അവർ “എങ്ങനെ കേൾക്കും?”
1 “സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു” എന്ന കാര്യം യേശു ഊന്നിപ്പറഞ്ഞു. (മർക്കൊ. 13:10) 2000 മേയ് 11-ന് ഇന്ത്യയിലെ ജനസംഖ്യ നൂറു കോടി ആയതായി പറയപ്പെട്ടു. എന്നിരുന്നാലും അസോഷിയേറ്റഡ് പ്രസ്സ് ഇപ്രകാരം വിശദീകരിച്ചു: “ഓരോ ദിവസവും 42,000 കുട്ടികൾ ജനിക്കുന്ന ഒരു രാഷ്ട്രമായ ഇന്ത്യ നൂറു കോടിയിൽ എത്തുന്നത് എപ്പോൾ എന്നു തീരുമാനിക്കുക അത്ര എളുപ്പമല്ല.” ഇന്ത്യയിലെ 23,000-ത്തോളം വരുന്ന സാക്ഷികൾ ഉത്സാഹപൂർവം ശ്രമം നടത്തുന്നുണ്ടെങ്കിലും, ഈ കോടിക്കണക്കിന് ആളുകളിൽ എല്ലാവർക്കും വ്യക്തിപരമായി സാക്ഷ്യം ലഭിച്ചിട്ടില്ല. മാറിവന്ന സാമ്പത്തിക സാഹചര്യങ്ങൾ നിമിത്തം നൂറുകണക്കിനു പ്രത്യേക പയനിയർമാരുടെ സഹായവും നമുക്കു മേലാൽ ലഭ്യമല്ല. വാസ്തവത്തിൽ പ്രദേശത്തിന്റെ അതിവിദൂര ഭാഗങ്ങളിൽപ്പോലും എത്തിപ്പെടുന്നതിൽ മുഖ്യ പങ്കു വഹിച്ചിരുന്നത് അവരായിരുന്നു. അതുകൊണ്ട് ‘അവർ എങ്ങനെ കേൾക്കും?’—റോമ. 10:14.
2 യഹോവയിൽ ദൃഢവിശ്വാസം ഉണ്ടായിരിക്കുക. എല്ലാവരുടെയും ഹൃദയനില യഹോവയ്ക്ക് അറിയാം എന്ന കാര്യം നാം ഓർക്കേണ്ടതുണ്ട്. ഒരുവന്റെ സാഹചര്യം എന്തുതന്നെ ആയിരുന്നാലും, ദൈവത്തെ സംബന്ധിച്ച സത്യത്തിനുവേണ്ടി ആത്മാർഥമായി അന്വേഷിക്കുന്നെങ്കിൽ അയാൾ അതു കണ്ടെത്തും.—1 ദിന. 28:9.
3 സൊദോം, ഗൊമോര നിവാസികളെ കുറിച്ച് അബ്രാഹാം ഉത്കണ്ഠയുള്ളവനായിരുന്നു. എന്നാൽ സൊദോമിൽ പത്തു നീതിമാന്മാരെങ്കിലും ഉണ്ടെങ്കിൽ അതിനെ നശിപ്പിക്കുകയില്ലെന്ന് ദൈവം ഉറപ്പു നൽകി. (ഉല്പ. 18:20, 23, 25, 32) ലോത്തിനെയും പുത്രിമാരെയും വിടുവിച്ച സംഭവത്തിൽനിന്നു കാണാൻ കഴിയുന്നതു പോലെ, ദുഷ്ടന്മാരോടൊപ്പം യഹോവ നീതിമാന്മാരെ ഒരിക്കലും നശിപ്പിക്കുകയില്ല.—2 പത്രൊ. 2:6-9.
4 സത്യദൈവത്തെ സേവിക്കുന്നതിൽ താൻ തികച്ചും ഒറ്റയ്ക്കാണെന്ന് ഏലീയാവ് ഒരിക്കൽ വിചാരിച്ചു. എന്നിരുന്നാലും, അവൻ ഒറ്റയ്ക്കല്ലെന്നും അവൻ തുടങ്ങിവെച്ച വേല പൂർത്തീകരിക്കപ്പെടുമെന്നും യഹോവ അവന് ഉറപ്പു നൽകി. (1 രാജാ. 19:14-18) നമ്മുടെ നാളിലെ സാഹചര്യമോ?
5 ദൈവസേവനത്തിൽ തിരക്കോടെ ഏർപ്പെടുക. സാക്ഷീകരണവേല എത്ര വലിയ അളവിൽ ഇനിയും ചെയ്യപ്പെടേണ്ടതുണ്ട് എന്നു നമുക്ക് അറിയില്ല. ഈ വേലയ്ക്ക് ഉത്തരവാദിത്വം വഹിക്കുന്നതു യഹോവയാണ്. അതിനു മേൽനോട്ടം വഹിക്കാൻ അവൻ തന്റെ ദൂതന്മാരെ ഉപയോഗിക്കുകയും ചെയ്യുന്നു. (വെളി. 14:6, 7) സകലജാതികൾക്കും എത്രത്തോളം സാക്ഷ്യം നൽകപ്പെടണം എന്നു തീരുമാനിക്കുന്നത് അവനാണ്. യഹോവ ആഗ്രഹിക്കുന്നപക്ഷം, നമുക്ക് ഇപ്പോൾ ഭാവനയിൽ പോലും കാണാൻ കഴിയാത്ത വിധങ്ങളിൽ രാജ്യ സന്ദേശം പ്രചരിക്കുന്നു എന്ന് ഉറപ്പുവരുത്താൻ അവനു കഴിയും. അങ്ങനെ അനേകരും കൂടി ‘സുവിശേഷവചനം കേൾക്കുകയും വിശ്വസിക്കുകയും’ ചെയ്തേക്കാം. (പ്രവൃ. 15:7) യഹോവ എന്തുതന്നെ ചെയ്താലും, അത് അവൻ ആരാണ് എന്നതിനോട്—അവൻ സ്നേഹവാനും ജ്ഞാനിയും നീതിയുള്ളവനുമായ ദൈവം ആണെന്ന വസ്തുതയോട്—പൂർണമായും യോജിപ്പിലായിരിക്കും.
6 എല്ലാവർക്കും സുവാർത്ത കേൾക്കാൻ കഴിയുമാറ് നമ്മുടെ പരമാവധി ചെയ്തുകൊണ്ട് യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതിനുള്ള പദവിയാണ് ഇന്നു നമുക്കുള്ളത്.—1 കൊരി. 9:16.