നിങ്ങൾ വഴക്കമുള്ളവരും സാഹചര്യങ്ങളോടു പൊരുത്തപ്പെടുന്നവരും ആണോ?
1 വഴക്കമുള്ളവരും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നവരും ആയിരിക്കാൻ ദിവ്യജ്ഞാനത്തിനും ദൈവവചനത്തിനും നമ്മെ സഹായിക്കാനാകും. സുവാർത്ത പ്രസംഗിക്കാനുള്ള ദൈവദത്ത നിയോഗം നിറവേറ്റുമ്പോൾ ഈ കരുതലുകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് നമുക്ക് അങ്ങനെയുള്ളവരെന്നു തെളിയിക്കാം. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ അവരുടെ ദൈവദത്ത നിയോഗം എങ്ങനെ നിറവേറ്റി എന്നും അതേസമയം അവർ എങ്ങനെ പ്രായോഗിക ജ്ഞാനം പ്രകടമാക്കി എന്നും പ്രവൃത്തികളുടെ പുസ്തകം കാണിച്ചുതരുന്നു. (മത്താ. 28:19, 20) ഉദാഹരണത്തിന് ഇക്കോന്യ വിട്ടുപോകേണ്ടിവന്നപ്പോൾ പൗലൊസ് മറ്റു സ്ഥലങ്ങളിൽ പോയി സുവാർത്ത പ്രസംഗിച്ചു. (പ്രവൃ. 14:5-7) സമീപനരീതിയിൽ മാറ്റം വരുത്തുന്നതാണ് ജ്ഞാനം എന്നു കണ്ടപ്പോൾ പൗലൊസും അവന്റെ സഹകാരികളും ആളുകളുടെ അടുക്കൽ സുവാർത്ത എത്തിക്കുന്നതിന് മറ്റു മാർഗങ്ങൾ അവലംബിച്ചു. (പ്രവൃ. 16:13) നാം എതിരാളികളെ പേടിക്കുന്നില്ല, യഹോവയെ അനുസരിക്കുന്നതിൽ തുടരുകയും ചെയ്യും. എന്നാൽ മാറ്റം ആവശ്യമായിവരുന്ന സാഹചര്യങ്ങളിൽ, ചില പ്രത്യേക സാക്ഷീകരണ രീതികൾ മാത്രമേ പിന്തുടരൂ എന്നു നാം കടുംപിടുത്തം പിടിക്കരുത്. (ഫിലി. 1:27; പ്രവൃ. 5:29) ഇത്തരത്തിൽ പ്രായോഗികജ്ഞാനം പ്രകടമാക്കുന്നവരാണോ നാം?
2 അടുത്തയിടെ ചില സംസ്ഥാനങ്ങളിൽ സംഭവിച്ചതു നോക്കിയാൽ, സത്യാരാധനയ്ക്ക് ഇപ്പോഴും ശത്രുക്കൾ ഉണ്ടെന്നു കാണാനാകും. മതഭ്രാന്തന്മാരുടെ ലക്ഷ്യങ്ങൾ പലതായിരിക്കാം; എന്നാൽ സാത്താന് അവരെ ഉപയോഗിച്ചുകൊണ്ട് സത്യക്രിസ്ത്യാനികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് മറ്റുള്ളവരിൽ തെറ്റിദ്ധാരണ ഉളവാക്കാനും അങ്ങനെ സുവാർത്ത കേൾക്കുന്നതിൽനിന്ന് അവരെ തടയാനും കഴിയും. പൗലൊസിന്റെ നാളിൽ എഫെസൊസിൽ നടന്നത് അതാണ്. (പ്രവൃ. 19:23-28) അത്തരം കുതന്ത്രങ്ങൾക്കു നടുവിലും, നാം യഹോവയുടെ നാമവും അവന്റെ ഉദ്ദേശ്യവും പ്രസിദ്ധമാക്കും എന്ന ദൃഢനിശ്ചയമുള്ളവരായിരിക്കണം; ഒപ്പം, സാക്ഷീകരണവിധങ്ങളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നവരും വഴക്കമുള്ളവരും ആയിരിക്കണം.
3 സുസജ്ജർ: നമ്മുടെ പ്രവർത്തനത്തിലേക്ക് അനാവശ്യശ്രദ്ധ ക്ഷണിച്ചുവരുത്താതിരിക്കാൻ വയൽസേവനക്കൂട്ടങ്ങളുടെ മേൽനോട്ടംവഹിക്കുന്ന മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ശ്രദ്ധിക്കണം. അതിനായി, നിയമിത പ്രദേശത്തേക്ക് പോകുന്നതിനു മുമ്പുതന്നെ അവർ സഹോദരങ്ങളെ തിരിച്ചുവിടുന്നത് ഉൾപ്പെടെ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തിരിക്കണം. എവിടെ പ്രവർത്തിക്കണം എന്ന നിർദേശം കാത്ത് സഹോദരങ്ങൾ വഴിവക്കിലും മറ്റും കൂട്ടമായി നിൽക്കുന്നത് ബുദ്ധിയായിരിക്കില്ല. അത് മറ്റുള്ളവരുടെ അനാവശ്യശ്രദ്ധ വിളിച്ചുവരുത്തുകയേയുള്ളൂ. വയൽസേവനക്കൂട്ടത്തിനു മേൽനോട്ടംവഹിക്കുന്ന സഹോദരൻ മുന്നമേതന്നെ കാര്യങ്ങൾ ക്രമീകരിക്കുന്നെങ്കിൽ ഓരോരുത്തർക്കും അവരവരുടെ നിയമിത പ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനും പ്രദേശത്തു കൂട്ടംകൂടുന്നത് ഒഴിവാക്കാനും സാധിക്കും.
4 ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ പൊതുജനശ്രദ്ധ ആകർഷിക്കാതിരിക്കുന്നതാണ് ജ്ഞാനം. ധൈര്യപൂർവം, ശ്രദ്ധയാകർഷിക്കുംവിധം സേവനത്തിലേർപ്പെടുന്നത് ഒരു കാലത്ത് സാക്ഷ്യം നൽകാനുതകിയിരുന്നെങ്കിലും ഇന്ന് സാഹചര്യങ്ങൾ മാറിയിരിക്കുന്നു. ഇന്ന് അങ്ങനെ ചെയ്താൽ ഒരുപക്ഷേ സുവാർത്ത പ്രസംഗിക്കാനാവാത്ത ഒരവസ്ഥ വന്നേക്കാം; നിങ്ങളെയും മറ്റുള്ളവരെയും അത് അപകടത്തിലാക്കിയെന്നും വരാം. സമീപനത്തിൽ മാറ്റംവരുത്താൻ പരാജയപ്പെടുന്നത് ബുദ്ധിശൂന്യമായിരിക്കും. വയൽസേവനക്കൂട്ടങ്ങൾ ചെറുതായിരിക്കണം. ആളുകളെ അലോസരപ്പെടുത്തുന്ന വിധത്തിൽ വയൽസേവന പ്രദേശത്തേക്ക് വലിയ കൂട്ടമായി പോകരുത്. ഒരു നിശ്ചിത സമയത്തേക്കോ രണ്ടോ മൂന്നോ ആഴ്ചത്തേക്കോ പ്രവർത്തിക്കാൻ മതിയായ പ്രദേശം ഓരോരുത്തർക്കും അല്ലെങ്കിൽ ഈരണ്ടു പ്രസാധകർക്കുവീതം നൽകുക. അവരുടെ സമയവും സാഹചര്യവുമനുസരിച്ച് അവിടെ അവർക്കു പ്രവർത്തിക്കാം; പക്ഷേ എത്രത്തോളം പ്രവർത്തിച്ചു എന്ന് ഗ്രൂപ്പ് മേൽവിചാരകനെ അപ്പപ്പോൾ അറിയിക്കണം. ഗ്രൂപ്പ് മേൽവിചാരകന്മാരും വയൽസേവനക്കൂട്ടത്തിനു മേൽനോട്ടംവഹിക്കുന്ന മറ്റെല്ലാവരും, ഉപയോഗിച്ചുവന്നിരുന്ന സമീപനരീതികളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ട്.
