ഉറച്ച ബോധ്യത്തോടെ സുവാർത്ത പ്രസംഗിക്കൽ
1 സുവാർത്ത പ്രസംഗിക്കാനും സകലജാതികളെയും ശിഷ്യരാക്കാനും ഉള്ള നിയോഗം ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ യേശുക്രിസ്തു തന്റെ അനുഗാമികൾക്കു നൽകി. (മത്താ. 24:14; 28:19, 20) യഹോവയുടെ സാക്ഷികൾ ഈ നിർദേശം ഗൗരവമായെടുത്തിരിക്കുന്നു, അതിന്റെ ഫലമായി 20-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ 234 രാജ്യങ്ങളിൽ 59,00,000 ശിഷ്യന്മാരായി നമ്മുടെ സഹോദരവർഗം വളർന്നിരിക്കുന്നു. അതു നമ്മുടെ സ്വർഗീയ പിതാവിന് എത്ര മഹത്തായ സ്തുതിയാണു കൈവരുത്തിയിരിക്കുന്നത്!
2 നാം ഇപ്പോൾ 21-ാം നൂറ്റാണ്ടിലേക്കു കടന്നിരിക്കുന്നു. രാജ്യപ്രസംഗവും ശിഷ്യരാക്കലുമെന്ന നമ്മുടെ സുപ്രധാന വേലയെ തടസ്സപ്പെടുത്താൻ നമ്മുടെ പ്രതിയോഗി കൗശലപൂർവം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ വ്യവസ്ഥിതിയിലെ സമ്മർദങ്ങൾ ഉപയോഗിച്ചുകൊണ്ടു ശ്രദ്ധ പതറിക്കാനും നമ്മുടെ സമയം പാഴാക്കാനും അനാവശ്യമായ ഒട്ടനവധി കാര്യാദികളാൽ നമ്മുടെ ഉത്സാഹം ചോർത്തിക്കളയാനും അവൻ ശ്രമിക്കുന്നു. ജീവിതത്തിൽ പ്രധാനമായ സംഗതി എന്തെന്നു തീരുമാനിക്കാൻ ഈ വ്യവസ്ഥിതിയെ അനുവദിക്കുന്നതിനു പകരം, അതിപ്രധാനമായത് എന്തെന്ന് നാം ദൈവവചനത്തിൽ നിന്നു മനസ്സിലാക്കിയിരിക്കുന്നു. അത് യഹോവയുടെ ഹിതം ചെയ്യുക എന്നതാണ്. (റോമ. 12:2) ‘നമ്മുടെ ശുശ്രൂഷ പൂർണമായി നിവർത്തിക്കാൻ അനുകൂല കാലത്തും പ്രതികൂല കാലത്തും വചനം പ്രസംഗിക്കുക’ എന്ന തിരുവെഴുത്ത് ഉദ്ബോധനം അനുസരിക്കുക എന്നാണ് അതിന്റെ അർഥം.—2 തിമൊ. 4:2, 5, NW.
3 ഉറച്ച ബോധ്യം വളർത്തിയെടുക്കുക: ക്രിസ്ത്യാനികൾ “തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുളളവരുമായി നില്ക്കേണ്ട”തുണ്ട്. (കൊലൊ. 4:12) “ബോധ്യം” എന്ന പദത്തെ നിർവചിച്ചിരിക്കുന്നത് ഉറച്ച ധാരണ അല്ലെങ്കിൽ വിശ്വാസം; ബോധ്യപ്പെട്ട അവസ്ഥ എന്നൊക്കെയാണ്. ദൈവത്തിന്റെ പ്രാവചനിക വചനത്തിനു മാറ്റമില്ലെന്നും നാം ഇപ്പോൾ അന്ത്യത്തിന്റെ പരമാന്ത്യനാളുകളിലാണു ജീവിക്കുന്നതെന്നും ക്രിസ്ത്യാനികൾ എന്ന നിലയിൽ നമുക്കു ബോധ്യമുണ്ടായിരിക്കണം. “വിശ്വസിക്കുന്ന ഏവന്നും . . . അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ” എന്നു സുവാർത്തയെക്കുറിച്ചു പറഞ്ഞ പൗലൊസ് അപ്പൊസ്തലന്റെ അത്രയും ശക്തമായ വിശ്വാസം നമുക്ക് ഉണ്ടായിരിക്കണം.—റോമ. 1:16.
