കുട്ടികൾക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു പദവി
1 സത്യത്തിന്റെ മാർഗത്തിൽ വളർത്തപ്പെട്ട, ഇന്ന് മാതാപിതാക്കളായിരിക്കുന്ന അനേകർക്കും കുട്ടികളായിരുന്നപ്പോൾ തങ്ങൾ ആസ്വദിച്ച ഒരു പദവിയെ കുറിച്ച് പ്രിയങ്കരമായ ഓർമകളുണ്ട്. മാസികാദിന പ്രവർത്തനം ആയിരുന്നു അത്. ഈ പ്രവർത്തനം തുടങ്ങിയത് 1949-ലാണ്. ആഴ്ചയിൽ ഒരു ദിവസം, തെരുവുകളിലും വീടുതോറും കടകളിലും മറ്റുവിധങ്ങളിലും വീക്ഷാഗോപുരം, ഉണരുക! മാസികകൾ വിതരണം ചെയ്യുന്നതിൽ എല്ലാ സഭകളിലെയും പ്രസാധകർ ശ്രദ്ധകേന്ദ്രീകരിക്കേണ്ടിയിരുന്നു. പ്രായം കുറഞ്ഞ പ്രസാധകർ വിശേഷിച്ചും ഈ ദിനത്തിനായി ആകാംക്ഷാപൂർവം കാത്തിരുന്നു. എന്തുകൊണ്ടെന്നാൽ, സഭയിലെ മുതിർന്നവർ ഏർപ്പെടുന്ന അതേ പ്രവർത്തനത്തിൽ ഏർപ്പെടാൻ അത് അവർക്ക് അവസരമേകി. ഒരു കുട്ടിയായിരുന്നപ്പോൾ നിങ്ങളുടെ കാര്യത്തിൽ ഇതു സത്യമായിരുന്നോ?
2 നിങ്ങളുടെ കുട്ടികളെ ഉൾപ്പെടുത്തുക: ഒരു വീട്ടിൽ ചെന്ന് തിരുവെഴുത്തുപരമായ ഒരു ചർച്ച തുടങ്ങാൻ കഴിയാത്ത തീരെ കൊച്ചു കുട്ടികൾക്കു പോലും മാസികകൾ സമർപ്പിക്കാനാകും. അതിന്, ചെറിയ ഏതാനും വാചകങ്ങളടങ്ങിയ ഒരു ലളിതമായ അവതരണം പഠിച്ചാൽ മതി. ഒരുപക്ഷേ കവർച്ചിത്രത്തെ കുറിച്ചു ചെറിയ ഒരു അഭിപ്രായം പറഞ്ഞാൽ മതിയാകും. മിക്ക വീട്ടുകാരും നമ്മുടെ കുട്ടികളിൽനിന്നു മാസികകൾ സ്വീകരിക്കാൻ സന്തോഷമുള്ളവരാണ്. പലപ്പോഴും അവരുടെ ആത്മാർഥതയെ കുറിച്ചും നടത്തയെ കുറിച്ചും നല്ല അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടു തന്നെ. അൽപ്പമൊന്നു സഹായിക്കുകയാണെങ്കിൽ കുട്ടികൾക്കു വളരെ നല്ല വിധത്തിൽ ഈ സേവനം നിർവഹിക്കാൻ കഴിയും. അങ്ങനെ രാജ്യസന്ദേശം വ്യാപിപ്പിക്കുന്നതിൽ അവർക്കും വിലപ്പെട്ട ഒരു പങ്കു വഹിക്കാനാകും. കുട്ടികൾ വളരുന്നതനുസരിച്ച് അവരുടെ സാക്ഷീകരണ വൈദഗ്ധ്യങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് അവരെ സഹായിക്കാൻ മാതാപിതാക്കൾ തീർച്ചയായും ആഗ്രഹിക്കും.
3 മൂന്നു വയസ്സുള്ളപ്പോൾ മാനുവെൽ വീടുതോറുമുള്ള വേലയിൽ പങ്കെടുക്കാൻ തുടങ്ങി. ഒരു ചെറിയ അവതരണം അവന്റെ മാതാപിതാക്കൾ അവനെ പഠിപ്പിച്ചിരുന്നു. ഇപ്പോൾ അവൻ അവരോടൊത്തു സാക്ഷീകരണ വേലയിൽ തീക്ഷ്ണമായി പങ്കുപറ്റുകയും അനേകം മാസികകളും ലഘുപത്രികകളും ലഘുലേഖകളും സമർപ്പിക്കുകയും ചെയ്യുന്നു. അവൻ അനൗപചാരികമായും സാക്ഷീകരിക്കാറുണ്ട്. ഒരിക്കൽ മാതാപിതാക്കളോടൊപ്പം, കളിക്കാൻ പാർക്കിൽ പോയപ്പോൾ മാനുവെൽ മുൻകൈയെടുത്ത് അവിടെ ഉണ്ടായിരുന്ന മറ്റാളുകൾക്ക് ഏതാനും ലഘുലേഖകൾ നൽകി. അവൻ ഇപ്പോഴും കൊച്ചുകുട്ടിയാണെങ്കിലും, ശുശ്രൂഷയിലെ അവന്റെ തീക്ഷ്ണത മാനുവെലിന്റെ മാതാപിതാക്കൾക്കും മുഴു സഭയ്ക്കും യഥാർഥ പ്രോത്സാഹനത്തിന്റെ ഒരു ഉറവാണ്.—സദൃ. 22:6.
4 യഹോവയുടെ സാക്ഷികളുടെ കലണ്ടർ—2000-ൽ എല്ലാ ശനിയാഴ്ചയെയും “മാസിക ദിനം” ആയി വേർതിരിച്ചിരിക്കുന്നു. മാതാപിതാക്കളേ, ഈ സേവനപദവിയിൽ സാധിക്കുന്നിടത്തോളം ക്രമമായി ഏർപ്പെടാൻ നിങ്ങളുടെ കുട്ടികളെ സഹായിച്ചുകൊണ്ട് ഈ വേലയിലെ നിങ്ങളുടെ ഉത്സാഹം പുതുക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്.