നിങ്ങൾ ന്യായവാദം പുസ്തകം ഉപയോഗിക്കുന്നുണ്ടോ?
1. എങ്ങനെയാണ് അപ്പൊസ്തലനായ പൗലൊസും യേശുവും മറ്റുള്ളവരെ പഠിപ്പിച്ചത്?
1 അപ്പൊസ്തലനായ പൗലൊസ് തിരുവെഴുത്തുകളെ ആധാരമാക്കി “ന്യായവാദം” ചെയ്തിരുന്നു. (പ്രവൃ. 18:19, NW; 17:2, 3) ദൈവേഷ്ടം മനസ്സിലാക്കാൻ ശ്രോതാക്കളെ സഹായിക്കുന്നതിനു കൂടെക്കൂടെ തിരുവെഴുത്തുകൾ ഉദ്ധരിക്കുകയും ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുകയും ചെയ്ത യേശുവിനെ അനുകരിച്ചുകൊണ്ടാണ് അവൻ അങ്ങനെ ചെയ്തത്. (മത്താ. 12:1-12) ഇതുതന്നെ ചെയ്യാൻ നമ്മെ സഹായിക്കുന്നതിനാണ് തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
2. ഫലപ്രദമായ മുഖവുരകൾ തയ്യാറാകാൻ ന്യായവാദം പുസ്തകം എങ്ങനെ ഉപയോഗിക്കാം?
2 ഫലപ്രദമായ മുഖവുരകൾ തയ്യാറാകുന്നതിന്: ന്യായവാദം പുസ്തകത്തിന്റെ 9-15 പേജുകളിൽ താത്പര്യജനകമായ ധാരാളം മുഖവുരകളുണ്ട്. വ്യത്യസ്ത മുഖവുരകൾ പഠിക്കുന്നതും ഉപയോഗിക്കുന്നതും ശുശ്രൂഷ കൂടുതൽ രസകരമാക്കും. മാത്രമല്ല, സാഹചര്യങ്ങൾക്കനുസരിച്ച് മുഖവുരയ്ക്കു മാറ്റംവരുത്താനും ഫലപ്രദമായി സംഭാഷണം ആരംഭിക്കാനും അതു നിങ്ങളെ സഹായിക്കുകയും ചെയ്യും. ടെലഫോണിലൂടെയോ വൻസുരക്ഷാ സംവിധാനമുള്ള കെട്ടിടങ്ങളിൽ താമസിക്കുന്നവരോട് ഇന്റർകോമിലൂടെയോ സാക്ഷീകരിക്കുമ്പോൾ ഈ പുസ്തകത്തിൽനിന്നു മുഖവുരകൾ നേരിട്ടു വായിക്കാനായേക്കും.
3. ശുശ്രൂഷയിൽ സഹായകമായ ഏതെല്ലാം വിവരങ്ങൾ ന്യായവാദം പുസ്തകത്തിലെ 16-24 പേജുകളിലുണ്ട്?
3 തടസ്സവാദങ്ങൾ മറികടക്കുന്നതിന്: നിങ്ങളുടെ പ്രദേശത്ത് സാധാരണഗതിയിൽ ഉയർന്നുവന്നേക്കാവുന്ന തടസ്സവാദങ്ങൾ ഏതൊക്കെയാണ്? അവയ്ക്ക് എങ്ങനെ മറുപടി നൽകാമെന്ന് 16-21 പേജുകൾ ചർച്ചചെയ്യുന്നു. സാക്ഷീകരണത്തിനു പോകുന്നതിനു മുമ്പ് അവ അവലോകനം ചെയ്യുന്നതിനായി അൽപ്പസമയം മാറ്റിവയ്ക്കുക. നിങ്ങൾ ബുദ്ധമതക്കാരെയോ ഹിന്ദുക്കളെയോ യഹൂദന്മാരെയോ മുസ്ലീങ്ങളെയോ കണ്ടുമുട്ടാൻ ഇടയുണ്ടോ? എങ്കിൽ 21-24 പേജുകളിലെ വിവരങ്ങൾ സഹായകമായിരിക്കും.
4. ഒരു ചോദ്യമോ വിവാദപരമായ ഏതെങ്കിലും വിഷയമോ കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ ന്യായവാദം പുസ്തകം എങ്ങനെ ഉപയോഗിക്കാം?
