നിങ്ങളുടെ അഭാവം അനുഭവപ്പെടും!
1 ‘ഞാൻ ഹാജരായില്ലെങ്കിലും ആർക്കും എന്റെ അഭാവം അനുഭവപ്പെടുകയില്ല; ഞാൻ വന്നിട്ടില്ലെന്നുള്ള കാര്യം ആരും ശ്രദ്ധിക്കുകപോലുമില്ല,’ എന്നു ചിന്തിച്ചുകൊണ്ട് ചിലപ്പോഴൊക്കെ നാം ഒന്നോ അതിലധികമോ സഭായോഗങ്ങൾ നഷ്ടപ്പെടുത്തിയേക്കാം. എന്നാൽ സത്യമതല്ല! നമ്മുടെ ഭൗതികശരീരത്തിലെ ഏതൊരു അവയവത്തിനും അതിന്റേതായ പ്രാധാന്യമുള്ളതുപോലെ സഭയുടെ പ്രവർത്തനത്തിൽ നമുക്കോരോരുത്തർക്കും ഒരു സുപ്രധാന പങ്കുണ്ട്. (1 കൊരി. 12:12) ഒരു സഭായോഗത്തിൽ നാം ഹാജരാകാതിരിക്കുമ്പോൾ, യോഗത്തിൽ സംബന്ധിക്കുന്ന മറ്റുള്ളവരുടെ ആത്മീയ ക്ഷേമത്തെ അതിനു ബാധിക്കാൻ കഴിയും. നിങ്ങളവിടെയില്ലെങ്കിൽ ഒരു സംഗതി ഉറപ്പ്—നിങ്ങളുടെ അഭാവം അനുഭവപ്പെടും!
2 നിങ്ങൾ വഹിക്കുന്ന സുപ്രധാന പങ്ക്: പൗലൊസ് തന്റെ സഹോദരങ്ങളുമായി സഹവസിക്കാൻ അതിയായി വാഞ്ഛിച്ചു. അതിന്റെ കാരണം റോമർ 1:11, 12 വിശദീകരിക്കുന്നു: “നിങ്ങളുടെ സ്ഥിരീകരണത്തിന്നായി ആത്മികവരം വല്ലതും നിങ്ങൾക്കു നല്കേണ്ടതിന്നു, അതായതു നിങ്ങൾക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന്നു.” സമാനമായി, നമ്മുടെ അഭിപ്രായങ്ങളാലും യോഗങ്ങളിൽ നാം നടത്തുന്ന പരിപാടികളാലും നമ്മുടെ സാന്നിധ്യത്താൽപ്പോലും വിശ്വസ്ത ഗതിയിൽ തുടരുന്നതിന് അന്യോന്യം കെട്ടുപണി ചെയ്യാൻ നാം വളരെയേറെ ചെയ്യുന്നു.—1 തെസ്സ. 5:11.
3 സഭായോഗങ്ങളിൽ മറ്റുള്ളവരെ കാണാൻ നിങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കാറില്ലേ? നിങ്ങൾ അവരുടെ അഭിപ്രായങ്ങൾ നന്നായി ശ്രദ്ധിക്കുകയും വാക്കുകളിലൂടെയുള്ള അവരുടെ വിശ്വാസത്തിൻ പ്രകടനങ്ങളെ വിലമതിക്കുകയും ചെയ്യുന്നു. അവരുടെ ആത്മീയവരങ്ങൾ നിങ്ങളെ കെട്ടുപണിചെയ്യാൻ സഹായിക്കുന്നു. അവർ യോഗത്തിനു ഹാജരായില്ലായിരുന്നെങ്കിൽ, സുപ്രധാനമായ എന്തോ നഷ്ടമായതുപോലെ നിങ്ങൾക്ക് അനുഭവപ്പെട്ടേനേ. അതുപോലെ, നിങ്ങളാണു ഹാജരാകാതിരിക്കുന്നതെങ്കിൽ നിങ്ങളുടെ സഹോദരീസഹോദരന്മാർക്കു നിങ്ങളെ സംബന്ധിച്ചും അതേ വിധത്തിൽ അനുഭവപ്പെടും.
4 യോഗങ്ങൾ വഹിക്കുന്ന ജീവത്പ്രധാനമായ പങ്ക്: നമ്മുടെ ആത്മീയ അതിജീവനത്തിന് യോഗങ്ങൾ എത്ര ജീവത്പ്രധാനമായ പങ്കു വഹിക്കുന്നുവെന്നതിനെ സംബന്ധിച്ച് വീക്ഷാഗോപുരം ഒരിക്കൽ ഇങ്ങനെ അഭിപ്രായപ്പെട്ടു: “കലാപബാധിതമായ ഈ അധാർമിക ലോകത്തിൽ ക്രിസ്തീയ സഭ ഒരു യഥാർഥ അഭയകേന്ദ്രമാണ് . . . , അതു സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഒരു സങ്കേതമാണ്. അതുകൊണ്ടു സഭയിലെ എല്ലാ യോഗങ്ങൾക്കും ക്രമമായി ഹാജരാകുക.” (w93 8/15 11) ഓരോ ദിവസവും നമ്മെ ആത്മീയമായി തളർത്തിക്കളയുന്ന തരത്തിലുള്ള സാഹചര്യങ്ങളെ നാം അഭിമുഖീകരിക്കുന്നു. സൂക്ഷ്മതയുള്ളവരല്ലെങ്കിൽ, കൂടുതൽ പ്രാധാന്യമർഹിക്കുന്ന ആത്മീയ ഉത്തരവാദിത്വങ്ങളെ വിസ്മരിച്ചു കളയത്തക്കവിധം നാം നമ്മുടേതായ ഉത്കണ്ഠകളിൽ അത്രമാത്രം മുഴുകിപ്പോയേക്കാം. ദൈവസേവനത്തിൽ ഐക്യത്തോടും തീക്ഷ്ണതയോടുംകൂടെ തുടരാൻ ആവശ്യമായ പ്രോത്സാഹനത്തിനുവേണ്ടി നാമെല്ലാവരും പരസ്പരം ആശ്രയിക്കുന്നു.—എബ്രാ. 10:24, 25.
5 നാം യോഗങ്ങളിൽ ഹാജരാകുന്നതു ജീവത്പ്രധാനമാണ്. രോഗമോ മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളോ നിമിത്തം വല്ലപ്പോഴുമൊക്കെ നമുക്കു പോകാൻ കഴിഞ്ഞില്ലെന്നുവരാം. അല്ലാത്ത സാഹചര്യങ്ങളിലെല്ലാം യഹോവയെ ഒത്തൊരുമിച്ചു സ്തുതിക്കുന്ന സമ്മേളിത ജനത്തോടൊപ്പം ഉൾപ്പെടാൻ തക്കവണ്ണം നമുക്കു ദൃഢനിശ്ചയം ചെയ്യാം!—സങ്കീ. 26:12.