നിങ്ങളുടെ കുടുംബം അതിജീവനത്തിനു തയ്യാറെടുക്കുകയാണോ?
1 ഈ ദുഷ്ടലോകത്തിന്റെ അന്ത്യം അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണെന്നു നിവൃത്തിയായ ബൈബിൾ പ്രവചനങ്ങൾ തെളിയിക്കുന്നു. ജലപ്രളയത്തിനുമുമ്പ് ഉണ്ടായിരുന്നതുപോലുള്ള ദുർഘടമായ ഒരു കാലഘട്ടത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. (മത്താ. 24:37-39) ആ പുരാതന ലോകം നശിപ്പിക്കപ്പെട്ടപ്പോൾ നോഹ അതിജീവിച്ചത് സത്യദൈവത്തോടുകൂടെ നടന്നതുകൊണ്ടുമാത്രമാണ്. (ഉല്പ. 6:9) യഹോവയുടെ വഴികൾ അവൻ തന്റെ കുടുംബത്തെയും പഠിപ്പിച്ചിരിക്കണം, കാരണം അവരും ആ നാശത്തെ അതിജീവിച്ചു. നോഹയെ അനുകരിച്ചുകൊണ്ട്, ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയുടെ നാശത്തെ അതിജീവിക്കാൻ നമുക്കെങ്ങനെ കുടുംബത്തെ ഒരുക്കാം?
2 നീതിപ്രസംഗി: നോഹ ദീർഘകാലം—40 മുതൽ 50 വരെ വർഷങ്ങൾ—നീതിപ്രസംഗി എന്ന നിലയിൽ തീക്ഷ്ണമായി പ്രവർത്തിച്ചു. (2 പത്രൊ. 2:5) മറ്റാളുകൾ ആ പ്രസംഗവേലയെ പുച്ഛിച്ചിരിക്കണം, അത് അന്നു ഭൂമിയിലുണ്ടായിരുന്ന മത്സരികളായ ദൂതന്മാരുടെ സ്വാധീനംകൊണ്ടാകാം, അല്ലെന്നുംവരാം. നമ്മുടെ ശുശ്രൂഷയും പലപ്പോഴും പരിഹാസത്തിനും നിസംഗതയ്ക്കും വിധേയമാകാറുണ്ട്. ഈ ലോകത്തിന്റെ അവസാനം അടുത്തിരിക്കുന്നുവെന്നാണ് അതു കാണിക്കുന്നത്. (2 പത്രൊ. 3:3, 4) എങ്കിലും അന്നത്തേതിൽനിന്നു വ്യത്യസ്തമായി, നാം ചെയ്യുന്ന ശ്രമങ്ങളോട് ഇന്ന് അനേകമാളുകൾ പ്രതികരിക്കുകയും യഹോവയുടെ ആരാധനയിലേക്ക് ‘ഒഴുകിവരുകയും’ ചെയ്യുന്നു. (യെശ. 2:2) സ്ഥിരോത്സാഹം ഉണ്ടെങ്കിൽ മാത്രമേ നമുക്കു ‘നമ്മെത്തന്നെയും നമ്മുടെ പ്രസംഗം കേൾക്കുന്നവരെയും’ രക്ഷിക്കാനാകൂ. (1 തിമൊ. 4:16) പ്രസംഗവേല അടിയന്തിരമായി ചെയ്യേണ്ടതിന്റെ പ്രാധാന്യം വാക്കാലും പ്രവൃത്തിയാലും മാതാപിതാക്കൾ മക്കളെ പഠിപ്പിക്കേണ്ടത് എത്ര പ്രധാനമാണ്!—2 തിമൊ. 4:2.
3 “അങ്ങനെ തന്നേ” അവൻ ചെയ്തു: യഹോവയുടെ നിർദേശങ്ങൾ സൂക്ഷ്മമായി പിൻപറ്റിയതിനാലാണ് നോഹയും കുടുംബവും അതിജീവിച്ചത്. (ഉല്പ. 6:22) ബൈബിളിൽനിന്നും വിശ്വസ്ത അടിമയിൽനിന്നുമുള്ള നിർദേശങ്ങൾ ‘അനുസരിക്കേണ്ടത്’ ഇന്നു നമ്മെ സംബന്ധിച്ചും പ്രധാനമാണ്. (യാക്കോ. 3:17) യഹോവയുടെ സംഘടനയിൽനിന്നുള്ള നിർദേശങ്ങൾ തങ്ങളുടെ പിതാവ് കുടുംബത്തിൽ നടപ്പാക്കിയത് എങ്ങനെയെന്ന് ആ കുടുംബത്തിലെ മുതിർന്ന മക്കൾ ഇപ്പോഴും ഓർക്കുന്നു. ഉദാഹരണത്തിന്, നിർദേശിക്കപ്പെട്ടിരുന്നതുപോലെ അദ്ദേഹം ഓരോ വാരത്തിലും കുടുംബാധ്യയനം നടത്തുകയും വാരാന്തത്തിൽ കുടുംബത്തോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു. ഓരോ വാരത്തിലും മക്കളിൽ ഓരോരുത്തരെ ആ പിതാവ് ശുശ്രൂഷയ്ക്കു കൂടെക്കൊണ്ടുപോകുമായിരുന്നു. “അങ്ങനെ തന്നേ” ചെയ്യുന്നതിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതിരുന്നത് മക്കളെ ആഴമായി സ്വാധീനിച്ചു. ഫലമോ? ആറു മക്കളും യഹോവയുടെ വിശ്വസ്ത ദാസരായി വളർന്നുവന്നു.
4 ഈ വ്യവസ്ഥിതിയുടെ നാശം പെട്ടെന്നുവരും. (ലൂക്കൊ. 12:40) നോഹയെ അനുകരിക്കുകയും രക്ഷയ്ക്ക് ആവശ്യമായ വിശ്വാസം കാണിക്കുകയും ചെയ്യുന്നെങ്കിൽ നാമും നമ്മുടെ കുടുംബവും അതിജീവനത്തിനു സജ്ജരായിരിക്കും.—എബ്രാ. 11:7.