4 വഴിതെറ്റിപ്പോയ ദുഷ്ടമനുഷ്യരെയും വഞ്ചകന്മാരെയും ഉപയോഗിച്ച് പിശാച് മറ്റുള്ളവരെ സ്വാധീനിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നു. (2 തിമൊ. 3:13) ഇതു സംബന്ധിച്ചു മുന്നറിയിപ്പു കിട്ടിയിരിക്കുന്നതിനാൽ, നമ്മുടെ പക്കൽ സത്യം ഉണ്ടെന്ന ബോധ്യത്തെ ഊട്ടിയുറപ്പിക്കാൻ നാം നടപടികളെടുക്കുന്നു. നമ്മുടെ വീര്യം ചോർത്തിക്കളയാൻ ജീവിതോത്കണ്ഠകളെ അനുവദിക്കുന്നതിനു പകരം രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കുന്നതിൽ നാം തുടരുന്നു. (മത്താ. 6:33, 34) ഈ വ്യവസ്ഥിതിയുടെ അന്ത്യം ഇനിയും അകലെയാണ് എന്നു വിചാരിച്ചുകൊണ്ട് കാലത്തിന്റെ അടിയന്തിരത സംബന്ധിച്ച ബോധ്യം നഷ്ടപ്പെടുത്താനും നാം ആഗ്രഹിക്കുന്നില്ല. അന്ത്യം പൂർവാധികം സമീപിച്ചുകൊണ്ടിരിക്കുകയാണ്. (1 പത്രൊ. 4:7) ഇതിനോടകം നൽകിയിരിക്കുന്ന സാക്ഷ്യത്തിന്റെ വീക്ഷണത്തിൽ, പ്രസംഗവേലയ്ക്കു ചില രാജ്യങ്ങളിൽ വളരെക്കുറച്ചു ഫലമേ ഉള്ളൂ എന്നു നാം ചിന്തിച്ചേക്കാമെങ്കിലും, മുന്നറിയിപ്പിൻ വേല തുടർന്നും നിർവഹിക്കേണ്ടതുണ്ട്.—യെഹെ. 33:7-9.
5 ഈ അവസാന നാളുകളിൽ നാം നമ്മോടുതന്നെ ചോദിക്കേണ്ട ചില സുപ്രധാന ചോദ്യങ്ങൾ ഇവയാണ്: ‘ശിഷ്യരെ ഉളവാക്കുക എന്ന യേശുവിന്റെ കൽപ്പന ഞാൻ ഗൗരവമായി എടുക്കുന്നുണ്ടോ? സുവാർത്ത പ്രസംഗിക്കുമ്പോൾ, രാജ്യം യഥാർഥമാണെന്ന ശക്തമായ ബോധ്യം ഞാൻ പ്രകടമാക്കുന്നുണ്ടോ? ജീവരക്ഷാകരമായ ഈ ശുശ്രൂഷയിൽ സാധ്യമാകുന്നത്ര കൂടുതൽ പങ്കുണ്ടായിരിക്കാൻ ഞാൻ ദൃഢചിത്തനാണോ?’ അന്ത്യത്തോടു നാം എത്ര അടുത്താണെന്നു തിരിച്ചറിഞ്ഞുകൊണ്ട്, നാം നമുക്കുതന്നെയും നമ്മുടെ പ്രസംഗ-പഠിപ്പിക്കൽ നിയോഗത്തിനും ശ്രദ്ധ നൽകണം. കാരണം, അങ്ങനെ ചെയ്യുന്നതു നമ്മെത്തന്നെയും നമ്മുടെ ശ്രോതാക്കളെയും രക്ഷിക്കും. (1 തിമൊ. 4:16) ശുശ്രൂഷകർ എന്ന നിലയിൽ നമുക്കുള്ള ബോധ്യത്തെ നമുക്ക് എങ്ങനെ ബലിഷ്ഠമാക്കാൻ കഴിയും?
6 തെസ്സലൊനീക്യരെ അനുകരിക്കുക: തെസ്സലൊനീക്യയിലെ സഹോദരങ്ങളുടെ കഠിന വേലയെ അനുസ്മരിച്ചുകൊണ്ട് പൗലൊസ് അപ്പൊസ്തലൻ അവരോട് ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും [“തികഞ്ഞ ബോധ്യത്തോടും,” NW] കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നതു; നിങ്ങളുടെനിമിത്തം ഞങ്ങൾ നിങ്ങളുടെ ഇടയിൽ എങ്ങനെ പെരുമാറിയിരുന്നു എന്നു അറിയുന്നുവല്ലോ. ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങൾ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടു ഞങ്ങൾക്കും കർത്താവിന്നും അനുകാരികളായിത്തീർന്നു.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (1 തെസ്സ. 1:5, 6) അതേ, വളരെയധികം ക്ലേശങ്ങൾ ഉണ്ടായിരുന്നിട്ടും തീക്ഷ്ണതയോടും ഉറച്ച ബോധ്യത്തോടും കൂടെ സുവാർത്ത പ്രസംഗിച്ചതിനാൽ തെസ്സലൊനീക്യ സഭയെ പൗലൊസ് അഭിനന്ദിച്ചു. ഇതു ചെയ്യാൻ അവരെ പ്രാപ്തരാക്കിയത് എന്തായിരുന്നു? പൗലൊസ് അപ്പൊസ്തലനിലും അവന്റെ സഹപ്രവർത്തകരിലും കണ്ട തീക്ഷ്ണതയും ബോധ്യവും അവരിൽ ക്രിയാത്മകമായ ഫലം ഉളവാക്കുന്നതിൽ നല്ലൊരു പങ്കുവഹിച്ചു. അതെങ്ങനെ?
