ശുശ്രൂഷയിൽ “ശുഷ്കാന്തി” കാട്ടുക
1 അപ്പൊസ്തലനായ പൗലൊസ് കൊരിന്തിൽ ആയിരിക്കെ കൂടാരപ്പണിയിൽ ഏർപ്പെട്ടെന്നു നാം വായിക്കുന്നു. അത് അവന്റെ പ്രസംഗപ്രവർത്തനത്തെ പരിമിതപ്പെടുത്തി എന്നു നാം നിഗമനം ചെയ്തേക്കാം. എന്നിരുന്നാലും, പ്രവൃത്തികൾ 18:5 പറയുന്നു: “പൌലൊസ് വചനഘോഷണത്തിൽ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാർക്കു സാക്ഷീകരിച്ചു.” പൗലൊസ് പ്രസംഗ പ്രവർത്തനത്തിൽ ഇത്രമാത്രം ശുഷ്കാന്തി കാട്ടിയത് എന്തുകൊണ്ടാണ്? അതിനോടകംതന്നെ കൊരിന്തിൽ അനേകർ വിശ്വാസികൾ ആയിത്തീർന്നിരുന്നെങ്കിലും ആ നഗരത്തിൽ ഇനിയും നിരവധി പേർ ശിഷ്യരായിത്തീരാൻ ഉണ്ടെന്ന് കർത്താവ് ഉറപ്പിച്ചുപറഞ്ഞിരുന്നു. (പ്രവൃ. 18:8-11) ശുശ്രൂഷയിൽ ശുഷ്കാന്തിയോടെ ഏർപ്പെടുന്നതിന് സമാനമായ എന്തെങ്കിലും കാരണം നമുക്കുണ്ടോ? ഉണ്ട്. അനേകരെ കണ്ടെത്തി സത്യം പഠിപ്പിക്കുന്നതിനു നമുക്കും സാധിക്കും.
2 ഏപ്രിലിൽ സേവനത്തിൽ കൂടുതൽ സമയം ചെലവഴിക്കുക: സുവാർത്ത പ്രസംഗിക്കുന്നതിൽ എല്ലാ മാസവും തിരക്കുള്ളവരായിരിക്കുക എന്നതായിരിക്കാം നിങ്ങളുടെ ലക്ഷ്യം. എന്നാൽ ഈ വേലയിൽ കൂടുതൽ “ശുഷ്കാന്തി” പ്രകടമാക്കുന്നതിനുള്ള അവസരങ്ങൾ വിശേഷാൽ ചില മാസങ്ങളിൽ നമുക്കു ലഭിക്കുന്നു. അതിൽ ഒന്നാണ് ഈ വർഷം നാം സ്മാരകം ആഘോഷിക്കുന്ന ഏപ്രിൽ മാസം. ഈ വേനൽക്കാലത്ത് സഹായ പയനിയറിങ് ചെയ്യുന്നതിന് അല്ലെങ്കിൽ ശുശ്രൂഷയിലെ നിങ്ങളുടെ പങ്ക് വർധിപ്പിക്കുന്നതിന് സാഹചര്യങ്ങൾ നിങ്ങളെ അനുവദിച്ചിരിക്കുന്നുവോ? അപ്രകാരം ചെയ്യുന്ന പല പ്രസാധകർക്കും സമൃദ്ധമായ അനുഗ്രഹങ്ങൾ ലഭിക്കുന്നു. (2 കൊരി. 9:6) നിങ്ങൾ പരമാവധി ചെയ്യുന്നെങ്കിൽ, നിങ്ങളുടെ മുഴുഹൃദയത്തോടു കൂടിയ സേവനത്തിൽ യഹോവ പ്രസാദിച്ചിരിക്കുന്നു എന്ന് ഓർമിക്കുക. (ലൂക്കൊ 21:2-4) സാഹചര്യങ്ങൾ എന്തുതന്നെ ആയിരുന്നാലും ഏപ്രിൽ മാസത്തിൽ ശുശ്രൂഷയിൽ “ശുഷ്കാന്തി” കാട്ടാൻ ലക്ഷ്യമിടുക. മാസാവസാനം നിങ്ങളുടെ വയൽസേവനം റിപ്പോർട്ടു ചെയ്യാൻ മറക്കരുത്, കാരണം യഹോവയുടെ മറ്റ് ആരാധകരുടെ സേവനത്തോടൊപ്പം നിങ്ങളുടേതും ഉൾപ്പെടുത്തുന്നതിന് അത് ആവശ്യമാണ്.
