വ്യക്തിഗത താത്പര്യം കാണിക്കുക —ദയയുള്ളവർ ആയിരുന്നുകൊണ്ട്
1 യഹോവയുടെ സാക്ഷികളെക്കുറിച്ചു മുൻവിധിയുണ്ടായിരുന്ന ഒരു സ്ത്രീ അവരിലൊരാളെ ആദ്യം കണ്ടുമുട്ടിയ സന്ദർഭത്തെക്കുറിച്ചു പറയുന്നു: “ഞങ്ങൾ സംസാരിച്ചത് എന്താണെന്നു ഞാൻ ഓർക്കുന്നില്ല. എന്നാൽ അവൾ എന്നോട് എത്ര ദയാലുവായിരുന്നെന്നും അവൾ എത്ര അതിഥിപ്രിയവും താഴ്മയുമുള്ളവളായിരുന്നെന്നും ഞാൻ ഓർക്കുന്നു. ഒരു വ്യക്തിയെന്ന നിലയിൽ അവളിലേക്ക് ആകർഷിക്കപ്പെട്ടതായി എനിക്കു ശരിക്കും അനുഭവപ്പെട്ടു.” ഈ അഭിപ്രായപ്രകടനം, നാം പ്രസംഗിക്കുന്നവരോട് ആത്മാർഥമായ വ്യക്തിഗത താത്പര്യം കാണിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു.—ഫിലി. 2:4.
2 സ്നേഹം ദയ കാണിക്കുന്നു: നമുക്കു മറ്റുള്ളവരോടു സ്നേഹം പ്രകടമാക്കാവുന്ന ഒരു വിധം ദയയുള്ളവരായിരിക്കുക എന്നതാണ്. (1 കൊരി. 13:4) ദയയുള്ള വ്യക്തി മറ്റുള്ളവരെ സഹായിക്കാൻ അവസരങ്ങൾ അന്വേഷിച്ചുകൊണ്ട് അവരുടെ ക്ഷേമത്തിൽ സജീവ താത്പര്യമെടുക്കുന്നു. തീർച്ചയായും, പ്രസംഗവേല അതിൽത്തന്നെ ഒരു ദയാപ്രവൃത്തിയാണ്. എന്നാൽ ആളുകളോടുള്ള നമ്മുടെ യഥാർഥ താത്പര്യം കേവലം പ്രസംഗിക്കുന്നതിലുപരി മറ്റു വിധങ്ങളിൽ പ്രകടമാകുന്നു. നമ്മുടെ മുഴു പെരുമാറ്റവും—നമ്മുടെ സൗഹൃദഭാവം, നല്ല മര്യാദകൾ, നാം ശ്രദ്ധിക്കുന്ന വിധം, നാം പറയുന്ന കാര്യങ്ങൾ, അവ എങ്ങനെ പറയുന്നു എന്നത്, നമ്മുടെ മുഖഭാവംപോലും—നാം യഥാർഥത്തിൽ കരുതൽ പ്രകടമാക്കുന്നെന്നു വെളിപ്പെടുത്തും.—മത്താ. 8:2, 3.
3 ആളുകളോടുള്ള സ്നേഹപൂർവകമായ താത്പര്യം പ്രായോഗിക വിധങ്ങളിൽ സഹായം നൽകാനും നമ്മെ പ്രേരിപ്പിക്കും. ഒരു പയനിയർ സഹോദരൻ വീടുതോറും പ്രസംഗിക്കവേ, അദ്ദേഹം സാക്ഷിയാണെന്നു മനസ്സിലാക്കിയ പ്രായംചെന്ന ഒരു വിധവ തനിക്കു കേൾക്കുകയേ വേണ്ടെന്നു തീർത്തുപറഞ്ഞു. അദ്ദേഹം ഡോർബെൽ അടിച്ചപ്പോൾ അടുക്കളയിലെ ബൾബ് മാറ്റിയിടുന്നതിനു താൻ ഒരു കോവണിയിൽ നിൽക്കുകയായിരുന്നെന്ന് ആ സ്ത്രീ പറഞ്ഞു. “അതു സൂക്ഷിച്ചുചെയ്യേണ്ട കാര്യമാണല്ലോ, ഒറ്റയ്ക്കു ചെയ്താൽ ശരിയാകുമോ?” അദ്ദേഹം പറഞ്ഞു. അകത്തേക്കു ക്ഷണം ലഭിച്ച അദ്ദേഹം ബൾബ് മാറ്റിയിട്ടിട്ടു പോയി. കുറച്ചുകഴിഞ്ഞ് തന്നെ സന്ദർശിക്കാനെത്തിയ മകനോട് അവർ അതിനെക്കുറിച്ചു പറഞ്ഞു. ആഴമായ മതിപ്പുതോന്നിയ അദ്ദേഹം തന്റെ വിലമതിപ്പു പ്രകടിപ്പിക്കാനായി ആ സഹോദരനെ തിരഞ്ഞു കണ്ടുപിടിച്ചു. ഇത് ഒരു നല്ല സംഭാഷണത്തിലേക്കു നയിച്ചു, അതിന്റെ ഫലമായി അദ്ദേഹം ഒരു ബൈബിളധ്യയനം സ്വീകരിച്ചു.
4 ദയയുള്ളവർ ആയിരിക്കുകവഴി നാം ആളുകളോടുള്ള യഹോവയുടെ സ്നേഹത്തെ പ്രതിഫലിപ്പിക്കുകയും രാജ്യസന്ദേശത്തെ അലങ്കരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നമുക്ക് എല്ലായ്പോഴും ‘ദയയാൽ നമ്മെത്തന്നെ ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കാം.’—2 കൊരി. 6:4, 6.