5 നിങ്ങൾ വഴക്കമുള്ളവരാണോ?: സാധ്യമാകുന്നിടങ്ങളിലെല്ലാം വീടുതോറുമുള്ള വേല ചെയ്യാൻ നാം ആഗ്രഹിക്കുന്നെങ്കിലും ചില പ്രത്യേക സമയങ്ങളിലും പ്രദേശങ്ങളിലും മറ്റു സാക്ഷീകരണ മാർഗങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ജ്ഞാനം. അല്ലെങ്കിൽ, ചില ദേശങ്ങളിലെ സഹോദരങ്ങൾ ചെയ്തിരിക്കുന്നതുപോലെ ഒരു വഴിയിൽ ഒരു വീട്ടിൽ കയറുക, എന്നിട്ട് അവിടം വിട്ടുപോയി മറ്റൊരു വഴിയിൽ ഇതുപോലെ പ്രവർത്തിക്കുക. ഇതിന് കൂടുതൽ സമയം എടുക്കേണ്ടിവരുമെങ്കിലും വീടുതോറുമുള്ള നമ്മുടെ സുവാർത്താപ്രസംഗത്തിനു തടയിടാനുള്ള എതിരാളികളുടെ ശ്രമങ്ങൾ നിഷ്പ്രഭമാക്കാൻ ഇതുമൂലം കഴിഞ്ഞേക്കും.
6 വയൽസേവനത്തിൽ ഏർപ്പെടുമ്പോൾ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കണം. ചുറ്റുമുള്ളവരുടെ നീക്കങ്ങൾ വിവേചിക്കാനും പ്രശ്നങ്ങൾ ഒഴിവാക്കാനും അതു നിങ്ങളെ സഹായിച്ചേക്കും. സംഭാഷണം ആരംഭിക്കുമ്പോൾത്തന്നെ വീട്ടുകാരന്റെ പ്രതികരണം നന്നായി ശ്രദ്ധിക്കുക. ആമുഖമായി പറയുന്ന വാക്കുകൾ നന്നായി ചിന്തിച്ചുറപ്പിച്ചതായിരിക്കണം. തുടർന്ന് മറുപടി ശ്രദ്ധിക്കുക. അങ്ങനെയാവുമ്പോൾ ആ വ്യക്തി കുഴപ്പക്കാരനാണോ അല്ലയോ എന്ന് നിങ്ങൾക്ക് എളുപ്പം മനസ്സിലാക്കാനാകും. നല്ല തയ്യാറാകൽ ഒരു സംരക്ഷണമാണ്. നമ്മെയും നമ്മുടെ ഉദ്ദേശ്യങ്ങളെയും കുറിച്ച് ആത്മാർഥതയോടെ ചോദിക്കുന്നവർക്ക് ഉത്തരം നൽകാൻ, ഉചിതമായിരിക്കുന്നിടത്ത് യഹോവയുടെ സാക്ഷികൾ മറുപടി പറയുന്നു എന്ന ലഘുലേഖ ഉപയോഗിക്കാവുന്നതാണ്.
7 എല്ലായ്പോഴും യഹോവയാം ദൈവത്തിൽ ആശ്രയിക്കുക. നിങ്ങൾ യാചിക്കുന്നെങ്കിൽ അവൻ തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു നൽകും. (ലൂക്കൊ. 11:13) സാക്ഷീകരണ വിധങ്ങളിൽ മാറ്റം വരുത്താൻ മനസ്സൊരുക്കം കാണിക്കുമ്പോൾ, സാഹചര്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്ന യഹോവയുടെ ഉത്കൃഷ്ടമാതൃക അനുകരിക്കുകയാണ് നാം. തന്റെ ഉദ്ദേശ്യസാക്ഷാത്കാരത്തിനായി ഒരു പ്രത്യേക മാർഗം മാത്രമേ അവലംബിക്കൂ എന്ന് യഹോവ നിർബന്ധംപിടിക്കുന്നില്ല; കാരണം മാർഗമധ്യേ തടസ്സങ്ങൾ നേരിട്ടേക്കാം. എന്നാൽ എന്തൊക്കെ പ്രശ്നങ്ങൾ നേരിട്ടാലും താൻ ഉദ്ദേശിച്ചത് ഒടുവിൽ അവൻ നടപ്പിലാക്കുകതന്നെ ചെയ്യും.—യെശ. 55:11; എഫെ. 1:9-11.