3 സ്മാരകത്തിനു ഹാജരായ പുതിയവരെ സന്ദർശിക്കുക: കഴിഞ്ഞ വർഷം ഇന്ത്യയിലെ സ്മാരക ഹാജർ 49,120 ആയിരുന്നു. ഈ വർഷത്തെ മൊത്തം ഹാജർ എത്രയെന്ന് ഇതുവരെ അറിയില്ല. എന്നിരുന്നാലും, വലിയ ഒരു ‘കൊയ്ത്തിനുള്ള’ മഹത്തായ സാധ്യത ഉണ്ടെന്ന് റിപ്പോർട്ടുകൾ പ്രകടമാക്കുന്നു. (മത്താ. 9:37, 38) അതുകൊണ്ട് സ്മാരകത്തിനു ഹാജരായ താത്പര്യക്കാരെ ആത്മീയമായി സഹായിക്കുന്നതിന് അവരെ എത്രയും പെട്ടെന്ന് സന്ദർശിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുക. അവരെ സന്ദർശിക്കുന്നതിലെ കാലതാമസം “ദുഷ്ടൻ വന്നു അവന്റെ ഹൃദയത്തിൽ വിതെക്കപ്പെട്ടതു എടുത്തുകള”യാൻ ഇടയാക്കും. (മത്താ. 13:19) ഉടനടിയുള്ള ഒരു സന്ദർശനം നിങ്ങൾ ശുശ്രൂഷയിൽ “ശുഷ്കാന്തി” കാണിക്കുകയാണെന്നു തീർച്ചയായും വെളിപ്പെടുത്തും.
4 നിഷ്ക്രിയരെ സഹായിക്കുന്നതിൽ തുടരുക: നിഷ്ക്രിയരെ സഹായിക്കാനുള്ള ഒരു പ്രത്യേക ശ്രമം ഫെബ്രുവരിയിൽ ആരംഭിച്ചു. അവരിൽ ആർക്കെങ്കിലും ഇതുവരെ ഇടയസന്ദർശനം നടത്തിയിട്ടില്ലെങ്കിൽ, മൂപ്പന്മാർ ഏപ്രിൽ അവസാനത്തിനു മുമ്പ് അവരെ സന്ദർശിക്കുന്നതിനുള്ള ഏർപ്പാടു ചെയ്യണം. വ്യക്തിയുടെ അടിസ്ഥാന പ്രശ്നം കണ്ടെത്തി യഹോവയെ വീണ്ടും ഉത്സാഹത്തോടെ സേവിക്കുന്നതിൽ ആ വ്യക്തിയെ ഏറ്റവും മെച്ചമായി സഹായിക്കാൻ മൂപ്പന്മാർ ശ്രമിക്കും. “ദൈവത്തിന്റെ ആട്ടിൻകൂട്ട”ത്തിന്റെ ഇടയന്മാരെന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്വം മൂപ്പന്മാർ ഗൗരവത്തോടെ എടുക്കുന്നുവെന്ന് ഈ സ്നേഹപൂർവകമായ സഹായം പ്രകടമാക്കുന്നു. (1 പത്രൊ. 5:2; പ്രവൃ. 20:28) സാധാരണഗതിയിൽ നിഷ്ക്രിയരെ ബാധിച്ചേക്കാവുന്ന അഞ്ച് പ്രധാന പ്രശ്നങ്ങളിൽ ഏതും കൈകാര്യം ചെയ്യുമ്പോൾ മൂപ്പന്മാർക്ക് ഉപയോഗിക്കാൻ കഴിയുന്ന മികച്ച നിർദേശങ്ങൾ 1993 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 22-3 പേജുകളിൽ കാണാം. ഈ ഏപ്രിൽ മാസത്തിൽത്തന്നെ ചിലരെ പുനഃക്രിയരാക്കാൻ കഴിയും.
5 സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകരാകാൻ കൂടുതൽ പേരെ സഹായിക്കുക: സുവാർത്തയുടെ പുതിയ പ്രസാധകരായിരിക്കാൻ നിങ്ങളുടെ കുട്ടികൾ യോഗ്യത പ്രാപിച്ചിട്ടുണ്ടോ? നിങ്ങൾ ബൈബിൾ അധ്യയനം എടുക്കുന്ന മറ്റുള്ളവരെ സംബന്ധിച്ചോ? അവരുടെ കാര്യത്തിൽ മൂപ്പന്മാർ അംഗീകാരം നൽകുന്നെങ്കിൽ, അവർക്കു പ്രസംഗവേല തുടങ്ങുന്നതിനുള്ള ഉചിതമായ സമയമായിരിക്കില്ലേ ഏപ്രിൽ? ആവശ്യം ലഘുപത്രികയും പരിജ്ഞാനം പുസ്തകവും പഠിച്ചു കഴിഞ്ഞ ഒരാൾ പുരോഗതി വരുത്തുന്നെങ്കിൽ രണ്ടാമതൊരു പുസ്തകത്തിൽനിന്ന്, അതായത് ദൈവത്തിന്റെ വചനം (ഇംഗ്ലീഷ്) പുസ്തകത്തിൽനിന്നോ യഥാർഥ സമാധാനം പുസ്തകത്തിൽനിന്നോ ആരാധനയിൽ ഏകീകൃതർ പുസ്തകത്തിൽനിന്നോ, അധ്യയനം തുടരാവുന്നതാണ്. സത്യത്തിൽ കൂടുതൽ ഉൾക്കാഴ്ച നേടാനും സ്നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകനായി യോഗ്യത പ്രാപിക്കാനും യഹോവയുടെ സമർപ്പിച്ചു സ്നാപനമേറ്റ ഒരു സാക്ഷി ആയിത്തീരാനും വിദ്യാർഥിയെ സഹായിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം.—എഫെ. 3:17-19; 1 തിമൊ. 1:12; 1 പത്രൊ. 3:21.
6 ബൈബിൾ വിദ്യാർഥികളിൽ നിങ്ങൾ തുടർച്ചയായി പ്രകടമാക്കുന്ന ആത്മാർഥമായ താത്പര്യം ക്രമേണ സത്യം സ്വന്തമാക്കാൻ അവരെ സഹായിച്ചേക്കാം. ഒരു സാക്ഷി പ്രായമുള്ള ഒരു ദമ്പതികളെ കണ്ടുമുട്ടി, അവർ ഒരു ബൈബിൾ അധ്യയനത്തിന് സമ്മതിക്കുകയും ചെയ്തു. എന്നാൽ തുടർച്ചയായി മൂന്നാഴ്ച ആ ദമ്പതികൾ അധ്യയനം മാറ്റിവെപ്പിച്ചു. അവസാനം അധ്യയനം തുടങ്ങി. തുടർന്ന് മിക്കവാറും ഒന്നിടവിട്ടുള്ള എല്ലാ ആഴ്ചയിലും അവർ അധ്യയനം മുടക്കി. എന്നിരുന്നാലും, ഒടുവിൽ ഭാര്യ സ്നാപനമേൽക്കുന്ന ഘട്ടത്തോളം പുരോഗമിച്ചു. “സ്നാപനമേറ്റപ്പോൾ അവരുടെ കണ്ണുകൾ സന്തോഷത്താൽ ഈറനണിഞ്ഞിരുന്നു, അതു കണ്ടപ്പോൾ എനിക്കും ഭാര്യക്കും കണ്ണുനിറഞ്ഞുപോയി,” ആ സഹോദരൻ പറയുന്നു. അതേ, സുവാർത്ത ഘോഷിക്കുന്നതിൽ “ശുഷ്കാന്തി” കാട്ടുന്നത് വലിയ സന്തോഷം കൈവരുത്തുന്നു!
7 നാം അന്ത്യകാലത്തിന്റെ പരമാന്ത്യത്തിലാണെന്ന് ബൈബിൾ പ്രവചനവും ലോക സംഭവങ്ങളും പ്രകടമാക്കുന്നു. സുവാർത്ത മറ്റുള്ളവരെ അറിയിക്കുന്നതിൽ എല്ലാ ദൈവദാസന്മാരും “ശുഷ്കാന്തി” കാണിക്കേണ്ടത് ഇപ്പോഴാണ്. അത്തരം പ്രയത്നം ഒരിക്കലും “കർത്താവിൽ വ്യർഥമല്ല” എന്ന് അപ്പൊസ്തലനായ പൗലൊസ് ഉറപ്പുനൽകുന്നു.—1 കൊരി. 15:58.