7 പൗലൊസിന്റെയും അവന്റെ സഹയാത്രികരുടെയും ജീവിതം തന്നെ അവരുടെമേൽ ദൈവാത്മാവ് ഉണ്ടെന്നും അവർ പ്രസംഗിച്ചുകൊണ്ടിരുന്നത് അവർതന്നെ മുഴുഹൃദയത്തോടെ വിശ്വസിച്ചിരുന്നു എന്നും തെളിയിച്ചു. തെസ്സലൊനീക്യയിൽ വരുംമുമ്പ് പൗലൊസിനോടും ശീലാസിനോടും ഫിലിപ്പിയിലെ ആളുകൾ അപമര്യാദയായി പെരുമാറി. വിചാരണ പോലും കൂടാതെ അവരെ അടിക്കുകയും ജയിലിലടയ്ക്കുകയും ആമത്തിലിടുകയും ചെയ്തു. ഈ പീഡാനുഭവം സുവാർത്തയോടുള്ള അവരുടെ തീക്ഷ്ണതയെ മന്ദീഭവിപ്പിച്ചില്ല. ദിവ്യ സഹായത്താൽ അവർ മോചിതരായി, ഇത് കാരാഗൃഹപ്രമാണിയും അയാളുടെ കുടുംബവും വിശ്വാസികൾ ആയിത്തീരുന്നതിലേക്കു നയിക്കുകയും പൗലൊസിനും ശീലാസിനും തങ്ങളുടെ ശുശ്രൂഷ തുടരാൻ വഴിയൊരുക്കുകയും ചെയ്തു.—പ്രവൃ. 16:19-34.
8 ദൈവാത്മാവിന്റെ ശക്തിയാൽ പൗലൊസ് തെസ്സലൊനീക്യയിൽ എത്തി. അവിടെ തന്റെ ഭൗതിക ആവശ്യങ്ങൾ നിറവേറ്റാനായി പൗലൊസ് തൊഴിൽ ചെയ്ത് തെസ്സലൊനീക്യരെ സത്യം പഠിപ്പിക്കുന്നതിൽ പൂർണമായി മുഴുകുകയുണ്ടായി. ഏത് അവസരത്തിലും സുവാർത്ത പ്രസംഗിക്കുന്നതിൽനിന്ന് അവൻ മാറിനിന്നില്ല. (1 തെസ്സ. 2:9) ആ പ്രദേശത്തെ ചില ആളുകൾ തങ്ങളുടെ വിഗ്രഹാരാധനാ രീതി ഉപേക്ഷിച്ച് സത്യദൈവമായ യഹോവയുടെ ആരാധകർ ആയിത്തീരുംവിധം അത്രയ്ക്കു ശക്തമായ ഫലമാണ് ഉറച്ച ബോധ്യത്തോടെയുള്ള പൗലൊസിന്റെ പ്രസംഗത്തിനുണ്ടായിരുന്നത്.—1 തെസ്സ. 1:8-10.
9 പീഡനം ഉണ്ടായിട്ടും ആ പുതുവിശ്വാസികൾ സുവാർത്താ പ്രസംഗത്തിൽനിന്നു പിന്തിരിഞ്ഞില്ല. പുതുതായി കണ്ടെത്തിയ വിശ്വാസത്തിൽ നിന്നു ലഭിച്ച പ്രചോദനവും നിത്യാനുഗ്രഹങ്ങൾ ലഭിക്കും എന്ന ഉറച്ച ബോധ്യവും നിമിത്തം ആ തെസ്സലൊനീക്യർ തങ്ങൾ ഉത്സാഹപൂർവം സ്വീകരിച്ച സത്യം മറ്റുള്ളവരോടു ഘോഷിച്ചു. അവരുടെ വിശ്വാസവും തീക്ഷ്ണതയും സംബന്ധിച്ച വാർത്ത മക്കെദൊന്യയുടെ മറ്റു ഭാഗങ്ങളിലും അഖായയിൽ പോലും എത്തിച്ചേരത്തക്കവിധം അത്ര സജീവമായിത്തീർന്നു ആ സഭ. അതുകൊണ്ട് പൗലൊസ് തെസ്സലൊനീക്യർക്കുള്ള തന്റെ ഒന്നാമത്തെ ലേഖനം എഴുതിയ സമയത്തുതന്നെ അവർ തങ്ങളുടെ നല്ല വേലയ്ക്കു പേരു കേട്ടവരായിരുന്നു. (1 തെസ്സ. 1:8) എത്ര നല്ലൊരു ദൃഷ്ടാന്തം!
