാണ്‌ നമ്മുടെ ആഗ്രഹം.

ഇച്ഛാസ്വാതന്ത്ര്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണെന്ന്‌ സത്യക്രിസ്‌ത്യാനികളായ നമുക്ക്‌ അറിയാം. മൂപ്പന്മാർ തിരുത്തലും ബുദ്ധിയുപദേശവും നൽകാൻ ചുമതലപ്പെട്ടവരാണെങ്കിലും മറ്റുള്ളവരുടെ ജീവിതത്തിലും വിശ്വാസത്തിലും ആധിപത്യം പുലർത്താനോ കടിഞ്ഞാണിടാനോ അവർ ശ്രമിക്കുന്നില്ല. പൗലോസ്‌ അപ്പൊസ്‌തലൻ എഴുതി: “ഞങ്ങൾ നിങ്ങളുടെ വിശ്വാസത്തിന്മേൽ ആധിപത്യം പുലർത്തുന്നവരല്ല; നിങ്ങളുടെ സന്തോഷത്തിനായുള്ള കൂട്ടുവേലക്കാരാണ്‌; നിങ്ങൾ ഉറച്ചുനിൽക്കുന്നത്‌ നിങ്ങളുടെ വിശ്വാസത്താൽത്തന്നെയല്ലോ.”—2 കൊരി. 1:24.

ആരുടെയെങ്കിലും നിർബന്ധത്തിനു വഴങ്ങി ഒരു കാര്യം ചെയ്യുന്നതിനു പകരം സ്വമനസ്സാലെ ചെയ്യുന്നത്‌ എത്ര സംതൃപ്‌തികരമാണെന്നോ! നാം സ്‌നേഹത്താൽ പ്രചോദിതരായി ശരിയായതു ചെയ്യണമെന്നാണ്‌ യഹോവയുടെ ആഗ്രഹം. ഇതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതാണ്‌ പൗലോസിന്റെ പിൻവരുന്ന വാക്കുകൾ: “എന്റെ സർവസമ്പത്തുംകൊണ്ട്‌ അന്നദാനം ചെയ്‌തും എന്റെ ശരീരത്തെ യാഗമായി നൽകിയും ഞാൻ ഊറ്റംകൊണ്ടാലും സ്‌നേഹമില്ലെങ്കിൽ അതുകൊണ്ട്‌ ഒരു പ്രയോജനവുമില്ല.”—1 കൊരി. 13:3.

ദശലക്ഷക്കണക്കിനുവരുന്ന നമ്മുടെ സഹോദരീസഹോദരന്മാർ സ്‌നേഹത്താൽ പ്രേരിതരായി പൂർണഹൃദയത്തോടെ തന്നെ സേവിക്കുന്നതു കാണുമ്പോൾ യഹോവയ്‌ക്ക്‌ എത്രയധികം സന്തോഷം തോന്നുന്നുണ്ടാകും! അവന്‌ അത്‌ എത്രമാത്രം മഹത്വമാണ്‌ നൽകുന്നത്‌!

യഹോവയും തന്റെ ദാസന്മാരെ അളവറ്റ്‌ സ്‌നേഹിക്കുന്നു. ഈ ലോകത്തെ സ്‌നേഹിക്കുകയോ സ്വന്തം ആഗ്രഹങ്ങളെ തൃപ്‌തിപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യാതെ യഹോവയെ സ്‌നേഹിക്കുന്ന കുട്ടികളേ, ചെറുപ്പക്കാരേ, നിങ്ങളെയും അവൻ അതിയായി സ്‌നേഹിക്കുന്നു. ഞങ്ങളും നിങ്ങളെ അത്യധികം സ്‌നേഹിക്കുന്നു.—ലൂക്കോ. 12:42, 43.

യഹോവയോടുള്ള സ്‌നേഹം നിമിത്തം നിങ്ങൾ കഴിഞ്ഞ വർഷം 174,86,97,447 മണിക്കൂറാണ്‌ സുവാർത്ത പ്രസംഗിക്കാനായി ചെലവഴിച്ചത്‌. ചെറുപ്പക്കാർ ഉൾപ്പെടെ ലോകമെമ്പാടുമായി 77,82,346 പേർ ശുശ്രൂഷയിൽ ഏർപ്പെട്ടു. ഇനി, യഹോവയ്‌ക്ക്‌ സമർപ്പിച്ച്‌ അത്‌ ജലസ്‌നാനത്താൽ പ്രതീകപ്പെടുത്തിയവർ ചെറുപ്പക്കാർ ഉൾപ്പെടെ 2,68,777 പേർ. അതായത്‌, ആഴ്‌ചതോറും ശരാശരി 5,168 പേർ. എത്ര ഹൃദയസ്‌പർശിയായ റിപ്പോർട്ട്‌!

ഈ അവസാനനാളുകളിൽ ദൈവജനത്തിന്‌ പല പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടേണ്ടിവരുന്നു. പലരും പീഡനങ്ങളും രോഗങ്ങളും വാർധക്യസഹജമായ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നു. പക്ഷേ, ‘മടുത്തുപിന്മാറാതിരിക്കാൻ’ നാം ദൃഢചിത്തരാണ്‌, അതെ, നാം “പിന്മാറുന്ന കൂട്ടത്തിലല്ല.” നിങ്ങൾക്ക്‌ ഏവർക്കും ഞങ്ങളുടെ അകമഴിഞ്ഞ സ്‌നേഹം.—എബ്രാ. 10:39; 2 കൊരി. 4:16.

നിങ്ങളുടെ സഹോദരങ്ങൾ,

യഹോവയുടെ സാക്ഷികളുടെ ഭരണസംഘം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക