പ്രത്യേക ലഘുലേഖാ വിതരണം—നവംബർ 10-ഡിസംബർ 7
1 നവംബർ 10 തിങ്കളാഴ്ച ആരംഭിക്കുന്ന വാരം മുതൽ നാല് ആഴ്ചത്തേക്ക്, സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ഒരു പുതിയ ലഘുലേഖ നാം വിതരണം ചെയ്യുന്നതായിരിക്കും. ആഗോളതലത്തിലുള്ള ഈ പ്രത്യേക വിതരണപരിപാടി, സത്യത്തിന്റെ ഏക ഉറവായ ബൈബിളിൽ ആളുകളുടെ താത്പര്യം ഉണർത്തുമെന്നാണ് നമ്മുടെ പ്രതീക്ഷ.—യോഹ. 17:17.
2 ദൈവത്തിനു നമ്മെക്കുറിച്ചു ചിന്തയുണ്ടോ? യുദ്ധവും കഷ്ടപ്പാടും അവസാനിക്കുമോ? മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു? മരിച്ചവരെ സംബന്ധിച്ച് എന്തെങ്കിലും പ്രത്യാശയുണ്ടോ? ദൈവം ഉത്തരം നൽകുംവിധം എങ്ങനെ പ്രാർഥിക്കാം? സന്തുഷ്ടജീവിതം നയിക്കാൻ എങ്ങനെ കഴിയും? തുടങ്ങിയ ആറു സുപ്രധാന ചോദ്യങ്ങൾക്ക് ബൈബിൾ നൽകുന്ന ഉത്തരങ്ങൾ ഹ്രസ്വമായി ഈ ലഘുലേഖ പ്രതിപാദിക്കുന്നു. ക്രൈസ്തവസഭകളൊന്നും ഈ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം നൽകിയിട്ടില്ല. അനേകം അക്രൈസ്തവരും ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. ബൈബിളിൽ അവയ്ക്കുള്ള കൃത്യമായ ഉത്തരം ഉണ്ടെന്ന കാര്യം പക്ഷേ അവർക്ക് അറിയില്ല. അതുകൊണ്ടുതന്നെ ഈ ലഘുലേഖ ശ്രദ്ധപിടിച്ചുപറ്റുമെന്ന് ഉറപ്പാണ്.
3 പ്രദേശത്തു മുഴുവനും വിതരണം ചെയ്യുക: നിയമിത പ്രദേശം മുഴുവനും പ്രവർത്തിച്ചുതീർക്കാൻ ശ്രമിക്കുക. പ്രദേശം വലുതാണെങ്കിൽ ആളില്ലാഭവനങ്ങളിൽ ആദ്യസന്ദർശനത്തിൽത്തന്നെ ഒരു ലഘുലേഖ ഇട്ടേച്ചുപോരാൻ മൂപ്പന്മാർ നിർദേശിച്ചേക്കാം. അയൽക്കാർക്കും ബന്ധുക്കൾക്കും സഹപാഠികൾക്കും സഹപ്രവർത്തകർക്കും നിങ്ങൾ സാധാരണ സംസാരിക്കാറുള്ളവർക്കുമെല്ലാം ഇത് നൽകാൻ ഓർക്കുക. നവംബറിലോ ഡിസംബറിലോ സഹായപയനിയറിങ് ചെയ്യാൻ ഒരുപക്ഷേ നിങ്ങൾക്കു കഴിഞ്ഞേക്കും. ആത്മീയമായി പുരോഗമിച്ചുവരുന്നവരും സ്നാനമേറ്റിട്ടില്ലാത്ത പ്രസാധകരെന്ന നിലയിൽ ഈ വിതരണപരിപാടിയിൽ പങ്കെടുക്കാൻ യോഗ്യരുമായ മക്കളോ ബൈബിൾ വിദ്യാർഥികളോ നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ മൂപ്പന്മാരെ അറിയിക്കുക.
