ദൂതന്മാർ നമ്മെ സഹായിച്ചുകൊണ്ടിരിക്കുന്നു
1 “ആകയാൽ നിങ്ങൾ പുറപ്പെട്ടു . . . ശിഷ്യരാക്കിക്കൊൾവിൻ” എന്ന കൽപ്പന അനുസരിക്കുന്ന എല്ലാവരെയും സംബന്ധിച്ചിടത്തോളം “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്” എന്ന യേശുവിന്റെ വാക്കുകൾ എത്ര പ്രോത്സാഹജനകമാണ്! (മത്താ. 28:18-20) യേശു സത്യക്രിസ്ത്യാനികളോടൊത്ത് ആയിരിക്കുന്ന ഒരു സുപ്രധാന വിധം അവന്റെ ദൂതന്മാരുടെ സാന്നിധ്യത്തിലൂടെയാണ്. (മത്താ. 13:36-43) ഈ വിശ്വസ്ത ആത്മജീവികളോടൊപ്പം “നിത്യസുവിശേഷം” ഘോഷിക്കുന്നത് എത്ര പുളകപ്രദമാണ്!—വെളി. 14:6, 7.
2 നമ്മുടെ ശുശ്രൂഷയിൽ: ദൂതന്മാരെ “രക്ഷ പ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു” വേണ്ടി അയയ്ക്കുന്നതായി ബൈബിൾ പറയുന്നു. (എബ്രാ. 1:14) ഒന്നാം നൂറ്റാണ്ടിൽ, രക്ഷയ്ക്കു യോഗ്യരായവരുടെ അടുക്കലേക്കു യേശുവിന്റെ ശിഷ്യന്മാരെ നയിക്കുന്നതിൽ ദൂതന്മാർക്ക് ഒരു പങ്കുണ്ടായിരുന്നു. (പ്രവൃ. 8:26) ഇന്നും ദൂത വഴിനടത്തിപ്പിന്റെ തെളിവുകൾ ദൈവദാസർ കാണുന്നുണ്ട്. പല സന്ദർഭങ്ങളിലും, സാക്ഷികൾ സന്ദർശിക്കുമ്പോൾ തങ്ങൾ സഹായത്തിനു വേണ്ടി പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് വീട്ടുകാർ പറഞ്ഞിട്ടുണ്ട്. അവർ രാജ്യസന്ദേശത്തോടു പ്രതികരിക്കുമ്പോൾ ദൂതന്മാരോടൊപ്പം നാമും എത്രയധികം സന്തോഷിക്കുന്നു!—ലൂക്കൊ. 15:10.
3 എതിർപ്പുകൾ നേരിടുമ്പോൾ: ദാനീയേൽ, അവന്റെ സഹകാരികളായ മൂന്ന് എബ്രായ യുവാക്കൾ, അപ്പൊസ്തലനായ പത്രൊസ് എന്നിവരും കഠിന പരിശോധനകളിലൂടെ കടന്നുപോയിട്ടുള്ള മറ്റനേകരും, “വീരന്മാരായ” അഥവാ ശക്തരായ ദൂതന്മാർ മുഖാന്തരമുള്ള യഹോവയുടെ സംരക്ഷണം അനുഭവിച്ചിട്ടുള്ളവരാണ്. (സങ്കീ. 103:20; ദാനീ. 3:28; 6:21, 22; പ്രവൃ. 12:11) എതിർപ്പിന്മധ്യേ ചില സമയത്ത് നമുക്കു നിസ്സഹായത അനുഭവപ്പെട്ടേക്കാമെങ്കിലും “നമ്മോടുകൂടെയുള്ളവർ അവരോടുകൂടെയുള്ളവരെക്കാൾ അധികം” എന്നു തിരിച്ചറിഞ്ഞ എലീശായുടെ ബാല്യക്കാരന്റെ അനുഭവത്താൽ നമുക്കു പ്രോത്സാഹിതരാകാൻ കഴിയും. (2 രാജാ. 6:15-17) ക്രിസ്തീയ സഹോദരങ്ങളിൽനിന്നു നമ്മെ ബലമായി അകറ്റിയാലും നാം ഭഗ്നാശരാകേണ്ടതില്ല. ദൈവവചനം ഇങ്ങനെ ഉറപ്പുനൽകുന്നു: ‘യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുററും പാളയമിറങ്ങിയിരിക്കുന്നു.’—സങ്കീ. 34:7.
4 പെട്ടെന്നുതന്നെ ദൂതസൈന്യം, ക്രിസ്തുവിന്റെ രാജത്വത്തെ എതിർക്കുന്ന സകലതിനെയും ഉന്മൂലനം ചെയ്യാനായി പുറപ്പെടും. (വെളി. 19:11, 14, 15) ആ ദിനത്തിനായി കാത്തിരിക്കവേ, ക്രിസ്തുവിന്റെ നായകത്വത്തിൻകീഴിലുള്ള സ്വർഗീയ സൈന്യങ്ങളുടെ ശക്തമായ പിന്തുണയിൽ പൂർണ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് യഹോവയെ സുധീരം സ്തുതിക്കുന്നതിൽ നമുക്കു തുടരാം.—1 പത്രൊ. 3:22.