4 ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന്: ഒരു ചോദ്യം നേരിടേണ്ടിവരുന്ന അല്ലെങ്കിൽ വിവാദപരമായ ഏതെങ്കിലും വിഷയം സംസാരിക്കേണ്ടിവരുന്ന സാഹചര്യത്തിലും ന്യായവാദം പുസ്തകം ഉപയോഗിക്കാനാകും. ഈ വിഷയത്തെക്കുറിച്ച് രസകരമായ ചില കാര്യങ്ങൾ കാണിക്കാം എന്നു പറഞ്ഞുകൊണ്ട് ന്യായവാദം പുസ്തകം എടുക്കുക. 5-ാം പേജിൽ കൊടുത്തിരിക്കുന്ന മുഖ്യവിഷയങ്ങളിൽനിന്നു നിങ്ങൾക്ക് ആവശ്യമായ വിഷയം തിരഞ്ഞെടുക്കുക. അതിനുശേഷം, ആ തലക്കെട്ടിൻകീഴിൽ കൊടുത്തിരിക്കുന്ന തടിച്ച അക്ഷരത്തിലുള്ള ചോദ്യങ്ങൾ ഓടിച്ചുനോക്കുക. നിങ്ങൾ അന്വേഷിക്കുന്നതു പെട്ടെന്നു കണ്ടെത്താനാകുന്നില്ലെങ്കിൽ പുറകിലുള്ള സൂചിക നോക്കാനാകും. ആവശ്യമായ വിവരങ്ങൾ കണ്ടെത്തിക്കഴിഞ്ഞാൽ പുസ്തകത്തിൽനിന്നു നേരിട്ടു വായിച്ചു കേൾപ്പിക്കുക. ഒരു പ്രത്യേക തിരുവെഴുത്താണു ചർച്ചചെയ്യുന്നതെങ്കിൽ 447-ാം പേജിലെ “മിക്കപ്പോഴും തെറ്റായി പ്രയോഗിക്കുന്ന തിരുവെഴുത്തുകൾ” എന്ന ഭാഗം സഹായകമായിരുന്നേക്കാം.
5. ന്യായവാദം പുസ്തകത്തിന്റെ മറ്റുചില ഉപയോഗങ്ങൾ ഏവ?
5 മറ്റ് ഉപയോഗങ്ങൾ: ജോലിക്കോ സ്കൂളിലോ പോകുമ്പോൾ ചിലർ ന്യായവാദം പുസ്തകം കൂടെക്കരുതുന്നു. ‘നിങ്ങൾ എന്തുകൊണ്ടാണ് വിശേഷദിവസങ്ങൾ ആഘോഷിക്കാത്തത്?’ എന്നതുപോലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അത് അവരെ സഹായിക്കുന്നു. “സൃഷ്ടിപ്പ്,” “പരിണാമം” എന്നീ തലക്കെട്ടുകൾക്കു കീഴിലുള്ള വിവരങ്ങൾ സ്കൂൾ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനു പ്രയോജനകരമാണെന്ന് യുവജനങ്ങൾ കണ്ടെത്തിയിരിക്കുന്നു. ബന്ധുമിത്രാദികളുടെ വേർപാടിൽ ദുഃഖിച്ചിരിക്കുന്നവരെയോ രോഗികളെയോ സന്ദർശിക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടോ? “പ്രോത്സാഹനം” എന്ന തലക്കെട്ടിൻകീഴിലെ വിവരങ്ങൾ തിരുവെഴുത്തുകളിൽനിന്ന് ആശ്വാസം പകരാൻ നിങ്ങളെ സഹായിക്കും. പ്രസംഗം തയ്യാറാകുന്നവർക്കും വയൽസേവനയോഗങ്ങൾ നടത്തുന്നവർക്കും പ്രയോജനപ്രദമായ വിവരങ്ങളും ന്യായവാദം പുസ്തകത്തിലുണ്ട്.
6. പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ നമ്മുടെ ലക്ഷ്യം എന്താണ്?
6 പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ നമ്മുടെ ഉദ്ദേശ്യം തർക്കിച്ചു ജയിക്കുക എന്നതല്ല. കേവലം കുറെ വിവരങ്ങൾ പകർന്നുകൊടുക്കുക എന്നതും അല്ല. നാം തിരുവെഴുത്തുകളിൽനിന്നു വൈദഗ്ധ്യത്തോടെ ന്യായവാദം ചെയ്യേണ്ടതുണ്ട്. ന്യായവാദം പുസ്തകം നന്നായി ഉപയോഗിക്കുമ്പോൾ നാം നമ്മുടെ പഠിപ്പിക്കലിനു ശ്രദ്ധ നൽകുകയാണ്.—1 തിമൊ. 4:16.