10 മനുഷ്യരോടും ദൈവത്തോടുമുള്ള സ്നേഹത്താൽ പ്രചോദിതർ: ഇന്നു സുവാർത്ത പ്രസംഗിക്കുമ്പോൾ നമുക്കെങ്ങനെ തെസ്സലൊനീക്യരെ പോലെ ഉറച്ച ബോധ്യം ഉള്ളവരായിരിക്കാൻ കഴിയും? അവരെക്കുറിച്ചു പൗലൊസ് എഴുതി: “സ്നേഹം നിമിത്തമുള്ള നിങ്ങളുടെ വിശ്വസ്ത വേലയെയും കഠിന പ്രയത്നത്തെയും ഞങ്ങൾ ഇടവിടാതെ മനസ്സിൽ പിടിക്കുന്നു.” (1 തെസ്സ. 1:3, NW, അടിക്കുറിപ്പ്) യഹോവയോടും തങ്ങൾ പ്രസംഗിച്ച ആളുകളോടും അവർക്ക് അഗാധവും ഹൃദയംഗമവുമായ സ്നേഹം ഉണ്ടായിരുന്നു എന്നു വ്യക്തമാണ്. ‘ദൈവത്തിന്റെ സുവാർത്ത മാത്രമല്ല, സ്വന്തം ജീവൻ കൂടി’ തെസ്സലൊനീക്യർക്കായി വെച്ചുകൊടുക്കാൻ പൗലൊസിനെയും ശീലാസിനെയും പ്രേരിപ്പിച്ചത് അത്തരത്തിലുള്ള സ്നേഹമായിരുന്നു.—1 തെസ്സ. 2:8.
11 സമാനമായി, ദൈവം നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന പ്രസംഗവേലയിൽ പൂർണമായി പങ്കുപറ്റാൻ യഹോവയോടും സഹമനുഷ്യരോടുമുള്ള ആഴമായ സ്നേഹം നമ്മെ പ്രേരിപ്പിക്കുന്നു. അത്തരം സ്നേഹം ഉള്ളതിനാൽ, സുവാർത്ത പ്രസംഗിക്കുക എന്നത് നമുക്കു വ്യക്തിപരമായുള്ള ദൈവദത്ത ഉത്തരവാദിത്വമാണെന്നു നാം മനസ്സിലാക്കുന്നു. “സാക്ഷാലുള്ള ജീവ”നിലേക്കു നമ്മെ വഴിനടത്താൻ യഹോവ ചെയ്തിരിക്കുന്ന സകല കാര്യങ്ങളെക്കുറിച്ചും നാം ക്രിയാത്മകമായും വിലമതിപ്പോടെയും ധ്യാനിക്കുന്നതു മുഖാന്തരം, നാം പൂർണ ഹൃദയത്തോടെ വിശ്വസിക്കുന്ന അത്ഭുതകരമായ സത്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ നാം പ്രേരിതരാകുന്നു.—1 തിമൊ. 6:19.
12 പ്രസംഗവേലയിൽ തിരക്കുള്ളവർ ആയിരിക്കവെ, യഹോവയോടും സഹമനുഷ്യരോടും ഉള്ള നമ്മുടെ സ്നേഹത്തിൽ നാം നിശ്ചയമായും വളർന്നുവരണം. അപ്പോൾ, വീടുതോറുമുള്ള ശുശ്രൂഷയിലെ നമ്മുടെ പങ്കു വർധിപ്പിക്കാനും ലഭിക്കുന്ന ഏത് അവസരത്തിലും സാക്ഷീകരിക്കാനും നാം പ്രചോദിതരാകും. ബന്ധുക്കളോടും അയൽക്കാരോടും പരിചയക്കാരോടും അനൗപചാരികമായി സാക്ഷീകരിക്കാനുള്ള അവസരങ്ങൾ നാം പാഴാക്കുകയില്ല. മിക്കവരും നമ്മുടെ സുവാർത്ത നിരസിച്ചേക്കാം, മറ്റു ചിലർ രാജ്യഘോഷണത്തെ തടസ്സപ്പെടുത്താൻ പോലും ശ്രമിച്ചേക്കാം. എങ്കിലും നമുക്ക് ആന്തരിക സന്തോഷം അനുഭവിക്കാൻ കഴിയും. എന്തുകൊണ്ട്? കാരണം ദൈവരാജ്യത്തെക്കുറിച്ച് സാക്ഷ്യം നൽകാനും രക്ഷ നേടാൻ ആളുകളെ സഹായിക്കാനും നാം പരമാവധി ചെയ്തിരിക്കുന്നുവെന്നു നമുക്കറിയാം. മാത്രമല്ല, പരമാർഥ ഹൃദയരെ കണ്ടെത്താനുള്ള നമ്മുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുകയും ചെയ്യും. ജീവിത സമ്മർദങ്ങൾ ഏറിവരികയും നമ്മുടെ സന്തോഷം കവർന്നുകളയാൻ സാത്താൻ ശ്രമിക്കുകയും ചെയ്യുമ്പോൾ പോലും മറ്റുള്ളവരോടു സാക്ഷീകരിക്കുന്നതിലുള്ള തീക്ഷ്ണതയും ഉറച്ച ബോധ്യവും നിലനിർത്താൻ നമുക്കു സാധിക്കുന്നു. നാം ഓരോരുത്തരും നമ്മുടെ പങ്കു നിറവേറ്റുമ്പോൾ തെസ്സലൊനീക്യയിലേതു പോലെ ശക്തവും തീക്ഷ്ണതയുള്ളതുമായ സഭകൾ ഉണ്ടാകാൻ അത് ഇടയാക്കുന്നു.