4 താത്പര്യം തിരിച്ചറിയുക: വീട്ടുകാരനുമായി ഒരു സൗഹൃദസംഭാഷണത്തിനു തുടക്കമിടുക. താത്പര്യമുണ്ടോ എന്ന് വേഗംതന്നെ മനസ്സിലാക്കിയെടുക്കണം. ആത്മീയ വിഷയങ്ങളിൽ ആ വ്യക്തിക്കു താത്പര്യമില്ലെങ്കിൽ സൗഹൃദഭാവത്തോടെ അവിടെനിന്നു പോരുക. താത്പര്യമുണ്ടെങ്കിൽ മാത്രം സംഭാഷണം തുടർന്നാൽ മതിയാകും.
5 എന്തു പറയണം? കൂടുതൽ പേർക്ക് ലഘുലേഖ വിതരണം ചെയ്യാൻ കഴിയേണ്ടതിന് ചെറിയ അവതരണം ഉപയോഗിക്കുന്നതാണ് നല്ലത്. ലഘുലേഖയുടെ പുറത്തുള്ള ആറു ചോദ്യങ്ങളിൽ, വീട്ടുകാരന് ഏറ്റവും യോജിച്ച ഒരു ചോദ്യം തിരഞ്ഞെടുക്കുക. ആ ചോദ്യം ചോദിച്ചശേഷം ലഘുലേഖയിൽനിന്ന് അതിന്റെ ഉത്തരം കാണിച്ചുകൊടുക്കുക. പ്രദേശത്തിനു യോജിച്ച വിധത്തിൽ അവതരണം നടത്താൻ ഇതു സഹായകമായിരിക്കും. ആരെങ്കിലും താത്പര്യം കാണിച്ചാൽ, അവിടെ മടങ്ങിച്ചെല്ലുക. വാരാന്തങ്ങളിൽ ലഘുലേഖയോടൊപ്പം പുതിയ മാസികകളും സമർപ്പിക്കാവുന്നതാണ്. ഡിസംബർ 7-ന് വിതരണം അവസാനിച്ചശേഷം മഹാനായ മനുഷ്യൻ പുസ്തകം നാം സമർപ്പിക്കും. ലഘുലേഖകൾ മിച്ചമുണ്ടെങ്കിൽ മറ്റു ലഘുലേഖകൾപോലെ അത് ഉപയോഗിക്കുന്നതായിരിക്കും.
6 ബൈബിളധ്യയനം ആരംഭിക്കുക: അധ്യയനം ആരംഭിക്കാൻ പ്രത്യേകാൽ തയ്യാറാക്കിയിട്ടുള്ളതാണ് ഈ ലഘുലേഖ. താത്പര്യക്കാരെ വീണ്ടും സന്ദർശിക്കുമ്പോൾ ഏതു ബൈബിൾ സത്യമാണ് അവർക്ക് ആശ്വാസം പ്രദാനം ചെയ്തതെന്നു ചോദിക്കാവുന്നതാണ്. അധ്യയനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന പിൻപേജ് കാണിച്ചിട്ട് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം വീട്ടുകാരനു കൊടുക്കുക. വീട്ടുകാരന് ഇഷ്ടപ്പെട്ട വിഷയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളടങ്ങിയ അധ്യായത്തിൽനിന്ന് ഒന്നോ രണ്ടോ ഖണ്ഡികകൾ ചുരുക്കമായി ചർച്ച ചെയ്യുക.
7 തന്നെ “ആത്മാവിലും സത്യത്തിലും” ആരാധിക്കാൻ ആഗ്രഹിക്കുന്നവരെ തേടുകയാണ് യഹോവ. (യോഹ. 4: 23) നമുക്കേവർക്കും ഈ പ്രത്യേക വിതരണപരിപാടിയിൽ പങ്കുപറ്റാം, അങ്ങനെ സത്യം അറിയാൻ മറ്റുള്ളവരെ സഹായിക്കാം.