13 പരിശോധനയിൻ കീഴിൽ തളർന്നുപോകാതിരിക്കുക: നാനാവിധ പരീക്ഷകളെ അഭിമുഖീകരിക്കുമ്പോഴും നമുക്കു ബോധ്യം ആവശ്യമാണ്. (1 പത്രൊ. 1:6, 7) തന്നെ അനുഗമിച്ചാൽ “സകലജാതികളും [അവരെ] പകെക്കും” എന്ന് യേശു തന്റെ ശിഷ്യന്മാരോടു വ്യക്തമായി പറഞ്ഞിരുന്നു. (മത്താ. 24:9) ഫിലിപ്പിയിൽ ആയിരുന്നപ്പോൾ പൗലൊസും ശീലാസും ഇത് അനുഭവിച്ചറിഞ്ഞു. പൗലൊസിനെയും ശീലാസിനെയും കാരാഗൃഹത്തിന്റെ ഉള്ളറയിലാക്കി ആമത്തിലിട്ടുവെന്ന് പ്രവൃത്തികൾ 16-ാം അധ്യായത്തിലെ വിവരണം പറയുന്നു. വായുവും വെളിച്ചവും ലഭിക്കുന്ന ജയിലറകൾ ചുറ്റിലും ഉള്ള ഒരു സംവിധാനമായിരുന്നു മുഖ്യജയിൽ. എങ്കിലും അതിന്റെ ഉള്ളിലെ കാരാഗൃഹത്തിൽ വെളിച്ചം കടക്കാനുള്ള സൗകര്യം ഇല്ലായിരുന്നു. വായുസഞ്ചാരവും കുറവായിരുന്നു. ദുർഗന്ധം വമിച്ചിരുന്ന ആ തടവറയിലെ അന്ധകാരവും ഉഷ്ണവുമുള്ള ദുരിതപൂർണമായ അവസ്ഥയിലാണ് പൗലൊസിനും ശീലാസിനും കിടക്കേണ്ടിവന്നത്. ചാട്ടകൊണ്ട് അടിച്ചപ്പോൾ ഉണ്ടായ മുറിവിൽ നിന്നു ചോരയൊലിക്കുന്ന, പുറത്തെ തൊലി ഉരിഞ്ഞു പോയ അവസ്ഥയിൽ അവരെ മണിക്കൂറുകളോളം ആമത്തിൽ ബന്ധിച്ചിട്ടപ്പോൾ അവർ അനുഭവിച്ചിരിക്കാനിടയുള്ള വേദന നിങ്ങൾക്കു വിഭാവന ചെയ്യാൻ കഴിയുമോ?
14 ഈ പരിശോധനകളെല്ലാം ഉണ്ടായിട്ടും പൗലൊസും ശീലാസും വിശ്വസ്തരായി നിലകൊണ്ടു. ഏതു പരീക്ഷയിന്മധ്യേയും യഹോവയെ സേവിക്കാൻ അവരെ ശക്തരാക്കിയത് അവർ പ്രകടമാക്കിയ ഉറച്ച ബോധ്യമായിരുന്നു. അവരുടെ ബോധ്യത്തെക്കുറിച്ച് 16-ാം അധ്യായത്തിന്റെ 25-ാം വാക്യം എടുത്തുപറയുന്നു. പൗലൊസും ശീലാസും “പ്രാർത്ഥിച്ചു ദൈവത്തെ പാടിസ്തുതിച്ചു” എന്ന് അവിടെ നാം കാണുന്നു. വാസ്തവത്തിൽ, അകത്തെ കാരാഗൃഹത്തിൽ ആയിരുന്നെങ്കിലും, മറ്റുള്ള തടവുകാർക്കു കേൾക്കാൻ കഴിയുന്നത്ര ഉച്ചത്തിൽ പാടാൻ അവർക്കു കഴിഞ്ഞു. കാരണം, തങ്ങളുടെമേൽ ദൈവത്തിന്റെ അംഗീകാരം ഉണ്ടെന്ന് അവർക്ക് നല്ല ഉറപ്പുണ്ടായിരുന്നു! ഇന്നു വിശ്വാസത്തിന്റെ പരിശോധനകളെ അഭിമുഖീകരിക്കുമ്പോൾ സമാനമായ ബോധ്യം നമുക്കും ഉണ്ടായിരിക്കണം.
15 പിശാച് നമ്മുടെമേൽ കൊണ്ടുവരുന്ന പരിശോധനകൾ അനവധിയാണ്. ചിലരെ സംബന്ധിച്ചിടത്തോളം അത് കുടുംബത്തിൽ നിന്നുള്ള പീഡനമായിരിക്കാം. നമ്മുടെ അനേകം സഹോദരങ്ങൾ നിയമപരമായ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ട്. ചിലർക്കു വിശ്വാസത്യാഗികളിൽ നിന്നുള്ള എതിർപ്പും ഉണ്ടായേക്കാം. മറ്റുചിലർക്ക് അഹോവൃത്തി എങ്ങനെ കണ്ടെത്തണം എന്നതു സംബന്ധിച്ച ഉത്കണ്ഠകളോ സാമ്പത്തിക പരാധീനതകളോ ഉണ്ട്. യുവജനങ്ങൾ സ്കൂളിൽ സമപ്രായക്കാരിൽ നിന്നുള്ള സമ്മർദത്തെ അഭിമുഖീകരിക്കുന്നു. ഈ പരിശോധനകളെ നമുക്കെങ്ങനെ വിജയകരമായി നേരിടാൻ കഴിയും? ബോധ്യം പ്രകടമാക്കാൻ എന്താണ് ആവശ്യമായിരിക്കുന്നത്?
16 യഹോവയുമായി വ്യക്തിപരമായ ഒരു അടുത്ത ബന്ധം നിലനിർത്തുക എന്നതാണ് പ്രഥമവും പ്രധാനവുമായ സംഗതി. പൗലൊസും ശീലാസും കാരാഗൃഹത്തിൽ ആയിരുന്നപ്പോൾ അവർ തങ്ങളുടെ അവസ്ഥയെ കുറിച്ചു പരാതി പറയാനോ ദുഃഖിക്കാനോ അല്ല ആ അവസരം ഉപയോഗിച്ചത്. അവർ പെട്ടെന്നുതന്നെ പ്രാർഥിക്കുകയും ദൈവത്തിനു സ്തുതി പാടുകയും ചെയ്തു. എന്തുകൊണ്ട്? അവർക്കു തങ്ങളുടെ സ്വർഗീയ പിതാവുമായി വ്യക്തിപരമായ ഒരു അടുത്ത ബന്ധം ഉണ്ടായിരുന്നു. തങ്ങൾ നീതിക്കുവേണ്ടിയാണ് കഷ്ടമനുഭവിക്കുന്നതെന്നും തങ്ങളുടെ രക്ഷ യഹോവയുടെ കരങ്ങളിലാണെന്നും അവർക്ക് അറിയാമായിരുന്നു.—സങ്കീ. 3:8.
17 ഇന്നു പരിശോധനകൾ അഭിമുഖീകരിക്കുമ്പോൾ നാമും യഹോവയിൽ ആശ്രയിക്കണം. ക്രിസ്ത്യാനികൾ എന്ന നിലയിൽ ‘നമ്മുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നമ്മെ കാക്കും’ എന്ന് പൗലൊസ് പ്രോത്സാഹിപ്പിക്കുന്നു. (ഫിലി. 4:6, 7) പരിശോധനകളിലൂടെ ഒറ്റയ്ക്കു കടന്നുപോകാൻ യഹോവ നമ്മെ അനുവദിക്കുകയില്ല എന്നറിയുന്നത് എത്ര ആശ്വാസദായകമാണ്! (യെശ. 41:10) യഥാർഥ ബോധ്യത്തോടെ അവനെ സേവിക്കുന്നിടത്തോളം കാലം അവൻ നമ്മോടു കൂടെ ഉണ്ടായിരിക്കും.—സങ്കീ. 46:7.
18 യഹോവയുടെ സേവനത്തിൽ തിരക്കുള്ളവർ ആയിരിക്കുന്നതാണ് ബോധ്യം പ്രകടമാക്കുന്നതിനു നമ്മെ സഹായിക്കുന്ന മറ്റൊരു അതിപ്രധാന സംഗതി. (1 കൊരി. 15:58) സുവാർത്താ പ്രസംഗത്തിൽ തിരക്കോടെ ഏർപ്പെട്ടതിനാലാണ് പൗലൊസിനെയും ശീലാസിനെയും ജയിലിൽ അടച്ചത്. തങ്ങൾ നേരിട്ട പരിശോധനകൾ നിമിത്തം അവർ പ്രസംഗം നിറുത്തിയോ? ഇല്ല. തടവിലായിരുന്നപ്പോൾ പോലും അവർ തങ്ങളുടെ പ്രസംഗം തുടർന്നു. മോചിതരായ ശേഷം അവർ തെസ്സലൊനീക്യയിൽ ചെന്ന് യഹൂദന്മാരുടെ സിനഗോഗിൽ വെച്ച് അവരുമായി ‘തിരുവെഴുത്തുകളിൽ നിന്നു ന്യായവാദം ചെയ്തു.’ (പ്രവൃ. 17:1-3) യഹോവയിലുള്ള ഉറച്ച ബോധ്യവും അഥവാ വിശ്വാസവും നമുക്കു സത്യമുണ്ടെന്ന ഉറപ്പും ഉള്ളപ്പോൾ ഒന്നിനും “നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല.”—റോമ. 8:35-39.
19 ഉറച്ച ബോധ്യത്തിന്റെ ആധുനിക ദൃഷ്ടാന്തങ്ങൾ: പൗലൊസിനെയും ശീലാസിനെയും പോലെ ഉറച്ച ബോധ്യം പ്രകടമാക്കിയിട്ടുള്ള അനേകമാളുകളുടെ ദൃഷ്ടാന്തങ്ങൾ ഇക്കാലത്തുമുണ്ട്. ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിലെ പീഡനങ്ങളെ അതിജീവിച്ച ഒരു സഹോദരി അവിടെവെച്ച് സഹോദരങ്ങൾ പ്രകടമാക്കിയ അചഞ്ചല വിശ്വാസത്തെയും ബോധ്യത്തെയും കുറിച്ചു പറയുന്നുണ്ട്. ആ സഹോദരി പറയുന്നു: “ചോദ്യം ചെയ്യലിനിടയിൽ ഒരു ഓഫീസർ മുഷ്ടി ചുരുട്ടി കലിതുള്ളിക്കൊണ്ട് എന്റെ അടുത്തേക്ക് വന്നു, ‘നിങ്ങളെയൊക്കെ ഇനി എന്താ ചെയ്യേണ്ടത്? അറസ്റ്റ് ചെയ്താൽ അതു നിങ്ങൾക്കൊരു വിഷയമല്ല, ജയിലിലടച്ചാൽ അതും നിങ്ങൾക്കൊരു പ്രശ്നമല്ല. തടങ്കൽപ്പാളയത്തിൽ ആക്കിയാലോ, അതും ഒരു പ്രശ്നമല്ല. വധശിക്ഷയ്ക്കു വിധിക്കുമ്പോഴും നിങ്ങൾക്കൊരു കൂസലുമില്ല. ഇനിയിപ്പോൾ എന്താ ചെയ്യേണ്ടത്?’” അത്തരം നിഷ്ഠുര സാഹചര്യങ്ങളിൽ നമ്മുടെ സഹോദരങ്ങൾ പ്രകടമാക്കിയ വിശ്വാസം നമ്മുടെ വിശ്വാസത്തെ എത്രമാത്രം ബലിഷ്ഠമാക്കേണ്ടതാണ്! സഹിച്ചുനിൽക്കാനുള്ള ശക്തിക്കായി അവർ നിരന്തരം യഹോവയിൽ ആശ്രയിച്ചു.
20 സമീപ വർഷങ്ങളിലായി അരങ്ങേറിയ വംശീയ വിദ്വേഷത്തിന്മധ്യേ നമ്മുടെ അനേകം സഹോദരങ്ങൾ പ്രകടമാക്കിയ ഉറച്ച ബോധ്യത്തെക്കുറിച്ച് തീർച്ചയായും നമുക്ക് ഓർമയുണ്ട്. അപകടകരമായ സാഹചര്യങ്ങളിൽ ആയിരുന്നിട്ടും ഉത്തരവാദിത്വപ്പെട്ട സഹോദരങ്ങൾ തങ്ങളുടെ സഹോദരങ്ങൾ ആത്മീയമായി പോഷിപ്പിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുന്നതിൽ തത്പരരാണ്. ‘തങ്ങൾക്ക് വിരോധമായുള്ള യാതൊരു ആയുധവും ഫലിക്കയില്ല’ എന്ന ഉറച്ച ബോധ്യത്തോടെ എല്ലാവരും വിശ്വസ്തരായി തുടരുന്നു.—യെശ. 54:17.
21 അവിശ്വാസികളായ ഇണകളുള്ള നമ്മുടെ അനേകം സഹോദരീ സഹോദരന്മാരും ശക്തമായ വിശ്വാസവും സഹിഷ്ണുതയും പ്രകടമാക്കുന്നതിൽ തുടരുന്നു. ഗ്വാഡലൂപ്പിലെ ഒരു സഹോദരനു തന്റെ അവിശ്വാസിയായ ഭാര്യയിൽ നിന്നു ശക്തമായ എതിർപ്പുണ്ടായി. അദ്ദേഹത്തെ നിരുത്സാഹപ്പെടുത്താനും ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതു തടയാനുമായി, ആ സ്ത്രീ അദ്ദേഹത്തിന്റെ തുണി അലക്കുകയോ ഇസ്തിരിയിടുകയോ വസ്ത്രം തുന്നിക്കൊടുക്കുകയോ ഭക്ഷണം തയ്യാറാക്കിക്കൊടുക്കുകയോ ഒന്നും ചെയ്യുമായിരുന്നില്ല. കുറേക്കാലത്തേക്ക് അവൾ അദ്ദേഹത്തോടു സംസാരിക്കുക പോലുമില്ലായിരുന്നു. എങ്കിലും, യഹോവയെ സേവിക്കുന്നതിൽ ഹൃദയംഗമമായ ബോധ്യം പ്രകടമാക്കിയതുകൊണ്ടും സഹായത്തിനായി പ്രാർഥനയിൽ യഹോവയിലേക്കു തിരിഞ്ഞതുകൊണ്ടും അദ്ദേഹത്തിന് അതെല്ലാം സഹിച്ചുനിൽക്കാൻ സാധിച്ചു. എത്ര കാലം? 20 വർഷത്തോളം. അതിനു ശേഷം ആ ഭാര്യയുടെ നിലപാടിന് അയവു വന്നു. ക്രമേണ, അവൾ ദൈവരാജ്യ പ്രത്യാശ സ്വീകരിച്ചത് അദ്ദേഹത്തിനു വലിയ സന്തോഷം കൈവരുത്തി.
22 അവസാനമായി, സ്കൂളിൽ വെച്ച് ദിവസവും സമപ്രായക്കാരിൽ നിന്നുള്ള സമ്മർദവും മറ്റു വെല്ലുവിളികളും നേരിടുന്ന നമ്മുടെ യുവ സഹോദരീസഹോദരന്മാരുടെ ശക്തമായ ബോധ്യത്തെ നാം വിസ്മരിക്കരുത്. സ്കൂളിലെ സമ്മർദത്തെക്കുറിച്ച് സാക്ഷിയായ ഒരു ചെറുപ്പക്കാരി ഇങ്ങനെ പറഞ്ഞു: “ഒരൽപ്പം മത്സര സ്വഭാവം കാണിക്കാൻ സ്കൂളിലായിരിക്കുമ്പോൾ എല്ലാവരും നിങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും. കുരുത്തക്കേടു കാട്ടുന്നെങ്കിൽ കുട്ടികൾ നിങ്ങളെ ബഹുമാനിക്കുന്നു.” എന്തുമാത്രം സമ്മർദമാണ് നമ്മുടെ യുവജനങ്ങൾ അഭിമുഖീകരിക്കുന്നത്! പ്രലോഭനത്തെ ചെറുത്തുനിൽക്കാൻ നിങ്ങൾ എല്ലായ്പോഴും ദൃഢനിശ്ചയമുള്ളവർ ആയിരിക്കുക.
23 പരിശോധനകൾ ഉണ്ടെങ്കിലും നമ്മുടെ യുവജനങ്ങൾ നിർമലത പാലിക്കുന്ന കാര്യത്തിൽ നല്ലൊരു മാതൃക വെച്ചിരിക്കുന്നു. ഫ്രാൻസിലെ ഒരു യുവ സഹോദരിയുടേതാണ് ഒരു ദൃഷ്ടാന്തം. ഒരു ദിവസം ഉച്ചഭക്ഷണം കഴിഞ്ഞ നേരം, ഏതാനും ആൺകുട്ടികൾ തങ്ങളെ ചുംബിക്കുന്നതിന് അവളെ പ്രേരിപ്പിച്ചു. എങ്കിലും അവൾ യഹോവയോടു പ്രാർഥിക്കുകയും ശക്തമായി ചെറുത്തുനിൽക്കുകയും ചെയ്തു. ആ ആൺകുട്ടികൾ അവളെ വിട്ടുപോയി. പിന്നീട് അവരിൽ ഒരാൾ തിരികെ വന്ന് അവൾ പ്രകടമാക്കിയ ധൈര്യത്തെ താൻ മാനിക്കുന്നു എന്ന് അവളോടു പറഞ്ഞു. ദൈവരാജ്യത്തെ സംബന്ധിച്ച് ഒരു നല്ല സാക്ഷ്യം നൽകാനും രാജ്യാനുഗ്രഹങ്ങളിൽ പങ്കുപറ്റാൻ ആഗ്രഹിക്കുന്ന സകലർക്കുമായി യഹോവ വെക്കുന്ന ഉന്നത നിലവാരങ്ങൾ വിശദീകരിച്ചു കൊടുക്കാനും അവൾക്കു സാധിച്ചു. ആ വർഷം അവൾക്ക് തന്റെ ക്ലാസ്സിലെ മുഴു കുട്ടികളുടെയും മുമ്പാകെ തന്റെ വിശ്വാസങ്ങൾ വിശദീകരിക്കുന്നതിന് അവസരം ലഭിച്ചു.
24 തന്റെ ഹിതം സംബന്ധിച്ച് ഉറച്ച ബോധ്യത്തോടെ സംസാരിക്കുന്നതിന് യഹോവ ഉപയോഗിക്കുന്നവരോടൊപ്പം എണ്ണപ്പെടുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം എത്ര വിലയേറിയ ഒരു പദവിയാണ്! (കൊലൊ. 4:12) കൂടാതെ, സിംഹസമാന പ്രതിയോഗിയായ പിശാചായ സാത്താൻ ആക്രമിക്കുമ്പോൾ നിർമലത തെളിയിക്കുക എന്ന വിശിഷ്ടമായ അവസരവും നമുക്കുണ്ട്. (1 പത്രൊ. 5:8, 9) സുവാർത്താ പ്രസംഗകരായ നമുക്കും നമ്മെ ശ്രദ്ധിക്കുന്നവർക്കും യഹോവ രക്ഷ കൈവരുത്തുന്നത് രാജ്യസന്ദേശത്തിലൂടെയാണെന്ന് നാം ഒരിക്കലും മറക്കരുത്. നാം രാജ്യം ഒന്നാമതു വെക്കുന്നുവെന്ന് നാം എടുക്കുന്ന തീരുമാനങ്ങളും നമ്മുടെ ദൈനംദിന ജീവിതരീതിയും തെളിയിക്കുമാറാകട്ടെ. ഉറച്ച ബോധ്യത്തോടെ സുവാർത്ത പ്രസംഗിക്കുന്നതിൽ നമുക്കു തുടരാം!